Image

മോദിതരംഗത്തെ ചെറുത്തുതോല്‍പിച്ചത് രണ്ടു സ്ത്രീകള്‍: ജയലളിത, മമതാ ബാനര്‍ജി

Published on 16 May, 2014
മോദിതരംഗത്തെ ചെറുത്തുതോല്‍പിച്ചത് രണ്ടു സ്ത്രീകള്‍: ജയലളിത, മമതാ ബാനര്‍ജി
എക്സിറ്റ് പോള്‍ ഫലങ്ങളെപ്പോലും മറികടന്ന്, മോദിയും ബി.ജെ.പിയും നേടിയ ചരിത്രവിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ എന്തൊക്കെ എന്ന് ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഒരു ‘തരംഗം’ ഉണ്ടായി എന്ന് ആരും സമ്മതിക്കും. കോണ്‍ഗ്രസിന്‍െറ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തിനെതിരായ വികാരത്തിനപ്പുറം കഴിഞ്ഞ ആറുമാസമായി വിദേശ പരസ്യകമ്പനികളുടെയും ഇവന്‍റ് മാനേജ്മെന്‍റ് വിദഗ്ധരുടെയും നേതൃത്വത്തില്‍ ബില്യന്‍ കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ കാമ്പയിന്‍ ഫലം കണ്ടു എന്നതാണ് സത്യം.
ഉത്തര്‍പ്രദേശില്‍ എഴുപതോളം സീറ്റുകളാണ് ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്. 2009ല്‍ 10 സീറ്റ് മാത്രമായിരുന്നു അവിടെ ലഭിച്ചിരുന്നത്.
23 സീറ്റ് നേടിയ മുലായവും 20 സീറ്റ് നേടിയ മായാവതിയും 21 സീറ്റ് നേടിയ കോണ്‍ഗ്രസും ഇക്കുറി നിലംപരിശായി. ഒരു ഭാഗത്ത് അമിത്ഷായുടെ നേതൃത്വത്തില്‍ പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ ഒരു വിഭാഗത്തിന്‍െറ മനം പിടിച്ചെടുത്തപ്പോള്‍ ‘സെക്കുലര്‍ ’ പാര്‍ട്ടികള്‍ പരസ്പരം പോരടിച്ച് വോട്ട് ഭിന്നിക്കുകയായിരുന്നു.
 ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും ആം ആദ്മി പാര്‍ട്ടിക്കുമിടയില്‍ വിഹിതം വെക്കേണ്ടിവന്ന ദുരന്തം ഹിന്ദുത്വ ശക്തികള്‍ നന്നായി ചൂഷണം ചെയ്തു.
ഉത്തരേന്ത്യയിലുടനീളം ആഞ്ഞടിച്ച മോദിതരംഗത്തെ ചെറുത്തുതോല്‍പിക്കാന്‍ സാധിച്ചത് രണ്ടു സ്ത്രീകള്‍ക്ക് മാത്രമാണ്- ജയലളിതക്കും മമതാ ബാനര്‍ജിക്കും.
പശ്ചിമ ബംഗാളില്‍ മോദി വലിയ വിപ്ളവം സൃഷ്ടിക്കുമെന്ന് മാധ്യമങ്ങള്‍ കണക്കുകൂട്ടിയിരുന്നെങ്കിലും സംസ്ഥാനത്തെ 42 സീറ്റില്‍ 33 നേടി തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദുത്വത്തെ തടുത്തുനിര്‍ത്തി.
തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ 35 സീറ്റ് നേടി ലോക്സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. മറ്റൊരു സ്ത്രീ ബി.എസ്.പി നേതാവ് മായാവതി ചിത്രത്തില്‍നിന്ന് പൂര്‍ണമായി അപ്രത്യക്ഷമായത് ദേശീയ രാഷ്ട്രീയത്തിലെ വലിയ സംഭവമാണ്.
ഇടതുപക്ഷത്തിനേറ്റ പ്രഹരം പ്രതീക്ഷിച്ചതിലുമപ്പുറമാണ്. കേരളത്തില്‍ മാത്രമാണ് അവര്‍ക്ക് മുഖം രക്ഷിക്കാനായത്. 2004ല്‍ അറുപതിലേറെ അംഗങ്ങളുമായി ലോക്സഭയില്‍ നിര്‍ണായകറോള്‍ വഹിച്ച ഒരു ചേരിയുടെ തിരോധാനം ചെറിയ നഷ്ടമല്ല.
‘മോദിമാജിക്കി’ന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ച മീഡിയ മാനിപുലേഷനെക്കുറിച്ച് ഇതിനകം വിദഗ്ധര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ‘മോദിമാനി’യയും ‘മോദി ഫോബിയ’യും പ്രസരിപ്പിക്കുന്നതില്‍ സംഘ്ശക്തികള്‍ വിജയിക്കുകയാണെന്ന് കണ്ടനിമിഷം കോണ്‍ഗ്രസ് ആയുധങ്ങള്‍ വെച്ച് കീഴടങ്ങിയതുതൊട്ട് യു.പി.എയുടെ കഥ കഴിഞ്ഞിരുന്നു.
ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ മന്‍മോഹന്‍ സിങ്ങും എ.കെ. ആന്‍റണിയും പി.ചിദംബരവുമൊക്കെ ഉള്‍വലിഞ്ഞപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള കാവിപ്പടയെ നേരിടാനുള്ള ബാധ്യത ആരോഗ്യപരമായി അവശയായ പാവം സോണിയയുടെയും രണ്ടുമക്കളുടെയും ചുമലില്‍ വന്നുപെട്ടു.
പരിക്ഷീണിതരായ പാര്‍ട്ടിയും ശുഷ്കിച്ച ഫണ്ടും ഒരു ഘട്ടത്തിലും ബി.ജെ.പിയോട് കിടപിടിക്കാന്‍ പോന്ന ഒരു പോരാട്ടത്തിനുപോലും പ്രാപ്തമല്ലാതാക്കി. മതേതര ചേരിയുടെ പതനവും ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റവും ദേശീയ രാഷ്ട്രീയത്തെ ഋതുപ്പകര്‍ച്ചയിലേക്ക് കൊണ്ടത്തെിക്കുമ്പോള്‍ രാജ്യത്തിന്‍െറ ഭരണം ആര്‍.എസ്.എസിന്‍െറ കൈകളിലേക്കാണ് നീങ്ങുന്നത്.
പുണെയിലെ ഹെഡ്ഗേവാര്‍ ഭവന്‍ ആയിരിക്കും പുതിയ സര്‍ക്കാറിന്‍െറ ദിശയും നയവും തീരുമാനിക്കുക. 1984ല്‍ രണ്ട് അംഗങ്ങളില്‍ അപ്രസക്തമായി ഒതുങ്ങിക്കഴിഞ്ഞ ബി.ജെ.പിയെ ഇന്ന് ഈ കാണുന്ന നിലയിലേക്കും ഒരു വേള ഭരണത്തിലേക്കും പിടിച്ചുകയറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് എല്‍.കെ. അദ്വാനിയായിരുന്നു.
അദ്വാനിക്കുപോലും പ്രസക്തിയില്ലാത്ത വിധം മോദി പാര്‍ട്ടിയും അജണ്ടയും കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. ഇനി കാതലായ നയവ്യതിയാനം നിഖില മേഖലകളിലും പ്രതീക്ഷിക്കാം.
1925ല്‍ രൂപവത്കൃതമായ ആര്‍.എസ്.എസ് ഇതുവരെ കൊണ്ടുനടന്ന സ്വപ്നമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്. മോദിയുടെ വിഭാവനയിലുള്ള ‘ഹിന്ദുരാഷ്ട്രം’ ഇതള്‍ വിരിയുമ്പോള്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ കെട്ടഴിഞ്ഞുവീഴുന്ന മാറ്റങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക