Image

ജന്മിത്വമനസ്സുമായി നടക്കുന്ന സമൂഹം (ജോണ്‍മാത്യു)

Published on 17 May, 2014
ജന്മിത്വമനസ്സുമായി നടക്കുന്ന സമൂഹം (ജോണ്‍മാത്യു)
കാലഹരണപ്പെട്ടതെന്ന്‌ കരുതുന്ന വ്യവസ്ഥിതികള്‍ മാറ്റി പുതിയത്‌ സ്ഥാപിച്ചു കഴിഞ്ഞു. ചിലരുടെ സ്വപ്‌നമായിരുന്ന `സമത്വം' അത്ര പ്രായോഗികമല്ലെന്ന്‌ പിന്നീട്‌ മനസ്സിലായി, അതുപോലെ തീവ്രമുതലാളിത്തവും! പകരം, വ്യക്തികളുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തത്തില്‍ അധിഷ്‌ഠിതമായ ഒരു സാമൂഹികമുതലാളിത്ത രീതിയിലേക്കാണ്‌ ഇന്ന്‌ ലോകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അതായത്‌ വിജയിക്കുന്നവനെ സൃഷ്‌ടിക്കുന്ന ലോകം, അല്ലെങ്കില്‍ `അങ്ങനെയുള്ളവരുടേതുമാത്ര'മായ ഒരു ലോകം!

ഇവിടെ ശുദ്ധസൈദ്ധാന്തികവും മാമൂല്‍ബദ്ധവുമായ ചിന്തകള്‍ക്ക്‌ അപ്പുറം ചാടുന്നത്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌, പതിവായി പറയുന്നത്‌ വീണ്ടും പകര്‍ത്തിയെഴുതിയെട്ടെന്തുകാര്യം? സമൂഹത്തില്‍നിന്ന്‌ മാറി സ്വതന്ത്രരായാല്‍, തങ്ങളാണ്‌ തങ്ങളെത്തന്നെ സൃഷ്‌ടിക്കുന്നതെന്ന തത്വം വ്യക്തികള്‍ക്ക്‌ ഉടനടി എന്തോ ഒരു സുരക്ഷിതത്വബോധം നല്‍കും. സ്വന്തം കഴിവിനെ പരമാവധി പെരുപ്പിച്ച്‌ മുതലെടുക്കുന്നതില്‍ ആധുനിക രാഷ്‌ട്രീയവും മതവും പ്രത്യേകിച്ച്‌ ക്രൈസ്‌തവതയുടെ പാശ്ചാത്യ ഭാഷ്യവും അതിന്റെ ഉപോത്‌പന്നമായ നവസാമൂഹിക മുതലാളിത്തവും കലാസാഹിത്യചിന്തകളിലെ ആധുനികതയും വിവിധ തരത്തില്‍ പങ്കാളികളാണ്‌. ഇത്‌ ഇന്നത്തെ വിജയത്തിന്റെ വഴിയായിരിക്കാം, പക്ഷേ അവസാനം കൊണ്ടെത്തിക്കുന്നത്‌ `ഒറ്റപ്പെടലിലേക്കും.'

ഇതിന്‌ ഉദാഹരണങ്ങള്‍ തേടി ദൂരെയെങ്ങും പോകേണ്ട. കുടിയേറ്റക്കാരുടെ രണ്ടും മൂന്നും തലമുറകള്‍തന്നെ പരമ്പരാഗതമായ ബന്ധങ്ങളില്‍നിന്ന്‌ ഇന്ന്‌ എന്തുമാത്രം ഒറ്റപ്പെട്ടുകഴിഞ്ഞു. സമാജമായാലും പള്ളിയോ മറ്റ്‌ മതയോഗങ്ങളായാലും അതെല്ലാം അറുപതുകഴിഞ്ഞവരുടെ കൂട്ടായ്‌മയായി മാത്രം നിലകൊള്ളുന്നു.

ഇവിടെയാണ്‌ സാമൂഹിക മനസ്സിന്റെ നഷ്‌ടത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത്‌. ഈ സാമൂഹിക മനസ്സിനെ `ജന്മിത്വസമൂഹമനസ്സെന്നും' കൂടി ഞാന്‍ വിളിക്കുകയാണ്‌. നാമൊന്നും ജന്മിയും കുടിയാനും ആവേണ്ട, അങ്ങനെയൊരു വ്യവസ്ഥിതിയിലേക്ക്‌ മടങ്ങിപ്പോകുകയുമില്ല... എന്നാല്‍ ഒരു കാലത്ത്‌ നാമെല്ലാം ജീവിച്ചത്‌ ഈ സമ്പ്രദായത്തിന്റെ തണലിലാണ്‌. അതായത്‌ ഉത്തരവാദിത്തമില്ലാതെ അങ്ങ്‌ ജീവിച്ചാല്‍ മതി, സ്വാഭാവികമായി മറ്റാരെങ്കിലും നമ്മുടെ കാര്യം നോക്കിക്കൊള്ളും. വളര്‍ച്ചക്ക്‌ അവസരമില്ലെങ്കിലും ഏതോ ഒരു തണലില്‍ ജീവിക്കുന്നുവെന്ന സുരക്ഷിതബോധം!

രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ക്കൂടി, കലാ സാഹിത്യങ്ങളില്‍ക്കൂടി, ചങ്ങല അഴിച്ചുകളയാനുള്ള പുരോഗമന ചിന്തയില്‍ക്കൂടി ഒരു മോചനം നാമെല്ലാം ആഗ്രഹിച്ചു. പ്രതീക്ഷക്ക്‌ അപ്പുറമായി ഈയൊരു ജീവിതകാലത്തുതന്നെ അത്‌ നേടിയെടുക്കുകയും ചെയ്‌തു.

തൊഴിലില്ലായ്‌മ രൂക്ഷമായിരുന്ന കാലത്ത്‌ എന്തെങ്കിലുമൊരു ജോലിതേടി മറുനാടുകളിലേക്കുപോയ മലയാളിക്ക്‌ കിട്ടിയത്‌ ചെറിയ നേട്ടങ്ങളാണെങ്കിലും അതുമായി തങ്ങളുടെ `ജന്മിത്വമനസ്സിലേക്കു'തന്നെ മടങ്ങിയെത്താനാണ്‌ അന്ന്‌ ആഗ്രഹിച്ചത്‌. മറുനാട്ടിലെ ജീവിതം ഒരു `പ്രവാസ'മായിരുന്നില്ല, അവനെ ആരും പ്രവാസിയെന്നു വിളിച്ചതുമില്ല. ആഗ്രഹങ്ങളും പരിമിതമായിരുന്നു, ഒപ്പം മത്സരങ്ങളുടെ അഭാവവും. അന്നത്തെ മലയാളിയുടെ വേദന മുഴുവന്‍ പ്രകടിപ്പിച്ചത്‌ `നിണമണിഞ്ഞകാല്‌പ്പാടുകള്‍' എന്ന ചിത്രത്തിലെ ``മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത...'' ഗാനത്തില്‍ക്കൂടിയും.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഒറ്റപ്പെടലുമായി ബന്ധപ്പെട്ടിട്ടായിരിക്കണം `പ്രവാസം', `ഗൃഹാതുരത തുടങ്ങിയ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമായത്‌. ഈ അര്‍ത്ഥത്തില്‍ അമേരിക്കയിലെ മലയാളി കുടിയേറ്റക്കാര്‍ക്ക്‌ പ്രവാസദുഃഖമേയില്ലെന്ന്‌ ഓര്‍ക്കുക. നാടന്‍ ഭാഷയില്‍ പറയട്ടെ: തല്ലിക്കൊന്നാലും ഇന്നത്തെ `ആര്‍ഭാടങ്ങള്‍' കളഞ്ഞിട്ട്‌ പോകാത്തവര്‍!

നമ്മുടെ പ്രസംഗത്തിലും സാഹിത്യത്തിലും ഗൃഹാതുരതയുടെ പ്രതീകം മലകളും മരങ്ങളും അരുവികളും അമ്പലക്കുളവും മറ്റും. മറ്റൊരു പ്രതീകമായ `മുത്തശ്ശി'യുടെ രൂപം സാഹിത്യത്തില്‍നിന്ന്‌ നാടുനീങ്ങിക്കൊണ്ടേയിരിക്കുന്നു.

എന്നാല്‍ അമേരിക്കയിലെ കുടിയേറ്റ മലയാളിക്ക്‌ ഇങ്ങനെയൊരു പ്രവാസ ദുഃഖമോ, ഗൃഹാതരുതയോ? ``ഇല്ല'' എന്ന്‌ ഞാനങ്ങ്‌ തറപ്പിച്ച്‌ പറയുകയാണ്‌. കേരളത്തിന്റെ ഭൂപ്രകൃതി കാണാതെ ജീവിക്കാന്‍ വയ്യായെന്നത്‌ ചിലരുടെ ഭാവനാസൃഷ്‌ടിയാണ്‌! അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക്‌ ഈ `പ്രവാസ'ത്തിനപ്പുറം ഒരു ലോകമില്ലേ, ഇതൊക്കെ പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇവിടെ ചര്‍ച്ച ചെയ്‌തു കഴിഞ്ഞതാണ്‌, ഇന്ന്‌ ചക്രംകറങ്ങി വീണ്ടും തുടങ്ങിയിടത്തുതന്നെ എത്തിനില്‌ക്കുന്നെന്നൊ?

തങ്ങളുടെ വിജയം, നേട്ടങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങി പലതും വരുംതലമുറകളിലേക്ക്‌ കൈമാറാന്‍ കഴിയില്ലെന്ന സത്യമാണ്‌ കുടിയേറ്റക്കാരുടെ യഥാര്‍ത്ഥ ദുഃഖം. അതേ, ജന്മിത്വമനസ്സുണ്ടായിരുന്ന ഒരു `സമൂഹം' നമ്മില്‍നിന്ന്‌ നഷ്‌ടപ്പെട്ടതിന്റെ ദുഃഖം, പൈതൃക അവകാശം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ദുഃഖം, മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും തങ്ങള്‍ കാത്തുസൂക്ഷിച്ച സമൂഹവും ബന്ധങ്ങളും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവ്‌!

എന്റെ തലമുറയുടെ പ്രതീക്ഷ മുഴുവന്‍ ഒരുകാലത്തുണ്ടായിരുന്ന നാട്ടുരീതികളോട്‌ ചേര്‍ന്നതായിരുന്നു. തെളിഞ്ഞ അരുവിയിലെ നീരൊഴുക്കുപോലെ, ആശങ്കകളില്ലാതെ അനായസമായി ജീവിച്ചിരുന്ന ലോകങ്ങളില്‍നിന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ പുറത്തേക്ക്‌ ചവിട്ടിനടന്നു. ആ സാമൂഹികബന്ധങ്ങളുടെ തിരോധാനമാണ്‌ കുടിയേറ്റ സമൂഹത്തിന്‌ സംഭവിച്ചത്‌. ഇവിടെ, തിളച്ചുമറിയുന്ന മൂശയില്‍ അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നത്‌ ദുഃഖമോ? അതോ നേട്ടമോ?
ജന്മിത്വമനസ്സുമായി നടക്കുന്ന സമൂഹം (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക