Image

`തമ്മില്‍ ഭേദം തൊമ്മന്‍തന്നെ' (തമ്പി ആന്റണി)

Published on 18 May, 2014
`തമ്മില്‍ ഭേദം തൊമ്മന്‍തന്നെ' (തമ്പി ആന്റണി)
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്നത് ഇടതുപക്ഷത്തിന് എന്തുപറ്റി എന്നതാണ്. ടി.പി ചന്ദ്രശേഖറുടെ വധവും രമ എന്ന വിധവയുടെ വിലാപവും കുറച്ചൊന്നുമല്ല കേരളത്തെ സ്വാധീനിച്ചത്്. അവരുടെ കറുത്ത നിഴല്‍ കമ്മ്യുനിസ്റ്റ്കാരെയും അവരുടെ നേതാക്കന്മാരെയും കാര്‍ന്നു തിന്നുകയാണ്. ആ കറുത്ത അദ്ധ്യായം ഇനിയും കേരള ജനത പ്രത്യകിച്ച് കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും പൊറുക്കുകയില്ല. 52 വെട്ടു വെട്ടി ഒരു മനുഷ്യനെ കൊല്ലുന്നത് അയാള്‍ ആരുതന്നെ ആയിക്കോട്ടെ ആര്ക്കും അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ.
അതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചു വിളംബരം ചെയുന്നുണ്ടെങ്കില്‍ പോലും അത് വെറും വനരോദനമായി.
മിസ്റ്റര്‍ ക്ലീന്‍ എന്ന് എല്ലാവരും തെറ്റിദ്ധരിച്ച ശ്രീമാന്‍ അച്ചുതാനന്ദനെ കൂടെ കൂട്ടിയാല്‍ അതിനൊരു പരിഹാരമാകും എന്ന് കരുതിയവര്‍ക്കും തെറ്റുപറ്റി. അത് ഇരുട്ടുകൊണ്ട് ഓട്ട അടച്ചതുപോലെയായി. വയസ്സുകാലത്ത് വ്യക്തിതം പാര്‍ട്ടിക്ക് പണയംവെച്ചു അച്ചുമാമാ എന്ന് ആരോ പറഞ്ഞത് വെറുതെയല്ല എന്നും ഇപ്പോള്‍ മനസ്സിലായി. ഇന്നസന്റ് അല്ലായിരുന്നെങ്കില്‍ ഇരിങ്ങാലക്കുട പോലും നിവരില്ലയിരുന്നു എന്നാണു നിരീഷകര്‍ പറയുന്നത് . സരിതാ നായര്‍ മുതല്‍ ലാവലിന്‍ വരെയുള്ള പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിട്ടും പ്രതിപക്ഷത്തിരുന്നവര്‍ക്ക് ഒരു ചുക്കും ചെയാന്‍ പറ്റിയില്ല എന്നതും ശ്രദ്ധിക്കണം.
പിന്നെയുള്ളത് ആം ആദ്മിയാണ് അതും ബാല്ല്യദിശയിലാണ് . ഇങ്ങെനെയയാല്‍ നാളത്തെ കേരളം ഉറ്റുനോക്കുന്നത് ആ ദിശയിലെക്കായിരുക്കും എന്നുള്ളതിന്റെ സൂചനയാണ് അവര്‍ക്കു കിട്ടിയ വോട്ടുകളുടെ എണ്ണം. എന്തുതന്നെയായാലും ജനങ്ങളുടെ സപ്പോര്‍ട്ടില്ലാതെ ഒന്നും സംഭവിക്കില്ല എന്നുള്ളതിന്റെ ഒരു തെളിവും കൂടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാജയപ്പെട്ട സമരങ്ങള്‍. അപ്പോള്‍ കേരളത്തിലെ വിവരമുള്ള രാഷ്ട്രീയം പറയാത്ത പൊതുജനം ഒരു തീരുമാനമെടുത്തു.
'തമ്മില്‍ ഭേതം തൊമ്മന്‍ തന്നെ'

ഭാരതീയ ജനതാ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് തീര്‍ച്ചയായും നല്ല ഒരു നേത്രുതത്തിന്റെ പ്രതിഭലനമാണ്. പാര്‍ട്ടിക്കും മതത്തിനും ഉപരി അവര്‍ക്ക് മോഡി എന്നൊരു നേതാവ് ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹത്തെപറ്റി അഭിപ്രായ വിത്യാസ്സങ്ങളുണ്ടാകാം ആരോപണങ്ങള്‍ ഉണ്ടാവാം. ഗുജറാത്ത് സ്വര്‍ഗ്ഗമാക്കിയ നേതാവ് എന്നൊക്കെ പറയപ്പെടുന്നു. എന്നാലും അങ്ങെനെ സമ്മതനായ ഒരു നേതാവ് എതിര്‍ പാര്‍ട്ടികള്‍ക്കില്ലാതെപൊയി. നേരെ മറിച്ചു മറ്റാരെങ്കിലും ആയിരുന്നു അവരുടെ നേതാവെങ്കില്‍ ഇത്ര ശക്തമായ് വിജയം കണ്ടെത്തുകയില്ലയിരുന്നു. അത് അവരുടെ പാര്‍ട്ടിക്കാരുപൊലും സമ്മതിക്കുന്ന കാര്യമാണ്.
കോണ്‍ഗ്രസ്സിന് ഇല്ലാതെപോയതും ഒരു ജനസമ്മതനായ നേതാവിനെയാണ്. അല്ലെങ്കില്‍ ഇനിയിപ്പം ഇറ്റലി ഇന്ത്യ ഭരിക്കണ്ട എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരിക്കണം. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രിയങ്ക തന്നെയായിരുക്കും പുതിയ പ്രിയദര്‍ശിനി എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഇത്രയൊക്കെയായിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റിയില്ല. അതും നേരത്തെ പറഞ്ഞ കുഴപ്പം തന്നെ. ജനസമ്മതനായ ഒരു നേതാവിന്റെ അഭാവം. മാത്രവുമല്ല ഇത് കേരളമാണ്. രാഷ്ട്രീയ ബോധമുള്ളവരുടെയും എന്നും പത്രം വായിക്കുന്നവരുടെയും നാടാണ്. മതത്തിന്റെയും ആള്‍ ദൈവങ്ങളുടെയും ചീട്ടുകള്‍ ഇവിടെ ചിലവാകില്ല. അതുകൂടി വടക്കുള്ള ഇന്ത്യാക്കാര്‍ മനസിലാക്കണമായിരുന്നു.
`തമ്മില്‍ ഭേദം തൊമ്മന്‍തന്നെ' (തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക