Image

സിനിമക്കാര്‍ക്കുമാകാം ഇനി രാഷ്ട്രീയം

ജയമോഹനന്‍ എം. Published on 17 May, 2014
സിനിമക്കാര്‍ക്കുമാകാം ഇനി രാഷ്ട്രീയം
കേരള രാഷ്ട്രീയ ചരിത്രത്തില്‍ കൗതുകമുള്ളൊരു അധ്യായമാണ്‌ ചലച്ചിത്രതാരം ഇന്നസെന്റ്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌. കേരളം ചലച്ചിത്ര താരങ്ങളെ ജയിപ്പിച്ചുവിടാന്‍ തമിഴ്‌നാടും ആന്ധ്രയുമല്ല എന്നൊരു മേനിപറച്ചില്‍ മലയാളിക്കുണ്ടായിരുന്നു. രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളമായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ ചലച്ചിത്രതാരങ്ങളോട്‌ അയിത്തം മലയാളി പ്രഖ്യാപിച്ചിരുന്നത്‌. നിത്യഹരിത നായകന്‍ നസീറിനു പോലും ഒരു രാഷ്ട്രീയ ജയം സാധിച്ചില്ല കേരളത്തില്‍. ഇലക്ഷനില്‍ താരങ്ങളെ പരീക്ഷിക്കാന്‍ മുന്നണികള്‍ തയാറാകാത്തതും മലയാളികളുടെ ഈ വികാരമറിയുന്നതുകൊണ്ടു തന്നെ.

എന്നാല്‍ ഇത്തവണത്തെ ലോക്‌സഭാ ഇലക്ഷനില്‍ ഇന്നസെന്റ്‌ കടന്നു വന്നത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന്‌ കേരള രാഷ്ട്രീയത്തിലെ ചരിത്രം മാറ്റിയെഴുതുകയായിരുന്നു ഇന്നസെന്റ്‌. രാഷ്ട്രീയ താത്‌പര്യമുള്ള ഏതൊരു സിനിമാക്കാരനും ഇനി തിരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌ വരാം. ജനങ്ങളോട്‌ സത്യസന്ധമായി ഇടപെട്ടാല്‍ വിജയം നേടുകയും ചെയ്യാം. ചലച്ചിത്രതാരത്തെ കണ്ണടച്ച്‌ എതിര്‍ക്കുന്ന രീതിയെ ഇന്നസെന്റ്‌ വഴിമാറ്റിയെടുത്തിരിക്കുന്നു.

എന്തായാലും ലോക്‌സഭയിലേക്ക്‌ ഇടതുസ്വതന്ത്രനായി ഇന്നസെന്റിന്റെ വരവ്‌ ആരും പ്രതീക്ഷിച്ചിരുന്നതല്ല,. പ്രത്യേകിച്ചും യുഡിഎഫ്‌. എന്നാല്‍ പിണറായി വിജയന്റെ അടുത്ത സുഹൃത്തുക്കളായ സാക്ഷാല്‍ മമ്മൂട്ടിയുടെയും പിന്നെ ബി.ഉണ്ണികൃഷ്‌ണന്റെയും നോമിനിയായ ഇന്നസെന്റിന്‌ ഒരു സിറ്റ്‌്‌ എന്നത്‌ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. മമ്മൂട്ടിയുടെയും ബി.ഉണ്ണികൃഷ്‌ണന്റെയും താത്‌പര്യങ്ങളാണ്‌ ഇന്നസെന്റിനെ ഇടതുപാളയത്തിലെത്തിച്ചതെന്നത്‌ പരസ്യമായ രഹസ്യം.

സിനിമയില്‍ ഒരു തമാശക്കാരന്‍ മാത്രമായ ഇന്നസെന്റ്‌ രാഷ്ട്രീയത്തില്‍ എന്ത്‌ ചെയ്യാനാണ്‌ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. എന്നാല്‍ അമ്മ എന്ന താരസംഘടനയുടെ പ്രസിഡന്റായി വര്‍ഷങ്ങളുടെ പരിചയമുള്ള ഇന്നസെന്റിന്‌ രാഷ്ട്രീയം ഒരു പ്രശ്‌നമാവില്ല എന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. ഇലക്ഷന്‍ രംഗത്തേക്ക്‌ ഇറങ്ങിയ ആദ്യ ദിവസങ്ങളില്‍ പതിവ്‌ നര്‍മ്മത്തിന്റെ ശൈലി വെടിയാനും ഇന്നസെന്റ്‌ തയാറായില്ല. എന്നാല്‍ കോമഡി ചിലവാകില്ല എന്ന്‌ പിണറായി തന്നെ അദ്ദേഹത്തെ ഉപദേശിച്ചുവെന്ന്‌ തോന്നുന്നു. പിന്നീട്‌ ഇന്നസെന്റ്‌ അധികം കോമഡി ഇറക്കിയില്ല. പകരം പക്കാ ഗൗരവക്കാരനായി. ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളൈപ്പോലെ മാറുമ്പോഴും ശരീരഭാഷയിലും സംസാരത്തിലും ഒരു ഗൗരവം നിലനിര്‍ത്താന്‍ ഇന്നസെന്റ്‌ ശ്രമിച്ചു. പതിവ്‌ നര്‍മ്മത്തെ തീര്‍ത്തും ഉപേക്ഷിച്ചുമില്ല. പക്ഷെ ഇന്നച്ചന്‍ വെറുമൊരു കോമഡിക്കാരനല്ല എന്ന്‌ ചാലക്കുടിയിലെയും എന്തിന്‌ കേരളത്തിലെയും ജനം തിരിച്ചറിയുന്ന ദിവസങ്ങളാണ്‌ പിന്നീട്‌ വന്നത്‌. ഒപ്പം വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്ന ആളെന്ന നിലയിലും അമ്മയുടെ പ്രസിഡന്റ്‌ എന്ന നിലയിലും താരങ്ങളെ ഇറക്കി സ്റ്റാര്‍ ഷോ തന്നെ ചാലക്കുടിയില്‍ നടത്താന്‍ കഴിയുമായിരുന്നിട്ടും ഇന്നസെന്റ്‌ അതിനൊന്നും മുതിര്‍ന്നതുമില്ല. പകരം അളന്നു കുറിച്ചായിരുന്നു തിരഞ്ഞെടുപ്പ്‌ പ്രചരണം. മമ്മൂട്ടിയും മോഹന്‍ലാലും പോലെയുള്ള വമ്പന്‍ താരങ്ങള്‍ ഒരു തവണ മാത്രം ചാലക്കുടിയില്‍ എത്തിപ്പോയി. താരപ്രചാരണം അത്രമാത്രം. അതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ഇടപഴകി മുമ്പോട്‌ു പോകാനാണ്‌ ഇന്നസെന്റ്‌ ശ്രമിച്ചത്‌. ആ ശ്രമം വിജയം കാണുകയും ചെയ്‌തു. ഇന്നസെന്റ്‌ ചാലക്കുടിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. അതും കോണ്‍ഗ്രസിന്റെ വമ്പനായ പി.സി ചാക്കോയെ പരാജയപ്പെടുത്തിക്കൊണ്ട്‌. കോമഡിക്കാരന്‍ എന്ന്‌ ഇന്നസെന്റിനെ പരിഹസിച്ച ചാക്കോ ഇപ്പോള്‍ ഏറെ ദുഖിക്കുന്നുണ്ടാവും.

ജയിച്ചെങ്കിലും ചലച്ചിത്ര അഭിനയം ഒഴിവാക്കില്ല എന്നാണ്‌ ഇന്നസെന്റ്‌ പറയുന്നത്‌. ഇടവേളകളില്‍ അഭിനയിക്കുമത്രേ. സത്യത്തില്‍ ഇതൊരു നീതികേടു തന്നെയാണ്‌ എന്നു പറയാതെ വയ്യ. ഒരു ജനപ്രതിനിധി അഭിനയം പോലെ എറെ സമയവും ദിവസങ്ങും മാറ്റിവെയ്‌ക്കേണ്ട ഒരു ജോലിയില്‍ തുടരുന്നത്‌ തിരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളോടുള്ള വഞ്ചന തന്നെ. അപ്പോള്‍ മറ്റുള്ള എം.പിമാര്‍ അഭിനയിക്കാനല്ല ഒരു ജോലിക്കും പോയില്ലെങ്കിലും വഞ്ചന തന്നെയല്ലേ നടത്തുന്നത്‌ എന്ന്‌ ഇന്നച്ചന്‍ ശൈലിയില്‍ തിരിച്ചു ചോദിച്ചാല്‍ മറുപടിയുമില്ല. എങ്കിലും അഭിനയം ഒരു വശത്തേക്ക്‌ ഒതുക്കിവെച്ച്‌ മണ്ഡലത്തില്‍ തലകാണിക്കുന്നതായിരിക്കും ഇന്നച്ചന്‌ നല്ലത്‌. അല്ലെങ്കില്‍ അതിന്റെ പേരില്‍കൂടി സിപിഎം ഇനി പഴികേള്‍ക്കേണ്ടി വരും.

എന്നാല്‍ താരസംഘടനയായ അമ്മയുടെ ്‌അധ്യക്ഷസ്ഥാനം ഇന്നസെന്റ്‌ തീര്‍ച്ചയായും ഒഴിവാക്കും എന്നു തന്നെയാണ്‌ സൂചനകള്‍. നടന്‍ ജഗദീഷാണ്‌ ഇന്നസെന്റിന്റെ പിന്‍ഗാമിയായി അമ്മയുടെ തലപ്പത്ത്‌ വരുക. ഏറെക്കാലമായി ഉപാധ്യക്ഷനായി തുടരുന്ന ഇടവേള ബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്‌. എന്തായാലും ജൂണ്‍ വരെ മാത്രമേ ഇന്നസെന്റ്‌ അമ്മയുടെ അധ്യക്ഷനായി തുടരുകയുള്ളു.

എന്നാല്‍ വമ്പന്‍ വിജയം നേടി കേരളത്തില്‍ നിന്നു ജയിച്ചുവെങ്കിലും അങ്ങ്‌ ഡെല്‍ഹിയില്‍പ്പോയിട്ട്‌ ഒരു കാര്യവുമില്ല എന്ന സ്ഥിതിയിലാണ്‌ ഇന്നസെന്റ്‌. കാര്യമായിട്ടൊന്ന്‌ വാ തുറക്കാന്‍ പോലുമുള്ള അംഗബലം ഇടതുപക്ഷത്തിന്‌ പാര്‍ലമെന്റിലില്ല. വല്ല മൂലയിലും ഒതുങ്ങിയിരുന്ന്‌്‌ ചായയും ബിസ്‌ക്കറ്റും കിട്ടിയാല്‍ കഴിക്കാം ഇന്നച്ചനും കുൂട്ടര്‍ക്കും ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിന്‌ മുമ്പില്‍. മാത്രമല്ല അന്തവും കുന്തവുമില്ലാത്ത ഏതെങ്കിലും ശിവസേന എംപിയുടെ മുമ്പിലെങ്ങാനും പെട്ടാല്‍ ഇന്നച്ചന്‍ കീരിക്കാടന്‌ ജോസിന്‌ മുമ്പില്‍ പെട്ട കൊച്ചിന്‍ഹനീഫയെ ഒന്ന്‌ ഓര്‍മ്മിക്കുന്നത്‌ നന്നായിരിക്കും. അല്ലെങ്കിലും ശിവസേനക്കാര്‍ക്ക്‌ മല്ലൂസെന്ന്‌ കേട്ടാലേ കലിയാണ്‌. എന്തായാലും പാത്തും പതുങ്ങിയും ഡെല്‍ഹിയില്‍ പോയി തിരിച്ചുവരേണ്ട ഗതികേടിലാണ്‌ ഇന്നച്ചന്റെ ഇടതുസഖാക്കള്‍. എന്തായാലും ഡെല്‍ഹിക്ക്‌ പോയിട്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലാത്തതിനാല്‍ യാത്രലാഭം എന്ന്‌ കരുതാം ഇന്നച്ചന്‌

അതെന്തായാലും കേരളത്തില്‍ ഇന്നച്ചന്‍ ഒരു സൂപ്പര്‍താരം തന്നെ. പി.സി ചാക്കോയെ മലര്‍ത്തിയടിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ്‌ ഗോദയില്‍ താരങ്ങള്‍ക്ക്‌ ഒരു വഴി തുറന്നിടുകയും ചെയ്‌തു. ഇന്നച്ചനെ പിന്തുടര്‍ന്ന്‌ മലയാള സിനിമയില്‍ നിന്നും ഒരു വലിയ നിര തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നു വരാന്‍ കാത്തിരിക്കുകയാണ്‌. ജഗദീഷും സലിംകുമാറും തങ്ങളുടെ താത്‌പര്യം തുറന്നു പ്രകടിപ്പിച്ചവരാണ്‌. സുരേഷ്‌ഗോപിക്കുമുണ്ട്‌ ചെറിയ രാഷ്ട്രീയമോഹം. ആരും പരിഗണിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്‍കാല നായിക ഷീലയും രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറെടുത്തിരിക്കുകയാണ്‌. സിനിമയൊരു പത്തെണ്ണം കൂടി പൊട്ടിയാല്‍ നമ്മുടെ മമ്മൂക്കയെയും പ്രതീക്ഷിക്കാം രാഷ്ട്രീയ ഗോദയിലേക്ക്‌. മനസില്‍ അടക്കിവെച്ചിരിക്കുന്ന രാഷ്ട്രീയ മോഹവുമായി ഇനിയും താരങ്ങള്‍ കാണും സിനിമയുടെ അണിയറയില്‍. അവരൊക്കെ ഏത്‌ പാര്‍ട്ടികളിലൂടെ ഇനി ജനങ്ങള്‍ക്ക്‌ മുമ്പിലെത്തും എന്നു മാത്രമേ അറിയേണ്ടതുള്ളു.
സിനിമക്കാര്‍ക്കുമാകാം ഇനി രാഷ്ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക