Image

ഗവിയുടെ മരതകഭംഗി (പ്രകൃതിയുടെ നിഴലുകള്‍ തേടി-18: ജോര്‍ജ്‌ തുമ്പയില്‍)

Published on 19 May, 2014
ഗവിയുടെ മരതകഭംഗി (പ്രകൃതിയുടെ നിഴലുകള്‍ തേടി-18: ജോര്‍ജ്‌ തുമ്പയില്‍)
ഗവിയുടെ സൗന്ദര്യം അറിയണമെങ്കില്‍ പ്രഭാതത്തില്‍ തന്നെ യാത്ര തുടങ്ങണം. വഴി നീളെ മുയലും മയിലും മാത്രമല്ല, മഴമുഴക്കിയും വേഴാമ്പലും ചീവീടുമൊരുക്കുന്ന ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിനു പുറമേ അപ്രതീക്ഷിത ക്ലൈമാക്‌സ്‌ പോലെ ആനക്കൂട്ടമെന്ന വലിയ ട്വിസ്‌റ്റും നിങ്ങളുടെ യാത്രയെ ചേതോഹരമാക്കിയേക്കാം. കാട്ടുപോത്തുകള്‍ മേഞ്ഞു നടക്കുന്ന മലഞ്ചരിവുകള്‍, ഒരു അതിരില്‍ വെള്ളത്തിന്റെ സാന്ദ്രവും കുളിര്‍മ്മയേറിയതുമായ ഭംഗി, മറുവശത്ത്‌ പച്ചപ്പിന്റെ പ്രകൃതിയൊരുക്കിയ നൂറു കണക്കിനു വേരിയന്റുകള്‍. ഇങ്ങനെ ഗവി സമ്മാനിക്കുന്ന അനുഭവങ്ങള്‍, യാത്രാവിവരണമെഴുതുന്നവരെ പോലും വിവരണാതീതമായി നിന്നു വിഷമിപ്പിക്കുമെന്നു തീര്‍ച്ച. പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ്‌ പൊട്ടിവീണത്‌ ഗവിയിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്‌. പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ സൗന്ദര്യ ധാരാളിത്തമാണ്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും.

കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗവി റോഡ്‌ വഴി പോകും. എന്നാല്‍, റോഡുകള്‍ അത്ര സുഗമമാണെന്നു കരുതണ്ട. സൂക്ഷിച്ച്‌, വളവുകളിലും തിരിവുകളിലും ഹോണ്‍ മുഴക്കാതെ മെല്ലെ സഞ്ചരിക്കുന്നവര്‍ക്കു മുന്നിലേക്ക്‌ പ്രകൃതിയുടെ ഓരോ സ്‌പന്ദനവും ഇറങ്ങി വരും. ക്ഷണിക്കാതെ തന്നെ വന്യമൃഗങ്ങള്‍ എത്തി, മുഖം കാണിച്ച്‌ സുഖമല്ലേ എന്നു തിരിക്കി ഓടി മറയുന്ന കാഴ്‌ചയും മുന്‍സീറ്റിലിരിക്കുന്നവര്‍ക്ക്‌ കാണാം. സ്വന്തം വാഹനത്തില്‍ ഗവിയില്‍ കറങ്ങാന്‍ വിഷമമുള്ളവര്‍ക്കായി ഫോറസ്‌റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വാഹനസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌. കൊല്ലം-തേനി ദേശീയപാതയിലൂടെ വണ്ടിപ്പെരിയാറ്റില്‍ എത്തി അവിടെ നിന്ന്‌ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വള്ളക്കടവില്‍ എത്താം. ഇവിടെ നിന്ന്‌ 275 രൂപയുടെ ടിക്കറ്റും 25 രൂപയുടെ പ്രവേശന ടിക്കറ്റും ലഭിക്കും. രാവിലെ 6.30, 10.30, ഉച്ചയ്‌ക്ക്‌ രണ്ട്‌ എന്നിങ്ങനെ മൂന്നു ട്രിപ്പുകളായിട്ടാണ്‌ വള്ളക്കടവില്‍ നിന്നു യാത്ര പുറപ്പെടുക. മുന്‍കൂട്ടി ബുക്കിങ്‌ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഗവിയില്‍ താമസിക്കുന്നതിന്‌ ഓണ്‍ലൈന്‍ ബുക്കിങ്‌ സൗകര്യമുണ്ട്‌.

ആദ്യം എത്തുന്നവര്‍ക്ക്‌ ആദ്യം എന്ന നിലയിലാണ്‌ വള്ളക്കടവില്‍ ടിക്കറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവിടെ നിന്നു ടിക്കറ്റുകള്‍ വാങ്ങാം. ഗവിയില്‍ എത്തി അവിടെനിന്ന്‌ അഞ്ചു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ കൊച്ചുപമ്പയില്‍ എത്തിയശേഷമാണ്‌ മടക്കയാത്ര. സഞ്ചാരികളെ ഇതേ വാഹനത്തില്‍ തിരികെ വള്ളക്കടവിലെത്തിക്കും. 13 ലക്ഷം രൂപ മുടക്കി 31 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന വാഹനമാണ്‌ ഇതിനായി വനം വകുപ്പ്‌ വാങ്ങിയിരിക്കുന്നത്‌. ഈ വണ്ടിയിലിരുന്നാല്‍ കാണാം ഗവിയുടെ യഥാര്‍ത്ഥ സൗന്ദര്യം, ആസ്വദിക്കാം പച്ചപ്പിന്റെ ആഴങ്ങള്‍. എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതിതീരാതെയാണ്‌ ഗവിയിലെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്‌.

യാത്രയിലെ ഏറ്റവും മനോഹരമായ സ്ഥലമായ ഗവിയെന്നു പേരുകേള്‍ക്കുമ്പോള്‍ ഇതേതു ഭാഷയെന്നു അന്തിക്കുന്നവര്‍ അനവധി. അപരിചിതത്വത്തിന്റെ ഈ പ്രതിസന്ധിയാണ്‌ ഇവിടേക്ക്‌ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനു പിന്നിലുള്ളത്‌. ശ്രീലങ്കന്‍ ഭാഷയിലെ പദമാണ്‌ `ഗവി'. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിരുന്ന സ്ഥലമായതിനാലാണീ പേര്‌. ഗവി ഡാം കാഴ്‌ചകള്‍ മനോഹരമാണ്‌. ഗവിയില്‍ റോഡരികില്‍ സഞ്ചാരികള്‍ക്കു താമസിക്കാന്‍ ഫോറസ്റ്റ്‌ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍. വിദേശികളുടെ ഇഷ്‌ടതാവളമാണ്‌ ഗവി. ട്രക്കിംഗിനുപറ്റിയ സ്ഥലം. ഉള്‍വനങ്ങളിലേക്കുചെന്നാല്‍ അനവധി മൃഗങ്ങളെ കാണാം. സിനിമാക്കാരുടെ പ്രിയ ലൊക്കേഷന്‍; പ്രത്യേകിച്ച്‌ തമിഴ്‌സിനിമയുടെ. സഞ്ചാരികള്‍ക്കായി നിരവധി സൗകര്യങ്ങളൊരുക്കിയിരിക്കുന്നു. അപൂര്‍വ്വമായ വന-സസ്യോദ്യാനവും കാട്ടുമൃഗങ്ങളുടെ ഫോസില്‍ മ്യൂസിയവും ഉണ്ട്‌. മുന്‍പേ അറിയിച്ചാല്‍ യാത്ര, ഭക്ഷണം, താമസം ഇവയൊരുക്കിവയ്‌ക്കും. ഫോണ്‍ സൗകര്യമില്ല. ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ മൊബൈല്‍റേഞ്ച്‌ ലഭിക്കുന്ന സ്ഥലങ്ങളിലെത്തിയാണ്‌ ഉദ്യോഗസ്ഥര്‍ സന്ദേശങ്ങള്‍ കൈമാറുക. പത്തനംതിട്ടജില്ലയിലെ ഏക തമിഴ്‌മീഡിയം സ്‌കൂള്‍ ഇവിടെയാണ്‌. പഞ്ചായത്തുവഴിയെ ഓര്‍മ്മിപ്പിക്കുന്ന ഇടുങ്ങിയ റോഡ്‌ ഇവിടെ ഹൈവ പോലെ തോന്നിക്കും. ആരും വരാനില്ലാത്ത വഴിത്താരകള്‍... സഞ്ചാരികള്‍ മാത്രം ഇടയ്‌ക്കിടെ വന്നു പോകുന്നു.. മാനവും ഭൂമിയും ഇടയ്‌ക്കിടെ സല്ലപിക്കുന്നു. വഴിയിലേക്ക്‌ അലസം വീണുകിടക്കുന്ന മരശാഖകള്‍. ഇരുവശവും ഇടത്തൂര്‍ന്നു നില്‍ക്കുന്ന പേരറിയാവൃക്ഷങ്ങള്‍. ഇടുങ്ങിയ പാലങ്ങളും കാട്ടരുവികളും കടന്നുള്ള യാത്ര.

ഗവിയില്‍ നിന്നും വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയും കൊതിപ്പിക്കുന്നതാണ്‌. പ്രകൃതിയെ തൊട്ടു നോവിക്കാതെ സ്വച്ഛന്ദമായി ആവിഷ്‌ക്കരിച്ചരിക്കുന്ന തേയിലത്തോട്ടങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്റെ ആര്‍ട്ടിസ്‌റ്റിക്ക്‌ സെന്‍സിനെക്കുറിച്ചാവും ഓര്‍മ്മ വരിക. ഇരുവശത്തേക്കും വിരിച്ചിട്ടിരിക്കുന്ന തേയിലച്ചെടിപ്പായയ്‌ക്കു നടുവിലൂടെയാണ്‌ റോഡ്‌. ഇളംതളിരില്‍ കടുംവെയില്‍ വീണുമിനുങ്ങുന്നതു കാണാം. സൂര്യന്‍ കനത്തിട്ടും മാമലദൂരെ മഞ്ഞിന്‍മറകള്‍ക്ക്‌ ഇടമൊഴിയാന്‍ മടിക്കുന്നതു കാണാം.

അടിക്കുറിപ്പ്‌:

കുറെ ബഹളം വെച്ച്‌ ഒരു അവധി ദിവസം ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെ ഗവിയെ സമീപിക്കരുത്‌. കാനന ഭംഗിയെ ആസ്വദിച്ചു ശുദ്ധവായു ശ്വസിച്ചു കൊണ്ട്‌ കുറച്ച്‌ സമയം നിശ്ശബ്ദമായി എല്ലാ തിരക്കുകളില്‍നിന്നും അകന്നിരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെങ്കില്‍ മാത്രം ഗവിയിലേക്ക്‌ പോവുക. കാടിന്റെ വശ്യതയും, പച്ചപ്പിന്റെ കുളിര്‍മയും പ്രകൃതിയുടെ ലാളിത്യവും അല്ലാതെ മറ്റൊന്നും ഗവി നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടില്ല.

(തുടരും)

KSRTC, Pathanamthitta - 04682229213

Kerala Forest Development

Corporation, Kottayam - 04812581204

Gavi- Room - 9947492399

(Forest Mansion- 4 PM to 5 PM)

Tourist Reception Centre,

Kumily - 04869223270

Vallakadavu check post - 04869252515
ഗവിയുടെ മരതകഭംഗി (പ്രകൃതിയുടെ നിഴലുകള്‍ തേടി-18: ജോര്‍ജ്‌ തുമ്പയില്‍)ഗവിയുടെ മരതകഭംഗി (പ്രകൃതിയുടെ നിഴലുകള്‍ തേടി-18: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക