Image

അഴകിന്റെ പാലാഴി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 19 May, 2014
അഴകിന്റെ പാലാഴി (ലേഖനം: സാം നിലമ്പള്ളില്‍)
ഡാള്ളസ്സ്‌ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിനുള്ള സമയവും പ്രതീക്ഷിച്ച്‌ ബോറടിച്ചിരിക്കുമ്പോളാണ്‌ ഒരുഗാനംപോലെ അവള്‍ എന്റെ മുമ്പില്‍കൂടി ഒഴുകിപ്പോയത്‌. ബോറടിമാറ്റാന്‍ എന്തു ചെയ്യണതെന്ന്‌ ആലോചിച്ച്‌ ഇരിക്കുകയായിരുന്നു ഞാന്‍; എന്തെങ്കിലും വായിച്ചാലോ? വായിക്കാനുള്ള ഒരു മൂഡുംവരുന്നില്ല. ഡാന്‍ ബ്രൗണിന്റെ `ഡാവിഞ്ചി കോഡ്‌' സ്യൂട്ട്‌കേസില്‍ ഇരിപ്പുണ്ട്‌. നാലഞ്ച്‌ അദ്ധ്യായങ്ങള്‍ നിര്‍ബന്ധപൂര്‍വം വായിച്ചിട്ട്‌ മതിയാക്കിയതാണ്‌. ഇത്‌ ചവറ്റുകുട്ടയില്‍ എറിയണോ അതോ യൂസ്‌ഡ്‌ ബുക്ക്‌സ്‌ വാങ്ങിക്കുന്നവര്‍ക്ക്‌ വില്‍കണോ എന്നൊക്കെ പലതവണ ആലോചിച്ചു. പതിനാറ്‌ ഡോളര്‍ കൊടുത്ത്‌ വാങ്ങിച്ചതായതിനാല്‍ എറിഞ്ഞുകളയാനും തോന്നുന്നില്ല. കുറച്ചുകൂടി മുന്‍പോട്ട്‌ വായിച്ചാല്‍ രസംതോന്നുമെന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ വിശ്വാസം വന്നില്ല. മീന്‍കറിയുടെ ഉപ്പും പുളിയും പരിശോധിക്കാന്‍ ഒരു സ്‌പൂണില്‍ അല്‍പമെടുത്ത്‌ കൈവെള്ളയിലൊഴിച്ച്‌ രുചിച്ച്‌ നോക്കിയാല്‍പോരെ; കയ്യും നാക്കും പൊള്ളാതെ നോക്കണമെന്നുമാത്രം.

ഞാന്‍ അങ്ങനെയൊക്കെയാണ്‌. രുചിയുള്ള ആഹാരമേ കഴിക്കത്തുള്ളു; നല്ല പുസ്‌തകങ്ങളേ വായിക്കാറുള്ളു; നല്ല പാട്ടുകളേ കേള്‍ക്കാുള്ളു. മഹത്തായത്‌ എന്നുവാഴ്‌ത്തപ്പെട്ട ചില പുസ്‌തകങ്ങള്‍ ഒരദ്ധ്യായംവായിച്ചിട്ട്‌ വലിച്ചെറിഞ്ഞിട്ടുണ്ട്‌. സിനിമകാണാന്‍ ടിക്കറ്റെടുത്ത്‌ തീയേറ്ററില്‍ കയറിയിട്ട്‌ പത്തുമിനിറ്റിനുള്ളില്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്‌. ബോറടിപ്പിക്കുന്നതൊന്നും എനിക്ക്‌ സ്വീകാര്യമല്ല. ബോറന്മാരെ ഞാന്‍ അകറ്റിനിറുത്തും.

സോറി. ഡാളസ്സിലെ പെണ്‍കുട്ടിയെപ്പറ്റിയാണ്‌ ഞാന്‍ പറഞ്ഞുവന്നത്‌. ഒരുനിമിഷം ഞാനവളെ ശ്രദ്ധിച്ചു. മുഖം ശരിക്ക്‌കണ്ടില്ലെങ്കിലും പിന്നില്‍നിന്ന്‌ നോക്കുമ്പോള്‍ നല്ല ആകാരഭംഗിയുള്ള സ്‌ത്രീ. സൗന്ദര്യമുള്ളതിനെയെല്ലാം, അതൊരു മരമായാലും, മൃഗമായാലും, മനുഷ്യനായാലും ഞാന്‍ നോക്കുമെന്ന്‌ പണ്ടേപറഞ്ഞിട്ടുള്ളതാണ്‌. അതിന്‌ അവരുടെ ആരുടേയും അനുവാദം എനിക്ക്‌ ആവശ്യമില്ല; അതില്‍ ദുരുദ്ദേശമൊന്നും ആരും കല്‍പിക്കേണ്ടതില്ല. വിരിഞ്ഞുനില്‍ക്കുന്ന ഒരു റോസാപ്പൂവിനെ നോക്കുന്നതുപോലത്തെ നിഷ്‌കളങ്കതമാത്രം മനുഷ്യനെ നോക്കുന്നതിലും ചാര്‍ത്തിയാല്‍മതി. സ്‌ത്രീകളെ മാത്രമല്ല സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാലും എന്റെ കണ്ണുകള്‍ അവരെ ശ്രദ്ധിക്കും.

ഇപ്പോള്‍ എന്റെ മുമ്പില്‍കൂടി കടന്നുപോയ സ്‌ത്രീ അഴകിന്റെ പാലാഴിയില്‍നിന്ന്‌ കടഞ്ഞെടുക്കപ്പെട്ടവളാണെന്ന്‌ എനിക്കുതോന്നി. അതുകൊണ്ടാണ്‌ എന്റെ കണ്ണുകള്‍ അവളുടെ പിന്നാലെ സഞ്ചരിച്ചത്‌. ഒരുനിമിഷംമാത്രമേ എന്റെ ദൃശ്യപഥത്തില്‍ അവള്‍ പ്രത്യക്ഷപ്പെട്ടുള്ളെങ്കിലും, അവളുടെ മുഖസൗന്ദര്യം ആസ്വദിക്കാനായില്ലെങ്കിലും, അവളെ പൂര്‍ണമായി ആവാഹിക്കാന്‍ എനിക്ക്‌ സാധിച്ചു. അത്‌ എന്റെ ഒരു പ്രത്യേക കഴിവാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ബസ്സിലോ ട്രെയിനിലോ യാത്രചെയ്യുമ്പോള്‍ പ്രകൃതിയിലെ ഒരു മനോഹരദൃശ്യം കണ്ണില്‍പതിഞ്ഞാല്‍ നിമിഷംകൊണ്ട്‌ ഞാനതിനെ ഒപ്പിയെടുത്തുകഴിഞ്ഞിരിക്കും. കാണുന്നതെന്തും സെല്‍ഫോണില്‍ -നാട്ടില്‍ മൊബൈല്‍- ഫോട്ടോ എടുക്കുന്നതോ, ക്യാമറ കൊണ്ടുനടക്കുന്നതോ എന്റെ ശീലമല്ല. കണ്ണുകളാണ്‌ എന്റെ ക്യാമറ. ഹൃദയത്തിന്റെ ആല്‍ബത്തില്‍ സൂക്ഷിക്കുന്നചിത്രങ്ങള്‍ ചിലസന്ദര്‍ഭങ്ങളില്‍ ഞാനറിയാതെതന്നെ വീണ്ടും കണ്‍മുമ്പില്‍ തെളിയുമ്പോള്‍ ചുട്ടുപൊള്ളുന്ന മനസില്‍ ഐസുകട്ട പതിച്ച സുഹാനുഭൂതിയാണ്‌ ഉളവാകുന്നത്‌. ജീവിതം മനോഹരമായി തോന്നുന്നതും അപ്പോളാണ്‌.

അതിസുന്ദരികളായ സ്‌തീകളെ അമേരിക്കയിലാണ്‌ ഞാന്‍ കണ്ടിട്ടുള്ളതെന്ന്‌ പറയുന്നതില്‍ അതിശയോക്തിയില്ല. അതിന്റെ അര്‍ത്ഥം അമേരിക്കയിലുള്ള എല്ലാ സ്‌ത്രീകളും സുന്ദരികളാണെന്നല്ല. പത്തിലൊന്നെങ്കിലും ഒരുസുന്ദരികാണും; നൂറിലൊന്നോമറ്റോ അതിസുന്ദരി ഉണ്ടായിരിക്കും. മറ്റുരാജ്യങ്ങളിലെ സ്‌തീകളെപ്പറ്റി, അവിടെങ്ങും പോയികണ്ടിട്ടില്ലാത്തതിനാല്‍, ആധികാരികമായിപറയാന്‍ ഞാന്‍ ആളല്ല. ലെബാനോനിലെ സ്‌ത്രീകളുടെ സൗന്ദര്യത്തെപറ്റി ബൈബിളില്‍ പരാമര്‍ശ്ശമുണ്ട്‌. നിര്‍ഭാഗ്യവശാല്‍ അവരെ കാണാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. റഷ്യയിലെ പെണ്‍കുട്ടികള്‍ സുന്ദരികളാണെങ്കിലും ഒരുപ്രായംകഴിഞ്ഞാല്‍ തടിവെച്ച്‌ അവരുടെ സൗന്ദര്യത്തിന്‌ കോട്ടംതട്ടുമെന്ന്‌ അവിടെ അംബാസിഡറായിരുന്ന കെ.പി. എസ്സ്‌ മേനോന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. വടക്കേ ഇന്‍ഡ്യയില്‍ സുന്ദരികളായ സ്‌ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്‌. കേരളത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ തെക്കിനെ അപേക്ഷിച്ച്‌ സൗന്ദര്യംകൂടുമെന്നാണ്‌ എന്റെ അഭിപ്രായം.

ഞാന്‍ സുന്ദരന്‍ ആയിട്ടോ, ചെറുപ്പക്കാരന്‍ ആയിട്ടോ അല്ല, സുന്ദരികള്‍ എന്നെ ഇഷ്‌ടപ്പെടുന്നത്‌. അവരുടെ സൗന്ദര്യം ഞാന്‍ ആസ്വദിക്കുന്നുണ്ടന്ന്‌ അവര്‍ ഗ്രഹിക്കുന്നതിനാലാണ്‌. അണിഞ്ഞൊരുങ്ങിവന്ന പെണ്‍കുട്ടി ആഗ്രഹിക്കുന്നത്‌ അവളെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കണമെന്നാണ്‌. ദൗര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഭൂരിപക്ഷം പുരുഷന്മാരും അവളെ ശ്രദ്ധിക്കാതെ കടന്നുപോകത്തേയുള്ളു; അവളെ നോക്കുന്നത്‌ പാപമാണെന്നോ, തെറ്റാണെന്നോ വിശ്വസിക്കുന്ന പുരുഷന്മാരും ഉണ്ട്‌. തന്നെനോക്കുന്ന പുരുഷന്‌, അവന്‍ വിരൂപനാണെങ്കില്‍പോലും, ഒരു കടാക്ഷം നല്‍കാന്‍ അവള്‍ മടിക്കില്ല, ഒരു പുഞ്ചിരിയും. അങ്ങനത്തെ പുഞ്ചിരികള്‍ ധാരാളമായി എനിക്ക്‌ കിട്ടിയിട്ടുണ്ട്‌.

അവള്‍ സമ്മാനിച്ച പുഞ്ചിരി എന്നോടുള്ള പ്രേമത്തിന്റെ സൂചനയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പനിച്ചിട്ടുള്ള ചെറുപ്പകാലം എനിക്കുണ്ടായിരുന്നു. അനേകം പെണ്‍കുട്ടികളെ അവരറിയാതെ പ്രേമിച്ച്‌ സിനിമാപ്പാട്ടും മൂളിനടന്നിരുന്ന ചെറുപ്പക്കാരനെ എനിക്കിപ്പോള്‍ ഓര്‍മവരുന്നു. എന്നാല്‍ ഏതെങ്കിലും പെണ്ണിനോട്‌ എന്റെപ്രേമം തുറന്നുപറയാനോ, ഒരു പ്രേമലേഖനം കൊടുക്കാനോഉള്ള തന്റേടം ഇല്ലായിരുന്നു എന്നതാണ്‌ സത്യം. അഥവാ അല്‍പം ധൈര്യംസംഭരിച്ച്‌ ഒരു സുന്ദരിപ്പെണ്ണിനെ അഭിമുഖീകരിച്ചാല്‍തന്നെ പറയാന്‍വന്നകാര്യം പെട്ടന്ന്‌ ചോര്‍ന്നുപോകുകയും, മറ്റെന്തെങ്കിലും വിഷയം സംസാരിച്ചിട്ട്‌ രക്ഷപെടുകയുമായിരുന്നു പതിവ്‌. ചില വിദ്വാന്മാരെപ്പോലെ തങ്ങളുടെ പ്രേമം മറ്റുള്ളവരെക്കൊണ്ട്‌ പറയിപ്പിക്കുന്ന ശീലം എനിക്കില്ലായിരുന്നു. അങ്ങനെ പ്രേമദല്ലാളന്മാരായി ജോലിചെയ്യുന്ന ചിലരെയൊക്കെ എനിക്കറിയാം. എന്താണ്‌ അവര്‍ക്ക്‌ അതുകൊണ്ടുള്ള നേട്ടമെന്ന്‌ അറിയില്ല. ഗോപിക്ക്‌ നിന്നോട്‌ പ്രേമമാണെന്ന്‌ വത്സയോട്‌ ചെന്നുപറയുന്ന ഡേവിസിന്‌ സാമ്പത്തികമായ നേട്ടമൊന്നും ഇല്ലെന്നുള്ളത്‌ വ്യക്തമാണ്‌. ചിലപ്പോള്‍ ഗോപി അവന്‌ ഒരു ചായവാങ്ങിക്കൊടുത്തെങ്കിലായി. പിന്നെന്തിനാണ്‌ ഡേവിസ്‌ ഈപണിക്ക്‌ പോകുന്നതെന്ന്‌ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. ഒരുപക്ഷേ, ഭാവിയില്‍ ഒരു വിവാഹദല്ലാളായിത്തീരാനുള്ള ട്രെയിനിങ്ങ്‌ നടത്തുകയായിരിക്കും. ഗോപിയുടെപ്രേമം വത്സ സ്വീകരിച്ചില്ലെന്നും അവന്‍കുറെക്കാലം ഭഅനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗംതീര്‍ന്നു എന്ന പാട്ടുംപാടിനടന്നിട്ടുണ്ടെന്നും എനിക്ക്‌ നേരിട്ട്‌ അറിവുള്ളതാണ്‌. അവന്‍ കോളജിലെ എന്റെ കൂട്ടുകാരനായിരുന്നു, ഡേവിസും.

ഡാള്ളസ്സ്‌ എയര്‍പോര്‍ട്ടില്‍ ഞാന്‍കണ്ട സുന്ദരിപ്പെണ്ണിനെപ്പറ്റി പറഞ്ഞിട്ട്‌ ഗോപിയുടെ ഒറ്റയാന്‍ പ്രേമത്തെപ്പറ്റി പരാമര്‍ശ്ശിക്കേണ്ടിവന്നത്‌ സന്ദര്‍ഭോചിതമല്ലെന്ന്‌ അറിയാം. അവളുടെ മുഖംകണ്ടില്ലെങ്കിലും സുന്ദരമായിരിക്കുമെന്ന്‌ ഞാന്‍ ഊഹിച്ചു. പിന്നില്‍നിന്ന്‌ നോക്കുമ്പോള്‍ അവള്‍ മാദകത്തിടമ്പാണ്‌. ദേവലോകകന്യക എന്നൊക്കെ നമ്മള്‍ പറയുന്നത്‌ അതിസുന്ദരികളായ സ്‌ത്രീകളെ ഉദ്ദേശിച്ചാണല്ലോ. ഇവളും അത്തരത്തിലുള്ള സ്‌ത്രീരത്‌നമാണെന്ന്‌ എനിക്കുതോന്നി. ഇറുകിയ ഇളംനീല ജീന്‍സ്‌ അവളുടെ കാലുകളുടെ ഭംഗിവെളിപ്പെടുക്കുന്നുണ്ട്‌. മുഖഭംഗികൊണ്ടുമാത്രം ഒരു സ്‌ത്രീ സുന്ദരിയാണെന്ന്‌ പറയാന്‍ സാദ്ധ്യമല്ല. അവളുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും തമ്മില്‍ കോംബിനേഷന്‍ ഉണ്ടായിരിക്കണം. മലയാളസിനിമയിലെ ഒരുനടിയുടെ ഈര്‍ക്കിലിപോലത്തെ കാലുകള്‍ ഒരു ചിത്രത്തില്‍ പ്രദര്‍ശ്ശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. മുഖസൗന്ദര്യമുണ്ടെന്ന്‌ പറഞ്ഞിട്ടെന്തുകാര്യം? അതുപോലെ മുഖസൗന്ദര്യമുള്ള മറ്റുചില നടികള്‍ നാലേമുക്കാല്‍ അടിമാത്രം ഉയരമുള്ള കുരുടികളാണ്‌. അതുകൊണ്ടായിരിക്കും ഉയരമുള്ള നടികളെ മറ്റുസംസ്ഥാനങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്നതെന്ന്‌ തോന്നുന്നു. പാല്‍പ്പായസമായാലും, സാമ്പാറായാലും എല്ലാചേരുവകളും അതിനനുസരിച്ച്‌ ചേര്‍ന്നാലല്ലേ `അസ്സലായിരിക്കുന്നു' എന്നുപറയാന്‍ സാധിക്കൂ.

ഡാളളസ്സ്‌ പെണ്‍കുട്ടി കുരുടിയല്ല, കൊന്നത്തെങ്ങുപോലെ ഉയരമുള്ളവളുമല്ല. അവളുടെ ശരീരവണ്ണത്തിന്‌ അനുയൊജ്യമായ ഉയരം; അല്ലെങ്കില്‍ ഉയരത്തിന്‌ അനുയോജ്യമായ വണ്ണം. തോളിന്‌ താഴെവരെയെത്തുന്ന ഇളംചോക്കളേറ്റ്‌ നിറമുള്ള അവളുടെ തലമുടി നടത്തത്തിന്‍െറ താളത്തിനനുസരിച്ച്‌ തിരയടിക്കുന്നു. തോളില്‍ തുകല്‍ബാഗും തൂക്കിയിട്ട്‌, ചക്രങ്ങളുള്ള ചെറിയ സ്യൂട്ട്‌കേസും വലിച്ചുകൊണ്ട്‌ ഒരുഗാനംപോലെ അവള്‍ ഒഴുകിപ്പോയി. അവള്‍ പോയവഴികള്‍ പുളകംകൊണ്ടിരിക്കണമെന്ന്‌ എനിക്കുതോന്നി. എന്റെ മനസിലും കുളിര്‍മ പകര്‍ന്നിട്ടല്ലേ അവള്‍പോയത്‌; വീണ്ടും വീണ്ടും ഓര്‍മിക്കാനുള്ള ഒരു ചിത്രം സമ്മാനിച്ചിട്ട്‌.

വയസാന്‍കാലത്ത്‌ ഇയാള്‍ക്ക്‌ പെണ്‍പിള്ളാരെനോക്കി രസിക്കലാണോപണിയെന്ന്‌ ചിലവായനക്കാര്‍ക്ക്‌ തോന്നാന്‍ ഇടയുണ്ട്‌. ഞാനൊരു സഹൃദയനാണ്‌, സൗന്ദര്യാരാധകനാണ്‌ എന്നുള്ളതാണ്‌ എന്റെ മറുപടി. സൗന്ദര്യം ആസ്വദിക്കുന്നത്‌ തെറ്റല്ല. സൗന്ദര്യമുള്ളതെല്ലാം ദൈവസൃഷ്‌ടിയാണ്‌. സ്‌ത്രീയാണ്‌ ആ സൃഷ്‌ടികളില്‍ ഏറ്റവും അഴകുള്ളത്‌. ദൈവസൃഷ്‌ടി കാണുന്നത്‌ ദൈവത്തെ കാണുന്നതുപോലെയാണ്‌. അതുകാണാന്‍ കഴിയാത്തവന്‍ ആരാധനാലയത്തില്‍പോയിട്ടെന്തുകാര്യം? നൂറുവയസുവരെ ജീവിച്ചിരിക്കയാണെങ്കിലും അങ്ങയുടെ സൗന്ദര്യസൃഷ്‌ട്ടികള്‍കണ്ട്‌ ആസ്വദിക്കാനുള്ള കഴിവുതരണേ എന്നാണ്‌ ദൈവത്തോടുള്ള എന്റെപ്രാര്‍ത്ഥന.

സാം നിലമ്പള്ളില്‍

അഴകിന്റെ പാലാഴി (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക