Image

ഫോമയുടെ കണക്കില്‍ നേട്ടങ്ങളുടെ ബാക്കിപത്രവുമായി ജോര്‍ജ് മാത്യു

Published on 20 May, 2014
ഫോമയുടെ കണക്കില്‍ നേട്ടങ്ങളുടെ ബാക്കിപത്രവുമായി ജോര്‍ജ് മാത്യു
1700x3000= ? അഞ്ചു മില്യനിലേറെ! ഇത്തവണ ഫോമ വഴി മലയാളി സമൂഹത്തിന് ലഭിച്ച നേട്ടമാണത്.

ഡിപ്ലോമയുള്ള നഴ്‌സുമാര്‍ക്ക് ബി.എസ്.എന്‍ ബിരുദമെടുക്കാന്‍ പഠിക്കുമ്പോള്‍ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഡിസ്‌കൗണ്ടാണ് 3000 ഡോളര്‍. ഫോമാ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. 1700 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. പലരും ബിരുദമെടുത്തു. ദിവസേന ഒന്നും രണ്ടും പേരെങ്കിലും നേഴ്‌സിംഗിനോ മറ്റേതെങ്കിലും കോഴ്‌സിനോ ഫോമ വഴി യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നു.

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടങ്ങളിലൊന്നായി ഇതിനെ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു വിലയിരുത്തുന്നു. ഫോമാ ഈ സംവിധാനം ഒരുക്കിയിരുന്നില്ലെങ്കില്‍ ഒരുപാട് പേര്‍ ബിരുദം നേടാതെ ഇപ്പോഴും ഭാവിയെപ്പറ്റി ആശങ്കപ്പെട്ട് കഴിയുമായിരുന്നു.

ഇതേ രീതിയില്‍ മറ്റൊരു കാര്യംകൂടി ജോര്‍ജ് മാത്യുവിന്റെ മനസിലുണ്ട്. പലര്‍ക്കും ഇപ്പോള്‍ നാട്ടില്‍ വീടുകളോ അടുത്ത ബന്ധുക്കളോ ഇല്ല. നാട്ടില്‍ ഇടയ്ക്ക് പോകണമെന്നുണ്ട് താനും. എവിടെ താമസിക്കും?

അതിനായി നാലഞ്ചു പ്രധാന നഗരങ്ങളിലെ ഹോട്ടലുകളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങനെ വന്നാല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ പോയി താമസിക്കാനും, വിശ്വസിച്ച് കഴിയാനും പറ്റും.

അടുത്തമാസം 26 മുതല്‍ വാലിഫോര്‍ജില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ കാര്യങ്ങളാണ് ഇപ്പോള്‍ മനസ്സില്‍. രജിസ്‌ട്രേഷന്‍ ഭംഗിയായി നടക്കുന്നു. മൂന്നു ദിവസമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസമോ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന ധാരണയിലാണ് ഈസ്റ്റ് കോസ്റ്റിലെ വലിയൊരു വിഭാഗം.

ഈസ്റ്റ് കോസ്റ്റ് കഴിഞ്ഞാല്‍ ഫ്‌ളോറിഡയില്‍ നിന്നാണ് കൂടുതല്‍ രജിസ്‌ട്രേഷന്‍. ഇലക്ഷന്‍ ചൂടുപിടിച്ചിരിക്കുന്നുവെന്നര്‍ത്ഥം. എല്ലാ സ്ഥാനാര്‍ത്ഥികളേയും ഒരേപോലെ തന്നെ കാണുന്നു. എല്ലാവരും സുഹൃത്തുക്കള്‍. സംഘടനയുടെ നന്മയ്ക്കായി സജീവമായി പ്രവര്‍ത്തിക്കാന്‍ തയാറായി വേണം വരണമെന്ന ഒരു ഉപദേശം മാത്രമാണുള്ളത്.

ജനാധിപത്യ സംഘടനയാകുമ്പോള്‍ ഇലക്ഷന്‍ പാടില്ല എന്നു പറയാനാവില്ല. പക്ഷെ അമേരിക്കന്‍ ഇലക്ഷന്‍ നാം കണ്ടു പഠിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംഘടനയുടെ നന്മയ്ക്കും മലയാളികളുടേയും ഇന്ത്യയുടേയും നന്മയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഇലക്ഷനിലെ ഭിന്നത വിസ്മരിക്കണം.

രണ്ടു വര്‍ഷം പോയതറിഞ്ഞില്ല. എപ്പോഴും തിരക്ക്. വലിയ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഉണ്ടായില്ല. അതേസമയം പല നല്ല കാര്യങ്ങളും ചെയ്യാനായി.

കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ അന്തിമഘട്ടത്തിലാണ്. സിനിമാരംഗത്തു നിന്നുള്ള ഒരാള്‍കൂടി എത്തുന്നുണ്ട്.

കണ്‍വന്‍ഷനിലെ ഒരു പ്രത്യേകത ഘോഷയാത്രയായിരിക്കും. ഒരു കൊച്ചു കേരളം വാലിഫോര്‍ജ് കാസിനോയ്ക്ക് പുറത്തും ഉള്ളിലുമായി പുനര്‍ജനിക്കും. അതിനുള്ള എല്ലാ കോപ്പുകളും റെഡി. നാടന്‍ കലകള്‍, ഭരതനാട്യം, പരിചമുട്ടുകളി, കഥകളിവേഷമണിഞ്ഞവര്‍, ഓട്ടന്‍തുള്ളല്‍, ചെണ്ടമേളം...എല്ലാംകൂടി അരങ്ങ് കൊഴുപ്പിക്കും. ഹോട്ടലിനു പുറത്തുനിന്നു തുടങ്ങി പ്രത്യേക വാതിലുകളിലൂടെയാണ് ഘോഷയാത്ര വേദിയിലെത്തുന്നത്.

വിജ്ഞാനപ്രദമായ സെമിനാറുകളാണ് മറ്റൊരു പ്രത്യേകത. യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് സമാപനമാണ് ഒന്ന്. പുതിയ തലമുറയ്ക്ക് വിവിധ രംഗങ്ങളില്‍ ഉയര്‍ന്നുവരാന്‍ കഴിയുന്ന നിര്‍ദേശവും പരിശീലനവും നല്‍കുകയാണ് പ്രധാനം. രാഷ്ട്രീയ കാര്യങ്ങളെപ്പറ്റിയുള്ള അവബോധം നല്‍കാന്‍ ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂള്‍ ബോര്‍ഡിലേക്ക് വിജയിച്ച കെ.പി. ജോര്‍ജും മറ്റുള്ളവരും എത്തുന്നു.

ബിസിനസ് തുടങ്ങുന്നതും അതു നിയമപരമായി മുന്നോട്ടുകൊണ്ടുപോകുന്നതും സംബന്ധിച്ച സെമിനാര്‍ ഏഷ്യന്‍ ചേംബറിന്റെ സഹായത്തോടെയാണ് സംഘടിപ്പിക്കുന്നത്. സോഷ്യല്‍ സെക്യൂരിറ്റി സംബന്ധിച്ച സെമിനാര്‍ ഏറെ പ്രയോജനപ്രദമായിരിക്കും. എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്നും എത്രയൊക്കെ ആനൂകൂല്യം കിട്ടുമെന്നുമൊക്കെ മനസിലാക്കാം. ഇത്തരം സെമിനാറുകളും പുതിയ ശൈലിയുടെ ഭാഗമാണ്.

യൂത്ത് ഫെസ്റ്റിവലാണ് ഇത്തവണത്തെ വലിയ പ്രത്യേകത. കുറച്ചുനാളായി യുവജനത അകന്നു നില്‍ക്കുകയായിരുന്നു. അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. അവര്‍ക്കായി പ്രത്യേക പ്രോഗ്രാമുകളും ഡിന്നറും കലാപരിപാടികളുമുണ്ട്. അതിനു പുറമെ ബോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുകളും. യുവജനതയ്ക്ക് വന്നാല്‍ ഒരു മിനിറ്റ് പോലും വെറുതെ കളയേണ്ടിവരില്ല എന്നര്‍ത്ഥം.

ഇപ്പോഴത്തെ സ്ഥിതിവെച്ച് കണ്‍വന്‍ഷന്‍ നഷ്ടത്തില്‍ കലാശിക്കാന്‍ സാധ്യതയില്ലെന്ന് സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു കരുതുന്നു. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വമാണ് ചെയ്തത്. കരാറുകള്‍ ഉറപ്പിച്ചത് നേരിട്ടുതന്നെയാണ്. അല്ലെങ്കില്‍ അതുപോലെ ഉറപ്പുള്ളവരെ ഏല്‍പിച്ചു.

രണ്ടു വര്‍ഷത്തിനിടെ പല നല്ലകാര്യങ്ങളും ചെയ്യാനായി. യംഗ് പ്രൊഫഷണല്‍ സമ്മിറ്റാണ് അതില്‍ ഒന്ന്. തിരക്കില്‍ ജീവിക്കുന്ന യുവ പ്രൊഫഷണല്‍സിനെ ഒരേ വേദിയില്‍ കൊണ്ടുവരാനും അവരുടെ നേട്ടങ്ങളും പ്രശ്‌നങ്ങളും പങ്കുവെയ്ക്കാനായത് വലിയ കാര്യമായിരുന്നു.

വിമന്‍സ് ഫോറത്തെ വളര്‍ത്താന്‍ ആവതു ശ്രമിച്ചിട്ടുണ്ട്. കുടുംബിനി എന്ന റോളില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക രംഗത്ത് പുരുഷനോടൊപ്പം തുല്യമായി പ്രവര്‍ത്തിക്കാനാണ് അവരെ പ്രേരിപ്പിച്ചത്. അതു ഫലപ്രദമായി. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായിരിക്കുന്നു.

മലയാളം ഓണ്‍ലൈന്‍ ക്ലാസിന്റെ വിജയം അത്ഭുതമായിരുന്നു. വിവരം പരസ്യപ്പെടുത്തി മൂന്നൂനാലു ദിവസംകൊണ്ട് കോഴ്‌സ് ഫുള്‍ ആയി. 120-ല്‍പ്പരം വിദ്യാര്‍ത്ഥികള്‍. കൂടുതലായി വന്നവര്‍ അടുത്ത സെമസ്റ്ററില്‍ ചേരും. മൂന്നു മാസത്തേക്കാണ് ഒരു സെമസ്റ്റര്‍. മലയാളം പഠിക്കാന്‍ ഇത്രയധികം താത്പര്യമെടുക്കുന്ന യുവതലമുറ ഇവിടെ ഉണ്ടെന്നതു ശുഭോദര്‍ക്കം തന്നെ.

ഒ.സി.ഐ കാര്‍ഡ്-വിസ പ്രശ്‌നങ്ങളില്‍ ഫോമാ നേതാക്കള്‍ പലവട്ടം മന്ത്രിമാരേയും കോണ്‍സുലേറ്റ് അധുകൃതരേയും കാണുകയുണ്ടായി. തോമസ് ടി. ഉമ്മന്റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ഫോറം ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്തായാലും ബി.എല്‍.എസിനെ ഒഴിവാക്കിയതോടെ പ്രശ്‌നങ്ങള്‍ കുറയുമെന്നു കരുതാം. (എന്നാലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബി.എല്‍.എസ് തന്നെയാണ് ചെയ്യുക.)

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം കാരണം പല നേട്ടങ്ങളുമുണ്ടായി. അവര്‍ ഫോമയുടെ പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്നു.

പ്രയാസങ്ങളും വിഷമതകളും നേരിട്ടു തന്നെയാണ് രണ്ടുവര്‍ഷം പിന്നിട്ടത്. അതില്‍ പരിഭവമില്ല. പല കാര്യങ്ങളും നടപ്പില്‍ വരുത്തുമ്പോള്‍ തടസ്സങ്ങളും എതിര്‍പ്പുകളും ഏറ്റുവാങ്ങി. എന്നു മാത്രമല്ല സഹായിക്കാന്‍ മടികാട്ടുന്നവരും നിരവധിയാണ്. ആരെങ്കിലും ഭാരവാഹിയാണെങ്കില്‍ എല്ലാം അയാള്‍ തന്നെ ചെയ്യണമെന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍ ധാരാളം. എന്തായാലും ഏതു മുക്കിലും മൂലയിലും ചെന്നാലും ഫോമയെപ്പറ്റി അറിയാം. അതിനുള്ള അംഗീകാരവുമുണ്ട്.

ഒരു കാര്യവും സ്വന്തം മഹത്വം കാട്ടാനോ പേരെടുക്കാനോവേണ്ടി ചെയ്തിട്ടില്ല. നല്ലതു ചെയ്താല്‍ അതിനുള്ള അംഗീകാരം താനേ ലഭിക്കുമെന്ന് വിശ്വസിക്കുന്നയാളാണ്.

ബിസിനസ് സമ്മിറ്റായി നടത്തിയ കേരളാ കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നുവെങ്കിലും അതുകഴിഞ്ഞു വന്നപ്പോള്‍ കുറെ വിമര്‍ശനം ഉയര്‍ന്നത് ഏറെ വേദനിപ്പിച്ചു. പലരേയും വേണ്ട രീതിയില്‍ ആദരിച്ചില്ലെന്നായിരുന്നു വിമര്‍ശനം. എത്ര വിഷമിച്ചാണ് കണ്‍വന്‍ഷന്‍ നടത്തിയത്. പക്ഷെ അതാരും കണ്ടില്ല.

യംഗ് പ്രൊഫഷണല്‍ സമ്മിറ്റിന്റെ വിജയം കണ്ടപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത്. 'നോ-നോണ്‍സെന്‍സ് ലീഡര്‍ഷിപ്പ്' എന്ന് തങ്ങളെ പലരും വിശേഷിപ്പിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ഓരോ കമ്മിറ്റികളും തുടങ്ങി വെയ്ക്കുന്ന പുതിയ പ്രോഗ്രാമുകള്‍ അടുത്ത കമ്മിറ്റികളും തുടരണമെന്നാണ് ജോര്‍ജ് മാത്യുവിന്റെ പക്ഷം. അത് സംഘടനയുടെ ഊര്‍ജ്ജസ്വലതയും തുടര്‍ച്ചയും ഉറപ്പുവരുത്തും. നിങ്ങള്‍ എന്തു ചെയ്തു എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാട്ടാന്‍ അവയൊക്കെ ഉണ്ടാകും.

സംഘടനകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംഘടനകള്‍ക്ക് വിട്ടുകൊടുക്കുകയും പള്ളികള്‍ ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യണമെന്ന അഭിപ്രായവും ജോര്‍ജ് മാത്യു പ്രകടിപ്പിക്കുന്നു. കൊച്ചുകൊച്ചു പള്ളികളില്‍ ഒതുങ്ങുന്ന സമൂഹമായി നാം മാറിയാല്‍ നമ്മുടെ ഒരുമയും കെട്ടുറപ്പുമെല്ലാം കൈമോശം വരും. മലയാളി എന്ന ലേബല്‍ തന്നെ ഇല്ലാതാകും.

മികച്ച ടീമിനെ കിട്ടി എന്നുള്ളതാണ് നേട്ടം. പ്രവര്‍ത്തിക്കാതിരുന്നവര്‍ കൂടി ഉപദ്രവിക്കാനൊന്നും വന്നുമില്ല.

കണ്‍വന്‍ഷനില്‍ ജനപങ്കാളിത്തം വേണമെന്നു പറയുന്നുണ്ടെങ്കിലും അതൊരു ആള്‍ക്കൂട്ടം മാത്രം ആകരുത്. വിജ്ഞാനവും വിനോദവുമൊക്കെ കുടുംബസമേതം ആസ്വദിക്കാന്‍ കഴിയണം. അഞ്ചു ലക്ഷം മലയാളികളില്‍ പത്തു ശതമാനം വന്നാല്‍ അത് വലിയ നേട്ടമായി.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍ വിശ്രമിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ആഗ്രഹമുണ്ട്. ഫിലാഡല്‍ഫിയ സിറ്റി ടാക്‌സ് റിവ്യൂ കമ്മിറ്റിയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

സംഘടനാ നേതൃത്വം ചെറിയ കാര്യമല്ല. പണവും സമയവും നഷ്ടമാകും. യാത്രയ്ക്കും മറ്റും ചെലവ് സ്വന്തം കയ്യില്‍ നിന്നു പോകും. അനാമത്ത് ചെലവുകള്‍ വേറെ. ജോലിയില്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ കഴിയാതെവരും. തന്റെ പല ക്ലയിന്റ്‌സിനും കൂടതല്‍ സമയം നല്‍കാന്‍ ഇപ്രാവശ്യം പറ്റിയില്ല.

കണ്‍വന്‍ഷനുവേണ്ടി ഒരു സ്ഥിരം കമ്മിറ്റി നല്ലതാണെണെന്ന അഭിപ്രായമില്ല. പുതിയ ഭാരവാഹികള്‍ സ്വന്തമായ ഒരു വീക്ഷണത്തോടെ വരുന്നവരാണ്. അവരുടെ വീക്ഷണവുമായി പൊരുത്തപ്പെടുന്നവരായിരിക്കണം കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കേണ്ടത്. പഴയ നേതാക്കളുമായെല്ലാം ആലോചിച്ചാണ് പല കാര്യങ്ങളും തങ്ങള്‍ ചെയ്തത്.

കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ ഭക്ഷണത്തിനു പ്രത്യേക സജ്ജീകരണമുണ്ട്. ഫുഡ് കൂപ്പണ്‍ രജിസ്‌ട്രേഷനോടൊപ്പം നല്‍കും. ഹോട്ടലുകാര്‍ നേരിട്ട് ഭക്ഷണം കൊണ്ടുവന്ന് സേര്‍വ് ചെയ്യുകയാണ്.

സെക്യൂരിറ്റിക്ക് പ്രത്യേക ഏജന്‍സിയെ ഏര്‍പ്പെടുത്തി. പോലീസിനേയും ചുമതലപ്പെടുത്തി. അതിനു പുറമെ കാസിനോ ആയതിനാല്‍ അവിടെ പ്രത്യേക സുരക്ഷയും പോലീസും വേറെയുണ്ട്.

ചുരുക്കത്തില്‍ കണ്‍വന്‍ഷന്‍ റെഡി. പങ്കെടുക്കാന്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം.
ഫോമയുടെ കണക്കില്‍ നേട്ടങ്ങളുടെ ബാക്കിപത്രവുമായി ജോര്‍ജ് മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക