Image

ഫോമാ: ബഹുമുഖ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോ. നിവേദ

Published on 19 May, 2014
ഫോമാ: ബഹുമുഖ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോ. നിവേദ
ഫോമയില്‍ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക്‌ ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ്‌ ഫോറത്തിന്‌ പിന്തുണയുമായി ഫോമാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. മാര്‍ച്ചില്‍ ഡലവേറില്‍ നടന്ന വിമന്‍സ്‌ ഫോറത്തിന്റെ നാഷണല്‍ ലീഡര്‍ഷിപ്പ്‌ ആന്‍ഡ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ സമ്മേളന നടത്തിപ്പിലെ മികവുകൊണ്ടും പങ്കെടുത്തവരുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു.

പ്രസ്‌തുത കോണ്‍ഫറന്‍സിന്‌ ചുക്കാന്‍ പിടിച്ചത്‌ അതിന്റെ കണ്‍വീനറായിരുന്ന ഡോ. നിവേദ രാജനാണ്‌. അവരുടെ നേതൃപാടവത്തിന്റെ തെളിവായി അത്‌ ഫോമാ നേതാക്കളും ഡെല്‍മ പ്രസിഡന്റ്‌ മോഹന്‍ ഷേണായിയും എടുത്തുപറയുകയുണ്ടായി.

ബഹുമുഖ പ്രതിഭയെന്ന്‌ നിസംശയം വിശേഷിപ്പിക്കാവുന്ന ഡോ. നിവേദ ഫോമാ
ജോയിന്റ്‌ ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു. മത്സര രംഗത്തെ ഏക വനിത. നിലവിലുള്ള ജോയിന്റ്‌ സെക്രട്ടറി റെനി പൗലോസാണ്‌ മത്സരരംഗത്തു വരാന്‍ പ്രേരിപ്പിച്ചതെന്നവര്‍ പറയുന്നു. എക്‌സിക്യൂട്ടീവില്‍ ഒരു വനിത പോലുമില്ലെങ്കില്‍ പിന്നെ എന്തു സംഘടന?

സംഘടനയിലെ പൊളിറ്റിക്‌സിനെപ്പറ്റി തനിക്ക്‌ ധാരണയൊന്നുമില്ലെന്നും അതിനു താത്‌പര്യമില്ലെന്നും കാന്‍സര്‍ ചികിത്സാ രംഗത്ത്‌ ഗവേഷകയായ അവര്‍ പറഞ്ഞു. അതേസമയം തൃശിനാപ്പള്ളിയില്‍ കോളജ്‌ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റായിരുന്ന രാഷ്‌ട്രീയ പാരമ്പര്യം ഉണ്ടുതാനും. സ്‌കൂള്‍-കോളജ്‌ ലീഡറും കായികതാരവുമായിരുന്നു.

അമേരിക്കയില്‍
മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ തികച്ചും ബോധവതിയാണ്‌. ഐക്യമാണ്‌ നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക്‌ പരസ്‌പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ ആരുടെ കൂടെ നാം കൂടും?

എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്‌തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക്‌ സംഘടനയെ എത്തിക്കുന്നു.

സംഘടന ചാരിറ്റി രംഗത്ത്‌ സജീവമാകണമെന്നാണവരുടെ പക്ഷം. പക്ഷെ അത്‌ നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്‌. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്‌ടപ്പെടുന്നു. അവരെയാണ്‌ ആദ്യം സഹായിക്കേണ്ടത്‌. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. 75 ശതമാനം ഇവിടെയും 25 ശതമാനം നാട്ടിലും എന്നതായിരിക്കണം കണക്ക്‌.

ഹെല്‍പ്‌ ലൈനും അതിനായി ഒരു ഹോട്ട്‌ലൈനും ഉണ്ടാകണം. നാട്ടില്‍ നിന്നും വ
രുന്ന ഒരാള്‍ക്ക്‌ പെട്ടെന്നൊരു സഹായം വേണം. അതിന്‌ ഇവിടെ വിളിക്കാന്‍ ഒരു സംവിധാനം വേണമല്ലോ.

അമേരിക്കന്‍ സമൂഹത്തിന്‌ നാം കാര്യമായ സംഭാവനകളൊന്നും നല്‍കുന്നില്ലെന്നവര്‍ ചൂണ്ടിക്കാട്ടി. അതു ശരിയല്ല. ഇവിടുത്തെ കാര്യങ്ങള്‍ക്ക്‌- ഉദാഹരണമായി, അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക്‌ സഹായം നല്‍കിയാല്‍ അവര്‍ നമ്മെ അംഗീകരിക്കും. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകും.

അതുപോലെ മുഖ്യധാര ഇടപഴകലും ഉണ്ടാവേണ്ടതുണ്ട്‌. ഏതെങ്കിലും തരത്തിലുള്ള വിവേചനം തനിക്ക്‌ ഇതേവരെ അനുഭവപ്പെട്ടിട്ടില്ലെന്നവര്‍ പറഞ്ഞു. മയോ ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ഡോക്‌ടറേറ്റും, പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെല്ലോഷിപ്പും നേടിയപ്പോഴും ഇപ്പോള്‍ ഹെല്‍ത്ത്‌ ഇക്കണോമിസ്റ്റ്‌ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുമൊന്നും വിവേചനമൊന്നും കണ്ടിട്ടില്ല. എന്നല്ല എല്ലാവരും അംഗീകരിക്കുന്നതായി തോന്നിയിട്ടുമുണ്ട്‌.

അമേരിക്കന്‍ ജീവിതത്തില്‍ ഗുണങ്ങള്‍ ധാരാളം. ദോഷങ്ങളും ഒത്തിരി. പക്ഷെ ഇന്ത്യ വിട്ടുകഴിഞ്ഞാല്‍ പിന്നെ താരതമ്യം ചെയ്യരുത്‌. റോമില്‍ ചെന്നാല്‍ റോമാക്കാരനാകുക. നല്ലവശങ്ങള്‍ മാത്രം കാണുക.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക്‌ മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ്‌ കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക്‌ അംഗീകാരമോ അവകാശമോ ഇല്ല.

ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്‌. പുരുഷന്‍ ഇന്ന രീതിയിലും സ്‌ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു. തന്റെ അച്ഛനും അതേ സ്വഭാവക്കാരനായിരുന്നു. മെയില്‍ ഷോവിനിസം. നാട്ടില്‍ അതൊക്കെ പറ്റും. പക്ഷെ ഇവിടെ അതു പാടില്ല.

യുവജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അവര്‍ ഉത്‌കണ്‌ഠാകുലയാണ്‌. മക്കളെ നല്ല സുഹൃത്തുക്കളായി വേണം കരുതാന്‍. അതു ചെയ്യരുത്‌, ഇതു ചെയ്യരുത്‌ എന്ന്‌ ആക്രോശിച്ചാല്‍ അവര്‍ വഴങ്ങി എന്നു വരില്ല. നേരേമറിച്ച്‌ നല്ല രീതിയില്‍ അവരുമായി പെരുമാറിയാല്‍ അവരെ സ്വാധീനിക്കാനാവും. രണ്ടു സംസ്‌കാരങ്ങളില്‍ വളരുന്ന അവര്‍ക്ക്‌ കൂടുതല്‍ പിന്തുണയും കരുതലും ഉണ്ടാവേണ്ടതുണ്ട്‌.

ഡോ. നിവേദയുടെ ഭര്‍ത്താവ്‌ രാജന്‍ റോബര്‍ട്ട്‌ പവര്‍ സിസ്റ്റംസ്‌ എന്‍ജിനീയറാണ്‌. പ്രീമെഡ്‌ വിദ്യാര്‍ത്ഥി അഭിഷേക്‌ പുത്രനാണ്‌.

ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റിയുടെ പ്രവര്‍ത്തങ്ങളില്‍ ഡോ. നിവേദ സജീവമാണ്‌. ഡെലവെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലും, ഫോമയുടെ ആരംഭകാലം മുതല്‍ സംഘടനയുമായി ബന്ധപ്പെട്ടും അവര്‍ പ്രവര്‍ത്തിക്കുന്നു.
ഫോമാ: ബഹുമുഖ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോ. നിവേദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക