Image

ഇന്ത്യയില്‍ കാവ്യ വസന്തത്തിന്റെ ഇടിമുഴക്കം; ഇനി രാജ്യം എതു ദിശയിലേക്ക്‌? (പി.വി. തോമസ്‌, ദല്‍ഹി കത്ത്‌)

Published on 20 May, 2014
ഇന്ത്യയില്‍ കാവ്യ വസന്തത്തിന്റെ ഇടിമുഴക്കം; ഇനി രാജ്യം എതു ദിശയിലേക്ക്‌? (പി.വി. തോമസ്‌, ദല്‍ഹി കത്ത്‌)
അവസാനം വിധി വന്നു. മോഡി നിര്‍ണ്ണായക വിജയം നേടി. എല്ലാ കണക്കുകൂട്ടലുകളേയും തകര്‍ത്തുകൊണ്ട്‌ നരേന്ദ്ര മോഡി കേവല ഭൂരിപക്ഷം നേടി. അതായത്‌ 282 സീറ്റുകള്‍ (31 ശതമാനം വോട്ടുകള്‍). മോഡിയുടെ വിജയം എന്നു പറയുന്നത്‌ മനപൂര്‍വ്വം ആണ്‌. കാരണം, ഇത്‌ മോഡി എന്ന വ്യക്തിയുടെ വിജയം ആണ്‌. ഈ വിജയത്തിന്റെ ഫലമായി കോണ്‍ഗ്രസ്‌ തന്നെ തകര്‍ന്നു തരിപ്പണമായി. ഒപ്പം സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും. പിന്നെ മുഖമില്ലാത്ത കുറെ കോണ്‍ഗ്രസ്‌ നേതാക്കന്മാരും. പാവം മന്‍മോഹന്‍സിംങ്ങ്‌ എന്നു മാത്രമെ പറയുന്നുള്ളൂ.

1984നു ശേഷം ആദ്യമായിട്ടാണ്‌ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം (272) നേടുന്നത്‌. 1964ല്‍ സാഹചര്യം വ്യത്യസ്‌തമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വെടുവെച്ചു കൊല്ലപ്പെട്ടു. മകന്‍ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായി. അദ്ദേഹം നയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 400ല്‍ പരം സീറ്റുകള്‍ നേടി, ഒരു സഹതാപ തരംഗത്തിന്റെ വേലിയേറ്റത്തില്‍. പക്ഷേ, ഇവിടെ സ്ഥിതി അതല്ല. ഇവിടെ സഹതാപ തരംഗം ഇല്ല., പകരം വെറുപ്പിന്റെ പ്രതിഷേധത്തിന്റെ, മാറ്റത്തിനായിട്ടുള്ള ഒരു വന്‍തരംഗം ആയിരുന്നു. അതിനു നേതൃത്വം വഹിച്ചത്‌ നരേന്ദ്ര മോഡിയും. അദ്ദേഹത്തിനനൊപ്പം രാഷ്ട്രീയ സ്വയം സേവക്‌ സംഘവും ബി.ജെ.പിയും സജീവമായി രംഗത്തുണ്ടായിരുന്നു. സംഘപരിവാര്‍ മുഴുവനും മോഡിക്കൊപ്പം ഉണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ, അതായത്‌ യൂ.പി.എ.യുടെ അഴിമതി നിറഞ്ഞ ദുഷ്‌്‌ഭരണത്തിനെതിരായ പ്രതിഷേധ വോട്ട്‌ എന്നതിലുപരി ഇത്‌ ഒരു ഹിന്ദുത്വ തരംഗം ആയിരുന്നുവോ? അല്ല, ഒരു പരിധിവരെ ഇത്‌ ഒരു ഹിന്ദുത്വ തരംഗം ആയിരുന്നു, പരോഷമായി. പക്ഷേ 'ലേബല്‍' വികാസത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും തൊഴിലവസരത്തിന്റെയും ആയിരുന്നു. ഹിന്ദുത്വത്തിന്റെയും, വികസനത്തിന്റെയും മിശ്രം നന്നായി ഫലിച്ചു. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മദ്ധ്യപ്രദേശിലേയും ഹിന്ദുത്വവാദികള്‍ക്കിടയില്‍ ശക്തമായ ധ്രൂവീകരണം നടന്നു. അയോദ്ധ്യയിലെ രാമ മന്ദിരവും, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ഉം പൊതു സിവില്‍ കോഡും എല്ലാറ്റിനും ഉപരിയായി ആര്‍. എസ്‌. എസ്‌. വിഭാവന ചെയ്യുന്ന ഹിന്ദു രാഷ്ട്രവും സ്വപ്‌നം കണ്ടുകൊണ്ട്‌ ഇതിന്റെയെല്ലാം പ്രതീകമായ മോഡിക്ക്‌ അവര്‍ വോട്ടു ചെയ്‌തു.

യുവാക്കള്‍ ആകട്ടെ നല്ല ഒരു ശതമാനം 35 വയസ്സില്‍ താഴെയുള്ളവര്‍ ഈ വിഭാഗം ആണ്‌ മോഡിയുടെ ഗുജറാത്ത്‌ മാതൃക വികസനത്തിലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലും ഉത്സാഹാലുക്കളായി മോഡിക്ക്‌ വോട്ടു ചെയ്‌തു. ഇവര്‍ക്ക്‌ 1992ലെ ബാബ്‌രി മസ്‌ജിദ്‌ ഭേദനവും 2002ലെ ഗുജറാത്ത്‌ വംശഹത്യയും ചരിത്രത്തിലെ മറന്നുപോയ ഒരു ഏട്‌ മാത്രം ആണ്‌.

അവരെയും കുറ്റം പറഞ്ഞിട്ട്‌ യാതൊരു കാര്യവും ഇല്ല. അതായിരുന്നു യു.പി.എ. ഭരണത്തിന്റെ സംഭാവന.കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തൊട്ട്‌, ആദര്‍ശ്‌ ഭവന പദ്ധതി, 2ജി സ്‌പെക്ട്രം, കോള്‍ ഗെയിറ്റ്‌ വരെ ഒട്ടേറെ കുംഭകോണങ്ങള്‍ ആയിരുന്നു, യുപിഎയുടെ ഭരണത്തിന്റെ ബാക്കിപത്രം. സാമ്പത്തിക വളര്‍ച്ച കുത്തനെ താണു. സാമ്പത്തിക മാന്ദ്യത എല്ലാ മേഖലകളെയും ഗ്രസിച്ചു. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാക്കി.

ഇതിനൊന്നും ഗവണ്‍മെന്റിന്‌ യാതൊരു മറുപടിയും ഉണ്ടാവില്ല. സാമ്പത്തിക വിദഗ്‌ദ്ധനായ പ്രധാനമന്ത്രി അമ്പേ പരാജയപ്പെട്ടു. രാഷ്ട്രീയക്കാനല്ലാത്ത അദ്ദേഹത്തിന്‌ മറ്റു മന്ത്രിമാരില്‍ കാര്യമായ നിയന്ത്രണം ഉണ്ടായിരുന്നില്ല. അതാണ്‌ ടെലകോം മന്ത്രിയായിരുന്ന രാജയും മറ്റും അവസരമാക്കിയത്‌. മന്ത്രി പി.ചിദംബരം സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച്‌ പ്രതികരിച്ചില്ല. പ്രവര്‍ത്തിച്ചില്ല.

അവസാനം അദ്ദേഹം തെരഞ്ഞെടുപ്പില്‍ പടമുഖത്തുനിന്നും ഓടിയൊളിച്ചു. ചിരിവന്നേക്കാം. പക്ഷേ, അദ്ദേഹത്തിന്‌ ഒരു കാരണം ഉണ്ടായിരുന്നു. എഴുതുവാനും വായിക്കുവാനും ഇന്ന്‌ തമിഴ്‌ സാഹിത്യത്തിലുള്ള പാടവം വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.

പലായനക്കാരില്‍ അദ്ദേഹത്തിന്‌ കൂട്ടായി ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രി മനീഷ്‌ തിവാരിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാരണം നല്ല സുഖമില്ലെന്നുള്ളതായിരുന്നു. യഥാര്‍ത്ഥ കാരണം, ചണ്ടീഗഢ്‌ സീറ്റ്‌ നല്‌കിയില്ലെന്നതായിരുന്നു. ആ സീറ്റിന്‌ നറുക്കു വീണതാകട്ടെ, അഴിമതികേസില്‍ റെയില്‍ മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന പവന്‍കുമാര്‍ ബന്‍സലിനാണ്‌. ഈ വിദ്വാന്മാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടുകവഴി എന്തു സന്ദേശമാണ്‌ സമ്മതിദായകകര്‍ക്ക്‌ നല്‌കിയത്‌? തെരഞ്ഞെടുപ്പിനു മുമ്പേ തോല്‍വി സമ്മതിച്ചിരിക്കുന്നുവെന്നതല്ലേ? ബന്‍സലിന്‌ ടിക്കറ്റ്‌ നല്‌കുക വഴി എന്ത്‌ സന്ദേശമാണ്‌ കോണ്‍ഗ്രസ്‌ ജനങ്ങള്‍ക്ക്‌ നല്‌കിയത്‌ ? എവിടെപ്പോയി അഴിമതിക്കെതിരായുള്ള രാഹുല്‍ ഗാന്ധിയുടെ സന്ധിയില്ലാത്ത സമരം? അഴിമതിക്കേസില്‍ കോടതി ജയില്‍ശിക്ഷ വിധിച്ച ലാലുപസാദ്‌ യാദവുമായി ബീഹാറില്‍ കൂട്ടുചേരുകവഴി രാഹുല്‍ എന്തു സന്ദേശം ആണ്‌ രാഷ്ട്രീയത്തിനു നല്‍കിയത്‌? ഈ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ ഒരു മറുപടി ഉണ്ടായിരുന്നു, മാധ്യമപ്രവര്‍ത്തകരോട്‌. രാഷ്ട്രീയസഖ്യങ്ങള്‍ വ്യക്തികള്‍ തമ്മിലല്ല, പ്രത്യുത രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികളും, തമ്മിലാണ്‌. ഇവിടെ കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും തമ്മില്‍. ലാലു ചിത്രത്തിലില്ലത്രെ. ഈ മറുപടി ജനങ്ങളെ തൃപ്‌തിപ്പെടുത്തിയില്ല.

അങ്ങനെ അഴിമതിയുടെ ദുര്‍ഭരണത്തിന്റെയും വിലകയറ്റത്തിന്റെയും കൂത്തരങ്ങായി മാറിയ യു.പി.എ ഭരണത്തെ ജനം തൂത്തെറിഞ്ഞു. അവര്‍ നരേന്ദ്രമോഡി ഒരു ഫാസിസ്റ്റാണ്‌, കൂട്ടക്കൊലയാളിയാണ്‌ എന്ന ആരോപണം ഒന്നും ചെവിക്കൊണ്ടില്ല. മനുഷ്യാവകാശവും മനുഷ്യപ്രഭാവവും വകവെക്കാതെ പുരോഗമനം ഫാസിസം ആണെന്ന വാദവും അവര്‍ വകവച്ചില്ല. അല്ലെങ്കില്‍ ഒരു സംഘം വ്യവസായികളെ തീറ്റിപ്പോറ്റി മണ്ണും, വൈദ്യുതിയും കരവും ഇഷ്ടദാനം ചെയ്യുന്നതല്ല, വികസനമെന്ന വാദവും അവര്‍ സ്വീകരിച്ചില്ല. മോഡിയുടെ വികസന പരിപാടിയില്‍ ന്യൂനപക്ഷത്തെയും ആദിവാസികളെയും മുലയൂട്ടുന്ന അമ്മമാരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വസ്‌തുത അക്കമിട്ടു നിരത്തിയിട്ടും അമര്‍ത്യ സെന്നിനെപ്പോലുള്ള ലോകപ്രശസ്‌ത ധനശാസ്‌ത്രജ്ഞരെ ഇക്കാര്യത്തില്‍ ഉദ്ധരിച്ചി ട്ടും ജനം സമ്മതിച്ചില്ല. അവര്‍ മോഡിയുടെ രഹസ്യ ഹിന്ദുത്വ അജണ്ടയെ അംഗീകരിച്ചു.

മോഡിയുടെ മെയ്‌ 16 ലെ വിജയം ചരിത്രപരമായിരുന്നു. ശക്തമായ ഭരണവും സാമ്പത്തികനയവും തൊഴിലവസരങ്ങളും അഴിമതി നിര്‍മ്മാര്‍ജ്ജനവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. മോഡിക്ക്‌ ജനം കൂട്ടത്തോടെ വോട്ടു ചെയ്‌തു. വില നിയന്ത്രണം ഉള്‍പ്പെടെ ഇവയെല്ലാം മോഡിക്ക്‌ നടപ്പിലാക്കുവാന്‍ സാധിക്കുമോയെന്ന്‌ ഇവര്‍ ഒരു വട്ടം പോലും ആലോചിച്ചില്ല. അത്രയ്‌ക്ക്‌ നിരാശരായിരുന്നു ജനം യു.പി.എ ഭരണത്തില്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന ആ ചരിത്രപ്രസ്ഥാനത്തിന്‌ 44 സീറ്റുകളാണ്‌ (19 ശതമാനം വോട്ട്‌) സമ്മതിദായകര്‍ നല്‌കിയത്‌. 10 സംസ്ഥാനങ്ങളില്‍ ഗോവ, ജമ്മുകാശ്‌മീര്‍, ജാര്‍ക്കണ്ട്‌, ഒറീസ, ഹിമാചല്‍ പ്രദേശ്‌, ദല്‍ഹി, ഉത്തര്‍ഖണ്ട്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, തമിഴ്‌നാട്‌ കോണ്‍ഗ്രസിന്‌ ഒരു സീറ്റുപോലും നേടുവാന്‍ കഴിഞ്ഞില്ലെന്ന ചരിത്രസത്യവും ഈ തെരഞ്ഞെടുപ്പില്‍ പുറത്തുവന്നു.

സീറ്റുകള്‍ നേടിയ സംസ്ഥാനങ്ങളിലാകട്ടെ രണ്ടക്കം തികക്കുവാനും പറ്റിയിട്ടില്ല. കോണ്‍ഗ്രസിന്‌ ഭരണകക്ഷിയാകുവാന്‍ സാധിച്ചില്ലെന്നതു പോകട്ടെ.. അതിന്‌ ഒരു അംഗീകൃത പ്രതിപക്ഷം പോലും ആകുവാന്‍ സാധിച്ചില്ലെന്നതാണ്‌ 16ാം ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ സത്യം. ഒരു പ്രതിപക്ഷകക്ഷിയെ ഔദ്യോഗിക പ്രതിപക്ഷകക്ഷിയായി അംഗീകരിക്കണമെങ്കില്‍ അത്‌ ആകെയുള്ള സീറ്റുകളുടെ (543) പത്തുശതമാനം (54) എങ്കിലും വിജയിക്കണം.

ഇവിടെ സ്ഥിതി ശോചനീയമാണ്‌. ജനാധിപത്യത്തില്‍ പ്രതിപക്ഷനേതാവും ഷാഡോ പ്രധാനമന്ത്രിയാണ്‌ ക്യാബിനറ്റ്‌ റാങ്കും പ്രത്യേക അധികാരങ്ങളും, അവകാശങ്ങളും ഉണ്ട്‌. ഇവിടെ സോണിയഗാന്ധിക്കോ, രാഹുല്‍ ഗാന്ധിക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കുമോ ഇവയൊന്നും ലഭിക്കുവാന്‍ അര്‍ഹതയില്ല, തല്‍കാലത്തെ സാഹചര്യത്തില്‍.

തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേക സ്വഭാവം ആണ്‌ ചില പ്രധാനപ്പെട്ട പ്രാദേശിക നേതാക്കന്മാരുടെ പതനം. ഇവര്‍ സെക്യൂലറിസത്തിന്റെ മുഖവും ആണ്‌. മുലായം സിങ്‌ യാദവ്‌, മായാവതി, ലാലു പ്രസാദ്‌ യാദവ്‌, നിതീഷ്‌കുമാര്‍, എന്നിവരാണ്‌ തോറ്റു തുന്നം പാടിയ പ്രാദേശികസെക്കുലര്‍ നേതക്കന്മാരില്‍ പ്രധാനികള്‍. ഇവരെയൊന്നും എഴുതിത്തള്ളുവാന്‍ ആവുകയില്ലെങ്കിലും ഇവരുടെ മോശമായ പ്രകടനം ചരിത്രപരമായ ഒരു വഴിത്തിരിവാണ്‌. ജാതിദളിദ്‌ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണിത്‌. ബംഗാളില്‍ മമതയുടെയും തമിഴ്‌നാട്ടില്‍ ജയലളിതയുടെയും തകര്‍പ്പന്‍ വിജയങ്ങള്‍ ഐതിഹാസികമാണ്‌. പ്രാദേശിക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ അത്‌ തെളിയിക്കുന്നു.

മോഡിയുടെ വിജയത്തിലൂടെ ഇന്ത്യ പുതിയൊരു കാലഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഇവിടെ ഇന്ത്യ ചരിത്രപരമായ ഒരു വഴിത്തിരിവിലാണ്‌. ഞെട്ടിക്കുന്ന പരാജയത്തിലൂടെ കോണ്‍ഗ്രസ്‌ ഒരു ആണവശൈത്യത്തിലേക്ക്‌ പ്രവേശിക്കുകയാണോ? മറ്റ്‌ ഛിന്നഭിന്നമായ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ്‌ ഒരു പാഠമാണ്‌.
ഇന്ത്യയില്‍ കാവ്യ വസന്തത്തിന്റെ ഇടിമുഴക്കം; ഇനി രാജ്യം എതു ദിശയിലേക്ക്‌? (പി.വി. തോമസ്‌, ദല്‍ഹി കത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക