Image

വഴിപാട്(ചെറുകഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 22 May, 2014
വഴിപാട്(ചെറുകഥ: ജോണ്‍ വേറ്റം)
വെളിച്ചം വസിക്കുന്ന വീട്ടിനുള്ളില്‍ ഉഷ്ണം. തങ്കച്ചന്‍ മുറ്റത്തിറങ്ങി. ഉച്ചകഴിഞ്ഞെങ്കിലും കാറ്റിന് ചൂട്. അര്‍ത്ഥവത്തായ ചിന്തകളുമായി അല്പനേരം ഉലാത്തി. വീടിന്റെ മുമ്പിലുള്ള തെങ്ങില്‍ ചാരിനിന്നു. മുന്നില്‍ നടവഴി. അതിലേ വന്ന ചാര്‍ച്ചക്കാരന്‍ ചോദിച്ചു. നീ വന്നിട്ട് ഏറെ നാളായല്ലോ. പോകാറകായില്ലെ? പിരിച്ചുവിട്ടുവെന്നൊരു ശ്രുതി. അതില്‍ വല്ല കഴമ്പുമുണ്ടോ? വാസ്തവം അറിയാതെ സംശയിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ജനം അപരാധം പരത്തുന്നവരാണ്. അതുകൊണ്ട് മറുപടി പറഞ്ഞില്ല. വീണ്ടും ചിന്തയില്‍ മുഴുകി. ഇന്നോളം തെളിനീര്‍പോലെ ഒഴുകിയ ജീവിതം കലങ്ങുമോ? ദൈവസ്‌നേഹം തഴുകി നേര്‍നിലത്ത് നടത്തുന്നു. വിവേകത്തിന്റെ വെളിച്ചം തരുന്നതു തുടരുമോ? മനസ്സില്‍ ചിന്തകളുടെ തിരമേളം. ഗ്രാമീണതയുടെ ആകര്‍ഷണീയതയില്‍ ഒഴുകുന്ന കാറ്റിന് സാന്ദ്രത. അയലത്തെ വീട്ടിലേക്ക് നോക്കി. വീണ്ടും മുറ്റത്ത് ഉലാത്തി. ജീവിതത്തെ നവീകരിക്കേണ്ട ഒരു തീരുമാനത്തിന്റെ വേള. തന്റെ മുമ്പിലുള്ള വഴി രണ്ടായിപ്പിരിയുന്നു. ഏതു വേണമെന്ന് ബുദ്ധി പറയുന്നില്ല. തടസ്സപ്പെടുത്തുന്ന കാരണങ്ങള്‍. മറക്കാനാവാത്ത കുറെ ഓര്‍മ്മകള്‍. പെട്ടെന്ന് പുറകോട്ട്, ജീവിതത്തിന്റെ രുചിഭേദങ്ങളിലേക്ക്, നോക്കി.

ഹൈസ്‌കൂള്‍ പരീക്ഷ ജയിച്ചപ്പോല്‍ മാതാപിതാക്കള്‍ സന്തോഷിച്ചു. ആ വിജയത്തോടെ വിദ്യാഭ്യാസം അവസാനിച്ചു എന്നുകരുതി നിരാശനായി. ആശകള്‍ അറ്റുവീണ നേരം. ഒരു ജോലിക്കുവേണ്ടി വിശന്നും വിയര്‍ത്തും അന്വേഷിച്ചു നടന്നു. തോല്‍വിയുടെ ഘട്ടം പിന്നിട്ടപ്പോള്‍ കിട്ടിയത് മദ്യം വിളമ്പുന്ന ഹോട്ടലിലെ തരം താണ ജോലി. മടങ്ങിയെത്തിയ പ്രതീക്ഷകളുമായി അതു സ്വീകരിക്കാന്‍ തയ്യാറായി. ജീവിതത്തെ പുതുക്കിപ്പണിയാന്‍ മറ്റൊരു സഹായം കണ്ടില്ല. ഹൃദയഭാരം ഇറക്കിവെക്കാന്‍ ഒരു അത്താണി കിട്ടിയെന്നു കരുതി. അന്നോളം സ്‌നേഹവാത്സല്യങ്ങളോടെ സഹായിച്ച പള്ളിവികാരി ജോര്‍ജ് അച്ചനെ കണ്ടു. അനുഗ്രഹം വാങ്ങി. യാത്ര ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് നിന്റെ അപ്പനും അമ്മയുമൊത്ത് പള്ളിയില്‍ വരണം. എനിക്കൊരു കാര്യം പറയാനുണ്ട്.

കൃത്യസമയത്ത് പള്ളിയിലെത്തി. അപ്പോള്‍ അച്ചന്‍ പറഞ്ഞു. മാര്‍ക്കോസെ, മറിയാമ്മെ, നിങ്ങള്‍ തങ്കച്ചനെ ഹോട്ടല്‍ ജോലിക്ക് വിടണ്ടാ. അവനെ ഞാന്‍ പഠിപ്പിച്ചോളാം. ആ സഹായവാഗ്ദാനം കേട്ടു മറിയാമ്മ സന്തോഷിച്ചു.എങ്കിലും, മാര്‍ക്കോസിന് പിടിച്ചില്ല. പുളിച്ച കള്ളിന്റെ മണം അച്ചനു കിട്ടരുതെന്നു വിചാരിച്ചു വിരലുകള്‍കൊണ്ട് വായ് മറച്ചിട്ടു പറഞ്ഞു. തങ്കച്ചനെ അച്ചനങ്ങു കൊണ്ടുപോയാപ്പിന്നെ വീട്ടുകാര്യമാര് നോക്കും. വായു ഭക്ഷിച്ചു ജീവിക്കാമ്പറ്റ്വോ.അതുകേട്ടു മന്ദഹസിച്ചുകൊണ്ട് അച്ചന്‍ അയാളെ ആശ്വസിപ്പിച്ചു. പൂര്‍ണ്ണഹൃദയത്തോടെ ദൈവേഷ്ടത്തിന് വഴങ്ങുന്നവര്‍ക്കും ദൈവകൃപക്കായി അന്വേഷിക്കുന്നവര്‍ക്കും മുട്ടുണ്ടാവുകയില്ല.

സെമിനാരിയില്‍ ഒരു ജോലിയും പഠിക്കാനുള്ള സൗകര്യവും തങ്കച്ചന് ലഭിച്ചു. മതേതരമായ സ്‌നേഹത്തിന്റെ മഹിമ ധരിച്ചു സഹനവഴിയിലൂടെ സഞ്ചരിക്കാന്‍ അഭ്യസിച്ചു. ആത്മീയ ജീവിതത്തിന്റെ കര്‍മ്മങ്ങളും മനസ്സിലാക്കി. മാനസാന്തരം പകരുന്നതെങ്ങനെയെന്നും പഠിച്ചു. തങ്കച്ചന് ബി.എ.ബിരുദം ലഭിച്ചപ്പോള്‍ ജോര്‍ജച്ചന്‍ കൃതാര്‍ത്ഥതയോടെ പറഞ്ഞു.
തങ്കച്ചന്‍ ഇനിയും സമര്‍പ്പിത ജീവിതത്തിനു തയ്യാറാവണമെന്നാ എന്റെ ആഗ്രഹം. വിളവ് ഏറെയും വേലക്കാര്‍ കുറവുമാണ്.

അതിനു മറുപടി പറഞ്ഞില്ല. ഒരു തലമുറയുടെ അന്ത്യവും അഥവാ മറ്റ് തലമുറകളുടെ ആരംഭവും തങ്കച്ചനിലാണ്.

മകന്റെ നല്ല അനുഭവത്തില്‍ സന്തോഷിച്ച മാര്‍ക്കോസ് മദ്യപാനം നിര്‍ത്തി. എങ്കിലും, മനുഷ്യന്റെ നിസ്സാരതയിലേക്ക് നോക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് , അയാളെ മരണം വിളിച്ചു. അന്ത്യകാല മാനസാന്തരം സൗഖ്യം നല്കിയില്ല. ആ വേദനാത്മകമായ വേര്‍പാട് ജീവനഗതിക്കു വിഘ്‌നമായി. മതാത്മകത മുറ്റിനിന്ന മനസ്സില്‍ ഭീതിയും സന്ദേഹവും. അപ്രതീക്ഷിത പ്രതിസന്ധി. മനസ്സില്‍ സദാ വികസിച്ചു നിന്ന  സേവനസന്നദ്ധത അടര്‍ന്നു പോകുന്നു.

അമ്മ ഒറ്റക്ക് ജീവിക്കുമോ? ദുഷ്ടത വിതക്കുകയും അനീതി കൊയ്യുകയും ചെയ്യുന്ന മനുഷ്യരുടെ നടുവില്‍ ഒരു വിധവയുടെ ഏകാന്തവാസം സുരക്ഷിതമോ? നീതിമാന് പ്രകാശവും പരമാര്‍ത്ഥ ഹൃദയം ഉള്ളവര്‍ക്ക് സന്തോഷവും ഉണ്ടാകുമെന്ന വേദവചനത്തില്‍ വിശ്വസിക്കുന്നു. എന്തായാലും, ചതിവും വഞ്ചനയും നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നതിനാല്‍ സുരക്ഷിതത്വം ഉറപ്പുള്ളതല്ല. അക്രമം വളര്‍ച്ചക്കു വളമാക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. കഷ്ടപ്പെട്ടും കണ്ണീര്‍കുടിച്ചും മക്കളെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ആ ശപ്തസംസ്‌കാരം മനുഷ്യത്വമുള്ളവര്‍ക്ക് മാതൃകയല്ല. ശൂന്യതയില്‍ തളര്‍ന്നു കിടന്ന ജീവിതത്തെ താങ്ങി നിര്‍ത്തി തളിര്‍പ്പു നല്കിയ സഭയെ മറക്കാനാവില്ല. കടവും കര്‍ത്തവ്യബോധവും മനസാക്ഷിയില്‍ ഉറച്ചുനില്‍ക്കുന്നു. ജീവനം നല്കി അതു വീട്ടേണ്ടതല്ലേ? വിട്ടുമാറാത്ത വിരുദ്ധ ചിന്തകള്‍.

അവധിയെടുത്ത് അല്പകാലം അമ്മയോടൊത്ത് വസിക്കുവാന്‍ തങ്കച്ചന്‍ തീരുമാനിച്ചു. ഭാവികാര്യം ക്രമപ്പെടുത്തുവാന്‍ അതു സഹായിക്കും.

അവധി ചോദിച്ചപ്പോള്‍ സെമിനാരിയിലെ ഭരണാധികാരി പറഞ്ഞു. ഒരു സമര്‍പ്പിത ജീവിതത്തിന് തടസ്ഥം വെക്കുന്നിടത്ത് പോകരുത്. കുരുടന് കാഴ്ചയും ചെകിടന് കേഴ്‌വിയും നല്‌കേണ്ടവര്‍ അവിവേകം പങ്കിടരുത്. അച്ചന്റെ ഉപദേശം നീണ്ടു . എന്നാലും , സങ്കടയാചന കേട്ടു അവധി നല്കി.

സ്വഭവനത്തില്‍ അമ്മയോടൊത്തു വസിച്ചപ്പോള്‍ ഹൃദയപരമാര്‍ത്ഥതയില്‍ പരിമളം.
സമാധാനത്തിന്റെ സുഖം. മണ്ണിന്നടിയിലെ വൃക്ഷവേരുകള്‍ മഴയുടെ മണമേറ്റു വീണ്ടും കിളിര്‍ക്കുന്ന പോലെ, പുളകം വിടര്‍ത്തുന്ന പുതുമോഹങ്ങള്‍. അന്നോളം തടഞ്ഞുനിന്ന ഭൗതികവികാരങ്ങള്‍ പ്രണയപ്രവാഹങ്ങളായി. ഒരിക്കല്‍ , താന്‍ മടിച്ചുനിന്നപ്പോള്‍ , മാടിവിളിച്ച ബാല്യസഖി. ഒരു നിഷിദ്ധകനിയെന്നു കരുതി അവളെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. കാണാതെയും കാര്യം പറയാതെയും അകന്നു ജീവിച്ചപ്പോള്‍ മനസ്സിലെ മുറിവ് മെല്ലെ കരിയുകയായിരുന്നു. എങ്കിലും, അവളുടെ പേരു പറഞ്ഞ് , അവള്‍ക്കായി പ്രാര്‍ത്ഥിക്കാതെ ഉറങ്ങിയിട്ടില്ല. സന്യാസത്തിന്റെ ഉപാസനയിലും മധുരാനുഭവം പോലെ ഓര്‍മ്മ ഉണരുമായിരുന്നു.

വീണ്ടും അവള്‍ മുമ്പില്‍ വന്നു. മൗനമായി കരഞ്ഞു. അവളുടെ കണ്ണുനീരിലെ പരിഭവം കണ്ടു. അവശ്യബോധം തിരിച്ചറിഞ്ഞു. വീണ്ടും സ്‌നേഹത്തിന്റെ മോദകചിന്തകള്‍ മനസ്സില്‍ മധുരമായി. കൊതിയും വികാരവും കൂട്ടിനു വന്നു. പ്രണയത്തിന്റെ നിര്‍ണ്ണായകനിമിഷങ്ങള്‍ അഭിനിവേശം പകര്‍ന്നു. വിവേകത്തിന്റെ കണ്ണ് പൊത്തി. അരുതാത്ത ആത്മസന്തോഷത്തിന് വാതില്‍ തുറന്നു. അനുഭവത്തിനു വേണ്ടി ചുണ്ടുകള്‍ ദാഹിച്ചു.

സമുദായസേവനത്തെക്കാള്‍ മധുരിപ്പിക്കുന്നത് സ്‌നേഹസമ്പന്നമായ കുടുംബസംഗമം ആണെന്നു തോന്നി. തന്റെ പരമാര്‍ത്ഥതയെ ദൈവം പരീക്ഷിക്കുകയാണെന്നു സംശയിച്ചില്ല. പിശാചിന്റെ വസതിയും മാനവഹൃദയത്തിലാണെന്ന വസ്തുതയും മറന്നു. മനുഷ്യന്‍ എത്ര വലിയ ജ്ഞാനിയും ഉണക്കസ്ഥാനിയും ആയിരുന്നാലും ദ്രോഹസൂത്രങ്ങള്‍ പ്രയോഗിക്കുന്ന ദുര്‍വികാരങ്ങളില്‍ വീഴാറുണ്ട്. പുത്രധര്‍മ്മത്തെക്കാള്‍ വലുതാണോ സമുദായ സേവനം? പിതാവിന്റെ വംശാവലി അറ്റുപോകരുത്. വിധവയായ അമ്മയുടെ സംരക്ഷണത്തിന് വീട്ടില്‍ താമസിക്കണം. കുടുംബജീവിതം ആരംഭിക്കുന്നതോടെ വ്യാകുലതയുടെ നിഴലുകള്‍  വീട് വിട്ടു പോകും. ജീവിതത്തിന്റെ ഗതി മാറും. എന്നാലും, കര്‍ത്താവിന്റെ കരങ്ങളില്‍ പിടിച്ചു ഞാനും എന്റെ കുടുംബവും യഹോവയെ വാഴ്ത്തും. അങ്ങനെ ചിന്തിച്ചു. സുഖവും സുഗന്ധവുമുള്ള പുഷ്പവാടിയില്‍ എത്തിയ പ്രതീതി. മനസ്ലിന്റെ മുമ്പില്‍ ഒരു മൃഗ്ദ്ധസൗന്ദര്യം! അതിനെ വാരിപ്പുണരാന്‍ കൊതിച്ചു. വീണ്ടും പ്രസാദചിന്തകള്‍. വിരുന്ന് കഴിഞ്ഞ്, നാളെ അവള്‍ വരും. അപ്പോള്‍, ഐക്യപ്പെടലിന്റെ അനുഭൂതിയോടെ പറയും. ഇനി നമ്മളൊന്നാണ്! അതുകേട്ട് അവള്‍ കോള്‍മയിര്‍ കൊള്ളും. വേര്‍പാടിനാല്‍ മനം നുറുങ്ങിയും ദുരന്തഭീതിയാല്‍ തളര്‍ന്നുമിരിക്കുന്ന അമ്മക്ക് തന്റെ പ്രവൃത്തി ആശ്വാസം നല്കുമെന്ന് തങ്കച്ചന്‍ വിശ്വസിച്ചു. എന്റെ അമ്മക്കുവേണ്ടി ഞാന്‍ ഇതു ചെയ്യുന്നു എന്ന് സ്വയം പറഞ്ഞു. സംതൃപ്തനായി !

അന്ന് സന്ധ്യപ്രാര്‍ത്ഥന കഴിഞ്ഞപ്പോല്‍ മറിയാമ്മ മകനോട് ചോദിച്ചു. നീ ഇനി എന്നാ പോണത്? തങ്കച്ചന്‍ മറുപടി പറഞ്ഞില്ല. അതുകൊണ്ട് മനോവ്യസനത്തോടെ തുടര്‍ന്നു. നാട്ടുകാരുടെ നാക്കിനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും സാധിക്കില്ല. ഇല്ലാത്തത് ഉണ്ടെന്നു പറയുന്നവരുടെ ലോകത്താണ് നമ്മളും ജീവിക്കുന്നത്. അതുകൊണ്ട് നീ പെട്ടെന്ന് മടങ്ങിപ്പോകണം. ഒരപവാദം ഉണ്ടായാല്‍ അതു സഹിക്കാനാവില്ല. മരണം വരെ കൊണ്ടു നടക്കാന്‍ വേണ്ടത്ര വേദനയുണ്ട്. അതിന്റെ കൂടെ അപവാദവും ഉണ്ടാവരുത്.

ഒരു സ്ത്രീ ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുന്നത് അപകടം ഉണ്ടാക്കുമെന്ന് അമ്മക്കറിയില്ലെ? അതുകൊണ്ട് ഉടനെ മടങ്ങിപ്പോകുന്നില്ല. ഇവിടെ താമസിച്ചുകൊണ്ട് ഭാവികാര്യങ്ങള്‍ ക്രമീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.

അതുകേട്ടു മറിയാമ്മ നടുങ്ങി. മകന്റെ സന്തോഷം കണ്ട് സംതൃപ്തികൊള്ളേണ്ട അമ്മ അനര്‍ത്ഥം കണ്ടപോലെ അമ്പരന്നു. പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നുവോ? സത്യം ബന്ധനവും അറിവ് ദുഃഖവുമാകാറുണ്ട്. ഒരു പ്രവൃത്തി ക്ഷമിക്കപ്പെടാത്ത അതിക്രമവും മോചിക്കപ്പെടാത്ത അശൃത്യമാകരുത്. മകന്റെ തീരുമാനം ഒരു വിശ്വാസവഞ്ചനയാകുമെന്നു മറിയാമ്മക്കു തോന്നി. ദൈവകോപം ഉണ്ടാക്കുന്ന കുറ്റമാണെന്നും. അതുകൊണ്ട് ഭയത്തോടും വേദനയോടും കൂടെ പറഞ്ഞു. എന്റെ മോന്‍ തിരിച്ചു പോകണം. ദൈവം തന്ന നന്മകളെ നമ്മള്‍ എന്നും ഓര്‍ക്കണം. നന്ദികേട് കാണിച്ചുകൂടാ. അതു കേട്ടു തങ്കച്ചന്‍ അസ്വസ്ഥനായി. ഗൗരവത്തോടെ പറഞ്ഞു.

അമ്മ ഒരനാഥയെപ്പോലെ ഒറ്റപ്പെട്ട് ഈ വീട്ടില്‍ ജീവിക്കുന്നത് അപകടവും അപമാനവും ഉണ്ടാക്കും. നീതിയും നിയമവും മിണ്ടാപ്പൂച്ചകളാകുന്ന കാലമാണിത്. അതുകൊണ്ട് ഞാന്‍ മടങ്ങിപ്പോകുന്നില്ല.
തങ്കച്ചനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ജയിച്ചില്ല. ഒരു വിധവയെ ഒറ്റപ്പെടുത്തിയിട്ട് ഓടിപ്പോകുന്നത് യോഗ്യമല്ലാത്ത പ്രവൃത്തിയാണെന്നും, മുന്‍കൂട്ടി കാണാനാവാത്ത അപകടാവസ്ഥ ഉണ്ടാകുമെന്നും പറഞ്ഞു തങ്കച്ചന്‍ ദേഷ്യപ്പെട്ടു. അമ്മയും മകനും തമ്മിലുണ്ടായ സംസാരം വിവാദമായപ്പോള്‍ മറിയാമ്മ തേങ്ങിക്കരഞ്ഞു.എന്തിന് എന്റെ നിശ്ചയത്തെ നിരസിക്കുന്നുവെന്നും അഭദ്രമായ സാഹചര്യം ചൂഴുന്നുവെന്നറിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുന്നതിന്റെ കാരണമെന്തെന്നും തങ്കച്ചന്‍ ചോദിച്ചു.

രഹസ്യം സൂക്ഷിക്കുന്നതിനുള്ള മാനസികശക്തി ക്ഷയിക്കുന്നതുപോലെ മറിയാമ്മക്കു അനുഭവപ്പെട്ടു. പറയരുതെന്നു നിശ്ചയിച്ചു ഹൃദയത്തിന്റെ ആഴങ്ങളില്‍ കരുതലോടെ സൂക്ഷിച്ച സത്യം പുറത്താവുമോ? മരണത്തോടൊപ്പം മാഞ്ഞുപോകേണ്ട കാര്യം ജീവിച്ചിരിക്കുമ്പോള്‍ വെളിപ്പെട്ടാല്‍ എന്തു സംഭവിക്കും? വിങ്ങിക്കരഞ്ഞുകൊണ്ട് തുടര്‍ന്നു.തളരുമ്പോള്‍ താങ്ങിനിര്‍ത്താനും നേര്‍വഴികാണിച്ചു തരാനും നീ മാത്രമാണുള്ളതെന്നറിയാം. കുടിനീരിറക്കാന്‍ എനിക്ക് വിധി നല്കിയത് കണ്ണീരാണ് . ഞാന്‍ മുഖാന്തിരം കൂട്ടിലകപ്പെട്ട ഒരവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്ന് ഞാന്‍ കൊതിച്ചു. ഒരമ്മയുടെ ആഗ്രപവും വിധവയുടെ വേദനയും എനിക്കുണ്ട്. ഈ ഭൂമി ദുഷ്ടന്മാരുടെ കയ്യിലാണെന്നും അറിയാം. എങ്കിലും, നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനിവിടെ കഴിഞ്ഞോളാം. നീ സെമിനാരിയിലേക്ക് തിരിച്ചു പോകണം. പഠിക്കണം. ഒരു പുരോഹിതനാകണം.

വേറിട്ട ജീവിതാനുഭവങ്ങളുമായി വേദനിക്കുന്ന വിഭിന്ന വ്യക്തിത്വങ്ങള്‍ ലോകത്തിന്റെ ഭാഗമാണ്. അവരുടെ ഇടയില്‍ പേടിസ്വപ്നങ്ങളുമായി നെടുവീര്‍പ്പിടുന്ന അമ്മയെ തങ്കച്ചന്‍ തിരിച്ചറിഞ്ഞു. വിചിത്രമായ ഒരു സ്വാനുഭവം. ഒരു കുടുംബ ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലേക്ക് അനുഗ്രഹിച്ച് അയക്കേണ്ട പെറ്റമ്മ , പൗരോഹിത്യതന്ത്രം പഠിച്ചു സന്യാസത്തിലേക്കു പോകുവാന്‍ ഉപദേശിക്കുന്നതിന്റെ പൊരുള്‍ മനസ്സിലായില്ല. പൗരോഹിത്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചുണ്ടായ അജ്ഞതമൂലം അമ്മ അങ്ങനെ പറയുന്നുവെന്നേ തങ്കച്ചനു തോന്നിയുള്ളൂ. സന്യാസവും സഹനവുമയി ആത്മീയ പരിശുദ്ധിയിലൂടെ മാത്രം യാത്ര ചെയ്യേണ്ട അനിവാര്യതയും അറിവില്ല. നിര്‍ബന്ധിച്ച് ഏല്പിക്കേണ്ട ഒന്നല്ല വൈദികത്വം പിന്നെയോ സ്വയം സ്വീകരിക്കേണ്ട ധന്യയാത്രയാണെന്നും അമ്മക്ക് നിശ്ചയമുണ്ടോ? പിതാവിന്റെ മരണവും മാതാവിന്റെ ഏകാന്തതയും വിളിച്ചുവരുത്തിയത് പുതു മനുഷ്യനാകുന്നതിനുവേണ്ടിയല്ലെ? ആദ്യദര്‍ശനത്തില്‍ അനുരാഗം വിടര്‍ന്നതും വിവാഹചിന്തയിലേക്ക് മനസ്സ് തിരിഞ്ഞതും മറച്ചുവെക്കാനാവുമോ. തനിക്കും ആത്മാര്‍ത്ഥമായി ആഹ്ലാദിക്കുവാന്‍ അവകാശമില്ലെ? മുഗ്ദ്ധ സൗന്ദര്യമുള്ള സ്‌നേഹവുമായി ഒരു കന്യക മുന്നില്‍ നില്‍ക്കുന്നു. വിവാഹ ജീവിതത്തിലാണല്ലോ ശ്രേഷ്ഠസുഖം. ഭാവിജീവിതത്തെ തീര്‍ത്ഥാടനമാക്കാന്‍ തങ്കച്ചന്‍ ഇഷ്ടപ്പെട്ടില്ല.

മകന്‍ മടങ്ങിപ്പോകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ മറിയാമ്മയുടെ ഭയവും ദുഃഖവും വര്‍ദ്ധിച്ചു. വൈവകോപത്തിന്റെ ശിക്ഷയേറ്റു നശിച്ച ജനതകളുടെ കഥകള്‍ പെട്ടെന്നോര്‍ത്തു. ഏത് ചതിവും കൊലപാതകവും ചോദ്യം ചെയ്യപ്പെടാതിരിക്കയില്ല എന്ന വേദവചനം മനസ്സില്‍ മുഴുങ്ങി. ദൈവവചനത്തിനു കാലഹരണമില്ലെന്നും നന്മചെയ്യുന്നവരെ വീഴ്ചയില്‍ നിന്നും വിടുവിക്കുമെന്നും പണ്ടെ പഠിച്ചിട്ടുണ്ട്. എങ്കിലും , പ്രാര്‍ത്ഥനകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല, മുന്നിലുള്ളത്. ധര്‍മ്മസങ്കടം അലയടിക്കുന്ന മനസ്സില്‍ അനവധിചോദ്യങ്ങള്‍. വ്യത്യസ്തജീവിതത്തിനു തയ്യാറാവുന്ന മകനെ എങ്ങനെ തടയും . സത്യം പറഞ്ഞാല്‍ അവന് വെറുപ്പും വിദ്വേഷവും ഉണ്ടാകുമോ ? കരുണയും ദയയുമുള്ള മകനെ നോവിച്ചുകൂടാ. ഉള്ളിന്റെ ഉള്ളില്‍ വാത്സല്ലിക്കുന്നത് ഏകമകനെയാണ്. നിത്യവും മൂന്നു നേരം പ്രാര്‍ത്ഥിക്കുന്നതും മറ്റാര്‍ക്കും വേണ്ടിയല്ല. വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും വേദനിപ്പിക്കാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഈ സങ്കടസമയത്ത് എന്റെ ദൈവം എങ്ങനെ എന്നെയും എന്റെ മകനേയും മുറിവ് കൂടാതെ രക്ഷിക്കും.

മറിയാമ്മ കണ്ണീര്‍ വാര്‍ത്തുകൊണ്ട് പ്രാര്‍ത്ഥിച്ചു. വിറയാര്‍ന്ന കൈകള്‍കൊണ്ട് തങ്കച്ചനെ കെട്ടിപ്പിച്ചുകൊണ്ട് ഗദ്ഗദത്തോടെ പറഞ്ഞു. എന്റെ മോന്‍ ഈ അമ്മയോട് ക്ഷമിക്കണം. ഞാന്‍ പറയുന്നത് കേട്ടിട്ട് നിന്റെ ഇഷ്ടം പോലെ ചെയ്യണം. ഒരു നല്ലഭാവി നിനക്കുണ്ടാകണം.

അമ്മയുടെ കണ്ണുനീരിന്റെ കാരണമറിയാന്‍, പറയുന്നതു കേള്‍ക്കാന്‍ തങ്കച്ചന്‍ ജാഗ്രതയോടെ ഇരുന്നു. നിര്‍ണ്ണായകവിധിയുടെ നേരത്തുണ്ടാകുന്ന ഭയവും പരിഭ്രമവും,. വിറയലോടെ മറിയാമ്മ പറഞ്ഞു. പതിനേഴാമത്തെ വയസ്സില്‍ എന്റെ കല്യാണം കഴിഞ്ഞെങ്കിലും, മുപ്പത്തിഅഞ്ച് വയസ്സുവരെ കുഞ്ഞുണ്ടായില്ല. നാട്ടുകാര്‍ എന്നെ മച്ചിയെന്നും ബന്ധുക്കള്‍ ശപിക്കപ്പെട്ടവളെന്നും വിളിച്ചു. പലരും പരിഹസിച്ചു. നിന്റെ പപ്പായുടെ മദ്യപാനത്തിന്റെ പ്രധാനകാരണം അതായിരുന്നു. എന്നെ സ്‌നേഹത്തോടെ ആശ്വസിപ്പിക്കാന്‍ മറ്റാരും ഉണ്ടായിരുന്നുമില്ല. മരിച്ചാലെന്തെന്ന് ഞാന്‍ കൊതിച്ചു. കര്‍ത്താവിന്റെ കരങ്ങളില്‍ ഞാന്‍ പിടിച്ചു . മെഴുകുതിരി കൊളുത്തി വെച്ചുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവില്‍ വിശ്വാസമുണ്ടെങ്കില്‍, ആ വിശ്വാസത്തോടെ ചോദിച്ചാല്‍ കിട്ടുമെന്ന് ഞാന്‍ വിശ്വസിച്ചു. എനിക്കൊരു കുഞ്ഞിനെ തന്നാല്‍, ദൈവനാമം മഹത്വപ്പെടുത്തുന്നതിന്, അതിനെ അയയ്ക്കാമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞു. അത് എന്റെ നേര്‍ച്ചയായിരുന്നു. അതിന്റെ ഫലമാണ് നിന്റെ ജനനമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

തങ്കച്ചന്‍ അത്ഭുതസ്തബ്ധനായി. അപ്രതീക്ഷിതവും കദനപൂരിതവുമായ ഒരറിയിപ്പ്. സത്യസംഭവത്തിന്റെ സാക്ഷ്യം. അതില്‍ ഭക്തിയും വിശ്വാസവും സ്പന്ദിക്കുന്നു. ദൈവവുമായുള്ള ഉടമ്പടിയാണ് നേര്‍ച്ചയെന്ന് ന്യായപ്രമാണങ്ങളില്‍ അടിവരയിട്ടു ചേര്‍ത്തിരിക്കുന്നു. എന്നാലും , നേര്‍ച്ചക്കുവേണ്ടി മക്കളുടെയും മറ്റുള്ളവരുടെയും അവകാശങ്ങളെയും നിശ്ചയങ്ങളെയും ബലികഴിക്കണമോ? ഹൃദയസന്തോഷത്ത വിലക്കുന്നതിനും ജീവിതത്തെ പൂര്‍ണ്ണമായി ബന്ധിക്കുന്നതിനും കാരണമാകാമോ ? സത്യവിശ്വാസത്തിന്റെ വിശുദ്ധസന്ദേശം ധാര്‍മ്മികതയാണ്. എന്നാലും, വഴിതെറ്റിയ വിശ്വസങ്ങളുടെ ആചാരങ്ങളാല്‍ യാഗമരണം പ്രാപിച്ചവരുടെ ചരിത്രസ്മാരകങ്ങള്‍ മുമ്പിലുണ്ട്.!

പെട്ടെന്നുണ്ടായ ബാഷ്പാധാര മറിയാമ്മ കാണരുതെന്നു കരുതി തങ്കച്ചന്‍ മുറ്റത്തിറങ്ങിനിന്നു. തണുത്ത കാറ്റും കനത്ത ഇരുട്ടും. ആകാശം അലങ്കരിച്ച നക്ഷത്രങ്ങള്‍ മറഞ്ഞു. മഴയുടെ മുന്നോടിയായി ഇടിയും മിന്നലും. പൊടുന്നനെ മഴചാറിയപ്പോള്‍ തിണ്ണയില്‍ കയറി നിന്നു. അവിടെ , മാര്‍ക്കോസ് ഉപയോഗിച്ച ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. ഒരു ജീവിതത്തിന്റെ അനുസ്മരണം പോലെ. പിതൃസ്‌നേഹത്തിന്റെ ചുംബനമേറ്റ വേളകള്‍ മനസ്സിലൂടൊഴുകി.

കട്ടിലില്‍ കിടന്നപ്പോള്‍ കരയാതിരിക്കാന്‍ കഴിഞ്ഞില്ല. മുമ്പില്‍ രണ്ട് വഴികള്‍ നീണ്ടുപോകുന്നു. ഒന്ന് ഭൗതിക ജീവിതത്തിന്റെ ഗഹനതയിലേക്ക്. മറ്റേത് ആത്മീയതയുടെ വെളിവ് നിറഞ്ഞ ഇടങ്ങളിലേക്ക്. ജീവനിലും ജീവിതത്തിലും നിറഞ്ഞുനില്‍ക്കുന്ന രണ്ട് പേര്‍ മുന്നില്‍ . അവരില്‍ ആരെ സ്വീകരിക്കണം ? ഇരുവര്‍ക്കും വേണ്ടിയുള്ള ഏകമാര്‍ഗ്ഗം ഏതാണ്?
തങ്കച്ചന്റെ മനസ്സില്‍ സമാധാനം വറ്റി. ഉറക്കം കെടുത്തിയ പുതിയ നൊമ്പരം. ആത്മീയത വിശ്വസത്തിലും അനുരാഗം വികാരത്തിലും വേര് പിടിച്ചവയാണ്. ആത്മീയതക്ക് അനുരാഗത്തെ നിശ്ചലമാക്കുവാന്‍ കഴിയുകയില്ല. മോഹങ്ങള്‍ ആകസ്മികമായി തകരുമ്പോള്‍ കരയാനേ കഴിയൂ. ജീവിതത്തിന്റെ ഗതിമാറ്റം പ്രേമലക്ഷണമായി കാണപ്പെടുമോ? ആന്തരികമായി തനിച്ചാകുന്ന ദുരവസ്ഥ !  വേദനിക്കുന്ന വികാരജീവിയായി എന്നും ജീവിക്കേണ്ടിവരുമോ?  എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാനാവാത്ത, ഇരുളിന്റെ യാമങ്ങള്‍,
അതിരാവിലെ ഉണര്‍ന്നപ്പോള്‍ യാഥാര്‍ത്ഥ്യബോധം. കാല്‍നൂറ്റാണ്ടോളം കരളില്‍ മറച്ചുവെച്ച സത്യം വെളിച്ചത്ത് കൊണ്ടുവന്നതോടെ അമ്മ സ്വതന്ത്രയായി. എങ്കിലും, ഇന്നോളം സ്വതന്ത്രനായിരുന്ന എന്നെ അതു ബന്ധിച്ചു. തള്ളാനും കൊള്ളാനും കഴിയാത്തൊരവസ്ഥ. ഹൃദയത്തില്‍ ഇരുമ്പാണ്‌പോലെ തുളച്ചുകയറുന്ന കഠിന നൊമ്പരം . ഇതിന്റെ പരിഹാരം എവിടെയാണ്. വീട്ടീല്‍ താമസിച്ചാല്‍ വീണ്ടും തളരുമെന്നു തോന്നി.

പെട്ടെന്ന് യാത്രക്ക് തയ്യാറായി. അമ്മയുടെ കണ്ണീരണിഞ്ഞ കവിളില്‍ ചുംബിച്ചപ്പോള്‍ ആത്മാവ് തേങ്ങി! മുറ്റത്തിറങ്ങിയപ്പോള്‍ അയലത്തെ വീട്ടിലേക്കു നോക്കി. അത് ഒരു വിടപറച്ചിലായിരുന്നോ? അഥവാ മടങ്ങിവരുമെന്ന വാഗ്ദാനമായിരുന്നോ?
അകന്നുപോയപ്പോള്‍ തങ്കച്ചന്‍ സ്വയം പറഞ്ഞു. ഞാന്‍ ഒരു നേര്‍ച്ചയുടെ മകനാണ്. പ്രാര്‍ത്ഥനയുടെ ഫലമാണ്. എന്റെ ജന്മം ഒരാള്‍ക്കുവേണ്ടി മാത്രം ഉണ്ടായതല്ല.




വഴിപാട്(ചെറുകഥ: ജോണ്‍ വേറ്റം)
Join WhatsApp News
vaayanakkaaran 2014-05-22 15:08:19
കഥാനായകൻ തങ്കച്ചൻ മണ്ടൻ, മരമണ്ടൻ. അതു വളരെ നീട്ടിപ്പറഞ്ഞിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക