Image

കുറ്റിച്ചൂല്‍ വിപ്ളവം കെട്ടടങ്ങിയോ?

Published on 22 May, 2014
കുറ്റിച്ചൂല്‍ വിപ്ളവം കെട്ടടങ്ങിയോ?
(മാധ്യമം മുഖപ്രസംഗം)
വ്യതിരിക്തമായ മുദ്രാവാക്യവും കര്‍മശൈലിയും ആശയവിനിമയ രീതികളും കൊണ്ട് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിസ്മയിപ്പിക്കുകയും പുതുതലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയും ചെയ്ത  ആം ആദ്മി പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പോടെ ചിത്രത്തില്‍നിന്ന് മായുകയാണോ?
പരമ്പരാഗത രാഷ്ട്രീയത്തെ കടപുഴക്കിയെറിഞ്ഞ് തിരുത്തലുകളുടെയും നവീകരണത്തിന്‍െറയും ജനകീയ മാതൃക മുന്നോട്ടുവെക്കാന്‍ പ്രാപ്തമായ ഒരു വിപ്ളവം അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ഒരുപറ്റമാളുകള്‍ കുറ്റിച്ചൂല്‍ ഏന്തി പൂര്‍ത്തീകരിക്കാന്‍ പോവുകയാണെന്നാണ് ഒരുവേള പലരും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, കാവിരാഷ്ട്രീയത്തിന്‍െറ മുന്നേറ്റത്തിനിടയില്‍ മറ്റൊരു ചിത്രമാണ് ഈ തെരഞ്ഞെടുപ്പോടെ അനാവൃതമായത്. ആം ആദ്മി പാര്‍ട്ടി വേരിറക്കാന്‍ ശ്രമിച്ച മണ്ണില്‍ ബി.ജെ.പിയുടെ കടന്നുകയറ്റത്തില്‍ മതേതര പാര്‍ട്ടികള്‍ കുത്തിയൊലിച്ചുപോയ കൂട്ടത്തില്‍ കെജ്രിവാളിനും സംഘത്തിനും പിടിച്ചുനില്‍ക്കാനാവാതെ പോയി.
പഞ്ചാബ് മാത്രമാണ് ഇതിന് അപവാദമായി നിന്നത്. അവിടെ പാര്‍ട്ടി നാലുസീറ്റ് നേടി എന്നുമാത്രമല്ല 25ശതമാനത്തോളം വോട്ട് സംഭരിക്കുകയും ചെയ്തു. 117 അസംബ്ളി മണ്ഡലങ്ങളില്‍ 33 ഇടത്ത് ജയിക്കാനും 25 സീറ്റില്‍ രണ്ടാംസ്ഥാനത്ത് എത്താനും സാധിച്ചു എന്നത് നിസ്സാരനേട്ടമല്ല. അതേസമയം, ആം ആദ്മിയുടെ പരീക്ഷണശാലയായ ഡല്‍ഹിയില്‍ അദ്ഭുതങ്ങള്‍ കാട്ടാന്‍ സാധിച്ചില്ല എന്നതാണ് പാര്‍ട്ടിയുടെ നിലനില്‍പിനെക്കുറിച്ച് ആശങ്ക പങ്കുവെക്കാന്‍പോലും പലരെയും പ്രേരിപ്പിക്കുന്നത്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 28സീറ്റ് നേടുകയും 49 ദിവസം  ഭരണം കൈയാളുകയും ചെയ്ത പാര്‍ട്ടിക്ക് ഒരുസീറ്റുപോലും നേടാന്‍ ഭാഗ്യമുണ്ടായില്ല.
ബി.ജെ.പി ഏഴു മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചപ്പോള്‍ 30 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. പാര്‍ട്ടി വന്‍ പ്രതീക്ഷയര്‍പ്പിച്ച ഹരിയാനയില്‍ കാലുകുത്താന്‍ ഇടം കിട്ടിയില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം യോഗേന്ദ്രയാദവ് അടക്കമുള്ളവര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. നാലുശതമാനം വോട്ടേ പാര്‍ട്ടിയുടെ പേരില്‍ വീണുള്ളൂ. വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ കച്ചകെട്ടിയിറങ്ങിയ കെജ്രിവാള്‍ മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയെങ്കിലും മോദിപ്രവാഹത്തില്‍ ഒലിച്ചുപോവുകയായിരുന്നു. ദേശീയ പാര്‍ട്ടിയുടെ അംഗീകാരം കൈക്കലാക്കാനുള്ള ബദ്ധപ്പാടില്‍ മൊത്തം 443 സീറ്റില്‍ ഭാഗ്യപരീക്ഷണം നടത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനാവാതെ പോയതില്‍ വലിയ അദ്ഭുതമൊന്നുമില്ല.  
കേവലം ഒന്നരവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം കൈമുതലായ കൂട്ടായ്മ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പുഫലം മാത്രം മുന്നില്‍വെച്ച് ആം ആദ്മി പാര്‍ട്ടിയെ എഴുതിത്തള്ളുന്നത് ബുദ്ധിപൂര്‍വമാവില്ല. ആര് എത്ര നിഷേധിച്ചാലും ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ സമീപകാല അജണ്ട മാറ്റിയെഴുതുന്നതിലും മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുന്നതിലും ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്.
രണ്ടാം യു.പി.എ സര്‍ക്കാര്‍ അഴിമതിയുടെ പടുകുഴിയില്‍പെട്ട് ദേശവ്യാപകമായി ജനരോഷം ക്ഷണിച്ചുവരുത്തിയ ഒരു ഘട്ടത്തിലാണ് ആദ്യം അണ്ണാ ഹസാരെയുടെയും പിന്നീട് കെജ്രിവാളിന്‍െറയും നേതൃത്വത്തില്‍ ഒരു ബദല്‍ രാഷ്ട്രീയകര്‍മ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റം എന്ന നിലയിലാണ് അഭ്യസ്തവിദ്യരായ യുവാക്കളിലും ‘അരാഷ്ട്രീയവാദി’കളായ നഗരവാസികളിലും അത് ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നത്. പരമ്പരാഗത കാഴ്ചപ്പാടില്‍ അത് ഒരു രാഷ്ട്രീയ പ്രസ്ഥാനമേ ആയിരുന്നില്ല. അങ്ങനെയാകാനുള്ള വ്യക്തമായ താത്ത്വിക അടിത്തറയോ സംഘടനാസംവിധാനമോ ആളോ അര്‍ഥമോ ഉണ്ടായിരുന്നില്ല.
എല്ലാ അര്‍ഥത്തിലും ഒരു ‘മൂവ്മെന്‍റ് ’ ആയിരുന്നു അത്. കേവലഭൂരിപക്ഷം നേടാന്‍ മാത്രം ജനസമ്മതി ലഭിച്ചില്ളെങ്കിലും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും നേരിടാന്‍ പ്രാപ്തമായ ഒരു മുന്നേറ്റമാണെന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ഭരണം കൈയില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി മറ്റുള്ളവരെ അമ്പരപ്പിച്ച പാര്‍ട്ടിക്ക് പക്ഷേ അത് നിലനിര്‍ത്താനുള്ള യോഗമുണ്ടായില്ല. സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവിധി തേടാന്‍ ആഗ്രഹിച്ചപ്പോള്‍ പാര്‍ട്ടി വിചാരിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. അന്നുകാട്ടിയ അബദ്ധത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും കൈമോശം വന്ന അധികാരം മാറിയ സാഹചര്യത്തില്‍ തിരിച്ചുകിട്ടില്ളെന്ന് ഉറപ്പാണ്. 
ഇതൊന്നും തന്നെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ അഴിമതിയില്‍നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ഒരു പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല.
Join WhatsApp News
Indian 2014-05-22 05:09:35

AAP began with associating Corruption with COngress and BJP was added to the corruption list much later, more as an after thought, and as Anand Patwardhan put it "corruption was just a cleverly used stick to beat congress with. AAP whom i incidentally physically campaigned for selectively (medha and kejriwal) helped bjp win big by singularly targeting congress over and above bjp for the last 2 years. AAP probably helped bjp win 50 or 60 more seats (not mathematically, but because of its anti congress propaganda value"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക