Image

കാഴ്‌ചയുടെ പരുന്തുംപാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 19: ജോര്‍ജ്‌ തുമ്പയില്‍)

Published on 23 May, 2014
കാഴ്‌ചയുടെ പരുന്തുംപാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 19: ജോര്‍ജ്‌ തുമ്പയില്‍)
പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമാണിവിടം. ഇവിടേക്ക്‌ അങ്ങനെ സന്ദര്‍ശകര്‍ വരുന്ന പതിവില്ലായിരുന്നു. പറഞ്ഞു വരുന്നത്‌ പരുന്തുംപാറ എന്ന ഏകാന്തതയുടെ തുരുത്തിനെക്കുറിച്ചാണ്‌. തുരുത്ത്‌ അല്ലിത്‌, മലഞ്ചെരുവിലെ ഊഷരഭൂമിയാണ്‌. ആരെയും കൊതിപ്പിക്കുന്ന, കണ്ടാലും കണ്ടാലും മതിവരാത്ത സ്വപ്‌നഭൂമി. മോഹന്‍ലാലിന്റെ ഭ്രമരം സിനിമ പുറത്തു വന്നതിനു ശേഷമാണ്‌ പരുന്തുംപാറയെക്കുറിച്ച്‌ ജനങ്ങളറിഞ്ഞു തുടങ്ങിയതെന്നു തോന്നുന്നു.

പ്രശസ്‌ത ഡിവോഷണല്‍ ഗായകന്‍ ബിനോയി ചാക്കോയുമായുള്ള വ്യക്തിബന്ധമാണ്‌ എന്നെ പരുന്തുംപാറയിലെത്തിച്ചത്‌. അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കയിലുടനീളം നടന്ന സംഗീത പരമ്പരകള്‍ക്ക്‌ ശേഷം അദ്ദേഹം നാട്ടിലെത്തിയ സമയത്താണ്‌ ഒരു മൂന്നാഴ്‌ച അവധിയുമായി ഞാനും നാട്ടിലെത്തിയത്‌. ബിനോയിയുടേതായ പല ഗാനങ്ങളും വീഡിയോയിലാക്കി വിജയകരമായി വിപണനം ചെയ്‌തു കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്‌. ബിനോയിയുടെ തന്നെ 12 ഗാനങ്ങളുടെ ഒരു ആല്‍ബം നിര്‍മ്മിക്കാന്‍ സംഗീത പ്രേമികളും കാനഡയില്‍ താമസിക്കുന്നവരുമായ ദമ്പതികള്‍ മുന്നോട്ട്‌ വന്നതിനെത്തുടര്‍ന്ന്‌ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ബിനോയി.

ബിനോയിയുടെ ഫോണ്‍ വന്നതേ ഞാനും പെട്ടിയുമെടുത്ത്‌ റെഡിയായി. പ്‌ളാനും പദ്ധതിയും ബിനോയിയും സുഹൃത്തുക്കളും ചേര്‍ന്ന്‌ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. അങ്ങനെ ബിനോയിയോടൊപ്പം ഞങ്ങള്‍ അഞ്ചു പേര്‍ പാമ്പാടിയില്‍ നിന്ന്‌ പരുന്തുംപാറയ്‌ക്ക്‌ യാത്രയായി. ബിനോയി, ചലച്ചിത്ര സീരിയല്‍ നടന്‍ കിഷോര്‍ സത്യ, തിരക്കഥാകൃത്ത്‌ ഏലിയാസ്‌ ജോസഫ്‌, സിഡിറ്റിലെ സീനിയര്‍ എഡിറ്റര്‍ രമേശ്‌ വിക്രമന്‍ (2012-ലെ ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അംഗം), പിന്നെ ഞാനും. പെന്‍കുന്നം, മുണ്ടക്കയം താണ്ടി ഹൈറേഞ്ചിലെ മലനിരകള്‍ കയറിത്തുടങ്ങിയപ്പോഴേ സുഖകരമായ കാറ്റ്‌ വീശിത്തുടങ്ങിയിരുന്നു.

പരുന്തുംപാറയിലേക്കുള്ള യാത്ര തന്നെ പ്രകൃതി ഒരുക്കി വച്ച ആഡംബരമായിരുന്നുവെന്നു പറയാം. പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്നിലേക്ക്‌ ഞങ്ങള്‍ മെല്ലെ കയറി ചെന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ ദൈവം നല്‍കിയ സമ്മാനങ്ങളില്‍ ഒന്നാണിതെന്ന്‌ ബിനോയിയുടെ കമന്റ്‌ ശരിക്കും റിയലിസ്റ്റിക്കാണെന്ന്‌ എനിക്കും തോന്നി. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ നിത്യസുന്ദരിയായി ആരാധകരുടെ മുന്നില്‍ പരുന്തുംപാറ തല ഉയര്‍ത്തി നില്‍ക്കുന്നത്‌ ദൂരെ നിന്നേ കാണാം. വാഹനം മെല്ലെ കയറ്റം കയറി കൊണ്ടിരുന്നു. ശബരിമലവനങ്ങളുടെ വിദൂരദൃശ്യത്തിലേക്ക്‌ ഒഴുകി ഇറങ്ങുന്ന അഗാധമായ മലഞ്ചെരുവുകളും പരുന്തുംപാറയുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പുറംലോകത്തിനു മുന്‍പില്‍ കാര്യമായി വെളിപ്പെടാതിരുന്ന ഈ പ്രദേശം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. വണ്‍ഡേ ട്രിപ്പിനു പറ്റിയ ഹോട്ട്‌ ഡെസ്റ്റിനേഷനാണത്രേ ഇപ്പോഴിത്‌.

കുട്ടിക്കാനത്ത്‌ ഉച്ചഭക്ഷണം കഴിഞ്ഞു. അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി പാക്ക്‌ ചെയ്‌തു. വാഹനം പിന്നെയും ഉരുണ്ടു തുടങ്ങി.

ഇടുക്കി ജില്ലയിലാണ്‌ പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്‌. കോട്ടയം-കുമളി കെ.കെ റോഡില്‍ പീരുമേട്ടില്‍ നിന്നും ആറ്‌ കിലോമീറ്ററും തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും. ഇവിടം സിനിമക്കാരുടെ ഇഷ്‌ട ലൊക്കേഷനുകളിലൊന്നായിട്ടുണ്ടെന്നു ബിനോയ്‌ പറഞ്ഞു. രമേശ്‌ ഓരോ കോണിലും തനിക്കു പറ്റിയ ക്യാമറ വിഷ്വല്‍ അന്വേഷിച്ചു കൊണ്ടിരുന്നു. ക്യാമറ എവിടെ വച്ചാലും സൗന്ദര്യത്തിന്റെ മണ്‍ചെരാതാണ്‌ തെളിയുകയെന്ന്‌ കിഷോര്‍ സത്യയുടെ വക കമന്റ്‌. അത്രയ്‌ക്ക്‌ മനോഹരം. ആകാശവും ഭൂമിയും ചുംബിക്കുന്നതു പോലെ. അതിനിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളിലേക്ക്‌ കോട മഞ്ഞ്‌ കയറി പോവുന്നു. മാനം മുട്ടെ നില്‍ക്കുന്ന ആകാശമേഘങ്ങള്‍ക്ക്‌ താഴെ കിഴക്കാംതൂക്കായി വലിയ ഗര്‍ത്തങ്ങള്‍. പച്ചപ്പ്‌നിറഞ്ഞ പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞരുവി. പലപ്പോഴും കാഴ്‌ച്ചയെ മറയ്‌ക്കുന്ന മൂടല്‍മഞ്ഞും,ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെത്തുന്ന ഇളംകാറ്റും, ഇവിടെ എത്തുന്ന ഏതൊരു ആളുടെ മനസ്സിനെയും പുതിയ അനുഭവങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ തീര്‍ച്ച. വാഗമണ്‍മലനിരകളോളം വിശാലമല്ലെങ്കിലും,അത്രത്തോളംതന്നെ സൗന്ദര്യമാണ്‌ ഈ മലനിരകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌.

പരുന്തിന്റെ ആകൃതിയിലുള്ള പാറകള്‍ ഉള്ളതിനാലാണ്‌ ഈ സ്ഥലത്തിന്‌ പരുന്തുംപാറയെന്ന പേരു കിട്ടിയതെന്ന്‌ ബിനോയ്‌ പറഞ്ഞു. റോഡ്‌ നല്ല നിലയിലുള്ളതാണ്‌. മനോഹരമായ പ്രകൃതി ഭംഗിയില്‍ ലയിച്ചു കൊണ്ട്‌ ഞങ്ങള്‍ ഹെയര്‍പിന്‍ വളവുകള്‍ കയറി തുടങ്ങി. പ്രധാനറോഡില്‍ നിന്നും വിട്ടുമാറിയിട്ടുള്ള ടാറിട്ട റോഡില്‍ വലിയ തിരക്കുകളൊന്നും തോന്നിയില്ല.എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സൗകര്യമുള്ള ഈ റോഡ്‌ ചെന്നവസാനിക്കുന്നത്‌ പരുംന്തുംപാറയുടെ നെറുകയിലാണ്‌.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3800 മീറ്റര്‍ ഉയരമുണ്ട്‌ ഇവിടെ. ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ കാഴ്‌ചകള്‍ സമ്മാനിക്കുന്ന സ്ഥലമാണിതെന്നതിന്‌ യാതൊരു സംശയവുമില്ല. നോക്കത്താ ദൂരത്തൊളം പരന്നു കിടക്കുന്ന കാടും, പച്ചപ്പട്ട്‌ അണിഞ്ഞ മലനിരകളുമാണ്‌ പ്രധാന ആകര്‍ഷണം. ആത്മഹത്യ മുനമ്പും, സൂര്യാസ്‌തമനവും മനം കുളിര്‍പ്പിക്കുന്ന കാഴ്‌ച തന്നെ. പ്രഭാത, സായ്‌ഹ്ന സമയങ്ങളിലാണ്‌ പരുന്തുംപാറയിലെ വന്യസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്‌ ഏറെയുള്ളത്‌. വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ശരിക്കും അതിശയിച്ചു പോയി. അത്രയ്‌ക്ക്‌ മനോഹരം. ബിനോയ്‌ കൈ നിവര്‍ത്തി ആകാശത്തേക്കുയര്‍ത്തി ഒരു ഭക്തിഗാനത്തിന്റെ ഈരടികള്‍ മൂളി, `ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക...', എന്ന മനോഹരമായ ഗാനം കേട്ട്‌ മൊട്ടക്കുന്നുകളും പുല്‍മേടുകളും കൊക്കകളും പാറകൂട്ടങ്ങളും ചെവിയോര്‍ത്തതു പോലെ. സൗന്ദര്യം പൂത്തു നില്‍ക്കുന്ന ഇതു പോലൊരു സ്ഥലം കേരളത്തില്‍ വേറെയുണ്ടോയെന്നു കിഷോറിനു സംശയം. പരുന്തുംപാറയുടെ സൗന്ദര്യം ഓരോ സമയത്തും ഓരോ തരത്തിലാണെന്നു ബിനോയ്‌ സുഹൃത്തുക്കളോടായി പറഞ്ഞു.

കോടമഞ്ഞും മഴയും വെയിലുമെല്ലാം ഉള്ളപ്പോള്‍ ഒരു ഭാവമാണ്‌ ഇവിടെ. അല്ലാത്തപ്പോള്‍ മറ്റൊരു ഭാവവും. എന്തൊരു വിജനത. കാറ്റിന്റെ കോളിളക്കം തുടങ്ങാനിരിക്കുന്നതേയുള്ളു. ദൂരെയായി ആകാശത്തേക്കു കയറി നില്‍ക്കുന്ന മലഞ്ചെരിവുകള്‍. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ചകളെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ അഗാധഗര്‍ത്തങ്ങളും ഉയരംകൂടിയ പാറകളും. വിസ്‌മയത്തുമ്പത്താണ്‌ നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നു ബിനോയി വിളിച്ചു പറഞ്ഞു. ശരിയാണെന്നു ആയിരമാവര്‍ത്തി തോന്നി.

കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ്‌ ഇവിടെയുള്ളത്‌. ഒന്നു ചാടിയാലോയെന്ന്‌ കിഷോര്‍ തമാശയായി ചോദിച്ചു. സന്ദര്‍ശകരുടെ സംരക്ഷണത്തിനായി കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. മഞ്ഞുകാലത്ത്‌ ഈ കൊക്കകളുടെ ആഴം കാണാനാവില്ലെന്നു രമേശ്‌ പറഞ്ഞു. ഞങ്ങള്‍ മുന്നോട്ട്‌ നടന്നു. മൊട്ടക്കുന്നുകളുടെ താഴ്‌വാരത്തുകൂടി നടക്കുമ്പോള്‍ കാറ്റ്‌ പൊതിഞ്ഞു നില്‍ക്കുന്നതു പോലെ. മനസ്സിനും ശരീരത്തിനും ഒക്കെ ഒരു ഉന്മേഷം. കനത്ത നിശബ്ദതയെ തട്ടിയകറ്റികൊണ്ടുള്ള കാറ്റിന്റെ സംഗീതം ആസ്വദിച്ച്‌ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ആ നടത്തം ശരീരത്തിനും മനസിനും നവോന്‍മേഷം പ്രദാനം ചെയ്യുന്നുണ്ട്‌. ഇതു തന്നെ കിഷോറും പറഞ്ഞു. വെറുതെയങ്ങ്‌ നിന്നു കാറ്റു കൊള്ളാന്‍ തോന്നുന്നതു പോലെ...

വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ നിന്നു നോക്കുമ്പോള്‍ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകള്‍ കാണാം. മഞ്ഞു മൂടി ഇടയക്കിടെ കാഴ്‌ച മറയുകയും താമസിയാതെ കാറ്റടിച്ച്‌ ദൂരെയുള്ള മലനിരകള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നുണ്ട്‌. ഇവിടുത്തെ ഒരു പാറക്കെട്ടിന്‌ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ടെന്നു തിരക്കഥാകൃത്ത്‌ ഏലിയാസ്‌ ജോസഫ്‌ പറഞ്ഞു. ഇത്‌ ടാഗോര്‍ പാറ എന്ന്‌ അറിയപ്പെടുന്നു. ഞാന്‍ പാറക്കെട്ടുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി. പരുന്തിന്റെ ആകൃതിയില്‍ ചിറകു വിടര്‍ത്തി നില്‍ക്കുന്ന പാറകള്‍ എന്ന സൂക്ഷിച്ചു നോക്കുന്നതു പോലെ. ഭാഗ്യം, കിഴക്കു നിന്നെത്തിയ ഒരു മഞ്ഞ്‌ കണം അതിന്റെ കാഴ്‌ചയെ മറച്ചു കളഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പരുന്തുംപാറയില്‍ നിന്നുനോക്കിയാല്‍ ശബരിമലയും കാണാനാവുമെന്ന്‌ രമേശ്‌ വിക്രമന്‍ പറഞ്ഞു. ഇവിടെ നിന്ന്‌ മകരവിളക്ക്‌ കാലത്ത്‌ അയ്യപ്പന്മാര്‍ ദര്‍ശനം നടത്താറുണ്ടത്രേ. ഇടുക്കി ജില്ലയില്‍ നിന്നും ശബരിമല മകരവിളക്ക്‌ ദര്‍ശിക്കാന്‍ കഴിയുന്ന ഒരു മേഖല കൂടിയാണിത്‌.

അന്തരീക്ഷത്തിലേക്ക്‌ തണുപ്പ്‌ ഊളിയിട്ടു തുടങ്ങി. നല്ല കാറ്റുമുണ്ട്‌. കാറ്റിനുമുണ്ട്‌ തണുപ്പ്‌. ഞങ്ങള്‍ രണ്ടു മണിക്കുറോളം പരുന്തുംപാറയില്‍ ചെലവഴിച്ചു. മനോഹരമായ ഭൂപ്രദേശത്തിന്റെ അനിര്‍വചനീയമായ അനുഭൂതി ലയിച്ചു കൊണ്ട്‌ ബിനോയ്‌ ഒരു ഗസല്‍ മൂളി. കാറ്റ്‌ അത്‌ ഏറ്റു പിടിച്ചു. പിന്നെ, അതിന്റെ തരളിതമായ ഓര്‍മ്മകളിലേക്ക്‌ മടങ്ങി, ഞങ്ങള്‍ ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങി.

(തുടരും)
കാഴ്‌ചയുടെ പരുന്തുംപാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 19: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക