Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ വിളിപ്പാടകലെ; മികവിന്റെ ചരിത്രവുമായി പ്രഥമ വനിത

Published on 23 May, 2014
ഫൊക്കാനാ കണ്‍വന്‍ഷന്‍ വിളിപ്പാടകലെ; മികവിന്റെ ചരിത്രവുമായി പ്രഥമ വനിത
ഫൊക്കാനാ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ അരങ്ങേറുമ്പോള്‍ വെല്ലുവിളികള്‍ പലതാണ്‌. അതേസമയത്തു തന്നെയാണ്‌ അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ (കെ.സി.സി.എന്‍.എ) നടക്കുന്നത്‌. 7-8000 പേര്‍ എത്തുന്ന സമ്മേളനം. അതിനു പുറമെ സെന്റ്‌ തോമസ്‌ ദിനം ചിക്കാഗോ രൂപതയുടെ കീഴില്‍ വന്‍തോതില്‍ ആഘോഷിക്കുന്നതും ഇതേ സമയത്തു തന്നെ. മുന്നു വന്‍ മലയാളി സമ്മേളനങ്ങള്‍ ഒരേ സമയം, ഒരേ നഗരത്തില്‍ ഇതാദ്യമായിരിക്കാം.

എന്നാലും ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്ക്‌ കുലുക്കമൊന്നുമില്ല. അടര്‍ക്കളത്തില്‍ ഏകയായി പോരാടുന്ന വനിതയുടെ ധീരതയും കര്‍മ്മകുശലതയുമാണ്‌ അവര്‍ പ്രകടമാക്കുന്നത്‌. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ വിജയസാധ്യതകളെപ്പറ്റിയൊന്നും അവര്‍ക്ക്‌ ആകുലതയൊന്നുമില്ല.

വാലിഫോര്‍ജില്‍ ഫോമാ കണ്‍വന്‍ഷന്‍ തീരുന്നതിന്റെ പിറ്റെ ആഴ്‌ചയാണ്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍. ജൂലൈ നാലിന്‌ വെള്ളിയാഴ്‌ച സജീവമാകുന്ന അരങ്ങുകള്‍ മൂന്നുദിവസത്തെ തുടര്‍ച്ചയായ പരിപാടികള്‍ക്കാണ്‌ വേദിയാകുക. ഇനി വിനോദവും നൈറ്റ്‌ വര്‍ക്കിംഗും പഴയ ബന്ധങ്ങള്‍ പുതുക്കലുമൊക്കെ ഒഹയര്‍ ഹൈറ്റ്‌ റീജന്‍സിയിലെ വിശാലവും മനോഹരവുമായ വേദികളിലേക്ക്‌. വിജ്ഞാനപ്രദമായ സെമിനാറുകളും മറക്കണ്ട.

മന്ത്രിമാര്‍ അടക്കം നേതാക്കളുടെ ഒരു സംഘംതന്നെ വരുന്നു. അതിനു വേറൊരു കാരണവുമുണ്ട്‌. ഒരു വിവാഹത്തില്‍ പങ്കെടുക്കുകകൂടിയാണ്‌ അവരുടെ ലക്ഷ്യം. മന്ത്രിമാരായ കെ.സി. ജോസഫ്‌, അനൂപ്‌ ജേക്കബ്‌, സ്‌പീക്കര്‍ കാര്‍ത്തികേയന്‍, മുന്‍മന്ത്രി ബിനോയ്‌ വിശ്വം, ആന്റോ ആന്റണി എം.പി, ജോസ്‌ കെ. മാണി എം.പി എന്നിവര്‍ അവരില്‍ ചിലര്‍.

ഇതാദ്യമായി കേരള സര്‍ക്കാര്‍ ചെലവില്‍ ഒരു എട്ടംഗ സംഘത്തെ സമ്മേളനത്തിലേക്കയയ്‌ക്കുന്നു. ബാലഭാസ്‌കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കലാടീമിന്റെ വരവ്‌ കേരള സര്‍ക്കാര്‍
ഫൊക്കാനക്ക്‌ നല്‍കുന്ന അംഗീകാരമായി മറിയാമ്മ പിള്ള കരുതുന്നു.

പതിവ്‌ സമ്മേളനങ്ങളും പരിപാടികളുമെല്ലാം ഇത്തവണയുമുണ്ട്‌. പുതുതായി ഏതാനും ചിലവയുമുണ്ട്‌. അതിലൊന്നാണ്‌ ജൂലൈ നാലിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി. അമേരിക്കയിലേയും കാനഡയിലേയും കലാകാരന്മാരെ അണിനിരത്തി രണ്ടര മണിക്കൂര്‍ ഷോ തയാറാക്കുന്നത്‌ ജയന്‍ മുളങ്ങടും, ഡോ. ശ്രീധരന്‍ കര്‍ത്തായും സംഘവുമാണ്‌. ഫൊക്കാനയുടെ തുടക്കംമുതലുള്ള ചരിത്രത്തിലൂടെ അമേരിക്കയില്‍ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയും വികാസവുമാണ്‌ കേന്ദ്രബിന്ദുവായി ചിത്രീകരിക്കുക. ആട്ടവും പാട്ടും കഥാപ്രസംഗവുമെല്ലാം ചേരുന്ന പരിപാടി അപൂര്‍വ്വമായ അനുഭവമായിരിക്കും. നൂറില്‍പ്പരം പേര്‍ പങ്കെടുക്കുന്നതെന്നതുതന്നെ അതിന്റെ വൈവിധ്യം വ്യക്തമാക്കും.

ഇന്ത്യന്‍ ഭക്ഷണം ഒരുക്കിയിരിക്കുന്നത്‌ തൊട്ടടുത്തുള്ള റോത്ത്‌മാന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ്‌. ഇന്ത്യന്‍ ഹോട്ടലുകള്‍ ഭക്ഷണം സേര്‍വ്‌ ചെയ്യും. ഇതിനായി പ്രത്യേക സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്‌.

സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ മുതല്‍ പുലരുവോളം വൈവിധ്യമാര്‍ന്ന പരിപാടികള്‍. കലാമത്സരങ്ങളും സ്‌പോര്‍ട്‌സ്‌ മത്സരങ്ങളും ബാസ്‌കറ്റ്‌ ബോള്‍, ടെന്നീസ്‌ മത്സരങ്ങളുമുണ്ട്‌.

വിവിധ സ്ഥലങ്ങളില്‍ നടത്തിയ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാഷണല്‍ മത്സരം. ഇതാദ്യമായി സമ്മേളനത്തില്‍ നടക്കും. ഒന്നാം സമ്മാനം 5000 ഡോളര്‍.

എഴുത്തുകാരിയായ അഡ്വ. രതീദേവിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനം ഇത്തവണ പുതുമയായിരിക്കും. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള സാഹിത്യകാരന്മാരും പങ്കെടുക്കും.

സ്റ്റേജിന്റെ സംവിധാന ചുമതല ബിജു സഖറിയയ്‌ക്കാണ്‌. അത്യാധുനിക സൗകര്യങ്ങളാണ്‌ ഒരുക്കുക. മതസൗഹാര്‍ദ്ദ സമ്മേളനം, ചിരിയരങ്ങ്‌, തുടങ്ങിയവയും ശ്രദ്ധേയമായിരിക്കും.

കുട്ടികള്‍ കോളജിലെത്തുമ്പോള്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ പരിശീലനം നല്‍കുന്ന സെമിനാര്‍ ഇത്തവണ പ്രധാനമായിരിക്കും. അമേരിക്കക്കാരും ഇന്ത്യക്കാരുമായ പ്രൊഫസര്‍മാരായിരിക്കും ഇത്‌ നയിക്കുക.

വാര്‍ദ്ധക്യത്തിലേക്ക്‌ കടക്കുന്നവര്‍ക്കായുള്ള ബോധവത്‌കരണ സെമിനാറാണ്‌ മറ്റൊന്ന്‌. സര്‍ക്കാരില്‍ നിന്ന്‌ ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, അസിസ്റ്റഡ്‌ ലിവിംഗ്‌ സംബന്ധിച്ച വിവരങ്ങള്‍, വില്‍പത്രം എഴുതേണ്ടതിന്റെ ആവശ്യകത എന്നിവയൊക്കെ വിഷയമാകും. വില്‍പത്രം എഴുതാത്തതുമൂലം സ്വത്തുക്കള്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്ന അവസ്ഥ പല കുടുംബങ്ങളിലും സംഭവിച്ച അനുഭവങ്ങളുമുണ്ട്‌.

കേരളത്തില്‍ വൃക്ക രോഗങ്ങളും മറ്റും വര്‍ധിക്കുന്നതു തടയാന്‍ മൊബൈല്‍ ക്ലിനിക്കുകളില്‍ പോയി ആളുകളെ
സ്‌ക്രീന്‍ ചെയ്യുന്ന പരിപാടിക്ക്‌ ധനമന്ത്രി കെ.എം. മാണി ഫൊക്കാനയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞ ദിവസം വിളിച്ചുവെന്ന്‌ മറിയാമ്മ പറഞ്ഞു. അതിന്റെ അഡൈ്വസറി ബോര്‍ഡില്‍ മറിയാമ്മ പിള്ളയേയും അംഗമാക്കി.

വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയാണ്‌ കണ്‍വന്‍ഷനിലെ മുഖ്യ കലാപരിപാടി. ബ്യൂട്ടി പേജന്റ്‌, മലയാളി മങ്ക മത്സരം എന്നിവ ഏറ്റവും പ്രധാനപ്പെട്ട ഇനത്തില്‍ പെടുത്തിയിട്ടുണ്ട്‌. അവയുടെ ജഡ്‌ജിമാരായി നടി ദിവ്യാ ഉണ്ണിയെപ്പോലുള്ളവരെയാണ്‌ പങ്കെടുപ്പിക്കുക.

ഞായറാഴ്‌ച ഇലക്ഷന്‍, സെമിനാറുകള്‍ എന്നിവ. യു.എസില്‍ നിന്നുള്ള രാഷ്‌ട്രീയ നേതാക്കളും വിവിധ സമ്മേളനങ്ങളിലെത്തും. പൂര്‍ണ്ണ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും.

ഒട്ടേറെ അനുഭവങ്ങളിലൂടെ രണ്ടു വര്‍ഷം പോയതറിഞ്ഞില്ല. ചെല്ലുന്നിടത്തൊക്കെ അംഗീകാരവും ആദരവും ലഭിച്ചു. പ്രത്യേകിച്ച്‌ നാട്ടില്‍.
കണ്‍വന്‍ഷന്‍ നഷ്‌ടമാകുമെന്നു കരുതുന്നില്ല. ആളുകളെ നേരിട്ടുതന്നെ ക്ഷണിക്കുന്നുണ്ട്‌. വാക്ക്‌ ഇന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ന്യൂയോര്‍ക്കില്‍ നിന്നാണ്‌ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍. കാനഡ, ഡാലസ്‌ എന്നിവടങ്ങളില്‍ നിന്നും ധാരാളം രജിസ്‌ട്രേഷനുണ്ട്‌.

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തിയുണ്ട്‌. പൊളിറ്റിക്‌സിനൊന്നും തനിക്ക്‌ താത്‌പര്യമില്ലായിരുന്നു. എല്ലാവരുമായും ഒത്തുപോകുവാന്‍ ശ്രമിച്ചു. നേതൃത്വമൊഴിഞ്ഞാല്‍ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്‌ ലക്ഷ്യം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രം പോര.
ഇവിടെയും അര്‍ഹിക്കുന്നവര്‍ ധാരാളം.

സമ്മേളനത്തിലേക്ക്‌ മത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിട്ടില്ല. മാര്‍ത്തോമാ മെത്രാപ്പോലീത്ത സ്ഥലത്തുള്ളതിനാല്‍ ഒരു ദിവസം വരാമെന്നു പറഞ്ഞു. മാര്‍ അങ്ങാടിയത്തിനും മറ്റും എത്താനാവുമോ എന്ന്‌ തീര്‍ച്ചയില്ല.

രണ്ടു വര്‍ഷത്തിനുള്ളില്‍ കഴിയാവുന്നത്ര സ്ഥലങ്ങളിലെല്ലാം പോയി. സംഘടന പിളര്‍ന്നുവെങ്കിലും തനിക്ക്‌ എല്ലാവരുമായും ബന്ധമുണ്ട്‌. അതുകൊണ്ടുതന്നെ ഫോമാ നേതാക്കളും സമ്മേളനത്തിനു വരും. വ്യക്തി ബന്ധങ്ങളിലാണല്ലോ കാര്യം. താന്‍ സ്ഥാനമൊഴിഞ്ഞാലും സീനിയേഴ്‌സിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന തുടരണമെന്നാണ്‌ ആഗ്രഹം.

തന്റെ വ്യക്തിഗത സ്വത്തുക്കളും ചാരിറ്റിക്ക്‌ മാറ്റിവെച്ചിരിക്കുന്ന മറിയാമ്മ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
സംത്രുപ്തിയോടെ  വിലയിരുത്തുന്നു. ആഗ്രഹിച്ചതുപോലെ എല്ലാം നടന്നുവെന്നര്‍ത്ഥമില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ പലതും ചെയ്യാനായി. അതിനാല്‍ തന്നെ ഖേദമൊന്നുമില്ല.

ഫൊക്കാനാ കണ്‍വന്‍ഷന്‌ രജിസ്‌ട്രേഷന്‌ ഇനിയും സമയമുണ്ട്‌. രജിസ്റ്റര്‍ ചെയ്യാന്‍ www.fokanaonline.com സന്ദര്‍ശിക്കുക
ഫൊക്കാനാ കണ്‍വന്‍ഷന്‍ വിളിപ്പാടകലെ; മികവിന്റെ ചരിത്രവുമായി പ്രഥമ വനിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക