Image

വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (രണ്ടാം ഭാഗം: ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 22 May, 2014
വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (രണ്ടാം ഭാഗം: ബ്ലെസന്‍ ഹൂസ്റ്റണ്‍)
പത്ത്‌ വര്‍ഷത്തോളമാണ്‌ വൈദീക പഠനത്തിനായി കത്തോലിക്കസഭ നിഷ്‌കര്‍ഷിക്കുന്നത്‌. ഈ പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഏത്‌ നിമിഷവും അത്‌ ഉ പേക്ഷിച്ച്‌ പോകാന്‍ അവര്‍ക്ക്‌ അനുവാദമുണ്ട്‌. പൗരസ്‌ത്യ സഭകളിലും മറ്റും ബിരുദപഠനത്തിനുശേഷമാണ്‌ വൈദീകപഠനത്തിനായി എടുക്കുന്നത്‌. അഞ്ചും ഏഴും വര്‍ഷങ്ങളാണ്‌ അവരുടെ പഠനകാലാവധി. അവര്‍ക്കും ഈ കാലാവധിക്കുള്ളില്‍ വൈദീകവിദ്യാര്‍ത്ഥിക്ക്‌ ഏത്‌ സമയത്തും പഠനം ഉപേക്ഷിച്ച്‌ പോകാന്‍ അനുവാദം നല്‍കുന്നുണ്ട്‌. അവരും വൈദീക ജീവിതത്തിന്റെ വിശുദ്ധിയേയും മഹത്വത്തെയും ഉത്തരവാദിത്വങ്ങളെയും കഷ്‌ടപാടുകളെയും കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധം നല്‍കാറുണ്ട്‌.

വൈദീകപട്ടം സ്വീകരിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വരെ അവര്‍ക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോകാന്‍ അനുവാദമുണ്ട്‌. വൈദീകപട്ടത്തിന്‌ തൊട്ടുമുന്‍പ്‌ എടുക്കുന്ന പ്രതിജ്ജയില്‍പോലും പൂര്‍ണ്ണതാല്‌പര്യത്തില്‍ മാത്രമാണ്‌ വൈദീകജീവിതം താന്‍ തിരഞ്ഞെടുക്കുന്നതെന്ന്‌ വൈദീക വിദ്യാര്‍ത്ഥി ഉറപ്പു നല്‍കിയിട്ടാണ്‌ വൈദീകപട്ടം സ്വീകരിക്കുന്നത്‌. ചില ക്രൈസ്‌തവസഭകളില്‍ ഇതില്ലെന്ന്‌ പറയാം. എങ്കിലും ഒട്ടുമിക്ക പൊന്തിഫിക്കല്‍ സഭകളിലും ഇതുണ്ട്‌. എന്നിട്ടും വൈദീകജീവിതത്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ പലരും വിപരീതമായ തീര്‍ത്തും കുറ്റകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത്‌ ഏറെ അതിശയം തോന്നുന്ന ഒരു വസ്‌തുത തന്നെയാണ്‌. അതിന്റെ പ്രധാന കാരണം അവര്‍ക്ക്‌ അമിതസ്വാതന്ത്ര്യം കിട്ടുന്നതാണോ? കത്തോലിക്കസഭയിലെ വൈദീകര്‍ക്ക്‌ അത്‌ ഒരു പരിധിവരെ ശരിയാണെന്ന്‌ സമ്മതിക്കാം. വിവാഹിതരായ വൈദീകര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതോ?

സമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്ന ബഹുമാനിക്കപ്പെട്ടിരുന്ന
വിഭാഗമായിരുന്നു ക്രൈസ്‌തവപുരോഹിതര്‍. കേരളത്തിലും പാശ്ചാത്യരാജ്യങ്ങളിലും ഏറെക്കുറെ ഒരുപോലെ തന്നെയായിരുന്നു. കേരളത്തില്‍ ഒരു വൈദീകനെ കാണുമ്പോള്‍ അറിയാതെ നാം സ്‌തുതി പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എത്ര വലിയ വ്യക്തിയായിരുന്നാലും ഒരു വൈദീകന്‍ ആ വ്യക്തിയുടെ അടുത്തെത്തുമ്പോള്‍ അറിയാതെ എഴുന്നേറ്റ്‌ പോകുമായിരുന്നു. അത്‌ വൈദീകനെന്ന വ്യക്തിയോടുള്ള ബഹുമാനമല്ല ആ പദവിയോടുള്ള ആദരവായിരുന്നു. അത്ര കണ്ട്‌ ബഹുമാനവും ആദരവും നല്‍കിയിരുന്ന വൈദീകരുള്ള നമ്മുടെ കേരളത്തില്‍പ്പോലും അതിപ്പോള്‍ കാണാന്‍ കഴിയാത്തത്‌ വൈദീകര്‍ അവരുടെ പദവിയുടെ അന്തസ്സിനുവിപരീതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ടുതന്നെ.

വൈദീക സമൂഹത്തെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്നില്ല. വൈദീകര്‍ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. സമൂഹത്തില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ട്‌. സമൂഹത്തെ നന്മയിലേക്ക്‌ നയിച്ചിട്ടുണ്ട്‌. ലോകചരിത്രത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ കാട്ടാം. എന്തിന്‌ നമ്മുടെ കേരളത്തില്‍പോലും അതിനുദാഹരണങ്ങള്‍ ധാരാളം ഉണ്ടെന്നതാണ്‌ സത്യം. ഇടവകകളില്‍ വികാരിസ്ഥാനം വഹിച്ചിരുന്ന വൈദീകര്‍ അംഗങ്ങള്‍ക്ക്‌ ആശ്വാസവും ആലംബവുമായിരുന്നു പണ്ടൊക്കെ. അതിന്‌ എത്രയോ ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താം. പാവങ്ങളുടെ പടത്തലവന്‍മാരായും സാമൂഹിക പരിഷ്‌കര്‍ത്താക്കളായും ഭാരം ചുമക്കുന്നവന്റെ താങ്ങായും നീതിനിഷേധിക്കപ്പെട്ട തൊഴിലാളികളുടെ അവകാശസംരക്ഷകരായും പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്‌ത എത്രയോ വൈദീകര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെയുണ്ട്‌. ഫാദര്‍ വടക്കനും ഫാദര്‍ കൊച്ചേരിയും ഫാദര്‍ വടക്കേമുറിയുമൊക്കെ അതില്‍ ചിലര്‍ മാത്രമാണ്‌. വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ആരോഗ്യപരിപാലനരംഗത്ത്‌ വളര്‍ച്ചയ്‌ക്കുവേണ്ടി ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിച്ച അനേകം കത്തോലിക്കാ വൈദീകരുണ്ട്‌. എന്തിന്‌ സ്വന്തം ജീവന്‍പോലും സഹജീവികള്‍ക്കുവേണ്ടി ബലിയര്‍പ്പിച്ച വൈദീകര്‍ ലോകചരിത്രത്തിലുണ്ട്‌. വിശുദ്ധനായ ഫാദര്‍ മാക്‌സിമില്ലന്‍ കോള്‍ബിയു ടെ ജീവിതം തന്നെ അതിനുദാഹരണമാണ്‌. നാസ്സി പട്ടാളത്തിന്റെ പിടിയിലമര്‍ന്ന മരണപത്രം കിട്ടിയ 2000ത്തോളം യഹൂദ തടവുകാര്‍ക്കുവേണ്ടി തന്റെ ജീവന്‍ സമര്‍പ്പിക്കാമെന്നും അവരെ മരണത്തിലേക്ക്‌ അയയ്‌ക്കരുതെന്നും യാചിച്ച്‌ നാസ്സി പടയാളികളുടെ മുന്നില്‍ ജീവന്‍ സമര്‍പ്പിച്ച മരണമേറ്റുവാങ്ങിയ വൈദീകനായിരുന്നു വിശുദ്ധ മാക്‌സിമല്ലന്‍ കോര്‍ബി.
കുഷ്‌ഠരോഗികള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കുഷ്‌ഠരോഗിയായി മരണം പുല്‍കിയ ഫാദര്‍ ഡാമിയന്‍. അങ്ങനെയെത്രപേര്‍. ഒരു കാലത്ത്‌ വൈദീകര്‍ ക്രിസ്‌തുവിന്റെ ദൗത്യം നടപ്പാക്കി വൈദീക ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കി ജീവിച്ചവരായിരുന്നുയെന്നതാണ്‌ ഇതൊക്കെ തുറന്നുകാട്ടുന്നുണ്ട്‌. എന്നാല്‍ ഇന്ന്‌ അങ്ങനെ പ്രവര്‍ത്തിക്കുന്ന എത്ര പേരുണ്ട്‌. നമ്മുടെ കേരളത്തില്‍പോലും അങ്ങനെയുള്ളവര്‍ കുറഞ്ഞു വരുന്നുയെന്നതാണ്‌ ഈയടുത്ത സമയത്ത്‌ ഹരിപ്പാട്ടും തൃശൂരിലും ഇടുക്കിയിലും വൈദീകര്‍ ലൈംഗീക കുറ്റകൃത്യങ്ങള്‍ക്കും അനാശാസ്യപ്രവര്‍ ത്തിക്കുംവേണ്ടി അറസ്റ്റ്‌ ചെയ്‌തപ്പോള്‍ സൂചിപ്പിക്കുന്നത്‌.

ജീവിതമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരാണ്‌ വൈദീകര്‍. അവര്‍ വിവാഹിതരായാലും അല്ലെങ്കിലും ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നതോടൊപ്പം മനുഷ്യര്‍ക്ക്‌ മാതൃകയുമാണ്‌ വൈദീകര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ സമൂഹം അതിപ്രധാനമായ സ്ഥാനം നല്‍കുന്നുണ്ട്‌. മറ്റെതൊരു തൊഴിലിനെക്കാളും ഏറ്റവും മഹത്വം കല്‌പിക്കുന്നതാണ്‌ വൈദീകവൃത്തി അതൊരു തൊഴിലെന്നതായിട്ടല്ല മറിച്ച്‌ മനുഷ്യരില്‍ ദൈവത്തിന്റെ സാന്നിധ്യമറിയിക്കുന്നു. ദൈവീക പരിവേഷമുള്ളവരായി പ്രവര്‍ത്തിക്കുന്നവരാണ്‌ വൈദീകര്‍ അവര്‍ മൂല്യം മറന്നുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരായി മാറിയാല്‍ കുറ്റവാളികളും അവരും തമ്മിലെന്താണ്‌ വ്യത്യാസം? ജനത്തോട്‌ ദൈവത്തെക്കുറിച്ച്‌ പറയുകയും സാത്താന്റെ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്‌താല്‍ അതില്‍ എന്തര്‍ത്ഥമാണുള്ളത്‌. താന്‍ ഏറ്റെടുത്ത മഹത്തായ ഔന്നത്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍നിന്ന്‌ മാന്യമായ പിന്‍മാറ്റമാകാം.
അതല്ലാതെ അപഹസിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.

ബ്ലെസന്‍ ഹൂസ്റ്റണ്‍ :
blesson houston@gmail

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (രണ്ടാം ഭാഗം: ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക