Image

ഭാരതം മോഡി തരംഗത്തില്‍, മാറ്റത്തിന്റേയും (ജി. പുത്തന്‍കുരിശ്‌)

Published on 24 May, 2014
ഭാരതം മോഡി തരംഗത്തില്‍, മാറ്റത്തിന്റേയും (ജി. പുത്തന്‍കുരിശ്‌)
മറ്റൊരു സമയത്തിനു വേണ്ടിയും മറ്റൊരാള്‍ക്കുവേണ്ടിയും കാത്തിരുന്നാല്‍ മാറ്റം ഒരിക്കലും സംഭവിച്ചെന്നിരിക്കില്ല. ഒരു മാറ്റത്തിനായി കാംക്ഷിച്ചവരും കാത്തിരുന്നവരും നമ്മളാണ്‌. ഒടുവില്‍ നമ്മള്‍ക്കു മാറാനുള്ള സമയം സമാഗതമായിരിക്കുന്നു. ഇരുനൂറു വര്‍ഷത്തിലേറെ വെളുത്ത വര്‍ഗ്ഗക്കാരന്റെ കുത്തക അവകാശപ്പെട്ടിരുന്ന അമേരിക്കന്‍ പ്രസിഡന്‍സിയെ ഇളക്കി പ്രതിഷ്‌ഠിച്ചുകൊണ്ട്‌ അധികാരത്തില്‍ വന്ന കറുത്തവര്‍ഗ്ഗക്കാരനായ ബറാക്ക്‌ ഒബാമയുടെ വാക്കുകളാണ്‌ മേലുദ്ധരിച്ചവ. ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്‌തിതുടങ്ങി അധികാരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന കോണ്‍ഗ്രസ്സിനേയും അതിന്റെ സൂത്രധാരത്വം വഹിച്ചിരുന്ന ഗാന്ധികുലത്തെയും തറപറ്റിച്ചുകൊണ്ട്‌ കേവലഭൂരിപക്ഷത്തോടുകൂടി ബീജേപ്പിയെ വിജയത്തിലേക്ക്‌ നയിച്ച്‌ ്‌ ഭാരതത്തില്‍ മാറ്റം വരുത്തുവാനുള്ള അവസരം മോഡിക്ക്‌ കരഗതമായിരിക്കുന്നു. നൂറു മില്ലിയണിനിലേറെ പുതിയ സമ്മതിധായകരാണ്‌ ഈ മാറ്റത്തിന്റെ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി ഇത്തവണ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയതെന്ന്‌ മനസ്സിലാക്കുമ്പോള്‍ മാറ്റത്തിനായി തുടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്വപ്‌നം എത്ര വലുതെന്ന്‌ അനുമാനിക്കാവുന്നതെയുള്ളു.

അമേരിക്കന്‍ പ്രസിഡണ്ട്‌ ബറാക്ക്‌ ഓബാമയെപ്പോലെതന്നെ ഭാരതത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിക്കാനുള്ള മോഡിയുടെ രാഷ്‌ട്രീയ യാത്രയിലും പല സമാനതകളുണ്ടെന്നുള്ളതും ഒരു പ്രത്യേകതയാണ്‌. ഒരു പിന്നോക്ക സമൂധായത്തില്‍ പിറന്ന മോഡിക്ക്‌ ആറുമക്കളടങ്ങുന്ന കുടുംബത്തെ പുലര്‍ത്തുന്നതിന്‌ പിതാവിനോടൊപ്പം റയില്‍വേ സ്‌റ്റേഷനില്‍ ചായകച്ചവടം നടത്തണ്ടതായി വന്നിട്ടുണ്ടു. പിന്നീട്‌ സഹോദരനുമൊത്ത്‌ ബസ്‌ സ്‌റ്റേഷനിലും അദ്ദേഹം ചായക്കട ആരംഭിക്കുകയും ജീവിത വിജയങ്ങള്‍ക്ക്‌ ലക്ഷ്യബോധത്തോടൊപ്പം കഠിനാദ്ധ്വാനവും അനുപേക്ഷണിയമാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തു. ഗുജറാത്ത്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ക്യാന്‍റ്റീനിലെ ജോലിക്കാരന്‍, രാഷ്‌ട്രീയ സ്വയംസേവക സംഗത്തിന്റെ പ്രചാരകന്‍, അതിന്റെ തന്നെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ തലവന്‍ എന്ന നിലയിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു ശേഷമാണ്‌ മോഡി രാഷ്‌ട്രീയ സ്വയംസേവക സംഗത്തിന്റെ അംഗമാകുന്നത്‌. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചില്‍ ഇന്ദിരാഗാന്ധി രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ പലരും തടങ്കലിലായപ്പോള്‍ മോഡി ഒളിവില്‍ പോകുകയും അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ട്‌ ലേഖനങ്ങളും ലഘുലേഖകളും അടിച്ച്‌ വിതരണം ചെയ്യുകയും ചെയ്‌തു. ജയപ്രകാശ്‌ നാരായണനോടൊപ്പം ചേര്‍ന്നും അദ്ദേഹം അടിയന്തരാവസ്ഥയെ എതിര്‍ക്കുകയുണ്ടായി. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ ഭാരതീയ ജനതാപാര്‍ട്ടിയിലെ സജ്‌ജീവ പ്രവര്‍ത്തനാകുകയും ചെയ്‌തു. ശ്രീനഗറില്‍ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ ഭരാതത്തെ ഒന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഏകതാ യാത്ര ജനശ്രദ്ധയാകര്‍ഷിക്കുകയും അദ്ദേഹത്തെ ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിന്റെ മുന്‍നിരയിലെത്തിക്കുകയും ചെയ്‌തു.

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായുള്ള പതിമൂന്ന്‌ വര്‍ഷക്കാലത്തെ ഭരണം മോഡിയെ സംബന്ധിച്ചടത്തോളം നിര്‍ണ്ണായകമായിരുന്നു. ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളുടെ വൈദ്യദുതീകരണം, വിദ്യാഭ്യാസം, സ്‌ത്രീകളോടെ വിദ്യാഭ്യാസം, പട്ടിണിനിര്‍മ്മാര്‍ജനം തുടങ്ങിയവയിലൂടെ മോഡി അവകാശപ്പെടുന്ന നേട്ടങ്ങളെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങളാണുത്‌. വിദേശ വ്യവസായങ്ങള്‍ ഗുജറാത്തില്‍ കൊണ്ടുവരുന്നതിലേക്ക്‌ അമേരിക്ക ഒഴിച്ച്‌ ചൈന, ജപ്പാന്‍ തുടങ്ങിയ പലരാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ഗുജറാത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ മോഡി വഹിച്ച പങ്കിനെക്കുറിച്ച്‌ പല ഊഹാപോകങ്ങളും നിലനില്‌ക്കുമ്പോള്‍തന്നെ, ബ്രിക്ക്‌ റിപ്പോര്‍ട്ടിന്റെ രചയിതാവും ബ്രിട്ടീഷ്‌ സാമ്പത്തിക വിദഗ്‌ദനുമായ ജിമ്‌ ഓ നീലിന്റെ അഭിപ്രായം മോഡിക്ക്‌ സമ്പദ്‌ വ്യവസ്ഥതികളെക്കുറിച്ച്‌ ഉള്‍ക്കാഴ്‌ചയുണ്ടെന്നാണ്‌.

ഗോധറിയില്‍ നിന്നാരംഭിച്ച്‌ ഏകദേശം രണ്ടായിരം പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ ലഹള മോഡിയുടെ ജീവതത്തിലെ ഒരു കറുത്ത ആദ്ധ്യായമായി തുടരുമെന്നുള്ളതിന്‌ സംശയമില്ല. ഹിന്ദുരാഷ്‌ട്രം കെട്ടിപ്പെടുക്കാനുള്ള ഭാരതീയ ജനതാപാര്‍ട്ടിയിലെ ചിലരുടെ തീവ്രമായ താത്‌പര്യങ്ങളും, മോഡിയെ ഒരു നിഴലുപോലെ പിന്‍തുടരുന്ന ഗുജറാത്തിലെ കൂട്ടക്കൊലയും ന്യുനപക്ഷങ്ങളായ ക്രൈസ്‌തവരേയും മഹമദീയരേയും അവരുടെ സുരക്ഷിതത്തെക്കുറിച്ച്‌ ശങ്കയുള്ളവരാക്കുന്നു. നൂറ്റ്‌ ഇരുപത്തി രണ്ടുകോടി ജനങ്ങളുള്ള ഭാരത ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍, വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിലുപരി സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതി എന്നിങ്ങനെ എണ്ണമറ്റ പ്രശ്‌നങ്ങളെ നേരിടാനും, ഭാരതത്തെ പുരോഗതിയുടെ മാര്‍ഗ്ഗത്തിലൂടെ മറ്റു രാഷ്‌ട്രങ്ങള്‍ക്കൊപ്പം അഭിവൃദ്ധിയിലേക്ക്‌ നയിക്കാനുല മോഡി സര്‍ക്കാറിന്‌ കഴിയട്ടെ എന്ന്‌ നമ്മള്‍ക്ക്‌ ആശംസിക്കാം.
ഭാരതം മോഡി തരംഗത്തില്‍, മാറ്റത്തിന്റേയും (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക