Image

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും പ്രത്യാശയും: ഡോ.ബി.ഇക്ബാല്‍

Published on 26 May, 2014
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും പ്രത്യാശയും: ഡോ.ബി.ഇക്ബാല്‍
(കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെപ്പറ്റി മുന്‍ വൈസ് ചന്‍സലര്‍ ഡോ. ബി. ഇക്ബാലുമായി സിറിയക്ക് സ്‌കറിയ (ടെക്‌സസ്) നടത്തിയ അഭിമുഖം)
Part 2 (see part-1 below)

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ എന്തെല്ലാം ? കാരണങ്ങള്‍ ? സ്വയം വിമര്‍ശനാന്മകമായി പറയാമോ?

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള സമൂഹ്യ നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ എല്ലാ തലങ്ങളിലും കേരളം ഇന്നു പുറകോട്ടു പോയികൊണ്ടിരിക്കയാണ്.

വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധനവും വ്യവസായ കാര്‍ഷിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നതാണ് വികസിത രാജ്യങ്ങളുടേയും സമീപകാലത്ത് ചൈനയുടേയും അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസ മേഖല ഉല്പാദന മേഖലകളുടേയും അതുവഴി സാമ്പത്തിക മേഖലയുടേയും വളര്‍ച്ചക്ക് പ്രേരക ശക്തിയായി മാറുന്നു. അതേ അവസരത്തില്‍ ഉല്പാദന സേവന മേഖലകള്‍ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഉദ്ദീപന ശക്തിയായി മാറുന്നു. ഉല്പാദ
മേഖലക്കും മറ്റും ആവശ്യമായ മനുഷ്യ വിഭവശേഷി നല്‍കേണ്ടത് വിദ്യാഭ്യാസ മേഖലയാണല്ലോ. എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ന്നു പന്തലിച്ചുവന്ന കാലത്താണ് ഉല്പാദന മേഖല മുരടിച്ചു പോയത്. കേരളത്തിന്റെ സമ്പത്ത് ഘടന നേരിടുന്ന വെല്ലുവിളികള്‍ എറ്റെടുക്കാന്‍ പാകത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞതുമില്ല. അതിനായുള്ള ഗൌരവമായ ശ്രമങ്ങളൊന്നും കാര്യമായി നടന്നില്ല. അതിനിടെ കൂടുതല്‍ നൈപുണ്യങ്ങളും കഴിവുകളുമുള്ളവരെ മാത്രം ഉള്‍കൊള്ളാന്‍ കഴിയും വിധം ഉല്പാദനസേവന മേഖലകള്‍ അതിവേഗം മാറുകയും ചെയ്തു.

ലോകം ഒരു വൈജ്ഞാനിക സമൂഹമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ പരിവര്‍ത്തനം ഏറ്റവും പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന കേരള വിദ്യാഭ്യാസ മേഖല അതിനോട് പ്രതികരിക്കാതെ വൈമുഖ്യം കാട്ടി മാറിനില്‍ക്കയാണുണ്ടായത്. കാലോചിതമായി മാറിയ ലോക സാഹചര്യങ്ങള്‍ക്കാവശ്യമായ കൂടുതല്‍ നൈപുണ്യങ്ങളും കഴിവുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ശാരീരികാധ്വാനത്തോട് വിരക്തി ജനിപ്പിക്കുകയും പരമ്പരാഗതമായി ലഭിച്ചിരുന്ന കഴിവുകള്‍കൂടി നഷ്ടപ്പെടുത്തുകയും (de-skilling) ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ വളര്‍ന്നു വന്നത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കുറഞ്ഞുവരികയാണെന്ന വസ്തുത പരക്കേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

മ്യൂലാധിഷ്ടിത വിദ്യാഭ്യാസം ആവശ്യമുള്ള മെഡിക്കല്‍ മേഖലയെ എങ്ങിനെ വിലയിരുത്താം?

സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കടന്നു വരവ് ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണ അധാര്‍മ്മിക പ്രവണതകള്‍ കൂടുതല്‍ ശക്തിപ്പെടുത്തികൊണ്ടിരിക്കയാണ്. ലക്ഷക്കണക്കിന് രൂപ നല്‍കി എം ബി ബി എസും കോടിക്കണക്കിന് രൂപ നല്‍കി പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദവും നേടുന്ന ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്ര നൈതിക പിന്തുടരാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. വ്യക്തികളെന്ന നിലയില്‍ ഇവരില്‍ പലരും ധാര്‍മ്മിക ബോധമുള്ളവരാണെങ്കില്‍ പോലും കുടുബാംഗങ്ങളും ബന്ധുക്കളും മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തീര്‍ച്ചയാണ്. മാത്രമല്ല പല സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ വാര്‍ഡുകളില്‍ രോഗികള്‍ കുറവായതുകൊണ്ട് രോഗികളുടെ ശരീരപരീശോധന നടത്തിയും അവരുമായി ആശയവിനിമയം നടത്തിയും വൈദ്യശാസ്ത്ര കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഡോക്ടര്‍മാരുടെ വലിയൊരു സമൂഹം കേരളത്തില്‍ വളര്‍ന്നു വരികയാണ്.

കേരളത്തിന്റെ ഭാവി മാനുഷിക വിഭവശേഷിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെ കാണുന്നു?

പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും പുറത്തു വരുന്ന ബിരുദധാരികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ പരിശീലനം അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാ സാധ്യത (employability) കുറഞ്ഞുവരുന്നു എന്നതാണ് കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. സ്വാഭാവികമായും കേരളം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയായി മാറികൊണ്ടിരിക്കുന്നു. ലോകമെമ്പാടും വിദ്യാസമ്പന്നര്‍ സമൂഹത്തിന്റെ ആസ്തിയായിരിക്കുമ്പോള്‍ (asset) കേരളത്തില്‍ മാത്രം അവര്‍ ബാധ്യതയായി (liability) മാറുന്നു. കേവലം ആശയവിനിമയ ശേഷിയുടെ കുറവുകൊണ്ടു മാത്രം നിരവധി തൊഴിലവസരങ്ങള്‍ ബിരുദധാരികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്, ആശയ വിനിമയ ശേഷിക്കു പുറമേ, വിശകലന സാമര്‍ത്ഥ്യം തുടങ്ങി പല തരത്തിലുള്ള നൈപുണ്യങ്ങള്‍ തൊഴില്‍ ലഭ്യതക്കു മാത്രമല്ല ആധുനിക സമൂഹത്തില്‍ അര്‍ത്ഥവത്തായ ജീവിതം നയിക്കാനും ആവശ്യമാണ്. നമ്മുടെ പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇത്തരം കഴിവുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള പഠന ബോധന രീതികള്‍ ആവിഷകരിക്കേണ്ടതാണ്. കേരളത്തിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങള്‍ക്കും ലോകത്തിന് തന്നെയും വിവിധ മേഖലകളില്‍ മനുഷ വിഭവശേഷി നല്‍കാന്‍ പ്രാപ്തമായ വിദ്യാഭ്യാസ രീതികള്‍ ആവിഷ്‌കരിക്കാന്‍ ഉതകുമാറ് കേരളത്തെ മൊത്തമൊരു സര്‍വ്വകലാശാലയാക്കി മാറ്റണമെന്നാണ് എന്റെ അഭിപ്രായം

വിജ്ഞാ
ഉല്പാദനത്തില്‍ കേരളത്തിനുള്ള സാധ്യതകള്‍ എന്തെല്ലാം?

വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഒട്ടനവധി സാധ്യതകള്‍ കേരളത്തിനു മുന്നിലുണ്ടെന്ന വസ്തുത കാണാതെ പോവരുത്. പ്രശ്‌ന പരിഹാരത്തിനായി കുറുക്കുവഴികള്‍ തേടാതെ കേരളത്തിന്റെ ശക്തികള്‍ പ്രയോജനപ്പെടുത്തികൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ഉടനടി ആരംഭിക്കേണ്ടതാണ്. കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി വിജുഞാനാര്‍ജ്ജനത്തോടുള്ള അതീവ താത്പര്യം തന്നെയാണ്. ഒരു വൈജ്ഞാനിക സമൂഹത്തിനാവശ്യമായ എല്ലാ ബൌദ്ധിക അടിത്തറയും അടിസ്ഥാന സൌകര്യങ്ങളുമുള്ള സംസ്ഥാനമാണ് നമ്മുടേത്. വിജ്ഞാന ഉല്പാദനത്തിനാവശ്യമായ (ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്) എല്ലാ സാഹചര്യങ്ങളും കേരളത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. സാര്‍വ്വദേശീയ-ദേശീയ നിലവാരമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. വിക്രം സാരാഭായി സ്‌പെയ്‌സ് സയന്‍സ് സെന്റര്‍, ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ക്‌നോളജി, സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റെ സ്റ്റഡീസ് തുടങ്ങിയ വിശ്രുത ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. സര്‍വ്വകലാശാലകളുടെ ഗവേഷണ സെന്ററുകളെന്ന പരിഗണന ഒഴിച്ചാല്‍ നമ്മുടെ സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവക്കുള്ള അക്കാദമിക്ക് ബന്ധം വളരെ പരിമിതമാണ്. നവീന കോഴ്‌സുകളാരംഭിക്കാനും ലൈബ്രറി, ലാബറട്ടറി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പങ്കിടുവാനും വിദഗ്ദരുടെ സേവനം അധ്യാപനത്തിനും ഗവേഷണത്തിനും പ്രയോജനപ്പെടുത്താനും സഹായകരമായ രീതിയില്‍ സര്‍വ്വകലാശാലകളും കോളേജുകളും ഗവേഷണസ്ഥാപനങ്ങളും തമ്മില്‍ അക്കാദമിക്ക് ജൈവബന്ധം സ്ഥാപിക്കേണ്ടതാണ്, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നിര്‍ദ്ദേശിച്ച ക്ലസ്റ്റര്‍ കോളേജുകളില്‍ പ്രാദേശികമായി സ്ഥിതി ചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളെ കൂടി ഉള്‍കൊള്ളിക്കാവുന്നതാണ്. ഇത്തരം മാറ്റങ്ങള്‍ക്കായി
സര്‍വ്വകലാശാലകളുടെ നിയമങ്ങളിലും ചട്ടങ്ങളിലും അവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതാണ്.

അക്കാദമിക്ക് ജീര്‍ണ്ണതയും ജഡത്വവും അതിജീവിക്കാന്‍ അങ്ങ് മുന്നോട്ട് വക്കുന്നപ്രധാന നിര്‍ദ്ദേശങ്ങള്‍?

ഉല്പാദന മേഖല മുരടിക്കുന്നതിന്റെ ഫലമായി സമ്പത്തുല്പാദനം നടക്കാത്തതുകൊണ്ട് കേരളം ഇതിനകം കൈവരിച്ച സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതുമില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബല ജനസമൂഹങ്ങളുടെയും ജീവിതം സുരക്ഷമാക്കുന്നതിനു ഉല്പാദന സേവന മേഖലകളുടെ വളര്‍ച്ചയിലൂടെ കൈവരിക്കേണ്ട സാമ്പത്തിക കുതിപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് അക്കാദമിക്ക് ജീര്‍ണ്ണതയും ജഡത്വവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നവീകരണം കേരള വികസന മാതൃകയുടെ സുസ്ഥിരതക്കുള്ള മുഖ്യ അജണ്ടയായി മാറുന്നത്. ഉല്പാദന സേവന മേഖലകളെയും കേരളം നേരിടുന്ന വെല്ലുവിളികളേയും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുത്തികൊണ്ടും വിജ്ഞാന ഉല്പാദനത്തിനു ഊന്നല്‍ നല്‍കികൊണ്ടുമുള്ള സമഗ്രമായ വിദ്യാഭ്യാസനയം കേരളം കരുപ്പിടിപ്പിക്കുന്നതിലൂടെ മാത്രമേ അക്കാദമിക് ജീര്‍ണ്ണതയെ അതിജീവിക്കാന്‍ നമുക്ക് കഴിയൂ. അക്കാദമിക്ക് സജീവതയും (academic vibrancy) ബൌദ്ധിക സത്യസന്ധതയും (intellectual honesty) രാഷ്ട്രീയ കാഴ് ചപ്പാടുമുള്ള (political vision) ഒരു അക്കാദമിക്ക് സമൂഹത്തെ വളര്‍ത്തിയെടുത്തുകൊണ്ട് മാത്രമേ അക്കാദമിക്ക് ജഡ്വത്വത്തില്‍ നിന്നും മോചനം നേടാനാവൂ.

Part 1

1. ലോകശ്രദ്ധ ആകര്‍ഷിച്ച കേരള മോഡലിന്റെ അടിത്തറ വിദ്യാഭ്യാസ സാമൂഹിക നവോത്ഥാനമാണല്ലോ. ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കുമ്പോള്‍?

കേരളത്തില്‍ നാട്ടുരാജാക്കന്മാരുടെ സ്‌ക്കൂളുകള്‍ ഉണ്ടായിരുന്നുവെങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ അത് സവര്‍ണ്ണര്‍ക്കു മാത്രം പ്രാപ്യമായ ഒന്നായിരുന്നു. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ് സാമൂഹിക നീതി നടപ്പിലാക്കാനിറങ്ങിത്തിരിച്ച ആദ്യമലയാളി.
പിന്നീടിങ്ങോട്ട് അയ്യങ്കാളി, ശ്രീ. നാരായണഗുരു, വക്കം മൗലവി, മന്നത്തു പത്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ നിരവധി പേര്‍ ബഹുവര്‍ണ്ണ സമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ചു 1888 ലെ അരുവിത്തറ പ്രതിഷ്ഠ മുതല്‍ തുടര്‍ന്നിങ്ങോട്ട് കേരളം കണ്ടത് ഒരു വിജ്ഞാന വിപഌമാണ്.
വിദ്യാഭ്യാസവളര്‍ച്ചയിലൂടെ സമൂഹരക്ഷ എന്ന വീക്ഷണത്തിലൂടെ പ്രവര്‍ത്തിച്ച ശക്തികള്‍ മൂന്ന്ങ ആണെന്ന് സാമൂഹികശാസ്ത്രജ്ഞര്‍ പറയാറുണ്ട്.
അതായത്
Matrilineal System, Marxist Revolution, Missionary Church എന്നതിന്റെ ചുരുക്കപ്പേരായ '3M' കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമാക്കി മാറ്റി എന്നു നമുക്കു കാണാം.

2 വിദ്യഭ്യാസരംഗത്തിലൂടെ കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സന്ദേശമെന്തായിരുന്നു?

മതനിരപേക്ഷത: മറ്റു സമുദായങ്ങള്‍ക്ക് സ്വന്തം സമുദായത്തോടൊപ്പം നല്‍കി വന്ന പ്രാധാന്യം.
അക്കാദമിക് നിലവാരത്തിലൂന്നിയ ഒരു വ്യവസ്ഥ
സാമൂഹിക നീതി: വിദ്യ ഒരു ജന്മാവകാശമാണെന്നും അത് തുല്യമായ് പകരാനുള്ളതും കൂടുതല്‍ വളര്‍ത്തിയെടുക്കാനുള്ളതുമാണെന്ന ബോധ്യം.

3. ഉദാഹരണമായി പറഞ്ഞാല്‍?

മുസ്ലീം സമുദായം വിദ്യാഭ്യാസരംഗത്ത് ഇല്ലാത്ത കാലത്താണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛന്‍ ചങ്ങനാശ്ശേരിയിലെ അറിയപ്പെടുന്ന ഒരു കച്ചവടക്കാരനുമായിരുന്നു. ആ അവസരത്തിലാണ്. സെന്റ് ജോസഫ് സ്‌ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഒരു പുരോഹിതന്‍ (പേര് ഓര്‍മ്മിക്കുന്നില്ല) എന്റെ പിതാവിനെ സമീപിച്ച് ചോദിക്കുന്നത് സാഹിബ് അങ്ങേയ്ക്ക് 10 മക്കളുണ്ടെന്ന് പറഞ്ഞറിഞ്ഞു. അവരെ വിദ്യാഭ്യാസത്തിന് അയയ്ക്കാന്‍ താല്പര്യപ്പെടുന്നുവോ? ആ ഒരു പ്രേരണ കൊണ്ടാണ 5 പെങ്ങന്മാരുള്‍പ്പെടെ ഞങ്ങളെല്ലാവരും വിദ്യ നേടിയത്.

4.വിദ്യാഭ്യാസ രംഗത്ത് മുണ്ടശ്ശേരി മാഷിന്റെ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍?


1957 ലെ ഗവണ്‍മെന്റിന്റെ നിലപാടുകളിലൂടെയാണ് അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കുന്ന ഒരു വ്യവസ്ഥ നിലവില്‍ വന്നത്.
പൊതുവിദ്യാഭ്യാസം പ്രീഡിഗ്രിവരെ(ഇന്നത്തെ പ്ലസ് ടു) സൗജന്യം ആക്കിയത് വിപ്ലവകരമായ സമീപനങ്ങളിലൂടെയാണ്. കേന്ദ്രനിലാവാരത്തെക്കാള്‍ അനേകം കാതം മുമ്പില്‍ നില്‍ക്കുന്ന നമ്മുടെ സൗജന്യ പൊതുവിദ്യാഭ്യാസ സമ്പ്രദായം ദൃഢമായ ചിന്തയുടെയും പുരോഗമന സമീപനങ്ങളുടെയും സംഭാവനയാണ്.

5. ഇത്രയുമെല്ലാം ഉയരാന്‍ കഴിഞ്ഞിട്ടും എന്തേ കേരളം ഇന്നും ഒരു പ്രവാസികളുടെ നാടായി നില്ക്കുന്നു?

കേരളത്തിന്റെ ഓരോ നേട്ടത്തിനും ഒരു കോട്ടവും ഉണ്ടെന്നുള്ളതാണ് വാസ്തവം. ഏതു രംഗവുമെടുത്താല്‍ അത് സുവ്യക്തവുമാണ്. കോട്ടങ്ങള്‍ കുറച്ച് കൊണ്ടുവരിക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. പ്രബുദ്ധമായ കേരളസമൂഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയരാന്‍ കഴിയുന്ന അന്തര്‍ലീനമായ ഒരു ശക്തി നമുക്കുണ്ട്. അതുകൊണ്ടെനിക്ക് തികഞ്ഞ പ്രത്യാശയാണുള്ളത്.

6. കൂടുതല്‍ വിശദമായി പറഞ്ഞാല്‍?

മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയെ കേന്ദ്രീകരിച്ചാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോക്ക്. മറ്റൊരു നിരീക്ഷണത്തില്‍ പറഞ്ഞാല്‍ ഒരു പൊങ്ങച്ച വിദ്യാഭ്യാസ സമ്പ്രദായം.
കുട്ടികളുടെ അഭിരുചി അഥവാ ആഭിമുഖ്യം കണക്കിലെടുത്ത് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യുമ്പോള്‍ നാം പലപ്പോഴും പലതും അടിച്ചേല്‍പ്പിക്കുകയാണ്. ബൗധികമായ തലത്തിലാണെങ്കില്‍ പോലും ഞാന്‍ തമാശയായി പറയാറുള്ളത് ചില കാര്യങ്ങളില്‍ കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാത്തവരാകണം എന്നാണ്.
എന്റെ ഒരു പോസിറ്റീവായ ചിന്തയാണത്. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് അതൊരു പാഷന്‍ ആയി കണ്ടെങ്കില്‍ മാത്രമെ ഒരു വ്യക്തിക്ക് അവന്റെ രംഗത്ത് ശോഭിക്കാനാവൂ.
അത്തരം സമൂഹത്തിനെ ഒരു വര്‍ക്ക് എത്തിക്‌സുള്ള മൂല്യവര്‍ദ്ധിതമായ മനുഷ്യവിഭവശേഷി പ്രദാനം ചെയ്യാനാവൂ.

7. പൊതുവായി വിദ്യാഭ്യാസരംഗത്തെ ഒന്നു ശാസ്ത്രീയമായി വിശദീകരിക്കാമോ?

ലോകമെമ്പാടും വിദ്യാഭ്യാസമേഖലയും ഉത്പാദന മേഖലയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.
അതായത് ഉല്‍പാദന മേഖല വളരുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ അതിന്റെ പ്രതിഫലനമുണ്ടാവും. അതുപോലെ തന്നെ മറിച്ചും.
അങ്ങനെ ഒരു
'Positive Loop' വളര്‍ത്തിയെടുക്കുമ്പോഴാണ് അതിന്റെ ഗുണഫലങ്ങള്‍ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രകടമാകുക.

8. മേല്‍പറഞ്ഞ ഗുണതാത്മക കണ്ണിബന്ധം കേരള പശ്ചാത്തലത്തില്‍?

വിദ്യാഭ്യാസ ഉത്പാദക മേഖലകള്‍ പരസ്പരം ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ ഗുണാതാത്മക കണ്ണി ബന്ധം സ്ഥാപിക്കേണ്ടതിന്റെ സ്ഥാനത്ത് കേരളത്തിലത് ഒന്നിനെ മറ്റൊന്ന് തളര്‍ത്തുന്ന തരത്തിലുള്ള വിഷമവൃത്തമായി മാറിയിരിക്കുന്നുവെന്നതാണ് സത്യം.
ഉത്പാദക സാമ്പത്തിക മേഖല മുരടിക്കുന്നതിന്റെ ഫലമായി സമ്പത്തുല്പാദനം നടക്കാത്തതുകൊണ്ട് കേരളം ഇതിനകം നേടിയെടുത്ത സാമൂഹ്യനേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല.
ആഗോളവത്കരണത്തിന്റെ ഭാഗമായ് വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരണത്തിന്റെ പാതയിലാണ്.
പബ്ലിക് െ്രെപവറ്റ് പാര്‍ട്ടിസിപ്പേഷന്റെ ഭാഗമായാണ് സാശ്രയ കേളേജുകളും സ്‌ക്കൂളുകളും നിലവില്‍ വന്നത്.
ഉത്പാദനസാമ്പത്തിക മേഖല മുരടിച്ചതിനൊടൊപ്പം അക്കാദമിക് ജീര്‍ണ്ണതയും ഒരു പരിധിവരെ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിക്ക് കാരണമാണ്.

9. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഒരു പരിധിവരെ മേല്‍പറഞ്ഞ കോട്ടങ്ങളുടെ മൂലകാരണമല്ലോ.

അങ്ങനെ അടച്ചാക്ഷേപിക്കാന്‍ പറ്റുകയില്ല. അതേസമയം നമ്മുടെ രാഷ്ട്രീയസംസ്‌കാരം കാലോചിതവുമല്ല എന്നു പറയാം. കംപ്യൂട്ടര്‍ വിപ്ലവത്തെ എതിര്‍ത്ത സംസ്ഥാനമാണ് കേരളം. എന്നാലിന്ന് ഈ മേഖലയിലേക്ക് ഉറ്റുനോക്കുന്ന സംസ്ഥാനവും നമ്മളാണ്. പിന്നെ നോക്കുകൂലിപോലുള്ള സാമൂഹികപ്രശ്‌നങ്ങള്‍. ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ. ഈ ലോകത്ത് സ്ഥായിയായ ഒന്നേ ഉള്ളൂ അതാണ് മാറ്റങ്ങള്‍. മാറ്റങ്ങളുടെ കാരണങ്ങളും വ്യക്തിത്വങ്ങളും സമൂഹമധ്യത്തില്‍ നിന്നു തന്നെയാണ് ഉയര്‍ന്നു വരിക.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും പ്രത്യാശയും: ഡോ.ബി.ഇക്ബാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക