Image

മോദിയുടെ തുടക്കം (ഡി.ബാബുപോള്‍)

Published on 28 May, 2014
മോദിയുടെ തുടക്കം (ഡി.ബാബുപോള്‍)
ഒരു ഉദ്ധരണിയോടെ തുടങ്ങട്ടെ:
`നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റുകഴിഞ്ഞു. രാവിലെ മഹാത്മാഗാന്ധിയുടെ സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയായിരുന്നു തുടക്കം... ഗാന്ധിമണ്ഡപത്തിലെ പുഷ്‌പാര്‍ച്ചന ചരിത്രത്തിന്‍െറ ഒരു തിരുത്തുകൂടിയാണ്‌. ഗാന്ധിജി ഓര്‍ക്കപ്പെടേണ്ട മഹാത്മാവാണെന്ന്‌ അംഗീകരിക്കുന്നതിലൂടെ ചരിത്രപരമായ ഒരുതെറ്റിന്‌ മോദി പ്രായശ്ചിത്തം ചെയ്‌തിരിക്കുന്നു. മഹാത്മാ ഘാതകന്‍ ഗോദ്‌സെക്ക്‌ പകരം മതേതരത്വത്തിനുവേണ്ടി ബലി നല്‍കേണ്ടി വന്ന ഇന്ത്യയുടെ ഏറ്റവും മഹാനായ വ്യക്തിയെ അദ്ദേഹം ആദരിച്ചിരിക്കുന്നു...'

ഇപ്പോള്‍ ഗുജറാത്തിലെ ഹീറോ ഇന്ത്യയിലെ ഹീറോ ആയി രൂപം മാറിയതും നാം കണ്ടുകഴിഞ്ഞു. തന്‍െറ നിലവിലുള്ള ഇമേജ്‌ മാറ്റിയെടുക്കാന്‍ അദ്ദേഹം തത്രപ്പെടുന്നുവെന്നതാണ്‌ ആദ്യസൂചനകള്‍...
`തന്‍െറ സത്യപ്രതിജ്ഞാചടങ്ങിലേക്ക്‌ പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ശരീഫ്‌, അഫ്‌ഗാനിസ്‌താന്‍ പ്രസിഡന്‍റ്‌ ഹാമിദ്‌ കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്‍റ്‌ മഹീന്ദ രാജപക്‌സ തുടങ്ങിയ അയല്‍രാജ്യ ഭരണാധികാരികളെ ക്ഷണിച്ചുകൊണ്ടുവന്നതും നല്ല സൂചനതന്നെ. പാകിസ്‌താനും ശ്രീലങ്കയും ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച്‌ പുതിയ ഭരണകൂടത്തോട്‌ ആരോഗ്യകരമായ സമീപനം കാണിച്ചതും അതിനെ മോദി സ്വാഗതം ചെയ്‌തതും പുതിയ സംഭവവികാസം. അന്തര്‍ദേശീയ തലത്തില്‍ മോദിയുടെ നഷ്ടപ്പെട്ട ഇമേജ്‌ വീണ്ടെടുക്കാന്‍ ഇത്‌ വലിയതോതില്‍ സഹായകമാകുമെന്നതില്‍ സംശയമില്ല'

അവിശ്വാസിയെ വധിക്കുന്നത്‌ മോക്ഷപ്രാപ്‌തിക്ക്‌ വഴിതെളിക്കും എന്ന്‌ വിശ്വസിക്കുന്നവര്‍ക്കും അപരന്‌ തന്‍െറ വിശ്വാസത്തോടുള്ള പ്രതിബദ്ധതയെ സഭാകമ്പം എന്ന്‌ പരിഹസിക്കാനാണ്‌ ഇഷ്ടം എന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യം അംഗീകരിക്കുന്നതിനാലാണ്‌ ഈ ലേഖനം ഒരു ഉദ്ധരണിയോടെ ആരംഭിക്കുന്നത്‌; ഞാന്‍ പറഞ്ഞു എന്ന്‌ വേണ്ട എന്ന ഒരുതരം ഭീരുത്വം തന്നെ.

മോദിയുടെ അഥവാ അദ്ദേഹത്തിന്‍െറ ഉപദേശകരുടെ പ്രതിച്ഛായാ നിര്‍മാണപാടവത്തിന്‌ തെളിവായി സാര്‍ക്‌ നേതാക്കന്മാര്‍ക്ക്‌ നല്‍കിയ ക്ഷണം കാണുന്നതില്‍ തെറ്റില്ല. പ്രതിച്ഛായക്ക്‌ തിളക്കം ഏറിയിട്ടുണ്ട്‌ എന്നതില്‍ സംശയവും വേണ്ട. എന്നാല്‍, ആ നടപടി ഒരു വെടിക്ക്‌ മൂന്ന്‌ പക്ഷികളെ വീഴ്‌ത്തുന്നതായി എന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഒന്നാംപക്ഷി പ്രതിച്ഛായ തന്നെ. മോദിയെ മുസ്ലിംവിരുദ്ധനായിട്ടാണ്‌ ലോകം കണ്ടുവരുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പും തെരഞ്ഞെടുപ്പ്‌ കാലത്തും മോദി പാകിസ്‌താനും ബംഗ്‌ളാദേശിനും എതിരായി നടത്തിയ കടുത്ത പ്രസ്‌താവനകള്‍ ആ ധാരണ ബലപ്പെടുത്തി. അധികാരത്തിലേക്ക്‌ എത്തുമ്പോള്‍ അത്‌ തിരുത്താതെ വയ്യ. അതിനുള്ള ഒരു മാര്‍ഗമായി ഈ ക്ഷണം. അധികാരം കൈയാളുന്ന പ്രധാനമന്ത്രിക്ക്‌ വികാരത്തെക്കാള്‍ പ്രധാനം വിവേകമാണെന്ന തിരിച്ചറിവ്‌ ഇവിടെ കാണാം. അത്‌ ലലനാമണികളുടെ ലിപ്‌സ്റ്റിക്‌ പോലെ താല്‍ക്കാലികമാണോ എന്നത്‌ ഇപ്പോള്‍ വിധി പറയാനുള്ള വിഷയമല്ല.

രണ്ടാമത്തെ പക്ഷി പ്രാദേശികകക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണ്‌. മമതയും ജയലളിതയും വിരട്ടിയാല്‍ വിരളുകയില്‌ളെന്ന സന്ദേശം ഈ ക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കരുണാനിധി ശബ്ദം ഉയര്‍ത്തിയാല്‍ ശ്രീലങ്കന്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടിയിരുന്നു മന്‍മോഹന്‌, പിന്നെ ഒരു വോട്ടെടുപ്പൊന്നും ലോക്‌സഭയില്‍ ഉണ്ടായിരുന്നില്‌ളെങ്കിലും. ഇപ്പോള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ട്‌ അങ്ങനെ ഒരുഭയം വേണ്ട എന്നത്‌ മാത്രം അല്ല കാരണം എന്ന്‌ വിചാരിക്കണം. അലമാരകളിലെ 2 ജി അസ്ഥികൂടങ്ങള്‍ ആവുമോ കോണ്‍ഗ്രസിനെ ഭയപ്പെടുത്തിയത്‌? മാത്രമല്ല, മന്ത്രിസഭാ രൂപവത്‌കരണത്തില്‍ ശിവസേനക്ക്‌ നല്‍കിയ സന്ദേശവും ഈ ആജ്ഞാശക്തിയുടെ ബഹിര്‍സ്‌ഫുരണം തന്നെ.

ഒപ്പം പറയേണ്ട മറ്റൊന്ന്‌ ഭരിക്കുന്നവര്‍ ഭരിക്കാന്‍ മറന്ന മൂന്ന്‌ സംവത്സരങ്ങളാണ്‌ ഈ ചിന്ത ഉണര്‍ത്തുന്നത്‌ എന്നതാണ്‌. വിദൂരമാണെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയുടെ മനസ്സ്‌ ഇവിടെ വായിക്കുന്നവരെ കുറ്റം പറയരുത്‌. എങ്കിലും കാലം മാറി എന്ന്‌ പ്രത്യാശിക്കുക; ഭരണം തിരിച്ചുവരുന്നുവെന്ന്‌ ആശ്വസിക്കുക.

മൂന്നാമത്തെ പക്ഷി ചൈനയുമായുള്ള ബന്ധം. ദക്ഷിണേഷ്യയിലെ ചെറിയ അയല്‍ക്കാരെ എല്ലാം പിണക്കിനിര്‍ത്തി ഒറ്റപ്പെടാനല്ല, എല്ലാവരെയും ഒപ്പം നിര്‍ത്തി നേതൃത്വം നല്‍കാനാണ്‌ ഭാരതം ശ്രമിക്കുക എന്ന വ്യക്തമായ സന്ദേശം ഈ ക്ഷണം വഴി ചൈനക്ക്‌ഒരുവേള അമേരിക്കക്കുംനല്‍കാന്‍ മോദിക്ക്‌ കഴിഞ്ഞിരിക്കുന്നു.

മന്ത്രിസഭയുടെ ഘടനയും ശ്രദ്ധിക്കണം. അത്‌ ഒരു വൃദ്ധസദനമല്ല. നെഹ്‌റുഇന്ദിരറാവുവാജ്‌പേയി കാലങ്ങള്‍ക്കുശേഷം തലമുറകള്‍ ചുമതല കൈമാറുന്ന ചരിത്രസന്ധി ആവുകയാണോ 2014 എന്ന്‌ ചിന്തിക്കണം. പ്രധാനമന്ത്രി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം മന്ത്രിമാരും സ്വതന്ത്ര ഭാരതത്തില്‍ ജനിച്ചവരാണ്‌. സ്‌മൃതി ഇറാനിക്ക്‌ മാനവവിഭവശേഷി ഏല്‍പിച്ചുകൊടുക്കുന്നതുപോലുള്ള തീരുമാനങ്ങള്‍ ശരിയോ എന്ന്‌ കാലമാണ്‌ തെളിയിക്കുക.

എങ്കിലും മന്ത്രിസഭാ രൂപവത്‌കരണത്തോട്‌ ബന്ധപ്പെട്ട്‌ രണ്ട്‌ ശരികളും ഒരുതെറ്റും പറയാതെ വയ്യ.
കുടുംബവാഴ്‌ചക്കെതിരായ സന്ദേശം നല്‍കിയത്‌ ശരിയായ നടപടി തന്നെ. സോണിയ കഴിഞ്ഞാല്‍ രാഹുല്‍, രാഹുല്‍ പോരെങ്കില്‍ പ്രിയങ്ക എന്നും ലല്ലു കഴിഞ്ഞാല്‍ റാബ്‌റി, റാബ്‌റി കഴിഞ്ഞാല്‍ മിസ എന്നും മുലായം കഴിഞ്ഞാല്‍ അഖിലേഷും വീട്ടുകാരും എന്നും പറയുന്നതാണ്‌ നാട്ടുനടപ്പെന്നിരിക്കെ ഇങ്ങനെ ഒരു സന്ദേശം ബോധപൂര്‍വം നല്‍കിയത്‌ ഉചിതമായി. രണ്ടാമത്തെ ശരി മേനകയെ പരിസ്ഥിതി മന്ത്രാലയം ഏല്‍പിക്കാതിരുന്നതാണ്‌. പട്ടി മനുഷ്യനെ കടിച്ചാല്‍ സഹിക്കണമെന്നും മനുഷ്യന്‍ പട്ടിയെ പിടിച്ചാല്‍ പിടിച്ചവനെ പൂട്ടണമെന്നും പറയുന്നവരാണല്‌ളോ അവര്‍. നയപരമായ അത്തരം ലോലപ്രദേശങ്ങള്‍ പക്വതയുള്ള നിഷ്‌പക്ഷമതികളെയാണ്‌ ഏല്‍പിക്കേണ്ടത്‌.

വലിയ തെറ്റ്‌ വി.കെ. സിങ്ങിനെ മന്ത്രിയാക്കിയതാണ്‌. പോരെങ്കില്‍ പ്രതിരോധ വകുപ്പില്‍ എത്തിനോക്കാന്‍ അനുവാദവും കൊടുത്തിരിക്കുന്നുപോല്‍. പട്ടാളമേധാവി ആയിരിക്കെ സര്‍ക്കാറിനെതിരെ കേസിനുപോയ വിദ്വാനെ പൂവിട്ട്‌ പൂജിക്കുന്നത്‌ ശരിയല്ല. സ്വാതന്ത്ര്യസമരകാലത്ത്‌ അച്ചടക്കരാഹിത്യം കാണിച്ച പട്ടാളക്കാരെ നെഹ്‌റുവും പട്ടേലും പട്ടാളത്തില്‍ വെച്ചുപുലര്‍ത്തിയില്‌ളെന്ന കാര്യം ഭാ.ജ.പാ മറക്കരുതായിരുന്നു. പോരെങ്കില്‍ രണ്ട്‌ കവചിതവാഹനക്കുപ്പിണികളെ ഡല്‍ഹിയിലേക്ക്‌ വിളിച്ചുവരുത്താന്‍ ശ്രമിച്ച വീരനാണ്‌ ഈ സിംഹന്‍. അത്‌ സാധാരണമായ പരിശീലനം എന്നൊക്കെ പിന്നെ പറഞ്ഞെങ്കിലും പട്ടാളമേധാവി തന്‍െറ വിശ്വസ്‌തരെ വിളിച്ച്‌ രഹസ്യമായി കല്‍പന നല്‍കുകയായിരുന്നു എന്നാണ്‌ അന്നത്തെ കാബിനറ്റ്‌ സെക്രട്ടറി എന്നോട്‌ പറഞ്ഞിട്ടുള്ളത്‌. മാത്രവുമല്ല, നെഹ്‌റു പണ്ട്‌ കെ.എല്‍. റാവുവിനെ ജലസേചനഊര്‍ജ മന്ത്രിയാക്കിയതുപോലെ ആവും ഇത്തരം പരീക്ഷണങ്ങള്‍. ഔദ്യോഗിക ജീവിതത്തിന്‍െറ ഭാണ്ഡക്കെട്ടുകളില്‍ നിന്ന്‌ മോചനം നേടാന്‍ ഇത്തരക്കാര്‍ ക്‌ളേശിക്കും. അതുകൊണ്ട്‌ വി.കെ.സിങ്ങിനെ മന്ത്രിയാക്കിയത്‌ തെറ്റ്‌. പ്രതിരോധ വകുപ്പിലെ സഹമന്ത്രിപദം നല്‍കിയത്‌ അതിലേറെ തെറ്റ്‌; വിശേഷിച്ചും പുതിയ സേനാമേധാവിയും വി.കെ. സിങ്ങും കീരിയും പാമ്പും പോലെയാണ്‌ എന്നറിയാമായിരിക്കെ.

മോദി സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച്‌ പറയാനുണ്ട്‌. സര്‍ക്കാറിന്‍െറ ബജറ്റും നയപ്രഖ്യാപനവും സംബന്ധിച്ച സൂചനകള്‍ കുറേക്കൂടി വ്യക്തമായിട്ട്‌ അങ്ങോട്ട്‌ തിരിയാം.

തല്‍ക്കാലം ഒന്ന്‌ പറഞ്ഞുനിര്‍ത്താം. ഭാരതം ഒരു പുതിയ സര്‍ക്കാറിനെ അധികാരത്തിലേറ്റിയിരിക്കുന്നു. മുന്‍വിധികളുടെ അകമ്പടിയില്ലാതെ ആ സര്‍ക്കാറിന്‌ ശുഭാശംസകള്‍ നേരുകയും രാജ്യനന്മ ഉറപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെയെന്ന്‌ സര്‍വശക്തനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുക നാം.
മോദിയുടെ തുടക്കം (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക