Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 4- ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 28 May, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 4- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 4
നിരാകരിക്കപ്പെടുന്ന ഭാര്യ
വീട്ടിലെത്തിയ ബന്ധുക്കള്‍ കുറേനാളത്തേക്ക് അപര്‍ണയുടെ വീട്ടില്‍തന്നെയായിരുന്നു. ഒരു കൂട്ടുകുടുംബംപോലെ അവരുടെ കൊച്ചു വീട്ടിലെ സൗകര്യങ്ങള്‍ അവരും പങ്കിടുകയാണ്. ബുദ്ധിമുട്ടുകളെക്കുറിച്ച് അപര്‍ണ ആലോചിച്ചില്ല. അവര്‍ അമ്മയോടു ചോദിച്ചു: "ഇവര്‍ എന്താണ് ഇത്രയും നാള്‍ നമ്മുടെ വീട്ടില്‍ താമസിക്കുന്നത്? എന്നാണഅ ഇവര്‍ മടങ്ങിപ്പോകുക?"

ഒരു ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷത്തിനായി ലക്ഷ്മി ഇറച്ചിക്കറിയുണ്ടാക്കി വിളമ്പുന്നതിനായി പകര്‍ന്നുവെച്ചു. അപ്പോഴാണഅ പുറത്തുനിന്ന് ഗോപാല്‍ വിളിക്കുന്നത്. തിടുക്കത്തില്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ ഇറച്ചിക്കറി പകര്‍ന്ന പാത്രം ലക്ഷ്മി തറയില്‍തന്നെവച്ചു. ഗോപാലിന്റെ സഹോദരിയുടെ മൂന്നു വയസ്സുള്ള കുട്ടി ഈ പാത്രത്തില്‍ കൈയിട്ടു. കുട്ടിയുടെ കൈ പൊള്ളിപ്പോയി.

കുഞ്ഞ് അലറിക്കരയാന്‍ തുടങ്ങി. ഗോപാലിന്റെ സഹോദരിയും ഓടിയെത്തി. ലക്ഷ്മി ആകെ അന്ധാളിച്ചുപോയി. അമ്മയുടെയും കുട്ടിയുടെയും നിലവിളി വീടിനുള്ളില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഗോപാല്‍ ലക്ഷ്മിയെ തെരുതെരെ ചീത്ത വിളിച്ചുകൊണ്ടിരുന്നു.

“മതി ഇനി നീ ഇവിടെ നില്‍ക്കണ്ട. നിന്റെ തന്തേടേം തള്ളേടേം അടുത്തേക്കു പൊക്കോ” ഗോപാല്‍ പറഞ്ഞു. അയാളുടെ സഹോദരിയുടെ ഭര്‍ത്താവ് ഒരക്ഷരം മിണ്ടിയില്ല. ലക്ഷ്മിയെ ക്രൂരമായി കുറ്റപ്പെടുത്തുന്നതില്‍ അയാള്‍ക്കും ഭാര്യയ്ക്കും താല്പര്യമുണ്ടായിരുന്നു. ഗോപാല്‍ ലക്ഷ്മിയെ വഴക്കു പറയുന്നത് അവര്‍ തടഞ്ഞില്ല.

ഗോപാല്‍ കുറച്ചു പണമെടുത്ത് ലക്ഷ്മിക്കു നേരെ നീട്ടി. “എത്രയും പെട്ടെന്ന് നീ ഇവിടെനിന്നിറങ്ങണം. ആ കുട്ടിയേക്കൂടി എടുത്തോ. അടുത്ത ട്രെയിന്‍ കയറി നിന്റെ വീട്ടിലേക്ക് പൊയ്‌ക്കോ. എനിക്കിത്തിരി മനഃസമാധാനം വേണം.”

അമ്മയോടുള്ള അച്ഛന്റെ ക്രോധം കണ്ടപ്പോള്‍ അപര്‍ണ പൊട്ടിക്കരഞ്ഞുപോയി. അച്ഛനില്‍നിന്നും അവള്‍ ഒരിക്കലും ഇതിനോടകം വിട്ടുപിരിഞ്ഞ് താമസിച്ചിട്ടില്ല. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായ ദീപാലിയെ കാണാതെ ഒരു ദിവസംപോലും ഉറങ്ങിയിട്ടില്ല. ഇനി മുത്തശ്ശന്റെയും മുത്തശ്ശിയുടെയുമൊപ്പം ജീവിക്കുക; അച്ഛനെ കാണാതെ, ദീപാലിയെ കാണാതെ. ഇതൊന്നും അപര്‍ണയ്ക്ക് സഹിക്കാവുന്നതായിരുന്നില്ല. അവള്‍ അച്ഛനോടു കരഞ്ഞു പറഞ്ഞു. “ഞങ്ങളെ ഇറക്കിവിടരുതേ.”  പക്ഷേ, പ്രയോജനമൊന്നും ഉണ്ടായില്ല. ഗോപാല്‍ അവളോടു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “നീ നിന്റെ അമ്മയോടൊപ്പം പോയേക്കുക. എനിക്കു നിന്നെ വേണ്ട.”

ഭര്‍ത്താവിനോട് എങ്ങനെ സങ്കടം പറഞ്ഞാലും യാതൊരു വിട്ടു വീഴ്ചയ്ക്കും അയാള്‍ തയ്യാറാകുകയില്ല എന്ന് ലക്ഷ്മിക്കറിയാം. ഭാര്യവീട്ടില്‍നിന്നും പ്രതീക്ഷിച്ചത്ര പണമോ മറ്റു സൗകര്യങ്ങളോ ഗോപാലിനു ലഭിക്കാത്തതില്‍ അയാള്‍ക്ക് ഉള്ളാലെ നീരസമുണ്ടായിരുന്നു. അന്ധേരിയിലെ ചേരികളിലുള്ള ഒരു കൊച്ചു കുടിലില്‍ താമസിച്ചിരുന്ന ലക്ഷ്മിയുടെ കുടുംബത്തിന് സ്വര്‍ണ്ണം പൂശിയ ഒരു ചെയിനും ആയിരം രൂപയും മാത്രമേ കല്യാണസമയത്ത് കൊടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കല്യാണത്തിനുശേഷം കുറച്ചു സാമ്പത്തികം കൂടി ലഭിക്കുമെന്ന് ഗോപാല്‍ പ്രതീക്ഷിച്ചിരുന്നു. അയാളുടെ സഹോദരി ലക്ഷ്മിയെ അടിക്കടി കുറ്റപ്പെടുത്തുകയും അവളെ കരയിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അന്നു വൈകീട്ടുതന്നെ ലക്ഷ്മി അപര്‍ണയേയും കൂട്ടി വീടുവിട്ടിറങ്ങി. അപര്‍ണയ്ക്കു വീട്ടില്‍നിന്നിറങ്ങാന്‍ മനസ്സുവന്നില്ല. അവളുടെ കാലുകള്‍ തീവണ്ടി സ്റ്റേഷനിലേക്ക് നീങ്ങിയില്ല. എങ്കിലും അനിവാര്യമായ ആ പറിച്ചുനടീലിന് അവള്‍ വഴങ്ങേണ്ടിവന്നു.

തീവണ്ടിയുടെ തുരുമ്പിച്ച ജനാലയിലൂടെ അവള്‍ വെളിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ തൂവിത്തുളുമ്പിത്തുടങ്ങിയിരുന്നു.


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 4- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക