Image

മോഡിയുടെയും ചാണ്ടിയുടെയും പേഴ്‌സണല്‍ സ്റ്റാഫ്‌; സ്മൃതി ഇറാനിയും ഇന്നസെന്റും; ജോക്കറെന്നു വിളിച്ചില്ലേ?

അനില്‍ പെണ്ണുക്കര Published on 30 May, 2014
മോഡിയുടെയും ചാണ്ടിയുടെയും പേഴ്‌സണല്‍ സ്റ്റാഫ്‌; സ്മൃതി ഇറാനിയും ഇന്നസെന്റും; ജോക്കറെന്നു വിളിച്ചില്ലേ?
മോഡിയുടെ പേഴ്‌സണല്‍ സ്റ്റാഫും ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍സ്റ്റാഫും

ഏതുമന്ത്രിസഭ അധികാരത്തില്‍ വരുമ്പോഴും മന്ത്രിമന്ദിരങ്ങളിലും ഓഫീസുകളിലും വിലസിനടക്കുന്ന ഒരു കൂട്ടരുണ്ട്. മന്ത്രിമാരുടെ  പേഴ്‌സണല്‍ സ്റ്റാഫ്. കാര്യം കാണണമെങ്കില്‍ ഈ കൂട്ടരെ കണ്ടാല്‍ മതി. മന്ത്രിമാരെക്കാള്‍ സുഖമായി കഴിയുന്ന ഒരാശ്രിതവര്‍ഗം.

കേരളത്തില്‍ ഏതു ഭരണംവന്നാലും സ്വന്തം മന്ത്രിയുടെ വാര്‍ത്ത ചോര്‍ത്തിയും വരെ കേമന്‍മാരാകുന് പേഴ്‌സണല്‍ പുഗവന്‍മാര്‍ കേരളത്തിലുണ്ട്. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെക്കൊണ്ട് വെള്ളം കുടിച്ച  ഒരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പോലെ ഭാരതത്തില്‍ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിനിപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫെന്നു കേട്ടാലോ പേടിയാ.

ഈയിടെ ഒരുപത്രം പേഴ്‌സണല്‍ സ്റ്റാഫുകള്‍ അടിച്ചോണ്ടുപോകുന്ന ശമ്പള, വേതന ആനുകൂല്യവ്യവസ്ഥകളെക്കുറിച്ചും അവരുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുമൊക്കെ ഒരു പരമ്പര ചെയ്തു. പല പേഴ്‌സണണ്‍ സ്റ്റാഫുകള്‍ക്കും അക്ഷരംപോലും അറിയാത്തവരത്രേ. ഒരു പണിയുമില്ലാത്ത പി.സി.ജോര്‍ജിനുപോലും ഡസന്‍കണക്കിന് പേഴ്‌സണല്‍ സ്റ്റാഫ്. അവരെയെല്ലാം ജോര്‍ജ് പിരിച്ചുവിടുകയുംചെയ്തു. എന്നാല്‍ കഴിഞ്ഞയാഴ്ച എല്ലാവരേം തിരിച്ചെടുക്കുകയും ചെയ്തു. അവരൊക്കെ പട്ടിണിക്കാരാണത്രേ?

പറഞ്ഞു വരുന്നത് മോദി ഗവണ്‍മെന്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെക്കുറിച്ചാണ്. മന്ത്രിമാരോടെല്ലാം മോദി പറഞ്ഞുവത്രേ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ ആരെയും നിയമിക്കാന്‍ പാടില്ല എന്ന്. ഒരോ മന്ത്രാലയ സെക്രട്ടറിമാരും പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അതീവശ്രദ്ധ ചെലുത്തണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയത്രേ!

വളരെ നല്ലകാര്യം. ഇങ്ങനെ ഒരു ഉത്തരവ് നമ്മുടെ ഉമ്മന്‍ചാണ്ടി ഇറക്കിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കഥ. മുസ്തഫയെ സസ്‌പെന്റു ചെയ്തപോലെ അദ്ദേഹത്തിനേയും സസ്‌പെന്റുചെയ്‌തേനെ. ഈക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി ചെന്നിത്തല മാന്യതകാട്ടി എന്നാണറിവ്. കാരണം 'കളം തെളിയിക്കാന്‍' അദ്ദേഹത്തിന് അവസരം ലഭിച്ചു. അത്രതന്നെ.
 ഓരോ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫില്‍ കുഴലൂത്തുകാരെകൊണ്ടുവന്നാലുള്ള അവസ്ഥ അഞ്ചുവര്‍ഷം കഴിയുമ്പോ അവരൊക്കെ അറിയും. മന്ത്രി കയ്യിട്ടു വാരുന്നതുപോലെ അവരുംവാരും. അല്ലെങ്കില്‍ വാരലിന് അവരാവും നേതൃത്വം നല്‍കുക. ബിനാമി!

എന്തായാലും മോദി കൊണ്ടുവന്ന ഈ ആശയം കേരളത്തിനും ഒന്നു പയറ്റി നോക്കാവുന്നതേയുള്ളൂ. പക്ഷെ നടക്കുന്ന കാര്യം കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അത് മോദിയും മനസിലാക്കിയിരിക്കണം. അതുതന്നെ സംഭവം.

“ഹമാരാ രാഷ്ട്രഭാഷാ ഹിന്ദി ഹെ!” സ്മൃതി ഇറാനിയും ഇന്നസെന്റും പിന്നെ മാക്കനും!

നല്ല പുളിങ്കുരുപോലെ ഇംഗ്ലീഷും ഹിന്ദിയും പറയുന്ന പെങ്കൊച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇറാനിക്ക് വിദ്യാഭ്യാസമില്ലന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്റെ പരാതി.

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കുക എന്ന കുറ്റം മാത്രമേ സ്മൃതി ഇറാനി ആകെ ചെയ്തുള്ളൂ. ഒരു ജനാധിപത്യ പ്രക്രിയയില്‍ വിദ്യാഭ്യാസത്തേക്കാളുപരി അറിവും, അനുഭവപാടവവും, ജനങ്ങളെ അറിയാനുള്ള മനസും മതി മികച്ച ഒരു മന്ത്രിയാകാന്‍.
രാജീവ്ഗാന്ധിയോടൊപ്പം ഡൂണ്‍സ്‌കൂളില്‍ പഠിച്ച മണിശങ്കരയ്യര്‍ ആണ് മോദിക്ക് ചായക്കച്ചവടം ചെയ്തുകൂടെ എന്ന് ആദ്യമായി പറഞ്ഞത്. അപ്പോള്‍ തന്നെ പുള്ളിക്കാരന്‍ തുടങ്ങി “നമോചായക്കട” അവസാനം പ്രധാനമന്ത്രിയുമായി. അയ്യര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടുകയും ചെയ്തു.

ജനങ്ങളുടെ ആഗ്രഹമാണ് ജനാധിപത്യം. സാക്ഷാല്‍ നമ്മുടെ ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ പലരും പറഞ്ഞു പാര്‍ലമെന്റില്‍ പോയി അദ്ദേഹം ഏതു ഭാഷയില്‍ സംസാരിക്കുമെന്ന്. അതിന് അദ്ദേഹം തന്നെ നല്‍കിയ ഒരു മറുപടിയുണ്ട്. “ഹമാര രാഷ്ട്രഭാഷ ഹിന്ദി ഹെ!” എന്ന്. അനുഭവങ്ങള്‍, യാത്രകള്‍ അദ്ദേഹത്തെ പലഭാഷകളും പഠിപ്പിച്ചുവെന്ന്.
ഭാഷയോ വിദ്യാഭ്യാസമോ ഒന്നുമല്ല ഒരു നേതാവിനെ സൃഷ്ടിക്കുന്നത്. ഇത് നന്നായിട്ടറിയാവുന്ന ഒരാള്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നു. പി.ചിദംബരം. പഠിപ്പുണ്ട്. വിവരമുണ്ട്. ജനത്തിന്റെ പള്‍സ് നന്നായി അറിയാവുന്നതുകൊണ്ട് മകനെ ബലിയാടാക്കിക്കളഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റുപോയി എന്നഖ്യാതി മകനു കൊടുത്തു ആ നല്ല അച്ഛന്‍. ചാക്കുകണക്കിന് ഡിക്രിയുള്ള കപില്‍സിബല്‍ ഭരിച്ച വകുപ്പാണ് സ്മൃതിക്ക് മോദി നല്‍കിയത്. കപില്‍സിബല്‍ എന്തെല്ലാം ഈ വകുപ്പുകൊണ്ട് കാണിച്ചു എന്ന് ഇപ്പോള്‍ സ്വസ്ഥമായി വീട്ടിലിരുന്ന് പുള്ളിക്കാരന് ഓര്‍ക്കാം. കാരണം ജനം ഇത്തവണ അദ്ദേഹത്തെ വീട്ടിലിരുത്തി. സ്മൃതി ഭരിക്കട്ടെ!
മാറി വരുന്ന ഭരണകൂടത്തെ നമുക്ക് സ്വീകരിച്ചേപറ്റൂ. പച്ചനോട്ടില്‍ ഒപ്പിട്ടുകൊണ്ടിരുന്ന മന്‍മോഹന്‍സിംഗും, പ്രധാന മന്ത്രിയായി. ചായക്കട നടത്തിയിരുന്ന മോദിയും പ്രധാനമന്ത്രിയായി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച സുഷമാ സ്വരാജ് വിദേശകാര്യവകുപ്പ് മന്ത്രിയായി….
ഇതാണ് ഇന്ത്യന്‍ ജനാധിപത്യം. അല്ലയോ സോണിയാജി. ഇനിയെങ്കിലും വക്താക്കളോട് പറയണം പല്ലിടകുത്തി മണപ്പിക്കരുതെന്ന്!

വെറുമൊരു മോഷ്ടാവായോരെന്നെ ജോക്കറെന്നു വിളിച്ചില്ലേ?

കോണ്‍ഗ്രസിന്റെ യുവസിംഹം ടി.എച്ച് മുസ്തഫയെ കെ.പി.സി.സി. സസ്‌പെന്റു ചെയ്ത വാര്‍ത്ത കേരളം വളരെ സങ്കടത്തോടെ കേട്ടു.

മണ്ണാങ്കട്ട….
ഇതുവരെ കഴിഞ്ഞില്ലേ ഈ വിഴുപ്പലക്കല്‍. കേന്ദ്രത്തില്‍ മോദി ഭരണം തുടങ്ങിയിട്ട് സമയമിച്ചിരി ആയി…
ഇവിടെ ഇപ്പോഴും അടി…
കേരളത്തില്‍ കോണ്‍ഗ്രസിന് സീറ്റു കൂടുതല്‍ കിട്ടാത്തതും കേന്ദ്രത്തില്‍ ദയനീയ പരാജയം നേടുവാനും രാഹുല്‍ഗാന്ധിയുടെ നേതൃത്വം പോരാ എന്ന് വയലാര്‍ രവി പരോക്ഷമായും ചാണ്ടിയും, ചെന്നിത്തലയും മനസിലും പറഞ്ഞപ്പോഴാണ് അഴിമതിയുടെ കറപുരളാത്ത ടി.എച്ച്. മുസ്തഫ രാഹുല്‍ഗാന്ധിയെ ജോക്കറെന്നു വിളിച്ചാക്ഷേപിച്ചത്. അതിന് സുധീരന്‍ പണിയും കൊടുത്തു. ഇനി കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞ് പത്രസമ്മേളനം വിളിക്കാന്‍ പറ്റില്ലല്ലോ. ഇതൊക്കെ ചര്‍ച്ചയാക്കുന്ന നമ്മുടെ ചാനലുകളും…

“രാഹുല്‍ഗാന്ധി ഓരോ തീരുമാനങ്ങളെടുത്തപ്പോഴും ഒരമ്മ എന്ന നിലയിലും കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലും സോണിയാജിക്ക് തിരുത്താമായിരുന്നില്ലേ” എന്ന് എന്റെ നാട്ടുകാരനായ 'ചമ്പന്‍ ജോയി' പറയും. എന്തുചെയ്യാം തിരുത്തേണ്ട സമയത്ത് ആ പയ്യനെ ആരും തിരുത്തിയില്ല എന്ന് പലരും അടക്കം പറയുകയാണിപ്പോള്‍…

“സത്യത്തില്‍ രാഹുല്‍ഗാന്ധിക്ക് ഈ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പങ്കുണ്ടെന്നുപറയുന്നവനെ നല്ല ഓലമടല് വെട്ടി അടിക്കണമെന്ന്”  എന്റെ മറ്റൊരു നാട്ടുകാരനായ ചന്ദ്രന്‍ ചേട്ടന്‍ പറയും. അതിന് കാരണവും പറയും.

 “രാഹുല്‍ഗാന്ധി പാവം. കൊച്ചുപയ്യന്‍. ഇന്ത്യയിലെ സാധാരണക്കാരന്റെ മനസറിയാത്ത കുറേ പിള്ളാരാണ് കൂടെ നില്‍ക്കണത്. കമ്പ്യൂട്ടറില്‍ “പ്രോവര്‍ട്ടി” എന്നടിച്ചാല്‍ എല്ലുന്തിയ കുറെയാളുകളുടെ പടം കിട്ടും. അതുകണ്ട് പദ്ധതി ഉണ്ടാക്കിയാല്‍ പറ്റില്ല. പാവങ്ങളെ കാണണമെങ്കില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഗ്രാമങ്ങളില്‍ക്കൂടി പോകണം.”
അതാണ് സത്യം. ഈ മനസറിയാന്‍ ഇന്ത്യയുടെ കഴിഞ്ഞ ഭരണകൂടം ശ്രമിച്ചില്ല എന്നതല്ലേ സത്യം? പെട്രോളടിക്കാന്‍ വീട്ടില്‍ നിന്നറങ്ങുമ്പോള്‍ ഒരുവില്ല. പമ്പില്‍ ചെല്ലുമ്പോള്‍ മറ്റൊരുവില്ല. പാചകംചെയ്യാന്‍ പാചകവാതകമില്ല. കുക്കിംഗ് ഗ്യാസ് വേണമെങ്കില്‍ 'ആധാര്‍' വേണം. അടുപ്പത്ത് മീനും, ചോറും ഉണ്ടാക്കുന്നതിന് എന്ത് ആധാര്‍? ഇങ്ങനെ എത്രയോ കാര്യങ്ങള്‍. ഇതൊക്കെ ജനം വോട്ടുചെയ്യാന്‍ പോയപ്പോള്‍ ഓര്‍ത്തുവച്ചു. കുത്തി. താമര വിരിഞ്ഞു. ജനം കാത്തിരിക്കുന്നു. ഭരണത്തില്‍ വരള്‍ച്ച വന്നാല്‍ താമരയും പോകും. അതാണ് ജനം. അതുകൊണ്ട് അഖണ്ഡഭാരതസ്വപ്നം കൊണ്ടുവന്ന കോണ്‍ഗ്രസ് മണ്ണടിഞ്ഞു എന്നൊന്നും പറയാന്‍ ആര്‍ക്കും പറ്റില്ല. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഇനിയെങ്കിലും അവര്‍ തിരിച്ചറിയുമോ?
സാമൂഹ്യപാഠം
അസ്ഥികളില്ലാപേശികള്‍ തന്‍
സര്‍ക്കസ്സത്രേ രാഷ്ട്രീയം.


മോഡിയുടെയും ചാണ്ടിയുടെയും പേഴ്‌സണല്‍ സ്റ്റാഫ്‌; സ്മൃതി ഇറാനിയും ഇന്നസെന്റും; ജോക്കറെന്നു വിളിച്ചില്ലേ?
മോഡിയുടെയും ചാണ്ടിയുടെയും പേഴ്‌സണല്‍ സ്റ്റാഫ്‌; സ്മൃതി ഇറാനിയും ഇന്നസെന്റും; ജോക്കറെന്നു വിളിച്ചില്ലേ?
മോഡിയുടെയും ചാണ്ടിയുടെയും പേഴ്‌സണല്‍ സ്റ്റാഫ്‌; സ്മൃതി ഇറാനിയും ഇന്നസെന്റും; ജോക്കറെന്നു വിളിച്ചില്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക