Image

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും പ്രത്യാശയും-3: ഡോ.ബി.ഇക്ബാല്‍

സിറിയക്ക് സ്‌കറിയ Published on 30 May, 2014
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും പ്രത്യാശയും-3: ഡോ.ബി.ഇക്ബാല്‍
(കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെപ്പറ്റി മുന്‍ വൈസ് ചന്‍സലര്‍ ഡോ. ബി. ഇക്ബാലുമായി സിറിയക്ക് സ്‌കറിയ (ടെക്‌സസ്) നടത്തിയ അഭിമുഖം-3)
Click here to see part 1 and 2
ഇ മലയാളി അഭിമുഖം ഡോ ബി ഇക്ബാല്‍

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എന്നനിലയിലുള്ള അനുഭവങ്ങള്‍ എന്തെല്ലാം? എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്?
കേരള സര്‍വ്വകലാശാലയില്‍ വീസി യായിരുന്ന കാലത്ത് അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും
അഭിപ്രായങ്ങള്‍ തേടി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഒരു വികസന പരിപ്രേക്ഷ്യ രേഖ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായ സമന്വയത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമിച്ചത്.
രേഖയില്‍ പറഞ്ഞിട്ടുള്ള 200 ഓളം പരിപാടികളില്‍ 102 എണ്ണം നാലുവര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ കഴിഞ്ഞു. നടപ്പിലാക്കാന്‍ കഴിഞ്ഞ പദ്ധതികളെപ്പറ്റി ഒരു രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി ജി സെമസ്റ്ററൈസേഷന്‍, ഹോര്‍ത്തൂസ് –കേരള സര്‍വ്വകലാശാല ചരിത്രം പ്രസിദ്ധീകരണം, പരീക്ഷാ വിഭാഗത്തിന്റെ ആധുനികവല്‍ക്കരണം, ബയോഇന്‍ഫര്‍മാറ്റിക്‌സ്, കമ്പ്യൂട്ടേഷനല്‍ ലിംഗിസ്റ്റിക്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തുടക്കം, കാര്യവട്ടം കാമ്പസ്സിലെ ഫൈബ്രോറ്റിക്ക് ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയവയാണ് നടപ്പിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന പദ്ധതികള്‍. അനാവശ്യചെലവുകള്‍ ഒഴിവാക്കിയും വിഭവസമാഹരണം ചിട്ടപ്പെടുത്തിയും സര്‍വ്വകലാശാലയുടെ സാമ്പ
ത്തിക പ്രതിസന്ധി വലിയൊരളവ് പരിഹരിക്കാനും കഴിഞ്ഞു.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കേണ്ടതല്ലേ?
കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും കഴിവതും നമ്മുടെ നാട്ടില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയണം. കേരളം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വൈദഗ്ദ്യമുള്ളവര്‍ കേരളത്തിനുള്ളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ നിലവിലുള്ള ഗവേഷണ കേന്ദ്രങ്ങളിലേക്കും സര്‍വ്വകലാശാലകളിലേക്കും കൂടുതല്‍ മികവുള്ളവരെ ആകര്‍ഷിക്കാന്‍ പറ്റുന്ന രീതിയിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും സേവന വേതന വ്യവസ്ഥകകള്‍ പരിഷകരിക്കയും ചെയ്യേണ്ടതാണ്. ഇതു ചെയ്യുമ്പോള്‍ തന്നെ പക്ഷേ നമ്മുടെ ലക്ഷ്യം കേരളം മാത്രമാവരുത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും ആവശ്യമായ വിദഗ്ദരെ നല്‍കാന്‍ നമുക്ക് കഴിയണം

കേരളത്തിലെ ഗവേഷണ സാധ്യതകള്‍ എന്തെല്ലാം?

കേരളത്തില്‍ നിരവധി മേഖലകളില്‍ ഗവേഷണ സാധ്യതകളുണ്ട്. ഔഷധ സസ്യ ലഭ്യതയും പാരമ്പര്യ വിജ്ഞാനവും ജൈവസാങ്കേതിക വിദ്യാധിഷ്ടിത ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യവുമുള്ള കേരളത്തില്‍ ഔഷധ ഗവേഷണത്തിന് വലിയ സാധ്യതയാണുള്ളത്. ഒരു ആധുനിക ഔഷധ ഗവേഷണ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും വിദഗ്ദരും നമുക്കുണ്ട്.
പ്രമേഹം, അര്‍ബുദം തുടങ്ങിയ ഏതെങ്കിലും ഒരു രോഗത്തിനുള്ള മരുന്ന് കണ്ടെത്തി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാന്‍ പോലും കഴിഞ്ഞെന്നു വരും. ശ്രീ ചിത്ര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍ ബ്ല്ഡ് ബാഗ്, ന്യൂറോ ഷണ്ട് ട്യൂബുകള്‍, ഹൃദയവാല്‍വ് തുടങ്ങിയവക്ക് രൂപകല്പന നല്‍കി വിജയകരമായി മാര്‍ക്കറ്റ് ചെയ്ത അനുഭവവും നമ്മുടെ മുന്നിലുണ്ട്.

പ്രസിദ്ധമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രസക്തി എന്താണ്?
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡ് പതിനേഴാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള 12 വാല്യങ്ങളുള്ള പുസ്തക സമുച്ചയമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കേരളത്തില്‍ വളരുന്ന 742 ഔഷധ മൂല്യമുള്ള സസ്യങ്ങളുടെയും വൃക്ഷങ്ങളുടേയും വിവരങ്ങള്‍ ചേര്‍ത്തലക്കാരനായ ഇട്ടി അച്യുതന്‍ എന്ന വൈദ്യന്റെ സഹായത്തൊടെയാണ് വാന്‍ റീഡ് സമാഹരിച്ചിട്ടുള്ളത്. ആംസ്റ്റര്‍ഡാമില്‍ ആച്ചടിച്ച ഈ അമൂല്യകൃതിയിലാണ് ആദ്യമായി മലയാള അക്ഷരങ്ങള്‍ അച്ചടിച്ചത്. ലാറ്റിന്‍ ഭാഷയില്‍ തയ്യാറാക്കിയ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷ കേരള സര്‍വ്വകലാശാല പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണി പ്രഫസറായിരുന്ന ഡോ കെ എസ് മണിലാല്‍ സാര്‍ കാല്‍ നൂറ്റാണ്ടുകാലത്തെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് പരിഭാഷകള്‍ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ നടത്തേണ്ട ഔഷധഗവേഷണ സംരംഭത്തിനായി പ്രയോജനപ്പെടുത്താവുന്ന അമൂല്യ സ്രോതസ്സാണീ പുസ്തക സഞ്ചയം.

ചുമതലബോധമില്ലാത്ത അമിത അവകാശബോധമുള്ളവരാണ് ഇന്ന കേരളത്തിലെ തൊഴില്‍ മേഖലയിലുള്ളതെന്ന വിമര്‍ശനം ശരിയോ

തീര്‍ച്ചയായും കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തീരെ ചുമതലാബോധമോ സാമൂഹ്യ ബോധമോയില്ലാത്ത തൊഴില്‍ സംസ്‌കാരം മാറ്റേണ്ടത് തന്നെയാണ്. ഒരു കാലത്ത് അധികാരികളുടെയും ജന്മിമുതലാളിമാരുടെ കീഴില്‍ അടിമപ്പണി ചെയ്തിരുന്ന വിവിധ തൊഴില്‍ മേഖലകളിലുള്ളവരെ കടുത്ത ചൂഷണത്തില്‍ നിന്നും മോചിപ്പിച്ച് മാനുഷിക പരിഗണന നേടികൊടുക്കുന്നതിനും ന്യായമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടുണ്ട്..
എന്നാല്‍ അവകാശബോധത്തോടൊപ്പം ചുമതലാബോധം കൂടി തൊഴില്‍ മേഖലയിലുള്ള പലരും വേണ്ടത്ര ഉള്‍കൊള്ളാത്തതിന്റെ തിക്തഫലങ്ങളും കേരള സമൂഹം അനുഭവിച്ച് വരികയാണ്. വമ്പിച്ച സ്വകാര്യവല്‍ക്കരണവും, അതോടൊപ്പം നവ-ലിബറല്‍ സാമ്പത്തിക നയത്തിന്റെ ഫലമായി പ്രത്യേകിച്ച് സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ വന്‍ ഇടിവും വന്നതോടെ സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്വം കാട്ടാന്‍ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധിതരായിതുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍, വ്യാപാരമേഖലയിലെ അസംഘടിത തൊഴിലാളികള്‍, സ്വാശ്രയ കോളെജുകളിലെ ഡോക്ടര്‍മാര്‍ ഒഴികെ ജോലി നോക്കുന്നവര്‍, തുടങ്ങിയവര്‍ യാതൊരു തൊഴില്‍ സുരക്ഷയുമില്ലാതെ തുശ്ചമായ വേതനത്തിനാണ് പണിയേടുക്കുന്നതെന്നതും കാണാതിരുന്നുകൂടാ.

കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
കേരളസമൂഹം നവോത്ഥാനകാലത്തും പിന്നീടും കൈവരിക്കാന്‍ കഴിഞ്ഞ സാമൂഹ്യ നീതിയിലും തുല്യതയിലും മതേതരത്വത്തിലും അധിഷ്ടിതമായ ഒരു സമൂഹ്യക്രമത്തില്‍ നിന്നും പിന്‍ തിരിഞ്ഞ് നടക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് നമിക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ വന്ന് തുടങ്ങിയിരിക്കുന്നു. മതങ്ങളുടെ സമ്പന്നമായ ആന്തരിക മൂല്യകള്‍ നിരാകരിച്ച് കൊണ്ടുള്ള ഒരു തരം വാണിജ്യവല്‍ക്കരിക്കപ്പെട്ട കപട ആത്മീയതയാണ് ശക്തിപ്രാപിച്ച് വരുന്നത്. ജാതിമത ശക്തികള്‍ യാതൊരു മടിയും കൂടാതെ ഭരണത്തിലും മറ്റും ഇടപെടുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയുന്നു. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടു നില്‍കയും ചെയ്യുന്നു. ഒരു ഇടത്തരം ഉപഭോക്തൃസമൂഹമായി കേരളം മാറിക്കഴിഞ്ഞു. ഇതിനെതിരെ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങള്‍ തിര്‍ച്ച് പിടിച്ച്‌കൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക