Image

ഹരിതാഭയാര്‍ന്ന തേക്കടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -20: ജോര്‍ജ്‌ തുമ്പയില്‍)

Published on 31 May, 2014
ഹരിതാഭയാര്‍ന്ന തേക്കടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -20: ജോര്‍ജ്‌ തുമ്പയില്‍)
കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയിലേക്കുള്ള യാത്ര ഏറെ വൈകാരികമാണ്‌. പ്രത്യേകിച്ച്‌, അതൊരു ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷന്‍ കൂടിയാവുമ്പോള്‍. ഹൈറേഞ്ചിലേക്കുള്ള എന്റെ ഓരോ യാത്രയ്‌ക്കും അത്തരമൊരു വൈകാരികമായ തലം കൂടിയുണ്ട്‌. അതു കൊണ്ടാവാം, അവിടേക്കുള്ള ഓരോ യാത്രയും എന്നെ രസിപ്പിക്കുന്നതും, വീണ്ടും വീണ്ടും പോകാന്‍ പ്രേരിപ്പിക്കുന്നതും. ഗവിയിലേക്കെന്നതു പോലെ തേക്കടിയിലേക്കുള്ള യാത്രയും ഇങ്ങനെയാണ്‌. ഗവി പോലെ തന്നെ കുടുംബബന്ധങ്ങള്‍ ഇഴപാകിയ ഭൂമിയിലെ സമസ്‌ത സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ഒരു സ്ഥലമാണ്‌ തേക്കടിയും. തേക്ക്‌ തടിയുടെ ഉറപ്പുള്ള, ചിതല്‍ പിടിക്കാത്ത ഒട്ടനവധി ഓര്‍മ്മകളുടെ കൂമ്പാരത്തിലാണ്‌ മനസ്സില്‍ തേക്കടിയുടെ സ്ഥാനം.

ഇരുപത്തിരണ്ടാം വയസ്സില്‍ ജീവസന്ധാരണാര്‍ത്ഥം നാട്‌ വിട്ടതാണ്‌. അതിനു മുന്‍പ്‌ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും അവിടെ പോയി വന്നിട്ടുള്ളത്‌ ഓര്‍മ്മയില്‍ ഇപ്പോഴും പച്ച പിടിച്ചു നില്‍ക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഒരു ഇരുപതു മുപ്പതു തവണയെങ്കിലും ഇവിടേക്ക്‌ വന്നുപോയിട്ടുണ്ട്‌. പിന്നീട്‌ എല്ലാവര്‍ഷവും നാട്ടിലെത്തുമ്പോള്‍ ഓരോ തവണ വീതവും ഇവിടെ സന്ദര്‍ശിക്കുന്നു. ഏതു രീതിയില്‍ കണക്കെടുത്തു നോക്കിയാലും ഇതിനോടകം ഒരു പത്തറുപതു തവണയെങ്കിലും തേക്കടിയില്‍ കറങ്ങിയിട്ടുണ്ട്‌. തേക്കടി കാണാനല്ലെങ്കിലും തേക്കടി കറങ്ങിയേ ഹൈറേഞ്ച്‌ വിടാറുണ്ടായിരുന്നുള്ളു എന്നതാണ്‌ യാഥാര്‍ത്ഥ്യം.

തേക്കടിയില്‍ നിന്നും നാലു മൈല്‍ പിന്നിലുള്ള കുമളിയായിരുന്നു എന്റെ ഡെസ്റ്റിനേഷന്‍. രണ്ടു തലമുറ മുന്‍പ്‌ എന്റെ അമ്മയുടെ വല്യപ്പച്ചന്‍ വാഴൂര്‍ പുളിക്കല്‍ കവലയില്‍ നിന്ന്‌ കുമളിയിലെത്തി, കാടിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച്‌, അധ്വാനിച്ച്‌ ഉണ്ടാക്കിയതാണ്‌ കുമളിയില്‍ നിന്ന്‌ അണക്കര, നെടുംകണ്ടം ഭാഗത്തേക്കുള്ള വഴിയിലെ ഒന്നാം മൈലിനടുത്തുള്ള സ്ഥലങ്ങള്‍. വല്യപ്പച്ചന്‍ പോയി, അപ്പച്ചനും പോയി, അപ്പച്ചന്റെ ആറു മക്കളില്‍ മൂന്നു പേര്‍ ആണും മൂന്നു പേര്‍ പെണ്ണുങ്ങളും... ഇവരില്‍ ഏറ്റവും മുതിര്‍ന്ന രണ്ടു മക്കളും കുമളിയില്‍ തന്നെ സ്ഥിര താമസമാക്കി. ഇളയ മകന്‍ തറവാട്ടിലും. പെണ്‍മക്കളിലെ മുതിര്‍ന്ന മകള്‍ എന്റെ അമ്മ പാമ്പാടിയിലും രണ്ടാമത്തെ മകള്‍ കുമളിക്കടുത്ത്‌ മുരിക്കടിയിലും ഏറ്റവും ഇളയ മകള്‍ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയിലുമായി. അങ്ങനെ കുമളിയില്‍ സുദൃഢമായ മൂന്നു ബന്ധങ്ങള്‍. രണ്ട്‌ അമ്മാച്ചന്മാരും ഒരു കൊച്ചമ്മയും. മക്കളും കൊച്ചുമക്കളുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. മുരിക്കടി കൊച്ചമ്മയുടെ മകന്‍ എബി ജോസഫ്‌ ഇപ്പോള്‍ കുടുംബസമേതം ഫ്‌ളോറിഡയിലെ മയാമിയില്‍. ഇതാണ്‌ രക്തബന്ധങ്ങള്‍.

തേക്കടി തടാകവും ആനവിലാസവും അണക്കരയും മംഗളാദേവി ക്ഷേത്രവും, ഒന്നാം മൈലിലെ ഒട്ടകത്തലമേടിലെയുമൊക്കെ കണ്ണടച്ചു സഞ്ചരിക്കാവുന്ന വഴികള്‍ ഇപ്പോഴും ഓര്‍മ്മ വരുന്നു. ന്യൂജേഴ്‌സിയിലെ പരാമസിലുള്ള ജോസ്‌ കുറ്റോലമഠത്തിനോട്‌ ഇതേക്കുറിച്ച്‌ യുഎസില്‍ പലതവണ സംസാരിച്ചിട്ടുണ്ട്‌. അങ്ങനെ നാട്ടിലൊത്തു കൂടിയപ്പോള്‍ ജോസിന്റെ നിര്‍ബന്ധമായരുന്നു, തേക്കടിയാത്രം. ഞങ്ങളൊരു ഫാമിലി ട്രിപ്പായി അവിടേക്ക്‌ നടത്തിയ യാത്ര ശരിക്കും അവിസ്‌മരണീയമായി. ഈ പംക്തി വായിച്ചു കൊണ്ടിരിക്കുന്ന ജോസ്‌ തന്നെയാണ്‌ തേക്കടിയെക്കുറിച്ച്‌ വേഗമെഴുതാന്‍ ആവശ്യപ്പെട്ടതും. ജോസും ഭാര്യ തങ്കമണിയും തിരുവനന്തപുരത്തു നിന്ന്‌ വന്നു പാമ്പാടിയിലെ ഞങ്ങളുടെ വീട്ടില്‍ താമസിച്ച്‌ തേക്കടി കാണാനായി യാത്ര തിരിക്കുകയായിരുന്നു.

മുണ്ടക്കയം കഴിഞ്ഞുള്ള ഹെയര്‍പിന്‍ വളവുകള്‍ ആരംഭിച്ചപ്പോഴേ ജോസ്‌ നല്ല മൂഡിലായി. പ്രകൃതിസ്‌നേഹി കൂടിയായ ജോസിന്‌ പെരുവന്താനവും വളഞ്ഞാങ്കാനവും, മത്തായികൊക്കയും, പീരുമേടും കുട്ടിക്കാനവുമൊക്ക ഞാന്‍ പരിചയപ്പെടുത്തി കൊടുത്തി. മഞ്ഞ്‌ ഓടിക്കളിക്കുന്ന മൊട്ടക്കുന്നുകള്‍ ചുറ്റി ഞങ്ങള്‍ പാമ്പനാറിലെയും വണ്ടിപ്പെരിയാറിലെയും തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലേക്കിറങ്ങി. സുഗന്ധദ്രവ്യങ്ങള്‍ മണക്കുന്ന തമിഴും മലയാളവും കലര്‍ന്ന വണ്ടിപ്പെരിയാറില്‍ നിന്നും ഗവിയിലേക്ക്‌ തിരിയുന്ന വഴി ഞാന്‍ ജോസിനു കാണിച്ചു കൊടുത്തു. എന്റെ അപ്പച്ചന്‍ ഏറെക്കാലം ജോലി ചെയ്‌തിരുന്ന എസ്റ്റേറ്റിന്റെ ബോര്‍ഡും ചൂണ്ടിക്കാണിച്ചു. കുമളിയിലെത്തിയപ്പോഴേയ്‌ക്കും തണുപ്പു തലയ്‌ക്കു പിടിച്ചിരുന്നു. ഉറ്റബന്ധു എബിയുടെ വീട്ടില്‍ തമ്പടിക്കാനായിരുന്നു തീരുമാനം. രാത്രി സുഖശീതളിമയോടെ ഉറക്കം. പിറ്റേന്ന്‌ രാവിലെ നേരെ തേക്കടിയില്‍. പോകുന്ന വഴിയില്‍ കെടിഡിസിയുടെ അരണ്യനിവാസ്‌ ഹോട്ടല്‍ ജോസിനെയും തങ്കമണിയേയും കാണിച്ചു കൊടുത്തു. എത്രയോ സിനിമകള്‍ക്ക്‌ രംഗമായ ഹോട്ടലാണിത്‌. ! ഇവിടെ മലയാളസിനിമയിലെ മിക്ക നായകന്മാരും പ്രേമരംഗങ്ങളില്‍ മരം ചുറ്റി നടന്നിട്ടുണ്ട്‌.

ഇരുവശവുമുള്ള മരങ്ങള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വണ്‍വേയിലൂടെ ഞങ്ങള്‍ ബോട്ട്‌ ലാന്‍ഡിങ്‌ കടവിലെത്തി. അതിനു മുമ്പ്‌ വണ്ടിയുടെ നമ്പര്‍ കുറിച്ചെടുത്ത്‌ ചെക്കിങ്ങും ഫോര്‍മാലിറ്റിയും. ഇതുവഴി വാഹനങ്ങള്‍ക്ക്‌ 20 കിലോമീറ്റര്‍ സ്‌പീഡ്‌ ലിമിറ്റ്‌ വെച്ചിട്ടുണ്ട്‌. ചുറ്റുപാടുമുള്ള വന്യ ജീവികള്‍ക്കും കിളികള്‍ക്കും ശല്യമുണ്ടാക്കണ്ട എന്ന്‌ കരുതിയാണ്‌ ഈ നിയന്ത്രണങ്ങള്‍. ഈ യാത്രക്കിടയില്‍ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചില പ്രതിമകളും ചിത്രങ്ങളുമെല്ലാം കാണാം. എന്നാല്‍ മൃഗങ്ങളെ കാണണമെങ്കില്‍ നേരെ ബോട്ടില്‍ തന്നെ കയറണം.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ നൂതന പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഇന്ത്യയിലെ തന്നെ പ്രമുഖമായ കടുവാസങ്കേതം എന്ന നിലയ്‌ക്കും തേക്കടി ലോകപ്രശസ്‌തമായി കഴിഞ്ഞ സമയമായിരുന്നു അത്‌. യാത്രക്കാരുടെ നല്ല തിരക്കുണ്ട്‌. നല്ല സുഖമുള്ള കാലാവസ്ഥ. തലേന്നു പെയ്‌തു തോര്‍ന്ന മഴയ്‌ക്ക്‌ ശേഷം സൂര്യന്‍ ഒന്നു ഉഷാറായിട്ടുണ്ട്‌. ബോട്ടിങ്ങ്‌ രാവിലെ പതിനൊന്നു മണിക്കേ തുടങ്ങു എന്ന്‌ അറിയിപ്പ്‌ കിട്ടി. ബോട്ട്‌ ലാന്‍ഡിങ്ങിനോടു ചേര്‍ന്നു കിടക്കുന്ന പാര്‍ക്കിലേക്ക്‌ കയറി സമയം കൊല്ലാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അവിടെ തേക്കടിയെക്കുറിച്ച്‌ ചില വിവരങ്ങള്‍ കുറിച്ച്‌ വച്ചിട്ടുള്ളത്‌ വായിച്ചു. ഇടുക്കി ജില്ലയില്‍ പെടുന്ന ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ നിര്‍മിച്ച്‌ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള തടാകത്തിന്‌ രൂപം നല്‍കുന്നത്‌ 1895ലാണത്രേ. ഏതാണ്ട്‌ 120 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. തടാകത്തിന്‌ ചുറ്റുമുള്ള വനമേഖല 1899ല്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചു. 1933ല്‍ തിരുവിതാംകൂര്‍ ഭരണകൂടം എസ്‌.സി.എച്ച്‌.റോബിന്‍സനെ ഇവിടെ ഗെയിംവാര്‍ഡനായി നിയമിച്ചതോടെ പ്രദേശത്തിന്റെ സംരക്ഷണത്തിന്‌ പുതിയ തീരുമാനമായി.

ജോസ്‌ തന്റെ കൈവശം വച്ചിരുന്ന ക്യാമറ ഉപയോഗിച്ച്‌ തലങ്ങും വിലങ്ങും ചിത്രങ്ങളെടുക്കുന്നുണ്ട്‌. ബോട്ട്‌ പുറപ്പെടാന്‍ സമയം അടുത്തു വരുന്നു. പാസ്‌ ഭദ്രമായി കൈവശമുണ്ടെന്ന്‌ ഉറപ്പാക്കി. ആനയെ കാണുകയാണ്‌ ലക്ഷ്യം. ഉള്‍ക്കാട്ടില്‍ കടുവകളും കരടികളും ഏറെയുണ്ട്‌. അങ്ങനെയാണ്‌, 600 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം 1934ല്‍ സാങ്‌ച്വറിയായി പ്രഖ്യാപിക്കുന്നത്‌. സ്വാതന്ത്ര്യം കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞ്‌ 1950ല്‍ ഇതിന്റെ വിസ്‌തൃതി 777 ചതുരശ്ര കിലോമീറ്ററായി വര്‍ധിപ്പിച്ചു. 'പെരിയാര്‍ കടുവാസങ്കേത'മായി പ്രഖ്യാപിക്കപ്പെടുന്നത്‌ 1978ലാണ്‌.

ഇടുക്കി ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ മംഗളാദേവി മുതല്‍ ശബരിമല വരെ വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ്‌ പെരിയാര്‍ കടുവാസങ്കേതത്തിലേത്‌. വന്യജീവികളെ അടുത്ത്‌ കാണാനും കാടിനെ അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക്‌ തേക്കടിയിലും മികച്ച ഒരു സന്ദര്‍ശനകേന്ദ്രം വേറെയില്ല. നാട്ടുകാരും വിദേശികളുമായി ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ ഇപ്പോള്‍ തേക്കടിയിലെത്തുന്നുണ്ട്‌. ബോട്ടില്‍ ആദ്യം കയറിയത്‌ ഞങ്ങളായിരുന്നു. ക്രമേണ തിരക്ക്‌ ഏറി തുടങ്ങി. പതിനൊന്നരയായപ്പോള്‍ ഒന്നു ചെറുതായി ഉലഞ്ഞ്‌ ജലകീറുകള്‍ സൃഷ്‌ടിച്ച്‌ ബോട്ട്‌ ഓടി തുടങ്ങി. തടാകത്തില്‍ പൊന്തി നില്‍ക്കുന്ന കുറ്റികളില്‍ നിന്ന്‌ മാറി ശ്രദ്ധയോടെയാണ്‌ ഡ്രൈവര്‍ ബോട്ട്‌ നിയന്ത്രിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജലകന്യക എന്ന ബോട്ട്‌ യാത്രക്കാരുമായി മുങ്ങിയ കാര്യം ജോസ്‌ ഓര്‍മ്മിപ്പിച്ചു. ആ ബോട്ട്‌ അല്ല ഇതെന്ന്‌ ഉറപ്പിക്കാന്‍ ഒരു മാര്‍ഗ്ഗവുണ്ടായിരുന്നില്ല. അതോര്‍ത്തപ്പോള്‍ ശരിക്കും പേടിച്ചുവെന്നത്‌ വേറെ കാര്യം. തീരത്ത്‌ അടുത്തായി അല്‍പ്പം ദുരെ ഒരു വലിയ നിഴല്‍ അനങ്ങുന്നത്‌ കണ്ടു. അതേ, ആനക്കൂട്ടം തന്നെ. ജലത്തിലിറങ്ങി കേളികളാടി തിമര്‍ക്കുകയാണ്‌. ബോട്ട്‌ അടുത്തു വരുന്നതു കണ്ടിട്ടും മൈന്‍ഡ്‌ ചെയ്യുന്നതേയില്ല. ഇവിടെ ആനകളിങ്ങനെയാണ്‌. ബോട്ട്‌ അല്‍പ്പം കൂടി അടുപ്പിച്ചപ്പോള്‍ കരയില്‍ നിന്ന ഒരു ആന ഉറക്കെ ഛിന്നം വിളിച്ചു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ആനക്കൂട്ടി കുളി മതിയാക്കി കരയ്‌ക്കു കയറി. അരമണിക്കൂര്‍ കൂടി ബോട്ട്‌ ഓടികാണണം. വനത്തിനുള്ളിലെ ലേക്ക്‌ പാലസിലേക്കുള്ള വഴി ഞാന്‍ ജോസിനു കാണിച്ചു കൊടുത്തു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാന്‍ അവിടെ ഒരു രാത്രി താമസിച്ചിട്ടുണ്ടെന്നതും ഓര്‍മ്മിപ്പിച്ചു. ബോട്ട്‌ മുല്ലപ്പെരിയാര്‍ ഡാമിലേക്ക്‌ തിരിയുന്ന ടേണിങ്ങില്‍ വച്ചു ഡ്രൈവര്‍ യു ടേണ്‍ എടുത്തു തിരിച്ചു. പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാവാം ഇപ്പോള്‍ മുല്ലപ്പെരിയാറിലേക്ക്‌ ബോട്ട്‌ പോകുന്നില്ല. ഞാനെത്രയോ തവണ മുല്ലപ്പെരിയാറിലെ ഡാമിന്റെ തീരത്തു കൂടി നടന്നിരിക്കുന്നു. സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തായിരുന്നു ഇരുകരകളിലും. മാനം വെള്ളത്തിലേക്ക്‌ ഇറങ്ങി വരുന്നതു പോലെ. കാട്ടില്‍ നിന്നും കിളികളുടെ ശബ്‌ദം കേട്ടു. ഇടയ്‌ക്ക്‌ ആനക്കൂട്ടത്തിന്റെ ഛിന്നം വിളിയും.

ലാന്‍ഡിങ്ങിലേക്ക്‌ തിരികെ വന്ന്‌ ബോട്ടില്‍ നിന്ന്‌ ഇറങ്ങി പേര്‌ ഒന്നു കൂടി നോക്കി... അല്ല, ഇത്‌ അപകടത്തില്‍ പെട്ട ആ ബോട്ടല്ല. അങ്ങനെ ദൈവത്തിന്‌ നന്ദി പറഞ്ഞ്‌, ഞങ്ങള്‍ തിരികെ അരണ്യനിവാസിലെത്തി ഉച്ചഭക്ഷണം കഴിച്ചു. നല്ല ആഹാരമായിരുന്നുവെങ്കിലും ബില്ല്‌ ഇത്തിരി കട്ടിയായി പോയി. അങ്ങനെ മധുരതരമായ തേക്കടിയാത്ര പൂര്‍ത്തിയാക്കി ഞാനും ജോസും കുടുംബവും തിരികെ കോട്ടയത്തേക്കുള്ള റോഡിലേക്ക്‌ കയറി.

ആദ്യമായി തേക്കടിയിലേക്ക്‌ വരുമ്പോള്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ 190 കിലോമീറ്ററും മധുര വിമാനത്താവളത്തില്‍ നിന്ന്‌ 140 കിലോമീറ്ററും ദൂരമുണ്ടെന്ന്‌ ഓര്‍ത്തു വയ്‌ക്കുന്നതു നല്ലതാണ്‌. തേനി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണെങ്കില്‍ 60 കിലോമീറ്റര്‍ അകലമുണ്ട്‌, എറണാകുളത്തുനിന്ന്‌ 190 കിലോമീറ്ററും. ബസ്സിനാണെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മൂന്നാര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നേരിട്ടുള്ള സര്‍വീസുകളുണ്ട്‌. കുമളിയില്‍ നിന്ന്‌ 4 കിലോമീറ്റര്‍ അകലെയാണ്‌ തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ചെക്ക്‌ പോസ്റ്റ്‌.

(തുടരും)

എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള പട്ടണം: കുമളി 3 കി.മി. അകലെ. ഏറ്റവും അടുത്ത വിമാനത്താവളം: മധുര 140 കിലോമീറ്റര്‍ ദൂരെ (ഏകദേശം 4 മണിക്കൂര്‍ അകലം), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 190 കിലോമീറ്റര്‍ അകലെ. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍: കോട്ടയം ഏകദേശം 114 കിലോമീറ്റര്‍ അകലെ. തേക്കടിയിലെ ഇക്കോടൂറിസം സെന്ററുമായി ബന്ധപ്പെടാം, ഫോണ്‍: 04869 224571. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ടൂറിസം, ഫോണ്‍: 04869 222389, 222366. ബോട്ട്‌ ലാന്റിങിലെ ഫോറസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഫോണ്‍: 04869 222028. ബാംബൂഗ്രോവ്‌, ജംഗിള്‍ ഇന്‍ തുടങ്ങിയവയില്‍ രാത്രി താമസിക്കാന്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം, ഫോണ്‍: 04869 224571. കെ.ടി.ഡി.സി.യുടെ ആരണ്യനിവാസ്‌, ലേക്‌ പാലസ്‌, പെരിയാര്‍ ഹൗസ്‌ ഉള്‍പ്പടെ വിവിധ വാടക പരിധിയിലുള്ള അസംഖ്യം ഹോട്ടലുകളും ഹോംസ്‌റ്റേകളും തേക്കടിയിലും പരിസരത്തും ലഭ്യമാണ്‌.
ഹരിതാഭയാര്‍ന്ന തേക്കടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -20: ജോര്‍ജ്‌ തുമ്പയില്‍)
ഹരിതാഭയാര്‍ന്ന തേക്കടി (പ്രകൃതിയുടെ നിഴലുകള്‍ തേടി -20: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക