Image

പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയുടെ ഊതി വീര്‍പ്പിച്ച ആശങ്കകളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 02 June, 2014
പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയുടെ ഊതി വീര്‍പ്പിച്ച ആശങ്കകളും (ജോസഫ്‌ പടന്നമാക്കല്‍)
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മോദിയെന്ന വ്യക്തിയെ തികച്ചും വ്യത്യസ്‌തമായിട്ടാണ്‌ ജനം കരുതുന്നത്‌. രാഷ്ട്രീയ മാദ്ധ്യമങ്ങളുടെ പ്രചാരണതന്ത്രങ്ങളില്‍ മോദിയെ ഒരു മതഭ്രാന്തനായി ചിത്രീകരിക്കുന്നതും കാണാം. ബൌദ്ധിക ലോകംപോലും അദ്ദേഹത്തിലുള്ള മഹിമകളെ തിരിച്ചറിയാതെ വ്യക്തിഹത്യ നടത്തുന്നതും സാധാരണമാണ്‌. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോദ്‌സയെ ആരാധിക്കുന്നവന്‍ ഗാന്ധിജിയുടെ സമാധികുടീരം സന്ദര്‍ശിച്ചെന്നുകുറിച്ചാലെ ചിലര്‍ക്ക്‌ തൃപ്‌തി വരുകയുള്ളൂ. ഗുജറാത്ത്‌ കലാപംകൊണ്ട്‌ മോദിയുടെ ഇമേജ്‌ തകര്‍ന്നുവെന്നെഴുതുന്ന എഴുത്തുകാര്‍ക്കും വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ക്കും ജനങ്ങള്‍ നല്‌കിയ അദ്ദേഹത്തിന്റെ ചരിത്രവിജയത്തെപ്പറ്റി ഒന്നും പറയാനുമില്ല. ഗുജറാത്തിലെ കൂട്ടക്കൊലകള്‍ക്കൊപ്പം കോണ്‌ഗ്രസ്‌ ഭരണകാലത്തെ ദുരന്തങ്ങളായ സിക്ക്‌ കലാപവും ബാബറി മസ്‌ജിദ്‌ തകര്‍ക്കലും, പഞ്ചാബിലെ സുവര്‍ണ്ണയമ്പലത്തിലെ പട്ടാള കുതിപ്പും കുറ്റപ്പെടുത്തുന്നവര്‍ക്ക്‌ അറിയുകയും വേണ്ടാ. വിദേശരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെയും മോദിയ്‌ക്കുളള മതിപ്പിനെപ്പറ്റി ചിന്തിക്കുന്നവര്‍ ദേശസ്‌നേഹിയായ മോദിയുടെ മറ്റൊരു ചിത്രം കാണുന്നില്ല. സ്വാതന്ത്ര്യം കിട്ടിയ നാളുകള്‍മുതല്‍ എന്നും മിന്നിത്തിളങ്ങിയിരുന്ന കോണ്‌ഗ്രസ്‌ പാര്‍ട്ടിക്ക്‌ അമ്പതു സീറ്റുകളില്‍ താഴെ ലഭിച്ചതും ചരിത്രത്തിന്റെയൊരു വികൃതിയായിരുന്നു.

ഭാരതത്തിലെ വട്‌നാഗര്‍ എന്ന പൌരാണിക പട്ടണത്തില്‍ ശ്രീ നരേന്ദ്ര ദാമോദര മുല്‍ചന്ദ മോദി ജനിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക വൈദഗ്‌ദ്ധ്യത്തോടെ സ്വന്തം ഗ്രാമത്തില്‍ പണി കഴിപ്പിച്ച ഹത്‌കെശ്വര മഹാദേവ അമ്പലം എന്നും അദ്ദേഹത്തിന്റെ ഹൃദയക്ഷേത്രമായിരുന്നു. ഈ പുണ്യഭൂമിയില്‍ ഹിന്ദുമതവും ബുദ്ധമതവും ഒന്നുപോലെ തഴച്ചു വളര്‍ന്നിരുന്നു. ചരിത്രത്തിലെ വട്‌നാഗര്‍ ഒരിക്കല്‍ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ചൈനയുടെ പണ്ഡിതനായ ഹുവാന്‍ സങ്ങ്‌ ഇവിടം സന്ദര്‍ശിച്ചതായി തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്‌. 1950 സെപ്‌റ്റംബര്‍ പതിനേഴാംതിയതി മോദി ജനിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ലെങ്കിലും അമ്മയും സഹോദരങ്ങളും സഹോദരിയുമടങ്ങിയ സന്തുഷ്ടമായ ഒരു കുടുംബവും അദ്ദേഹത്തിനുണ്ട്‌. പതിനേഴാം വയസില്‍ യശോദരായുമായി വിവാഹിതനായെങ്കിലും അവര്‍ ഒരിക്കലും ഒന്നിച്ച്‌ താമസിച്ചിട്ടില്ല. ബാലവിവാഹം അന്ന്‌ സാധാരണമായിരുന്നു.

ഇസ്‌തിരിയിട്ട്‌ ഭംഗിയായി ചുളിക്കുകളില്ലാത്ത വേഷങ്ങള്‍ ധരിച്ചു മോടിയായി നടക്കുകയെന്നതും അദ്ദേഹത്തിന്റെ ജീവിതചര്യയാണ്‌. അത്‌ കൌമാരപ്രായം മുതലുണ്ടായിരുന്ന സ്വഭാവ ഗുണമായിരുന്നു. നൂറുകണക്കിന്‌ ബ്രാന്‍ഡ്‌ കുര്‍ത്തകളും അദ്ദേഹത്തിനുണ്ട്‌. വാച്ചുകളും സാന്റല്‍ ചെരിപ്പുകളും വാങ്ങി കൂട്ടുകയെന്നതും മറ്റൊരു ഹോബിയാണ്‌. എവിടെയും ശുചിത്വം പാലിക്കുന്ന കാര്യത്തിലും കര്‍ശന സ്വഭാവക്കാരനാണ്‌. അദ്ദേഹത്തിന്റെ വീട്‌, ചുറ്റുപാടുകള്‍, വീട്ടിലെ ഉപകരണങ്ങള്‍, മേശ കസേര മുതലാവകള്‍ എന്നും വൃത്തിയായി സൂക്ഷിക്കും. ഗുജറാത്ത്‌ മുഖ്യമന്ത്രിയായ ശേഷം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തില്‍ യാത്രചെയ്യാനും ഇഷ്ടമായിരുന്നു. ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം സ്വയം കാണാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍നിന്നു വരുന്ന അതിഗംഭീരമായ ആശയങ്ങളും അവര്‍ണ്ണനീയമാണ്‌. ഒരു ഗവേഷകന്റെ ചിന്തകളാണ്‌ എന്നും പ്രവര്‍ത്തന ശൈലികളില്‍ പ്രകടമാവുന്നത്‌. ടെക്കനോളജിയുടെ വളര്‍ച്ചയ്‌ക്കൊപ്പം പുതിയവകളില്‍ പ്രാവിണ്യം നേടാന്‍ ശ്രമിക്കും. കാലത്തിനൊത്ത വിവര സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ കൊച്ചുകുട്ടികളെപ്പോലെയാണ്‌. പണമിടപാടുകളില്‍ വളരെ കണിശക്കാരനാണ്‌. ഒരു പൈസാ വരെ കണക്കെഴുതി സൂക്ഷിക്കും. സ്വന്തം ജീവിതത്തില്‍നിന്നും പഠിച്ച സാമ്പത്തിക ശാസ്‌ത്രമാണ്‌ ഗുജറാത്തില്‍ മുഖ്യമന്ത്രിയെന്ന നിലയിലും പരീക്ഷിച്ചു വിജയിയായത്‌.

ചെറുപ്പകാലങ്ങളില്‍ ഗ്രാമീണ ബാലനായി വളര്‍ന്ന മോദി ഇംഗ്ലീഷ്‌ ഭാഷ നല്ലവണ്ണം അറിയാമെങ്കിലും മെച്ചമായി കൈകാര്യം ചെയ്യാന്‍ പഠിച്ചിട്ടില്ല. ഇംഗ്ലീഷ്‌ സംസാരിക്കുമ്പോള്‍ ഗുജറാത്തിഭാഷയുടെ ചുവയുമുണ്ട്‌. ആഗോളലോകത്തില്‍ അതൊരു കുറവുമല്ല. റഷ്യാ, ചൈനാ എന്നീ രാജ്യങ്ങളിലെ തലവന്മാരും ഇംഗ്ലീഷറിയാന്‍ മേലാതെ മാതൃഭാഷകളില്‍ സംസാരിക്കുന്നതു കാണാം. എങ്കിലും അനേക ഭാഷകളില്‍ ആശയവിനിമയം നടത്തുവാനറിയാം. ചെറുപ്പകാലങ്ങളില്‍ സ്‌കൂളിലെ ഫണ്ടിനായി നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ബസ്സ്‌റ്റാന്റില്‍ സ്വന്തം അമ്മാവന്റെ ചായക്കടയില്‍ ചായ വിറ്റുകൊണ്ടായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം നടത്തിയത്‌. മതാചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതില്‍ അദ്ദേഹം വളരെ കണിശക്കാരനാണ്‌. നവരാത്രികളില്‍ ഒമ്പത്‌ ദിവസങ്ങളും നോമ്പും ഭജനയുമായി ഈശ്വരപൂജയ്‌ക്ക്‌ സമയം കണ്ടെത്തും. ആ ദിവസങ്ങളില്‍ പഴവര്‍ഗങ്ങില്‍ ഏതെങ്കിലും ഒന്നുമാത്രം കഴിക്കും. എവിടെ യാത്ര ചെയ്‌താലും പത്രം മേടിച്ച്‌ വാര്‍ത്തകളുടെ വിവരങ്ങള്‍ ശേഖരിക്കും. എന്നും രാവിലെ കമ്പ്യൂട്ടര്‍ ലോഗ്‌ ചെയ്‌ത്‌ അദ്ദേഹത്തെപ്പറ്റി എന്തെങ്കിലുമുണ്ടോയെന്നും നോക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹമെന്നും ഒരു ഏകാധിപതിയെപ്പോലെയാണ്‌. സുപ്രധാന തീരുമാനങ്ങള്‍ മറ്റുള്ളവര്‍ എടുക്കാന്‍ അനുവദിക്കില്ല. സുഹൃത്തുക്കളില്‍നിന്നും അകന്ന്‌ എന്നും ഏകനായി സമയത്തെ ക്രമപ്പെടുത്തി ജീവിക്കാനും ഇഷ്ടപ്പെടുന്നു.

മോദിയെ ഒരു ജോലിഭ്രാന്തനായി അറിയപ്പെടുന്നു. ഒരു മിനിറ്റിനെയും കൈവിട്ടു കളയാന്‍ അനുവദിക്കില്ല. രാവിലെ എഴുന്നേക്കുമ്പോഴെ ഇന്റെര്‍നെറ്റും ഈമെയിലും നോക്കുകയായി. രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാന്‍ സ്വന്തം പാര്‍ട്ടികളിലുള്ളവരായി ബന്ധപ്പെടലും ആലോചനാ യോഗങ്ങളും ആരംഭിക്കും. രാവിലെ ഓഫീസ്സില്‍ പോയി രാത്രി പത്തുമണിവരെ ജോലി ചെയ്യും. ഉറങ്ങുന്നത്‌ ദിവസം നാലഞ്ചു മണിക്കൂറുകള്‍ മാത്രം. തലമുടി ചീകലും കണ്ണാടി നോക്കലും കൂടെ കൂടെ വേണം. എന്നും ഒരു മോഡലിനെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നു. കൈവശം ഒരു ചീപ്പ്‌ പോകുന്ന സ്ഥലങ്ങളില്‍ കൊണ്ടുനടക്കും. സഞ്ചരിക്കുന്ന കാറിലും ഡസന്‍ കണക്കിന്‌ വസ്‌ത്രങ്ങള്‍ കരുതിയിരിക്കും. എത്ര താമസിച്ചു കിടന്നാലും കൃത്യമായി എന്നും അഞ്ചരയ്‌ക്ക്‌ എഴുന്നേലക്കും. സാഹിത്യമൂല്യങ്ങളില്ലാത്ത കവിതകളും എഴുതും. സ്വാമി വിവേകാനന്ദന്റെ ആരാധകനാണ്‌. ഇന്ദിരാ ഗാന്ധിയുടെ കഴിവുകളേയും പുകഴ്‌ത്താറുണ്ട്‌.

പതിനേഴു വയസുള്ളപ്പോള്‍ സ്വന്തം വീടും നാടും വിട്ടു പോയി. അതിനുശേഷം രാജകോട്ടിലുള്ള രാമകൃഷ്‌ണമിഷിനില്‍ താമസിച്ചു. കര്‍ണാടകത്തിലുള്ള ബെലുര്‍ മഠത്തിലും ഹിമാലയത്തിലും വസിച്ചിട്ടുണ്ട്‌. ഇന്ത്യാ മുഴുവന്‍ അലഞ്ഞു തിരിഞ്ഞ്‌ യാത്ര ചെയ്‌തു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും അറിയാം. ഭാരതത്തിലെ പ്രസിദ്ധരായ സന്യാസിമാരെ കണ്ടു മുട്ടി അവരോടൊപ്പം താമസിച്ച്‌ വേദങ്ങളെപ്പറ്റിയും അറിവുകള്‍ നേടിക്കൊണ്ടിരുന്നു. സ്വാമി പരമാനന്ദ പ്രിയ ഗുരുവായിരുന്നു. കൂടെ കൂടെ ഗുജറാത്തിലെ മുസ്ലിം നേതാക്കന്മാരെയും അദ്ദേഹം കാണുമായിരുന്നു.

കൂടെയുള്ളവരെയും സഹപ്രവര്‍ത്തകരെയും ജോലി ചെയ്യാതെ മടിയന്മാരായി നടക്കാന്‍ സമ്മതിക്കില്ല. അപാരമായ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമാണ്‌ അദ്ദേഹത്തിനുള്ളത്‌. നല്ല നീന്തല്‍ വിദക്തനുമാണ്‌. യോഗായിലും അതിന്റെ ഉപശാസത്രങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌. സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ. വ്യക്തി പ്രഭാവത്തോടെയുള്ള അദ്ദേഹത്തിന്റെ .അസാധാരാണ ശബ്ദം ജനകോടികളെ ആകര്‍ഷിക്കുന്നതാണ്‌. സ്‌ത്രീ ജനങ്ങള്‍ക്ക്‌ അങ്ങേയറ്റം പ്രിയങ്കരനുമാണ്‌. ഭാരതത്തെ സാമ്പത്തിക ശക്തിയായി കാണാനാഗ്രഹിക്കുന്ന ഒരു സ്വപ്‌നലോകത്തിലാണ്‌ അദ്ദേഹമെന്നും സഞ്ചരിക്കുന്നത്‌.

രാഷ്ട്രപിതാവിന്റെയും രാഷ്ട്രശില്‍പ്പികളുടെയും പവിത്രപാദങ്ങള്‍ പതിഞ്ഞ പുണ്യപാര്‍ലമെന്റിന്റെ ആദ്യപടിയെ കുമ്പിട്ടുകൊണ്ടായിരുന്നു മോദിജി ഭാരതത്തിന്റെ നൂറായിരം കഥകള്‍ പറയാനുള്ള ചരിത്രമന്ദിരത്തിലേക്ക്‌ വലതുകാല്‍ വെച്ചുകയറിയത്‌. ഒരിക്കലെങ്കിലും അദ്ദേഹത്തെപ്പറ്റി നല്ലൊരുവാക്ക്‌ പറയാന്‍ പലരുടെയും നാവനങ്ങില്ലായിരുന്നു.ഇത്രമാത്രം വിവാദങ്ങളില്‍ക്കൂടി വന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുസ്ലിമുകളുടെ രക്തത്തില്‍ കുളിച്ചവന്‍, കൂട്ടക്കൊലകളുടെ സൂത്രധാരകന്‍, മതഭീകരന്‍, കഠിനഹൃദയന്‍ എന്നെല്ലാം പ്രതിയോഗികള്‍ അദ്ദേഹത്തെ വിളിച്ചു. വോട്ടുബാങ്കിനായി നീച കര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത, സത്യത്തെയും ധര്‍മ്മത്തെയും ഇല്ലാതാക്കിക്കൊണ്ട്‌ അധര്‍മ്മം നിലനിര്‍ത്താനാഗ്രഹിക്കുന്ന രാഷ്ട്രീയ പുംഗവന്‍മാരുടെ മുമ്പില്‍ സര്‍ദാര്‍ പട്ടേലിന്റെപോലെ ഉരുക്കുഹൃദയമുള്ള ഈ മനുഷ്യന്‍ ഒരിക്കലും അടിപതറിയിട്ടില്ലായിരുന്നു.

എന്നാല്‍ പാര്‍ലമെന്റ്‌ മന്ദിരത്തിനുള്ളില്‍ അനുമോദനങ്ങളുടെ നടുവിലേക്ക്‌ ചുറ്റുംനിന്ന ജനത്തിന്റെ മുമ്പില്‍ മോദിജി പൊട്ടിക്കരഞ്ഞു. അഡ്വാനിജിയായിരുന്നു അതിനു കാരണം. അഡ്വാനിജി പറഞ്ഞു, പ്രിയപ്പെട്ട മോദിജി അങ്ങയുടെ കരുണകൊണ്ടാണ്‌ നമ്മുടെ പാര്‍ട്ടി വലുതായി ഇന്ന്‌ അധികാരം പിടിച്ചെടുത്തത്‌'. ഇത്‌ കേട്ടയുടന്‍ വികാരങ്ങള്‍കൊണ്ട്‌ അടിമപ്പെട്ടുപോയ മോദിജിക്ക്‌ വാക്കുകളില്ലാതായി. കഠിനഹൃദയനെന്നു കരുതിയ മോദിജി ഒരു നിമിഷംകൊണ്ട്‌ രാഷ്ട്രത്തിന്റെ മുമ്പില്‍ ലോലഹൃദയനായി വാക്കുകളെ പതറിപ്പിച്ചുക്കൊണ്ടിരുന്നു. ചുറ്റും നിന്നവര്‍ അദ്ദേഹത്തെ സ്വാന്തനപ്പെടുത്തി കണ്ണുനീരോപ്പുന്നുണ്ടായിരുന്നു.

മോദി പറഞ്ഞു, 'എന്റെ ഗുരുവിനെപ്പോലെ ഞാന്‍ വന്ദിക്കുന്ന അഡ്വാനിജി എന്റെ കരുണകൊണ്ടാണ്‌ പാര്‍ട്ടി വിജയിച്ചതെന്ന്‌ ഒരിക്കലും പറയരുതേ ! എന്റെ പ്രിയപ്പെട്ട രാജ്യവും എന്നെ വളര്‍ത്തി വലുതാക്കിയ എന്റെ പാര്‍ട്ടിയും എന്റെ അമ്മയാണ്‌. പെറ്റമ്മയ്‌ക്ക്‌ തുല്യമാണ്‌. ഭാരതമണ്ണിന്റെ പുത്രനായി എന്നെ ഞാനാക്കിയത്‌ ജീവനു തുല്യമായി ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പാര്‍ട്ടിയാണ്‌. അമ്മയ്‌ക്ക്‌ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോള്‍ അത്‌ കരുണയാകുന്നതെങ്ങനെ? ഒരു പാവപ്പെട്ടവന്റെ മകനായി വെറുമൊരു മണ്‍കൂടാരത്തില്‍ ഞാന്‍ വളര്‍ന്നു. ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആദ്യമായി കാണുന്നതും മുഖ്യമന്ത്രിയായ ശേഷമാണ്‌. ജീവിക്കാനായുള്ള അവസരങ്ങള്‍ പാര്‍ട്ടി എനിക്ക്‌ തരുകയായിരുന്നു.'

മറ്റൊരവസരത്തില്‍ മോദിജി പറഞ്ഞു, 'അപ്പന്‍ ദരിദ്രരായ ഞങ്ങളുടെ കുടുംബത്തെ പോറ്റാന്‍ ചക്കാട്ടും. അമ്മ എണ്ണ ശേഖരിക്കും. എണ്ണയും പിണ്ണാക്കും വിറ്റുകൊണ്ട്‌ അവര്‍ ഞങ്ങളെ പരിപാലിച്ചു. ജീവിക്കാന്‍ നിവൃത്തിയില്ലാതായപ്പൊള്‍ ബാലനായ ഞാന്‍ നാടും വീടും വിട്ടുപോയി. ഹിമാലയസാനുക്കളില്‍ അന്നലഞ്ഞു നടന്നു. പിടിച്ചുനില്‌ക്കാനായി താഴെക്കിടയിലുള്ള ജോലികളെല്ലാം ചെയ്‌തു.'

വാജ്‌പെയി സദസില്‍ ഇല്ലാതായതും മോദിജിയെ ദുഖിതനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായും ആശംസിച്ചു. അങ്ങനെ ആദ്യദിവസം തന്നെ മോദിജിയുടെ പാര്‍ലമെന്റ്‌ പ്രവേശനം ചരിത്രത്തിനു തന്നെ മൂര്‍ത്തിമത്‌ ഭാവമായി തുടക്കം കുറിച്ചു.

മോദിജി പറഞ്ഞു, ' ഭാരതത്തിന്റെ തെക്കും വടക്കുമായ എല്ലാ ദിശകളിലും ഞാന്‍ യാത്ര ചെയ്യാറുണ്ട്‌. വഴിയോരങ്ങളില്‍ വിശക്കുന്ന വയറുകളുമായി ബി.ജെ. പി. പതാകയുമേന്തി ഒറ്റ വസ്‌ത്രവുമായി ജീവിക്കുന്ന ജനം അഭിവാദനം ചെയ്യുന്ന വേളകളിലെല്ലാം എന്റെതായ പഴങ്കാല ജീവിതത്തെപ്പറ്റിയും ഓര്‍ത്തു പോവുമായിരുന്നു. ' വികാരങ്ങള്‍ നിറഞ്ഞ മോദിയുടെ പ്രസംഗങ്ങള്‍ ജനങ്ങളെ അത്യാഗാധാമായ ചിന്തകളിലേക്കും ആവഹിക്കുമായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പരിഷ്‌കൃത രാജ്യങ്ങള്‍ക്കൊപ്പം ഉയര്‍ത്തണമെന്നുള്ള വിശ്വാസവും മോദി ജനങ്ങള്‍ക്ക്‌ പകരുമായിരുന്നു.

സത്യപ്രതിജ്ഞാ വേളയില്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ സാന്നിദ്ധ്യവും ഒരു ചരിത്രമുഹൂര്‍ത്തം കുറിച്ചു. ' അഭിപ്രായ വിത്യാസങ്ങള്‍ മറന്ന്‌ അയല്‍ രാജ്യങ്ങളുമായി സുസ്ഥിരമായ ഒരു ബന്ധം ഉറപ്പിക്കണമെന്നും' മോദി പറഞ്ഞു. 1947ലെ ഇന്ത്യാ പാക്കിസ്ഥാന്‍ വേര്‍പിരിയലിനുശേഷം പാക്കിസ്ഥാനിലെ ഒരു നേതാവുമൊന്നിച്ച്‌ വികാരപരമായ സൌഹാര്‍ദ്ദം പങ്കുവെച്ച മറ്റൊരു ചരിത്രം ഇന്ത്യയ്‌ക്കുണ്ടാവില്ല. എന്നും ശതൃക്കളായി കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചര്‍ച്ചകളില്‍ തിളങ്ങിയിരുന്നു.

ചൈനയുമായി ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന വിദേശനയവും മോദിയ്‌ക്ക്‌ വെല്ലുവിളിയായിരിക്കും. ചൈനയ്‌ക്കെതിരെ മുന്നേറുന്ന സാമ്പത്തിക ശക്തികളായ കൊറിയായും ജപ്പാനുമായുള്ള ഇന്ത്യയുടെ സഹകരണം ഇന്ത്യാ ചൈന ബന്ധത്തിന്‌ തടസമാണ്‌. വ്യവസായ പങ്കാളികളായ ഈ രണ്ടു രാജ്യങ്ങളുടെയും സഹായം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്‌ കൂടിയേ തീരൂ. ഇന്ത്യയുടെ സാമ്പത്തിക പ്രത്യായശാസ്‌ത്രത്തില്‍ ചൈനാ മൌനം പാലിക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ പട്ടാളത്തെ വികസിപ്പിക്കുന്നതും ഇന്ത്യന്‍ മിലിട്ടറിയെ ആധുനീകരിക്കുന്നതും ഭീഷണിയായി കരുതുന്നു. ഇന്ത്യയുടെ സൌത്ത്‌ ഈസ്റ്റ്‌ ഏഷ്യന്‍ സുഹൃത്ത്‌ രാജ്യങ്ങളായ ജപ്പാനും സിംഗപ്പൂരും സൌത്ത്‌ കൊറിയായും വിയറ്റ്‌നാമുമായുള്ള ബന്ധങ്ങളും ചൈനയെ വെറി പിടിപ്പിക്കുന്നുണ്ട്‌. കൊറിയായുടെ കപ്പലുകളും നാവിക ഉപകരണങ്ങളും ഇന്ത്യാ വാങ്ങിക്കുന്നത്‌ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

ഗുജറാത്ത്‌ കലാപത്തിനുശേഷം നരേന്ദ്ര മോദിയെ ഒരു മുസ്ലിം വിരോധിയായിട്ടാണ്‌ പൊതുവേ കരുതുന്നത്‌. തിരഞ്ഞെടുപ്പു വേളകളില്‍ എതിര്‍ പക്ഷങ്ങള്‍ വോട്ടു ബാങ്കിനായി അത്‌ മുതലെടുത്തുകൊണ്ടിരുന്നു. പക്ഷെ ഗുജറാത്തിലെ മുസ്ലിമുകള്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിക്കൊപ്പമായിരുന്നു. ജനക്ഷേമകരമായ അനേക പദ്ധതികള്‍ മോദി സര്‍ക്കാരിന്‌ അവിടെ നടപ്പിലാക്കാന്‍ സാധിച്ചതുമൂലം മുസ്ലിമുകളുടെ ആളോഹരി വരുമാനം ഇരട്ടിയാക്കാനും സാധിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മുസ്ലിമുകള്‍ ഭൂരിപക്ഷമുള്ള അനേക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയികളായതും ബി.ജെ.പി. യായിരുന്നു. ഉത്തര ഇന്ത്യയില്‍ എണ്‌പതു സീറ്റോളം മുസ്ലിം പിന്തുണയോടെ ബി.ജെ.പി.യ്‌ക്ക്‌ നേടാന്‍ സാധിച്ചെന്നും കണക്കുകള്‍ പറയുന്നു.

മുസ്ലിം സമുദായത്തിലെ വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള മത്സരങ്ങളും ബി.ജെ.പി.യ്‌ക്ക്‌ അനുകൂലമാക്കി. ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത്‌ ഷിയാകള്‍ കൂടുതല്‍ വസിക്കുന്ന രാജ്യവും ഇന്ത്യയാണ്‌. സുന്നി മുസ്ലിമുകളും ഷിയാ മുസ്ലിമുകളും തമ്മിലുള്ള ആശയ സംഘട്ടനങ്ങള്‍ പലപ്പോഴും രാഷ്ട്രീയത്തിലും പ്രതിഫലിക്കാറുണ്ട്‌. ലക്‌നൗ, വാരണാസിയിലുള്ള മുഴുവന്‍ ഷിയാകളും പിന്തുണ നല്‌കിയത്‌ ബി.ജെ.പി.യ്‌ക്കായിരുന്നു. ഷിയാകള്‍ ഭൂരിഭാഗവും ചെറുകിട 'കുടില്‍' വ്യവസായങ്ങളില്‍ ജീവിക്കുന്നവരാണ്‌. അത്തരം വ്യവസായങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കികൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങളും ബി.ജെ.പി.യ്‌ക്ക്‌ അനുകൂലമായി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും ഇന്ത്യയില്‍ മുസ്ലിമുകള്‍ താമസിക്കുന്ന ഭൂരിഭാഗം ഗ്രാമങ്ങളും വളരെ പിന്നോക്കാവസ്ഥയിലാണ്‌. ദരിദ്രര്‍ കൂടുതലും സമ്പത്ത്‌ ഏതാനും ചിലരുടെ കുത്തകയിലുമാണ്‌. കോണ്‌ഗ്രസ്സ്‌ സര്‌ക്കാരിന്റെ കാലങ്ങളില്‍ ഈ അന്തരം കുറയ്‌ക്കാന്‍ കാര്യമായി ഒന്നും തന്നെ ചെയ്‌തിട്ടില്ല. അനേക ഗ്രാമങ്ങളില്‍ സ്‌കൂളുകളോ വൈദ്യുതിയോ ആരോഗ്യ കേന്ദ്രങ്ങളോ ഹോസ്‌പ്പിറ്റലുകളോ ഇല്ലാത്ത ഒരു സ്ഥിതിവിശേഷമാണുള്ളത്‌. മുസ്ലിമുകള്‍ക്ക്‌ ബാങ്ക്‌ കടങ്ങള്‍ അനുവദിക്കാതിരിക്കുക, ജോലി നിഷേധിക്കുക, വാടകയ്‌ക്ക്‌ താമസിക്കാന്‍ വീട്‌ കൊടുക്കാതിരിക്കുക എന്നീ സാമൂഹിക ദ്രോഹങ്ങള്‍ മുമ്പുള്ള സര്‍ക്കാരിന്റെ കാലങ്ങളില്‍ സാധാരണമായിരുന്നു. അവിടെയെല്ലാം പുത്തനായ വാഗ്‌ദാനങ്ങളുമായി മുസ്ലിമുകളുടെ മനസ്സിനെ പിടിച്ചെടുത്ത്‌ വോട്ടുകള്‍ നേടിയതും ബി.ജെ.പി. സുനാമിയുടെ വേലിയേറ്റങ്ങള്‍ക്ക്‌ കാരണമായി.

പശ്ചിമഘട്ടം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരും കേരളത്തിലെ ഏതാനും ക്രിസ്‌ത്യന്‍ ബിഷപ്പുമാരുമായി ഒരു തുറന്ന സമരത്തിന്‌ സാധ്യതയുണ്ട്‌. രാഷ്രീയ പാര്‍ട്ടികളും ക്രിസ്‌ത്യന്‍ ബിഷപ്പുമാരും തിരസ്‌ക്കിരിച്ച ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നിയമപരമായി നടപ്പാക്കുമെന്നാണ്‌ മോദിസര്‍ക്കാര്‍ പറയുന്നത്‌. അത്‌ അവരുടെ തിരഞ്ഞെടുപ്പ്‌ പത്രികയിലുമുണ്ടായിരുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ മാറ്റം വരുത്തി ലഘുകരിച്ച കസ്‌തൂരി റിപ്പൊര്‍ട്ടുപോലും ഇടുക്കി, കാഞ്ഞിരപ്പള്ളി, താമരശ്ശേരി മെത്രാന്‍മാര്‍ എതിര്‍ത്തിരുന്നു. കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്ന ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തികച്ചും ജനാധിപത്യ രീതിയില്‍ ശാസ്‌ത്രീയമായി തയ്യാറാക്കിയതാണ്‌. ഭൂമിയുടെ സമതുലനാവസ്‌ ത പരിപാലിക്കുന്നതില്‍ സഭ എതിര്‍പ്പുകളൊന്നും ഔദ്യോഗികമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഏതാനും സ്ഥാപിത താല്‌പര്യക്കാരായ മെത്രാന്മാര്‍ കൃഷിക്കാരെ തെറ്റിധരിപ്പിച്ച്‌ അതിനെതിരായി സമരവുമായി രംഗത്തുണ്ട്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനു മുമ്പ്‌ അതാതു പ്രദേശങ്ങളിലെ ജനങ്ങളും ഗ്രാമ പഞ്ചായത്തുകളുമായി ആലോചിക്കണമെന്നത്‌ വ്യക്തമാക്കിയിട്ടുള്ളതുമാണ്‌. രാസ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയെ നിരുത്സാഹപ്പെടുത്തി ജൈവ വളങ്ങള്‍ ഉപയോഗിക്കാനും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌. കൂറ്റന്‍ കെട്ടിടങ്ങളും മണല്‍വാരലും വനംകൊള്ളയും നിരോധിച്ചിട്ടുണ്ട്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ കൃഷിക്കാരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാനല്ല മറിച്ചു്‌ ഹൈറെഞ്ച്‌ മുഴുവന്‍ സഭാവക സ്ഥാപനങ്ങള്‍ നിറച്ചും ഭൂമി മാഫിയാകളെ സഹായിച്ചും മലകള്‍ തുരന്ന്‌ പാറ പോട്ടീരുകാരെ പിന്തുണച്ചും വീതം മേടിച്ചും ഭൂമിയുടെ സമതുലനാവസ്ഥയെ തകര്‍ക്കാനാണ്‌. ഒരിഞ്ചു ഭൂമിപോലും കൃഷി ചെയ്യുന്നവന്‌ നഷ്ടപ്പെടില്ല. ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിന്‌ ഗാഡ്‌ഗില്‍ റിപ്പൊര്‍ട്ട്‌ പ്രായോഗികമാക്കാന്‍ സാധിക്കുമെന്നതും മെത്രാന്മാര്‍ക്ക്‌ തലവേദനയായിട്ടുണ്ട്‌.

അമേരിക്കയുടെ റൊണാള്‍ഡ്‌ റീഗനെയോ ബ്രിട്ടന്റെ മാര്‍ഗരേറ്റ്‌ താച്ചറെയോപ്പോലുള്ള ഒരു നേതാവിനെ ഇന്ത്യയുടെ മോദിയില്‍ അദ്ദേഹത്തെ പിന്താങ്ങുന്നവര്‍ സ്വപ്‌നം കാണുന്നു. സുസ്ഥിരമായ ഒരു സര്‍ക്കാരിനും രാജ്യപുരോഗതിക്കും ജനങ്ങള്‍ തന്ന കാര്യനിയൊഗമെന്ന്‌ തിരഞ്ഞെടുപ്പുഫലത്തെ മോദിയും വിലയിരുത്തി. ഇരുപത്തിയഞ്ചു വര്‍ഷത്തെ കൂട്ടുമന്ത്രിസഭയ്‌ക്കുശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിന്നുപോയ സാമ്പത്തിക മുന്നേറ്റത്തിന്‌ പുത്തനായ ജീവനും ഉണര്‍വും ഇനി നല്‍കേണ്ടത്‌ തിരഞ്ഞെടുത്ത മോദിയുടെ പുതിയ ഭരണകൂടമാണ്‌. കഴിവും മികവുമുള്ള കോടാനുകോടി ചെറുപ്പക്കാരായവരുടെ ഒരു ലോകം ഇന്ത്യക്കുണ്ട്‌ . അവരുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ കഴിവുള്ള ഒരു നേതാവിനെയാണ്‌ ഭാരതത്തിനാവശ്യം. വര്‍ഗ വര്‍ണ്ണ ജാതി രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്ന നേതാവുമായിരിക്കണം. അങ്ങനെയുള്ള ഒരു നേതാവാണ്‌ മോദിജിയെന്നും അദ്ദേഹം പ്രതീക്ഷകള്‍ക്കൊപ്പം. ശക്തമായ ഒരു ഭരണം വാഗ്‌ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം. നമ്മുടെ നാടിനുള്ളില്‍തന്നെ യുവതലമുറകള്‍ക്ക്‌ അര്‍ഹിക്കുന്ന അവസരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നല്‌കിക്കൊണ്ട്‌ തുടങ്ങിവെച്ച ഉദാരവല്‍ക്കരണ സാമ്പത്തിക ശാസ്‌ത്രം നടപ്പിലാക്കണം. മോദിജി അതിനു കഴിവും പ്രാപ്‌തനുമായ നേതാവാണെന്നതിലും സംശയമില്ല. പൊതുവേ വ്യത്യസ്‌ത കഴിവുകള്‍ തെളിയിച്ച ചെറുപ്പക്കാരായവരുടെ കൂട്ടായ്‌മയാണ്‌ മോദി മന്ത്രിസഭയിലുള്ളത്‌. മുമ്പുള്ള ഭരണാധികാരികള്‍ വരുത്തിവെച്ച സാമ്പത്തിക ക്രമക്കേടുകളും അരാജകത്വവും ഇല്ലാതാക്കാന്‍ ഇനിയും കാലങ്ങളെടുത്തേക്കാം. എങ്കിലും ഭാരത ജനത മോദിയിലര്‍പ്പിച്ച ശുഭപ്രതീക്ഷകളുടെതായ സുവര്‍ണ്ണദിനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലങ്ങളില്‍ത്തന്നെ കാത്തിരുന്നു കാണാം. അന്തര്‍ദേശീയ ശക്തിധൃവീകരണത്തില്‍ വിഭവ സമൃദ്ധിയാല്‍ പുഷ്ടി നേടുന്ന ഇന്ത്യ ഏഷ്യയുടെ പതാകവാഹകനാകുന്ന കാലവും വിദൂരമല്ല.
പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയുടെ ഊതി വീര്‍പ്പിച്ച ആശങ്കകളും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2014-06-02 16:18:35
വളരെ നന്നായി. അഭിനന്ദനങ്ങൾ ! സുധീർ പണിക്കവീട്ടിൽ
secular 2014-06-02 18:44:36
മതേതരം എന്നതു ഒരു അശ്ലീല വാക്കാക്കിയവരാണു മോഡിയും കൂട്ടരും. അവരൂടെ അടി കിട്ടുമ്പോഴേ ലേഖകനും മറ്റും കാര്യം പിടി കിട്ടൂ. ഗുജറാത്തില്‍ മുസ്ലിംകളോടു ചെയ്തത് മറക്കണ്ട.
മീറ്റിംഗ് ഒക്കെ സരസ്വതി വന്ദനത്തോടെ തുടങ്ങുന്നതും സ്‌കൂളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമായി ചെയ്യുന്നതുമൊക്കെ ലേഖകനു വലിയ പ്രശ്‌നം അല്ലായിരിക്കാം. എന്നാല്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലിമിനും ക്രിസ്ത്യാനിക്കും അതു കുറച്ചു വിഷമം തന്നെ ആയിരിക്കും.
എസ്കെ 2014-06-02 19:31:14
മതേതരം എന്നത് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ മാത്രം അനുഷ്ടിക്കേണ്ട ഒരു മാര്‍ഗ്ഗമാണ് .  
vargeeyan 2014-06-02 19:40:51
ഹിന്ദുക്കളല്ലാത്തവര്‍ക്ക് എന്തോ ഉലത്തി തന്നിരിക്കുന്നു എന്നു സാരം. എന്നിട്ട്, മുസ്ലിമിന്റെ സ്ഥിതി ദലിതന്റേതിനേക്കാള്‍ കഷ്ടവും.
നുണ പറഞ്ഞാണല്ലൊ വര്‍ഗീയത വളരുന്നത്‌
Thomas Koovalloor 2014-06-03 03:55:27
ഇത്ര നന്നായി ഒരു ചരിത്രകാരന്റെ ഉത്സുകതയോടെ മലയാളികളെ മാത്രം ഉദ്ദേശിച്ച് എഴുതിയ ജോസഫ്‌ മാത്യു പടന്നമാക്കലിന്റെ ഈ ലേഖനത്തിന് ഇത്ര ദുഷിച്ച രീതിയിൽ കമന്റെഴുതിയവന്മാർ വാസ്തവത്തിൽ സ്കൂളിൽ പോയവന്മാർ ആണോ അതോ പരദേശത്തു ഉണ്ടായവന്മാർ ആണോ എന്ന് സന്ദേശിച്ചു പോകുന്നു. ഇത്ര നന്നായി എഴുതിയ ഒരു ചരിത്രപരമായ ലേഖനത്തിനെതിരെ ഇത്തരത്തിലുള്ള കമന്റുകൾ എഴുതുന്നവംമാരെ വാസ്തവത്തിൽ പബ്ലിഷര്മാർ ഇടുന്നതുതന്നെ നിർത്തണം എന്നാണ് എന്റെ പക്ഷം. ജോസഫ്‌ മാത്യു ഒരു പരിചയ സമ്പന്നനായ അമേരിക്കാൻ ലിബ്രാരെരിയനും ചരിത്രകാരനും ആയ വന്ദ്യ വയോധികാൻ ആണെന്ന് ഇവന്മാർ അറിഞ്ഞിരുന്നെങ്ങിൽ ഇങ്ങിനെ അദ്ദേഹത്തെ ആക്ഷേപിക്കാൻ മുതിരുംയിരുന്നോ . ഇവമ്മാർക്ക് വായിച്ചാൽ അതിന്റെ അർഥം മനസ്സിലാക്കാൻ കൂടി അറിയതില്ലാത്ത മരമാണ്ടംമാരല്ലേ ഇവന്മാർ . ഭാഷക്ക് കളങ്കം വരുത്തുന്ന ഇവമ്മാരുടെ പോസ്ടിങ്ങ്സ് എടുത്തു കളയാൻ ഒരു റിക്വസ്റ്റ് കൂടി പുബ്ലിഷെർക്കു . ജോസഫ്‌ മാത്യു നു എന്റെ അഭിനന്ദനംഗൽ .
 Thomas Koovalloor
Panoor Parameswaran 2014-06-03 05:01:33
അരിക്കും കപ്പക്കും വേണ്ടി ഉണ്ടായ ഒത്തിരി ക്രിസ്ത്യാനികളായി മാറിയതിലും ഉണ്ട് തോമാച്ചാ...
പാത്തിരുന്നു തല്ലുണ്ടാക്കാൻ ഇവന്മാർ മിടുക്കരാ...  നല്ലതും ചീത്തയും തിരിച്ചറിവില്ലാ... പറഞ്ഞിട്ട് കാര്യമില്ലാ...

വിദ്യാധരൻ 2014-06-03 06:32:01
പരദേശത്തു ഉണ്ടായവാൻ എന്ന് തോമസ്‌ കൂവല്ലൂർ എഴുതുമ്പോൾ അതിന്റെ അർഥം? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി കംമെണ്ട് എഴുതാൻ പറ്റുമോ? വയോദികൻ നിങ്ങള്ക്ക് വന്ദ്യ്ൻ ആണെങ്കിൽ എനിക്ക് വന്ദ്യ്ൻ ആകണം എന്നില്ല! പിന്നെ നിങ്ങൾ പുറത്തിരുന്നുകൊണ്ട് പത്രാധിപർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ പറയാൻ നിങ്ങൾ അവരെ തിരഞ്ഞു എടുത്തു നിയമിച്ചതല്ലല്ലോ? ഇത്രയും കുറ്റം ഞാൻ നിങ്ങളുടെ എഴുത്തിൽ കണ്ടുപിടിച്ചത് ഒരു കാര്യം പറയാനാണ്. "സൂക്ഷിച്ചു പാർത്താൽ ചന്ദ്രനിലും കാണാം കരിപുള്ളിക്ൾ"
Christian 2014-06-03 10:53:18
Arikkum kappakkum venti matham maariyavar......the upper caste explanation. people change religion because they see a better ideology. some will not like the many gods, caste, rituals etc. Then they move to another one.
That is his right. why attack that?

from facebook 2014-06-03 13:38:01

ഹോ ഇനി അങ്ങ് ചത്താൽ മതി !!!!! പെട്രോളിന് വില പകുതി ആയി കുറച്ചു,ഡീസലിനു അതിലും വില കുറഞ്ഞു,പച്ചക്കറിയുടെ വില കുത്തനെ ഇടിഞ്ഞു ,രൂപയുടെ വില അങ്ങ് കുതിച്ചു കയറി,സ്റ്റോക്ക്‌ മാർക്കറ്റ്‌ ഇപ്പൊ അങ്ങ് ആകാശം മുട്ടെ ആയി , ഇനി സോണിയ മദാമ്മേനെ ഒന്ന് നാട് കടത്തണം ,അങ്ങ് ഇറ്റലിക്ക് !!!
റോബർട്ട്‌ വദേര സായിപ്പിനെ പിടിച്ചു ജയിലിൽ ഇടണം ,പിന്നെ മദാമ്മേടെ മക്കളെ പിടിച്ചു നാട് കടത്തണം , പിന്നെ വിദേശ ബാങ്കുകളിൽ കിടക്കുന്ന ഇന്ത്യൻ കള്ളപ്പണം ഇങ്ങു കൊണ്ട് വരണം അതു കൊണ്ടുവന്നിട്ടു വേണം അവനെ ഒക്കെ പിടിച്ചു ജയിലിൽ ഇടാൻ, 
പിന്നെ ഉള്ളതു പാകിസ്ഥാൻ . അടിച്ചു പൊടിച്ചു തരിപ്പണമാക്കി എന്നാ കേട്ടതു , ഇനി പാകിസ്ഥാനിൽ ആരുമില്ല അത്രെ!!! പാകിസ്താനി ഹിന്ദുക്കളെ മാത്രം ഇങ്ങു കൊണ്ട് പോരുന്നു തിരഞ്ഞു പിടിച്ച് , ബാക്കി ഒക്കെ ഭസ്മം !!!
ഇങ്ങു അമേരിക്കയിൽ ആണെങ്കിൽ കൊറേ ആൾക്കാർ നാട് വിടുവാണെന്ന് കേട്ടു!!! ഇനി ഡോളർ വേണ്ടത്രെ !!
ഗ്രീൻ കാര്ഡും വേണ്ട അമേരിക്കൻ പൌരത്വം തീരെ വേണ്ട !! ഇനി പോക്കിള് കുഴിച്ചിട്ട മണ്ണിലെത്തിയിട്ടെ
ശ്വാസം പോലും എടുക്കുകയുള്ളൂ എന്ന്,അവിടെ തേനും പാലും ഒഴുകാൻ തുടങ്ങിയത്രെ !!!!

"പെട്രോളിനും ഡീസലിനും വില ഇനിയും കൂടുന്നു"

പാക്കിസ്ഥാൻ ഇപ്പൊ "ഭായ് ഭായ്" അത്രെ !!
ഇനി ആ വാഗാ ബോര്ഡ്ർ തുറന്നിട്ടു വേണം റിലെയൻസിന്റെ ഗോഡൌണ്‍ലേക്ക് പഞ്ചസാരയും ബസ്മതിയും സ്റ്റോക്ക് ചെയ്യാൻ, എന്നിട്ട് ഉള്ള സവാള അങ്ങോട്ട്‌ കൊടുക്കാൻ , എന്തായാലും ടാറ്റ യുടെയും അംബാനിയുടെയും കോടിക്കണക്കിനു രൂപയുടെ പാകിസ്ഥാനിലുള്ള സമ്പത്തിന് ഒരു കാവല്ക്കാരനെ അവര് തന്നെ നിയമിച്ചു !!!
അന്തോണി പുണ്യാളൻ തടഞ്ഞു വച്ച റിലെയൻസ' ഇടനിലക്കാരനായ നാല്പത്തി അയായിരം കോടിയുടെ ഇടപാട് ആയുധ ഇടപാട് വീണ്ടും പോടീ തട്ടി എടുക്കുന്നു !!! കാട്ടിലെ തടി തേവരുടെ തടി , വലിയെടാ വലി !!!

തന്ത്രപ്രധാനമായ പ്രതിരോധ മേഖലയടക്കം പലതും വിദേശ കുത്തകകൾക്ക് അടിയറ വെക്കുവാൻ നിയമം പാസ്സാക്കുന്നു, വിറ്റഴി ക്കൽ വിദഗ്ദ്ധൻ ജൈറ്റ്ലി വീണ്ടും പണി തുടങ്ങാൻ പോകുന്നു, എന്റെങ്കിലുമൊക്കെ ബാക്കി വച്ചാൽ മതിയായിരുന്നു


എന്തൊക്കെ ആരുന്നു വീര വാദങ്ങൾ. അങ്ങനെ പവനായി ശവമായി!!!!!!!!!

വാൽകഷ്ണം + മദാമ്മക്കും ഇറാനിക്കും വിദ്യാഭ്യാസം ഇല്ലെങ്കിലും കാര്യങ്ങൾ നടത്താൻ മിടുക്കർ ആണ് , എന്തു ചെയ്തിട്ടാണെങ്കിലും!!!! രണ്ടു പേരും waitress മാര് ആയിട്ട് ജോലി ചെയ്തിട്ടുള്ളതു വിദേശ കുത്തകകൾക്ക് വേണ്ടി ആണെന്ന് മാത്രം!!! സാമ്യം ഇല്ലാത്തതു വിവാഹകാര്യത്തിൽ മാത്രം !!!

Thomas Thekkan 2014-06-03 14:55:32
വ്യക്തിഹത്യ നടത്തുന്നവർ സാധാരണ സ്വന്തമായി ആശയങ്ങളിൽ പാപ്പരായവരാണ്. ഇവിടെ പടന്നമാക്കൽ ഒരു ലേഖനം എഴുതി. അതിന്റെ പ്രതികരണം ലേഖനത്തെപ്പറ്റിയല്ലായിരുന്നു. കീരിയും പാമ്പുംപോലെ തല്ലുപിടിക്കുന്ന ഒരു കൂട്ടരുടെ അഭിപ്രായ പ്രകനങ്ങൾ മാത്രം. ഒളിഞ്ഞിരിക്കുന്ന മലയാളിയുടെ തറസംസ്ക്കരവും അഭിപ്രായങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഇവരുടെയിടയിൽ വിമ്മിഷ്ടപ്പെടുന്നത് അറിവുതേടി വരുന്ന വായനക്കാരും. ശ്രീ കൂവള്ളൂർ, എഡിറ്ററെ നിയമിച്ചുവോയെന്നു ഒരാളിന്റെ ചോദ്യം. വിലകുറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല. ഒരു ലേഖനത്തെ വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ വിമർശനം ലേഖന കർത്താവിനെയല്ല വേണ്ടത്. അതു ചൂണ്ടികാണിച്ച ശ്രീ കൂവള്ളൂരിനെയും വെറുതെ വിടുന്നില്ല. സാമൂഹിക രാഷ്ട്രീയമായ ഒരു ലേഖനത്തിൽ മതവും കുത്തി നിറച്ചു. സൂര്യ നമസ്ക്കാരം ഏതോ പാപമായി ഒരാൾ പ്രതികരിച്ചിരിക്കുന്നു. ഇന്ത്യാ എന്ന മഹാരാജ്യത്ത് നാം ജനിച്ചത്‌ ഭാഗ്യമെന്നു കരുതൂ? ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ക്രിസ്ത്യാനിക്ക് പ്രാർത്ഥന ചെല്ലണമെങ്കിൽ ഒളിച്ചും പാത്തുമിരുന്നു വേണം. ആഫ്രിക്കൻ രാജ്യത്ത് ഒരു മുസ്ലിം യുവതി ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചതിന് അവരെ തൂക്കാൻ വിധിച്ചതും ഹിന്ദുക്കൾ ഇവിടെ എന്തുലത്തിയെന്നുള്ള ചോദ്യത്തിനുത്തരമാണ്. സൂര്യ നമസ്ക്കാരം ചെയ്താലൊന്നും ഏക ദൈവം കൊപിക്കില്ല. വൈദിക മതത്തിലെ ദ്വൈതം അദ്വൈതം പഠിച്ചാൽ ക്രിസ്ത്യാനിക്ക് ഏക ദൈവത്തിന്റെ പൂർണ്ണത മനസിലാകും.
Jacob Koyippally 2014-06-03 15:16:43
വസ്തുതകൾ നന്നായി പറഞ്ഞു എന്ന് തുറന്നു അഭിനന്ദിക്കുന്നു. സത്യം പറയുന്നവരെ ചീത്തവിളിക്കുക എന്നത് കക്ഷിരാഷ്ട്രീയം തലയ്ക്കു പിടിച്ച രാഷ്ട്രീയ ഭ്രാന്തന്മാർക്കും മതം തലയ്ക്കു പിടിച്ച മത ഭ്രാന്തന്മാർക്കും മദ്യപർക്കു അച്ചാർ എന്നത് പോലെ ഒഴിച്ചു കൂടാനാവാത്ത തൊടുകറിയാണ്. ആർക്കൊക്കെ അപ്രിയമാണെങ്കിലും സത്യം സത്യമല്ലാതെ ആകാൻ തരമില്ലല്ലോ. ഭാഷാ പ്രയോഗങ്ങൾ വിമർശനത്തിലും മാന്യതാപൂർണ്ണമാകുന്നത് തെറ്റൊന്നുമല്ല. എന്നാൽ മാന്യതാ ലേശമില്ലാത്തവരോടു പറയുന്നതും കുറ്റം കമിഴ്ത്തിവച്ചു വെള്ളം ശേഖരിക്കാൻ ശ്രമിക്കുന്നത് പോലെയാണ് എന്നുല്ലാതും സാമൂഹ്യപാഠമാണ്.
Chrisrtian 2014-06-03 17:34:50
Thekkan says that Hindus are showing some magnanaimity to others. Unfortunately, we are the sons of the soil as you are with equal rights. Surya namskar is worshipping soorya,  which is a god created material. how can we worship that?
bijuny 2014-06-03 19:24:43
കുഞ്ഞേ ,  ഈ ഭൂ മുഘത്തുള്ള  ജീവനുല്ലതെല്ലാം  ഭൂമി മാതാവിൽ സൂര്യ പിതാവിന് ഉണ്ടായ സന്തതികൾ ആണ്.  അച്ഛൻ , അമ്മ ഇവര ദൈവ ത്തുലയാർ ആണെന്ന് നമ്മളെല്ലാവരും വിശ്വസിക്കുന്നു.  അത് കൊണ്ട് ഭൂമി ദേവിയെ തൊട്ടു വണങ്ങി നമ്മൾ ഉറക്ക്മുരരുന്നു. സൂര്യ ദേവനെ പൂജിച്ചു കൊണ്ട് കരമ നിരതമായ ദിവസം തുടങ്ങുന്നു.  താങ്കളുടെ ആരോഗ്യത്തിനും ഇത് നല്ലത് തന്നെ.  ഇതൊക്കെ പണ്ട് ആരോ ഭാരത ദേശത്ത് കണ്ടു പിടിച്ചു .  അത്രയേ ഉള്ളൂ കാര്യം. ജിം കാശു കൊടുക്കാതെ വീട്ടിൽ ഇരുന്നും ചെയ്യാം. സൂര്യനും ഭൂമിയും ഒരു മതത്തിന്റെയും കുത്തകയല്ല. ഹിന്ദുക്കൾ , സൂര്യൻ, ഭൂമി , വായു, മഴ ഇങ്ങനെ  നമ്മളെ സൃഷ്ടിച്ചതും നില നിരത്തുന്നതും ആയ എല്ലാ  പ്രകൃതി ശക്തികല്ക്കും ഇപ്പോഴും thanks പറഞ്ഞു കൊണ്ടേയിരിക്കുന്നു. പൂജ എന്നുള്ളത് ഈ തന്ക്സിന്റെ വേറൊരു പേര് മാത്രം, which makes us think humble.
Chrisrtian 2014-06-03 19:43:10
ബിജുണ്ണി പറയുന്നതു ബിജുണ്ണിയുടെ വിശ്വാസം. ആയിക്കോളൂ. ഒരു വിരോധവുമില്ല. പക്ഷെ മറ്റുള്ളവരും അങ്ങനെ വിശ്വസിക്കണം എന്നി ശഠിക്കാമോ? ഓരോരുത്തരും അവര്‍ വിശ്വസിക്കുന്ന രീതിയില്‍ കഴിയട്ടെ. അങ്ങനെ പാടില്ല എന്നു പറയാന്‍ ആര്‍ക്കാണവകാസം?
കല്ലും മണ്ണും സൂര്യനുമൊന്നും ദൈവമല്ല. അവയെയും ലോകത്തെയും സ്രുഷ്ടിച്ച ദൈവമാണു വണങ്ങപ്പെടേണ്ടവന്‍.
bijuny 2014-06-03 19:56:07
ലേഖകൻ  ഈ മലയാളിയിലൂടെ മലയാളിയോട് പറഞ്ഞതും ,  ശശി   തരൂര് ഇന്ന്  huffington post ലൂടെ സായിപ്പിനോട്‌ പറഞ്ഞതും ഒരേ കാര്യം തന്നെ.
http://www.huffingtonpost.com/shashi-tharoor/narendra-modi-shashi-tharoor_b_5434302.html 
MODI 2.0
keraleeyan 2014-06-04 06:21:57

(from a discussion seen. Kerala people are already living with dharma. They are educated too)

kerala is very important in the struggle for dharma. the challenges there may seem very difficult, but not impossible. it clearly exists. and, the solution for the rest of the country can be found instantly, automatically, once the customized good solution based on our sanatana hindu dharma culture and traditions can be developed and implemented there. kerala was considered as a model state in 1947 at time of independence. it can become, once again, a model state for the rest of india, for harmony, peace and prosperity.

our many thanks, namaskaars-praNaams and best wishes to shantaram hegdekatte aNNa and family, to hww and to all. I am copying this more widely, publicly, globally, as this is a very important topic and challenge. I apologize for any discomforts and inconveniences.

how to grow the bjp in kerala ??? past 60+ years of work by rss-jansangh-bjp has not been effective, did not yield desired results. on the other hand, islam, Christianity, communists have gained much at the expense of hindus. now modi has made some positive impact, but more work is needed. and, it has to be based on the importance of sanatana hindu dharma for establishing a state of peace, harmony, prosperity in society and the nation. Christianity crusade, islamic jihad, communist revolutions, nehruvian socialism, Machiavellian power play, western inspired elitist capitalism etc will not work. so, a new approach is required in kerala, especially since its demographics is now favoring muslims and Christians in its trends. but the youth will support an independent and free society in kerala and in india, not one which is psychologically subservient to the west or to the gulf. india's ancient culture, traditions, heritage is still regarded highly by Christians and muslims of kerala also, not just by hindus. so the best approach for bjp-rss in kerala is to enlist the support of ordinary kerala Christians, muslims, others, not bending over backwards saying all religions are equal, but emphasizing the cultural heritage and traditions of kerala, importance of dharma in politics etc. a new approach needs to be developed to attract the kerala voters, communities, people. such approach will work well in other parts of india also, later on, like Bengal, assam etc.   

bjp gains this time are substantial. but in kerala the power structure seems to be anti-hindu and is very much in favor of Christianity, including using the fear of muslims to keep hindus under check, for eventual advantage of Christianity, they have established a psychological celing against hindus coming together. even the other available option of communist party there is anti-hindu, anti-Brahmin. it looks like bjp does not yet have an effective strategy for kerala, but they are making some gains. now modi effect will start pushing things forward. this is the time to grow a strong bjp there from grassroots by hard work, like done in Karnataka during the 1990s. progress will come. 

വിദ്യാധരൻ 2014-06-04 08:15:52
"കുറ്റം കൂടാതുള്ള നരന്‌മാര്‍ കുറയും ഭൂമിയില്‍ എന്നുടെ 'തെക്കാ' ലക്ഷം മാനുഷര്‍ കൂടീടുമ്പോള്‍ ലക്ഷണം ഒത്തവര്‍ ഒന്നോ രണ്ടോ ഉടലതി രമ്യം ഒരുത്തനു കാലില് മുടവ് ഉണ്ടെന്നൊരു ദോഷം മറ്റൊരുവന്‍ സുനധരെനെങ്കിലും ഒറ്റ കണ്ണന്‍ ആയത്‌ ദോഷം" ആയതുകൊണ്ട്‌ തെക്കന്‍ തെകെന്റെ അഭിപ്രായ്ം പറഞ്ഞു മിണ്ടാതതിരിക്കുക
Thomas Thekkan 2014-06-04 11:10:36
കോഴി കട്ടവന്റെ തലയിൽ പപ്പെന്നു പറഞ്ഞപോലെയാണ് ശ്രീ വിദ്യാധരന്റെ എഴുത്ത്. അർത്ഥമുള്ള നല്ലൊരു പേര് ജനിച്ചപ്പോൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഉപമകളൊക്കെ ഇഷ്ടപ്പെട്ടു. പദ്യം ഉരുവിടാനും അറിയാം. എന്തു ചെയ്യാം. കോങ്കണ്ണി കാമാക്ഷിയും, കുടുംബം തോണ്ടുന്ന ഭാഗ്യ ലക്ഷ്മിയും, ചന്തയിൽ പുരാണം പാടുന്ന സരസ്വതിയുംപോലെ അദ്ദേഹത്തിന്റെ കവിതയും നന്നായിരിക്കുന്നു. പേരിന് നീതിയും പുലർത്തുന്നുണ്ട്. പക്ഷെ വിദ്യാധരനെങ്കിലും ഒന്നു കുറവുള്ളത് വിവേകം. എങ്കിലും വിദ്യാധരാ, അങ്ങറിഞ്ഞാലും, വിവേകി സംസാരിക്കുന്നതിനു മുന്പ് ചിന്തിക്കുന്നു, മണ്ടന്മാര് സംസാരിച്ചു കഴിഞ്ഞാണ് അതിനെ പറ്റി ചിന്തിക്കുന്നത്. പ്രയാസപ്പെടേണ്ട, സ്വാമി വിവകാനന്ദൻ പറഞ്ഞതാണ്. ഇപ്പോൾ താങ്കൾ ചിന്തിക്കാൻ തുടങ്ങിയതിലും സന്തോഷം. ഇതാണ് വിക്റ്റർ യുഗോ പറഞ്ഞ വിവേകത്തിന്റെ സന്താനമായ ജാഗ്രത.
വിദ്യാധരൻ 2014-06-04 12:51:26
നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു കാര്യം ഈ ഭൂമി മലയാളത്തിൽ ആദ്യമായിട്ടാണ് ഒരാൾ വിദ്യാധരൻ എന്ന എന്റെ പേര് ശരിയായ പേരാണെന്ന് സമ്മതിക്കുന്നത്. വളരെ സന്തോക്ഷം. പിന്നെ നിങ്ങളെ പോലുള്ള വിവേകികളുമായി ഏറ്റു മുട്ടിയാലല്ലേ എന്റെ അവിവിവേകം മാറി കിട്ടു തെക്കാ?? "തല്ലും നൃപനിഹ കൊല്ലും സചിവൻ കൊല്ലും നൃപനിഹ തിന്നും സചിവൻ" എന്നാണല്ലോ പ്രമാണം
James Thomas 2014-06-04 17:40:49
പ്രിയ പത്രാധിപർ

അഭിവന്ദ്യനായ ശ്രീ ജോസഫ് പടന്ന മാക്കൽ എഴുതിയ
മനോഹരമായ ലേഖനത്തെകുരിച്ചുള്ള ചര്ച്ച്ചയല്ല
നടക്കുന്നത്. ഇത് ദയവായി നിറുത്തുക,

ഈ കളത്തിൽ ചവുട്ടി നില്ക്കുന്നവര്ക്ക് ഒരു
സംവാദം കോളം കൊടുക്കുന്നതിനെക്കുരിച്ച്ച്
ആലോചിക്കയാവും ഭേദം. എല്ലാവരുടെയും
വാദങ്ങൾ രസകരം പക്ഷെ വേദി ഇതല്ല ഇവിടെ
പടന്ന മാകലിന്റെ ലേഖനത്തെ കുറിച്ച് ചര്ച്ച്
ചെയ്യുന്നത് ഉചിതം.

John Varughese 2014-06-05 08:14:21
വിദ്യാധരൻ ഒരു മനശാത്രന്ജനാണോ? അദ്ദ്യാപകനാണോ? എന്തായാലും പലരും വടികൊടുത്ത് അടിമെടിക്കുന്നുണ്ട്! കൊള്ളാം!!! ഇങ്ങനോരാൾ ഇവിടെ ആവശ്യമാണ്
വിദ്യാധരൻ 2014-06-05 07:50:39
ശ്രീ ജോസഫ്‌ പടന്നമാക്കലിന്റ്, മോഡിയുടെ അനുഭവങ്ങള്‍ നിരത്തി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത സമ്മര്‍ദ്ധിക്കുന്ന ലേഖനം നന്നായിരിക്കുന്നു. അതുകൊണ്ട്‌ ഭാരതത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലൂടെ വിജയകരമായി നയിക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ച്‌ വായനക്കാർക്ക് പലതരത്തിലുള്ള അഭിപ്രായങ്ങൾ കാണും. രണ്ടായിരം പേരുടെ ജീവൻ അപഹരിച്ച ഗുജറാത്തിലെ വർഗ്ഗീയ വിപ്ലവം, ഹൈന്ദവ രാഷ്ട്രത്തിനുവെനിയുള്ള ബീജെപ്പിയുടെ നിലപാട്, ന്യുനപക്ഷങ്ങൾക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള ഭയം ഇതെല്ലാം അഭിപ്രായം പറയുന്നവർ എഴുതിയെന്നിരിക്കും. ഈ ലേഖനത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടതിൽ കൂവെള്ളൂരിനു നിർണ്ണായകമായ ഒരു പങ്കുണ്ട്. അദ്ദേഹത്തിനു ലേഖകൻ കാണപെട്ട ദൈവം ആയിരിക്കും. ഇവിടെ ലേഖകനെ കുറ്റം പറയാനാവില്ല കാരണം അദ്ദേഹത്തിൻറെ പേരിന്റെ മുന്നിലും പിറകിലും യാതൊരുതരത്തിലുളള വിശിഷ്ട പദവികളും ചേർത്തിട്ടില്ല. ചേർത്തത്‌ കൂവെല്ലൊരും ജയിംസ് തോമസുമാണ്. അവര്ക്ക് അദ്ദേഹം വന്ദ്യനൊ അഭിവന്ദ്യനൊ ആയിരിക്കും. ലേഖനത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് അതിന്റെ ഗുണഗണങ്ങളെ വിലയിരുത്തണ്ടവ്ർ വായനക്കാർ വിദ്യാഭ്യാസം ഇല്ലാത്തവരും പരദേശത്തുണ്ടായവരും എന്നൊക്കെ പറഞ്ഞു, ലേഖകനായ ശ്രി ജോസ്ഫു പടന്നമാക്കലിനെ പുകഴ്ത്താൻ ശ്രമിച്ചപ്പോലാണ് പ്രശ്നം ആരംഭിച്ചത്. വായനക്കാരെ ചീത്ത വിളിച്ചു എഴുത്ത്കാരനെ പുകഴ്ത്തുന്ന നിങ്ങളുടെ സമീപനം നന്മയെക്കാൾ എഴ്ത്തുകാരന് ദോഷമേ ചെയ്യുകയുള്ളൂ. ലേഖകൻ ഇത്തരക്കാരുമായി ആണെല്ലോ സംസർഗ്ഗം നടത്തുന്നത് എന്ന തോന്നലാണ് എനിക്കുണ്ടായത്. പിന്നെ ഒരുത്തൻ മാറ്റൊരുത്തൻ പരദേശത്തു ഉണ്ടായത് എന്ന് പറയുമ്പോൾ അത് പറയുന്നവന്റെ ഉള്ളിലെ ചെളി തന്നെയാണ് പുറത്തേക്ക് കൊണ്ട് വരുന്നത്. പിന്നെ പത്രാധിപരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക. ഒരു പക്ഷേ നിങ്ങൾക്ക്‌ പരിചയമുല്ലവരായിരിക്കും പത്രം നടത്തുന്നത്. അതുകൊണ്ട് ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പത്രത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ശരിയായ ഒരു നടപടിയല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക