Image

തെരഞ്ഞെടുപ്പിലെ വാര്‍ത്താ- പണമിടപാട്‌ (ജോസ്‌ കാടാപുറം)

Published on 02 June, 2014
തെരഞ്ഞെടുപ്പിലെ വാര്‍ത്താ- പണമിടപാട്‌ (ജോസ്‌ കാടാപുറം)
പതിനാറാം ലോകസഭ തെരെഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ജനങ്ങള്‍ പ്രതീക്ഷയോടെ പുതിയ സര്‍ക്കാരിനെ നോക്കി കാണുന്നു.

ജനകീയ പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയിലും നടപ്പില്‍ വരുന്ന കാര്യങ്ങള്‍ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്ക്‌ പ്രയോജനകരമാകുമോയെന്നതിന്റെ അടിസ്ഥാനത്തിലുമാണു്‌ പുതിയ ഗവണ്‍മെന്റിനെ വിലയിരുത്താന്‍ കഴിയുക. എന്നാല്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം തെരഞ്ഞെടുപ്പ്‌ കാലത്തെ വാര്‍ത്താമാദ്ധ്യമങ്ങളുടെ വിശ്വാസ്യതയും സ്വീകരാര്യതയും സംബന്ധിച്ചുള്ളതാണ്‌. ഏതാണ്ട്‌ മൂവായിരത്തോളം പെയ്‌ഡ്‌ ന്യൂസ്‌ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു എന്നാണ്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലയിരുത്തല്‍.

ഇതില്‍ തന്നെ 750 കേസുകള്‍ പ്രഥമദൃഷ്ട്യാ തെളിവുള്ളതാണെന്ന്‌ കമ്മീഷന്‍ സ്ഥിരീകരിച്ചു. അക്കൂട്ടത്തില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട കേസ്സുകളുണ്ട്‌. പണം കൊടുത്ത്‌ വാര്‍ത്ത നല്‍കിയാല്‍ നടപടിയുണ്ടാകുമെന്നും അത്തരം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ അയോഗ്യരാക്കുമെന്നും തെരെഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞാലും ഗവണ്‍മെന്റ്‌ എന്ത്‌ നിലപാടെടുക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറക്കും.

എന്തായാലും സ്വന്തം കീര്‍ത്തിയും എതിരാളിയുടെ അപകീര്‍ത്തിയും മാധ്യമങ്ങള്‍ക്ക്‌ പണം കൊടുത്ത്‌ വാര്‍ത്ത സൃഷ്ടിക്കുന്ന മ്ലേച്ഛമായ രീതിക്കെതിരെ ഉറച്ചനിലപാടുകള്‍ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍ എടുക്കേണ്ടത്‌ അനിവാര്യമാണ്‌.

ജനപ്രാതിനിത്യ നിയമങ്ങളില്‍ പഴുതടച്ചുള്ള ഭേദഗതി വന്നാല്‍ മാത്രമേ, പണം കൊണ്ട്‌ ജനവിധി വിലയ്‌ക്കെടുക്കുന്ന പെയ്‌ഡ്‌ ന്യൂസ്‌ തടയാന്‍ കഴിയൂ എന്നാണ്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറയുന്നത്‌.

പെയ്‌ഡ്‌ ന്യൂസ്‌ സമ്പദായം അവസാനിപ്പിക്കാന്‍ മുഖ്യധാര പാര്‍ട്ടികള്‍ താല്‍പ്പര്യപ്പെടും എന്നു കരുതാന്‍ വയ്യ. വലിയ പാര്‍ട്ടികള്‍ മാധ്യമങ്ങളെ വിലക്കെടുത്താണു സ്വന്തം പ്രചരണം നടത്തുന്നത്‌ എന്നതാണ്‌ കാരണം. അവിശ്വസനീയമായ കൗശലങ്ങളിലൂടെ ഇപ്പോള്‍ ജയിച്ച നേതാക്കള്‍ക്ക്‌ അമാനുഷ പരിവേഷം നല്‍കിയത്‌ ഇതിനുവേണ്ടി ചിലവാക്കിയ പെയ്‌ഡ്‌ ന്യൂസ്‌ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്‌.

പ്രധാന കക്ഷികളെ നയിക്കുന്നത്‌ വമ്പന്‍ കോപ്പറേറ്റുകളാണ്‌. അവയുടെ കൈയ്യിലാണ്‌ മാധ്യമ ഉടമസ്ഥത. കോര്‍പ്പറേറ്റ്‌ മാദ്ധ്യമങ്ങള്‍ സ്വമേധയാ വാര്‍ത്ത സൃഷ്ടിച്ച്‌ തങ്ങളുടെ രാഷ്ട്രീയ മുഖങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു പുറമെയാണ്‌, കക്ഷികളും നോതാക്കളും പണം കൊടുത്ത്‌ ഇതര മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നത്‌.

തെരെഞ്ഞെടുപ്പുലെ തോല്‍വിക്ക്‌ കോണ്‍ഗ്രസ്‌ പഴിചാരുന്നത്‌ ജാപ്പനീസ്‌ പരസ്യ കമ്പനിയായ ദെന്ത്‌സുവിനെയാണ്‌. കോണ്‍ഗ്രസിന്‌ വേണ്ടി പരസ്യ പ്രചരണങ്ങള്‍ നടത്തിയ ദെന്ത്‌സുവിന്‌ വേണ്ടി 600 കോടി രൂപയാണ്‌ കോണ്‍ഗ്രസ്‌ ചിലവാക്കിയത്‌. എന്നാല്‍ ബി.ജെ.പി. ഏജന്‍സികള്‍ വഴി ചിലവാക്കിയത്‌ പതിനായിരം കോടി രൂപയാണ്‌. മുമ്പ്‌ തയ്യാറാക്കിയ പരസ്യങ്ങള്‍ക്ക്‌ വലിയ തുകയിടാക്കിയ ഈ ഏജന്‍സികള്‍ വലിയ മാധ്യമ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന്‌ വലിയ നിരക്കിലാണ്‌ പരസ്യം നല്‍കിയത്‌.

കേരളത്തിലെ കഥയും വ്യത്യസ്‌തമല്ല. മുകളില്‍പറഞ്ഞ പാര്‍ട്ടികള്‍ക്ക്‌ സേവ ചെയ്യാന്‍ കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങള്‍ മത്സരിച്ചു. മൊത്തം പ്രചരണത്തിന്റെ സിംഹ ഭാഗവും രണ്ട്‌ പ്രമുഖ പത്രങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ വിശകലനം ചെയ്‌താല്‍ വലതുപക്ഷത്തിനുവേണ്ടി മറയില്ലാത്ത വിടുപണിയാണ്‌ കാണാനാവുക. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലേറെ കണക്കാക്കിയാണ്‌ കേരളത്തിലെ രണ്ടു പത്രങ്ങള്‍ പരസ്യം നല്‍കിയത്‌.

മറ്റു മുഴുവന്‍ പത്രങ്ങള്‍ക്കും സാധാരണ പരസ്യനിരക്ക്‌ നല്‍കിയപ്പോള്‍ കേരളത്തിലെ പ്രധാന രണ്ടു പത്രങ്ങള്‍ 85 ലക്ഷം അധികം നല്‍കി. ഇങ്ങനെ അധികം കിട്ടിയ പണം സര്‍ക്കാരിനെ വഴിവിട്ട്‌ ന്യായീകരിക്കാനും ഈ പത്രങ്ങള്‍ തയ്യാറായി.

രണ്ടു പത്രങ്ങള്‍ യുഡിഎഫിനെ ന്യായീകരിക്കാനും എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താനും നിരന്തരം നിര്‍ദയം എഴുതിയത്‌ നമ്മള്‍ കണ്ടു. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനാണ്‌ പണം പറ്റി ഈ മാദ്ധ്യമങ്ങള്‍ കൂച്ചുവിലങ്ങിടുന്നത്‌. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും തുറന്നു കാട്ടാനുമുള്ള ഉയര്‍ന്ന മാദ്ധ്യമ സാക്ഷരതയും ബോധവും സമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്‌.

ജനാധിപത്യത്തിന്റെ അന്തസന്ത തന്നെ തകര്‍ക്കുന്ന പെയ്‌ഡ്‌ ന്യൂസ്‌ കച്ചവടത്തില്‍ കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരേപോലെ ഒറ്റപ്പെടുത്തണം.
തെരഞ്ഞെടുപ്പിലെ വാര്‍ത്താ- പണമിടപാട്‌ (ജോസ്‌ കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക