Image

`പായ്‌ക്ക്‌റാറ്റു'കള്‍ സ്വരൂപിച്ചുകൂട്ടുന്ന ചപ്പുചവറുകള്‍ (ജോണ്‍ മാത്യു)

Published on 02 June, 2014
`പായ്‌ക്ക്‌റാറ്റു'കള്‍ സ്വരൂപിച്ചുകൂട്ടുന്ന ചപ്പുചവറുകള്‍ (ജോണ്‍ മാത്യു)
എല്ലാ തത്വചിന്തകളും പറയുന്നു നാളേക്ക്‌ കരുതിവെക്കരുതെന്ന്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആഗ്രഹങ്ങളാണ്‌ മനുഷ്യര്‍ക്ക്‌ ദുഃഖമുണ്ടാക്കുന്നത്‌, സുഖം കെടുത്തുന്നത്‌. വേദാന്തത്തിന്റെയൊന്നും പിന്‍ബലമില്ലാതെ വെറും നാടന്‍ ഭാഷയിലാണെങ്കില്‍ ഏത്‌ സന്ദര്‍ഭവും ഏതു പ്രശ്‌നവും `ടേക്കിറ്റ്‌ ഈസി'. എന്നാല്‍ നമ്മുടെ മനസ്സ്‌ അതിന്‌ സമ്മതിച്ചിട്ടുവേണ്ടേ, എന്തെല്ലാം വസ്‌തുക്കളാണ്‌ പിന്നീടൊരിക്കല്‍ വേണ്ടിവരുമെന്ന പ്രതീക്ഷയില്‍ സൂക്ഷിച്ചുവെക്കുന്നത്‌. ഇതിനും പുറമേയാണ്‌ വൈകാരികമായോ അല്ലെങ്കില്‍ പ്രവണതയായോ ശേഖരിച്ചുവെക്കുക. മനുഷ്യരും `പായ്‌ക്ക്‌മൂഷിക' ഗണത്തില്‍പ്പെടുമോ എന്തോ? പഴയൊരു ഇവൊലൂഷനറി പാരമ്പര്യമായി.

ആരുടെയും ജീവിതം തിരുത്തിയെഴുതുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഒരു തിരിഞ്ഞുനോക്കല്‍, അല്ലെങ്കില്‍ ചെയ്‌തുകൂട്ടുന്ന ആവശ്യങ്ങളെയോ അനാവശ്യങ്ങളെയോ, വികൃതികളെയോ നോക്കി ഒരു ആക്ഷേപഹാസ്യപ്പുഞ്ചിരി, അത്രമാത്രം.

ഒരു സുഹൃത്ത്‌ പറഞ്ഞു:

അദ്ദേഹത്തിന്റെ ഹോബിതന്നെ യാത്രകളോടെ ബന്ധപ്പെട്ടരേഖകള്‍ ചേര്‍ത്തുവെക്കുകയാണെന്ന്‌. ഏതെല്ലാം വിമാനങ്ങളിലാണ്‌ ആ സുഹൃത്ത്‌ സഞ്ചരിച്ചിട്ടുള്ളത്‌, അതിന്റെയെല്ലാം തെളിവുകള്‍, ബോര്‍ഡിംഗ്‌ പാസുകള്‍ സഹിതം ഫയലിലുണ്ട്‌. മാത്രമല്ല, റയില്‍വേ ടിക്കറ്റുകള്‍, സന്ദര്‍ശിച്ചിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശനരേഖകളുടെ മുറിച്ചുകിട്ടിയ ബാക്കിഭാഗം, തീര്‍ന്നില്ല അവിടെനിന്നും ഒരുകപ്പ്‌ കാപ്പികുടിച്ചതിന്റെ രേഖകള്‍ വരെ വളരെ കൃത്യമായി, മനോഹരമായി ഫയല്‍ചെയ്‌തുവെച്ചിരിക്കുന്നു.

ഇതെല്ലാം ഒന്നും മറിച്ചുനോക്കുമ്പോള്‍ ആ യാത്രകളുടെ ഓര്‍മ്മ മനസ്സിലേക്കുവരുമെന്നും അന്ന്‌ കണ്ടതും അനുഭവിച്ചതും ഒന്ന്‌ അയവിറക്കാന്‍ കഴിയുമെന്നുമാണ്‌ അനുഭവത്തില്‍നിന്നും അദ്ദേഹത്തിന്റെ അഭിപ്രായം. പണച്ചെലവൊന്നുമില്ലാതെ മനസ്സുകൊണ്ടൊരു യാത്രതന്നെ. ഞാന്‍ വിയോജിക്കുന്നില്ല!

ഇതൊരു ഉച്ചക്കിറുക്കാണെന്ന്‌ ആദ്യം വിധിയെഴുതിയെങ്കിലും എന്നിലേക്കുതന്നെ ഒന്ന്‌ തിരിഞ്ഞുനോക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എനിക്കും മറ്റ്‌ പലര്‍ക്കും കുറഞ്ഞും കൂടിയുമുള്ള അളവില്‍ ഈ `പായ്‌ക്ക്‌റാറ്റ്‌' സ്വഭാവമുണ്ട്‌. അല്ലെങ്കിലെന്തിനാണ്‌ നാല്‌പതിനായിരം ഡോളര്‍ വിലയുള്ള കാറ്‌ വഴിയില്‍ പാര്‍ക്കു ചെയ്യുകയും നാലുകാശിനു കൊള്ളാത്ത ചപ്പുചവറുകള്‍ അമൂല്യവസ്‌തുക്കളായികരുതി ഗരാജില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നത്‌? ഒന്നും എറിഞ്ഞുകളയാന്‍ തോന്നുകയില്ല, ഒരിക്കല്‍ വേണ്ടിവന്നെങ്കിലോ!

വായനയിലും, പ്രത്യേകിച്ച്‌ എഴുത്തിലും അമിത താല്‌പര്യമുള്ളവര്‍ക്ക്‌ ഈ `സ്വരൂപണമൂഷിക' സ്വഭാവം ഏറെയുണ്ടെന്നാണ്‌ എന്റെ വിശ്വാസം.

ഒരു കാലത്ത്‌ നാട്ടില്‍നിന്നുള്ള മലയാളം പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ കിട്ടിക്കൊണ്ടിരുന്നു. ഒരു ബുദ്ധിജീവി ചമയണമല്ലോ. സഹാറാ മരുഭൂമിയിലെ മണല്‍ക്കാടുകളെപ്പറ്റി, ഉത്തരധ്രുവത്തില്‍ മഞ്ഞുരുകുന്നതിന്റെ സാങ്കേതികയെപ്പറ്റി, ആധുനിക സാഹിത്യചിന്തയിലെ സൗന്ദര്യശാസ്‌ത്രത്തെപ്പറ്റിയെല്ലാം വായിച്ചുവെന്ന്‌ അഭിനയിക്കുക. കുറേക്കഴിയുമ്പോള്‍ മനസ്സിലാകും തപാലിന്റെ വേഗതക്കൊപ്പം വായന നീങ്ങുന്നില്ലെന്ന്‌. ഏതായാലും ഈ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ കാശുമുടക്കുന്നുണ്ട്‌. എന്നാല്‍ വരുംകാലങ്ങളിലേക്കൊരു മുതല്‍ക്കൂട്ടാകട്ടെ.

അങ്ങനെ, ഭാവിയില്‍ വായിക്കാന്‍, തുറക്കാത്ത പ്രസിദ്ധീകരണങ്ങള്‍ ഇനിയും ഇല്ലാത്ത ഭാവിക്കുവേണ്ടി കാത്തിരുന്നു.

മറ്റൊരു സുഹൃത്ത്‌ സൂചിപ്പിച്ചതുപോലെ:

`നാലു ചുവരുകളും മുകളിലുള്ള സീലിംഗും നോക്കി ഒരിക്കല്‍ നേഴ്‌സിംഗ്‌ഹോമില്‍ക്കിടക്കുമ്പോള്‍ ചൂടോടെ വായിക്കാന്‍ കരുതിവെക്കുന്നു.'

അപ്പോള്‍ പായ്‌ക്ക്‌റാറ്റുകള്‍ സ്വപ്‌നജീവികളുംകൂടിയാണ്‌. ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതില്‍ക്കൂടി ഒരു `നടപ്പാവര്‍ത്തനം'. അതുകൊണ്ടാണ്‌ വിത്തുകള്‍ മാളങ്ങളില്‍ കരുതിവെക്കുന്ന എലികളെ ഞാനിഷ്‌ടപ്പെടുന്നത്‌.

സ്വപ്‌നമൊന്നുമില്ലാതെ ഉടുപ്പ്‌ ചെരിപ്പ്‌ അടുക്കളപ്പാത്രങ്ങളും വാങ്ങിക്കൂട്ടുന്ന ഭ്രമത്തെ വെറുതേവിടുക. കാരണം മനസ്സിലെ ഭയംതന്നെ. ഇന്നു വാങ്ങാനുള്ള അവസരം നഷ്‌ടപ്പെട്ടാല്‍ നാമെന്തു ചെയ്യും, നാളെ ഇത്‌ കിട്ടാതെ വന്നെങ്കിലോ? അപ്പോള്‍ മറ്റുള്ളവരുടെ ബാഹ്യമോടികളോട്‌, പൊങ്ങച്ചങ്ങളോട്‌ എങ്ങനെ മത്സരിക്കും?

ജീവിതത്തിലെ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളും സൂക്ഷ്‌മവശങ്ങളും സാധാരണചര്‍ച്ചയുടെ ഭാഗമല്ല. നമ്മുടെ എഴുത്തുകള്‍ മുഴുവന്‍ വലിയ കാര്യങ്ങളെപ്പറ്റിയാണ്‌. സാഹിത്യത്തിലും രാഷ്‌ട്രീയത്തിലും അവസാനവാക്കാണ്‌ തങ്ങളെന്ന്‌ ഭാവം.

ആഗ്രഹിക്കുന്ന പലതും വാങ്ങിക്കൂട്ടാനുള്ള കഴിവുണ്ടായിരിക്കാം, അത്‌ സംഭരിച്ചുവെക്കാനുള്ള വിശാലമായ ഇടവുമുണ്ടായിരിക്കാം. അപ്പോള്‍ നാളേക്ക്‌ ശേഖരിച്ചുവെച്ച്‌ കൃത്രിമസുരക്ഷിതബോധം സൃഷ്‌ടിക്കുന്നവരുടെ പക്ഷത്താണ്‌ ഞാനും.

ഒരു കാരണവരുടെ കഥ കേട്ടിട്ടുണ്ട്‌.

അദ്ദേഹത്തിന്‌ എന്നും രാവിലെ അപ്പോള്‍ നുള്ളിയ ഇളം വെറ്റില കിട്ടിയിരിക്കണമെന്ന്‌ നിര്‍ബന്ധം. ഈസിചെയറില്‍ മലര്‍ന്നങ്ങ്‌ കിടക്കുന്ന ജന്മികാരണവര്‍ക്ക്‌ വെറ്റിലയെത്തിക്കാന്‍ വാല്യക്കാരുണ്ട്‌. നേരിയ പച്ചനിറത്തിലുള്ള വെറ്റില കാണണമെന്നേയുള്ളൂ, സൗന്ദര്യം ആസ്വദിക്കണമെന്നേയുള്ളൂ. അങ്ങനെ തിരിച്ചും മറിച്ചും നോക്കി എഴുന്നുനില്‍ക്കുന്ന ഇലഞരമ്പുകളില്‍ക്കൂടി തടവി കുതിര്‍ന്ന പാളയില്‍ പൊതിഞ്ഞ്‌ മറ്റൊരു ദിവസത്തേക്ക്‌ കരുതിവെക്കും.

എന്തിന്‌? നാളെ ഇതു കിട്ടിയില്ലെങ്കിലോയെന്ന ആശങ്കപോലും! പകരം ഇന്നലത്തെ പാളപ്പൊതിതുറന്ന്‌ മഞ്ഞപ്പ്‌ അരിച്ചുകയറിക്കൊണ്ടിരിക്കുന്ന പഴയ വെറ്റിലയില്‍ ചുണ്ണാമ്പുതേക്കുന്നു. ശുദ്ധമായ വെറ്റില നാളേക്ക്‌ കരുതിവെക്കുന്നതുകൊണ്ട്‌ ഭാവിസുരക്ഷിതം! ആ കാരണവര്‍ മാത്രമല്ല എല്ലാവരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും അതുതന്നെ.
`പായ്‌ക്ക്‌റാറ്റു'കള്‍ സ്വരൂപിച്ചുകൂട്ടുന്ന ചപ്പുചവറുകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക