Image

മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)

Published on 03 June, 2014
മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)
ഇന്ത്യയില്‍ വികസനത്തിന്റെ പുതുവെളിച്ചമെത്തിക്കുമെന്ന കഠിനപ്രതിജ്ഞയുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി, തന്നെ ജയിപ്പിച്ച മണ്‌ഡലത്തിലെ വോട്ടര്‍മാരാട്‌ അധികാരത്തിലേറി ഒരാഴ്‌ച തികയും മുമ്പു വാക്കു പാലിച്ചു.

ഇന്ത്യയുടെ പുണ്യനാഗരമായ വാരാണസിയില്‍ ഇനി ഒരു നിമിഷം പോലും വൈദ്യുതി മുടുങ്ങില്ല. വന്‍ഭൂരിപക്ഷം നേടി ജയിച്ച്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയുടെ മണ്‌ഡലം ഇനി 'സദാ വൈദ്യുതി' മണ്‌ഡലമായിരിക്കുമെന്നു പ്രഖ്യാപനമായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശത്രുകക്ഷിയായിരുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അഖിലേശ്‌ യാദവാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനമിറക്കിയിരിക്കുന്നത്‌.

വാരാണസിയെ `സദാ വൈദ്യുതി' മണ്‌ഡലമാക്കിയുള്ള പ്രഖ്യാപനം ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമോ അതോ യുപി മുഖ്യമന്ത്രി സ്വന്തം താല്‍പ്പര്യപ്രകാരമോ ഇറക്കിയതെന്നു വ്യക്തമല്ല.

എതിര്‍കക്ഷിയായ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനോട്‌ സ്ഥിരമായി വൈരം വച്ചു പുലര്‍ത്തുന്നതു നഷ്‌ടക്കച്ചവടമായിരിക്കുമെന്നു ബോധോദയമുണ്ടായതുകൊണ്ടോ, അതോ തന്റെ ഭരണത്തിനെതിരെ ദിവസംചെല്ലുംതോറും എതിര്‍പ്പു കൂടിവരുന്നതു മുന്നില്‍ കണ്ടു മോദിയെ സോപ്പിടാനോ, ഇങ്ങനെയൊരു നടപടിക്ക്‌ യുപി മുഖ്യമന്ത്രി തുനിഞ്ഞതെന്നും അറിയാനിരിക്കുന്നതേയുള്ളൂ.

യുപിയില്‍ സ്‌ത്രീകള്‍ക്കും പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ക്രൂരത ഒന്നിനൊന്ന്‌ ഏറിവരുന്നതിനെതിരെ ഇന്ത്യയൊട്ടുക്കുമെന്നല്ല, ലോകത്തെങ്ങും പ്രതിഷേധം വര്‍ധിച്ചുവരുന്നത്‌ മുലായം സര്‍ക്കാരിനെ ഉലച്ചു തുടങ്ങിയിട്ടുണ്ട്‌. യുഎന്‍ വരെ, ഇന്ത്യയില്‍ സ്‌ത്രികള്‍ക്കെതിരെ നടക്കുന്ന ക്രൂരകൃത്യങ്ങളില്‍ അസ്വസ്‌തരാണ്‌. ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമെന്ന പേരും യുപിക്കു വീണു കഴിഞ്ഞു.

യുപിയിലെ മുന്‍മുഖ്യമന്ത്രിയും ബിഎസിപി നേതാവുമായ മായാവതി, കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലുണ്ടായ അതിദയനീയ പരാജയത്തില്‍ നിന്നു കരകയറാന്‍ മാര്‍ഗം ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌, യപിയിലെ ബദൗണില്‍ കൗമാരം വിടാത്ത രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്ന്‌ കെട്ടിത്തൂക്കിയ സംഭവം കഴിഞ്ഞ ദിവസം ഉണ്ടാകുന്നത്‌.

മുലായത്തിന്റെ ജന്മനഗരമായ ഇറ്റാവയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ ബലാല്‍സംഗം ചെയ്‌തയാളുടെ അച്ഛന്‍ പൂരെ തല്ലി, നഗ്നയാക്കി റോഡിലൂടെ നടത്തുന്ന സംഭവം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികളോടു ക്രൂരതകാട്ടിയ മറ്റു സംഭവങ്ങളും ഒന്നൊന്നായി മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതെല്ലാം യുപി സര്‍ക്കാരിനോടു ജനങ്ങള്‍ക്കുള്ള ഏതിര്‍പ്പിന്‌ ആക്കം കൂട്ടിവരുകയാണ്‌.

അതിനിടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ അച്ഛനും മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ്‌ യാദവ്‌ നടത്തിയ ഒരു പരാമര്‍ശം എരിതീയില്‍ എണ്ണയായി ആളിപ്പടര്‍ന്നു,

രാഷ്‌ട്രീയക്കാര്‍ ഗുണ്ടകളും ഗുണ്ടകള്‍ രാഷ്‌ട്രീയക്കാരുമായി ഡബിള്‍റോളെടുക്കുന്ന യുപിയില്‍ ഏറെക്കാലം മുഖ്യമന്ത്രിയായ മുലായം സിങ്‌ യാദവ്‌ ഈ സംഭവങ്ങളോടെല്ലാം പ്രതികരിച്ചത്‌ നാടിനെ ഞെട്ടിച്ചു - `` ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ പെരുമാറും. അതു ക്ഷമിക്കാവുന്നതേയുള്ളൂ''. ഇതാണ്‌ യുപി രാഷ്‌ട്രീയത്തെ നയിക്കുന്ന ഭരണ രാഷ്‌ട്രീയം.

നരേന്ദ്രമോദി സര്‍ക്കാരിന്‌ ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാവുമോ?

യുപി സര്‍ക്കാരിനെ ഉടനെ പിരിച്ചുവിടണമെന്ന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തറപറ്റിയ ബിഎസ്‌പിയുടെ മുന്‍മുഖ്യമന്ത്രീ മുറവിളികൂട്ടിത്തുടങ്ങി. തെരഞ്ഞെടുപ്പു പരാജയത്തിന്റെ പ്രഹരനൊമ്പരത്തില്‍നിന്ന്‌ ആശ്വാസം നേടാന്‍ പോംവഴി ആലോചിച്ചുവരുന്ന മായാവതി വീണുകിട്ടിയ ഈ വടി പാഴാക്കാന്‍ പോകുന്നില്ല. മറ്റു പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനത്തിനായിരിക്കും ശ്രമിക്കുക.



സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ കെട്ടുറപ്പുള്ള കേന്ദ്രസര്‍ക്കാരിനു ശ്രമം നടത്തുമെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള നരന്ദ്രമോഡി, യുപി സര്‍ക്കാരിനെ പെട്ടെന്നു പിരിച്ചുവിടാന്‍ കൈവിട്ട കളികളിച്ച്‌ ജനാധിപത്യവിരുദ്ധനെന്ന പേരുദോഷം ഭരണത്തിലേറിയ ഉടന്‍ സമ്പാദിക്കാന്‍ ഇഷ്‌ടപ്പെടുമോ?

യുപിയില്‍ പുതിയൊരു സംസ്ഥാന തെരഞ്ഞെടുപ്പിന്‌ ഉടനെ സാഹചര്യമൊരുക്കി ഉള്ളതും ഇല്ലാതാക്കാന്‍ മുലായം ബുദ്ധിമോശം കാണിക്കാനും സാധ്യതയില്ല.

അതവിടെ നില്‍ക്കട്ടെ. ഇന്ത്യയുടെ ആകമാന വികസനം പ്രഖ്യാപിതനയമായി ഘോഷിച്ച നരേന്ദ്രമോദി, സ്വന്തം മണ്‌ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കു മാത്രമായി മുടക്കമില്ലാതെ വൈദ്യുതി നല്‍കി പക്ഷപാതം കാട്ടുന്നത്‌, അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിനു വെല്ലുവിളിയായിക്കാണില്ലേ. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും നിത്യേന വൈദ്യുതി മുടക്കത്തില്‍ എരിപിരിക്കൊള്ളുമ്പോള്‍ തന്‍പിള്ള നയം അദ്ദേഹത്തിന്‌ എത്രമാത്രം ഗുണം ചെയ്യുമെന്ന്‌ രാജ്യം വിലയിരുത്തില്ലേ.

മോദി ഇന്ത്യയുടെ മാത്രം പ്രധാനമന്ത്രിയാകുമ്പോള്‍ ഒരു മണ്‌ഡലത്തിലുള്ളവര്‍ക്കു മാത്രം വിജയിപ്പിച്ചതിനു പ്രത്യുപകാരമെന്ന നിലയില്‍ വൈദ്യുതി മുടക്കമില്ലാതെ നല്‍കുന്നത്‌ കടുത്ത വിവേചനമാകില്ലേ. ഇക്കാര്യത്തില്‍ മോദിയുടേതായി അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ പ്രീണിപ്പിക്കാന്‍തന്നെയാണ്‌ വാരാണസിയോടു യുപി സര്‍ക്കാര്‍ പ്രത്യേകത കാട്ടിയതെന്നു വ്യക്തം.

ഈ സംഭവം വലിയൊരു പ്രശ്‌നത്തിലേക്കു നമ്മുടെ ചിന്തയെ നയിക്കേണ്ടതാണ്‌. ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ അവരവരുടെ മണ്‌ഡലത്തെ എല്ലാം വാരിക്കോരി നല്‍കി ലാളിച്ചുപോഷിപ്പിക്കുന്നപ്രവണത നാട്ടില്‍ ഏറിവരുകയാണ്‌. ഓരോ മണ്‌ഡലത്തിലേയും എംഎല്‍എയോ എംപിയോ ഇങ്ങനെ ചെയ്യുന്നത്‌ മനസിലാക്കാം. ജനസേവനം ഉദ്ദേശിച്ചല്ല, അടുത്തവട്ടവും ജയിക്കാനുള്‌ള അടിത്തറപാകലാണെന്ന്‌ പകല്‍പോലെ വ്യക്തം.

എന്നാല്‍ മന്ത്രിമാര്‍ അവരവരുടെ മണ്‌ഡലത്തില്‍മാത്രം ശ്രദ്ധവക്കുന്നതു തികഞ്ഞ പക്ഷപാതമാണ്‌. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍, ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ താല്‍പ്പര്യം ആകമാനം കാണേണ്ടവരാണ്‌.

ഗാന്ധി കുടുംബം അവരുടെ മണ്‌ഡലങ്ങളെ വഴിവിട്ടു പരിപോഷിപ്പിക്കുന്നത്‌ ഒരു ഉദാഹരണം മാത്രം. മന്ത്രിമാരുടെ മണ്‌ഡലങ്ങളില്‍ വഴിവിട്ടും പദ്ധതികള്‍ തുടങ്ങി, സമയത്തിനു മുമ്പേതന്നെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥന്മാരും വ്യഗ്രത കാട്ടി അവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നു. ഇതോടെ മന്ത്രിമായരുടെ മണ്‌ഡലവും അല്ലാത്തവരുടെ മണ്‌ഡലവുമെന്ന തരംതിരിവ്‌ എല്ലാക്കാര്യത്തിലും പ്രകടമാകുന്നു. ഇവിടെ സമത്വം എവിടെ? ആരുടെ സമത്വം അല്ലെ.

രാജ്യത്തു മുഴുവന്‍, മുഴുവന്‍ സമയവും വൈദ്യുതി എത്തിക്കുന്ന സമയബന്ധിത പരിപാടിയുടെ തുടക്കമാണ്‌ വാരാണസിയില്‍ കാണാന്‍ പോകുന്നതെന്ന്‌ മോദിക്കു വിശദീകരിക്കാനായിരുന്നെങ്കില്‍ എന്ന്‌ ഓരോ ഇന്ത്യക്കാരും ആശിച്ചു പോകും.

മോദിയുടെ വികസന സ്വപ്‌നം എന്തായാലും അതു നടപ്പാകണമെങ്കില്‍ രാജ്യം മുഴുവന്‍ മുടക്കം കൂടാതെ വൈദ്യുതി കിട്ടുന്ന സാഹചര്യം ഉണ്ടാകണം. വൈദ്യുതി ഇല്ലെങ്കില്‍ വീട്ടിലോ നാട്ടിലോ ഇന്ന്‌ ഒന്നും നടക്കാത്ത സ്ഥിതിയാണ്‌. തമിഴ്‌നാട്ടില്‍ വോട്ടര്‍മാരെ വശത്താക്കാന്‍ മിക്‌സറും ടിവിയും മറ്റും വാരിക്കോരി രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കി. ഇതു രണ്ടു കയ്യും നീട്ടി വാങ്ങിയ, വൈദ്യുതി ലഭിക്കാത്ത എത്രയോ ഗ്രാമങ്ങളിലെ ജനങ്ങള്‍, ദിവസവും അതു നോക്കി നെടുവിര്‍പ്പിടുന്നു. സൗജന്യമായതുകൊണ്ടു മാത്രം വാങ്ങുന്നു. വാങ്ങുന്നവരുടെ വീട്ടില്‍ വൈദ്യുതിയുണ്ടോ എന്ന്‌ കൊടുക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു നോക്കണോ.

മുടക്കം കൂടാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള ഒരു സംവിധാനം മദ്രാസ്‌ ഐഐടി വികസിപ്പിച്ചെടുത്തതായി കേള്‍ക്കുന്നു. അണ്‍ഇന്ററപ്‌റ്റഡ്‌ ഡയറക്‌ട്‌ കറണ്ട്‌ എന്ന ഈ സംവിധാനം, വൈദ്യുതി മുടക്കമുണ്ടാകുമ്പോഴും ഗ്രിഡില്‍നിന്നു വൈദ്യുതി പ്രവഹിപ്പിക്കും. ഈ സംവിധാനം കേന്ദ്രസര്‍ക്കാരുമായിച്ചേര്‍ന്നു വികസിപ്പിക്കാനാണു ശ്രമം. ഐഐടി ഡയറക്‌ടര്‍ ഭാസ്‌ക്കര്‍ രാമമൂര്‍ത്തി, പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേശകസമിതി അംഗം ഇല.എന്‍ജി പ്രഫ. അശോക്‌ ഝുന്‍ഝുന്‍വാല എന്നിവരുടെ ആശയമാണ്‌ ഇത്‌. ഇവരുടെ ശ്രമം വിജയിക്കട്ടെ.

ഏതായാലും വാരാണസിക്കാരുടെ സന്തോഷത്തില്‍ പങ്കുചേരാം. രാജ്യം മുഴുവന്‍ വാരാണസി ആവര്‍ത്തിക്കാന്‍ മോദിക്കു കഴിയുമോ എന്നു കാലം കണ്ടെത്തട്ടേ.
മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)മോദിയുടെ വാരാണസിയില്‍ ഇനി സദാ വൈദ്യുതി (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക