Image

നരേന്ദ്രമോഡി … അനിഴം നക്ഷത്രം; ചെന്നിത്തല വിലസുന്നു, അഥവാ അനാഥാലയത്തിലെ കുട്ടികള്‍

അനില്‍ പെണ്ണുക്കര Published on 04 June, 2014
നരേന്ദ്രമോഡി … അനിഴം നക്ഷത്രം; ചെന്നിത്തല വിലസുന്നു, അഥവാ അനാഥാലയത്തിലെ കുട്ടികള്‍
വെടി എല്ലാവര്‍ക്കും ഭയമാ. പൊട്ടിക്കഴിഞ്ഞാല്‍ മാത്രമേ എന്തു സംഭവിച്ചു എന്നു പറയാന്‍ പറ്റൂ. എന്നാല്‍ മോഡി പൊട്ടിച്ച വെടി അല്‍പ്പം കടന്ന കയ്യായിപ്പോയില്ലേ എന്നൊരു തോന്നല്‍. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയായ പ്രതിരോധരംഗത്ത് നൂറു ശതമാനം വരെ വിദേശനിക്ഷേപം കൊണ്ടു വരുന്നുവത്രേ!

കഴിഞ്ഞ സര്‍ക്കാരില്‍ ഇങ്ങനെ ഒരു സംഭവം കൊണ്ടുവരാന്‍ നമ്മുടെ ചിദംബരം സാര്‍ ശ്രമിച്ചതാ. നമ്മുടെ മിണ്ടാപ്രാണി ആന്റണി സാര്‍ സമ്മതിച്ചില്ല. പറ്റില്ല എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ചിദംബരം സംഭവം വേണ്ടാന്നു പറഞ്ഞു. ആന്റണിക്കറിയാം വെടിക്കെട്ട് അപകടമാണെന്ന്.
സംഭവം ഇത്രയേയുള്ളൂ. സാങ്കേതിക വിദ്യ കൈമാറാന്‍ കഴിയാത്ത കമ്പനികള്‍ക്ക് 49 ശതമാനവും, സാങ്കേതിക വിദ്യ കൈമാറുന്ന കമ്പനികള്‍ക്ക് 74 ശതമാനവും വിദേശനിക്ഷേപം അനുവദിക്കും. അത്യാധുനിക വെടിക്കെട്ട് ഉപകരണങ്ങളും, സാങ്കേതിക വിദ്യയും, നവീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്ക് 100 ശതമാനം നിക്ഷേപവും ഭാരതം അനുവദിക്കും. വിദേശ കമ്പനികള്‍ക്ക് നമ്മുടെ പ്രതിരോധമേഖലയില്‍ സ്വതന്ത്രമായി ഇടപെടാന്‍ അനുവദിച്ചാല്‍ സംഭവിക്കുക എന്തായിരിക്കും. ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ചൊറികുത്തി വീട്ടിലിരിക്കും. എല്ലാക്കാലത്തും പിന്നീട് വിദേശ കമ്പനികളെ ആശ്രയിക്കേണ്ടി വരും.

ഇവിടെയാണ് എ.കെ. ആന്റണിയെ നാം ഓര്‍ക്കേണ്ടത്. വിദേശകമ്പനികളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ എഫ്.ഡി.ഐ അനുവദിക്കാന്‍ സാധിക്കില്ല എന്ന ആന്റണിയുടെ നിലപാടിനെ സൈന്യവും പിന്തുണച്ചിരുന്നു. എന്നാലിപ്പോള്‍ കളിമാറി.

വിനാശകരമാണ് ഈ നീക്കം. വരും ദിനങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഭാരതത്തിലുണ്ടാകും എന്നത് ഉറപ്പാണ്.

സാമൂഹ്യപാഠം
കാതുകുത്തിയവനേക്കാള്‍ ഭീകരനാണ് കടുക്കനിട്ടവന്‍

ചെന്നിത്തല വിലസുന്നു, അഥവാ അനാഥാലയത്തിലെ കുട്ടികള്‍

രമേശ് ചെന്നിത്തല വിലസുകയാണ്. ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ബ്ലേഡുകാരെ വിറപ്പിച്ചതിനു പിറകെ അനന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ അദ്ദേഹം വ്യക്തമായ  നിലപാട് സ്വീകരിച്ചിരിക്കുന്നു. ലീഗിന് അതൃപ്തിയുണ്ടെങ്കിലും അതൊന്നും കണക്കുകൂട്ടാതെ നിയമം അനുശാസിക്കുന്ന തരത്തില്‍ ചെന്നിത്തല മുന്നോട്ടു പോകുന്നു.
മെയ് 24നും 25നും ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്നൂറിലധികം കുട്ടികളെ ട്രയിനുകളില്‍ കുത്തിനിറച്ച് കേരളത്തിലേക്ക് കൊണ്ടുവരികവഴി പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍വച്ച് റയില്‍വെ പോലീസാണ് ഈ സംഭവം ലോകത്തെ അറിയിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്ക് മതിയായ രേഖകളില്ലാതെയാണ് ഈ കൊച്ചുകുട്ടികളെ കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്ന കഥ പുതിയ സംഭവമല്ല. കുട്ടികള്‍ക്കുവേണ്ടി വ്യാജരേഖ ചമച്ചതും, വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചതും കേരളത്തിലാണെന്ന് പോലീസ് കണ്ടെത്തിയതോടെ മുസ്ലീം ലീഗും ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി.

ഇപ്പോഴത്തെ എഫ്.ഐ.ആര്‍ പ്രകാരം കേസെടുക്കരുതെന്നും എഫ്.ഐ.ആര്‍. തിരുത്തണമെന്നുമാണ് ലീഗിന്റെ ആവശ്യം മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നാണ് ലീഗിന്റെ വാദം. അനാഥാലയങ്ങള്‍ നടത്തി നല്ല ശീലമുള്ളവരാണെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ലീഗു നേതാക്കള്‍ പ്രസംഗിച്ചത്.

ഇത്തരം പ്രതികരണങ്ങളില്‍ നിന്നും എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ എന്ന് നമുക്ക് തോന്നിയാല്‍ എന്താ തെറ്റ്? ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ജുവനെയില്‍ ജസ്റ്റിസ് ആക്ടിന്റെ ചടങ്ങുകളില്‍ ഭേദഗതി വരുത്തി ഇളവനുദിക്കാന്‍ മന്ത്രി മുനീര്‍ ശ്രമിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2008 ല്‍ ഇത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയതും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമായതുമായ ജുവനൈല്‍ ജസ്റ്റിസ് ആക്ട് മുന്‍പും മുനീര്‍ ഇടപെട്ട് അട്ടിമറിച്ചിട്ടുണ്ട്. 2012 ല്‍ കോഴിക്കോട്ട് നടന്ന അറബി കല്യാണവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ യത്തീംഖാനകളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഓര്‍ക്കുക. അത്തരം ഇടപെടല്‍ സര്‍ക്കാരിന്റെ ഒരു വകുപ്പിന്റെ ഭാഗത്തു നിന്നും വീണ്ടും ഉണ്ടായത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.

ജുവനൈയില്‍ ആക്ട് അനുസരിച്ച് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ കസ്റ്റോഡിയന്‍ സര്‍ക്കാരാണ്. അതുകൊണ്ടാണ് എത്ര വലിയ ദാരിദ്ര്യം മൂലമാണെങ്കിലും കൊച്ചുകുഞ്ഞുങ്ങളെ വില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുന്നത്.

കേരളത്തിലെ അനാഥശാലകളില്‍ കുട്ടികള്‍ കുറയുന്നതുകൊണ്ടാണ് അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവരുന്നതെന്ന വാദത്തിന് എന്ത് പ്രസക്തിയാണുള്ളത്. ജൂവനൈല്‍ ജസ്റ്റിക് ആക്ട്പ്രകാരം മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തവരും സ്വാഭാവികമോ നിയമപരമോ ആയ മറ്റു രക്ഷിതാക്കള്‍ ഇല്ലാത്തവരുമായ കുട്ടികളെയാണ് അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടത്. അവരുടെ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം.
അവരെ അന്തേവാസികളാക്കിയ അനാഥായങ്ങളുടെ ഉത്തരവാദിത്വമാണ്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് തട്ടിയെടുക്കാനും, വിദേശ ഫണ്ടിംഗ് നേടാനുമാണ് ഈ കടുംകൈകള്‍ നടക്കുന്നതെന്ന് പകല്‍പോലെ സത്യം.

അനാഥരാകുന്ന ഹതഭാഗ്യരെ കണ്ടെത്തി അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനും സമൂത്തിനുമുണ്ട്. അത് മഹത്തായ ഒരു മനുഷ്യത്വ ദര്‍ശനമായി അത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ നമ്മുടെയിടയിലുമുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ നടത്തുന്ന ഈ അനീതി പൊറുക്കാനാവുമോ? മതസംഘടനകളും ജാതിസംഘടനകളും രാഷ്ട്രീയത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം അധാര്‍മ്മികതയ്ക്ക് ആരും കൂട്ടുനില്‍ക്കരുത്. ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയത് ഝാര്‍ഖണ്ഡ് ഖനിമേഖലയില്‍ നിന്നാണ്. അവിടെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തിനാണ്. ഈ കൊച്ചുകുഞ്ഞുങ്ങളെ കേരളത്തിലേക്കയച്ചത്?
നരേന്ദ്രമോഡി … അനിഴം നക്ഷത്രം; ചെന്നിത്തല വിലസുന്നു, അഥവാ അനാഥാലയത്തിലെ കുട്ടികള്‍ നരേന്ദ്രമോഡി … അനിഴം നക്ഷത്രം; ചെന്നിത്തല വിലസുന്നു, അഥവാ അനാഥാലയത്തിലെ കുട്ടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക