Image

നമുക്ക് ഇനി ഗുജറാത്ത് മനുഷ്യകുരുതി മറക്കാം, പുരോഗമന ഗാഥകള്‍ പാടാം.(ഡല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 05 June, 2014
നമുക്ക് ഇനി ഗുജറാത്ത് മനുഷ്യകുരുതി മറക്കാം, പുരോഗമന ഗാഥകള്‍ പാടാം.(ഡല്‍ഹി കത്ത്: പി.വി.തോമസ്)
ചരമക്കുറിപ്പുകള്‍ ആണ് ഏറ്റവു വലിയ പി.ആര്‍.എക്‌സര്‍സൈസ്. പക്ഷേ ഇത് ഭിന്നമാണ്. ഇന്‍ഡ്യ ഇപ്പോള്‍ അതിവേഗം ബഹുദൂരം പുരോഗമിക്കുവാന്‍ പോകുന്ന ഒരു രാജ്യം ആണ്. നമ്മുടെ ജ.ഡി.പി., സാമ്പത്തിക വളര്‍ച്ച, സെന്‍സെക്‌സ്, ഓഹരി വിപണം എല്ലാം കുതിച്ചുയരുവാന്‍ വെമ്പുകയാണ്. ഈ ബാഹ്യമോടിക്ക് ഇടയില്‍ തികച്ചും അനുയോജ്യമാണ് വംശകലാപങ്ങളുടെ മാതാവായ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് ഓര്‍മ്മിക്കുകയെന്നതു തന്നെ. അത് ഒട്ടും ഫാനഷഫിള്‍ അല്ല. അതിനാല്‍ നമുക്ക് നരോഡ പതിയെ മറക്കാം. നരോഡ ഗാമിനെ മറക്കാം. സെസ്റ്റ്‌ബേക്കറിയെയും ഗുല്‍ബര്‍ഗ സൊസൈറ്റിയെയും എഹ്‌സാന്‍ജാഫ്രിയെയും മറക്കാം. ഗുജറാത്ത് കൂട്ടകൊലക്കെതിരെ തെളിവുകള്‍ നല്‍കി നിയമനടപടികള്‍ സ്വീകരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനായ ആര്‍.ബി.ശ്രീകുമാറിനെയും സജ്ജീവ് ഭട്ടിനെപ്പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും മറക്കാം. ഒട്ടേറെ ഡിപ്പാര്‍ട്ട്‌മെന്റ് പീഢനങ്ങള്‍ക്ക് ഇരയായ ശ്രീകുമാര്‍ ആണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ഒരു സംസ്ഥാന/ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചാല്‍ ഏതൊരു വര്‍ഗ്ഗീയ കലാപവും രണ്ടുമണിക്കൂര്‍കൊണ്ട് അവസാനിപ്പിക്കാമെന്ന്. സജ്ജീവ് ഭട്ടാണ് വെളിപ്പെടുത്തിയത് 2002 ഫെബ്രുവരി 27ന് വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദ്ദേശം നല്‍കിയെന്ന് കലാപകാരികളായ ഹിന്ദുക്കള്‍ക്ക് അവരുടെ അരിശം ശമിപ്പിക്കുവാന്‍ രണ്ടുദിവസം നല്‍കുവാന്‍. ആ രണ്ട് ദിവസങ്ങളില്‍ ആയിരങ്ങളാണ് അഹമ്മദാബാദിലെയും ഗുജറാത്തിലെ ഇതര നഗരങ്ങളിലെയും തെരുവുകളില്‍ മരിച്ചു വീണത്. ബലാല്‍സംഗം ചെയ്ത് കൊല ചെയ്യപ്പെട്ടത്, വസ്തുവകകള്‍ തീവെച്ചു നശിക്കപ്പെട്ടത്. Every action(ഗോദ്ര) has its own equal and opposite reacion എന്ന് മുഖ്യമന്ത്രി പറഞ്ഞു, ആശ്വസിച്ചു. റോമാ സാമ്രാജ്യം വെന്തെരിഞ്ഞപ്പോള്‍  വയലിന്‍മീട്ടി ആസ്വദിച്ച നീറോ ചക്രവര്‍ത്തിയോട് സുപ്രീം കോടതി ഉപമിച്ച ആ മുഖ്യമന്ത്രിയെയും നമുക്ക് മറക്കാം. കാരണം കലാപവേളയില്‍ രാജധര്‍മ്മം പാലിക്കുവാന്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി താക്കീതുചെയ്ത അദ്ദേഹം ഓര്‍മ്മിക്കപ്പെടുവാന്‍ അര്‍ഹനല്ല. ചോരപ്പാടുകളുടെ ഓരോ വഴിയിലൂടെയും സഞ്ചരിച്ച സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ മുന്‍ സി.ബി.ഐ. ചീഫ് ആര്‍.കെ.രാഘവനെയും നമുക്ക് മറക്കാം. കാലപത്തിന്റെ ഓരോ ഏടും പരിശോധിച്ചതിനുശേഷം ഗവണ്‍മെന്റിന്റെ പങ്കാളിത്തം ബോധ്യം ആയതിനുശേഷം മോഡിക്കെതിരെ കുറ്റാരോപണാര്‍ഹമായ തെറ്റുകള്‍ സ്ഥാപിക്കുവാന് സാധിക്കുകയില്ലെന്ന ശുദ്ധിപത്രം അദ്ദേഹം ആണ് നല്‍കിയത്. എത്രയോ നന്ദി രാഘവന്. മുഖ്യമന്ത്രിക്കെതിരെ കുറ്റാരോപണാര്‍ഹമായ തെറ്റുകള്‍ സ്ഥാപിക്കപ്പെടാമെന്നും അദ്ദേഹത്തെ വിചാരണ ചെയ്യാമെന്നും റിപ്പോര്‍ട്ട് നല്‍കിയ സുപ്രീം കോടതിനിയമിച്ച ആമിക്കസ് ക്യൂറി, രാജുരാമചന്ത്രനെയും മറക്കാം. നമുക്ക് അമിത് ഷായുടെ കടുംകൈകളെ മറക്കാം. മോഡിയെ കൈകഴുകി തള്ളിപ്പറഞ്ഞതിനു ശേഷം കെട്ടിപ്പുണര്‍ന്ന അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ബ്രിട്ടനെയും നമുക്കു മറക്കാം. പക്ഷേ, എങ്ങനെ ഇതെല്ലാം, ഇവരെയെല്ലാം ഒറ്റയടിക്കങ്ങനെ മറക്കാനാവും? അത് ചരിത്രത്തോടും നമ്മോടുതന്നെയും ചെയ്യുന്ന പാതകം ആയിരിക്കുകയില്ലെ? എങ്ങനെ മറക്കും കുത്തബ്ദുദ്ദീന്‍ അന്‍സാരിയുടെ മുഖം? ഓര്‍മ്മയിലെ നിറകണ്ണുകളോടെ കൈകള്‍ കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അഹമ്മദ്ബാദിലെ ആ തയ്യല്‍ക്കാരനെ? എങ്ങനെ മറക്കും ആമുഖം?

ഡോക്ടര്‍ മായബെന്‍ കൊടനാനിയുടെ കാര്യം എടുക്കുക. മനുഷ്യനു ജീവന്‍ നല്‍കുവാന്‍ കഴിവുള്ള ഒരു ഡോക്ടര്‍ ആണ് അവര്‍(ഗൈനെക്കോളജിസ്റ്റ്). 109 സ്ത്രീ-പുരുഷ-ശിശുഹത്യക്കാണ് ഇവര്‍ 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ ഉത്തരവാദി. ഇവര്‍ സ്വന്തമായി ഒരുകൊലയാളി സംഘത്തെ രൂപീകരിക്കുകയും അതിനെ നയിക്കുകയും കൊലയാളികള്‍ക്ക് മാരകായുധങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കൊടനാനി അവര്‍ എം.എല്‍.എ. ആയ നരോഡയിലെ നരോഡപതിയ, നരോഡ ഗാം എന്നീ മുസ്ലീം വാസകേന്ദ്രങ്ങളിലേക്ക് ആക്രമണകാരികളുടെ ഒരു സംഘവുമായി മാര്‍ച്ച് ചെയ്തു. കൂട്ടകൊലക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം കൈതോക്കില്‍ നിന്നും ആണ് അവര്‍ ആദ്യത്തെ നിറ ഒഴിച്ചത്. പക്ഷേ, കൊടനാനിയെ പോലീസ് അറസ്റ്റു ചെയ്തില്ല. കാരണം അവര്‍ ബി.ജെ.പി. എം.എല്‍.എ., ആയിരുന്നു, മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. പകരം മോഡി കൊടനാനിയെ മന്ത്രിയായി വാഴിച്ചു. ശിശു-വനിതാ ക്ഷേമവകുപ്പുകള്‍ നല്‍കി. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതിയുടെ ഇടപെടലിലൂടെയും ഗുജറാത്ത് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിലൂടെയും ആണ് കൊടനാനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. അവര്‍ പോലീസിന്റെ മുമ്പാകെ കീഴടങ്ങുവാന്‍ നിര്‍ബ്ബന്ധിതയായി. കോടതി അവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കി. അത് വധശിക്ഷയായി ഉയര്‍ത്തുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുറവിളികൂട്ടിയെങ്കിലും മോഡി അത് കൂട്ടാക്കിയില്ല. നരോഡപതിയ കൂട്ടക്കൊലയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട അയൂബ് ഖാന്‍, നന്നുമിയ രസൂല്‍ മലെക്ക് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണഅ സുപ്രീം കോടതി കൊടനാനിയെയും കൊലയാളിസംഘത്തെയും തളച്ചത്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ കൊടനാനി മന്ത്രിയായി ഭരിക്കുമായിരുന്നു. കൊടനാനിയുടെ ജാമ്യക്കേസ് കൈകാര്യ ചെയ്തു ഗുജറാത്ത് ഹൈക്കോടതി ജഡ്ജു ജസ്റ്റീസ് ഡി.എച്ച്. വഗേല നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയം ആണ്: ഇതുപോലുള്ള കൂട്ടക്കൊലകള്‍ നടത്തുന്ന മതതീവ്രവാദികളെ ഭീകരവാദികളുമായി തുലനം ചെയ്യണം.

എന്തുകൊണ്ട് കൊടനാനിമാര്‍ സംഭവിക്കുന്നു? എന്തുകൊണ്ട് 1984-ലെ സിക്കുവിരുദ്ധ കലാപവും 2002 ലെ മുസ്ലീം വിരുദ്ധ കലാപവും സംഭവിക്കുന്നു? എന്തുകൊണ്ട് 2009 ല്‍ ആരാധനാലയം തകര്‍ത്തകേസിലെ പ്രധാനപ്രതിയെ(അദ്വാനി) ബി.ജെ.പി. പ്രഥാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി? എന്തുകൊണ്ട് 2014 ല്‍ ഗുജറാത്ത് വംശഹത്യയിലെ പ്രധാന കുറ്റവാളിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുകയും അദ്ദേഹം പ്രധാനമന്ത്രിയാവുകയും ചെയ്തു. ജനം ചരിത്രം വിസ്മരിക്കുകയും പുരോഗതിയെ വാരിപ്പുണരുകയുമാണെന്നതിന്റെ ഉദാഹരണം അല്ലേ ഇത്? നമുക്കും ചരിത്രത്തെ മറക്കാം. പക്ഷേ, ചില ചോദ്യങ്ങള്‍ അറിയാതെ  മനസില്‍ ഉയരുന്നു. എന്തുകൊണ്ടാണ് കൊടനാനി നീണ്ട ഏഴുവര്‍ഷം നിയമത്തിന്റെ പിടിയില്‍ പെടാതെ നിയമനിര്‍മ്മാതാവായും ഭരണാധികാരിയായും വാണത്? ആരാണ് ഈ കൊലപാതകിയെ സംരക്ഷിച്ചതും മന്ത്രിയാക്കിയതും? മോഡി? ബി.ജെ.പി.? സംഘപരിവാര്‍? അതോ അവരുടെ രാഷ്ട്രീയ സ്ഥാപിത താലപര്യമോ അതുമല്ലെങ്കില്‍ അവര്‍ പങ്കുവെയ്ക്കുന്ന വംശപകയുടെ തത്വശാസ്ത്രമോ? “വന്മരങ്ങള്‍ വീഴുമ്പോള്‍” ചതഞ്ഞരയുവാനുള്ള വെറും പുല്‍ക്കൊടികള്‍ ആണോ സാധാരണക്കാര്‍, പ്രത്യേകിച്ചും ചില പ്രത്യേക ജാതിയിലും മതത്തിലും ജനിച്ചുവെന്ന ഒറ്റ കുറ്റത്തിന്റെ പേരില്‍? ഒരു കുറ്റവാളിക്ക് കീഴിലുള്ള സഹകുറ്റവാളിയെ രക്ഷിയ്ക്കുവാനുള്ള വ്യഗ്രത സ്വാഭാവികം ആണ്. കൊലപാതകം, കൊലപാതക പ്രേരണ, കൊള്ള എന്നീ ഹീന കുറ്റങ്ങള്‍ ചെയ്യുകയും ഇവയ്ക്കായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാളെ സംരക്ഷിച്ചത് നിസാരകാര്യമായി കണക്കാക്കാമോ? രണ്ടായിരത്തിലേറെപ്പേരെ ചുട്ടും, കുത്തിയും, വെടിവെച്ചും, ബലാല്‍സംഘം ചെയ്തും നിഗ്രഹിച്ച ഗുജറാത്ത് വംശഹത്യയിലെ പ്രധാനപ്രതികളില്‍  പലരും ഗൂഢാലോചനക്കാരും പിടിക്കപ്പെടേണ്ടതായിട്ടുണ്ട്. പക്ഷേ നമുക്ക് അത് മറക്കാം. കാരണം നമ്മള്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയില്‍ ആണ്. വികസനം മാത്രം. സല്‍ഭരണവും, സുതാര്യതയും, അഴിമതിരാഹിത്യവും, എല്ലാം ഒപ്പം ഉണ്ട്. അതുകൊണ്ട് നമുക്ക് ഇനി വംശഹത്യയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും മറക്കാം. നമുക്ക് പുരോഗതി കൊണ്ട് ഒരു പുലയാട്ടു നടത്താം. ക്ലീന്‍ചിറ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എങ്ങനെ രാജധര്‍മ്മം മറക്കാനാവും? നമുക്ക് മഹാത്മാ ഗാന്ധിയെ മറക്കാം. നമുക്ക് ഗോഡ്‌സെമാരെ സ്മരിക്കാം. ആദരിക്കാം. അവരാകട്ടെ പുരോഗതിയിലേക്കും പരിവര്‍ത്തനത്തിലേക്കും വരാന്‍ പോകുന്ന നല്ല ദിനങ്ങളിലേക്കും ഉള്ള നമ്മുടെ വഴികാട്ടികള്‍.
വന്ദേമാതരം.
നമുക്ക് ഇനി ഗുജറാത്ത് മനുഷ്യകുരുതി മറക്കാം, പുരോഗമന ഗാഥകള്‍ പാടാം.(ഡല്‍ഹി കത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക