Image

പ്രകാശം മങ്ങിയ ഒരു സ്വാശ്രയ പ്രവേശനം

ജി.കെ. Published on 07 June, 2011
പ്രകാശം മങ്ങിയ ഒരു സ്വാശ്രയ പ്രവേശനം
സംസ്ഥാനത്ത്‌ ഇടവപാതിയ്‌ക്കൊപ്പം സ്വാശ്രയ പ്രവേശന തര്‍ക്കങ്ങളും തകര്‍ത്തുപെയ്യുകയാണ്‌. പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക്‌ അംഗീകാരം ലഭിച്ചിട്ടു പത്തു വര്‍ഷമായി. ഓരോ പ്രവേശനകാലത്തും കേസും വഴക്കും കോടതി ഇടപെടലുകളുമെല്ലാം മുറയ്‌ക്കു നടക്കുന്നുണ്‌ടെങ്കിലും പ്രവേശനം സുതാര്യമാക്കാനോ നടപടികള്‍ സമയത്തു പൂര്‍ത്തിയാക്കാനോ ഇതുവരെ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. സമീപഭാവിയിലൊന്നും കഴിയുമെന്നും തോന്നുന്നില്ല. അതിനിടയ്‌ക്കാണ്‌ പ്രകാശം മങ്ങിയ ഒരു സ്വാശ്രയ പ്രവേശനത്തെക്കുറിച്ച്‌ സംസ്ഥാനത്തെ ഇരുമുന്നണികളും ഉരുണ്‌ട്‌ കളിക്കുന്നത്‌.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ ഡോ.യമുനയ്‌ക്ക്‌ പരിയാരം മെഡിക്കല്‍ കോളജില്‍ എം.ഡി കോഴ്‌സിന്‌ പ്രവേശനം ലഭിച്ചത്‌ സ്വാശ്രയ പ്രവേശനത്തിലെ ഇരുമുന്നണികളുടെയും ഉള്ളിലിരുപ്പ്‌ ഒന്നുകൂടി വെളിച്ചത്തുക്കൊണ്‌ടു വന്നു. മെയ്‌ 23നാണ്‌ അടൂര്‍ പ്രകാശ്‌ സംസ്ഥാന ആരോഗ്യ മന്ത്രിയായി അധികാരമേറ്റത്‌. ഡോ.യമുന പരിയാരം മെഡിക്കല്‍ കോളജില്‍ എം.ഡി.കോഴ്‌സിന്‌ ചേര്‍ന്നതാകട്ടെ മെയ്‌ 25നും. പി.ജി. പ്രവേശനപരീക്ഷയെഴുതിയെങ്കിലും മെറിറ്റ്‌ പട്ടികയില്‍ ഇല്ലാതിരുന്ന യമുനയ്‌ക്ക്‌ മന്ത്രിയും മാനേജ്‌മെന്റും തമ്മിലുളള രഹസ്യധാരണയിലൂടെയാണ്‌ സീറ്റ്‌ ലഭിച്ചതെന്ന്‌ പകല്‍പോലെ വ്യക്തമാണെങ്കിലും അത്‌ ആരു വിളിച്ചു പറയുമെന്നതാണ്‌ ഇപ്പോഴത്തെ പ്രശ്‌നം.

യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ താന്‍ ആരോഗ്യമന്ത്രിയാകുമെന്നും അപ്പോള്‍ പി.ജി. സീറ്റ്‌ പ്രശ്‌നത്തില്‍ മാനേജ്‌മെന്റിന്‌ അനുകൂലനിലപാട്‌ സ്വീകരിക്കാമെന്നും അടൂര്‍ പ്രകാശ്‌ ഉറപ്പു നല്‍കിയിരുന്നുവെന്നുമാണ്‌ ആരോപണം. ഇത്‌ വെറും ആരോപണമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയണമെങ്കില്‍ 80 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വിലയുള്ള പേമെന്റ്‌ സീറ്റില്‍ മന്ത്രിയുടെ മകള്‍ക്ക്‌ എങ്ങനെ പ്രവേശനം കിട്ടിയെന്ന്‌ വിശദീകരിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണസമിതിയെ നിയന്ത്രിക്കുന്ന സിപിഎമ്മും 80 ലക്ഷം കോഴ നല്‍കാനുള്ള വരുമാനം അടൂര്‍ പ്രകാശിന്‌ എങ്ങനെ ഉണ്‌ടായെന്ന്‌ വിശദീകരിക്കാന്‍ കോണ്‍ഗ്രസും തയാറാകണം. എന്നാല്‍ ഇരുമുന്നണികളുടെയും നേതാക്കളാകട്ടെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടില്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാനാകുന്നത്‌.

ആരോപണങ്ങളൊന്നും അവിശ്വസിക്കോണ്‌ട കാര്യങ്ങളല്ല സ്വാശ്രയ പ്രവേശനകാര്യത്തില്‍ പിന്നീട്‌ നടന്നതെന്നത്‌ സ്വാശ്രയം ഇപ്പോള്‍ ഇരുമുന്നണികള്‍ക്കും പരസ്‌പരാശ്രയമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാക്കുന്നു. അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ ജനറല്‍ മെഡിസിന്‍ പി.ജിക്കു ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രവേശനം നല്‍കിയെന്ന വിവരം പുറത്തുവന്നിട്ടും എന്തിനും ഏതിനും അനാവശ്യമായി ചോര തിളയ്‌ക്കാറുള്ള എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ ഒന്നു പ്രതികരിക്കാന്‍ പോലും തയാറാവാത്തത്‌ രഹസ്യധാരണയുടെ പരസ്‌പര ആശ്രയത്തിന്‌ തെളിവാണെന്ന്‌ ജനങ്ങള്‍ കരുതിയാല്‍ അവരെ കുറ്റം പറയാനാവുമോ.

ഇതിനെല്ലാം പുറമെ മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്‌ടിയിരുന്ന 65 വിദ്യാര്‍ഥികളുടെ ഭാവി കൂടി ഇരുട്ടിലാക്കാന്‍ മന്ത്രി പുത്രിക്ക്‌ പ്രവേശനം നല്‍കിയതിലൂടെ മാനേജ്‌മെന്റുകള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. പരിയാരം ഉള്‍പ്പെടെ 11 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ആകെയുള്ള 131 പി.ജി. സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നല്‍കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരുമായി മാനേജ്‌മെന്റുകളുടെ ധാരണ.
എന്നാല്‍ ആരോഗ്യമന്ത്രിയുടെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ പ്രവേശനം നല്‍കിയതിലൂടെ 65 സീറ്റിലും ലക്ഷങ്ങള്‍ കോഴ വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി.

ഇതോടെ മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്‌ട 65 എം.ബി.ബി.എസ്‌. ബിരുദധാരികളുടെ പി.ജി. പഠനം അനിശ്‌ചിതത്വത്തിലുമായി. മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ മെയ്‌ 31 ന്‌ ഉള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ മറവിലാണ്‌ മാനേജ്‌മെന്റുകള്‍ ഈ പകല്‍ക്കൊള്ള നടത്തിയതും ഭരണപക്ഷവും പ്രതിപക്ഷവും അതിന്‌ ചൂട്ട്‌ പിടിച്ചതും. സിപിഎം നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജുമായി ധാരണയിലെത്തിയാല്‍ ഭരണത്തില്‍ ഇതു സംബന്ധിച്ച പ്രതിപക്ഷ എതിര്‍പ്പ്‌ മറികടക്കാനാവുമെന്ന്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ കൃത്യമാകുകയും ചെയ്‌തു. സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചു സഖാക്കളുടെ ജീവന്‍ ബലികൊടുത്ത കൂത്തുപറമ്പു സമരത്തിന്റെ നേതാവും സി.പി.എം. സംസ്‌ഥാനസമിതിയംഗവുമായ എം.വി. ജയരാജന്‍ ചെയര്‍മാനായിരിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലാണ്‌ മുന്‍ ഇടതുസര്‍ക്കാരുമായുണ്‌ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമായി, എം.ഡി. സീറ്റില്‍ ഒന്നുപോലും മെറിറ്റില്‍ നല്‍കാതെ കോടികള്‍ കോഴ വാങ്ങി പ്രവേശനം നടത്തിയതെന്നത്‌ മറ്റൊരു വിരോധാഭാസമായി.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജില്‍ പിന്‍വാതിലിലൂടെ മന്ത്രിപുത്രിക്കു സീറ്റുറപ്പിച്ചത്‌ എത്രമൂടിവെച്ചാലും സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്‌ട്രീയത്തിലെങ്കിലും പുതിയ പോര്‍മുഖമാകുമെന്ന്‌ ഉറപ്പാണ്‌. കാരണം ഔദ്യോഗിക പക്ഷത്തിന്റെ കരുത്തനായ വക്താവായ എം.വി.ജയരാജനെ പൂട്ടാന്‍ വി.എസ്‌ പക്ഷത്തിന്‌ ലഭിക്കുന്ന ഏറ്റവും നല്ല ആയുധമായിരിക്കുമത്‌. ഇത്‌ സംബന്ധിച്ച സൂചനകള്‍ വി.എസ്‌. തന്നെ നല്‍കുകയും ചെയ്‌തിട്ടുണ്‌ട്‌. വിവാദങ്ങള്‍ എന്തൊക്കെയായാലും ആശ്രയവും പരസ്‌പരാശ്രവുമെല്ലാമായി ഇരുമുന്നണിളും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക്‌ ഒരുകാര്യം ഉറപ്പ്‌ നല്‍കുന്നുണ്‌ട്‌. ഇത്തവണത്തെ പ്രവേശനവും കുളമാക്കി കൈയില്‍ തരമാമെന്ന്‌. പിന്നെ കാശുള്ളവന്‍ പഠിച്ചാല്‍ മതിയെന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക