Image

സംഘടനാ ഇലക്ഷന്‍: പാനല്‍ സമ്പ്രദായം പ്രാദേശിക സംഘടനകളെ പിളര്‍ക്കുന്നു(പുനര്‍വായന: രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 07 June, 2014
സംഘടനാ ഇലക്ഷന്‍: പാനല്‍ സമ്പ്രദായം പ്രാദേശിക സംഘടനകളെ പിളര്‍ക്കുന്നു(പുനര്‍വായന: രാജു മൈലപ്രാ)
(സംഘടനാ ഇലക്ഷനിലെ പാനലിനെപറ്റി 2204-ല്‍ എഴുതിയത്. ഇപ്പോഴും പ്രസക്തം)

അടച്ചിട്ട ഹോട്ടല്‍ മുറികളില്‍ അരണ്ട വെളിച്ചത്തില്‍, അടക്കിയ ശബ്ദത്തില്‍, ഒളിഞ്ഞും തെളിഞ്ഞും ഫൊക്കാനയില്‍ തുടങ്ങിയ ഗ്രൂപ്പിസം ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. അപകടകരമായ ഒരു ദിശയിലേയ്ക്കാണ് ഈ പ്രവണത ഫൊക്കാനയെ നയിക്കുന്നത്.
അമേരിക്കന്‍ മലയാളികളുടെ അബ്രലാ ഓര്‍ഗനൈസേഷന്‍ എന്ന് അറിയപ്പെടുന്ന ഫൊക്കാനയുടെ കവചത്തില്‍ സുഷിരങ്ങള്‍ വീഴ്ത്തുവാന്‍ ഇതു വഴിതെളിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഫൊക്കാനാ സമ്മേളനം നടക്കുവാന്‍ പോകുന്ന സ്ഥലത്തേക്കുറിച്ച് മുന്‍കൂട്ടി ഒരു ധാരണയിലെത്തുന്നു. ആ സ്ഥലത്തു നിന്നായിരിക്കണം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നൊരു അലിഖിത നിയമം എങ്ങനെയോ നിലവില്‍ വന്നു. നല്ല ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ കീഴ് വഴക്കം പില്‍ക്കാലത്ത് വിപരീത ഫലങ്ങള്‍ ഉളവാക്കിയതിന് നാമെല്ലാം മൂക സാക്ഷികളാണ്. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തു നിന്നും കുറഞ്ഞത് രണ്ടു സ്ഥാനാര്‍ത്ഥികളെങ്കിലും മത്സരരംഗത്തു വരുന്നു. പിന്നീട്, അവര്‍ക്കു താല്‍പര്യമുള്ളവരും, ജനസ്വാധീനമുണ്ടെന്ന് അവര്‍ കരുതുന്നതുമായ പ്രാദേശിക നേതാക്കളെ സ്വാധീനിച്ച് അവരുടെ ചേരിയിലേയ്ക്ക് ചേര്‍ക്കുന്നു. അങ്ങനെ ശക്തമായ രണ്ടു പാനലുകള്‍ ഇലക്ഷനു മുമ്പേ രൂപം കൊള്ളുന്നു. എന്തു വിലകൊടുത്തും എന്തു യന്ത്രം പ്രയോഗിച്ചും ഫൊക്കാനയുടെ ഭരണ ചക്രം കയ്യിലൊതുക്കുവാന്‍ വേണ്ടി ഈ പാനലുകള്‍ പരസ്പരം പട പൊരുതുവാന്‍ സജ്ജരായി നിലകൊള്ളുന്നു.

അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍പോലും എതിരാളികളുടെ പേരില്‍ ഉന്നയിക്കുവാന്‍ ആരും മടികാണിക്കുന്നില്ല. രക്ഷകര്‍ത്താക്കില്ലാത്ത ഊമക്കത്തുകള്‍ പിറന്നു വീഴുന്നു. അങ്ങനെ “ഫൊക്കാനാ കണ്‍വന്‍ഷന്‍ മലയാളികളുടെ മാമാങ്കം” എന്ന ചൊല്ലിന് ജീവന്‍ വെയ്ക്കുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇതില്‍ ഒരു പാനല്‍ ജയിക്കുന്നു. മറ്റവര്‍ തോല്‍ക്കുന്നു. ജയിക്കുന്നവര്‍ തോറ്റവര്‍ക്ക് ഭ്രഷ്ട് കല്‍പിച്ച് പിണ്ടംവെച്ചു പടിക്കു പുറത്താക്കുന്നു. തോല്‍ക്കുന്നവന്‍, പ്രതികാര ബുദ്ധിയോടെ ജയിക്കുന്നവന്റെ പരിപാടികള്‍ക്കും, പദ്ധതികള്‍ക്കും പാരപണിയുന്നു.
“ഫൊക്കാനയെ” ഇന്നു ഉപമിക്കാവുന്നത് കേരളത്തിലെ നാണംകെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തോടാണ്. മകന്‍ മരിച്ചാലും വേണ്ടില്ല. മരുമകളുടെ കണ്ണുനീര്‍ കാണണമെന്നുള്ള അമ്മായിയമ്മയുടെ പോര് പാര്‍ട്ടി നശിച്ചാലും വേണ്ടില്ല, തന്റെ ഭാഗം ജയിക്കണമെന്നുള്ള ദുര്‍വാശി. ഫലമോ വികസനം വഴിമുട്ടി നില്‍ക്കുന്ന ദയനീയ കാഴ്ച. ഒിശ്വാസത്തോടെ, വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ ഗവണ്‍മെന്റ് പൊതുജനം കഴുതയാണെന്ന് ഒരിക്കല്‍ കൂടി ഉറക്കെപ്രഖ്യാപിച്ചുകൊണ്ട് അവരുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ചരടു വലിക്കാരുടെ താളത്തിനൊത്ത് നൃത്തം വെയ്‌ക്കേണ്ട മരപ്പാവുകളുടെ നിസ്സഹായവസ്ഥയിലാണ് പല പാനല്‍ സ്ഥാനാര്‍ത്ഥികളും.

പാനല്‍ യുദ്ധം വളരെ പണച്ചിലവുള്ള കാര്യമാണ്. മാദ്ധ്യമങ്ങളിലൂടെ മോഹന വാഗ്ദാനങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍! എല്ലാ പ്രധാന കേന്ദ്രങ്ങളിലും പാനല്‍ പണക്കാര്‍ അവരുടെ ചിലവില്‍ നടത്തുന്ന ബഡാഘാന! ഖാനാ പീനാ' ഇഷ്ടം പോലെ!! ലഹരി മൂത്ത ഛോട്ടാ നേതാക്കള്‍ ആളും അവസരവും നോക്കാതെ പാര്‍ട്ടി നല്‍കിയവനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇഡലി കഴിച്ചവരുടെ തലയെണ്ണി വിജയം ഉറപ്പാക്കി സായൂജ്യം അടയുന്നവരുടെ നിലവാരത്തിലേയ്ക്ക് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ താണുപോകുന്നു.

ആരോടു ചോദിക്കാതെ ആസ്വദിച്ച സദ്യയുടെ ബലത്തില്‍ ആര്‍ക്കാണ്ടോ പിന്തുണ പ്രഖ്യാപിച്ച ലോക്കല്‍ നേതാവ് സ്വന്തം തട്ടകത്തില്‍ ചെല്ലുമ്പോഴാണ് പ്രശ്‌നം ഉദിക്കുന്നത്. കമ്മറ്റിക്കാരുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ, നേതാവ് വെട്ടിലാകുന്നു. ഇവിടെ പൊട്ടിപ്പുറപ്പെടുന്ന പ്രശ്‌നങ്ങള്‍ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സംഘടനകളെ പിളര്‍പ്പിന്റെ വഴിയിലേയ്ക്ക് നയിക്കുന്നു. വിഘടിത സംഘടനകള്‍ക്ക്, പിന്‍വാതിലിലൂടെ ഫൊക്കാനയില്‍ അംഗത്വം കൊടുത്ത് ഭാവി വോട്ട് ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഇതിന് കാരണക്കാര്‍ ഒരു പരിധിവരെ പാനല്‍ നേതാക്കന്മാരും അവരുടെ സ്ഥാനാര്‍ത്ഥികളുമാണ്. എല്ലാ സ്ഥലത്തും ഇവര്‍ ചെറിയ പോക്കറ്റുകളുണ്ടാക്കുന്നു. ശക്തമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന പല വലിയ പ്രാദേശിക സംഘടനകളും ഇതു മൂലം ദുര്‍ബലമാകുന്നു. ഇതുമൂലം ജനങ്ങള്‍ക്ക് നേതാക്കളോടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്നു. ഉദ്ദേക ശുദ്ധിയോടെ ലക്ഷ്യബോധത്തോടെ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളോട് പാനലുകള്‍ കാണിക്കുന്ന ഒരു വലിയ ദ്രോഹമാണിത്.

രണ്ടു പാനലിലും കഴിവുള്ളവര്‍ ഉണ്ട്. പരിചയ സമ്പന്നരും പ്രാഗത്ഭ്യം തെളിയിച്ചവരും ഭരണ നിപുണതയുള്ളവരുമുണ്ട്. അതേ പോലെതന്നെ, യാതൊരു സാമൂഹ്യ ബോധവുമില്ലാത്ത ക്ഷുദ്രജീവികളുമുണ്ട്.  ഒരു പാനലിനു മാത്രം വോട്ടു ചെയ്യുമ്പോള്‍ ഒരു കുറുക്കന്റെ രാജസദസ്സാണ് ഉടലെടുക്കുന്നത്. നേതാവു കൂവുമ്പോള്‍, കുട്ടിക്കുറുക്കന്‍മാര്‍ക്കു കൂടെ കൂവാതിരിക്കുവാന്‍ നിവൃത്തിയില്ലല്ലോ! ശക്തമായ ഒരു പ്രതിപക്ഷം, ക്രിയാത്മകമായ ഒരു പ്രതിപക്ഷം, പാനല്‍ പ്രക്രിയയിലൂടെ ഫൊക്കാനയ്ക്ക് നഷ്ടമാകുന്നു.

ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. ആരുടെ പാനല്‍ ഏതുപാനല്‍ എന്നു നോക്കാതെ, കഴിവുള്ളവരെ അതാതു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഡലിഗേറ്റ്‌സുകള്‍ കാണിക്കണം.

ഇലക്ഷനു മുമ്പ് സ്ഥാനാര്‍ത്ഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന, മോഹന വാഗ്ദാനങ്ങളുടെ പ്രവാഹമാണ്. ഒരിക്കലും പ്രാവര്‍ത്തികമാകുവാന്‍ പോകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സുന്ദര സ്വപ്നങ്ങള്‍ ഭാഷ്‌ക്കൊരു ഡോളര്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ചുരുക്കം ചെല പദ്ധതികളാണ് 'പൊക്കാനയുടെ ലേബലില്‍' കാര്യക്ഷമമായി വിളിച്ചു പറയുന്നത്. കേരളത്തിനെ ഒരു പറുദീസ ആക്കാമെന്നുള്ള അമേരിക്കന്‍ മലയാളികളുടെ സ്വപ്നങ്ങളാകെ വെറും സ്വപ്നങ്ങളായി തന്നെ അവശേഷിക്കും. ഒന്നാമത് കേരളത്തിന് ഇതൊന്നും ആവശ്യമില്ല. അമേരിക്കയില്‍ നിന്നും എത്തുന്ന ഡോളര്‍ ഒഴികെയുള്ള, സാധനങ്ങളും വ്യവസായങ്ങളുമെല്ലാം 'ചാരപ്പണി' എന്ന നിലയിലാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇവിടെ നിന്നും കഷ്ടപ്പെട്ടു കയറ്റി അയച്ച മരുന്നും കമ്പ്യൂട്ടറുകളും ഇന്നും വെള്ളത്തില്‍ വരച്ചവരപോലെ കടലില്‍ തന്നെ കിടക്കുകയാണെന്ന കാര്യം നമുക്കറിയാമല്ലോ!

നമുക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു കണ്‍വന്‍ഷന്‍ നടത്തുക എന്നുള്ളതാണ്. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഒരുമിച്ചു കൂടുവാനുള്ള ഒരവസരം വീട്ടുകാരും നാട്ടുകാരും സഹപാഠികളും സഹപ്രവര്‍ത്തകരുമായും മറ്റും വീണ്ടുമൊന്നു കണ്ടുമുട്ടി. ഒരു വട്ടംകൂടി ഓര്‍മ്മകള്‍ പുതുക്കുവാനുള്ള ഒരവസരം… ഇതു ചിട്ടയായി നടത്തുകയാണെങ്കില്‍ ബാക്കിയുള്ള കാര്യങ്ങള്‍ അതിന്റെ വഴിപോലെ മുറക്കു നടന്നുകൊള്ളും.
അതിനു നമുക്കു വേണ്ടത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള, അര്‍പ്പണബോധമുള്ള ഒരു കമ്മറ്റിയാണ്. കഴിവുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഒരു പാനലിലും ഉള്‍പ്പെടാതെ രംഗത്തു വരണം. പാനല്‍ ഏതെന്നു നോക്കാതെ, മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ ഡെലിഗേറ്റ്‌സുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഒരു കുടുംബത്തിനുള്ളില്‍ കലഹമുണ്ടായാല്‍, ആ കുടുംബം ഛിന്നഭിന്നമാകുവാന്‍, അധിക കാലം വേണ്ടന്നാണല്ലോ പ്രമാണം…. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ കണ്ണുള്ളവര്‍ കാണട്ടെ.
സംഘടനാ ഇലക്ഷന്‍: പാനല്‍ സമ്പ്രദായം പ്രാദേശിക സംഘടനകളെ പിളര്‍ക്കുന്നു(പുനര്‍വായന: രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക