Image

ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും

Published on 05 June, 2014
ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും
ഫോമാ സെക്രട്ടറി സ്ഥാനത്തുനിന്നു അനിയന്‍ ജോര്‍ജ്‌ പടിയിറങ്ങിയിട്ട്‌ ആറുവര്‍ഷമായി. അതിനുശേഷം ഇതേവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

നേതൃത്വം ചിലരുടെ കൈയ്യില്‍ എക്കാലവും ഇരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന ചിന്താഗതി തന്നെ കാരണം. ശശിധരന്‍ നായരും അനിയന്‍ ജോര്‍ജും ഉള്‍പ്പെട്ട സ്ഥാപക നേതാക്കളുടെ അഭിലാഷം പോലെ തന്നെ ഭാരവാഹികള്‍ സ്ഥാനം വഹിക്കുന്നു, കാലാവധി കഴിയുമ്പോള്‍ മാറിക്കൊടുക്കുന്നു. മുറുമുറുപ്പ്‌ ഇല്ലാതെ. ഇതൊരു അനുകരണീയമായ മാതൃക തന്നെ.

ഇത്തവണ ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങി കണ്‍വന്‍ഷന്‍ ചെയര്‍ സ്ഥാനം ഏറ്റു. മടിച്ചിട്ടാണെങ്കിലും സ്ഥാനം ഏറ്റതില്‍ പിന്നെ നിര്‍ത്താതെ ജോലി. ആ ആത്മാര്‍ത്ഥതയാണല്ലോ അനിയന്‍ സ്റ്റൈല്‍!

ഹോട്ടലില്‍ നേരത്തെ ബുക്കുചെയ്‌ത മുറികളെല്ലാം ഇതിനകം തീര്‍ന്നതായി അനിയന്‍ ജോര്‍ജ്‌ പറഞ്ഞു. കൂടുതല്‍ റൂമുകള്‍ ഫോമയ്‌ക്കായി മാറ്റിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പൊതുവില്‍ ജനങ്ങള്‍ക്കെല്ലാം വലിയ ഓളം തന്നെ. ഇത്രയ്‌ക്ക്‌ ജനങ്ങളുടെ പ്രതികരണം മുമ്പ്‌ ഉണ്ടായിട്ടുള്ളതായി തോന്നിയിട്ടില്ല.

ഇലക്ഷന്‍ സജീവമായതും ജനത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്‌. ഇലക്ഷനില്‍ തെറ്റൊന്നുമില്ല- ആരോഗ്യകരമായ മത്സരമാണെങ്കില്‍. ഇലക്ഷനില്ലെങ്കില്‍ ഭാരവാഹികള്‍ക്ക്‌ അംഗസംഘടനകളോട്‌ അത്രയ്‌ക്കൊന്നും വിധേയത്വം ഉണ്ടാവില്ല. ഈസി വാക്കോവര്‍ വരുന്നതു ഗുണകരമല്ല.

മത്സരിക്കാന്‍ തയാറുള്ളവര്‍ ജയിക്കട്ടെ. മറിച്ച്‌ പാനലായി പരസ്‌പരം ചെളിവാരിയെറിയുന്നതാണ്‌ അപകടകരം. ഫൊക്കാനയെ പളര്‍പ്പിലേക്ക്‌ നയിച്ചതും അതേ പാനല്‍ ഭിന്നതയാണ്‌. ജയിച്ചാലും തോറ്റാലും പ്രവര്‍ത്തിക്കുന്നവരാണ്‌ വേണ്ടത്‌.

താന്‍ സ്ഥാനമൊഴിഞ്ഞപ്പോഴേതില്‍ നിന്ന്‌ സംഘടന ഒരുപാട്‌ വളര്‍ന്നിരിക്കുന്നു. ഒരുപാട്‌ മാറിയും പോയിരിക്കുന്നു. പുതിയ ആളുകളും പുതിയ മുഖങ്ങളും സജീവം. ആര്‍ക്കും കടന്നുവരാവുന്ന സംഘടനയായി ഫോമ മാറി എന്നതാണ്‌ ഏറ്റവും വലിയ വിജയം. ആരെയും മാറ്റിനിര്‍ത്തുന്നില്ല. മികച്ച പ്രവര്‍ത്തനങ്ങളുമായി നേതൃത്വത്തിലേക്ക്‌ വരുവാനും തടസ്സമൊന്നുമില്ല. ഈ ജനകീയവത്‌കരണമാണ്‌ ഫോമയുടെ ശക്തി.

യുവജനങ്ങളും വനിതകളും ഫോമയില്‍ സജീവമാണെന്നതാണ്‌ ഏറെ സന്തോഷം പകരുന്നത്‌. ഇപ്പോള്‍ ഭാരവാഹികളുടെ ശരാശരി പ്രായം 50-ന്‌ അടുത്താണ്‌. മുമ്പത്‌ 60-ല്‍ കൂടുതലായിരുന്നു. ബേബി ഊരാളിന്റേയും ബിനോയി തോമസിന്റേയും കാലത്ത്‌ ചിക്കാഗോയില്‍ രമേശ്‌ ചെന്നിത്തലയും മറ്റും പങ്കെടുത്ത പ്രൊഫഷണല്‍ സമ്മേളനം, കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയില്‍ നടന്ന പ്രൊഫഷണല്‍ സമ്മിറ്റ്‌ തുടങ്ങിയവയൊക്കെ സംഘടനയുടെ നാഴികക്കല്ലുകളാണ്‌.

2008-ല്‍ ഹൂസ്റ്റണിലെ കണ്‍വന്‍ഷന്‌ ഒരു മാസം മുമ്പാണ്‌ സംഘടന പിളരുന്നത്‌. ഫൊക്കാന എന്ന പേര്‌ ഉപയോഗിക്കാന്‍ പറ്റില്ല. ഫൊക്കാനയുടെ പേരില്‍ ബുക്ക്‌ ചെയ്‌താല്‍ സ്വീകര്യമല്ല തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായി. ഇതേതുടര്‍ന്ന്‌ ന്യൂജേഴ്‌സിയില്‍ സമ്മേളനം വിളിച്ചപ്പോള്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പ്രതിനിധികള്‍ എത്തി. ആ പ്രാതിനിധ്യവും ഉത്സാഹവും കണ്ടപ്പോള്‍ മനസ്‌ കുളിര്‍ത്തു. ഫോമ വലിയ സംഘടനയാകുമെന്ന്‌ അന്നേ ഉറപ്പുണ്ടായിരുന്നു. അതിപ്പോള്‍ സഫലമാകുകയും ചെയ്‌തിരിക്കുന്നു.

ഫൊക്കാനയുടെ യശസ്‌ ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ താനും ശശിധരന്‍ നായരും നടത്തിക്കൊണ്ടിരിക്കെയാണ്‌ പിളര്‍പ്പുണ്ടായത്‌. കേരളത്തില്‍ നടത്തിയ കണ്‍വന്‍ഷന്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വീടുവെച്ചുകൊടുക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കേരളത്തിലും ചെയ്‌തു. മദ്ധ്യ തിരുവിതാംകൂറില്‍ എയര്‍പോര്‍ട്ട്‌ എന്ന ആശയം മുന്നോട്ടുവെച്ചതും അക്കാലത്താണ്‌. (ആറന്മുളയില്‍ തന്നെ വേണമെന്നൊന്നും പറഞ്ഞില്ല). ഏഷ്യാനെറ്റിലെ ഒരു ക്വിസ്‌ പരിപാടിയില്‍ ഫൊക്കാന എന്താണെന്ന്‌ കുട്ടികളോട്‌ ചോദിക്കുന്നതും അത്‌ അമേരിക്കന്‍ സംഘടനയാണെന്ന്‌ അവര്‍ പറയുകയും ചെയ്‌തത്‌ കണ്ടപ്പോള്‍ രോമാഞ്ചമണിഞ്ഞു. കുട്ടികള്‍ക്കുപോലും പേര്‌ പരിചിതമായി.

എല്ലാ അംഗസംഘടനയിലും യൂത്ത്‌ ഫെസ്റ്റിവല്‍ നടത്തി. റീജണല്‍ തലത്തിലും നാഷണല്‍ തലത്തിലും പിന്നീട്‌ നടത്തി. ചിക്കാഗോയില്‍ ജയിംസ്‌ കട്ടപ്പുറമായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്‌. അതുപോലെ തന്നെ ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സുകള്‍ നടത്താനായി. ഇങ്ങനെയെല്ലാം സജീവമായി പ്രവര്‍ത്തിച്ചു. പക്ഷെ പതിനൊന്നാം മണിക്കൂറില്‍ സംഘടന പിളര്‍ന്നു. ഫൊക്കാന എന്ന പേരുപോലും ഉപയോഗിക്കാനാവില്ല.

തുടര്‍ന്ന്‌ ഒരു അടിസ്ഥാനവുമില്ലാതെ വെള്ള പേപ്പറില്‍ നിന്നാണ്‌ ഫോമയുടെ തുടക്കം. അതൊരു വെല്ലുവിളിയായിരുന്നു. അംഗ സംഘടനകള്‍ പ്രചോദനമായി. ജനം പിന്തുണയും നല്‍കി.

ഈ വിജയത്തിനെല്ലാം പിന്നില്‍ നേതാക്കളുടെ അര്‍പ്പണബോധവും പ്രവര്‍ത്തനത്തനവുമാണ്‌. ജോണ്‍ ടൈറ്റസ്‌- ജോണ്‍ സി വര്‍ഗീസ്‌, ബേബി ഊരാളില്‍- ബിനോയി തോമസ്‌, ജോര്‍ജ്‌ മാത്യു- ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ടീമുകളൊക്കെ ഒന്നിനൊന്ന്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവെച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച സെക്രട്ടറിമാര്‍ താരങ്ങളായി.

തിരിഞ്ഞുനോക്കുമ്പോള്‍ സംഘടനയില്‍ പിളര്‍പ്പുണ്ടാകാതിരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നു ചോദിക്കാം. തുടക്കം മുതല്‍ തന്നെ ഭിന്നതയിലേക്കായിരുന്നു പോക്ക്‌. പഴയ ഭാരവാഹികളെ ആദരിക്കാന്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ചടങ്ങില്‍ പോലും പഴയ ഭാരവാഹികള്‍ എത്തിയില്ല. എങ്ങനെയും പിളര്‍പ്പ്‌ ഒഴിവാക്കാന്‍ ശ്രമിച്ചതാണ്‌. പക്ഷെ അതിനുള്ള വാതില്‍ തുറന്നുകിട്ടിയില്ല. ജനറല്‍ കൗണ്‍സില്‍ ജയിപ്പിച്ചുവിട്ട ചിലരെ ഒഴിവാക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അത്‌ അംഗീകരിക്കാനാവുമായിരുന്നില്ല.

പിളര്‍പ്പ്‌ നന്നായി എന്നാണ്‌ അനിയന്‍ ജോര്‍ജിന്റെ പക്ഷം. അല്ലെങ്കില്‍ സംഘടന നിര്‍ജ്ജീവമായി പോയേനെ. പിളര്‍ന്നതോടെ വാശിയുമായി. പ്രവര്‍ത്തിക്കാന്‍ ആവേശമായി.

ഇങ്ങനെയൊക്കെയാണെങ്കിലും ഫൊക്കാന- ഫോമ നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായി ഒരു പിണക്കവുമില്ല. ഇപ്പോള്‍ സംഘടനകള്‍ തമ്മില്‍ ഒരു ഉരസലുമില്ല. അതുണ്ടാകാതിരിക്കാന്‍ ഇരുവിഭാഗവും ശ്രമിക്കുകയും ചെയ്യുന്നു.

സംഘടന ഇനിയും ഒന്നിക്കാവുന്നതേയുള്ളൂ. ജനത്തിന്‌ ഒരു സംഘടനമാത്രം മതിയെന്നുണ്ടെങ്കില്‍ ഒന്നിക്കാം. ഫോമയുടെ വാതിലുകള്‍ എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നുകിടക്കുന്നു. രണ്ടു സംഘടനയിലേയും പുതിയ ഭാരവാഹികള്‍ തമ്മില്‍ പ്രത്യേകിച്ച്‌ ഭിന്നതകളൊന്നും ഉണ്ടായിട്ടില്ല. അപ്പോള്‍ ഒന്നിക്കാനും സാധ്യത കൂടുതല്‍.

പിളര്‍പ്പുകൊണ്ട്‌ ചില ദോഷങ്ങളുണ്ടായി. സ്‌പോണ്‍സര്‍മാര്‍ ഇതൊരു അവസരമായി കണ്ടു. നിങ്ങള്‍ തമ്മിലടിച്ചു നില്‍ക്കുകയല്ലേ അതിനാല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ്‌ തന്ത്രപൂര്‍വ്വം പിന്‍വലിഞ്ഞു.

സംഘടന പിളര്‍ന്നതില്‍ ദുഖമുണ്ട്‌. എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ്‌ ദുഖം.

ഉത്തരേന്ത്യക്കാരെ പോലെ നമുക്ക്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുമൂലം നമ്മുടെ യഥാര്‍ത്ഥ ശക്തി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ മറ്റൊരു പ്രശ്‌നം.

ഇപ്പോള്‍ മതപരമായും സഭാപരവുമായൊക്കെ ഭിന്നിച്ചാണ്‌ മലയാളികള്‍ നില്‍ക്കുന്നത്‌. പള്ളിക്കുള്ളില്‍ ഒതുങ്ങാനാണ്‌ പലരും ശ്രമിക്കുന്നത്‌. ഐക്യമില്ലായ്‌മ പോലെ തന്നെ ദോഷകരമാണ്‌ മുഖ്യാധാരാ രാഷ്‌ട്രീയത്തില്‍ മലയാളികള്‍ അധികമില്ല എന്നത്‌. മലയാളികള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന വരുമാനമുള്ള ഒരു വിഭാഗം നമ്മുടെ സമൂഹവുമായി ബന്ധപ്പെടുന്നതില്‍ വിമുഖത കാണിക്കുന്നു.

പത്തു ഇടവകക്കാരുണ്ടെങ്കില്‍ പള്ളി പണിയുകയായി. അതിനു വലിയ തുക ഇടവകാംഗങ്ങള്‍ പിരിക്കണം. പിന്നെ ഷോ കൊണ്ടുവരും. പിരിവുകള്‍ വേറെ. ചുരുക്കത്തില്‍ മലയാളികളെ പിഴിയുന്ന ഒരു അവസ്ഥയുണ്ട്‌. പിരിവ്‌ കഴിയുന്നത്ര ഒഴിവാക്കാന്‍ സംവിധാനം വേണം.

അതുപോലെ തന്നെയണ്‌ മത്സരിച്ച്‌ ഷോകള്‍ കൊണ്ടുവരുന്നത്‌. മിക്കതും നഷ്‌ടമാകുന്നു. ജനത്തിന്‌ അലോസരവും. മാസത്തിലൊന്ന്‌ എന്ന രീതിയില്‍ ഒരു സംവിധാനമുണ്ടാകുന്നത്‌ നല്ലതായിരിക്കും.

അമേരിക്കയിലും സഹായം അര്‍ഹിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്‌. മരണം, അസുഖം തുടങ്ങിയവ. അതിനായി സ്ഥിരം ഫണ്ട്‌ തന്നെ ഉണ്ടാകണം. എത്രയോ അറ്റോര്‍ണിമാര്‍ നമ്മുടെ ഇടയിലുണ്ട്‌. അവരെ ഒരു കുടക്കീഴില്‍ അണിനിരത്തിയാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവരുടെ സേവനം ലഭ്യമാക്കാനാവും.

ഫോമാ പ്രസിഡന്റ്‌ പദത്തിലേക്ക്‌ പിന്നീട്‌ മത്സരിക്കണമെന്ന ആഗ്രഹമുണ്ടെന്ന്‌ അനിയന്‍ ജോര്‍ജ്‌ പറഞ്ഞു. മകന്‌ ജോലിയൊക്കെയായി സെറ്റില്‍ ചെയ്‌തശേഷം മാത്രം. പ്രസിഡന്റ്‌ സ്ഥാനം ഏറ്റാല്‍ രണ്ടുവര്‍ഷം സംഘനയ്‌ക്കായി ഉഴിഞ്ഞുവെയ്‌ക്കും. പൂര്‍ണ്ണമായ അര്‍പ്പണബോധം.

എവിടെ ചെന്ന്‌ പേരു പറഞ്ഞാലും `അറിയാം' എന്ന്‌ ആളുകള്‍ പറയുന്നതാണ്‌ സംഘടനാ പ്രവര്‍ത്തനംകൊണ്ട്‌ തനിക്ക്‌ ലഭിച്ച നേട്ടം. പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതെ ജനം അംഗീകരിക്കുന്നതാണ്‌ സന്തോഷം.

സംഘടനയിലൂടെയുണ്ടായ ബന്ധങ്ങള്‍ അമേരിക്കയിലും കാനഡയിലും വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ എം.ജി. ശ്രീകുമാറിന്റെ മകന്‌ പെട്ടെന്ന്‌ ഒരു റൈഡ്‌ വേണമെന്ന സ്ഥിതി വന്നു. ഒരു ഫോണ്‍കോള്‍ കൊണ്ട്‌ തനിക്കത്‌ ചെയ്യാനായി. (ജോസഫ്‌ ഔസോയ്‌ക്ക്‌ നന്ദി!) ഐ.ടി രംഗത്തുള്ള ഒരാള്‍ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ ടൊറന്റോയില്‍ സംഘടിപ്പിച്ചതും ഒരു ഫോണ്‍ കോളില്‍ തന്നെ. നെറ്റ്‌ വര്‍ക്കിംഗും ബന്ധങ്ങളും തന്നെ കാരണം.

കുടുംബം, ബിസിനസ്‌ എന്നിവയാണ്‌ തനിക്ക്‌ മുഖ്യം. അതുവിട്ട്‌ ഒരു കാര്യവും ചെയ്യില്ല. കുടുംബത്തില്‍ നിന്നുള്ള വലിയ പിന്തുണയാണ്‌ തന്റെ ശക്തി.

വീട്ടില്‍ നിന്ന്‌ പണം കൊണ്ടുവന്ന്‌ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. പണമുള്ളവര്‍ക്കേ നേതൃത്വത്തില്‍ വരാവൂ എന്നതും ശരിയല്ല. സംഘടനകള്‍ക്ക്‌ ഒരു പ്രവര്‍ത്തന ഫണ്ട്‌ ഉണ്ടായാല്‍ ആ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. പണക്കാരുടെ മാത്രം സംഘടനയായി ഫോമ മാറരുത്‌.

കെ.എസ്‌.സി സ്റ്റേറ്റ്‌ സെക്രട്ടറിയും, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്ന അനിയന്‍ ജോര്‍ജ്‌. കേരളത്തില്‍ വക്കീലായും പ്രാക്‌ടീസ്‌ ചെയ്‌തിട്ടുണ്ട്‌.

അങ്ങനെയൊരാള്‍ അമേരിക്കയിലേക്ക്‌ പറിച്ചുനടപ്പെട്ടതില്‍ ദുഖമുണ്ടോ? ദുഖമാണെന്നു തന്നെയായിരുന്നു അനിയന്റെ മറുപടി. നാട്ടിലെ ജീവിതവും അവസരങ്ങളുമെല്ലാം കൈമോശം വന്നു. അമേരിക്കയിലെ ആദ്യകാലങ്ങള്‍ വിഷമകരമായിരുന്നു. നാട്ടിലായിരുന്നെങ്കില്‍ ഒരുപക്ഷെ രാഷ്‌ട്രീയത്തിലെ ഉന്നത പടവുകള്‍ കയറുമായിരിന്നിരിക്കാം.
ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഫോമാ: സ്ഥാപക നേതാവിന്റെ മോഹങ്ങളും മോഹഭംഗങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക