Image

അറിവിന്റെ അക്ഷയനിധി: ബ്രിട്ടീഷ്‌ ലൈബ്രറി (കാരൂര്‍ സോമന്‍)

Published on 08 June, 2014
അറിവിന്റെ അക്ഷയനിധി: ബ്രിട്ടീഷ്‌ ലൈബ്രറി (കാരൂര്‍ സോമന്‍)
``വിശക്കുന്ന മനുഷ്യാ, പുസ്‌തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.''
-ബെര്‍തോള്‍ഡ്‌ ബ്രെഹ്‌ത്‌??


ലൊണ്ടനീയം എന്നു റോമക്കാര്‍ പേരിട്ട ഒരു നഗരം അതിന്റെ സാംസ്‌ക്കാരിക ഔന്നത്യം ഒന്നു കൊണ്ടു മാത്രം ലോകത്തിന്റെ നെറുകയിലേക്ക്‌ ഉയരുന്നത്‌ കണ്ട്‌ റോമക്കാര്‍ പോലും അത്ഭുതപ്പെട്ടു. ലോകത്തിന്റെ തിലകക്കുറിയായി തെംസ്‌ നദി തീരത്തെ ലണ്ടന്‍ നഗരം മാറിയത്‌ വൈജ്ഞാനിക വിസ്‌തൃതി കൊണ്ടു മാത്രമായിരുന്നു. ഇതിന്‌ അവരെ സഹായിച്ചതാവട്ടെ വായനയുടെ അനിര്‍വചനീയമായ അത്ഭുതലോകവും. ലണ്ടന്‍ നിവാസികളുടെ രാജകീയ മുദ്രകളില്‍ വായനയ്‌ക്ക്‌ അന്നും ഇന്നും എന്നും മായ്‌ക്കപ്പെടാനാവാത്ത സ്ഥാനമുണ്ട്‌. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പുസ്‌തകങ്ങളെ മാറോടു ചേര്‍ത്തിരിക്കുന്ന മറ്റൊരു ലോകജനതയെ എവിടെ കാണാനാവും? അതു തന്നെയാണ്‌ ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയുടെ വന്‍ വിജയത്തിനു പിന്നിലെന്നും തോന്നിയിട്ടുണ്ട്‌. ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ്‌ വായനയെന്നു മനസ്സിലാക്കിയ യൂറോപ്യന്മാര്‍ക്കിടയില്‍ അതിനെ സത്യസന്ധമായി ശീലിച്ചതു ലണ്ടന്‍വാസികള്‍ മാത്രമായിരുന്നുവെന്നു ചരിത്രം പറയും. `വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും' എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിതയെ ഉള്ളാലെ സ്വീകരിച്ച ഈ ജനതയുടെ മണ്ണില്‍ തന്നെയാണ്‌ ലോകത്തിലെ ഏറ്റവും വിജ്ഞാനപ്രദമായ അക്ഷയനിധിയെ പരിപാലിക്കപ്പെടുന്നത്‌.

സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിലെ അമൂല്യമായ നിധി തന്നെയാണ്‌ ബ്രിട്ടീഷ്‌ ലൈബ്രറിയെന്നു പറയാം. കാരണം, ഇത്‌ ഒരു ദിവസം കൊണ്ട്‌ ഉണ്ടായതല്ല. എത്രയോ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം ഇതിനു പറയാനുണ്ട്‌. ലണ്ടനിലെ ജോര്‍ജ്‌ രണ്ടാമന്‍ രാജാവിന്റെ ഡോക്ടറും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായിരുന്ന സര്‍ ഹാന്‍സ്‌ സ്ലോണിന്റെ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മരണപത്രമനുസരിച്ച്‌ ഏറ്റെടുത്തുകൊണ്ടാണ്‌ ലൈബ്രറി ഗ്രന്ഥശേഖരണ ഏറ്റെടുക്കല്‍ പ്രക്രിയയ്‌ക്കു തുടക്കമിടുന്നത്‌. ചരിത്രത്തിലേക്കു നോക്കിയാല്‍ പിന്നീട്‌ പല പ്രമുഖരുടെയും പുസ്‌തകശേഖരങ്ങള്‍ ലൈബ്രറിക്ക്‌ നല്‌കപ്പെട്ടതായി കാണാം. കൊളോണിയല്‍ ബ്രിട്ടിഷ്‌ ദ്വീപുകളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ ഗ്രന്ഥത്തിന്റെയും ഓരോ പ്രതി ലൈബ്രറിക്ക്‌ സൗജന്യമായി നല്‌കണമെന്ന നിയമം 1757ല്‍ നിലവില്‍വന്നു. ലോകത്തില്‍ ഇങ്ങനെയൊരു നിയമം ആദ്യമായി നിലവില്‍ വന്നത്‌ ഫ്രാന്‍സിലാണെങ്കിലും അത്‌ അടിസ്ഥാനപരമായി ഉപയോഗപ്പെടുത്തിയത്‌ ഇവിടെയാണ്‌. അതു തന്നെ പില്‍ക്കാലത്ത്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിഷ്‌ക്കരിച്ച നിയമമായി മാറിയിട്ടുണ്ടെങ്കിലും ഇന്നിത്‌ എത്ര രാജ്യങ്ങള്‍ അനുസരിക്കുന്നുണ്ടെന്നത്‌ മറ്റൊരു കാര്യം. ആ നിലയില്‍ ബ്രിട്ടീഷ്‌ ലൈബ്രറി രാജകീയമായി തന്നെയാണ്‌ നില കൊള്ളുന്നത്‌.

ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടിഷ്‌ മ്യൂസിയത്തോടനുബന്ധിച്ച്‌ 1753-ലാണ്‌ ഈ ലൈബ്രറി ആരംഭിക്കുന്നത്‌. ഇന്ന്‌ 150 മില്യണ്‍ പുസ്‌തകങ്ങളാണ്‌ ഇവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നത്‌. ഗ്രന്ഥശേഖരണത്തില്‍ ലോകത്തിലെ വലിയ വിസ്‌മയങ്ങളിലൊന്ന്‌ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഇവിടെ പ്രിന്റിലും ഡിജിറ്റല്‍ ഫോര്‍മാറ്റിലുമായുള്ളത്‌ കോടിക്കണക്കിന്‌ പ്രതികള്‍. കൈയെഴുത്തു പ്രതികള്‍, ജേര്‍ണലുകള്‍, പത്രമാസികകള്‍, ശബ്ദ സംഗീത റെക്കോഡിങ്ങുകള്‍, വീഡിയോകള്‍, സ്‌ക്രിപ്‌റ്റുകള്‍, പേറ്റന്റുകള്‍, ഡേറ്റാ ബേസുകള്‍, മാപ്പുകള്‍, സ്റ്റാമ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങി ലൈബ്രറിയുടെ ശേഖരത്തില്‍ ലോകത്തിന്റെ ചരിത്രത്തിന്റെ വലിയൊരു ഭാഗം തന്നെ ശേഖരിക്കപ്പെട്ടിരിക്കുന്നു. എല്ലാ വര്‍ഷവും ഇവിടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതു മാത്രം മൂന്നു കോടിയിലേറെ വരും. അതായത്‌ ഓരോ വര്‍ഷവും ഇതിനു വേണ്ടി വരുന്ന ഷെല്‍ഫിന്റെ നീളം 9.6 കിലോമീറ്റര്‍ ദൂരം എന്നാണു കണക്ക്‌.

ബ്രിട്ടനിലെ സാംസ്‌ക്കാരിക, മാധ്യമ, കായിക വിഭാഗത്തിന്റെ കീഴിലാണ്‌ ഈ നോണ്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ പബ്ലിക്ക്‌ ബോഡിയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. എസ്‌റ്റണ്‍ റെയില്‍വേ സ്‌റ്റേഷനു സമീപം സെന്റ്‌ പാന്‍ക്രാസിലാണ്‌ ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്‌. വെസ്റ്റ്‌ യോര്‍ക്ക്‌ഷെയറിലെ ബോസ്‌റ്റണ്‍ സ്‌പായുടെ സമീപം ഡോക്യുമെന്റ്‌ സ്‌റ്റോറേജ്‌ സെന്ററും വായനാമുറിയും സജ്ജീകരിച്ചിരിക്കുന്നു.

ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ അച്ചടിച്ച ഗ്രന്ഥസൂചി 1881-1905 കാലത്ത്‌ തയ്യാറാക്കപ്പെട്ടതോടെയാണ്‌ ഇവിടുത്തെ ഗ്രന്ഥശേഖരത്തിന്റെ മഹത്വം പുറം ലോകം അറിഞ്ഞു തുടങ്ങിയത്‌. ഇന്ത്യയില്‍ നിന്നുള്ളതല്ല, കേരളത്തില്‍ നിന്നു തന്നെയുള്ള ആയിരത്തിലേറെ പുസ്‌തകങ്ങളുടെ വിശേഷാല്‍ കൃതികള്‍ ഇന്ന്‌ ഇവിടെ കാണാം. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച ഗ്രന്ഥം പോലും ഇവിടെയാണുള്ളത്‌. ബ്രീട്ടീഷ്‌ മ്യൂസിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്‍ബര്‍ട്ടിന്‍ ഗൗര്‍ ഈ ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാറ്റലോഗ്‌ ഓഫ്‌ മലയാളം ബുക്‌സ്‌ ഇന്‍ ദ്‌ ബ്രിട്ടിഷ്‌ മ്യൂസിയം എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വിവരം പോലും മലയാളിയെ ലജ്ജിപ്പിക്കുന്നതാണ്‌. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കൃതിയെന്നു പൊതുവേ കരുതുന്ന ഒ. ചന്തുമേനോന്റെ `ഇന്ദുലേഖ' എന്ന നോവലിന്റെ മൂലകൃതി ഉള്ളത്‌ ബ്രിട്ടീഷ്‌ ലൈബ്രറിയിലാണ്‌. മലയാളികള്‍ കാലങ്ങളായി മലയാളം ഉപപാഠ പുസ്‌തകമായി ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്‌ത `ഇന്ദുലേഖ'യുടെ യഥാര്‍ത്ഥ കൃതി നമ്മള്‍ വായിച്ചതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തം. `ഇന്ദുലേഖ' യുടെ വികലമാക്കപ്പെട്ട പതിപ്പാണ്‌ കഴിഞ്ഞ ആറുപതിറ്റാണ്ടായി മലയാളി വായിക്കുന്നത്‌ എന്നു സാരം. യഥാര്‍ത്ഥ 'ഇന്ദുലേഖ' ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്ന്‌ കണ്ടെടുത്തതോടെയാണ്‌ മലയാളി ഇതുവരെ വഞ്ചിതരായിരിക്കുകയായിരുന്നു എന്ന്‌ വ്യക്തമായത്‌. പ്രമുഖ നിരൂപകരായ ഡോ. പി.കെ. രാജശേഖരന്‍, ഡോ. പി.വേണുഗോപാലന്‍ എന്നിവര്‍ വര്‍ഷങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്ന്‌ യഥാര്‍ഥ `ഇന്ദുലേഖ'യെ കണ്ടെടുത്തത്‌. ഇതോടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ ഇനിയും ഒളിഞ്ഞു കിടക്കുന്ന ഒട്ടനവധി മലയാള മൂലകൃതികളും വിശദമായ ഗവേഷണത്തിന്‌ ഇട നല്‍കും. `ഇന്ദുലേഖ'യുടെ കാര്യത്തില്‍ വാസ്‌തവത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ ഇനിയും വ്യക്തമല്ലെങ്കിലും കഥാന്ത്യത്തില്‍ നോവലിസ്റ്റ്‌ ഒ. ചന്തുമേനോന്‍ നിര്‍വഹിച്ച ചരിത്ര പ്രസക്തിയുള്ള സ്‌ത്രീപക്ഷ രാഷ്ട്രീയ പ്രസ്‌താവന പോലും മലയാളികള്‍ വായിച്ച `ഇന്ദുലേഖ'യില്‍ ഇല്ലെന്നതാണ്‌ സത്യം. മുഴുവന്‍ സ്‌ത്രീകളും ഇംഗ്‌ളീഷ്‌ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശമാണ്‌ `ഇന്ദുലേഖ' യില്‍ വെളിവാക്കപ്പെട്ടത്‌. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്‌തു എന്ന ഭാഗവും വികലമാക്കി. നോവലിന്റെ തുടക്കത്തില്‍ കഥാപാത്രങ്ങളുടെ ബന്ധം പ്രസ്‌താവിക്കുന്ന പ്രധാനഭാഗവും വെട്ടിമാറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്‌. എന്തായാലും, ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ ഇങ്ങനയൊരു മൂലകൃതിയുണ്ടെന്ന്‌ മലയാളികള്‍ അറിയുന്നതു തന്നെ ഇപ്പോഴാണെന്നതാണെന്ന്‌ രസകരം. ഇത്‌ മലയാളത്തിന്റെ മാത്രം കാര്യമാണെന്നു മനസ്സിലാക്കണം. ലോകത്തിലെ എത്രയോ അമൂല്യ കൃതികളുടെ മൂലകൃതികള്‍ ഉള്‍പ്പെടെയുള്ളത്‌ ഇവിടെയാണ്‌. ആ നിലയ്‌ക്ക്‌ ഗവേഷണത്തിനു മാത്രം ഇവിടെയെത്തുന്നവര്‍ നൂറു കണക്കിനാണ്‌.

തുടക്കത്തില്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തിനോടനുബന്ധിച്ചായിരുന്നു ലൈബ്രറിയുടെയും പ്രവര്‍ത്തനം. 1972-ലെ ബ്രിട്ടിഷ്‌ ലൈബ്രറി ആക്‌റ്റ്‌ പ്രകാരം ബ്രിട്ടിഷ്‌ മ്യൂസിയത്തില്‍നിന്ന്‌ ഈ ബൃഹദ്‌ ലൈബ്രറി വേര്‍പെടുത്തപ്പെട്ടു. തുടര്‍ന്ന്‌ ലോകത്തിലെ തന്നെ ഗ്രന്ഥശേഖരങ്ങളുടെ വിശദമായ വര്‍ഗ്ഗീകരണത്തിനു നാന്ദിയായതെന്നു കരുതപ്പെടുന്ന `ദ്‌ ബ്രിട്ടിഷ്‌ നാഷണല്‍ ബിബ്ലിയോഗ്രഫി' എന്ന ഗ്രന്ഥസൂചി 1949-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന്‌ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെട്ട ലൈബ്രറിയില്‍ പങ്കാളികളായ ഏതു ലൈബ്രറിക്കും ഗ്രന്ഥസൂചി ലഭ്യമാക്കുന്നതിനുള്ള ഓട്ടോമേറ്റഡ്‌ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ലോക ലൈബ്രറികളുടെ വളര്‍ച്ചാ ചരിത്രത്തില്‍ നിന്നും മാറി കുറഞ്ഞത്‌ ഒരു നൂറ്റാണ്ടിന്റെയെങ്കിലും കൂടുതല്‍ പാരമ്പര്യം അവകാശപ്പെടാന്‍ ബ്രിട്ടീഷ്‌ ലൈബ്രറിക്കു കഴിയുന്നുണ്ട്‌. മറ്റ്‌ പ്രധാനപ്പെട്ട ഗ്രന്ഥശേഖരണങ്ങളും ഗ്രന്ഥശാലകളുമൊക്കെ 17-ാം ശതകത്തിലാണ്‌ യൂറോപ്പില്‍ വളര്‍ന്നു പന്തലിച്ചത്‌. യൂറോപ്പിലെ തന്നെ പാരിസ്‌, വത്തിക്കാന്‍, കോപ്പന്‍ഹേഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ സംരംഭങ്ങളായി രൂപംകൊണ്ടു വളര്‍ന്ന ഇത്തരം ഗ്രന്ഥശാലകള്‍ 18-ാം നൂറ്റാണ്ടിലാണ്‌ നാഷണല്‍ ലൈബ്രറികളായി മാറിയത്‌. ചാള്‍സ്‌ അഞ്ചാമന്റെ കാലത്ത്‌ ബിബ്ലിയോഥെക്‌ ഡുമിറായ്‌ എന്നപേരില്‍ പാരീസില്‍ ആരംഭിച്ച ഗ്രന്ഥശാല ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷം ബിബ്ലിയോഥെക്‌ നാഷണല്‍ എന്ന പേരില്‍ ദേശീയ ഗ്രന്ഥശാലയായി മാറി. ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെയെല്ലാം പ്രതികള്‍ സൗജന്യമായി കൊട്ടാര ലൈബ്രറിയില്‍ എത്തിക്കണമെന്ന്‌ 17-ാം ശതകത്തില്‍ ഫ്രാന്‍സിസ്‌ ഒന്നാമന്‍ രാജാവ്‌ കല്‌പന പുറപ്പെടുവിച്ചത്‌ പുസ്‌തകശേഖരണരംഗത്ത്‌ നിയമപരമായ പുതിയൊരു വഴി തുറന്നു. ഇതായിരുന്നു ഫ്രാന്‍സിലെ വായനാലോകത്തിന്റെ വികാസത്തിലെ പരിണാമഗുപ്‌തിയായി മാറിയത്‌.

ഇതേത്തുടര്‍ന്നുണ്ടായതെന്നു കരുതുന്ന ഫ്രഞ്ച്‌ വിപ്ലവത്തിനു ഗ്രന്ഥങ്ങള്‍ ഒരു മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ബ്രിട്ടീഷ്‌ ലൈബ്രറിയുടെ രാജകീയത വര്‍ധിപ്പിച്ചത്‌ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം ഇംഗ്ലണ്ടില്‍ നടന്ന സിവില്‍ യുദ്ധമാണെന്നു പറയേണ്ടി വരും. രാജാവിന്റെ പരമാധികാരം, ഉപരിവര്‍ഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച്‌ ഭരണവ്യവസ്ഥയ്‌ക്ക്‌ നിദാനമായത്‌ ആശയസമൃദ്ധമായ ഗ്രന്ഥങ്ങളായിരുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുന്‍നിര്‍ത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789-1799) രാഷ്ട്രീയസാമൂഹിക കലാപമായ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ ഇംഗ്ലണ്ടില്‍ നിന്നു പോലും പങ്കുണ്ടായത്‌ പുസ്‌തകങ്ങളെ അടിസ്ഥാനമാക്കി പ്രചരിക്കപ്പെട്ട ആശയസംവേദനങ്ങളായിരുന്നു.

വിപ്ലവത്തിന്‌ മുമ്പ്‌ ഫ്രാന്‍സില്‍ മൂന്ന്‌ ജനവിഭാഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. പുരോഹിതന്‍മാരും പ്രഭുക്കന്‍മാരും സാധാരണ ജനങ്ങളും. മൂന്ന്‌ എസ്‌റ്റേറ്റുകള്‍ എന്നാണ്‌ ഇവരറിയപ്പെട്ടിരുന്നത്‌. ഫ്രാന്‍സിലെ മൊത്തം ജനസംഖ്യയെടുത്താല്‍ പുരോഹിതന്‍മാരും പ്രഭുക്കന്‍മാരും എണ്ണത്തില്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ്‌ കൈവശം വെച്ചിരുന്നത്‌. പാവപ്പെട്ട കര്‍ഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്‌റ്റേറ്റില്‍. ഇവരില്‍ ആരാണ്‌ ഗ്രന്ഥങ്ങളെ പൂര്‍ണ്ണമായും തങ്ങളുടേതാക്കി വച്ചതെന്ന്‌ തെളിയിക്കുന്ന ഫ്രഞ്ച്‌ വിപ്ലവം യൂറോപ്പില്‍ നടത്തിയെടുത്തത്‌ വാസ്‌തവത്തില്‍ അറിവിനെ ചൊല്ലിയുള്ള സമരം കൂടിയായിരുന്നു.

എന്നാല്‍ ഇതിനു മുന്‍പ്‌ തന്നെ പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ഇംഗ്ലണ്ടില്‍ രാജാവും ജനാധിപത്യവും തമ്മില്‍ രൂക്ഷമായ യുദ്ധച്ചൊരിച്ചില്‍ ഉണ്ടായിരുന്നു. ചാള്‍സ്‌ ഒന്നാമന്റെ കാലത്ത്‌, അതായത്‌ പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന യുദ്ധത്തിലാണ്‌ പുസ്‌തകപ്രചരണവും അച്ചടിയും ഇംഗ്ലണ്ടില്‍ ശക്തമാകുന്നത്‌. ഇതിന്റെയെല്ലാം ആദ്യപ്രതികള്‍ ഇന്നു ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ ലഭ്യമാണ്‌. അച്ചടിയുടെ ആദ്യകാല രൂപങ്ങളെക്കുറിച്ചുള്ള എല്ലാ വിജ്ഞാനവും ഇവിടെ വിളമ്പി വച്ചിട്ടുണ്ട്‌. ഇതിന്റെ ചില ഏടുകള്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തിലേക്ക്‌ മാറ്റപ്പെട്ടിട്ടുണ്ടെങ്കിലും പലതിന്റെയും പ്രമാണങ്ങള്‍ ഇന്നും ഇവിടെ പൊന്നു പോലെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ആശയവിനിമയത്തിനുള്ള മുഖ്യോപാധികളില്‍ ഒന്നാണ്‌ അച്ചടിയെന്നും മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത്‌ ഒരുപോലെ സ്‌പര്‍ശിക്കുന്നുവെന്നും തിരിച്ചറിഞ്ഞ ബ്രിട്ടീഷ്‌ രാജവ്യവസ്ഥയാണ്‌ പ്രിന്റിങ്ങ്‌, പബ്ലീഷിങ്ങ്‌ എന്നിവയ്‌ക്കു വേണ്ടി യൂറോപ്പില്‍ പ്രചാരണം ശക്തമാക്കിയത്‌. എന്നാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും അതിനു മുന്‍പേ ഇതിന്റെ വിത്തുകള്‍ പാകപ്പെട്ടിരുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, പാക്കേജിങ്‌, തപാല്‍ സ്റ്റാമ്പുകള്‍, മുദ്രപത്രങ്ങള്‍, ബഹുവര്‍ണ ചിത്രങ്ങള്‍ തുടങ്ങി ആധുനിക സമൂഹത്തിലേക്കു മനുഷ്യന്‍ കടന്നു കൂടിയതിനൊപ്പം തന്നെ കൊളോണിയല്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായി അച്ചടിയും പ്രചരണവും ശക്തമായി എന്നതാണ്‌ ചരിത്രം.

പുസ്‌തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള എല്ലാ സമ്പ്രദായങ്ങളും യൂറോപ്പില്‍ പടര്‍ന്നു പിടിച്ചതിന്റെ ആദ്യകാല/മൂല കൃതികളെല്ലാം തന്നെ ഇന്നു ബ്രിട്ടീഷ്‌ ലൈബ്രറിയെ അലങ്കരിക്കുന്നുണ്ട്‌. ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി പതിനഞ്ചാം ശതകത്തിന്റെ മധ്യത്തോടുകൂടി ജര്‍മനിയില്‍ തുടങ്ങിയപ്പോഴുള്ള കൃതികളും ഇവിടെ കാണാം. കൊറിയക്കാരും, ചൈനക്കാരും, ജപ്പാന്‍കാരും പ്രാചീനകാലത്തു അച്ചടിച്ചു പ്രചരിപ്പിച്ചിരുന്ന ചില കൃതികളുടെ ചരിത്രാവശിഷ്‌ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ചിത്രലിപികളും അക്ഷരമാലയും തുടങ്ങി ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്‌തകങ്ങളും തുകല്‍പാപ്പിറസ്‌ ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന കാലത്തുള്ള എഴുത്തുപണിയെക്കുറിച്ച്‌ അറിയണമെങ്കില്‍ ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്ക്‌ ഒന്നു വന്നാല്‍ മതിയാവും. എ.ഡി. ആദ്യശതകങ്ങളില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ്‌ നിര്‍മ്മാണത്തെത്തുടര്‍ന്ന്‌ യൂറോപ്പില്‍ ആദ്യമായി അച്ചടിച്ച പുസ്‌തകങ്ങളില്‍ പ്രധാനപ്പെട്ട വേദപുസ്‌തകം ഇവിടെയുണ്ട്‌. മരത്തില്‍ കൊത്തിയ ബ്ലോക്ക്‌ ഉപയോഗിച്ച്‌ അച്ചടിച്ച ഇത്തരം പുസ്‌തകങ്ങളെ ബ്ലോക്ക്‌ പുസ്‌തകങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

കടലാസില്‍ മഷി പുരട്ടി കോപ്പികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌ ഏതാണ്ട്‌ അഞ്ചാം ശതകം മുതലാണെന്നു അച്ചടി ചരിത്രം പറയുന്നു. അന്ന്‌ ജപ്പാനിലെ ചക്രവര്‍ത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70ല്‍ പുറപ്പെടുവിച്ച കല്‍പ്പനയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൗദ്ധമന്ത്രത്തിന്റെ ചിത്രമാണ്‌ കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച്‌ ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികള്‍ എടുത്ത ഈ മുദ്ര അച്ചടിക്കുവാന്‍ ഉപയോഗിച്ച ബ്ലോക്കുകള്‍ എന്തു വസ്‌തുകൊണ്ടാണ്‌ നിര്‍മിച്ചതെന്ന്‌ അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദര്‍ശനശാലകളിലും കാണാം. 868-ല്‍ അച്ചടിച്ചതെന്നു കരുതപ്പെടുന്ന പ്രാചീനഗ്രന്ഥം `വജ്രസൂത്രം' ബൗദ്ധസ്‌മാരകഗ്രന്ഥമാണ്‌. ആറു താളുകളിലാണ്‌ ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്‌. ഒരു ചിത്രവും ഇതില്‍ ഉണ്ട്‌. ഇതിന്റെ ഒരു പ്രതി 1900-ല്‍ തുര്‍ക്കിസ്‌താനിലെ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തിരുന്നു. 1907-ല്‍ സര്‍ ആറെല്‍ സ്‌റ്റൈന്‍ ഈ പ്രതി സമ്പാദിച്ചു ബ്രിട്ടനിലെത്തിച്ചു. ബ്രിട്ടീഷ്‌ ലൈബ്രറിയിലുണ്ടായിരുന്ന ഇത്‌ ഇപ്പോള്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ഈ ഗ്രന്ഥം നിലവിലുളളതില്‍ ഏറ്റവും പഴക്കംചെന്ന പുസ്‌തകമാണെന്നു പറയപ്പെടുന്നു.

അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ജര്‍മന്‍ സ്വദേശി യോഹാന്‍ ഗുട്ടന്‍ബര്‍ഗ്‌, ഹോളണ്ടില്‍ ഹാര്‍ലമില്‍ ജനിച്ച ലോറന്‍സ്‌ ജാന്‍സൂണ്‍ കോസ്റ്റര്‍ എന്നിവരുടെ നിര്‍മ്മാണരീതിയില്‍ പ്രിന്റ്‌ ചെയ്യപ്പെട്ട ചിലത്‌ ബ്രിട്ടീഷ്‌ ലൈബ്രറിയിലുണ്ടായിരുന്നു. ഇന്ന്‌ ഇതൊക്കെയും ബ്രിട്ടീഷ്‌ മ്യൂസിയത്തിലേക്ക്‌ മാറ്റിയിട്ടുണ്ടെങ്കിലും ഗുട്ടന്‍ബര്‍ഗ്‌ 1455-ല്‍ അച്ചടിച്ച ഒരു കലണ്ടറും, ഗുട്ടന്‍ബര്‍ഗ്‌ ബൈബിളും ഇവിടെ കാണാം. 170 പശുക്കുട്ടികളുടെ തോലാണ്‌ ഈ ബൈബിള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാവുക എന്നു കണക്കാക്കപ്പെട്ടിരിക്കുന്നതായുള്ള സൂചികയും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ജര്‍മനിയില്‍ നിന്ന്‌ ഇറ്റലി, ഫ്രാന്‍സ്‌, ഓസ്‌ട്രിയ, തുര്‍ക്കി എന്നിവിടങ്ങളിലൂടെ പ്രചരിക്കപ്പെട്ട പ്രിന്റിങ്‌ 1476ല്‍ വില്യം കാക്‌സ്റ്റണാണ്‌ (1422-91) ഇംഗ്‌ളണ്ടില്‍ അവതരിപ്പിക്കുന്നത്‌.

1475-ല്‍ അച്ചടിച്ച The Recuyell of the Historyes of Troye ആണ്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ അച്ചടിച്ച ആദ്യ പുസ്‌തകമെന്നു കരുതപ്പെടുന്നു. ഇത്‌ ഇപ്പോള്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തിലുണ്ട്‌. ഫ്രീഡ്‌റിഷ്‌ കേ്യാനിഗ്‌ എന്ന ജര്‍മന്‍കാരന്റെ കണ്ടെത്തലില്‍ പുറത്തിറങ്ങിയ പ്രസ്സില്‍നിന്ന്‌ `ടൈംസ്‌' പത്രം 1814-ല്‍ പുറത്തിറങ്ങിയതിന്റെ ആദ്യ കോപ്പികള്‍ ലൈബ്രറിയിലുണ്ട്‌. `പ്രിന്റിങ്‌ കണ്ടെത്തിയതിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ പുരോഗമനം' എന്ന്‌ ഇതിന്റെ പ്രധാനതാളില്‍ തന്നെ അച്ചടിച്ചിട്ടുണ്ട്‌. മണിക്കൂറില്‍ 1,100 പ്രതികളാണ്‌ ആവികൊണ്ടുള്ള യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന പ്രസ്സില്‍ നിന്നും അച്ചടിച്ചിരുന്നതെന്നും ഇതില്‍ രേഖപ്പെടത്തിയിരിക്കുന്നു. 1866-ല്‍ ലണ്ടനിലെ `ടൈംസ്‌' പത്രം പ്രിന്റിങ്ങിന്റെ പുതിയ സാധ്യതകള്‍ അവതരിപ്പിച്ചതിന്റെ ആദ്യ കോപ്പിയുമായി പുറത്തിറങ്ങിയതും ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

18-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലാണ്‌ യൂറോപ്പില്‍ ഗ്രന്ഥശാലകള്‍ വിപുലീകരിക്കപ്പെട്ടത്‌. ഇതിനെത്തുടര്‍ന്ന്‌ അച്ചടി, നാണയങ്ങള്‍, അച്ചടിച്ച ഗ്രന്ഥങ്ങള്‍, ഹസ്‌തലിഖിതങ്ങള്‍ എന്നീ നാല്‌ വകുപ്പുകള്‍ പാരീസിലെ ബിബ്ലിയോഥെക്‌ നാഷണലില്‍ ആരംഭിച്ചു. അന്നു സ്വകാര്യസ്വത്തായിരുന്ന ലൈബ്രറികള്‍ 1735-ലാണ്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്‌. ബിബ്ലിയോഥെകിന്റെ ഡയറക്ടറേറ്റ്‌ ഒഫ്‌ ലൈബ്രറീസിന്റെ മേല്‍നോട്ടച്ചുമതലയില്‍ എല്ലാ പബ്ലിക്ക്‌ ലൈബ്രറികളിലെയും ലൈബ്രറിവിദഗ്‌ധര്‍ക്ക്‌ പരിശീലനം നല്‌കിയതോടെ ബ്രിട്ടന്‍ ഇതാവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രാജ്യത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ഓരോ പ്രതി സൗജന്യമായി നാഷണല്‍ ലൈബ്രറിക്ക്‌ അയച്ചുകൊടുക്കണമെന്ന ഫ്രഞ്ച്‌ നിയമം ബ്രിട്ടനും കര്‍ശനമാക്കി. അങ്ങനെയാണ്‌ ബ്രിട്ടന്റെ കോളനികളിലുണ്ടായിരുന്ന പുസ്‌തകങ്ങളുടെയെല്ലാം ആദ്യ കൃതികള്‍ കടല്‍ കടന്നതെന്നു കരുതപ്പെടുന്നു.

പാരീസിലെ ബിബ്ലിയോഥെക്‌ നാഷണല്‍ ലൈബ്രറിയെ ലണ്ടനിലെ ബ്രിട്ടിഷ്‌ ലൈബ്രറി പിന്നീട്‌ പിന്തള്ളപ്പെടുന്ന കാഴ്‌ചയും ചരിത്രം കണ്ടു. ഇടയ്‌ക്ക്‌ വാഷിങ്‌ടണിലെ ലൈബ്രറി ഒഫ്‌ കോണ്‍ഗ്രസ്‌ ബ്രിട്ടീഷ്‌ ലൈബ്രറിക്ക്‌ ഭീഷണിയുമായി മുന്നിലെത്തിയെങ്കിലും ലണ്ടന്‍ ലൈബ്രറി അതിന്റെ രാജകീയത നിലനിര്‍ത്തുകയാണുണ്ടായത്‌. ഗുണം, വലുപ്പം, ശേഖരങ്ങളുടെ വ്യാപ്‌തി, അവ വിപുലപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ശുഷ്‌കാന്തി എന്നിവയൊക്കെയാണ്‌ ബ്രിട്ടീഷ്‌ ലൈബ്രറിയെ പ്രശസ്‌തയാക്കിയത്‌. അതു കൊണ്ട്‌ തന്നെ ഇന്ന്‌ ചരിത്രപരമായ എല്ലാ സംഗമങ്ങള്‍ക്കും ഇവിടം വേദിയാകുന്നുമുണ്ട്‌.

ബ്രിട്ടിഷ്‌ ഭരണഘടനയുടെ മൂലക്കല്ലായ മാഗ്നാകാര്‍ട്ടയുടെ (പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഇംഗ്ലീഷ്‌ നിയമസംഹിതയാണ്‌ മാഗ്‌നാകാര്‍ട്ട. 1215-ല്‍ രചിക്കപ്പെട്ട ഈ സംഹിതക്ക്‌ മാഗ്‌നകാര്‍ട്ട ലിബര്‍റ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്‌. ലാറ്റിന്‍ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിന്‍ പേരിലാണ്‌ ലോകമെമ്പാടും അറിയപ്പെടുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റര്‍ ചാര്‍ട്ടര്‍. ചില അവകാശങ്ങള്‍ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന്‌ അധീനനാണ്‌ എന്ന്‌ അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോണ്‍ രാജാവാണ്‌ മാഗ്നകാര്‍ട്ട ഉടമ്പടിയില്‍ ഒപ്പിട്ടത്‌. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഈ നിയമം വ്യക്തമായും സംരക്ഷിക്കുന്നു. ഹേബിയസ്‌ കോര്‍പസിലൂടെ നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടി ഇതിലാണുള്ളത്‌. ഇന്നത്തെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്‌ഠിതമായ സര്‍ക്കാര്‍ സംവിധാനത്തിലേക്ക്‌ നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത്‌ മാഗനകാര്‍ട്ടയാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.) ശേഷിച്ച നാലു പകര്‍പ്പുകള്‍ ചരിത്രത്തിലാദ്യമായി ഒന്നിച്ചുചേര്‍ക്കുന്ന വന്‍ പദ്ധതിക്ക്‌ തുടക്കമിടുന്നതും ബ്രിട്ടീഷ്‌ ലൈബ്രറിയാണ്‌. മാഗ്നാകാര്‍ട്ട നിയമത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 2015-ലായിരിക്കും ഈ ചരിത്രമൂഹൂര്‍ത്തം. വാര്‍ഷികത്തോടനുബന്ധിച്ച്‌ ബ്രിട്ടനിലുടനീളം ഒരുവര്‍ഷത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മൂന്നു ദിവസമായിരിക്കും മാഗ്നാകാര്‍ട്ട പകര്‍പ്പുകളുടെ കൂടിച്ചേരലെന്നും ലൈബ്രറി അധികൃതര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ റണ്ണിമീഡില്‍ 1215-നാണ്‌ മാഗ്നാകാര്‍ട്ട നിയമം നിലവില്‍വന്നത്‌. രാജ്യത്തെ അടിസ്ഥാനവര്‍ഗങ്ങളുടെ ചില ആവശ്യങ്ങള്‍ ജോണ്‍ രാജാവ്‌ വകവച്ചുകൊടുക്കുന്നതാണ്‌ ഈ നിയമം.

മാഗ്നാകാര്‍ട്ടയുടെ ശേഷിക്കുന്ന നാലു പകര്‍പ്പുകളില്‍ രണ്ടെണ്ണം ബ്രിട്ടിഷ്‌ ലൈബ്രറിയിലും ഒന്ന്‌ ലിന്‍ക്ലോണ്‍ കത്തീഡ്രലിലും മറ്റൊന്ന്‌ സലിസ്‌ബറി കത്തീഡ്രലിലുമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മൂന്നു സ്ഥാപനങ്ങളും യോജിച്ചാണ്‌ ബ്രിട്ടിഷ്‌ ലൈബ്രറിയില്‍ ചരിത്ര സംഗമം സാധ്യമാക്കുന്നത്‌. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മാഗ്നാകാര്‍ട്ട നിയമപുസ്‌തകം ക്രമപ്രകാരം വീക്ഷിക്കുന്നതിന്‌ അവരുടെ ആയുസ്സില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെന്ന്‌ ലൈബ്രറി അധികൃതര്‍ പറഞ്ഞു. പ്രദര്‍ശനം കാണാനായി ലോകത്തെ പ്രമുഖ ചരിത്രവിദഗ്‌ധര്‍ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്‌.

ലോകത്തിന്റെ വിജ്ഞാനഭണ്‌ഡാരത്തെ ചുരുക്കിയാല്‍ അതിന്റെ മൂന്നിലൊന്നും ബ്രിട്ടീഷ്‌ ലൈബ്രറിക്ക്‌ അവകാശപ്പെട്ടതായിരിക്കുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. നാള്‍ക്കു നാള്‍ ഇത്‌ വിപുലീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത്‌ എന്തിനെന്ന ചോദ്യം ആരെങ്കിലും ഉയര്‍ത്തുമോയെന്നു കരുതിയാവണം, പ്രശസ്‌ത ചിന്തകനും എഴുത്തുകാരനുമായ ക്രിസ്റ്റ്‌ഫര്‍ മോര്‍ളിയുടെ വരികള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു, `പുസ്‌തകങ്ങള്‍ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്‌.' ലണ്ടനെ സംബന്ധിച്ച്‌ പ്രത്യേകിച്ചും !!
അറിവിന്റെ അക്ഷയനിധി: ബ്രിട്ടീഷ്‌ ലൈബ്രറി (കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക