Image

പ്രസക്തിയേറുന്ന ഫൊക്കാന മതസൗഹാര്‍ദ്ദ സമ്മേളനം (ടി. എസ്‌. ചാക്കോ)

Published on 07 June, 2014
പ്രസക്തിയേറുന്ന ഫൊക്കാന മതസൗഹാര്‍ദ്ദ സമ്മേളനം (ടി. എസ്‌. ചാക്കോ)
ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷനുകളോടനുബന്ധിച്ച്‌ നടത്തിവരാറുള്ള മതസൗഹാര്‍ദ്ദ സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെടുകയും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുകയും ചെയ്‌തിരിക്കുന്നു. ഇത്‌്‌ ഫൊക്കാനയുടെ നാളിതുവരെയുള്ള സംഘാടകര്‍ക്കും പ്രസ്‌തുത സമ്മേളനത്തിന്‌ നേതൃത്വം കൊടുക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുകയും ക്രിയാത്മകമായ ചിന്തകള്‍ പങ്കിടുകയും അത്‌ പ്രാവര്‍ത്തികമായി നടപ്പില്‍ വരുത്തുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ചാരിതാര്‍ത്ഥ്യത്തിനു വകനല്‍കുന്നു.

കഴിഞ്ഞ ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍െറ ഭാഗമായി നടത്തിയ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്ന ആശയമായിരുന്നു കേരളത്തില്‍ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുവാനായി അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന ഉപഹാരമായി ഒരു സ്‌നേഹ സന്ദേശ റാലി സംഘടിപ്പിക്കുകയെന്നത്‌. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിക്കുകയും അതനുസരിച്ച്‌ 2013 ജനുവരി നാലാം തീയതി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച വാഹന റാലി എം. സി. റോഡു വഴി, കൊട്ടാരക്കര, ചെങ്ങന്നൂര്‍ തിരുവല്ല, ചങ്ങനാശ്ശേരി, എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സ്വീകരണ സമ്മേളനങ്ങള്‍ക്കുശേഷം കൊച്ചിയില്‍ നടന്ന ഫൊക്കാന കേരള സമ്മേളനനഗരിയില്‍ സമാപിക്കുകയും ചെയ്‌തു. റാലിയോടനുബന്ധിച്ച്‌ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ കേരളത്തിലെ 100 ല്‍ അധികം രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കന്മാര്‍ പങ്കെടുത്തുവെന്നുള്ളതും ഫൊക്കാനയ്‌ക്കും മതസൗഹാര്‍ദ്ദ സമ്മേളനത്തിന്‍െറ പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്ന പുത്തന്‍ അനുഭവമായിരുന്നു. സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട കേരളത്തില്‍ ആ അന്തരീക്ഷം നിലനിര്‍ത്തുകയെന്നത്‌ മാത്രമാണ്‌ ഈ റാലികൊണ്ട്‌ ഫൊക്കാന ഉദ്ദേശമിട്ടത്‌. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അതീതിമായി കേരളത്തെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളെയും അവേശഭരിതരാക്കുവാന്‍ പ്രസ്‌തുത റാലിക്ക്‌ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ സഹകരണവും ജനപങ്കാളിത്തവും സമയക്കുറവും മൂലം മുന്‍ നിശ്ചയിച്ച ഏതാനും സ്ഥലങ്ങളിലെ സ്വീകരണയോഗങ്ങള്‍ റദ്ദാക്കാന്‍ പോലും സംഘാടകര്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്‌. ഈ റാലിയിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹസന്ദേശം ഫൊക്കാനയ്‌ക്കും അംഗസംഘടനകള്‍ക്കും ഇന്നും എന്നും കൈവിളക്കാകണം എന്ന്‌ ആശിക്കുന്നു.

ഇന്ന്‌ മതസൗഹാര്‍ദ്ദത്തിന്‍െറ പ്രസക്തി ഏറി വരികയാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്‌. തീവ്രവാദത്തിന്‍െറ ഉറവിടം തേടിപ്പോയാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം ജനങ്ങളാണ്‌. ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള ഒരു ജനവിഭാഗത്തിനു മാത്രമെ നന്മനിറഞ്ഞ ഒരു പുതുലോകതത്തെക്കുറിച്ച്‌ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നതിനും സമൂഹത്തിന്‍െറ പുനര്‍നിര്‍മ്മിതിയില്‍ തങ്ങളുടെ ക്രിയാത്മകമായ പങ്കു നിര്‍വഹിക്കുന്നതിനും കഴിയൂ. മതങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ നമുക്ക്‌ സാധിക്കണം. എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഈശ്വരനിലേക്ക്‌ മനുഷ്യനെ അടുപ്പിക്കുകയെന്നതാണ്‌. ഒരു മതം മറ്റൊരു മതത്തേക്കാള്‍ കൂടുതല്‍ മെച്ചമാണെന്നു പഠിപ്പിക്കുമ്പോള്‍ അവിടെ അപസ്വരങ്ങളും ഉടലെടുക്കും. ഓരോ മതത്തിന്‍െറയും തനതായ നിലനില്‍പ്പിനുവേണ്ടി മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കാനും ഇടിച്ചു താഴ്‌ത്താനും ശ്രമിക്കുകയും അതിനുവേണ്ടി അക്രമം അഴിച്ചുവിടുകയും നശീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ അത്‌ മതമൗലികവാദികളെയും തീവ്രവാദികളെയും സൃഷ്ടിക്കുന്നു. പരസ്‌പര ബഹുമാനം വളര്‍ത്തുവാനായിരിക്കണം നമ്മുടെ ശ്രമം.

ഇതിന്‌ ശാശ്വത പരിഹാരം നിയമനടപടികളും ശിക്ഷകളും, അടിച്ചമര്‍ത്തലുമല്ല, പ്രത്യുത സ്‌നേഹത്തിലും സഹിഷ്‌ണതയിലും സഹവര്‍ത്തിത്വത്തിലും പരസ്‌പര ബഹുമാനത്തിലും അധിഷ്‌ഠിതമായ ബോധവല്‍ക്കരണം മാത്രമാണ്‌. മതേതര സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കാണ്‌ ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വമുള്ളത്‌.
മതസൗഹാര്‍ദ്ദത്തിന്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയായിരുന്ന സാക്ഷര കേരളം ഇന്ന്‌ മതഭ്രാന്ത򦣳390;രുടെയും തീവ്രവാദികളുടെയും പിടിയിലമര്‍ന്നിരിക്കുകയാണ്‌. മതവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടിക്കുഴക്കലും അതിന്‍െറ ഫലമായി ഉടലെടുക്കുന്ന സങ്കീര്‍ണ്ണമായ പ്രത്യാഘാതങ്ങളും കേരളത്തിന്‍െറ സല്‍പ്പേരിനു കളങ്കം വരുത്തിയിരിക്കുകയാണ്‌. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായക򦣳390;രാരും തന്നെ ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഒരു നിലപാടെടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നുള്ള നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌.

ജാതി മത പ്രാദേശിക പരിഗണനകള്‍ക്ക്‌ അതീതിമായി എല്ലാ മലയാളികളുടെയും ഒരേ കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തിക്കുന്ന ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനം മതസൗഹാര്‍ദ്ദത്തിന്‌ മുന്‍തൂക്കം കൊടുക്കുകയും നാളിതുവരെയുള്ള എല്ലാ കണ്‍വന്‍ഷനുകളിലും മതസൗഹാര്‍ദ്ദ സെമിനാറുകള്‍ സംഘടിപ്പിക്കുകയും അതിലൂടെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന്‌ അതിന്‍െറ എളിയ പങ്ക്‌ നിര്‍വഹിച്ചു വരുന്നതും അഭിമാനകരമായ വസ്‌തുതയാണ്‌. മതസൗഹാര്‍ദ്ദസമ്മേളനം ഫൊക്കാന കണ്‍വന്‍ഷന്‍െറ ഏറ്റവും ശ്രദ്ധേയമായ ഒരിനമായി തുടരുന്നുവെന്നതും ശുഭോദര്‍ക്കമാണ്‌. നാളിതുവരെ ഇതിനുവേണ്ടി സഹകരിച്ചവരും സഹകരിച്ചുകൊണ്ടിരിക്കുന്നവരുമായ എല്ലാ സാമുദായിക, ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ നായകന്മാര്‍ക്കും സ്‌നേഹത്തിന്‍െറ ഭാഷയില്‍ ഒരായിരം നന്ദി.
ഈ വര്‍ഷം ജൂലൈ 4 മുതല്‍ 6 വരെ തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലും മതസൗഹാര്‍ദ്ദ സമ്മേളനം ജൂലൈ 6ാം തീയതി ഉച്ചയ്‌ക്ക്‌ രണ്ടു മണി മുതല്‍ നാലു മണി വരെ നടത്തപ്പെടുന്നതാണ്‌. സാംസ്‌കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫ്‌, മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ്‌ റവ. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, സ്വാമി ഗുരശരണം തുടങ്ങിയവരും മറ്റു പഗത്ഭരായ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും രാഷ്ട്രീയ നായകന്മാരും പങ്കെടുക്കുന്നതാണ്‌. ഈ സമ്മേളനം ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാ സുമനസുകളുടെയും സാന്നിദ്ധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മറിയാമ്മ പിള്ള, പ്രസിഡന്‍റ്‌ (847) 987 5184
ടെറന്‍സന്‍ തോമസ്‌, സെക്രട്ടറി (914) 255 0176 വര്‍ഗീസ്‌ പാലമല, ട്രഷറര്‍ (224) 659 0911
പോള്‍ കറുകപ്പിള്ളി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ (845) 553 5671
ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, കോര്‍ഡിനേറ്റര്‍ (224) 522 2653
ടി. എസ്‌. ചാക്കോ, സെമിനാര്‍ കണ്‍വീനര്‍(201) 2625979.
പ്രസക്തിയേറുന്ന ഫൊക്കാന മതസൗഹാര്‍ദ്ദ സമ്മേളനം (ടി. എസ്‌. ചാക്കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക