Image

തെരഞ്ഞെടുപ്പുകളില്‍ ജനകീയോന്മാദം (ജോണ്‍ മാത്യു)

Published on 08 June, 2014
തെരഞ്ഞെടുപ്പുകളില്‍ ജനകീയോന്മാദം (ജോണ്‍ മാത്യു)
കക്ഷിബന്ധങ്ങളെ മറികടന്ന്‌ തെരഞ്ഞെടുപ്പുകള്‍ കാണുന്നത്‌ രസകരമാണ്‌. വോട്ടവകാശമില്ലാതെ ഇന്ത്യക്ക്‌ പുറത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ മാനസികമായി അങ്ങനെയൊരു സ്വാതന്ത്ര്യം എടുക്കുന്നത്‌ എളുപ്പവും. തെരഞ്ഞെടുപ്പുകള്‍ മാത്രമല്ല സ്‌പോര്‍ട്‌സിലും നമ്മുടേതല്ലാത്ത ടീമുകളുടെ കളി എന്തു ലാഘവത്തോടെയാണ്‌ കാണാന്‍ കഴിയുക.

മികച്ച താരങ്ങളുടെ പേശീബലം മാത്രമല്ല, കോര്‍പ്പറേറ്റ്‌ ഓഫീസുകളില്‍ ഇരുന്നു തയ്യാറാക്കുന്ന തന്ത്രവുംകൂടിയാണ്‌ സ്‌പോര്‍ട്‌സില്‍ വിജയം സുഗമമാക്കുക. രാഷ്‌ട്രീയ തെരഞ്ഞെടുപ്പുകളിലും ഈ തത്വം ബാധകമാണ്‌. രണ്ടായിരത്തിപ്പതിനാറില്‍ അമേരിക്കയില്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ആയേക്കാവുന്ന ഹിലരി കിന്റന്‌ തലച്ചോറിന്‌ ക്ഷതം സംഭവിച്ചിട്ടുള്ളതായി റിപ്പബ്ലിക്കന്‍ തന്ത്രജ്ഞന്‍ കാറല്‍ റോവിന്റെ പ്രസ്‌താവന പലരും ശ്രദ്ധിച്ചുകാണും. ഇനിയും രണ്ടു വര്‍ഷം കഴിഞ്ഞ്‌ വരാന്‍പോകുന്ന തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങളിലേക്ക്‌ ഒരു കരുതല്‍ നടപടി! `ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്‍പേ', മലയാളത്തിന്റെ അര്‍ത്ഥവത്തായ പഴഞ്ചൊല്ല്‌. ഇന്ത്യയിലും ഇതുപോലെയുള്ള തന്ത്രങ്ങള്‍ കക്ഷികളെല്ലാം കളിച്ചു. സമയവും സന്ദര്‍ഭവും നോക്കി ബുദ്ധിപൂര്‍വ്വം തന്ത്രംനെയ്‌തവര്‍ വിജയിച്ചു. ഒരു വശത്തേക്ക്‌ ഇടിഞ്ഞുവീഴാന്‍ തുടങ്ങിയാല്‍പ്പിന്നെ അതെങ്ങനെ പിടിച്ചനിര്‍ത്തും. ജനങ്ങളുടെ മനസ്സ്‌ പലപ്പോഴും അങ്ങനെയാണ്‌, മലവെള്ളപ്പാച്ചില്‍ അല്ലെങ്കില്‍ ജനകീയോന്മാദം!

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ എല്ലാക്കാലത്തും ഒരു വോട്ടുവിഭജനതന്ത്രമുണ്ടായിരുന്നു. ഭരണം പിടിച്ചെടുക്കാന്‍ അതായത്‌ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ ഭൂരിപക്ഷജനവോട്ടുകളുടെയൊന്നും ആവശ്യമില്ല, എതിരാളികളെ ചിതറിച്ചാല്‍ മതി. അങ്ങനെ പ്രതിപക്ഷവോട്ടുകള്‍ ചിന്നിച്ചിതറിപ്പോകുന്ന തന്ത്രമാണ്‌ കോണ്‍ഗ്രസ്‌ കക്ഷി ഇത്രനാളും പ്രയോഗിച്ചിരുന്നത്‌. പക്ഷേ ഈ പ്രാവശ്യം അതേ അടവ്‌ തിരിച്ചടിച്ചുവെന്നുമാത്രം. ആനക്കും അടിപതറും. ആരാണെങ്കിലും ഒരിക്കല്‍ വീഴും എന്ന സ്വാഭാവിക സത്യം ഇവിടെ ഫലിച്ചു. ആകെ വോട്ടില്‍ നാല്‍പത്‌ ശതമാനമേ വിജയിച്ചവര്‍ നേടിയുള്ളൂ, പരാജിതര്‍ അറുപതുനേടിയെന്ന്‌ പറഞ്ഞ്‌ പരാജയപ്പെട്ടവര്‍ക്കും സ്വയം ആശ്വസിക്കാം.

രണ്ടായിരത്തിപ്പതിന്നാലിലെ പൊതുതെരഞ്ഞെടുപ്പ്‌ വളരെ മാറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ഏതാനും ആഴ്‌ചകള്‍ക്കുമുന്‍പ്‌ മറ്റൊരു ലേഖനത്തില്‍ ഞാനെഴുതി. കരുതിക്കൂട്ടി പ്രസിഡന്‍ഷ്യല്‍പ്രചരണരീതി ബി.ജെ.പി. കക്ഷി ഉപയോഗിച്ചതിന്‌ `ഉരുളക്കുപ്പേരിപോലെ' കൊടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയാതെപോയി. രാഷ്‌ട്രീയരംഗത്ത്‌ സര്‍വ്വാധിപത്യം നടത്തിയിരുന്നവര്‍ ഒരു ദിവസം ഒന്നുമല്ലാതായിത്തീരുക! ഇതില്‍നിന്നൊരു കരകയറ്റം അത്രവേഗമൊന്നും നടക്കില്ലെന്നുതന്നെയാണ്‌ കരുതേണ്ടത്‌. അതിന്‌ പലകാരണങ്ങളുമുണ്ട്‌. പ്രചരണരംഗത്ത്‌ ബി.ജെ.പി. ഇന്ന്‌ സ്ഥാപിച്ച ആധിപത്യം തകര്‍ക്കപ്പെടാന്‍ ഉടനെയൊന്നും സാദ്ധ്യമല്ല, കൂടാതെ അവര്‍ക്ക്‌ അദൃശ്യമായി ആര്‍.എസ്‌.എസിന്റെ സാന്നിദ്ധ്യവുമുണ്ടല്ലോ. സുശക്തമായ ഒരു കേഡര്‍നിര!

പ്രാദേശിക കക്ഷികളിലെ `ഉണക്കത്തടികള്‍' പലതും വീണു. ഇനിയും അവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ മുതലെടുക്കാന്‍ കഴിയുന്നത്‌ ആര്‍ക്കാണെന്നും കണ്ടറിയണം. എല്ലാം ഉള്‍ക്കൊള്ളുന്നതിന്റെ ഭാരവും കിതപ്പും ബി.ജെ.പി.ക്കുണ്ടാകുമ്പോള്‍ ഒന്നും ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത പാപ്പരത്തം ആയിരിക്കും കോണ്‍ഗ്രസിന്‌. ആംആദ്‌മിപോലുള്ള കക്ഷികള്‍ക്ക്‌ സുശക്തമായ ആന്തരഘടനയുടെ അഭാവവുമുണ്ട്‌. അടുത്ത തെരഞ്ഞെടുപ്പുവരെ അവര്‍ എങ്ങനെ പിടിച്ചുനില്‍ക്കും, അതോ പുതിയ അഴിമതിക്കഥകള്‍ക്കുവേണ്ടി കാത്തിരിക്കണോ?

ചരിത്രത്തില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുകയാണെങ്കില്‍, ലോകചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കുകയാണെങ്കില്‍, മെച്ചപ്പെട്ട നേതൃത്വത്തിന്റെ സഹായത്തോടെ ഒരു കാലത്ത്‌ കോണ്‍ഗ്രസ്‌ മടങ്ങിവരുമെന്നുതന്നെ പ്രതീക്ഷിക്കാം. പക്ഷേ, `ഇടതു' ചിന്താഗതിയുള്ള കക്ഷികളോ? കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വലത്തോട്ട്‌ മാറിക്കൊണ്ടിരുന്ന കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഇടതന്മാര്‍ അതിതീവ്രവലതന്മാരായ ബി.ജെ.പി.ക്ക്‌ നേര്‍ക്കുനേര്‍ എങ്ങനെ നില്‍ക്കും?

ലോകമെമ്പാടും വ്യക്തികളുടെ ഉത്തരവാദിത്വം ഏറിവരികയും അത്‌ സമ്പത്തിന്റെ അടിപ്പലകയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്‌ കൂട്ടായ `സാമൂഹികവീതംവെയ്‌പ്‌' ബൗദ്ധികചര്‍ച്ചക്കുള്ള ഒരു ആശയമായി കൊണ്ടുനടക്കുകയല്ലാതെ ഗൗരവമുള്ളതും പ്രായോഗികവുമായ രാഷ്‌ട്രീയ നയമായി സ്വീകരിക്കാന്‍ ഇടതന്മാര്‍ക്ക്‌ കഴിയുമോ?

ഇനിയും ഇടതിനു സംഭവിച്ച അപചയം നമ്മുടെ കലാസാഹിത്യ സാംസ്‌കാരികരംഗങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും, കാത്തിരുന്നു കാണാം.

ഏത്‌ മൗലീകവാദസംരംഭമാണെങ്കിലും ആദ്യം കേറിപ്പിടിക്കുന്നത്‌ സാംസ്‌ക്കാരികപരമായ സ്ഥാപനങ്ങളെയാണ്‌. ഒരു യാഥാസ്ഥിതിക ഭരണകൂടം മ്യൂസിയം, ആര്‍ട്ട്‌ ഗാലറിള്‍, ചലച്ചിത്രരംഗം തുടങ്ങിയവയില്‍ തങ്ങളുടെ ആശയങ്ങളും ചിന്തയും ഏര്‍പ്പെടുത്തും. അമേരിക്കയില്‍ പിബിഎസ്‌ ചാനലുകളെപ്പോലും സംശയത്തോടെയാണല്ലോ റിപ്പബ്ലിക്കന്‍ കക്ഷിയിലെ വലതുവിഭാഗം നോക്കുന്നത്‌.

ഇന്നത്തെ വാര്‍ത്താവിനിമയ വിപ്ലവയുഗത്തില്‍ വിജയിച്ചാല്‍ മാത്രം പോരാ, വിജയിച്ചുവെന്ന്‌ അറിയിക്കുകയും വേണം, പരാജയങ്ങള്‍പ്പോലും വിജയമായി ശക്തമായ വാക്കുകളില്‍ക്കൂടി പ്രഖ്യാപിക്കണം.

നൈസര്‍ഗ്ഗീക വ്യക്തിപ്രഭാവമുള്ള ചില നേതാക്കള്‍ ഒന്നും ചെയ്‌തില്ലെങ്കിലും അവരുടെ വാക്കുകള്‍ത്തന്നെ ഒരു `ഫീല്‍ ഗുഡ്‌' അന്തരീക്ഷം സൃഷ്‌ടിച്ചിരിക്കും. ആരോപണങ്ങള്‍ എന്തായാലും അത്‌ ചേമ്പിലയിലെ വെള്ളത്തുള്ളികളായി മാറ്റാനും ഇവര്‍ക്ക്‌ കഴിയും. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി നായനാര്‍ മുതല്‍ അമേരിക്കയിലെ മുന്‍ പ്രസിഡന്റ്‌ റൊണാള്‍ഡ്‌ റെയ്‌ഗന്‍ വരെ എത്രയെത്ര ഉദാഹരണങ്ങള്‍.
തെരഞ്ഞെടുപ്പുകളില്‍ ജനകീയോന്മാദം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക