Image

കാലവര്‍ഷം: ഇന്നലെ രണ്ടുപേര്‍കൂടി മരിച്ചു

Published on 07 June, 2011
കാലവര്‍ഷം: ഇന്നലെ രണ്ടുപേര്‍കൂടി മരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷക്കെടുതിമൂലം ജനങ്ങള്‍ വലയുന്നു. ഇതിനിടെ ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു. ഒഴുക്കില്‍പ്പെട്ട്‌ ഇടുക്കി വണ്ണപ്പുറം ഒറകണ്ണി മുണ്ടക്കല്‍ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (69), മലപ്പുറം കാശാംകുന്നില്‍ കണ്ണംതൊടി മുഹമ്മദ്‌ (50) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെമഴയ്‌ക്ക്‌ നേരിയ ശമനമുണ്ടായെങ്കിലും നാശനഷ്‌ടങ്ങള്‍ തുടരുന്നു. ഇടുക്കിയിലും മലപ്പുറത്തുമാണു മരണങ്ങള്‍. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം കാളിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒറകണ്ണി മുണ്ടക്കല്‍ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (69) ആണ്‌ ഒഴുക്കില്‍പ്പെട്ടു മരിച്ചത്‌. മലപ്പുറം ജില്ലയില്‍ വളാഞ്ചേരി കാട്ടിപ്പരുത്തി കാശാംകുന്നില്‍ കണ്ണംതൊടി മുഹമ്മദ്‌ (50) തോട്ടില്‍ വീണു മരിച്ചു. വെള്ളമുയര്‍ന്ന തോട്‌ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്നു കരുതുന്നു.

ശക്‌തമായ കടല്‍ക്ഷോഭം തുടരുന്ന പൊന്നാനി മേഖലയില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറി.ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ കൂടുതല്‍ ഭാഗങ്ങളില്‍ വെള്ളം കയറി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ 29 ക്യാമ്പുകളിലായി 4014 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ 13 ക്യാമ്പുകളിലായി 1040 കുടുംബങ്ങളിലെ 3642 പേരേയും കോട്ടയം ജില്ലയിലെ 16 ക്യാമ്പുകളിലായി 90 കുടുംബങ്ങളിലെ 344 പേരേയുമാണു മാറ്റിപ്പാര്‍പ്പിച്ചത്‌.സംസ്ഥാനത്തെ 132 വില്ലേജുകളെ കാലവര്‍ഷക്കെടുതി ബാധിച്ചതായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക