Image

ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)

Published on 12 June, 2014
ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)
ജെനിഫര്‍ ലോപസ്‌ സാവോപോളോയില്‍ ``നാം ഒന്ന്‌ ഒലേ ഒലേ'' പാടി ലോകമാസകലം നൂറുകോടി ജനങ്ങളെ കോരിത്തരിപ്പിക്കുമ്പോള്‍ ടീവിയില്‍ കണ്ണുനട്ടിരിക്കുന്ന മലയാളി വീട്ടമ്മമാരെ മറക്കാതിരിക്കുക. സാവോപോളോ വിമാനത്താവളത്തില്‍ മലയാളി റിപ്പോര്‍ട്ടര്‍ ചെന്നിറങ്ങുമ്പോള്‍ പാലാ സ്വദേശിനി സിസ്റ്റര്‍ ജസീന്ത സ്വീകരിച്ചതായി പറയുന്നുണ്ട്‌. ജെനിഫറില്‍ നിന്ന്‌ ജസീന്തയില്‍ എത്തുന്ന ബന്ധമല്ല കേരളവും ബ്രസീലും തമ്മിലുള്ളത്‌.

സെവന്‍സ്‌ ഫൂട്‌ബോളില്‍ അഭിരമിക്കുന്ന മലപ്പുറത്തോ ഗസല്‍ സംഗീതത്തോടൊപ്പം ഫുട്‌ബോളിനെയും നെഞ്ചിലേറ്റുന്ന കോഴിക്കോട്ടോ മഞ്ഞയും നീലയും ജേഴ്‌സികളണിഞ്ഞ്‌ ഐ.എം. വിജയന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഘോഷയാത്ര നടത്തിയ തൃശൂരിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ ബന്ധം. 500 വര്‍ഷമുമ്പ്‌ - കൃത്യമായി പറഞ്ഞാല്‍ 516 വര്‍ഷം- പോര്‍ട്ടുഗീസ്‌ നാവികന്‍ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടു കപ്പാടു ബീച്ചില്‍ വന്നിറങ്ങുമ്പോള്‍ തുടങ്ങുന്നു ആ ബന്ധം. അതിന്ന്‌ ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന `ബ്രിക്‌' രാഷ്‌ട്രങ്ങളുടെ സൗഹൃദവേദിയായി വളര്‍ന്നിട്ടുണ്ട്‌. അതുവേറെ കാര്യം.

പോര്‍ട്ടുഗീസുകാര്‍ ബ്രസീലില്‍ കപ്പലിറങ്ങി ആധിപത്യം സ്ഥാപിച്ച്‌ 300 വര്‍ഷം ഭരണം നടത്തി. മതവും ഭാഷയും സംസ്‌കാരവും വളര്‍ത്തിയെങ്കിലും കപ്പാടെത്തിയ പോര്‍ട്ടുഗീസുകാരെ കേരളീയര്‍ അതിനു സമ്മതിച്ചില്ല. സാമൂതിരിയും വേണാട്ടടികളും കോലത്തിരിയും വാണരുളിയ കേരളം അതിനെ ചെറുത്തു. കുരുമുളകും ഏലവും കൊടുത്ത്‌ പകരം സ്വര്‍ണ്ണം വാങ്ങി. പക്ഷേ അതിനപ്പുറത്തേക്ക്‌ ഒന്നും വേണ്ട. പോര്‍ട്ടുഗീസുകാര്‍ അവശേഷിപ്പിച്ചുപോയ കാപ്പിയും കോപ്പയും കപ്പയുമെല്ലാം നാം സ്വീകരിച്ചു. അവര്‍ കൊണ്ടുവന്ന റബറും കശുമാവും നാം നട്ടുവളര്‍ത്തി. `കോപ്പ' എന്നുവച്ചാല്‍ കപ്പ്‌ എന്നും ഒരു കപ്പ്‌ കാപ്പിയെന്നും അര്‍ത്ഥമാക്കാം. ?`കോപ്പ അമേരിക്ക' എന്നൊരു ടീം പോലുമുണ്ട്‌.

ലോകത്തില്‍ ഏറ്റവും അധികം കാപ്പി ഉല്‌പാദിപ്പിക്കുന്ന രാജ്യമാണ്‌ ബ്രസീല്‍. ഈ വേളയില്‍ വയനാട്ടിലെയും ഹൈറേഞ്ചിലേയും കാപ്പി കൃഷിക്കാരാണ്‌ ഏറ്റവും അധികം ആഹ്ലാദിക്കുന്നത്‌. കാരണം റോബസ്റ്റാ ക്ലീനിന്‌ (പരിപ്പ്‌) കിലോയ്‌ക്ക്‌ ചരിത്രത്തില്‍ ഏറ്റവും കൂടിയ വില കിലോയ്‌ക്ക്‌ 145 രൂപ കിട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇത്‌ 104 രൂപയായിരുന്നുവെന്ന്‌ യൂറോപ്പിലേക്ക്‌ കാപ്പി കയറ്റുമതി ചെയ്യുന്ന പി ജെ ചാക്കോച്ചന്‍ പുല്‍പ്പള്ളിക്കടുത്തുള്ള മുള്ളന്‍കൊല്ലിയില്‍നിന്ന്‌ ഫോണില്‍പറഞ്ഞു. വയനാട്ടില്‍ തന്നെയുള്ള വടുവഞ്ചാല്‍ കോട്ടമല എസ്‌റ്റേറ്റ്‌ ഉടമ ചെറിയാന്‍ അതിന്‌ അടിവരയിടുന്നു.

പാലായിലെ സിസ്റ്റര്‍ ജസീന്തയോ അവരെപ്പോലെ കണ്ണൂര്‍ ചെമ്പേരിക്കാരിയായ സിസ്റ്റര്‍ മഞ്ചുവോ പോലുള്ള മലയാളി കന്യാസ്‌ത്രീകളാവും സാവപോളോയില്‍ ഉള്ളതെന്ന്‌ ധരിച്ചാല്‍ അത്‌ തെറ്റി. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമാണ്‌ ബ്രസീല്‍. 2016 ല്‍ ഒളിമ്പിക്‌സിന്‌ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന റിയോ ഡി ജെനിറോയും ലോകത്തില്‍ റബറിന്‌ ജന്മം നല്‍കിയ ആമസോണും തലസ്ഥാനമായ ബ്രസീലിയയും തുറമുഖ പട്ടണമായ പോര്‍ട്ടോ അലിഗ്രോയും മിനാസുമെല്ലാം നൂറുകണക്കിന്‌ മലയാളി വൈദികരെയും കന്യാസ്‌ത്രീകളെയും കൊണ്ടാണ്‌ കാര്യങ്ങള്‍ നടത്തുന്നത്‌. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, താമരശ്ശേരി രൂപതക്കാരാണ്‌ ഇവരില്‍ ബഹുഭൂരിപക്ഷവും. ഇവരില്ലാതെ ബ്രസീലിലെ പല കത്തോലിക്കാപള്ളികളിലും കുര്‍ബാനയും സണ്‍ഡേസ്‌കൂളും നടക്കില്ലെന്നതാണ്‌ അവസ്ഥ.

ഇന്ത്യയുടെ അത്രയും വലിപ്പമുണ്ട്‌ ബ്രസീലിലെ ആമസോണിന്‌ മാത്രം. അവിടുത്തെ റബര്‍കുരു ഒളിച്ചുകടത്തി സിലോണില്‍ തോട്ടങ്ങളുണ്ടാക്കിയ ബ്രിട്ടീഷുകാരന്‍ അവിടെനിന്നു റബര്‍ മലയായിലേക്കും പെനാംഗിലേക്കും ഇന്തോനേഷ്യയിലേക്കും ഒടുവില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചുവെന്നതാണ്‌ സത്യം. ആമസോണില്‍ രോഗബാധമൂലം റബ്ബര്‍ വനങ്ങള്‍ നശിച്ചുപോയി. റബ്ബര്‍ തീരെയില്ലെന്നതല്ല ലോകത്തിലെ റബ്ബര്‍ ഉല്‌പാദനരാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ ഉണ്ടുതാനും. ബ്രസീല്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ആമസോണിലെ റബ്ബര്‍ തോട്ടങ്ങള്‍ കാണാന്‍ പോകുമെന്ന്‌ റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന കാലത്ത്‌ സാജന്‍പീറ്റര്‍ ഐ.എ.എസ്‌. ഈ ലേഖകനോട്‌ പറഞ്ഞിരുന്നതാണ്‌.

പക്ഷേ വിമാനത്തിലല്ലാതെ ആമസോണില്‍ ചെന്നെത്തുക ദുഷ്‌കരം. റോഡുമാര്‍ഗ്ഗമോ റെയില്‍മാര്‍ഗ്ഗമോ എത്തിപ്പെടണമെങ്കില്‍ ഒരാഴ്‌ചയെങ്കിലും വേണ്ടിവരും. ആയിരക്കണക്കിന്‌ കിലോമീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ആമസോണ്‍. അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കൊടുംകാടുകളാണ്‌ ആമസോണ്‍ വനമേഖല. ഒരു കാട്ടുപോത്തിനെപ്പോലും അപ്പാടെ വിഴുങ്ങാന്‍ കഴിവുള്ള അനാകോണ്ട എന്ന ഭീകരസര്‍പ്പവും ഒരു മനുഷ്യനെ കിട്ടിയാല്‍ മിനിറ്റുകള്‍ക്കകം അറപ്പുവാളിന്റെ മൂര്‍ച്ചയുള്ള അരിപ്പല്ലുകള്‍കൊണ്ട്‌ കടിച്ചുമുറിച്ച്‌ നാമാവശേഷമാക്കുന്ന പിരാനാ മത്സ്യങ്ങളും അതിലുണ്ട്‌.

നമ്മുടെ അച്ഛന്മാരും കന്യാസ്‌ത്രീകളും പോര്‍ട്ടുഗീസ്‌ ഭാഷ പഠിച്ച്‌ ആനാട്ടുകാരെയും അവരുടെ മക്കളേയും നന്നാക്കാന്‍ ശ്രമിക്കുന്നത്‌ എത്രമാത്രം ഫലപ്രദമാണ്‌? മദ്യപാനം, പുകവലി, മയക്കുമരുന്ന്‌ എന്നീ നിത്യതൊഴിലിനെതിരെയുള്ള ആഹ്വാനങ്ങളും ഫലപ്രദമാകുന്നുണ്ടോ? സംശയിക്കണം. മയക്കുമരുന്നും പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള പരസ്യമായ ലൈംഗികവേഴ്‌ചയും കുറയ്‌ക്കാന്‍ രാജ്യവ്യാപകമായ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണിഞ്ഞൊരുങ്ങി പള്ളിയില്‍ വരുന്നതും പെരുന്നാള്‌ കൂടുന്നതും നൃത്തമാടുന്നത്‌ പോലെയുള്ള ആഘോഷമാണ്‌. അതിനൊക്കെ നാട്ടുകാരും വീട്ടുകാരും കുട്ടികളും എവര്‍ റെഡി.

പാലായ്‌ക്കടുത്ത്‌ മേലുകാവുമറ്റത്തു ജനിച്ച്‌ 1998 ല്‍ ആദ്യമായി റിയോഡിജനിറോയില്‍ എത്തിയ ആളാണ്‌്‌ ഫാ.തോമസ്‌ അഞ്ചുകണ്ടം. `ഹി യു ദി സനീറോ' (റിവര്‍ ഓഫ്‌ ജനുവരി) എന്നാണ്‌ റിയോ എന്ന പേരിന്റെ അര്‍ത്ഥമെന്ന്‌ അദ്ദേഹം ഈ ലേഖകനോട്‌ പറഞ്ഞു. കേരളത്തെക്കാള്‍ ഏഴരമണിക്കൂര്‍ പിന്നിലാണ്‌ റിയോഡിജനിറോ. മുംബൈ, പാരിസ്‌ വഴി 22 മണിക്കൂര്‍ ആയിരുന്നു ആദ്യത്തെ യാത്രാസമയം. ഇപ്പോഴിത്‌ കൊച്ചി-ദുബായ്‌ വഴി 18 മണിക്കൂര്‍ ആയി കുറഞ്ഞു.

കുമ്പസാരം, കൊന്ത, മേശ, കസേര, കോപ്പ, കത്തീഡ്രല്‍, കപ്പ, ചക്ക, തേങ്ങ, മാങ്ങ ഇതെല്ലാം പോര്‍ട്ടുഗീസില്‍ നിന്ന്‌ മലയാളം സ്വാല്‍മീകരിച്ച പദങ്ങളാണ്‌ സാവോപോളോയിലെ ഒരു റസ്റ്റോറന്റില്‍ കപ്പ ബിരിയാണി പോലൊരു വിഭവം രുചിയോടെ അകത്താക്കുന്നത്‌ കണ്ടതായി വേള്‍ഡ്‌ കപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ ഒരു ലേഖകന്‍ എഴുതിയിട്ടുണ്ട്‌.

പോര്‍ട്ടുഗീസ്‌ കഴിഞ്ഞാല്‍ സ്‌പാനിഷിനാണ്‌ ബ്രസീലില്‍ പ്രാധാന്യം. കാരണം തൊട്ടയല്‍രാജ്യങ്ങളായ അര്‍ജന്റീന, ചിലി, പരാഗ്വേ എന്നിവ പണ്ട്‌ സ്‌പാനിഷ്‌ കോളനികളായിരുന്നു. അവിടങ്ങളിലെ ഭാഷ സ്‌പാനിഷാണ്‌.

ബ്രസീലിനെക്കുറിച്ച്‌ പ്രചുരപ്രചാരമുള്ള പുസ്‌തകമെഴുതിയ ഒരു മലയാളിയെക്കുടി ഓര്‍ക്കാം. തിരുവനന്തപുരം സ്വദേശി ഡോ. വിനോദ്‌ തോമസ്‌ എന്ന വിശ്രുത എക്കോണമിസ്റ്റ.്‌ വേള്‍ഡ്‌ ബാങ്കിലെ സുപ്രധാന പദവികള്‍ക്ക്‌ ശേഷം ഇപ്പോള്‍ മനിലയില്‍ ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്കിന്റെ ഡയറക്‌ടര്‍ ജനറലാണ്‌. താന്‍ പണ്ട്‌ ജോലി ചെയ്‌ത ബ്രസീലിനെക്കുറിച്ച്‌ അദ്ദേഹമെഴുതിയ പുസ്‌തകം ഡോക്യുമെന്ററിയായി പുറത്തിറങ്ങി. വിനോദും ഫിലിപ്പെയ്‌ന്‍കാരിയായ ഭാര്യയും കൂടി ഈയിടെ കൊച്ചിയില്‍ വന്നിരുന്നു. - അടുത്ത പുസ്‌തകം രചിക്കാന്‍വേണ്ടി. വിഷയം: കേരളം.
ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)ബ്രസീലില്‍ നാം ഒന്ന്‌- ജെനിഫര്‍ ലോപസ്‌ മുതല്‍ പാലായിലെ സിസ്റ്റര്‍ ജസീന്ത വരെ (കുര്യന്‍ പാമ്പാടി)
Join WhatsApp News
RAJAN MATHEW DALLAS 2014-06-12 20:02:48
ഒരുപാടു നന്ദിയുണ്ട് താഗ്ഗളോട് ! ബ്രസീലിനെപ്പറ്റി ഇത്രയും നല്ല ഒരു വിവരണം തന്നതിന് ! നമ്മുടെ ആളുകൾ ഇത്രയും പേര് അവിടെ ഉണ്ടാകുമെന്ന് വിചാരിച്ചില്ല ! എല്ലാം അവർക്ക് ആകോഷം മാത്രം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക