Image

ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)

Published on 11 June, 2014
ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)
വിമാനയാത്ര ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കു സ്വപ്‌നമാണെങ്കില്‍, വലിയൊരു ന്യൂനപക്ഷത്തിന്‌ അതു തീരാശാപമാണ്‌.

വിമാനം ആകാശത്തു വളരെ ഉയരത്തില്‍ പറക്കുന്നതു കണ്ടിട്ടുള്ളതല്ലാതെ, അടുത്തുകാണുകയോ, അതിനകമെന്തെന്ന്‌ അറിയുകയോ ചെയ്‌തിട്ടില്ലാത്തവരാണ്‌, ചൊവ്വാഗ്രഹത്തിലേയ്‌ക്കു പേടകം വിട്ടിരിക്കുന്ന ഇന്ത്യയിലെ, ബഹുഭൂരിപക്ഷം ആം ആദ്‌മികളും.

എന്റെ അയല്‍വാസിയുടെ മകന്‍ അമേരിക്കയില്‍ ഡാലസിലുള്ള 45-വയസുകാരന്‍ കുടുംബസംബന്ധമായ എന്തോ അത്യാവശ്യകാര്യത്തിനു നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കയറി.

``എന്നാ മടക്കം'' ? കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ ചോദിച്ചു.

``നാളെ. അതോര്‍ക്കുമ്പഴാ...'' മുഴുമിക്കാന്‍ പ്രയാസപ്പെട്ട്‌ അദ്ദേഹം മുഖം ചുളിച്ച്‌, വളഞ്ഞും പുളഞ്ഞും അസ്വസ്ഥത കാട്ടുന്നു

ങേ, എന്താ കാര്യം - ഞാന്‍ ചോദിച്ചു.

``പ്രത്യേകിച്ച്‌ ഒന്നുമില്ല. 14 മണിക്കൂര്‍ ഒരേ ഇരിപ്പേ...അതോര്‍ക്കുമ്പളാ.. കാലും കയ്യും നടവും ഒക്കെ എന്തോമാതിരിയാകും...''

വിമാനത്തില്‍ കേറാന്‍ കഴിയാത്തവന്റെ ദുഖം, ദീര്‍ഘദൂര വിമാനയാത്ര നടത്തിയവന്റെ മുഖം കണ്ടാലും മാറണമെന്നില്ല. വിമാനം ദേവവാഹനമാണെന്നാണല്ലോ താഴെ നില്‍ക്കുന്നവന്റെ സങ്കല്‍പസ്വപ്‌നം

അതേസമയം ട്രെയിന്‍ യാത്രയാണെങ്കിലോ. ഇടക്കിടെ എഴുന്നേല്‍ക്കാം. നടുവു നിവര്‍ക്കാം.നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ ഒന്നിറങ്ങി പ്‌ളാറ്റ്‌ഫോമില്‍ അങ്ങോട്ടുമിങ്ങോട്ടും അല്‍പ്പം നടക്കാം. കൈകാലുകള്‍ ഒന്നു കുടയാം. ഒരു ബജിയോ ചായയോ ചൂടോടെ വാങ്ങിക്കഴിക്കാം. ചുറ്റും പലഭാഷകളും ആള്‍ ബഹളവും, കാഴ്‌ചകളും കേട്ടും കണ്ടും രസിക്കാം.

അറ്റ്‌ലാന്റിക്കിലോ പസഫിക്കിലോ, എന്തിന്‌ ബംഗാള്‍ ഉള്‍ക്കടലിലോ, അറേബ്യന്‍ കടലിലോ എവിടെ വിമാനം നിര്‍ത്തി കാലുനീട്ടി രണ്ടു ചുവടു നടക്കാന്‍ പറ്റും. ഒരേ ഇരിപ്പുതന്നെ ശരണം. സായിപ്പു കണ്ടുപിടിച്ച ആകാശത്തടവറ.

വിമാനത്തിലെ 14 മണിക്കൂര്‍ ഒററയിരിപ്പുയാത്രയുടെ കാര്യമാണ്‌ എന്റെ അയല്‍വാസിക്ക്‌ അസഹ്യമായതെങ്കില്‍, പോംവഴിയുണ്ട്‌. വിമാനം കരയ്‌ക്കു പിടിച്ചിട്ട്‌ അതില്‍തന്നെ അടുപ്പുകൂട്ടി, കഞ്ഞിവച്ചു പൊറുതിയാക്കിയാലോ.

അതിനൊരെളുപ്പവഴിയുണ്ട്‌. ഒരു വിമാനമങ്ങു വാങ്ങുക. അതില്‍ വിശാലമായി, സുഖസുന്ദരാരാമത്തോടെ അടിച്ചു പൊളിച്ച്‌, സ്‌മോളെങ്കില്‍ സ്‌മോളുമടിച്ച്‌ താമസിക്കുക.

അമേരിക്കയിലാണെങ്കില്‍ സംഗതി ഈസി. വേറെ വീടുവയ്‌ക്കണ്ട. ഒന്നോ രണ്ടോ കുടുംബത്തിനു കുശാലായി കഴിയാം. അല്ലെങ്കില്‍ മറ്റൊന്നു വാടകയ്‌ക്കു കൊടുത്തു ചില്ലറ വേറെ ഉണ്ടാക്കുകയുമാവാം. അമേരിക്കന്‍ മലയാളികള്‍ക്ക്‌ അറ്റകൈക്ക്‌ ഓണാഘോഷവും അതിനകത്താക്കാം. ``ബോയിങ്‌ മലയാളി അസോസിയേഷനു''മാകാം.

നാട്ടിലെ പത്രങ്ങളില്‍ വാര്‍ത്ത ഉറപ്പ്‌: അര്‍ക്കിന്‍സോയിലെ മലയാളികള്‍ക്ക്‌ ബോയിങ്ങില്‍ ഓണാഘോഷം. അല്ലെങ്കില്‍, ഫ്‌ളാറിഡയില്‍ ഓണം വിമാനത്തില്‍.

ഞാന്‍ ഇപ്പറഞ്ഞതൊന്നും വിശ്വാസം വരുന്നില്ലെങ്കില്‍, ഓറിഗണില്‍ പോര്‍ട്ട്‌ലന്‍ഡിന്റെ പ്രാന്തപ്രദേശത്തിലുള്ള വനപ്രദേശത്തു വഴിതെറ്റി വന്നു വീണതെന്നു തോന്നിക്കുന്ന വിമാനത്തില്‍ ഒരാളെ കാണാം. ബ്രൂസ്‌ കാമ്പെല്‍. ആ 64-കാരനോട്‌ ഒന്നു ചോദിച്ചു നോക്കിയാട്ടെ.

അവിടെ 10 ഏക്കര്‍ പച്ചപ്പുകള്‍ക്കു നടുവില്‍ ഒരു ബോയിങ്‌ 727 വിമാനം വീടാക്കി ഒറ്റക്കു താമസിക്കുകയാണ്‌ റിട്ട. ഇലകട്രിക്കല്‍ എന്‍ജിനീയറായ ബ്രൂസ്‌. രണ്ടു ലക്ഷം ഡോളര്‍ മുടക്കിയാണ്‌ ഈ പഴയ ബോയിങ്‌ വാങ്ങിയത്‌. പിന്നെ മോടിപിടിപ്പിക്കാനും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനുംവേണ്ടി മറ്റൊരു ലക്ഷം വേറെയും. എന്നാലെന്താ, സകല സുഖ സൗകര്യങ്ങളുമുണ്ട്‌. ഏതു സുനാമിയേയും കൊടുങ്കാറ്റിനേയും തോല്‍പ്പിക്കാന്‍ കെട്ടുറപ്പുള്ള വീട്‌.

മിസിസിപ്പിയിലെ ഒരു തയ്യല്‍ക്കാരനില്‍ നിന്നാണ്‌ ഇങ്ങനെ ഒരാശയം ബ്രൂസിനു കിട്ടിയത്‌. അതുവരെ ഒരു മൊബൈല്‍ (ഇളക്കിക്കൊണ്ടു പോകാവുന്ന) ഒരു കൂതറ വീട്ടിലായിരുന്നു മൂപ്പരുടെ വാസം. പക്ഷെ എലി. നമ്മുടെ റെയില്‍വേ കംപാര്‍ട്ടുമെന്റുകള്‍ തോറ്റുപോകും. എലിശല്യം പെരുകിപ്പെരുകി പൊറുതിമുട്ടിച്ചപ്പോഴാണ്‌ ഈവഴിക്കു സായ്‌വ്‌ ചിന്തിച്ചത്‌.

ആയിരക്കണക്കിനു വിമാനങ്ങളാണ്‌ അമേരിക്കയില്‍ ഓരോ വര്‍ഷവും ആക്രിക്കച്ചവടക്കാരുടെ കയ്യിലേയ്‌ക്കു പോകുന്നത്‌. എന്തിനത്‌ അങ്ങനെ പാഴാക്കണം. അങ്ങനെ, കൂദാശ കഴിച്ചെടുത്തതാണ്‌ ബ്രൂസിന്റെ `വിമാനനിവാസ്‌` ഹൈട്ടെക്‌ വീട്‌.

ചിറകുകള്‍, ലാന്‍ഡിങ്‌ ഗിയര്‍, കോക്ക്‌പിറ്റ്‌, ടോയ്‌ലറ്റ്‌, എല്‍ഇഡി ലൈറ്റ്‌, കുറേ സീറ്റുകള്‍, ഗോവണിപ്പടികള്‍ എന്നുവേണ്ട ഒരു സമ്പൂര്‍ണവിമാനം.

മൈക്രോസോഫ്‌ട്‌, ടോസ്റ്ററുകള്‍ തുടങ്ങി ലളിത പാചകത്തിനുള്ള അത്യാവശ്യ സൗകര്യമെല്ലാമുണ്ട്‌. പിന്നെ, സാമ്പാര്‍, കാളന്‍, കരിമീന്‍ പൊള്ളിച്ചത്‌, പായസം തുടങ്ങി നാക്കേവച്ചു കഴിക്കാവുന്ന വല്ലതും സായിപ്പിനു വിധിച്ചിട്ടുണ്ടോ.

ബ്രൂസ്‌ സായ്‌വ്‌ 1999 മുതല്‍ വിമാനവിലാസിലാണു താമസം. അതും ആറുമാസം മാത്രം. ബാക്കി കാലം ജപ്പാനിലാണ്‌. ഇനി ജപ്പാനില്‍ ഒരു വിമാനം വാങ്ങി വീടാക്കി, അവിടെ ആറുമാസം താമസിക്കണമെന്നാണ്‌ മൂപ്പരുടെ മോഹം. കയ്യില്‍ പൂത്ത വരാഹന്‍ കാണും.

വീട്ടില്‍ എത്രജോഡി ചെരിപ്പുണ്ടെന്നു കണക്കില്ല. തന്നെ കാണാന്‍ വരുന്നവര്‍ക്ക്‌ അവിടെ ഉപയോഗിക്കാനാണ്‌ ഈ പാദരക്ഷപ്പട. കാരണം ചുറ്റുമെല്ലാം ചെളിയാണ്‌. തകഴിയെപ്പോലെ ചെരിപ്പിടാതെ വന്ന്‌ ബോയിങ്‌വീട്ടിനകത്ത്‌ ചെളി ചവിട്ടിക്കയറ്റരുതല്ലോ.

ബ്രൂസ്‌ വിമാനജീവിതം തുടങ്ങിയതോടെ സ്വന്തമായി ബെബ്‌സൈറ്റു തുടങ്ങി. ബന്ധപ്പെടണമോ. അല്ല, വിമാനക്കാര്യം വല്ലതും ചോദിച്ചു മനസിലാക്കണമെങ്കില്‍. ഇതാണു സൈറ്റ്‌ : AirplaneHome.com

ഇപ്പോള്‍ത്തന്നെ ലോകത്തിലെ പലഭാഗങ്ങളിലും, അമേരിക്ക മുതല്‍ നെതര്‍ലന്‍ഡ്‌സ്‌ വരെ, ഇത്തരം വീടുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഓരോ വര്‍ഷവും അഞ്ഞൂറോളം വിമാനങ്ങള്‍ ആക്രിക്കച്ചവടത്തനു പോകുമ്പോള്‍ ഇത്തരം വിമാന വീടുകള്‍ ഇനി പെട്ടിക്കടകളപോലെ കാണാറാകും..

അമേരിക്കയില്‍ത്തന്നെ ഇപ്പോള്‍, രജിസ്റ്റര്‍ ചെയ്‌ത 3,74,161 വിമാനങ്ങളുണ്ടെന്നാണ്‌ ഏകദേശകണക്ക്‌. ഇതിനൊക്കെ വയസാകുമല്ലോ. ആക്രിക്കു വിറ്റാല്‍ക്കിട്ടുനനതില്‍ കൂടുതല്‍, ബ്രൂസ്‌ സായ്‌വിനെപ്പോലുള്ളവര്‍ കൊടുക്കാന്‍ ഒരുക്കമാണെങ്കില്‍ ` യൂസ്‌ഡ്‌ വിമാനം` എന്ന ലേബലില്‍ വില്‍പനക്കു വയ്‌ക്കുന്നതല്ലെ ഉടമയ്‌ക്കും ലാഭം.

സ്വകാര്യ വിമാനങ്ങളുടെ കാര്യമെടുത്താല്‍ ഇന്ത്യയും മുന്നേറ്റത്തിലാണ്‌. അമേരിക്കയില്‍ 12051 സ്വകാര്യ ജറ്റുള്ളപ്പോള്‍, ഇംഗ്‌ളണ്ടില്‍ 241, ഫ്രാന്‍സിലാകട്ടെ 132 മാത്രം. അതേ സമയം ഇന്ത്യയിലോ, 140 സ്വകാര്യ ജറ്റുകള്‍. ഓസ്റ്റ്രേലിയയേപ്പോലും ഇന്ത്യ പിന്നിലാക്കി. അവര്‍ക്ക്‌ വെറും 154. കഷ്‌ടം. കേരളത്തില്‍ പോലും കുറഞ്ഞത്‌ നാലു സാധനങ്ങളുള്ളതായാണറിവ്‌. അറിയാമല്ലോ, നമ്മുടെ ജൗളി, പൊന്നു കച്ചവടകകാര്‍ക്ക്‌.

അതവിടെ നില്‍ക്കട്ടെ. നമ്മുടെ മലയാളിക്കും തല്‍ക്കാലം ഒരു വിമാനവീടെങ്കിലും വേണ്ടേ. നാലു പേരോട്‌ അന്തസായി പറയാമല്ലോ. ചെറുതായാലും മതി. അയല്‍പക്കക്കാരന്‍ തേങ്ങ പൊട്ടിക്കുമ്പോള്‍, നമ്മള്‍ ഒരു ചിരട്ടയെങ്കിലും.,.
ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)ബ്രൂസ്‌ സായ്‌വിന്റെ വീട്ടഡ്രസോ ? ബോയിങ്‌ 727, പോര്‍ട്‌ലാന്‍ഡ്‌, യുഎസ്‌! (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക