Image

മോഡി-ഒബാമ സെപ്റ്റംബര്‍ ഉച്ചകോടിക്ക് ഡല്‍ഹി ഒരുങ്ങുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 12 June, 2014
മോഡി-ഒബാമ സെപ്റ്റംബര്‍ ഉച്ചകോടിക്ക് ഡല്‍ഹി ഒരുങ്ങുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)
സ്വാഗതം, സുസ്വാഗതം. നരേന്ദ്രമായി മോഡിജി അങ്കിള്‍ സാമിന്റെ മണ്ണിലേക്ക് വെല്‍ക്കം. 2002 നമ്മള്‍ വിജയകരമായി പിന്നിട്ടു. അതിന്റെ ഫലമായി 2005-ല്‍ വീസ നിഷേധിച്ചത് ചില മത-മാനുഷീക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും വംശഹത്യയും ഇന്നലെയുടെ കഥയാണ്. ഇത് 2014 ആണ്. ഇപ്പോള്‍ നമുക്ക് കച്ചവടം നടത്താം. അറിയാമല്ലോ 500 ബില്ല്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ഇന്‍ഡോ-അമേരിക്കന്‍ ഉഭയകക്ഷി വാണിജ്യത്തില്‍ അമേരിക്യുടെ ലക്ഷ്യം. ഒരു മനുഷ്യകൂട്ടക്കൊലക്ക് താങ്കളുടെ ഭരണം ഉത്തരവാദിയാണെന്ന് ചരിത്രം നുണ പറഞ്ഞാലും അന്താരാഷ്ട്ര നയതന്ത്രത്തിനും വാണിജ്യബന്ധത്തിനും ഇടയില്‍ എന്തു മത-മാനുഷീകാവകാശം ആണുള്ളത്? ഒരിക്കല്‍ താങ്കള്‍ തങ്ങളുടെ personagrata(ഏറ്റവും വെറുക്കപ്പെട്ടവന്‍) ആയിരുന്നിരിക്കാം. വിട്ടുകള. കച്ചവടബന്ധത്തിനും കച്ചവട സംസ്‌ക്കാരത്തിനുതന്നെയും അതൊക്കെ അന്യമാണ്. ഇത് ഒരുപക്ഷേ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോഡിയുടെ കാതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മന്ത്രിച്ചേക്കാം സെപ്തംബര്‍ അവസാനം വൈറ്റ്ഹൗസില് ഉച്ചകോടിക്കായി അവര്‍ കണ്ടുമുട്ടുമ്പോള്‍.

ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ (പ്രധാനമന്ത്രിയുടെയും വിദേശ-രാജ്യരക്ഷ മന്ത്രിമാരുടെയും ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന രാഷ്ട്രപതിഭവന്റെ മുമ്പിലുള്ള ആ കമനീയ സൗധം)  ഉച്ചകോടിക്കായുള്ള തകൃതിയായ ഒരുക്കങ്ങള്‍ നടക്കുകയാണ്. മോഡിക്ക് സന്ദര്‍ശനം മധുരമായ ഒരു പ്രതികാരം ആണ്. തന്റെ മുഖത്ത് വാതില്‍കൊട്ടിയടച്ച ഒരു രാജ്യത്തിലേക്ക് സര്‍വ്വവിധ ബഹുമതികളോടെ സമസ്താരാധ്യനായി പ്രത്യേക വീസയില്‍ അദ്ദേഹം പോവുകയാണ്. ഇന്നലെകളുടെ ഭാണ്ഡക്കെട്ട് പ്രധാനമന്ത്രിയുടെ ബാഗേജില്‍ നിന്നുമെടുത്തു മാറ്റുവാന്‍ മോഡി ഒട്ടും സമയമെടുത്തില്ലെന്നത് അദ്ദേഹത്തിലെ ഭരണാധികാരിക്കുള്ള അംഗീകാരം ആണ്. രാഷ്ട്രതാല്പര്യങ്ങള്‍ വ്യക്തിതാല്പര്യങ്ങള്‍ക്കിടയില്‍ വരുകയില്ലെന്ന് അദ്ദേഹം അതുകൊണ്ടാണ് ഒബാമയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഈ ഉച്ചകോടി തീര്‍ച്ചയായിട്ടും മോഡിക്കും ഒബാമയ്ക്കും ഇരു രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. സെപ്തംബറിലേത് ഒരു യാഥാര്‍ത്ഥ്യത്തിന്റെ സ്വപ്നസംഗമം ആയിരിക്കുമെന്ന് നിസംശയം പറയാം.

ഇന്‍ഡോ-അമേരിക്കന്‍ ബന്ധത്തിന് ശക്തമായ ഒരു ചരിത്രപശ്ചാത്തലം ഉണ്ട്. എന്നാല്‍ അത് ഒരിക്കലും അത്രസുഗമവും ആയിരുന്നില്ല. ഇണങ്ങിയും പിണങ്ങിയും ഇരുരാജ്യങ്ങള്‍ ബന്ധപ്പെട്ടു. നെഹ്‌റു-കെന്നഡി കാലഘട്ത്തില് (1960കളുടെ ആരംഭം)അത് വളരെ ദൃഢമായിരുന്നു. 1962-ലെ ഇന്‍ഡോ-ചൈന യുദ്ധത്തില്‍ നെഹ്രുവിന് കെന്നഡിയുടെ മാനസീക പിന്തുണയുണ്ടായിരുന്നു. പക്ഷേ ശീതസമരത്തിന്റെ കാലത്ത് ഇന്‍ഡ്യന്‍ ചേരിചേരനയം കമ്മ്യൂണിസ്റ്റ് റഷ്യയുടെ പാളയത്തിലായിരുന്നു. 1965-ലെയും 1971-ലെയും ഇന്‍ഡോ-പാക്ക് യുദ്ധങ്ങളില്‍ അമേരിക്ക പാക്ക് പക്ഷത്തായിരുന്നു. 1971-ല്‍ അമേരിക്കയുടെ ശക്തമായ  ഒരു നേവല്‍ ഫ്‌ളീറ്റിനെതന്നെ റിച്ചാഡ് നിക്‌സണ്‍ ഇന്‍ഡ്യക്കെതിരെ അയക്കുകയുണ്ടായി. ഗവണ്‍മെന്റുകള്‍ തമ്മില്‍ റോളര്‍-കോസ്റ്റര്‍ ബന്ധം തുടര്‍ന്നെങ്കിലും ജനങ്ങള്‍ തമ്മില്‍ എക്കാലവും ദൃഢമായ ബന്ധം ഉണ്ടായിരുന്നു. ജോര്‍ജ്ജ് ബുഷ്-മന്‍മോഹന്‍സിംങ്ങ് ഭരണകാലത്തെ ഇന്‍ഡോ-യു.എസ്.സിവില്‍ ന്യൂക്ലിയര്‍ ഡീല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഒരു നാഴികകല്ലായി കണക്കാക്കപ്പെടുന്നു. എന്നാല്‍ മന്‍മോഹന്‍ സിംങ്ങ്-ഒബാമ കാലഘട്ടത്തിലെ(2013) ദേവയാനി കോബ്രഗേഡ് സംഭവം ബന്ധങ്ങളുടെ താഴ്ചയും കണ്ടു.

മോഡി ഒരു വലിയ വിഷ് ലിസ്റ്റുമായിട്ടായിരിക്കും അമേരിക്കയിലെത്തുക. അമേരിക്കയുടെയും ഒബാമയുടെയും കയ്യില്‍ അതിലും വലിയ ഒരു ലിസ്റ്റ് ഉണ്ടാകുമെന്നതില്‍ സംശയം ഇല്ല. സൗത്ത് ബ്ലോക്ക് ഇപ്പോള്‍ ഈ ലിസ്റ്റിന്റെ പണിയില്‍ ആണ്. കച്ചവടവും സാമ്പത്തീകമേഖലയും ആയിരിക്കും ചര്‍ച്ചകളുടെ ഫോക്കസ് എന്നകാര്യത്തില് തര്‍ക്കമില്ല. ഭീകരവാദവും, പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ ഉത്ഭവിച്ച് അതിര്‍ത്തികടന്ന് ഇന്‍ഡ്യയിലെത്തുന്ന ഭീകരവാദം, അജണ്ടയുടെ മുകളില്‍ ഉണ്ടാവും. അഫ്ഘാനിസ്ഥാന്‍ ആയിരിക്കും ഇരു രാജ്യങ്ങളുടെയും മറ്റൊരു പ്രധാന വിഷയം. നാറ്റോയും അമേരിക്കയും അഫ്ഗാനിസ്ഥാന്‍ വിട്ടാല്‍ അത് ഇന്‍ഡ്യയെയും, പ്രത്യേകിച്ച് കാശ്മീരിനെയും, എങ്ങനെ സാധിക്കുമെന്നത് ഇന്‍ഡ്യ വലിയ ഉല്‍ക്കണ്ഠ തരുന്ന ഒരു വന്‍പ്രശ്‌നം ആണ്. കാരണം അങ്ങനെയൊരു സാഹചര്യത്തില്‍ താലിബാന്‍ തുടങ്ങിയ, ലഷ്‌ക്കര്‍-ഇ.തൊയ്ബ അടങ്ങിയ, ഭീകരവാദ സംഘടനകള്‍ തലയുയര്‍തതുമെന്നും അവ അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല കാശ്മീരിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇതിനെ എങ്ങനെ ഇന്‍ഡ്യയും അമേരിക്കയും  അഭിമുഖീകരിക്കുമെന്നത് മോഡിയുടെയും ഒബാമയുടെയും മുമ്പിലുള്ള വലിയ പ്രശ്‌നം ആണ്. എന്തായിരിക്കാം ഒരു രക്ഷാകവചം അഫ്ഗാനിസ്ഥാനില്‍ സൃഷ്ടിക്കുവാന്‍ കഴിയുക? അതിനായി ഒരു തൃരാഷ്ട്ര(അമേരിക്ക, ഇന്‍ഡ്യ, പാക്കിസ്ഥാന്‍്) സംഭാഷണം സാദ്ധ്യമാണോ? എന്തായിരിക്കാം അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങളുടെയും പ്രാദേശിക രാഷ്ട്രങ്ങളുടെയും പങ്ക്? ഒരു പ്രശ്‌നപരിഹാരത്തിനായി ഈ രാഷ്ട്രങ്ങള്‍ എത്രമാത്രം മുമ്പോട്ടു വരും? മോഡി-ഒബാമ ചര്‍ച്ചകള്‍ ഈ വിഷയം കാര്യമായിതന്നെ ചര്‍ച്ചചെയ്യുന്ന കാര്യത്തില്‍ സംശയം ഇല്ല. ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍() മാത്രമല്ല ലോകത്താകമാനം സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുന്നതിന് ഭീകരവിമുക്തമായ ഒരു അഫ്ഗാനിസ്ഥാന്‍ ആവശ്യമാണ്. പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായ ഇന്‍ഡ്യ വിരുദ്ധ ഭീകരവാദം തീര്‍ച്ചയായും മോഡിയുടെ ലിസ്റ്റില് കാണും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായ വിജയകരമായ സമാധാന സംഭാഷങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും(മെയ് 27) മോഡി ഇക്കാര്യം ഒബാമയുമായി ചര്‍ച്ച ചെയ്യാതിരിക്കില്ല. പക്ഷേ, ഇരു നേതാക്കന്മാരും കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുകയില്ല. കാരണം ഇന്‍ഡ്യയുടെ നിലപാട് കാശ്മീര്‍ ഉഭയകക്ഷിതലത്തില്‍ ചര്‍ച്ചചെയ്യപ്പേടേണ്ട ഒന്നാണെന്നും അതില്‍ ഒരു മൂന്നാംകക്ഷിയുടെ ഇടപെടലിന്റെ ആവശ്യം ഇല്ലെന്നുമാണ്. മാത്രവുമല്ല കാശ്മീര്‍ ഇന്‍ഡ്യയുടെ അവിഭാജ്യഘടകം ആണെന്നും ഉള്ളതാണഅ ഇന്‍ഡ്യയുടെ അടിസ്ഥാനപരമായ നിലപാട്. പാക്ക് ഭീകരവാദത്തിന്റെ പ്രശ്‌നത്തില്‍ അമേരിക്കയ്ക്ക് കാര്യമായി ഒന്നും ഇന്‍ഡ്യക്കുവേണ്ടി ചെയ്യുവാന്‍ ആകുമെന്ന് തോന്നുന്നില്ല. കാരണം ഇന്‍ഡ്യയെപോലെ തന്നെ, ഒരു പക്ഷെ അതിലും ഉപരിയായി, പാക്കിസ്ഥാനും ഒരു തീവ്രവാദ ഇരയാണെന്ന് അമേരിക്ക വിശ്വസിക്കുന്നു. മാത്രവുമല്ല തീവ്രവാദത്തിനെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തില്‍ ഒരു സഖ്യകക്ഷിയുമാണഅ പാക്കിസ്ഥാന്‍. ബിന്‍ലാഡന്റെ ഒളിച്ചുതാമസം മുതല്‍ ഭീകരവാദവുമായുള്ള പാക്കിസ്ഥാന്റെ ബന്ധം അമേരിക്കക്ക് ശരിക്കും അറിയാവുന്നതാണെങ്കിലും ഇക്കാര്യത്തിന് കാര്യമായൊന്നു ഒബാമയില്‍ നിന്നും മോഡി പ്രതീക്ഷിക്കേണ്ടതില്. പാക്കിസ്ഥാനിലെ ജിഹാദിഗ്രൂപ്പുകള്‍ ഒരു യാഥാര്‍ത്ഥ്യമായി തന്നെ നിലകൊള്ളും. ഐ.എസ്.ഐ.യും പാക്കിസ്ഥാന്‍ ആര്‍മിയും അവയെ പരിരക്ഷിക്കും. ഇക്കാര്യത്തിലൊന്നും ഒബാമയ്ക്ക് ഒന്നും ചെയ്യുവാനാവുകയില്ല. അമേരിക്കയുടെ പാക്കിസ്ഥാന്‍ പോളിസിക്ക് യാതൊരുമാറ്റവും ഉണ്ടാവുകയില്. കലുഷിതമായ ഗള്‍ഫ് രാജ്യങ്ങളും ചര്‍ച്ചാവിഷയം ആണ്.

മോഡിയുടെ വിദേശനയത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള പ്രാധാന്യം ഒബാമയ്ക്ക് അറിയാവുന്നതാണ്. ചൈനയും ജപ്പാനും ഈ ഈസ്റ്റ് വാഡ് ലുക്കിംങ്ങ് പോളിസിയിലെ പ്രധാന ഘടകങ്ങള്‍ ആണ്. മോഡി ഈ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഇതിനകം പുതുക്കികഴിഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം ഉടനുണ്ട്. ഈ സാഹചര്യത്തില്‍ മോഡിയെ കൂടുതല്‍ അമേരിക്ക-യൂറോപ്പ് ഫ്രണ്ട്‌ലി ആക്കുവാന്‍ ഒബാമ ശ്രമിക്കും. മോഡിക്കും അതില്‍ താല്പര്യമേ ഉണ്ടാവുകയുള്ളൂ. കാരണം വിദേശനിക്ഷേപവും ഡോളറും അവിടെ നിന്നും വരണം. എങ്കിലേ സാമ്പത്തീക മാന്ദ്യത മാറുകയുള്ളൂ. സാമ്പത്തീക വളര്‍ച്ച സംഭവിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് മോഡി ഗവണ്‍മെന്റ് ആദ്യദിവസങ്ങളില്‍തന്നെ പ്രതിരോധ മേഖലയിലും ഇന്‍ഷ്വറന്‍സ്‌മേഖലയിലും  നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത്. വരും ദിനങ്ങളില്‍ അതായത് ഉച്ചകോടിയോട് അടുക്കുമ്പോള്‍ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കാം. മോഡി പ്രതീക്ഷിയ്ക്കുന്നത് അമേരിക്കയിലെ വമ്പന്‍ കമ്പനികളായ ജി.ഇ., ഐ.ബി.എം., മൈക്രോസോഫറ്റ് തുടങ്ങിയവ വലിയ നിക്ഷേപം നടത്തുമെന്നാണ്. ഇതുതന്നെയാണ് ഒബാമയും ആഗ്രഹിക്കുന്നത്. പക്ഷേ, അതിനുള്ള അനുകൂല സാഹചര്യം ഇന്‍ഡ്യയില്‍ മോഡി ഒരുക്കണം. അതായിരിക്കും ഒബാമയുടെയും അമേരിക്കന്‍ വ്യവസായികളുടെയും ഡിമാന്റ്. അതിനായി നികുതി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ആവശ്യപ്പെടും. ഇന്‍ഡ്യയുടെ താല്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് ഈ ഉറപ്പ് അവര്‍ക്ക് നല്‍കുവാനും അവരെ അവബോദ്ധ്യപ്പെടുത്തുവാനും സാധിച്ചാല്‍ മോഡി വിജയിച്ചു.

പല തീരുമാനങ്ങളും സൂക്ഷിച്ചെടുത്തില്ലെങ്കില്‍ മോഡിക്ക് അവ ഇന്‍ഡ്യയില്‍ വന്‍ തിരിച്ചടിയാകും. രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഉദാഹരണമായി ഇന്‍ഡ്യന്‍ ന്യൂക്ലിയര്‍ ലൈ എയ്ബിലിറ്റി ലോ.ഇന്‍ഡോ-യു.എസ്. സിവില്‍ ന്യൂക്ലിയര്‍ ഡീലിനുശേഷം പിറവിയെടുത്ത ഒരു നിയമം ആണ് ഇത്. ഇതിനെതിരായി അമേരിക്കയില്‍ വളരെ പ്രതിഷേധം ഉണ്ട്. ഈ നിയമം അനുസരിച്ച് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ഇന്‍ഡ്യയില്‍ സ്ഥാപിക്കുവാന്‍ അമേരിക്കന്‍ കമ്പനികള്‍ മടിക്കുന്നു. കാരണം എന്തെങ്കിലും അപകടം ഉണ്ടായാല്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടതായി വരും എന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇന്‍ഡ്യയാകട്ടെ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ അനുഭവം മനസില്‍ വച്ചുകൊണ്ടാണ് ഈ നിയമം മെനഞ്ഞെടുത്തത്. അതില്‍ എന്തെങ്കിലും ഇളവുകള്‍ വാഗ്ദാനം ചെയ്താല്‍ ഇന്‍ഡ്യയില്‍ വന്‍പ്രതിഷേധം ഉറപ്പാണ്. ഈ പ്രശ്‌നം ചര്‍ച്ചയില് വരുമെന്നകാര്യത്തില്‍ തര്‍ക്കമില്ല, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുവാന്‍ സാദ്ധ്യതയുള്ള ഈ വിഷയം മോഡി എങ്ങനെ കൈകാര്യം ചെയ്യും? യു.പി.എ. സൃഷ്ടിച്ച നിയമം ആണ് ഇത്. അമേരിക്കയുടെ എത്രയോ, സമ്മര്‍ദം ഉണ്ടായിട്ടും അതില്‍ മായം ചേര്‍ക്കുവാന്‍ അമേരിക്ന്‍ അനുഭാവിയെന്ന് മുദ്രകുത്തപ്പെട്ട മന്‍മോഹന്‍സിംങ്ങ് പോലും തയ്യാറാകാത്തതാണ്. അതുപോലെതന്നെ ന്യൂക്ലിയര്‍ സപ്ലെയേഴ്‌സ് ഗ്രൂപ്പില്‍ ഇന്‍ഡ്യയുടെ പ്രവേശനം ഉറപ്പുവരുത്തുവാനായി അമേരിക്കയുടെ പിന്തുണ മോഡിക്ക് ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്. മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീമും ഇതുപോലെ പ്രധാനപ്പെട്ട മറ്റൊരു വിഷയം ആണ്. ഇന്‍ഡ്യയുടെ സാമ്പത്തിക മേഖലയില്‍ നിക്ഷേപിക്കുവാന്‍ അമേരിക്ക വെമ്പുകയാണ്. പക്ഷേ, അതിനുള്ള കളമൊരുക്കുകയാണ് മോഡിയുടെ ജോലി.

കുറേക്കാലമായ മാന്ദ്യതയിലായിരുന്ന ഇന്‍ഡോ-അമേരിക്കന്‍ ബന്ധം ഈ ഉച്ചകോടിയോടെ ഉണരുമെന്നകാര്യത്തില്‍ സംശയം ഇല്ല. മോഡിയും സൗത്ത് ബ്ലോക്കും അതിനുള്ള തയ്യാറെടുപ്പിലാണ്.


മോഡി-ഒബാമ സെപ്റ്റംബര്‍ ഉച്ചകോടിക്ക് ഡല്‍ഹി ഒരുങ്ങുന്നു (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക