Image

സംഘടനാ പ്രവര്‍ത്തനവും സേവനവും ജീവിത ദൗത്യം

Published on 13 June, 2014
സംഘടനാ പ്രവര്‍ത്തനവും സേവനവും ജീവിത ദൗത്യം
പാരമ്പര്യം തെറ്റിക്കാതെ ജൂലൈ നാല്‌ വീക്കെന്‍ഡില്‍ ചിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സിയില്‍ അരങ്ങേറുന്ന ഫൊക്കാനാ സമ്മേളനത്തിന്റെ വിജയസാധ്യതയെപ്പറ്റി പ്രസിഡന്റ്‌ മറിയാമ്മ പിള്ളയെപ്പോലെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളിക്കും സംശയമൊന്നുമില്ല. കണ്‍വന്‍ഷനുകളുടെ ബാഹുല്യമുള്ള സമയമാണെങ്കിലും ഫൊക്കാനയ്‌ക്ക്‌ ആളു കുറയുന്നില്ല. എന്നല്ല ഇതിനകം തന്നെ ഉദ്ദേശിച്ചതിലേറെ രജിസ്‌ട്രേഷന്‍ ലഭിക്കുകയും ചെയ്‌തു. ഒരു ദിവസത്തേക്കുള്ള വാക്‌ ഇന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല.

ജൂലൈ 4 വെള്ളിയാഴ്‌ച തുടക്കമിടുന്ന സമ്മേളനം ഞായറാഴ്‌ച ബാങ്ക്വറ്റോടെ സമാപിക്കും. പ്രോഗ്രാമുകള്‍ക്കും ഗസ്റ്റുകള്‍ക്കും ഒരു കുറവുമില്ല. മന്ത്രി കെ.സി. ജോസഫ്‌, ആന്റോ ആന്റണി എം.പി, പ്രേമചന്ദ്രന്‍ എംപി, മാര്‍ത്തോമാ മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുക്കും.

ഫൊക്കാനയുടെ ചരിത്രവും മലയാളി കുടിയേറ്റവും കോര്‍ത്തിണക്കി ജയന്‍ മുളങ്ങാടിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്യുന്ന 180 പേരുടെ സ്റ്റേജ്‌ഷോ അപൂര്‍വ്വ സംഭവമായിരിക്കും. പതിവ്‌ സമ്മേളനങ്ങള്‍ക്കു പുറമെ കുമാരീ കുമാരന്മാര്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ഇത്തവണ പുതുമയായിരിക്കും. യുവ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നാലു മണിക്കൂര്‍ നീളുന്ന സെമിനാറില്‍ വിദഗ്‌ധരും രാഷ്‌ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. ഇല്ലിനോയി ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ഷീല സൈമണ്‍ അടക്കമുള്ളവര്‍ എത്തും.

സംഘടന പിളര്‍ന്നതുകൊണ്ട്‌ ഫൊക്കാനാ പിന്നോക്കം പോയി എന്നതു ശരിയല്ലെന്നാണ്‌ പോളിന്റെ പക്ഷം. ഒച്ചപ്പാടും മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഏറെയില്ലാത്തതാണ്‌ ഈ ധാരണയ്‌ക്ക്‌ കാരണം. പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ്‌ തങ്ങള്‍ എപ്പോഴും ചെയ്യുന്നത്‌.

ഫൊക്കാനയുടെ പ്രവര്‍ത്തനം അന്നും ഇന്നും ഒരുപോലെ നടക്കുന്നു. മതസംഘടനകളുടെ കണ്‍വന്‍ഷനുകള്‍ ശക്തിപ്പെട്ടത്‌ 2000-ത്തിനുശേഷമാണ്‌. അതു സെക്കുലര്‍ സംഘടനകളെ കുറച്ചൊക്കെ ബാധിച്ചു.

ഫൊക്കാനയില്‍ 42 സംഘടനകള്‍ അംഗങ്ങളാണ്‌. പുതുതായി ചേരുന്ന സംഘടനകളോട്‌ ഫൊക്കാനയുടെ മാത്രം അംഗത്വമേ എടുക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. ലോംഗ്‌ ഐലന്റിലും, ന്യൂജേഴ്‌സിയിലും ടാമ്പായിലുമൊക്കെ പുതിയ അംഗസംഘടനകള്‍ ഉണ്ടായി.

ഫൊക്കാന തുടക്കംകുറിച്ച 1983 മുതല്‍ സംഘടനാ പ്രവര്‍ത്തകനാണ്‌ പോള്‍. എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തു. രണ്ടു തവണ പ്രസിഡന്റാവുകയും രണ്ടുതവണ കണ്‍വന്‍ഷന്‌ നേതൃത്വം കൊടുക്കുകയും ചെയ്‌തു. പോളിനെപ്പോലെ കര്‍മ്മനിരതനായ ഒരു വ്യക്തിയെ കിട്ടിയതാണ്‌ ഫൊക്കാനയുടെ നേട്ടം.

തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലിയും വീടും. ശനിയും ഞായറും സംഘടനാ കാര്യങ്ങള്‍ക്ക്‌. ഇതാണ്‌ വര്‍ഷങ്ങളായി പോളിന്റെ ജീവിതചര്യ. വെള്ളിയാഴ്‌ച വൈകിട്ടോ, ശനിയാഴ്‌ച രാവിലെയോ യാത്രപോകാനുള്ള തയാറെടുപ്പൊക്കെ ഭാര്യ ലത നടത്തിവെച്ചിരിക്കും. ഭാര്യയി
ല്‍ നിന്നും മക്കളില്‍ നിന്നുമുള്ള പൂര്‍ണ്ണ പിന്തുണ, അതുപോലെ ജോലിസ്ഥലത്തെ ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ മുതല്‍ക്കൂട്ടാവുന്നതെന്ന്‌ പോള്‍.

സംഘടന പിളരാതിരിക്കാന്‍ വഴിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ സാധ്യത കുറവായിരുന്നു എന്നതാണ്‌ ഉത്തരം. ഒരു വിഭാഗം അങ്ങനയൊരു ഉദ്ദേശത്തോടെയാണ്‌ പ്രവര്‍ത്തിച്ചത്‌.

കാനഡയിലെ ഏഴു സംഘടനകളില്‍ ആറും ഫൊക്കാനയിലാണ്‌. അതിനാലാണ്‌ അടുത്ത കണ്‍വന്‍ഷന്‍ 20 വര്‍ഷത്തിനുശേഷം ജോര്‍ജ്‌ പി. ജോണിന്റെ നേതൃത്വത്തില്‍ കാനഡയിലേക്ക്‌ പോകുന്നത്‌. ന്യൂയോര്‍ക്കിലെ എല്ലാ സംഘടനകളും ഫൊക്കാനയിലുണ്ട്‌.

സാധാരണ പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്നവര്‍ കുറവാണ്‌. അതിനൊരു അപവാദമാണ്‌ പോള്‍. എക്കാലവും സംഘടനയ്‌ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുമെന്നു പോള്‍. എത്രയും കാലം പ്രവര്‍ത്തിക്കാമോ അത്രയും കാലം.

സംഘനയ്‌ക്കുവേണ്ടി ഇങ്ങനെ അലയുന്നതുകൊണ്ട്‌ നേട്ടമെന്താണെന്നു ചോദിക്കാം. കയ്യിലെ പണവും സമയവുമൊക്കെയാണ്‌ നഷ്‌ടമാകുന്നത്‌. എന്നാലും അതൊരു ദിനചര്യയായി മാറി.

ഫൊക്കാനയിലും ചില സ്ഥാനങ്ങളിലേക്ക്‌ ഇലക്ഷന്‍ നടക്കുന്നുണ്ട്‌. ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇലക്ഷന്‍ പാടില്ല എന്നു പറയാനാവില്ല.

പല പ്രവര്‍ത്തനങ്ങളും പലപ്പോഴും ആരും അറിയുന്നില്ലെന്നതാണ്‌ സത്യം.
ഇല്ലീഗലായി കഴിഞ്ഞിരുന്ന ഒരു സ്‌ത്രീ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു. 40 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നു. ഒടുവില്‍ കോണ്‍സുലേറ്റ്‌ പോളിന്റെ സഹായം തേടി. പോള്‍ മുന്‍കൈ എടുത്ത്‌ സംസ്‌കാരം നടത്തി. പക്ഷെ നാട്ടിലെ സ്വത്തുക്കളെല്ലാം സ്‌ത്രീയുടെ പേരിലാണ്‌. മകന്‌ എങ്ങനെയും അമ്മയുടെ ശവകുടീരം കാണാന്‍ ഒന്നു വരണമെന്നുണ്ട്‌. പോള്‍ തുണയ്‌ക്കുമോ? ഇങ്ങനെ പോകുന്നു ആവശ്യക്കാര്‍.

ന്യൂയോര്‍ക്ക്‌ മേഖലയില്‍ നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങുന്ന മിക്കവ
രും ആദ്യം വിളിക്കുക പോളിനെയാണ്‌. മദ്യപിച്ച്‌ വണ്ടിയോടിച്ചതിനു പിടിയിലാവുകയോ, കുഴപ്പത്തില്‍ ചാടുകയോ ഒക്കെ ചെയ്‌താല്‍ പോലീസിലും മറ്റുമുള്ള സ്വാധീനമാണ്‌ ഉപയോഗപ്പെടുത്തുക. അവയൊക്കെ ചുമതലയായി പോള്‍ ചെയ്യുകയും ചെയ്‌തു. അതിനാല്‍ തന്നെ പോളുമായുള്ള കടപ്പാടും വ്യക്തിബന്ധവും കാത്തുസൂക്ഷിക്കുന്നവരാണ്‌ എല്ലാവരും.

ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അടക്കം ഒട്ടേറെ സമിതികളില്‍ പോള്‍ അംഗ
മായിരുന്നു.

സംഘടനയുടെ പിളര്‍പ്പിനു പിന്നില്‍ പത്രക്കാര്‍ക്കും പങ്കുണ്ടായിരുന്നുവെന്ന്‌ പോള്‍. അതുകൊണ്ടെന്ത്‌? പത്രക്കാര്‍ക്ക്‌ പരസ്യം പോലും ഇല്ലാതായി. സംഘടന രണ്ടായതുകൊണ്ട്‌ ആര്‍ക്കും സംഭാവനയൊന്നും നല്‍കാതെ മാറി നില്‍ക്കാന്‍ ചിലര്‍ക്ക്‌ കഴിയുകയും ചെയ്‌തു. രണ്ടുകൂട്ടര്‍ക്കും
സംഭാവന കിട്ടാത്ത അവസ്ഥയും വന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പോള്‍ സംഘടനയില്‍ നിന്നു ഇറങ്ങിപ്പോകുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ടാകാം. അവരുടെ എണ്ണം 20 ശതമാനത്തില്‍ താഴെയേ വരൂ. വിമര്‍ശകര്‍ പലരും പ്രവര്‍ത്തിക്കാന്‍ മടി കാട്ടുന്നവരാണെന്നാണ്‌ കണ്ടിട്ടുള്ളത്‌. ചുരുക്കം ചിലരൊഴിച്ചാല്‍ സംഘടനയില്‍ കൂടുതലും പുതിയ ആളുകളാണ്‌. ട്രസ്റ്റി ബോര്‍ഡിലേക്ക്‌ ഇത്തവണയും മത്സരിക്കുമെന്ന്‌ പോള്‍ പറഞ്ഞു.

സംഘടന പിളര്‍ന്നപ്പോള്‍ ഫൊക്കാനാ കണ്‍വന്‍ഷനെപ്പറ്റി ഏറെ ആശങ്കയുണ്ടായിരുന്നു. ഭാര്യയാണ്‌ ആശ്വസിപ്പിച്ചത്‌. പ്രവര്‍ത്തിപഥങ്ങളൊക്കെ നന്നായേ വന്നിട്ടുള്ളുവെന്നും അതുതന്നെ ഇനിയും സംഭവിക്കുമെന്ന്‌ ആശ്വസിപ്പിച്ചത്‌ ആയിരംപ്രതി ശരിയാവുകയും ചെയ്‌തു.

ഫൊക്കാനയും ഫോമയും തമ്മില്‍ യോജിക്കാന്‍ ഇനി സാധ്യതയുണ്ടോ? അതത്ര പ്രയാസമല്ലെന്നാണ്‌ പോളിന്റെ മറുപടി. ഫൊക്കാന എന്ന പേര്‌ സ്വീകരിച്ച്‌ എല്ലാവരും ഒരുമിച്ചുകൂടി ഭാരവാഹികളെ തെരഞ്ഞെടത്താല്‍ സംഘടന ഒന്നാകും.
സംഘടനാ പ്രവര്‍ത്തനവും സേവനവും ജീവിത ദൗത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക