Image

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം കോടതിക്കു പുറത്ത്‌ തീര്‍ക്കണം: കേരളം

Published on 23 November, 2011
മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം കോടതിക്കു പുറത്ത്‌ തീര്‍ക്കണം: കേരളം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലി കേരളം തമിഴ്‌നാടും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കോടതിക്കു പുറത്ത്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കണമെന്ന്‌ കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.

ഇപ്പോള്‍ നടക്കുന്ന സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീരാന്‍ സമയമെടുക്കും. അതിന്‌ നില്‍ക്കാതെ, തമിഴ്‌നാടിന്‌ വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്‌ ഇടപെടേണ്ട സന്ദര്‍ഭമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു.

ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി നടത്തിയ കൂടിക്കാഴ്‌ചക്ക്‌ പുറമെ, ഇന്നലെ ജലവിഭവ മന്ത്രി പി.കെ ബന്‍സലുമായി മന്ത്രിസംഘം ചര്‍ച്ച നടത്തി. തമിഴ്‌നാടിന്‌ ഇപ്പോള്‍ നല്‍കുന്ന വെള്ളം ഭാവിയിലും നല്‍കാനും പുതിയ അണക്കെട്ടിന്‍െറ നിര്‍മാണ ചെലവ്‌ സ്വയം വഹിക്കാനുമുള്ള സന്നദ്ധത കേരളം ആവര്‍ത്തിച്ചു. ഈ ഉറപ്പുകള്‍ ഉള്‍ക്കൊള്ളിച്ച്‌ കേരളം കത്തു നല്‍കണമെന്ന്‌ ജലവിഭവ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ കിട്ടുന്ന മുറക്ക്‌ സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ചക്ക്‌ വഴിയൊരുക്കാന്‍ കേന്ദ്രം ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭൂകമ്പസാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രദേശത്ത്‌ ഈയിടെയുണ്‌ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ ലക്ഷത്തില്‍ ഒന്നു സാധ്യത പോലും എടുക്കാനാകില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും ധനമന്ത്രി കെ.എം. മാണിയും പറഞ്ഞു. കേന്ദ്രം നല്‌കിയ ഉറപ്പിനെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന്‌ തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം ചേരാന്‍ തീരു മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക