Image

“അച്ഛനെയാണെനിക്കിഷ്ടം”- സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 16 June, 2014
“അച്ഛനെയാണെനിക്കിഷ്ടം”- സണ്ണി മാമ്പിള്ളി
'സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍
അറിയാതെ ഉരുകുമെന്‍
അച്ഛനെയാണെനിക്കിഷ്ടം'
2007-ലെ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ ദുര്‍ഗ വിശ്വനാഥന്‍ തന്റെ അച്ഛനെ ഓര്‍ത്തുകൊണ്ട് വികാരാധീനയായി ആ ഗാനം ആലപിച്ചപ്പോള്‍ കാണികള്‍ കരഞ്ഞു. വിധികര്‍ത്താക്കള്‍ വിതുമ്പി.

നിശയുടെ നിശബ്ദതയില്‍ നിര്‍ലീനയായ ഭൂമിയെ ഉദയസൂര്യന്‍ തന്റെ വര്‍ണ്ണാങ്കിത മൃദുല രശ്മികളാല്‍ തഴുകി ഉണര്‍ത്തുന്നതുപോലെ, പ്രഭാത വെയില്‍ എന്റെ അരികത്തണഞ്ഞ് എന്നെ തഴുകി ഉണര്‍ത്തുന്ന എന്റെ അച്ഛനെയാണെനിക്കിഷ്ടം. ഞാനൊന്ന് കരയുമ്പോള്‍ എന്റെ വേദനയെ ഉള്ളിലൊതുക്കി ഉരുകിത്തീരുമെന്റെ അച്ഛനെയാണെനിക്കിഷ്ടം കൈതപ്രത്തിന്റെ ഈ വരികളിലൂടെ ഒരു പിതാവിന്റെ നിതാന്ത സ്‌നേഹത്തിന്റെ നില്‍ക്കാത്തനിത്സരി നിറഞ്ഞൊഴുകുകയാണ്.

മാനവ ചരിത്രത്തിലാദ്യമായി മറ്റൊരാത്മീയ പ്രബോധകരും വെളിപ്പെടുത്താത്ത യേശുവിന്റെ പ്രഖ്യാപനമാണ് ഈ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ പിതാവേ എന്ന് വിളിച്ചതും അങ്ങിനെ വിളിക്കണമെന്ന് ശിഷ്യന്മാരോട് കല്പിച്ചതും. പിതൃമഹത്വത്തെ ദൈവത്തോളമുയര്‍ത്തിയ ക്രിസ്തുദേവന്‍ പിതൃഹിതം നിറവേറ്റുവാനും പിതാവിനെപ്പോലെയാകുവാനും ശ്രമിച്ചു ഓര്‍മ്മവച്ചനാള്‍ മുതല്‍ നാം നമ്മുടെ പിതാവിനെ റോ മോഡലായി കാണുവാനും അന്ധമായി അനുകരിക്കുവാനും ശ്രമിക്കാറുണ്ടല്ലോ.

നല്ലൊരു പിതാവിന്റെ ചിത്രം ബൈബിളില്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഓഹരിയെല്ലാം വാങ്ങി വീട് വിട്ടിറങ്ങിയ മകന്‍ എല്ലാം നഷ്ടപ്പെടുത്തി തിരിച്ച് വരുന്നത് ദൂരെ നിന്നുതന്നെ അറിഞ്ഞ പിതാവിതാ മകന്റെ അടുത്തേക്ക് ഓടി ചെല്ലുന്നു മാറോടണക്കുന്നു. മകന്റെ തെറ്റുകളെല്ലാം മറക്കാനും മാപ്പു നല്‍കാനും മടിക്കുന്നില്ല. ഒരു പിതാവിന്റെ അതിരുകളില്ലാത്ത, അളവുകളില്ലാത്ത വ്യവസ്ഥകളില്ലാത്ത അനന്തമായ സ്‌നേഹം.

നല്ലൊരു ഭര്‍ത്താവിനുമാത്രമേ നല്ലൊരു പിതാവായിരിക്കാന്‍ സാധിക്കൂ. താനുമായി വിവാഹബന്ധം ഉറപ്പിച്ച മറിയം ഗര്‍ഭിണിയായി കാണപ്പെട്ടപ്പോള്‍, അന്നത്തെ നിയമം അനുശാസിക്കുന്ന വിധത്തില്‍ മറിയത്തെ പരസ്യ വിചാരണ നടത്തി കല്ലെറിഞ്ഞ് കൊല്ലാമായിരുന്നു. പക്ഷേ ജോസഫ് മറിയത്തിന്റെ സല്‍പേരിനോ ജീവനോ ഹാനിവരുത്താതെ രസഹ്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജീവിത പങ്കാളിയെ സ്‌നേഹിക്കാനും സേവിക്കാനും, സഹായിക്കാനും സന്നദ്ധനായ ജോസഫ് ലോകരക്ഷകന്റെ വളര്‍ത്തുപിതാവെന്ന പദവിയിലേക്കുയര്‍ത്തപ്പെട്ടു.
ദൈവം ഈ പ്രപഞ്ചത്തില്‍ സൃഷ്ടികര്‍മ്മം നടത്തുന്ന സൃഷ്ടവസ്തുക്കളെ പരിപാലിക്കുന്നു. ഓരോ പിതാവും മക്കള്‍ക്ക് ജന്മംനല്‍കി അവരെ പരിരക്ഷിച്ചു പരിപാലിക്കുന്നു.

വാഗ്ദാനത്തോടു കൂടിയ ദൈവ വചനം ബൈബിളില്‍ നാം വായിക്കുന്നു പിതാവിനെ ബഹുമാനിക്കുന്നവനെ, അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവര്‍ ദീര്‍ഘകാലം ജീവിക്കും.(പ്രഭാ 3:5-6)

ദൈവം സ്‌നേഹമാണ് അതുകൊണ്ട് സ്‌നേഹമുള്ളിടത്ത് ദൈവമുണ്ട്. ദൈവമുള്ളിടത്ത് സ്വര്‍ഗ്ഗമുണ്ട്. 'ഫാദേഴ്‌സ് ഡേ' ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ കൊച്ചു കുടുംബങ്ങളെ കൊച്ചുസ്വര്‍ഗ്ഗങ്ങളാക്കി മാറ്റാം.


“അച്ഛനെയാണെനിക്കിഷ്ടം”- സണ്ണി മാമ്പിള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക