Image

തെരുവോരത്തെ താരങ്ങള്‍ (അഷ്‌ടമൂര്‍ത്തി)

Published on 16 June, 2014
തെരുവോരത്തെ താരങ്ങള്‍ (അഷ്‌ടമൂര്‍ത്തി)
സദസ്സിലെ ഇടത്തു വശത്ത്‌ മുന്‍നിരയിലാണ്‌ അവരെ ഇരുത്തിയിരുന്നത്‌. ആദ്യമായാണ്‌ അവരെ കാണുന്നതെങ്കിലും എല്ലാം പരിചിതമുഖങ്ങള്‍. കഴിഞ്ഞ രണ്ടാഴ്‌ചയായി എന്റെ നാട്ടിലെ വഴിയോരങ്ങളിലൊക്കെ നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളായിരുന്നുവല്ലോ അവ. വഴിയോരങ്ങള്‍ ഈയിടെയായി ചിത്രപ്രദര്‍ശനശാലകളാണ്‌. വിശേഷിച്ചും കവലകള്‍. അവ നിറയെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളാണ്‌. വഴിവെട്ടാനും പാലം കെട്ടാനും സ്വന്തം ഫണ്ടില്‍നിന്ന്‌ തുക അനുവദിച്ചതിന്‌ എം എല്‍ എയ്‌ക്കും എം പിയ്‌ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌, പാര്‍ട്ടി ഫണ്ട്‌ സമാഹരിയ്‌ക്കാന്‍ സംഭാവന അഭ്യര്‍ത്ഥിച്ചുകൊണ്ട്‌, വിവാഹവാര്‍ഷികത്തിന്‌ മംഗളങ്ങള്‍ നേര്‍ന്നു കൊണ്ട്‌, മരിച്ചുപോയവര്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌. (തെറ്റിയതല്ല; മലയാളം മുന്തിയ ഭാഷയാണെന്നു തീരുമാനമായതില്‍പ്പിന്നെ അങ്ങനെയേ എഴുതൂ ഞങ്ങളുടെ നാട്ടുകാര്‍.) അവസാനം പറഞ്ഞത്‌ വളരെ ഉപകാരപ്രദമാണെന്ന്‌ അനുഭവമുണ്ട്‌. കൈതവളപ്പില്‍ കല്യാണിയും ചീരക്കാട്ടില്‍ രാവുണ്ണിയും മരിച്ചത്‌ അങ്ങനെയാണ്‌ അറിഞ്ഞത്‌. പലരും മരിച്ചതിനു ശേഷമാണ്‌ അങ്ങനെയൊരാള്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്ന്‌ അറിയുക. അങ്ങനെയല്ലാത്ത വരുമുണ്ട്‌. നിത്യം കാണുന്ന മുഖങ്ങള്‍. തലേന്ന്‌ ബസ്സു കേറാന്‍ ഒപ്പം നിന്ന കൂനപ്പറമ്പില്‍ തിലകന്‍ പിറ്റേന്നു രാവിലെ ഫ്‌ളെക്‌സിന്റെ രൂപത്തിലാണ്‌ ബസ്‌ സ്റ്റോപ്പില്‍ നിന്നത്‌. പൊതുവെ വിരസമായ ദിവസങ്ങളെ കുറച്ചെങ്കിലും പ്രസാദാത്മകമാക്കുന്നത്‌ ഈ ചിത്രങ്ങളാണ്‌. പുറത്തിറങ്ങുമ്പൊഴേ ശ്രദ്ധിയ്‌ക്കുന്നത്‌ അതാണ്‌. പുതിയ മുഖങ്ങള്‍ ഉണ്ടോ? തലേന്ന്‌ ശുഭരാത്രി പറഞ്ഞു പോയവര്‍? പക്ഷേ ഈയിടെയായി ആരെയും കാണാനില്ലല്ലോ! ആറാട്ടുപുഴക്കാരെ കാലനും വേണ്ടാതായോ എന്ന്‌ ആശങ്കപ്പെടുകയായിരുന്നു.

ഈ ശൂന്യത മാറിക്കിട്ടിയത്‌ മാര്‍ച്ച്‌ മാസത്തില്‍ ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുപ്പുപ്രഖ്യാപിച്ചതോടെയാണ്‌. മരിച്ചുപോയവരുടെ മ്ലാനമുഖങ്ങളല്ല. ജീവിച്ചിരിയ്‌ക്കുന്നവരുടെ തന്നെ.ചിരിച്ചുകൊണ്ടൊന്ന്‌. ചിഹ്നത്തോടെയൊന്ന്‌. കൈകൂപ്പിയൊന്ന്‌. കൈയുയര്‍ത്തിയൊന്ന്‌.ഇടത്തെ കൈ കൊണ്ട്‌ മുണ്ടിന്‍ തുമ്പു പിടിച്ചും വലത്തെ കൈ കൊണ്ട്‌ അഭിവാദ്യം ചെയ്‌തുംഅന്യത്ര. വേഷത്തിനുമുണ്ട്‌ പ്രത്യേകത. തൂവെള്ള മുണ്ടും അത്ര തന്നെ വെളുത്ത ഷര്‍ട്ടും.തിരഞ്ഞെടുപ്പായതുകൊണ്ട്‌ ധാരാളം ചിഹ്നങ്ങള്‍ അകമ്പടിയായുണ്ട്‌. കൈയും കലപ്പയുംആനയും ആട്ടിന്‍കുട്ടിയും അരിവാളും അറക്കവാളും ചൂലും ചുറ്റികയും താമരയും താക്കോലും.കാവിയും ചുവപ്പും പച്ചയും വെളുപ്പുമൊക്കെയായി വിവിധവര്‍ണ്ണങ്ങളിലാണ്‌ പോസ്റ്ററുകള്‍. എന്തിനാണ്‌ ഒരു കവലയില്‍ത്തന്നെ ഒരാളുടെ ഇത്രയധികം ചിത്രങ്ങള്‍, ആളെ അറിയാന്‍ ഒരെണ്ണംപോരേ എന്ന്‌ ഒരു ശുദ്ധാത്മാവ്‌ മറ്റൊരാളോടു സംശയം ചോദിയ്‌ക്കുന്നതു കേട്ടു. പോരാ. ഒരാളുടെതന്നെ നിരവധിചിത്രങ്ങള്‍ നിരനിരയായി കണ്ടാല്‍ അതിന്‌ ഒരു പ്രത്യേക ഇഫക്‌റ്റ്‌ ആണ്‌.നെയ്യ്‌ ഏറിയതു കൊണ്ട്‌ അപ്പം കേടുവരില്ലല്ലോ.

ഇത്തവണ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ കുറച്ച്‌ പരുക്കനായിരുന്നു.സ്ഥാനാര്‍ത്ഥികളെ എങ്ങനെയൊക്കെ വിരട്ടാം എന്നായിരുന്നു അവരുടെ നോട്ടം. കാമറയും തൂക്കിനിരീക്ഷകര്‍ തലങ്ങും വിലങ്ങും ചുറ്റിക്കറങ്ങി. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കള്ളപ്പണമുണ്ടോഎന്ന്‌ പരിശോധിച്ചു. വാഹനത്തില്‍ പടം വെച്ചത്‌ ഉടമസ്ഥന്റെ അനുവാദത്തോടെയാണോ എന്ന്‌അന്വേഷിച്ചു. റോഡില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നില്ലെന്ന്‌ ഉറപ്പു വരുത്തി. വെയ്‌ക്കാന്‍ പാടില്ലാത്തസ്ഥലങ്ങളില്‍ വെച്ച ചിത്രങ്ങള്‍ ഉടനെയുടനെ എടുത്തുമാറ്റി. പറിച്ചെടുക്കാന്‍ പറ്റാത്തവയില്‍ കരി ഓയില്‍ ഒഴിച്ച്‌ വികൃതമാക്കി. അതുകൊണ്ട്‌ അവസാനിച്ചുവോ? കോരിയൊഴിച്ച കരി ഓയിലിന്റെ വിലയടക്കം സ്ഥാനാര്‍ത്ഥികളുടെ കയ്യില്‍നിന്നു പിഴയും ഈടാക്കി.

ഏപ്രില്‍ 10ന്‌ വോട്ടെടുപ്പു കഴിഞ്ഞു. ഇനി അടുത്ത അഞ്ചു കൊല്ലത്തേയ്‌ക്ക്‌ അവര്‍റോഡു വക്കത്ത്‌ വെയിലു കൊണ്ട്‌ നില്‍ക്കേണ്ട കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പു കമ്മീഷനുംഅതാണ്‌ പറയുന്നത്‌. വോട്ടെടുപ്പിനു ശേഷം ചിത്രങ്ങള്‍ എടുത്തു മാറ്റണം. കുറേയൊക്കെ മാറ്റുകയും ചെയ്‌തു. എന്നാലും വലിയ ഫ്‌ളെക്‌സുകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാം അവിടവിടെ ചിരിച്ചുകൊണ്ടു തന്നെ നിന്നു. മേയ്‌ 16നു ശേഷം ഇതിലെത്ര ചിരി ബാക്കിനില്‍ക്കും എന്ന ഉല്‍ക്കണ്‌ഠമാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു.

ചിരിയ്‌ക്കുന്ന മുഖങ്ങള്‍ നാടിന്‌ ഒരൈശ്വര്യമാണല്ലോ. അതുകൊണ്ട്‌ അവര്‍ അവിടെത്തന്നെ നിന്നോട്ടെ കുറച്ചു കാലം. എന്നാലും അധികകാലം പറ്റില്ല. വൈകാതെ എടവപ്പാതിയെത്തും. അതോടെ മുഖങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്ന്‌ ഒലിച്ചുപോവും. പിന്നെ മരിച്ചവരേനമുക്കു കൂട്ടിനുണ്ടാവൂ. അതിന്‌ ഒരു ഗുണവുമുണ്ട്‌. രാവിലെ കണ്ണും തിരുമ്മി വരുന്നവരുടെ

മുമ്പില്‍ മുഖങ്ങള്‍ മാറിമാറി വരുമല്ലോ. ബോറടിയ്‌ക്കില്ല. മരിച്ചു പോയവരായതുകൊണ്ട്‌ ആര്‍ക്കുംപരാതിയുമില്ല. അവരങ്ങനെ `ആദരാജ്ഞലികള്‍' ഏറ്റുവാങ്ങി അല്‍പദിവസം നില്‍ക്കും. പിന്നെപിന്‍ഗാമികള്‍ക്ക്‌ സ്ഥലം മാറിക്കൊടുക്കും.

എന്നാലും നേതാക്കളേപ്പോലെ ഐശ്വര്യമുണ്ടോ അവര്‍ക്ക്‌? എത്രയായാലും മരിച്ചവരല്ലേ?അവര്‍ക്കിനി നമ്മുടെ ഇടയില്‍ എന്തു കാര്യം? ശങ്കരക്കുറുപ്പിന്റെ `ഇന്നു ഞാന്‍ നാളെ നീ' എന്നവരികള്‍ ഓര്‍മ്മിപ്പിയ്‌ക്കുകയല്ലാതെ?

അപ്പോഴാണ്‌ ഒരിടക്കാല ബോണസ്‌ പോലെ പത്താം ക്ലാസ്സ്‌ പരീക്ഷാഫലം വന്നത്‌.പണ്ടൊക്കെ എടവപ്പാതിയ്‌ക്കു തൊട്ടുമുമ്പാണ്‌ വരാറുള്ളത്‌. ബേബിമന്ത്രി വന്നതില്‍പ്പിന്നെഅതിന്‌ കുറച്ച്‌ സ്‌പീഡാക്കി. റബ്ബുമന്ത്രി അതിലേറെ അക്ഷമനാണ്‌. ഓരോ കൊല്ലവും അത്‌നേര്‍ത്തെനേര്‍ത്തെയാക്കിക്കൊണ്ടു വരികയാണ്‌ അദ്ദേഹം. പറ്റുമെങ്കില്‍ പരീക്ഷയ്‌ക്കു മുമ്പേതന്നെ ഫലം പ്രഖ്യാപിയ്‌ക്കണം എന്നുണ്ട്‌ അദ്ദേഹത്തിന്‌. അടുത്ത കൊല്ലം നടക്കുമായിരിയ്‌ക്കും.ഇത്തവണ മന്ത്രി വിഷുവിന്റെ പിറ്റേന്നാണ്‌ പത്രസമ്മേളനം വിളിച്ചത്‌. മിക്കവാറും എല്ലാവരുംജയിച്ചിട്ടുണ്ട്‌. അവരില്‍ ആയിരക്കണക്കിനുണ്ട്‌ ഏ-പ്ലസ്സുകാര്‍.

അതു നന്നായി. തെരുവുകളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ക്കു പകരം അവരുടെ ചിത്രങ്ങളായി. എല്ലാ വിഷയങ്ങള്‍ക്കും ഏ-പ്ലസ്‌ കിട്ടിയ കുട്ടികള്‍. അവര്‍ എണ്ണത്തില്‍ അത്ര കുറവൊന്നുമല്ല. നേതാക്കളേക്കാള്‍ കൂടും തീര്‍ച്ച. ചിഹ്നത്തിന്റെ അകമ്പടിയില്ലെന്നേയുള്ളു. പകരംപ്രകീര്‍ത്തനങ്ങളുണ്ട്‌. `ആറാട്ടുപുഴയുടെ അഭിമാനം', `നാടിന്റെ വിജയപുത്രന്‍/ത്രി', `ജനങ്ങളുടെകണ്ണിലുണ്ണി', `പഞ്ചായത്തിന്റെ പൊന്നോമന', `വല്ലച്ചിറയുടെ വഴികാട്ടി' എന്നൊക്കെയാണ്‌സാഹിത്യം. ഇതൊക്കെ വായിച്ചാല്‍ ഒരു മാതിരിപ്പെട്ട ആളുകളൊക്കെ ആവേശഭരിതരാവേണ്ടതാണ്‌. പകലിരവുകള്‍ കമ്പിറാന്തലിന്റെ അരണ്ട വെളിച്ചത്തിലിരുന്ന്‌ കുരുക്ഷേത്രയുദ്ധത്തില്‍ ആവനാഴിയിലെ അമ്പുകളത്രയും എയ്‌തെയ്‌ത്‌ അപൂര്‍വ്വവിജയം നേടിയ അര്‍ജ്ജുന്റെ പൊന്നോമനപ്പുത്രന്‍ ചക്രവ്യൂഹത്തില്‍ നിന്ന്‌ അത്ഭുതകരമാംവണ്ണം രക്ഷപ്പെട്ടതുപോലെ നമ്മുടെ നാടിന്റെവീരപുത്രന്‍ അഭിമന്യുണ്ട എന്ന്‌ കെ. കെ. അഭിമന്യുവിന്റെ ഫ്‌ളെക്‌സ്‌ കണ്ടിട്ട്‌ എനിയ്‌ക്കുണ്ടായകോരിത്തരിപ്പ്‌ ഇതുവരെ മാറിയിട്ടില്ല. അപ്പോഴും ഉണ്ടായിരുന്നു ദോഷൈകദൃക്കുകള്‍. പകല്‍എന്തിനാണ്‌ കമ്പിറാന്തല്‍? അഭിമന്യു ചക്രവ്യൂഹത്തില്‍നിന്നു രക്ഷപ്പെട്ടില്ലല്ലോ. വാചകത്തില്‍വ്യാകരണപ്പിശകുമുണ്ടത്രേ. ഇവരേക്കൊണ്ടു തോറ്റു. ഒരാവേശത്തില്‍ അങ്ങനെയൊക്കെ എഴുതിപ്പോയതാണെന്നു വിചാരിച്ചാല്‍ പോരേ? പരദൂഷണക്കാരുമുണ്ടായിരുന്നു. അച്ഛനമ്മമാരാണത്രേസ്വന്തം പണമെടുത്ത്‌ മക്കളുടെ ഫ്‌ളെക്‌സ്‌ വെയ്‌ക്കുന്നത്‌. അവര്‍ക്കതിന്റെ വല്ല ആവശ്യവുമുണ്ടോ? അതിന്‌ നാട്ടില്‍ എത്രയെത്ര സംഘടനകളുണ്ട്‌! ജാതിയും മതവും തിരിച്ച്‌. പള്ളികളും പള്ളിക്കൂടങ്ങളും തിരിച്ച്‌. സമുദായങ്ങളും സംഘനടകളും തിരിച്ച്‌. പുറമേ ഏ ഐ വൈഎഫ്‌, ഡി വൈ എഫ്‌ ഐ, യൂത്ത്‌ കോണ്‍ഗ്രസ്സ്‌, യുവ മോര്‍ച്ച മുതല്‍ ഈ തിരഞ്ഞെടുപ്പുകാലത്തു പൊട്ടിമുളച്ച പാര്‍ട്ടികളുടെ യുവജനസംഘടനകള്‍ വരെയുള്ളവര്‍ തമ്മില്‍ത്തമ്മില്‍ മത്സരിച്ച്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിയ്‌ക്കുകയായിരുന്നില്ലേ? രണ്ടു കൊല്ലം കഴിഞ്ഞാല്‍ വോട്ടു ചെയ്യാന്‍ സ്‌കൂള്‍ വരാന്തയില്‍ ക്യൂ നില്‍ക്കേണ്ടവരല്ലേ ഇന്നത്തെ ഏ-പ്ലസ്സുകാര്‍?

പത്താം ക്ലാസ്സുകാരേക്കൊണ്ട്‌ അവസാനിച്ചില്ല. മന്ത്രി പിന്നെയും വന്നു പത്രസമ്മേളനംനടത്താന്‍. പ്ലസ്‌-ടൂക്കാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കാര്‍. ഇതിന്റെയൊക്കെ സി ബിഎസ്‌ സി പരീക്ഷയെഴുതിയവര്‍. തെരുവോരങ്ങളൊക്കെ കുട്ടികളുടെ ചിത്രങ്ങളേക്കൊണ്ട്‌നിറഞ്ഞു. ഒരേ സ്ഥലത്തു തന്നെ ചിലരുടെ ഒന്നിലധികം ചിത്രങ്ങള്‍. ചിത്ര ാഹുല്യം കണ്ട്‌സിനിമാ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ തന്നെ അന്തം വിട്ടുനിന്നു. സൂപ്പര്‍ താരങ്ങളുടെ പടങ്ങള്‍ തുടരെത്തുടരെ പൊട്ടിപ്പൊളിയുന്നതു വെറുതെയാണോ?

ഇതിനിടെ തിരഞ്ഞെടുപ്പു ഫലം വന്നു, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ജയിച്ചവര്‍ നമ്പി രേഖപ്പെടുത്താന്‍ വീണ്ടും കൈകൂപ്പി എത്തി. നരേമ്പ്ര മോദി രക്ഷകന്റെ വേഷത്തില്‍കയ്യുയര്‍ത്തിയും എത്തി. എന്നിട്ടും തെരുവിലെ ചിത്രങ്ങളെ അതു കാര്യമായി ബാധിച്ചില്ല. അവര്‍എല്ലാവരേയും വെല്ലുവിളിച്ചുകൊണ്ട്‌ വഴിയരികില്‍ വിളങ്ങി നിലകൊണ്ടു. എന്നാലും വെറുതെനില്‍പ്പായിരുന്നില്ല അവര്‍. നാടു നീളെ സ്വീകരണമായിരുന്നു. ദേശവും വാര്‍ഡും തിരിച്ച്‌.നായരും നമ്പൂരിയും തിരിച്ച്‌. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും തിരിച്ച്‌. എല്ലാത്തിനും വേറെ വേറെവിളം രങ്ങള്‍. വര്‍ണ്ണചിത്രങ്ങള്‍. നാട്ടില്‍ പരക്കെ സമ്മേളനങ്ങള്‍, സമ്മാനദാനങ്ങള്‍.അത്തരമൊരു സമ്മേളനത്തില്‍ സംബന്ധിയ്‌ക്കേണ്ടി വന്നു എനിയ്‌ക്കും. അതിന്റെ വേദിയില്‍ഇരിയ്‌ക്കുമ്പോഴാണ്‌ തുടക്കത്തില്‍ പറഞ്ഞതു പോലെ സദസ്സിന്റെ ഇടത്ത്‌ അവരെ ഇരുത്തിയിരിയ്‌ക്കുന്നത്‌ കാണാനായത്‌.

കുട്ടികളുടെ അച്ഛനമ്മമാരും ബന്ധുക്കളും കൂട്ടുകാരുമടക്കം വലിയ ഒരു സദസ്സുണ്ട്‌. വേദിയില്‍എം എല്‍ എ ഉണ്ട്‌. വാര്‍ഡു മെമ്പര്‍മാരുണ്ട്‌. നാട്ടിലെ പ്രമാണിമാരുമുണ്ട്‌. ശീതളപാനീയംയേഥേഷ്ടം വെച്ചിട്ടുണ്ട്‌. മുന്നിലിരിയ്‌ക്കുന്ന ചെറിയ കുട്ടികളുടെ കണ്ണുകള്‍ വേദിയിലെ മേശപ്പുറത്താണ്‌. ജേതാക്കള്‍ക്കു നല്‍കാനുള്ള സമ്മാനങ്ങള്‍ നിരത്തിവെച്ചിട്ടുള്ളത്‌ അവിടെയാണ്‌.പ്രത്യേകിച്ചു പറയേണ്ടല്ലോ, സമ്മാനം ഏറ്റു വാങ്ങേണ്ടവരുടെ ചിത്രങ്ങള്‍ എമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. അതിനൊക്കെപ്പുറമേ സദസ്സില്‍ ഇടത്തു വശത്ത്‌ അവര്‍ നിരന്നിരിയ്‌ക്കുന്നുമുണ്ട്‌.അദ്ധ്യക്ഷന്‍ പ്രസംഗം തുടങ്ങി. അമ്പതു കൊല്ലം മുമ്പത്തെ കാര്യങ്ങളാണ്‌. അന്നൊക്കെഇന്നത്തേപ്പോലെ ബസ്സ്‌ സൗകര്യം ഇല്ല. സ്‌കൂളിലേയ്‌ക്ക്‌ നാലു നാഴിക നടന്നാണ്‌ പോയിരുന്നത്‌.പുസ്‌തകങ്ങളും കുടയും വാങ്ങാനൊന്നും പണമില്ല. വളരെ ബുദ്ധിമുട്ടിയാണ്‌ പഠിച്ചിരുന്നത്‌.
പത്താം ക്ലാസ്‌ ജയിച്ചത്‌ ഫസ്റ്റ്‌ ക്ലാസ്സിലാണ്‌. അന്ന്‌ ഫസ്റ്റ്‌ ക്ലാസ്‌ കിട്ടുന്നതൊക്കെ അപൂര്‍വ്വം.കിട്ടിയാല്‍ത്തന്നെ ഇത്തരം പടം വെയ്‌പില്ല. കൊട്ടിഗ്‌ഘോഷമില്ല. സമ്മാനവിതരണവും ഇല്ല.നിങ്ങള്‍ ഒന്ന്‌ മനസ്സിലാക്കണം. ഇതൊന്നും അത്ര വലിയ കാര്യമല്ല. അത്‌ അങ്ങനെയാണെന്നുതെറ്റിദ്ധരിച്ച്‌ അഹങ്കരിയ്‌ക്കരുത്‌. സ്വന്തം ചിത്രം പിന്നെയും പിന്നെയും കാണുമ്പോള്‍ നിങ്ങള്‍ക്കുതന്നെ തോന്നും നിങ്ങള്‍ ആരൊക്കെയോ ആണെന്ന്‌. അതു പാടില്ല. അതുകൊണ്ട്‌ ഈപ്രോത്സാഹനത്തില്‍ അടി പതറാതെ പഠിയ്‌ക്കുക. പാഠപുസ്‌തകങ്ങള്‍ മാത്രമല്ല, എല്ലാം വായിയ്‌ക്കണം. ചുറ്റുപാടുകള്‍ മനസ്സിലാക്കണം. ജീവിതം എന്താണെന്ന്‌ അറിയണം. ഈ ഏ-പ്ലസ്‌ഒന്നുമല്ല. ജീവിതത്തിന്റെ ഏ-പ്ലസ്‌ നേടാനാണ്‌ ശ്രമിയ്‌ക്കേണ്ടത്‌.

കുട്ടികളുടെ ശ്രദ്ധ പതറിയിരുന്നു. അവര്‍ തമ്മില്‍ത്തമ്മില്‍ പിറുപിറുക്കുന്നുണ്ട്‌. മുന്നിലിരിയ്‌ക്കുന്ന ചെറിയ കുട്ടികള്‍ പരസ്‌പരം തോണ്ടിയും ചിരിച്ചും എന്തൊക്കെയോ പറയുകയാണ്‌.അവര്‍ക്കുണ്ടോ അദ്ധ്യക്ഷന്‍ പറയുന്നതു കേള്‍ക്കാനുള്ള ക്ഷമ? അല്ലെങ്കിലും ഇന്ന്‌ അന്നത്തേപ്പോലെ ദാരിദ്ര്യമില്ലാത്തത്‌ അവരുടെ കുറ്റം കൊണ്ടല്ലല്ലോ.

എം എല്‍ എയ്‌ക്ക്‌ ഇതുപോലെ മറ്റൊരു സമ്മേളനത്തിന്‌ പുതുക്കാട്ട്‌ എത്തേണ്ടതുണ്ട്‌.അദ്ധ്യക്ഷന്‌ ചിറ്റു പോയി. എന്നിട്ടും അര മണിക്കൂര്‍ കൂടി സംസാരിച്ചേ അദ്ദേഹം മൈക്ക്‌ വിട്ടുകൊടുത്തുള്ളു. തുടര്‍ന്ന്‌ ചടങ്ങുകള്‍ പൊടുന്നനെ മുന്നേറി. ആശീര്‍വാദങ്ങളും ആശംസകളുംപൊടിപാറി.

സമ്മേളനവേദിയില്‍നിന്ന്‌ പുറത്തെത്തിയപ്പോള്‍ എതിരേറ്റത്‌ ഒരു ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌.`നാരായണങ്കാട്ടില്‍ അച്ചുതന്‍കുട്ടിയ്‌ക്ക്‌ ആദരാജ്ഞലികള്‍'. അല്‍പനേരം ഞാന്‍ അന്തം വിട്ടുനിന്നു.

ഏഴാം ക്ലാസു വരെ എന്റെ സഹപാഠിയായിരുന്നു അച്ചുതന്‍കുട്ടി. ഏഴില്‍ തോറ്റതോടെപഠിപ്പു നിര്‍ത്തി, കുലത്തൊഴിലായ ആശാരിപ്പണിയിലേയ്‌ക്കു തിരിഞ്ഞു. നാലു കൊല്ലം മുമ്പ്‌പക്ഷാഘാതം വന്നു. രോഗം ഭേദമായെങ്കിലും വിശ്രമജീവിതം നയിയ്‌ക്കുകയായിരുന്നു.അച്ചുതന്‍കുട്ടി മരിച്ചത്‌ അറിഞ്ഞില്ലല്ലോ. മാത്രമല്ല സമ്മേളനസ്ഥലത്തേയ്‌ക്ക്‌ നടക്കുമ്പോള്‍ ഇതു കണ്ടതുമില്ലല്ലോ. അത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അച്ചുതന്‍കുട്ടിയുടെ മരുമകന്‍പ്രഹ്ലാദന്‍ അടുത്തെത്തി.

`അര മണിക്കൂറേ ആയുള്ളു മാഷേ. ഇന്നു തന്നെ ഗുഡ്‌ നൈറ്റ്‌ അടിയ്‌ക്കും എന്ന്‌ ശിവരാമന്‍ ഡോക്ടറ്‌ ഉറപ്പു തന്നിരുന്നു. ഞാന്‍ നേരെ പെരുമ്പിള്ളിശ്ശേരീല്‌ പോയി ഫ്‌ളെക്‌സ്‌ ശരിയാക്കി വന്നു. ഇതൊന്നും വൈകിച്ചാല്‍ ശരിയാവില്ലല്ലോ.'

മിടുക്കനായ പണിക്കാരനായിരുന്നു അച്ചുതന്‍കുട്ടി. എന്തെങ്കിലും മരപ്പണി വേണ്ടിവന്നാല്‍എല്ലാവരും ആദ്യം അന്വേഷിയ്‌ക്കുക അച്ചുതന്‍കുട്ടിയെ ആയിരുന്നു. അതുകൊണ്ടു തന്നെകിട്ടാന്‍ വിഷമവുമായിരുന്നു. നാട്ടിലെല്ലാവരും അറിയേണ്ട മരണം. എവിടെയൊക്കെ വെയ്‌ക്കുന്നുണ്ടാവും അച്ചുതന്‍കുട്ടിയുടെ മരണവിളംരം?

`കളര്‍ കോമ്പിനേഷന്‍ അടിപൊളിയായിട്ടുണ്ട്‌ ഇല്യേ മാഷേ.' പ്രഹ്ലാദന്‍ ഫ്‌ളെക്‌സില്‍അഭിമാനത്തോടെ തലോടി. `എന്റെ ഫ്‌ളെക്‌സ്‌ വെയ്‌ക്കുമ്പൊ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ മതീന്നു പറഞ്ഞതാ കുട്ടിമാമന്‍. ജീവിച്ചിരിയ്‌ക്കുമ്പോഴും പിശുക്കനായിരുന്നൂലോ മാമന്‍. അതു ശരിയാവില്ലെന്നു ഞാന്‍ പറഞ്ഞു. മരിച്ച ആളടെയാച്ചാലും ഒരിദൊക്കെ വേണ്ടേ. കാശു ചെലവാക്കണ്ട സമയത്ത്‌ ചെലവാക്കണം. ശരിയല്ലേ മാഷേ?'

അതു ശരിയാണ്‌ എന്നു സമ്മതിച്ചുകൊണ്ട്‌ തലയാട്ടിയപ്പോള്‍ അച്ചുതന്‍കുട്ടി എന്നെഅത്ര സുഖമല്ലാത്ത ഒരു നോട്ടം നോക്കി.
തെരുവോരത്തെ താരങ്ങള്‍ (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക