Image

കരകാണാക്കടല്‍(നോവല്‍: അവസാനഭാഗം) -മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി) Published on 20 June, 2014
കരകാണാക്കടല്‍(നോവല്‍: അവസാനഭാഗം)  -മുട്ടത്തുവര്‍ക്കി)
19.കാണാന്‍ ചേലുള്ള മണവാട്ടിപ്പെണ്ണ്
തോമ്മാ ബസ്സില്‍ കയറി പട്ടണത്തിലെത്തിയപ്പോള്‍ നേരം രാത്രിയായി. നല്ല നിലാവിനും പുറമേ വഴിയിലെല്ലാം വൈദ്യുതവിളക്കുകളുടെ വെളിച്ചമുണ്ടായിരുന്നു. പകല്‍പോലെ തോന്നിച്ചു.
താന്‍ ജനിച്ചു വളര്‍ന്ന പട്ടണം തന്റെ വിയര്‍പ്പു തുള്ളികള്‍ വീണു നനഞ്ഞിട്ടുള്ള വീഥികള്‍, പരിചയമുള്ള മുഖങ്ങള്‍.
എന്തൊരു സ്വാഗതമായിരുന്നെന്നോ! കച്ചവടപ്പീടികകളിലെ തന്റെ സഖാക്കളായിരുന്ന ചുമട്ടുതൊഴിലാളികളും വള്ളക്കാരും ബീഡിതെറുപ്പുകാരും റിക്ഷക്കാരും ഒക്കെ. അവര്‍ ചായസല്‍ക്കാരങ്ങള്‍കൊണ്ട് അയാളെ വീര്‍പ്പുമുട്ടിച്ചുകളഞ്ഞു. വേണ്ടപ്പെട്ടവരോടൊക്കെ അയാള്‍ മേരിക്കുട്ടിയുടെ കല്യാണകാര്യം പറഞ്ഞു. പലരേയും ക്ഷണിക്കുകയും ചെയ്തു. ആ പട്ടണം വിട്ടുപോന്നതില്‍ അയാള്‍ക്കു കുണ്ഠിതമുണ്ട്. എങ്കില്‍ താന്‍ തോറ്റില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍വേണ്ടി വീമ്പടിക്കുകയും മടില്‍നിന്നു നൂറിന്റെ പച്ചനോട്ട് എടുത്ത് അവരെ കാണിക്കുകയും ചെയ്തു. ഏതായാലും ബാര്‍ബര്‍ഷോപ്പില്‍കയറി അയാള്‍ മുടിവെട്ടുകയും മുഖം വടിപ്പിക്കുകയും ചെയ്തു. മുഖത്തെ കറുത്തതും വെളുത്തതുമായ മീശകള്‍  അന്തര്‍ദ്ധാനം ചെയ്യുകയും, നര്‍മ്മബോധമുള്ള ബാര്‍ബര്‍ അയാളുടെ മുഖത്തു സ്വല്പം പൗഡര്‍ പൂശുകയും ചെയ്തപ്പോള്‍ തോമ്മാ ഒരു ഇരുപത്തെട്ടുകാരനെപ്പോലെ തോന്നിച്ചു. തലമുടി അങ്ങനെ പറയത്തക്കവിധം നരച്ചതല്ലായിരുന്നു.(തലമുടിയേക്കാള്‍ പത്തുപതിനെട്ടു വര്‍ഷത്തെയെങ്കിലും  വര്‍ഷത്തെയെങ്കിലും പ്രായകുറവുള്ള മീശ നേരത്തെ നരയ്ക്കുന്നതെന്തുകൊണ്ടെന്നറിഞ്ഞില്ല.) ബാര്‍ബര്‍ അയാളുടെ മുടിയില്‍ വിലകുറഞ്ഞതും എന്നാല്‍ വാസനയുള്ളതുമായ ഏതോ ഒരു ഹെമയഓയില്‍ പുരട്ടി പരിഷ്‌കൃതരീതിയില്‍ മുടിചീകിവച്ചു. അയാള്‍ തലമുടി ചീകിവച്ചിട്ടുള്ള കാലംതന്നെ മറന്നിരിക്കുന്നു. ഇപ്പോള്‍ പൂത്തേടത്തു തോമ്മാ സിംപ്ലനായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ അയാളൊന്നു ഞെളിഞ്ഞു. അതു കാണാന്‍ തറതി ഇല്ലാതെപോയല്ലോ.
താന്‍ പണ്ടു താമസിച്ചിരുന്ന കുടിലില്‍ ഇപ്പോള്‍ ഒരു കുശവനും കുടുംബവും പാര്‍ക്കുന്നു. അവര്‍ ഒന്നുരണ്ടു ദിവസത്തിനകം പോകുമത്രേ. അടുത്തുള്ള ഒന്നു രണ്ടു കുടിലുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടെ താമസിച്ചിരുന്ന വേശ്യാപെണ്ണുങ്ങളെ പോലീസുകാര്‍ പിടിച്ചുംകൊണ്ടുപോയി നാടുകടത്തിയത്രേ.
തോമ്മാ ഒരു ജൗളിക്കടയില്‍ കയറി. മണവാട്ടിക്കുവേണ്ടുന്ന വെളുത്ത സില്‍ക്കുവസ്ത്രങ്ങള്‍ (റെഡിമെയ്ഡ്)നെറ്റും മുടിയും ഉള്‍പ്പെടെ അവിടെ എപ്പോഴും തയ്യാറാണ്. ഒരു സെറ്റിന് എഴുപത്തഞ്ചുരൂപാതൊട്ട് അയ്യായിരം രൂപാവരെ വിലയുള്ളതുണ്ട്. ചെറിയതോതിലുള്ള സെറ്റുകള്‍ അയാള്‍ പരിശോധിച്ചു. അയാളുടെ കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ മുന്നൂറുരൂപായ്ക്കുള്ള ഒരു സെറ്റ് വാങ്ങിച്ചേനെ. അത്രകണ്ട് അയാള്‍ക്കതിഷ്ടമായി. തന്റെ മേരിക്ക് അത് എന്തു ചേര്‍ച്ചയായിരുന്നേനെ!
ഒടുവില്‍ ഏറ്റവും കുറഞ്ഞത്, എഴുപത്തഞ്ചു രൂപായ്ക്കുള്ളത്, അയാള്‍ വാങ്ങി(പാവാട, സാരി, ബ്ലൗസ്, പുറകിലേക്കു പിടിച്ചുകെട്ടുന്ന ഒരു പുതിയതരം ബോഡീസ്, ഒരു നെറ്റ്, കടലാസ്പൂക്കള്‍കൊണ്ട് കിരീടംപോലെ നിര്‍മ്മിച്ചിരിക്കുന്ന മുടി, ഒരു ചെറിയ കൈലേസ് ഇത്രയുമാണ് സാധനങ്ങള്‍.) ട്യൂബ് ലൈറ്റിന്റെ വെട്ടത്തു കൃത്രിമപ്പട്ടുകൊണ്ടുള്ള ആ വെള്ളസാരി തെളുതെളെ തിളങ്ങുകയുണ്ടായി.
മേരിയുടെ മുഖത്തുപുരട്ടാന്‍ ഒരു ടിന്‍ പൗഡര്‍കൂടെ വാങ്ങിക്കണമെന്ന് അയാള്‍ക്കു തോന്നിയതാണ്. പൗഡര്‍ പുരട്ടിയില്ലെങ്കില്‍ തന്നെയും തന്റെ മകള്‍ സുന്ദരിയാണെന്ന് അയാള്‍ക്കറിയാം. വാങ്ങിച്ചില്ല.
പക്ഷേ, ആ സാരി വാങ്ങിച്ചപ്പോള്‍ അയാള്‍ തന്റെ തറതിയെ ഓര്‍ത്തു. എത്രയോ കൊല്ലങ്ങളായി ഒരു പുതുകവിണിക്കുവേണ്ടി അവള്‍ അയാളോടു കെഞ്ചിയിട്ടുണ്ട്. ഒടുവില്‍ വല്ലവരുടെയും നേരിയത് ഇരവല്‍ വാങ്ങിക്കൊണ്ടാണ് അവള്‍ അവളുടെ സൃഷ്ടികര്‍ത്താവിന്റെ പക്കലേക്കു മടങ്ങിപോയത്. എന്നാലും തന്റെ തറതി കെറുവിക്കുകയില്ല എന്ന് തോമ്മായ്ക്കറിയാം. മനസ്സുകേടുകൊണ്ടല്ല, കഴിവുകേടുകൊണ്ടു മാത്രമാണ് താന്‍ നേരിയതു വാങ്ങികൊടുക്കാത്തതെന്ന് അവള്‍ക്കു നല്ലപോലെ അറിയാം. താനിപ്പോള്‍ വാങ്ങിച്ച തിളങ്ങുന്ന സില്‍ക്കുസാരി മന്ത്രകോടി സ്വര്‍ഗ്ഗത്തിലിരുന്ന് അവള്‍ കാണുന്നുണ്ടാവും. സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നനയുന്നുണ്ടാവും.
നാളെ പട്ടാളക്കാരന്‍ മാത്തുക്കുട്ടി വരും. ഉടനേതന്നെ കല്യാണം നടത്തണം. അതു തീര്‍ച്ചപ്പെട്ട കാര്യമാണ്. എല്ലാ ചെലവുകളും ആണ്‍കൂട്ടര്‍തന്നെ വഹിച്ചുകൊള്ളാമെന്നു പറയുന്നു, സദ്യയുടേതുള്‍പ്പെടെ. എന്നിരിക്കിലും തന്റെ മകള്‍ വല്ലവരുടെയും വസ്ത്രങ്ങളണിഞ്ഞു പള്ളിയിലേക്കു പോകുന്നത് എങ്ങനെ സഹിക്കാന്‍ കഴിയും? അന്തസ്സുള്ള പൂത്തേടത്തു കുടുംബത്തിലെ പെണ്ണാണവള്‍. പണത്തിന്റെ ഒരൊറ്റക്കുറവേയുള്ളൂ. പണംവന്നുംപോയും നില്‍ക്കും. തറവാടിന്റെ മഹിമ എന്നും നിലനില്‍ക്കുന്നതാണ്.
വണ്ടിക്കാരന്‍ ഔക്കറെ കണ്ടു. പണ്ടത്തെ ഒരു കടമുണ്ടായിരുന്നു. ഒരാറുരൂപാ. അതു കൊടുത്തുവീട്ടി.
കടലാസ്സുപൊതിക്കെട്ടുമായി അയാള്‍ പട്ടണത്തോടു യാത്രപറഞ്ഞു ബസ്സില്‍ക്കയറി പഞ്ചായത്തുകവലയില്‍ ഇറങ്ങി. പിന്നെയും പത്തുപതിനാറു രൂപാ മിച്ചമുണ്ട്.
തറതി തന്റെകൂടെയുണ്ടെന്ന് അയാള്‍ക്കുതോന്നി. അവള്‍ മരിച്ചുപോയല്ലോ. പള്ളിയുടെ പുറകുവശത്തെ ശവക്കോട്ടയില്‍ അവള്‍ തനിച്ചു കിടക്കുകയാണ്.
ഷാപ്പില്‍ക്കയറി അയാള്‍ വീണ്ടും കുടിച്ചു. ജീവിതത്തില്‍ ഒരിക്കലും ഇത്രകണ്ടു കുടിച്ചിട്ടില്ല. എത്ര കുടിച്ചാലും അയാളെ ശാസിക്കാന്‍ ഇന്നാരുമില്ല. ഇനി ആരെയും ഭയപ്പെടാനില്ല. ഒന്നുരണ്ടുപ്രാവശ്യം തോമ്മാ കണക്കിലേറെ കുടിച്ചുംകൊണ്ടു വീട്ടില്‍ചെന്നപ്പോള്‍ തറതി നെഞ്ചത്തടിക്കുകയും അത്താഴം കഴിക്കാതെ പരിഭവിച്ചു കിടക്കുകയും ചെയ്തിട്ടുണ്ട്. “പെണ്ണിനെ കെട്ടിച്ചുവിട്ടിട്ടേ ഇനി കുടിക്കാവൂ.” എന്ന് അവള്‍ അയാളുടെ കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തോമ്മാ കുടിനിര്‍ത്തിയതുതന്നെ.
ഇന്ന് അയാള്‍ സ്വതന്ത്രനാണ്, പണക്കാരനാണ്. ഇന്നു സന്തോഷത്തിന്റെ ദിവസമാണ്. മകളെ കെട്ടിക്കാന്‍ പോവുകയാണ്.
“ഇനി തോമ്മാച്ചന്‍ കുടുക്കണ്ടാ, മതി.” എന്നു ഷാപ്പുകാരന്‍ ഗുണദോഷിച്ചതുവരെ തോമ്മാ കുടിച്ചു.
പിന്നെയും കിടക്കുന്നു മടിയില്‍ എട്ടുപത്തുരൂപാ. ചായക്കടയില്‍ കയറി ഒരു രൂപയ്ക്ക് ചെറിയ ഉണ്ണിയപ്പങ്ങള്‍ വാങ്ങിച്ചു. പത്തെണ്ണമുണ്ടായിരുന്നു. അമ്മിണിക്കും അമ്മച്ചിക്കും കൊടുക്കണം. ഹോ ഒരു കാര്യം മറന്നുപോയി. അമ്മച്ചിക്കു കറുപ്പു വാങ്ങിയില്ല. പട്ടണത്തില്‍ രഹസ്യമായി കറുപ്പു വില്‍ക്കുന്ന സ്ഥലം തോമ്മായ്ക്ക് അിറയാമായിരുന്നു. ആ തള്ളയുടെ കാര്യം ഓര്‍ത്തപ്പോള്‍ തോമ്മായ്ക്ക് സങ്കടം തോന്നി. എപ്പോഴാണ് അവര്‍ പിടച്ചുവീണു മരിക്കുന്നതെന്നറിഞ്ഞില്ല. ബസ്സുകയറി തിര്യെ പട്ടണത്തില്‍ച്ചെന്നു കറുപ്പു വാങ്ങിക്കൊണ്ടു വന്നാലോ? നേരം വളരെ ഇരുട്ടിപ്പോയി. തിര്യെചെല്ലുമ്പോള്‍ കടകളെല്ലാം അടച്ചിരിക്കും. എന്നുതന്നെയല്ല മടങ്ങിപ്പോരാന്‍  ബസ്സു കിട്ടുകയുമില്ല. ഇനി അടുത്തൊരു ദിവസമാവട്ടെ. പക്ഷേ, അതിനുമുമ്പ് ആ തള്ള മരിച്ചുപോയാല്‍ തോമ്മായ്ക്ക് എന്തു സങ്കടമായിരിക്കും! ഏതായാലും മേരിയുടെ കല്യാണം കഴിഞ്ഞേ അമ്മ മരിക്കാവൂ എന്ന് അയാള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
ബോധം മിക്കവാറും കെട്ടിരുന്നു. രണ്ടുപൊതികളും അടുക്കിപ്പിടിച്ചുകൊണ്ട് അയാള്‍ വേച്ചു വേച്ചു നടന്നു. വഴിക്ക് ഉണ്ണിയപ്പത്തിന്റെ പൊതി അയാളുടെ കൈയില്‍നിന്നു വഴുതി വീണുപോയത് കുറേദൂരം നടന്നുകഴിഞ്ഞാണ് അയാള്‍ അറിഞ്ഞത്. തിരിയെനടന്നു.ദൈവഗത്യാ ആ കടലാസ്‌പൊതി വഴിയിറമ്പില്‍ത്തന്നെ കിടപ്പുണ്ടായിരുന്നു. നിലാവുണ്ടായിരുന്നു. നല്ല നിലാവായിരുന്നു. ആകാശത്തില്‍ എമ്പാടും നക്ഷത്രങ്ങളും ഉണ്ടായിരുന്നു. ഒത്തിരി ഒത്തിരി നക്ഷത്രങ്ങള്‍! മരിച്ചിട്ടു സ്വര്‍ഗ്ഗത്തില്‍പോയ ആത്മാവുകളായിരിക്കാം ആ നക്ഷത്രങ്ങളൊക്കെ. ആര്‍ക്കറിയാം? അവയിലൊന്ന് അയാളുടെ തറതിയായിരിക്കാം; പുറപ്പെട്ടുപോയ തന്റെ പിഴപ്പെട്ട മകനെവിടെയാണ്? അവന്റെ ആ പുറപ്പെട്ടുപോക്കുമാത്രമേ പൂത്തേടത്തു കുടുംബത്തിന് ഒരപമാനമായി അവശേഷിക്കുന്നുള്ളൂ. ആ മാനക്കേടാണ് പട്ടണത്തില്‍ നിന്ന് അയാള്‍ കുടിപുറപ്പെട്ടുപോരാനുള്ള കാരണങ്ങളില്‍ ഒന്ന്. ഏതായാലും പുറമ്പോക്കുകോളനിക്കാര്‍ അക്കഥ അറിഞ്ഞിട്ടില്ല. അതു നന്നായി.
തോമ്മാ നടന്നതു നേരേ വീട്ടിലേക്കായിരുന്നില്ല. ആരോ അയാളെ കണ്ണു ചുറ്റിച്ചതുപോലെയായിരുന്നു. ആരോ അയാളെ കൈകൊട്ടി വിളിച്ചുകൊണ്ടുപോകുന്നതുപോലെ ആയിരുന്നു.
പള്ളിസിമിത്തേരി. തറതിയുടെ കുഴിമാടം. ആ മണ്‍കൂനയുടെ മുകളില്‍ ഇനിയും പുല്ലുകള്‍ കിളുര്‍ത്തിട്ടില്ല. പച്ചമണ്ണ്! മഴപെയ്ത് അല്പമൊന്നുറച്ചിട്ടുണ്ട്. വേറെയും മണ്‍കൂനകളുണ്ടായിരുന്നു ആ ശ്മശാനത്തില്‍. മരണത്തിന്റെ മൂകമായ ആ താഴ് വരയില്‍…മണ്ണില്‍ നിന്ന് ഉരുവാക്കപ്പെട്ട മനുഷ്യന്‍ അവിടെ വീണ്ടും പഞ്ചഭൂതങ്ങളായി വേര്‍പ്പെട്ടുപോകുന്നു. ജീവിതയാത്രയുടെ ടെര്‍മിനസ്! മനുഷ്യന്റെ അവസാനത്തെ വഴയമ്പലം. അവിടെ അവന്‍ അവന്റെ ആശകളും നിരാശകളും കണ്ണീരുകളും പുഞ്ചിരികളും എല്ലാം ഇറക്കിവയ്ക്കുന്നു. അളന്നുതൂക്കി മനുഷ്യന്റെ വില നിശ്ചയിക്കുന്ന ചന്തസ്ഥലമാണത്.
തോമ്മാ അവന്റെ ഭാണ്ഡങ്ങള്‍-മന്ത്രകോടിയുടെയും ഉണ്ണിയപ്പങ്ങളുടെയും പൊതിക്കെട്ടുകള്‍- ആ മണ്‍കൂനയുടെ അരികില്‍ വച്ചിട്ട്, ഒരു തലയ്ക്കല്‍ ചമ്പ്രംപടിഞ്ഞിരുന്നു. ഭൂതപ്രേതപിശാചുക്കളുടേതായ ആ കോട്ടയില്‍, അര്‍ദ്ധരാത്രിയോട് അടുത്തനേരത്ത്, പകല്‍സമയത്തുപോലും ഒറ്റയ്ക്ക് ആ വഴി സഞ്ചരിക്കാന്‍ മനുഷ്യനു പേടിയാണ്. തോമ്മായ്ക്കുപോലും പേടിയാണ്. പക്ഷേ, ഇപ്പോള്‍ അയാള്‍ക്കു പേടിയില്ല. കാരണം, അയാളുടെ സുബോധങ്ങളെയും വിവേകങ്ങളെയും ഓര്‍മ്മകളെയും എല്ലാം കള്ളിന്റെയും ചാരായത്തിന്റെയും ഓര്‍മ്മകളെയും എല്ലാം കള്ളിന്റെയും ചാരായത്തിന്റെയും ലഹരികള്‍ തടങ്കല്‍പ്പാളയത്തിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് അടുത്തൊരു മരത്തിലിരുന്നു മൂങ്ങാ മൂളിയിട്ടും പള്ളിപ്പറമ്പിലെവിടെയോ ഇരുന്നു നരച്ചീറുകള്‍ കരഞ്ഞിട്ടും അപ്പുറത്തുനിന്നു കുറുനരികള്‍ ഓലിയാന്‍ കൂവിയിട്ടും പന്നിയെലികള്‍ അരികത്തുകൂടെ ഓടിപ്പോയിട്ടും പുള്ളുകള്‍ ചിലച്ചിട്ടും നിലാവിന്റെ പെട്ടെന്നൊരു കാര്‍മേഘംവന്നു മറച്ചിട്ടും തോമ്മായ്ക്കു പേടി തോന്നാഞ്ഞത്.
അയാള്‍ നെറ്റിയില്‍ കുരിശുവച്ചു. 'ആകാശങ്ങളിലിരിക്കുന്ന'തും 'നന്മനിറഞ്ഞ മറിയ'വും 'ത്രിത്വസ്തുതി'യും ചൊല്ലി. തന്റെ പ്രിയപ്പെട്ടവള്‍ ആ മണ്‍കൂനയുടെ അടിയില്‍ അനങ്ങാതെ കിടക്കുകയാണെന്നാണ് അയാളുടെ വിചാരം. തറതി, അവളുടെ പതിനാറാമത്തെ വയസ്സിലാണു തോമ്മായുടെ ജീവിതത്തിലും ഹൃദയത്തിലും പങ്കുകാരിയായത്. ചെറുപ്പത്തില്‍ അവളെന്തൊരു സുന്ദരിയായിരുന്നു! പിന്നീടു പിന്നീട് അവള്‍ കോലംകെട്ടുപോയി. എങ്കിലും അവളോടുള്ള തന്റെ സ്‌നേഹത്തിന് ഒരു ലോപവും ഒരിക്കലും സംഭവിച്ചിട്ടില്ല.
“എന്റെ തറതീ!” അയാള്‍ ഭ്രാന്തനെപ്പോലെ പറയുകയാണ്. ശവക്കുഴിയില്‍ കിടക്കുന്ന തറതി കേള്‍ക്കുന്നുണ്ടെന്നാണ് അയാളുടെ വിചാരം. “എങ്കിലും നീ എന്നോട് ഒരു വാക്കുരിയാടാതെ എന്നെ വിട്ടേച്ചു പൊയ്ക്കളഞ്ഞല്ലോടീ! അതു വേണ്ടായിരുന്നു കേട്ടോ…എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു… മതി എന്നോടു കെറീച്ചുകിടന്നത്. വാ… നമുക്കു വീട്ടില്‍ പോകാം…നിന്റെ മോക്കു ഞാന്‍ പട്ടുകൊണ്ടുള്ള മന്ത്രകോടി മേടിച്ചോണ്ടു വന്നിരിക്കുന്നത് കാണണ്ടേ? നാളെ അവളെ കെട്ടാനുള്ള ചെറുക്കന്‍ വരും…. നാളെ കഴിഞ്ഞാണ് അവളുടെ കല്യാണം….നിന്റെ പുന്നാരമോടെ കല്യാണം…. മോടെ കല്യാണം കാണാന്‍ നീ എന്തുമാത്രം കൊതിച്ചിരുന്നതാ, എന്റെ തറതീ, വാ….എണീറ്റു വാ….പോകാമെന്ന്…. ഞാന്‍ ദേഷ്യപ്പെട്ടാല്‍ നീ നിന്നു വിറയ്ക്കുമായിരുന്നല്ലോ…. ഇപ്പോള്‍ പിന്നെന്താ ഞാന്‍ വിളിച്ചിട്ടു വിളികേള്‍ക്കാത്തത്?.... ഇല്ല തറതീ നിന്നോടു ഞാനിനി ഒരിക്കലും ദേഷ്യപ്പെടുകേലാ…. നീ എണീറ്റു വരുന്നുണ്ടോ തറതീ!....ഓ! അവള്‍ വിളികേള്‍ക്കുകേല…അവളു മരിച്ചുപോയി… ഇനി ഞാന്‍ വിളിച്ചാല്‍ അവളൊരിക്കലും വിളികേള്‍ക്കുകേലാ…. എന്റെ പാവപ്പെട്ട തറതി….” അയാള്‍ അവിടിരുന്നു വിമ്മി വിമ്മി കരഞ്ഞു.
എന്നിട്ടു പൊതികളെടുത്തുംകൊണ്ട് എണീറ്റു. മദ്യത്തിന്റെ ലഹരി അങ്ങനെ കൊടുമ്പിരിക്കൊള്ളുകയായിരുന്നു. കടലാസുപൊതിയഴിഞ്ഞ് രണ്ട് ഉണ്ണിയപ്പങ്ങള്‍ ആ മണ്‍കൂനയുടെ സമീപത്തു വീണത് അയാള്‍ അറിഞ്ഞതേയില്ല. അയാള്‍ ഉടുത്തിരുന്ന മുണ്ടില്‍ മണ്ണു പുരണ്ടതും അറിഞ്ഞില്ല.
തിരിച്ചു വഴിയില്‍ എത്തിയപ്പോഴേക്കും കാലു കുഴഞ്ഞുപോയി. അയാള്‍ മറിഞ്ഞടിച്ചു വീണു.
ഒടുവില്‍ റിക്ഷാക്കാരന്‍ രാമന്‍ വന്ന് അയാളെ അവന്റെ റിക്ഷായില്‍ പിടിച്ചുകേറ്റി. വഴിയില്‍ ചിതറിവീണ ഉണ്ണിയപ്പങ്ങള്‍ രാമന്‍ പെറുക്കി വീണ്ടും കടലാസില്‍ കെട്ടി തോമ്മായെ  ഏല്പിച്ചു.
“നെനക്ക് ഉണ്ണിയപ്പം വേണോടാ രാമാ?” റിക്ഷായില്‍ ഇരുന്നുകൊണ്ടു തോമ്മാ ചോദിച്ചു.
“വേണ്ട തോമ്മാച്ചാ…പക്ഷേങ്കി, ഇങ്ങനെ കുടിക്കരുതാരുന്നു…”
“നിന്റെ കാശുകൊണ്ടല്ലെടാ, ഞാന്‍ കുടിച്ചത്…ആണോ രാമാ?”
“അല്ല.” രാമന്‍ റിക്ഷാവലിച്ചുകൊണ്ടു പറഞ്ഞു.
“ഇതെവിടമാടാ?”
“ആശുപത്രിയുടെ ഇപ്പുറം.”
“ആണോ?...നെനക്ക് ഉണ്ണിയപ്പം വേണോടാ?”
“വേണ്ടാ തോമ്മാച്ചാ.”
“അതൊക്കുകേലാ, നീയൊരുണ്ണിയപ്പം തിന്നണം.”
“ഇപ്പം വേണ്ട, വീട്ടില്‍ ചെല്ലട്ടെ.”
“എന്നാ നീ എന്റെ മേരിക്കുട്ടീടെ കല്യാണത്തിനു വരണം കേട്ടോ.”
“വരാം തോമ്മാച്ചാ….ആരാ, കറിയാച്ചനോ പട്ടാളക്കാരനോ?”
“പട്ടാളക്കാരന്‍…. മാത്തുക്കുട്ടി….അവന്‍ നല്ല തറവാട്ടുകാരനാ, നെനക്കറിയാമോ?”
രാമന്‍തന്നെ തോമ്മായെ റിക്ഷായില്‍നിന്നു താങ്ങിയിറക്കി. കൈയ്ക്കു പിടിച്ചുകൊണ്ടു വീട്ടില്‍ എത്തിച്ചു. തോമ്മായുടെ ഉരിഞ്ഞു പോയ മുണ്ട് മുറുക്കി ഉടുപ്പിച്ചതും രാമന്‍തന്നെയായിരുന്നു.
“മോളേ, മേരിമ്മേ!” തോമ്മാ വിളിച്ചു. അയാള്‍ തിണ്ണയില്‍ ഇരുന്നു. മേരിയും മറിയച്ചേടിത്തിയും തിണ്ണയിലെത്തി. അവര്‍ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. അമ്മിണിമാത്രം ഉറങ്ങിപ്പോയി. അവളിന്നു വല്യമ്മച്ചിയുടെ കട്ടിലിലാണു കിടക്കുന്നത്.
“ഇന്നാ മോളെ.” കടലാസുപൊതി അയാള്‍ അവളെ ഏല്‍പിച്ചു.
“ഇതെന്നതാപ്പാ?” മേരി ചോദിച്ചു.
“മന്ത്രകോടി.”
“മന്ത്രകോടിയോ? എന്തിന്?”
മന്ത്രകോടിയെന്തിനാ? കല്യാണത്തിനു പൊതയ്ക്കാന്‍? മറിയയാണു മറുപടി പറഞ്ഞത്. “തോമ്മോച്ചേട്ടന്‍ ഇന്നു മീശ ഒക്കെ വടിച്ചു പൊടി സുന്ദരനായിട്ടാണല്ലോ… ഇന്നരാണ്ടു കണക്കിനു സല്‍ക്കരിച്ച ലക്ഷണമുണ്ട്.”
തോമ്മാച്ചെറുക്കാ, കറുപ്പു മേടിച്ചോടാ? കയറ്റു കട്ടിലില്‍നിന്ന് അന്നത്തള്ളയുടെ അനശ്വരമായ ചോദ്യം.
“എന്റമ്മച്ചീ, ഞാന്‍  മറന്നുപോയി.” തോമ്മാ എണീറ്റു. അയാള്‍ വീഴാന്‍ തുടങ്ങി. മറിയ അയാളെ താങ്ങിപ്പിടിച്ചു.
“എന്നാ അമ്മച്ചിക്കു ഞാന്‍ മതുരം കൊണ്ട്വന്നിട്ടൊണ്ട്. മോളെ, ആ പൊതിയിങ്ങെടുത്തോ.” മേരി കടലാസ് പൊതിയെടുത്തു കൊടുത്തു. മറ്റേപ്പൊതി തുറന്നു നോക്കാതെതന്നെ അവളത് അകത്തെ കാല്‍പ്പെട്ടിയുടെ പുറത്തു വച്ചിരുന്നു.
“ഉണ്ണിയപ്പം! അമ്മച്ച്യോ! ഇന്നാ”….ഒരെണ്ണം അയാള്‍ വല്യമ്മച്ചിക്കു കൊടുത്തു. ഒന്നു മേരിക്കും, ഒന്നു മറിയിയ്ക്കും. ആ രെക്ഷാക്കാരന്‍ രാമന്‍ പോയോടീ… അവനൊന്നു കൊടുക്ക്… അമ്മിണിമോളേ….”
“രാമന്‍ പോയി തോമ്മാച്ചാ.” മറിയ ഉണ്ണിയപ്പം തിന്നുംകൊണ്ടു പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന പുരുഷനില്‍നിന്ന് അവള്‍ക്കു ലഭിച്ച ആ മധുരത്തിനു പ്രത്യേകമായ രുചിയുണ്ടെന്ന് മറിയയ്ക്കു തോന്നി. മേരി അതു കൈയില്‍ പിടിച്ചുകൊണ്ടു നിന്നതേയുള്ളൂ.
“കറപ്പിനുപോരം ഈക്കുന്തനാണ്ടം തിന്നാ മതിയോടാ മോനേ?” എന്നായി അന്നത്തള്ള. എന്തിരിക്കിലും വായില്‍ അവശേഷിച്ചിട്ടുള്ള ഏതാനും പല്ലുകളുടെ പിന്തുണയോടെ അവരതു ശകിലിച്ചേ കടിച്ചു ചവച്ചു തിന്നുന്നുണ്ട്. അവരുടെ അടുത്തു കട്ടിലില്‍ ദീര്‍ഘനിദ്രയില്‍ ലയിച്ചിരിക്കുന്ന അമ്മിണിയെ തട്ടിയുണര്‍ത്താന്‍ ശ്രമിക്കുകയാണു തോമ്മാ. അവളെ അയാള്‍ പൊക്കിയെടുക്കുകയാണ്.
“അവളവിടെ കിടന്നുറങ്ങിക്കോട്ടപ്പാ, നാളെ കൊടുക്കാം.” മേരി അഭ്യര്‍ത്ഥിച്ചു.
“നീ പോടീ… മോളെ….അമ്മിണീ…” പെണ്ണിനെ അയാള്‍ എണീല്പിച്ചിരുത്തുകതന്നെ ചെയ്തു. എന്നിട്ടും അവള്‍ കണ്ണു തുറക്കുന്നില്ല. ഇരുന്നുറങ്ങുകയാണ്. തോമ്മാ ഒരുണ്ണിയപ്പം അവളുടെ വായില്‍ വച്ചു കൊടുത്തു. അമ്മിണി പയ്യെ കണ്ണുകള്‍ തുറന്നു. അബോധാവസ്ഥയില്‍ അവള്‍ ആ ഉണ്ണിയപ്പം കുറെ കടിച്ചുതിന്നു. എന്നിട്ടും വീണ്ടും കിടന്നുറങ്ങുകയാണ് ചെയ്തത്. അവളുടെ കൈയില്‍നിന്നും വഴുതി കട്ടിലില്‍ വീണുപോയ ആ ഉണ്ണിയപ്പത്തിന്റെ ബാക്കി മേരി എടുത്ത് ഒരങ്ങാടി വട്ടിക്കകത്തിട്ടു.
“മേരിമ്മ എന്താടീ തിന്നാത്തത്?” മറിയ ചോദിച്ചു. മേരിയും എന്തോ ചിന്തയില്‍നിന്നുണര്‍ന്നിട്ടെന്നപോലെ ആ ഉണ്ണിയപ്പം തിന്നു.
ശേഷിച്ച നാല് ഉണ്ണിയപ്പത്തില്‍ ഒന്നു തോമ്മായും തിന്നു. ബാക്കി അന്നത്തള്ളയുടെ കട്ടിലില്‍ വച്ചു. അന്നത്തള്ള ആ കടലാസ്സുപൊതി ആ കടലാസ്സുപൊതി അവരുടെ തലയണയുടെ അടുക്കലേക്കു നീക്കിവച്ചു. എന്നിട്ടു വീണ്ടും കിടന്നു.
“അപ്പാ കഞ്ഞി കുടിക്ക്… വെളമ്പിവച്ചിട്ടുണ്ട്…. കൊണ്ടുവരട്ടെ?” മേരി വടക്കേ മുറിയിലേക്കു കയറാന്‍ ഭാവിച്ചു.
“വേണ്ട മോളെ.” തോമ്മാ തിണ്ണയിലേക്കുതന്നെ തിര്യെ നടന്നും കൊണ്ടു പറഞ്ഞു: “ഞാനിന്ന് ഒത്തിരി കാപ്പീം പലഹാരോം ഒക്കെ കഴിച്ചു.” വീണ്ടും അയാള്‍ വേച്ചു വീഴാന്‍ തുടങ്ങി. ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞുപോകാന്‍ തുടങ്ങി. മടിയിലുണ്ടായിരുന്ന നോട്ടുകളും ചില്ലറകളും താഴെ വീണു. മറിയ അതു പെറുക്കി മേരിയെ ഏല്പിച്ചു. അയാള്‍ ഒരുപ്രാകരത്തില്‍ മുണ്ടു മുറുക്കിയുടുത്തു. എങ്കിലും തിണ്ണയിലേക്കു കടക്കുന്നതിന് മറിയ അയാളെ സഹായിക്കേണ്ടിവന്നു.
“കുടി ഇന്നു കൊറച്ചു കൂടുപ്പോയി കേട്ടോ തോമ്മാച്ചാ.” സ്‌നേഹമയിയായ ഒരു ഭാര്യയുടെ ഹൃദയശുദ്ധിയോടെ മറിയ അയാളെ  കുറ്റപ്പെടുത്തി.
ചാണകം മെഴുകിയ ആ വെറുംതിണ്ണയില്‍ തോമ്മാ ഇരുന്നു. എങ്കിലും  മറിയ പായ് കൊണ്ടുവന്നു തിണ്ണയില്‍ നിവര്‍ത്തിട്ടു. അയാള്‍ അതിന്മേല്‍ ഇരുന്നു.
“തെര്‍ത്ത്യാമ്മ ഒണ്ടാരുന്നേല്‍ ഇതിയാന്‍ ഇങ്ങനെയേറെ കുടിക്കത്തില്ലായിരുന്നു.” ചുവരുംചാരിയിരിക്കുന്ന ആ മനുഷ്യനെ നോക്കിക്കൊണ്ടു മറിയ മൃദുവായി ശാസിച്ചു. പുരുഷന്മാര്‍ മദ്യപിക്കുന്നതു മറിയയ്ക്ക് ഇഷ്ടമാണ്. പൗരുഷത്തെ ഉണര്‍ത്താന്‍ മദ്യത്തിനു കഴിവുണ്ടെന്ന് അവള്‍ വിശ്വസിക്കുന്നു. അവളും മദ്യപിക്കാറുണ്ട്. പക്ഷേ, ഇങ്ങനെ ലക്കില്ലാതാകുന്നതുവരെ ആരും കുടിക്കാന്‍ പാടില്ല.
“എന്റെ തറതി വന്നില്ല മറിയേ.” അയാള്‍ പിച്ചുംപേയും പറയുന്നു. മറിയ മൂക്കത്തു വിരല്‍വച്ചുകൊണ്ട് അയാളുടെ മുഖത്തേക്കു നോക്കിക്കൊണ്ടു നിന്നു. മേരിയും വാതില്‍ക്കല്‍ നിന്നു. അവരുടെ മദ്ധ്യത്തിലായി ഒരു തരകവിളക്കു കത്തിക്കൊണ്ടിരുന്നു. വെളിയില്‍ മൃദുവായ കാറ്റുണ്ടായിരുന്നു. വിളക്കിനെ അതു ശല്യപ്പെടുത്തിയില്ല. വെളിയല്‍ നിലാവും ഉണ്ടായിരുന്നു. ലോകം മുഴുവനും അച്ചടക്കത്തോടെ കിടന്നുറങ്ങുകയായിരുന്നു. മൂകതയുടെ സമുദ്രത്തില്‍ ആ മണ്‍കുടില്‍ ശബ്ദത്തിന്റെ ഒരു കൊച്ചു ദ്വീപായിരുന്നു. പടിഞ്ഞാറുവശത്തെ റബ്ബര്‍പറമ്പില്‍നിന്നു ഇടയ്ക്കിടയ്ക്കു പുള്ളുകള്‍ ചിലയ്ക്കുന്ന ശബ്ദവും കേള്‍ക്കാം.
“അവളെ ഞാന്‍ വിളിച്ചതാണ്.” തോമ്മാ തന്റെ സ്വാഗതം നിര്‍ബ്ബാധം തുടരുകയാണ്. “അവളു വന്നില്ല… അവളൊരിക്കലും പറഞ്ഞാല്‍ കേക്കാതിരുന്നിട്ടില്ല… എന്റെ തറതി… അവളെന്റെ വഴിവിളക്കായിരുന്നു…എന്റെ ചൊമടുതാങ്ങിയായിരുന്നു. കേട്ടോ മിറയേ….അവളെന്റെ കാവല്‍മാലാഖയായിരുന്നു…”
പിന്നൊരു നിശ്ശബ്ദത… മേരിയുടെ കണ്ണുകള്‍ നിറഞ്ഞുപോയി.
“എന്റെ തറതീ…” അയാളുടെ നാവു വീണ്ടും ശബ്ദിച്ചു. അയാളുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് അടയുകയും തല ആടുകയും ചെയ്തുകൊണ്ടിരുന്നു; നാവു കുഴയുന്നു.
“ഓ, ഇനി മതി തോമ്മാച്ചാ വര്‍ത്തമാനം പറഞ്ഞത്… അകത്തു കേറിക്കെടക്ക്… ഞാന്‍ പോവാ.” മറിയ അക്ഷമ പ്രകടിപ്പിച്ചു.
മറിയ പോകണ്ട….തറതീ! അയാള്‍ തറതിയെ വിളിക്കുന്നു എന്തു കിറുക്കാണിത്? പള്ളിയിലെ ശവക്കുഴിയില്‍ കിടക്കുന്ന തറതിയെ അയാള്‍ വിളിക്കുന്നു!... അവരിപ്പോള്‍ മണ്ണോടുമണ്ണായിക്കാണും.
“അപ്പാ എന്തോന്നാ ഈ പറേന്നതൊക്കെ?” മേരി അടുത്തുചെന്നു. അപ്പന്റെ കൈയ്ക്കു പിടിച്ചു. “വാ അകത്തു കേറിക്കെടക്കാം….വാ…”
“മോളെ!” അയാള്‍ ഉണര്‍ന്നതുപോലെ മേരിയുടെ കണ്ണുകളിലേക്കു നോക്കി. “നീ ഇവിടിരുന്നേ!...” മേരി ഇരുന്നു. “എന്റെ മോടെ കണ്ണെന്താ നെറഞ്ഞിരിക്കുന്നെ? ഉം…. നിന്റെ ഈ കരണം എന്തേ ചുമന്നിരിക്കുന്നു?” തഴമ്പുള്ള കൈപ്പത്തികൊണ്ട് അയാള്‍ അവളുടെ കണ്ണുനീര്‍ തുടച്ചു….പനിനീര്‍പ്പൂവിന്റെ ഇതളുകളില്‍നിന്നു മഞ്ഞുനീര്‍ത്തുള്ളികളെ എന്നപോലെ അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു; അവളുടെ കൊച്ചുന്നാളില്‍ എന്നപോലെ.
“മോക്കു ഞാന്‍ കല്യാണത്തിനു പൊതയ്ക്കാന്‍ സാരി മേടിച്ചോണ്ടു വന്നതു കണ്ടോ?...നല്ല പട്ടുസാരി… നെറ്റും മുടിയും ഒക്കെയുണ്ട്…?
“നാളെ നോക്കാമപ്പാ… അപ്പന്‍ അകത്തു കേറിക്കെടക്ക്.”
“ഞാനിന്ന് ഇവിടെ കെടന്നോളാം…. നല്ല കാറ്റൊണ്ട്…. മോളതിങ്ങ് എടുത്തോണ്ടുവന്നേ..”
മേരിചെന്ന് ആ ജൗളിപ്പൊതി എടുത്തുകൊണ്ടുവന്നു.
“മോളതെല്ലാം  ഒന്നു ചുറ്റിക്കേ, അപ്പനൊന്നു കാണട്ടെ.”
“ഇപ്പോഴാ? വേണ്ടപ്പാ.”
“അപ്പനൊന്നു കാണട്ടെ….ഒരു കൊതി.”
“ഇയാക്കു കിറുക്കാ…. ഈ മുതുപാരിരാനേരത്ത് ഒരു ചിത്താന്തം നോക്കണേ.” മേരി എടുത്തുകൊണ്ടുവന്ന പൊതി മറിയ തുറന്നു. സാരിയും മറ്റും എടുത്തു പായിന്മേല്‍ വച്ചിട്ടു തിരിച്ചും മറിച്ചും നോക്കി.
“എന്റെ മോളിതെല്ലാം അണിഞ്ഞോണ്ടു നില്‍ക്കുന്നത് അപ്പനൊന്നു കാണണം…. ഒരു കൊതിപോലെ.”
“മുഷിഞ്ഞുപോകും തോമ്മാച്ചാ.”
“അതു സാരമില്ല.”
“എന്നാല്‍ വാ മേരിമ്മേ…. അതിയാന്റെ മുതുകൊതിതന്നെ തീരട്ടെ.” ആ ജൗളികളെല്ലാം എടുത്തുംകൊണ്ട് മറിയ മേരിയെ കൂട്ടിക്കൊണ്ട് അകത്തേക്കു കേറിപ്പോയി… മേരിക്ക് അനുസരിക്കാതെ ഗത്യന്തരമില്ലായിരുന്നു.
തകരവിളക്കില്‍ കുറെ മണ്ണെണ്ണകൂടെ ഒഴിക്കുകയും തിരിനാളം പൊക്കിവച്ച് അതിന്മേലെ കരികള്‍ തട്ടിക്കളകയും ചെയ്തപ്പോള്‍ മുറിയില്‍ കൂടുതല്‍ വെളിച്ചമുണ്ടായി.
മേരിയെ അരയില്‍ തുണിച്ചരടില്‍ കെട്ടിയ മന്ത്രത്തകിടിനു യാതൊരു കേടും സംഭവിച്ചില്ല. ബ്ലൗസിനടിയില്‍ കെട്ടുന്നസാധനം മറിയയാണ് ശരിപ്പെടുത്തിക്കൊടുത്തത്. ഒട്ടും ചാഞ്ഞിട്ടില്ലാത്ത ആ വെളുത്തുരുണ്ടു കൊഴുത്ത മുലകളുടെ അഗ്രങ്ങളിലെ ഇളംചെമപ്പുനിറത്തിലുള്ള വൃത്തങ്ങളില്‍ കറപ്പു കലര്‍ന്നു തുടങ്ങിയിരിക്കുന്നതു കണ്ടപ്പോള്‍ മറിയ അവളുടെ തലകുനിപ്പിച്ചു ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു: “മോളേ, നാളെ രാവിലെ ഞാന്‍ നിന്നെ ഒരിടത്തു കൊണ്ടു പോകുന്നുണ്ട്.”
“എവിടാ ചേടിത്തീ?”
“ലോകത്തില്‍ ഒരു പൂതരും അറിയത്തില്ല, ഞാന്‍ പറയാം.”  ഗാരിയെല്ലാം ചുറ്റിക്കഴിഞ്ഞു മറിയതന്നെ മേരിയുടെ തലമുടി ഒതുക്കിക്കെട്ടിവച്ചു. അവളുടെ രണ്ടു കൈകളിലും ഒതുങ്ങുകയില്ലായിരുന്നു ആ തലമുടി. അത്രയ്ക്ക് ഏറെയുണ്ടായിരുന്നു.
“ബ്ലൗസിനു ശകലംകൂടെ അയവു വേണമായിരുന്നു.” മറിയ പറഞ്ഞു. മണവാട്ടിയെ കല്യാണപ്പന്തലിലേക്കു ഇഷ്ടതോഴി കൂട്ടിക്കൊണ്ടു പോകുന്നതുപോലെ മറിയ അവളെ ആ ഇടുങ്ങിയ ഇറയത്തേക്കു കൂട്ടിക്കൊണ്ടുചെന്നു. മറിയയുടെ കൈയില്‍ മണ്ണെണ്ണവിളക്കും ഉണ്ടായിരുന്നു. ആ വിളക്കിന്റെ വെളിച്ചത്തില്‍ സില്‍ക്കുസാരി വെട്ടിത്തിളങ്ങി.
“തേണ്ടെ തോമ്മാച്ചാ, കൊതിതീരെ നോക്കൂ മോളെ.”
തോമ്മാ നോക്കി. കൊതി തീര്‍ന്നില്ല. ആ പിതാവിന്റെ നേത്രങ്ങള്‍ അനര്‍ഘമായ ആനന്ദത്തിന്റെ ബാഷ്പകണികകളാല്‍ ആച്ഛാദിതങ്ങളായി. ജീവിതത്തില്‍ ഇത്രയും ആഹ്ലാദകരമായ ഒരു കാഴ്ച ഇതിനു മുമ്പ് അയാള്‍ കണ്ടിട്ടില്ല. നോക്കീട്ടും നോക്കീട്ടും കൊതിതീരുന്നില്ല. അയാള്‍ മണ്‍ചുമരില്‍ പിടിച്ചെണീറ്റു. എന്നിട്ടു വീണ്ടും തന്റെ മകളുടെ മുഖത്തേക്കു കണ്ണിമയക്കാതെ നോക്കി. “എന്റെ കുഞ്ഞേ!” അയാള്‍ മന്ത്രിച്ചു. ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് അടര്‍ന്നുവീണ ആ മൊഴികളില്‍ ഒരു സ്‌നേഹസമുദ്രം അലയടിച്ചു. പവനേക്കാള്‍ വിലയുള്ള പരമാനന്ദത്തിന്റെ നിമിഷങ്ങള്‍.
“നെറ്റും മുടിയും!” അയാള്‍ ഓര്‍ത്തു.
“അതൊക്കെ കല്യാണത്തിന്റെ അന്നു പോരേ തോമ്മാച്ചാ?” മറിയ ചോദിച്ചു.
“എനിക്കു കാണണം.” തോമ്മായ്ക്കു നിര്‍ബന്ധമായി. ഗത്യന്തരമില്ല. മറിയ നെറ്റും മുടിയും കൊണ്ടുവന്നു. ശുഭ്രവും ലോലവുമായ നെറ്റ് അവള്‍ മേരിയുടെ ശിരസ്സില്‍ വിരിച്ചു. എന്നിട്ട് വെളുത്ത കടലാസുപൂക്കളൊടുകൂടിയ മുടി അതിന്മേല്‍ യഥാവിധി ഘടിപ്പിച്ചു.
ഹൊ! എന്തൊരു ചേലായിരുന്നു അന്നേരം മേരിയെ കാണാന്‍! സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന മാലാഖയെപ്പോലെയിരുന്നു. എന്തൊരു അഴക്….എന്തൊരു സൗന്ദര്യം…. കാണാന്‍ അവളോളം സുന്ദരിയായ ഒരു മണവാട്ടി ഈ ഭൂലോകത്തില്‍ ഉണ്ടായിട്ടില്ല എന്നു പൂത്തേടത്തു തോമ്മായ്ക്കു തോന്നി. അഭിമാനിയായ ആ പിതാവിന്റെ ഹൃദയം പുത്തനായ അഭിമാനംകൊണ്ടു തുടിച്ചു.
“സ്തുതി താ മോളെ!” അയാള്‍ ആവശ്യപ്പെട്ടു.
“ഓ കിറുക്കല്ല കിറുക്ക്, ഇതാ കിറുക്ക്!” മറിയ പറഞ്ഞു. അതു വാസ്തവമായിരുന്നു. വിവാഹത്തിന്റെ പ്രഭാതത്തില്‍ മണവാട്ടി കല്യാണപ്പന്തലില്‍ വന്നു ഗുരുവിനു വെറ്റിലപാക്കുവച്ചു പാദത്തില്‍ തൊട്ടുവന്ദിച്ചശേഷം അപ്പനും കാരണവന്മാര്‍ക്കും എല്ലാം സ്തുതി നല്‍കിക്കഴിഞ്ഞു പള്ളിയിലേക്കു പോവുക എന്നതാണ് ചടങ്ങ്. പക്ഷേ, ഇപ്പോള്‍?
മദ്യത്തിന്റെ ലഹരികൊണ്ടു ലക്കില്ലാതായിത്തീര്‍ന്നിരിക്കുന്ന പൂത്തേടത്തു തോമ്മായ്ക്കു തോന്നിയിരിക്കാം അതു കല്യാണപന്തലാണെന്ന്; അവള്‍ പള്ളിയിലേക്കു പോകാന്‍ തുടങ്ങുകയാണെന്ന്. മേരി മടിച്ചു നിന്നില്ല. അവള്‍ അപ്പന്റെ മുമ്പിലെത്തി തലകുനിച്ചു കൈകള്‍കൂപ്പി, എന്നിട്ട് ഇങ്ങനെ ചൊല്ലി: “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.” പിന്നെയും തോമ്മായുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ കൈകള്‍ നീട്ടി തഴമ്പുള്ള കൈപ്പത്തികള്‍ അവളുടെ ശിരസ്സില്‍ വച്ചു. എന്നിട്ടിങ്ങനെ മന്ത്രിച്ചു: “ദൈവം എന്റെ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ.”
അപ്പന്റെ ആനന്ദപാരവശ്യം കണ്ടപ്പോള്‍ മേരിയുടെ ഹൃദയം നുറുങ്ങി.
“ഇനി ഞാനിതെല്ലാം അഴിച്ചുവച്ചേക്കട്ടെ അപ്പാ?” അവള്‍ സഗദ്ഗദം ചോദിച്ചു.
“ഇത്തിരികൂടി കഴിയട്ടെ…. ഞാന്‍ കൊതിതീരെ നിന്നെ ഒന്നുകാണട്ടെ…. ഞാന്‍ പറഞ്ഞിട്ട് അഴിച്ചുവച്ചാല്‍ മതി.”
“ഓ, അപ്പനിന്നെന്ത്വാ”
“അതാ ഞാന്‍ പറഞ്ഞതു കിറുക്കാണെന്ന്!” മറിയ പൂരിപ്പിച്ചു. അപ്പോഴേക്കും വടക്കേമുറിയിലെ പടിഞ്ഞാറേക്കോണില്‍ അടച്ചുവച്ചിരുന്ന കോഴിമുട്ടകള്‍ വിരിഞ്ഞെന്നു കോഴിക്കുഞ്ഞുങ്ങള്‍ വിളിച്ചറിയിക്കുകയായി. സൃഷ്ടികര്‍ത്താവായ ഈശ്വരന്റെ ലോലമായ ടെലിഫോണ്‍ അറിയിപ്പുപോലെ ആയിരുന്നു ആ കോഴിക്കുഞ്ഞുങ്ങള്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്‍…. ജീവന്റെ വിപഞ്ചികയിലെ തന്ത്രികളില്‍ ദൈവത്തിന്റെ വിരല്‍ തൊട്ടതുപോലെ… മറിയയും മേരിയും വിളക്കുമായി ചെന്നു. തള്ളക്കോഴിയെ പൊക്കിനോക്കി എണ്ണി. പത്തുകുഞ്ഞുങ്ങള്‍. വിരിയാത്തയായി രണ്ടുമൂന്നു മുട്ടകള്‍ അവശേഷിക്കുന്നു. വെളുത്ത കോഴിക്കുഞ്ഞുങ്ങള്‍! പാതിരാനേരത്തു വിടര്‍ന്ന വാടാമുല്ലയുടെ മലര്‍ക്കുടങ്ങള്‍ മാതിരി…. പാട്ടുപാടുന്ന വെള്ളപ്പൂക്കള്‍.
“ഇതില്‍ രണ്ടെണ്ണം എനിക്കാ.” മറിയ ഓര്‍മ്മിപ്പിച്ചു. “നാളെ ബാക്കി മൂന്നെണ്ണംകൂടെ ഇറങ്ങുമായിരിക്കും. ഏതായാലും ആ വള്ളിക്കൊട്ടയെടുത്ത് അടച്ചേക്ക്…. ആ ശങ്കരന്‍ മണ്ണാന്റങ്ങ് പത്തുപന്ത്രണ്ടു പൂച്ചകളുണ്ട്. ഇന്നാള് രണ്ടെമ്മത്തിനെ ആ കാതര്‍മേത്തന്‍ തല്ലിക്കൊന്നു…” മേരിയുടെ കല്യാണഡ്രസ്സില്‍ ചെളിയാകരുതല്ലോ എന്നു കരുതി മിറയതന്നെ കൊട്ടയെടുത്തു നവജാതരായ ആ കോഴിക്കുഞ്ഞുങ്ങളെയും തള്ളയേയും മൂടിവച്ചു.
റബ്ബര്‍തോട്ടത്തില്‍നിന്നും പുള്ളുകള്‍് ചിലയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. എത്ര കുഞ്ഞുങ്ങളെക്കിട്ടും? എത്രയെണ്ണത്തെ പുള്ളും കാക്കയും മാക്കാനും തട്ടിക്കൊണ്ടുപോകും എന്നറിഞ്ഞില്ല. എത്ര സൂക്ഷിച്ചാലും കുറേയെണ്ണം പോക്കാണ്.
“ഇനി അത് അഴിച്ചുവച്ചേരു മോളെ.” മറിയ ഓര്‍മ്മിപ്പിച്ചു.
“അപ്പന്‍ പറയാതെങ്ങനെയാ ചേടിത്തീ?”
അവര്‍ രണ്ടുംകൂടെ തിണ്ണയിലെത്തി. തോമ്മാ കണ്ണടച്ചു ചുമരില്‍ ചാരിയിരിക്കുകയായിരുന്നു. മേരി ചുറുക്കെ ഒരു തലയണ കൊണ്ടുവന്നു.  ചാരിയിരിക്കാന്‍ ചുവരോടു ചേര്‍ത്തുവച്ചുകൊടുത്തു.
“മോളെ!”
“എന്താപ്പാ?”
“നീ ഒരു പാട്ടു പാടണം… നിന്റെ പാട്ടു കേട്ടിട്ട് ഒത്തിരിനാളായില്ലേ?... നിന്റെ പാട്ടെനിക്കിഷ്ടമാ.”
മറിയയും മേരിയും മുഖത്തോടുമുഖം നോക്കി. തോമ്മായുടെ ബോധം തീരെ അസ്തമിച്ചുവോ? അല്ലെങ്കില്‍ ഈ നടുക്കമറ്റം പാതിരായ്ക്കയാള്‍ പെണ്ണിനോടു പാട്ടുപാടുവാന്‍ പറയുമോ?
“ഞാനീ സാരിയും ഒക്കെ മാറട്ടെ അപ്പാ?” മേരി വീണ്ടും അപേക്ഷിച്ചു. അവള്‍ക്ക് ആ വസ്ത്രങ്ങള്‍ ഒരു ഭാരമായിത്തോന്നി.
“വേണ്ട ഞാന്‍ പറയാം…നീ മണവാട്ടിപ്പെണ്ണിന്റെ ഈ വേഷത്തില്‍ പാടണം. എനിക്കു കേക്കണം…. എന്റെ തറതിക്കും കേക്കണം…എനിക്കിന്നു സന്തോഷത്തിന്റെ ദെവസമാ മോളെ…. അവന്‍ നല്ലവനാ കേട്ടോ… കേറ്റത്തിലെ ജോയി… അവന്‍ എന്റെ തറതിയുടെ ചവമടക്കിനു വന്നു. അവനെനിക്കു നൂറിന്റെ രണ്ടു നോട്ടുകള്‍ തന്നു….നൂറിന്റെ….”
“അപ്പാ!”
“നൂറിന്റെ…”
“അപ്പനെന്തിനാണ് ആ രൂപാ വാങ്ങിച്ചത്?... അപ്പാ… എന്റെ അപ്പാ!... എന്തിനാ അതു വാങ്ങിച്ചത്? അയ്യോ…” അവള്‍ ഏങ്ങലടിച്ചു നിലവിളിച്ചു. പക്ഷേ, തോമ്മാ അതൊന്നും ശ്രവിക്കുന്നതേയില്ല…
“പാടിയോ മോളേ?”
“എന്റെ പൊന്നു തോമ്മാച്ചാ…. അവളു കെടന്നൊറങ്ങട്ടെ…. എന്തൊരു ഭ്രാന്താ ഇത്?”
“എന്റെ മോളു പാടണം….”  തോമ്മാ അതേ പല്ലവി ആവര്‍ത്തിച്ചു കൊണ്ടു ചുവരില്‍ ചാരിയിരുന്നു. അകത്തേക്കുള്ള വാതില്‍ക്കല്‍ മണ്ണെണ്ണവിളക്കു മൂകസാക്ഷിയായി നിന്നു. തിണ്ണയില്‍ത്തന്നെ പടിഞ്ഞാറേ ചെറ്റയോടു ചേര്‍ന്നു താടിക്കു കൈയുംകൊടുത്തു ചിന്താമൂകയായി നിന്നതേയുള്ളൂ കടുക്കാമറിയ.
കള്ളിനോടും ചാരയത്തിനോടും എങ്ങനെ വര്‍ത്തമാനം പറയാനാണ്?
“മോളേ!” വീണ്ടും തോമ്മാ വിളിക്കുകയാണ്.
“എന്തോ!” അകത്തുനിന്നും മേരി വിളികേട്ടു. അവളുടെ ഏങ്ങലടിനിന്നു ഇനി അവള്‍ കരയുകയില്ല.
“നീ പാടിയോ?”
“പാടാം.”
“അവിടിരുന്നു പാടിക്കോ കേട്ടോ…. അപ്പന്‍ കേട്ടോളാം…”
മേരി വാതിലിനുചേര്‍ന്ന് ഒരു പായിന്മേല്‍ ഇരുന്നു…. മണവാട്ടിയുടെ വേഷത്തില്‍ത്തന്നെ… തലയില്‍ നെറ്റും മുടിയും ഉണ്ടായിരുന്നു.
“മുതുകൂത്ത് ഇരുന്നുകാണണമെന്നല്ലേ പഴഞ്ചൊല്ല്.” മറിയയും തിണ്ണയില്‍ത്തന്നെ ഞൊറിച്ചില്‍ മടക്കിവച്ചിട്ട് ഇരുന്നു. “മന്ത്രകോടിയൊക്കെ അവരു മേടിച്ചുകൊടുത്തേനെ. ഈ രൂപാകൊണ്ടു മേരിമ്മയ്ക്ക് ഒരു മാലയോ വളയോ മോതിരമോ മേടിച്ചാ മതിയാര്‍ന്നു.”
“എന്റെ മോക്ക് ആബരണം ഒന്നും വേണ്ട…” പൂത്തേടത്തു തോമ്മാ നിഗളം പറയുകയാണ്. “എന്റെ മോടെ ദേഹം സ്വര്‍ണ്ണംപോലാ ഇരിക്കുന്നെ…. പൊന്നാബരണമിട്ടാ തിരിച്ചറിയത്തില്ല…. കേട്ടോടീ കടുക്കാ മിറയേ.”
അഹങ്കാരിയായ അയാള്‍ തന്നെ 'കടുക്കാമറിയേ!' എന്നു വിളിച്ചതു മറിയയ്ക്ക് ഇഷ്ടമായില്ല. എങ്കിലും അവളൊന്നും പറഞ്ഞില്ല.
“മോളെ….പാടിയോടീ?”
“പാടാമപ്പാ പാടാം.” മേരി പറഞ്ഞു. മേരിക്ക് ഒത്തിരി പാട്ടുകളറിയാം. സിനിമാപ്പാട്ടുകളും പള്ളിയിലെ പാട്ടുകളും. എല്ലാം കേട്ടുപഠിച്ചതാണ്. പട്ടണത്തിലായിരുന്നപ്പോള്‍ സിനിമാക്കൊട്ടകയില്‍നിന്നുള്ള റിക്കാര്‍ഡുപാട്ടുകള്‍ അവള്‍ക്കെന്നും കേള്‍ക്കാമായിരുന്നു. അവള്‍ സിനിമായേ സിനിമ കണ്ടാല്‍ പിഴച്ചുപോകുമെന്നാണ് ആ ശുദ്ധഗതിക്കാരന്റെ വിശ്വാസം. ലോകത്തിലുള്ള പെമ്പിള്ളേര്‍ മുഴുവനും പിഴച്ചുപോകുന്നതില്‍ അയാള്‍ക്കൊന്നുമില്ല. ഒരു ചുക്കുമില്ല. തന്റെ മകള്‍ മാത്രം പിഴയ്ക്കാന്‍ പാടില്ല. ഏറ്റവും നിര്‍ബ്ബന്ധമുള്ള കാര്യമാണത്.
മേരി ശോകസാന്ദ്രമായ ഒരു താരാട്ടുപാട്ടാണ് പാടിയത്, ഒരു സിനിമാപ്പാട്ട്. കാമുകനാല്‍ വഞ്ചിതയായി അമ്മയായിത്തീര്‍ന്ന ഒരു ഗ്രാമീണയുവതിയുടെ ഹൃദയത്തിലെ നൊമ്പരങ്ങളാണ് ആ പാട്ട്. കരയുന്നതുപോലെതന്നെയായിരുന്നു അവളും പാടിയത്…. ആ ഗാനത്തിന്റെ തരംഗങ്ങളില്‍ അവളുടെ നീറുന്ന ആത്മാവിന്റെ നിലവിളികള്‍ മാറ്റൊലികൊണ്ടു. അവളെന്തിനാണാവോ താരാട്ടുപാട്ടുപാടിയത്? ആ ഗാനം ശ്രുതിമീട്ടാന്‍് കോഴിക്കുഞ്ഞുങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവസാനം വരെ കേള്‍ക്കാന്‍ കടുക്കാമറിയേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കണ്ണുകള്‍പോലും നനഞ്ഞുപോയി.
പാട്ടുകേട്ടു പാവം തോമ്മാ ഉറങ്ങിപ്പോയി. താരാട്ടുപാട്ടുകേട്ട ശിശുവിനെക്കൂട്ട്. അയാള്‍ തലയണവച്ച് ആ തഴപ്പായയില്‍ കിടന്നു. പക്ഷേ, ആ തലയണയുടെ ഒരു മൂലമാത്രമേ ആ തലയെത്താങ്ങുന്നുള്ളൂ.
വല്യമ്മച്ചി കൂര്‍ക്കം വലിക്കുന്നു.
മറിയ എണീറ്റു. “മേരിമ്മേ, അതിയാന്‍ തേ, പോത്തുപോലെ കെടന്നൊറങ്ങുന്നു, നീ കതകടച്ചു പാവിരിച്ചു വിളക്കൂതിയേച്ചു കെടക്ക്… ചേടിത്തി വെളുപ്പിനേ വരാം കേട്ടോ. നേരം പാതിരാകഴിഞ്ഞെന്നാ തോന്നുന്നെ…. തീവണ്ടിയുടെ എരപ്പു കേക്കുന്നു…. പട്ടാളക്കാരന്‍ മാത്തുക്കുട്ടി അതേലാരിക്കും വരുന്നെ.”
മറിയ മുറ്റത്തെ കൊച്ചു പന്തലിലേക്കിറങ്ങുംമുമ്പെ തോമ്മാ എന്ന കുംഭകര്‍ണ്ണനെ ഒന്നു നോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരനാണെന്നേ തോന്നൂ ഒറ്റനോട്ടത്തില്‍ അയാളെ കണ്ടാല്‍. അയാളിന്ന് ഇത്രയേറെ കുടിക്കരുതായിരുന്നു. ഇനിയുമുണ്ടല്ലോ രാത്രികള്‍…. എണ്ണിയാല്‍ തീരാത്തിടത്തോളം രാത്രികള്‍…. പൂത്തേടത്തു തോമ്മാ ഇത്രകണ്ട് ഏറെകുടിക്കാത്ത രാത്രികള്‍.
മറിയ പോയിക്കഴിഞ്ഞു. മേരി എണീറ്റു തിണ്ണയിലേക്കുവന്നു. അപ്പന്റെ തല മെല്ലെപൊക്കി തലയണ നേരേ വച്ചു. ആ പാദങ്ങളില്‍ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് അവള്‍ ഒത്തിരികരഞ്ഞു. തിരിയെ  അകത്തുകയറി പായ് വിരിച്ചു കതകടച്ചു. വിളക്കൂതിയില്ല.
ആകാശത്തിലെ ദൈവത്തിന്റെ കെടാവിളക്കല്ലാതെ ഭൂമിയിലെ  എല്ലാ വിളക്കുകളും അണഞ്ഞിട്ടും ആ മണ്‍കുടിലിലെ ദീപംമാത്രം എരിഞ്ഞുകൊണ്ടേയിരുന്നു.
കുറേക്കഴിഞ്ഞാല്‍ ചന്ദ്രന്‍ അസ്തമിച്ചു. നക്ഷത്രങ്ങള്‍ പിന്നെയും നിന്നു. എങ്കിലും ഭൂമിയില്‍ ഇരുട്ടായി.
പകലിന്റെ ദേവന്‍ എഴുന്നള്ളാറായി എന്നു കൊല്ലന്റെ പര്യത്തു നിന്നു പൂങ്കോഴി കുഴലൂതി അറിയിച്ചു.
പൂത്തേടത്തു തോമ്മായുടെ മണ്‍കുടിലിലെ തകര വിളക്കും അണഞ്ഞു. എല്ലാം പ്രശാന്തമായിരുന്നു. പകലിന്റെ രാജാവിന്റെ വരവേല്‍പ്പിന് കഴിവുള്ള ചെടികളും മരങ്ങളും പൂത്താലങ്ങളുമായി  അണിഞ്ഞൊരുങ്ങിനിന്നു. പള്ളിയെഴുന്നള്ളത്തിനു സമയമായപ്പോള്‍ മാനത്തെ നക്ഷത്രങ്ങളെല്ലാം വഴിമാറിക്കൊടുത്തു. പൈലറ്റായ പ്രഭാതനക്ഷത്രത്തെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയായ വെളിച്ചം പ്രാചിയിലെ ചക്രവാളത്തില്‍ കാണപ്പെട്ടു. സമാധാനത്തിന്റെ വെള്ളിക്കൊടിമാതിരി.
അതാ! അതാ! സ്വര്‍ണ്ണവയല്‍ ഉഴുതുമറിച്ചുകൊണ്ടു പ്രഭാതം വന്നെത്തിക്കഴിഞ്ഞു.
പൂത്തേടത്തു തോമ്മാ എന്നിട്ടും തിണ്ണയില്‍ക്കിടന്നു പൂരാ ഉറക്കമാണ്. എന്നു രാവിലെ മേരി മുറ്റം അടിക്കുന്ന ശബ്ദംകേട്ടാണ് അയാള്‍ ഉണരുക. ഇന്നു മേരി മുറ്റം അടിച്ചില്ല. അടുപ്പില്‍ തീ കത്തിച്ചുമില്ല. കാരണം, അവള്‍ ഉണര്‍ന്നില്ലായിരുന്നു.
അമ്മിണി ഉണര്‍ന്നു. ചേച്ചിയെ വിളിച്ചിട്ടും കുലുക്കിവിളിച്ചിട്ടും ചേച്ചി ഉണര്‍ന്നില്ല. കണ്ണു തുറന്നില്ല, വിളികേട്ടില്ല….തോമ്മാ ഉണര്‍ന്നു. അയാള്‍ കണ്ണു തുറന്നു… മദ്യത്തിന്റെ എല്ലാ കെട്ടുകളും വിട്ടിരിക്കുന്നു….അയാള്‍ മുറിയിലേക്കു കയറിച്ചെന്നു. മേരി പുത്തന്‍ മണവാട്ടിപ്പെണ്ണിന്റെ വേഷത്തില്‍ത്തന്നെ നിലത്തുതഴപ്പായയില്‍ കിടക്കുന്നു…. അപ്പന്‍ പറയാതെ ആ വേഷം മാറ്റരുതെന്നാണു പറഞ്ഞിട്ടുള്ളത്…അതുകൊണ്ടാണ് മാറ്റാത്തതും…നെറ്റും മുടിയും എല്ലാം ഉണ്ട്.
മോളേ….മേരിമ്മേ! അയാള്‍ വിളിച്ചു, കുലുക്കിവിളിച്ചു, ഉറക്കെ വിളിച്ചു. അവള്‍ ഉണര്‍ന്നില്ല. കണ്ണുതുറന്നില്ല വിളികേട്ടില്ല.
അവളിനി ഉണരുകയില്ല. കണ്ണു തുറക്കുകയില്ല. വിളികേള്‍ക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ഉറക്കമായിരുന്നു ആ ഉറക്കം!
ചേലുള്ള മണവാട്ടിപ്പെണ്ണിന്റെ വേഷത്തില്‍…. പൂത്തേടത്തു തോമ്മായുടെ സുന്ദരിമോള്‍…
നോക്കെത്താത്ത അകലെനിന്ന് ഹൃദയം നിറയെ ആശകളുമായി ജവാന്‍ വന്നെത്തിയിരിക്കുന്നു. അവളെ രാജ്ഞിയായി വാഴിക്കാന്‍ ധൃതഗതിയില്‍ കൊട്ടാരം പണിയുന്ന പ്രേമഗൗതമനും വന്നുചേര്‍ന്നു.
അകത്തെ കാല്‍പെട്ടിയുടെ പിള്ളമുറിയില്‍ ഒരെഴുത്ത്. ആ എഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
“അപ്പാ.”
അപ്പന്‍ നല്ല ഉറക്കമായിരുന്നു അപ്പന്റെ പാദങ്ങളെ ഞാന്‍ കണ്ണീരുകൊണ്ടു നനച്ചിട്ടും അപ്പന്‍ അറിഞ്ഞില്ല. ഞാന്‍ മണവാട്ടിയാകാന്‍ ജീവിതകാലം മുഴുവനും നോമ്പുനോറ്റു കാത്തിരുന്ന എന്റെ അമ്മച്ചിക്കു ഞാന്‍ സ്തുതിചൊല്ലിയില്ല. അമ്മച്ചി എന്റെ വേഷം കണ്ടില്ല. ഞാന്‍ എന്റെ അമ്മച്ചിയുടെ അടുക്കലേക്കുതന്നെ പോവുകയാണ്. ഞാന്‍ തനിച്ചല്ല. എന്റെ കൂടെ എന്റെ കുഞ്ഞും ഉണ്ട്. ഞാനതിനെ കണ്ടിട്ടില്ല. മുലയൂട്ടീട്ടില്ല. ഞങ്ങളു പോവുകയാണ്. അമ്മിണിയെ സൂക്ഷിച്ചു വളര്‍ത്തണം. അവളെ കൊച്ചിലേ കെട്ടിക്കുകയും വേണം. വലിയവീട്ടിലെ ജോയി എന്നെ ചതിക്കുമെന്നു വിചാരിച്ചിരുന്നില്ല. എന്നെ ചതിച്ചു. അപ്പന്‍ അദ്ദേഹത്തോടു പകരം വീട്ടരുത്. എന്റെ അപേക്ഷയാണ്. കറിയാച്ചേട്ടന്‍ പണ്ടൊരിക്കല്‍ വല്യമ്മച്ചിയുടെ കട്ടിലിലെ മൂട്ടയെക്കൊല്ലാന്‍ കൊണ്ടുവന്ന മരുന്നിന്റെ ബാക്കി അമ്മച്ചിയുടെ  കാല്‍പെട്ടിയുടെ അടിയില്‍ ഇരുപ്പുണ്ടായിരുന്നു. അതിപ്പോള്‍ എന്റെ അടുത്തുണ്ട്… അമ്മച്ചിയും ഞാനുംകൂടെ എന്റെ കുഞ്ഞിനെ താരാട്ടു പാടിയുറക്കും…ഒടുവില്‍ കര്‍ത്താവിന്റെ മാലാഖമാര്‍ വന്നു തങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഈ പൊന്നുമോക്ക് അപ്പന്‍ മാപ്പുതരികയില്ലേ….അപ്പാ.
പോസ്റ്റുമോര്‍ട്ടം നടന്നു. മേരി ഗര്‍ഭിണിയായിരുന്നെന്നും വിഷം കുടിച്ചാണ് ആത്മഹത്യചെയ്തതെന്നും ആധികാരികമായി വിധിക്കപ്പെട്ടു.
അവളുടെ ശവസംസ്‌കാരത്തിനു വലിയവീട്ടില്‍നിന്ന് ഒരു സാഹായവും ഉണ്ടായില്ല. ആ വീട്ടില്‍നിന്നും ആരും വന്നില്ല. കാരണം, അന്നു ജോയിച്ചന്റെ കല്യാണം ഉറപ്പിക്കലായിരുന്നു. കേമമായ വിരുന്ന് ഒരുക്കുന്നുണ്ടായിരുന്നു.
പണ്ടന്‍ കറിയായ്ക്ക് ചെല്ലേണ്ടും സാധനങ്ങളെല്ലാം തിരികെക്കൊടുത്തു. ആശുപത്രിയിലെ കടംവീട്ടി. അങ്ങിങ്ങായി കൊടുക്കാനുണ്ടായിരുന്ന ചില്ലറക്കടങ്ങളും വീട്ടി.
ഒന്നുരണ്ട് ആശുപത്രികളിലെ ചികിത്സകഴിഞ്ഞ് എല്ലും തൊലിയുമായി വടിയുംകുത്തി തിരിച്ചെത്തിയ കുഞ്ഞമ്മുവിന് തോമ്മാ ആ മൂന്നുസെന്റുഭൂമിയും മണ്‍പുരയും ദാനമായി നല്‍കി.
 കോഴികളെയും കുഞ്ഞുങ്ങളെയും കൈസര്‍ എന്ന പട്ടിയെയും തോമ്മാ കടുക്കാമറിയയ്ക്കു സംഭാവനകൊടുത്തു.
വെയിലാറിത്തുടങ്ങിയപ്പോള്‍ അമ്മയെയും അമ്മിണിയെയും വിളിച്ചുകൊണ്ട് തോമ്മാ മുറ്റത്തേക്കിറങ്ങി. ചുറ്റികയും തറതി എന്നു അയാള്‍ക്കു ചോറുവിളമ്പിക്കൊടുത്തിരുന്ന ഒരു ചവുണ്ട പഴയ പിഞ്ഞാണവും മാത്രമേ അയാള്‍ എടുത്തുള്ളൂ. മാപ്പിളയും പെമ്പിളയുംകൂടെ പണ്ടൊരു പെരുന്നാളിനു വാങ്ങിച്ച പിഞ്ഞാണമാണത്.
“ഞങ്ങളു പോകുവാ മറിയേ.” തോമ്മാ യാത്രപറഞ്ഞു. മറിയയോടുതന്നെയല്ല. ആ പുറമ്പോക്കിനോട്, താന്‍ വിശുദ്ധമെന്നു തെറ്റിദ്ധരിച്ചിരുന്ന ആ നാട്ടുംപുറത്തോട്.
എങ്ങോട്ടാ പോണത്? മറിയ ഗദ്ഗദത്തോടെ ചോദിച്ചു.
“തിരിയെ പട്ടണത്തിലേക്കുതന്നെ!”
“അവിടെച്ചെന്നിട്ട്?”
“അവിടെ വാടകയ്ക്കു കുടിലുകിട്ടും. എന്നും ജോലിയുണ്ട്. അവിടത്തെ മനുഷ്യര്‍ നല്ലവരാണ്.”
“ഈ സാമാനങ്ങളോ?”
“ഔക്കറെ കാളവണ്ടിയുമായി അയയ്ക്കും.”
“ഇനീ ഇങ്ങോട്ടു വരികയില്ലേ?” മറിയയുടെ കണ്ണുകളില്‍നിന്നു കുടുകുടെ കണ്ണീര്‍ത്തുള്ളികള്‍ വീണു.
“ഇല്ല മറിയേ.” ഉഗ്രനായ തോമ്മായുടെ സ്വരംപോലും ഇടറിപ്പോയി.
“മോനേ കറപ്പ്?” വഴിയിലേക്കിറങ്ങിയപ്പോള്‍ അന്നത്തള്ള ഓര്‍മ്മിപ്പിച്ചു.
“അങ്ങുചെല്ലട്ടമ്മച്ചീ മേടിച്ചുതരാം.” തോമ്മാ ഉറപ്പിച്ചു പറഞ്ഞു. അമ്മിണി അവളുടെ ഉടുപ്പുകൊണ്ടു പിഞ്ഞാണം പൊതിഞ്ഞു കൈയില്‍ പിടിച്ചിരുന്നു.
തോമ്മാ വഴിയില്‍ ഇറങ്ങിനിന്നു. അവസാനമായി അയാള്‍ വടക്കോട്ടൊന്നു നോക്കി. വലിയവീടിന്റെ മുറ്റത്തു രണ്ടുമൂന്നു വിലയേറിയ  പ്ലഷര്‍കാറുകള്‍ കിടപ്പുണ്ടായിരുന്നു. തോമ്മായുടെ കൈയിലിരിക്കുന്ന ചുറ്റികയുടെ പിടി ഞെരിഞ്ഞുപോകുമെന്നു തോന്നി. ദീര്‍ഘമായൊന്നു നിശ്വസിച്ചിട്ട് അയാള്‍ ദൃഷ്ടികളെ പിന്‍വലിച്ചു.
അന്നത്തള്ളയ്ക്കു നടക്കാന്‍ വിഷമമാണെന്നിരിക്കിലും നേര്‍വഴിയേ പോകുന്നില്ലെന്നു തോമ്മാ തീരുമാനിച്ചു. റബ്ബര്‍പറമ്പില്‍ക്കൂടി കിടക്കുന്ന കുറുക്കുവഴിയേ ആണ് അയാള്‍ പോയത്. മൂന്നരനാഴിക നടന്നാല്‍ മതി ബസ്സ് ഓടുന്ന വഴിയിലെത്തും. ബസ്സില്‍ക്കയറിയാല്‍ പിന്നെ ടൗണിലെത്താന്‍ അരമണിക്കൂര്‍ വേണ്ട.
റബ്ബര്‍തോട്ടത്തിന്റെ അങ്ങേ അരികുവരെ മറിയയും അവരെ അനുഗമിച്ചു.
ഒന്നുംമിണ്ടാതെ അന്നത്തള്ളയെ കൈയ്ക്കുപിടിച്ചുകൊണ്ടു തോമ്മാ നടന്നു. എങ്കിലും ഏതാനും വാര അകലെച്ചെന്നു തോമ്മാ തിരിഞ്ഞു നോക്കി. റബ്ബര്‍പറമ്പിന്റെ കയ്യാലയില്‍ മറിയ നില്‍ക്കുന്നതു കണ്ടു. നാലു നിറകണ്ണുകളുടെ നിശ്ശബ്ദമായ അന്ത്യാമന്ത്രണം.
കൈസര്‍ എന്ന കില്ലപ്പട്ടി ഇതാ തോമ്മായുടെ കാല്‍ച്ചുവട്ടില്‍. അയാള്‍ കല്ലെടുത്തെറിഞ്ഞ് ഓടിച്ചിട്ടും അവന്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. “ആ നീയുംകൂടെ പോരെ.” ഒടുവില്‍ അയാള്‍ പറഞ്ഞു. എട്ടണ കൊടുത്താല്‍ മതി ബസ്സില്‍ കേറ്റിക്കൊണ്ടുപോകാം അവനെ.
റബ്ബര്‍ത്തോട്ടം കഴിഞ്ഞുള്ള മുണ്ടകപ്പാടത്തിന്റെ ഈര്‍ക്കിലിവരമ്പത്തെത്തിയപ്പോള്‍ അന്നത്തള്ളയ്ക്കു നടക്കാന്‍വയ്യെന്ന്. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ തോമ്മാ ആ തള്ളയെ രണ്ടുകൈകൊണ്ടും കോരിയെടുത്തു. അവരെ ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ  ചുമന്നുകൊണ്ട് അയാള്‍ അക്കരെ എത്തി. ആ കിളവിയുടെ ചുളിവീണ മുഖത്തൊരു പുഞ്ചിരിയുണ്ടായി. നല്ല വഴിയിലെത്തിയപ്പോള്‍ അവര്‍ മകന്റെ തഴമ്പുള്ള കൈയില്‍  പിടിച്ചുകൊണ്ട് അനായാസം നടന്നു.
 അപ്പുറത്തു പള്ളിക്കുന്നാണ്. അതിന്റെ ഇറമ്പില്‍ക്കൂടെയാണു നാട്ടുവഴി.
“അപ്പാ, നമുക്കു പള്ളീക്കേറി നേര്‍ച്ചയിട്ടിട്ടു പോകാം?” അമ്മിണി ഓര്‍മ്മിപ്പിച്ചു.
“വേണ്ട, പള്ളിക്കകത്തിരിക്കുന്ന ദൈവം മുതലാളിമാരുടെ ദൈവമാ മോളെ, നീ വാ.” തോമ്മാ മുന്നോട്ടു നടന്നു.
“അപ്പാ നമ്മളു പോകുന്നേടത്തു കറിയാച്ചേട്ടന്‍ വരുകേലേ?”
“ഇല്ല മോളെ.”
“അതെന്താ?”
“നീ വാ.” തോമ്മാ വേഗം നടന്നു. പള്ളിയില്‍നിന്ന് ആവുന്നത്ര വേഗം അകലണമെന്നായിരുന്നു അയാളുടെ ആഗ്രഹം.
കേറ്റമായിരുന്നു. പള്ളിക്കുന്നിന്റെ ഉച്ചിയിലെത്തിയപ്പോള്‍ അന്നത്തള്ള തളര്‍ന്നുപോയി.
“വയ്യ മോനെ നടക്കാന്‍…. ഇവിടിച്ചിര ഒന്നിരിക്കട്ടെ….”  ആ തള്ള വഴിക്കിരുന്നു. “ശകലം കറുപ്പു തിന്നുരുന്നേല്‍ ക്ഷീണം കാണത്തില്ലായിരുന്നു.”
“മേടിച്ചുതരാമമ്മേ അങ്ങു ചെല്ലട്ടെ.” തോമ്മാ പറഞ്ഞു. അമ്മയുടെ ക്ഷീണം തീരട്ടെ എന്നു കരുതി അവനും അവിടെനിന്നു. പള്ളിക്കുന്നിന്റെ മുകളില്‍, ഉരുണ്ട ഭൂമിയുടെ തുഞ്ചത്തല്ലേ താന്‍ നില്‍ക്കുന്നത്? കൈയിലിരിക്കുന്ന ചുറ്റികകൊണ്ടടിച്ചാല്‍ ഈ ഭൂമി തകര്‍ന്നുപോകുമോ അരിയുണ്ടപോലെ? തോമ്മാ അവന്റെ ചുറ്റികയിലേക്കു നോക്കി.
ആ ദേവാലയത്തിന്റെ മുകളിലത്തെ കുരിശ് സായാഹ്നത്തിലെ വെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു. ദൈവത്തോടു കെറുവിച്ചു പോകുന്ന അവനെ ദൈവം പുറകോട്ടു വിളിക്കുന്നുണ്ടോ? അവന്‍ ചെവിയോര്‍ത്തു. ഒന്നും കേള്‍ക്കുന്നില്ല. കാറ്റത്തിളകുന്ന  ഇലകളുടെ മര്‍മ്മരമല്ലാതെ.
അവന്‍ തിരിയെ പള്ളിയിലേക്കു നടന്നു. അകത്തു കയറി. പള്ളിക്കകത്തു കെടാവിളക്കിന്റെ വെളിച്ചത്തില്‍ കര്‍ത്താവ് അവനെ കാരുണ്യപൂര്‍വ്വം നോക്കുന്നതുപോലെ തോന്നി. അവന്‍ മുട്ടുകുത്തി, കൈകൂപ്പി. കര്‍ത്താവിന്റെ തിരുമുഖത്തേക്കു നോക്കിയപ്പോള്‍ അയാളുടെക കണ്ണുകള്‍ നനഞ്ഞുപോയി. “എന്റെ കര്‍ത്താവേ! പാവപ്പെട്ടവനായ എന്നോട്,  ഒരു പാപോം ചെയ്തിട്ടില്ലാത്ത എന്നോടു നീ ഈ കടുംകൈ ചെയ്തുകളഞ്ഞല്ലോ. എന്നോടുമാത്രം നീ ഇങ്ങനെ ചെയ്യരുതായിരുന്നു…. ചെയ്യരുതായിരുന്നു…. സങ്കടമുണ്ടുകേട്ടോ.” തഴമ്പുള്ള കൈപ്പത്തികൊണ്ട് അയാള്‍  കണ്ണീര്‍ തുടച്ചു. ഒരു പത്തു പൈസാത്തുട്ടു നേര്‍ച്ചപ്പെട്ടിയില്‍ കാണിക്കയിട്ടു.
പള്ളിമുറ്റത്തേക്കിറങ്ങി. അവിടെനിന്നു നോക്കിയാല്‍ കാണാം സിമിത്തേരി. അവിടെ അയാളുടെ ഹൃദയത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍ കിടക്കുന്നു…. തറതിയും മേരിയും…
അയാള്‍ അങ്ങോട്ടു പോയില്ല. എങ്കിലും അങ്ങോട്ടു നോക്കിക്കൊണ്ട് അയാള്‍ മന്ത്രിച്ചു. “തറതി, മേരിമോളെ…. ഞങ്ങള്‍ പോണു.”
നേരം എരിഞ്ഞടങ്ങുന്നു. ഹോ! പടിഞ്ഞാറേ ആകാശത്തില്‍ എന്തൊരു സ്വര്‍ഗ്ഗീയമായ ശോഭ!
അമ്മിണി വല്യമ്മച്ചിയുടെ അടുത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. സന്ധ്യയുടെ സുവര്‍ണ്ണവെളിച്ചത്തില്‍ അവളെത്ര മനോഹരിയായിരിക്കുന്നു!
അയാള്‍ അവളെ ഒന്നു സൂക്ഷിച്ചു. അവളുടെ ശരീരത്തില്‍ പ്രകൃതി ആരും ആരും അറിയാതെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അയാള്‍ ആദ്യമായി കണ്ടപ്പോള്‍ അയാളുടെ വയറ്റില്‍ തീ ആളിക്കത്തി.
“എന്റെ കര്‍ത്താവേ!” അയാള്‍ നെടുവീര്‍പ്പിട്ടു.
“അമ്മച്ചീ വാ.” അമ്മച്ചിയെ അയാള്‍ വേഗം കൈയ്ക്കുപിടിച്ച് എണീല്പിച്ചു. നടക്കാന്‍വയ്യെങ്കിലും പതുക്കെ നടക്ക്…നേരം ഇരുട്ടുന്നു….”
കുങ്കുമംപോലെ ചെമന്ന സന്ധ്യാകാശത്തിനു നേരേ അവന്‍ നടന്നു. മരുഭൂമിയിലെ ആ യാത്രക്കാരന്‍ …. വേഗം നടന്നു… വേഗം വേഗം….
തോമ്മായുടെ കൈയില്‍ ചുറ്റിക ഉണ്ടായിരുന്നു. അയാളതു മുറുക്കെത്തന്നെ പിടിച്ചിരുന്നു.
ദൂരെ ബസ്സില്‍ ഇരപ്പു കേള്‍ക്കുന്നുണ്ട്.
അവരുടെ നീണ്ട നിഴലുകള്‍ സന്ധ്യയുടെ മങ്ങിയ ഇരുളില്‍ ലയിച്ചു പയ്യെപയ്യെ അദൃശ്യങ്ങളായി.
***********


കരകാണാക്കടല്‍(നോവല്‍: അവസാനഭാഗം)  -മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക