Image

വാലിഫോര്‍ജില്‍ ഉത്സവം കൊടിയേറുന്നു; ചലോ ഫില്ലി

Published on 23 June, 2014
വാലിഫോര്‍ജില്‍ ഉത്സവം കൊടിയേറുന്നു; ചലോ ഫില്ലി
ഫിലാഡല്‍ഫിയ: ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു കണ്ട സ്വപ്‌നം സഫലമാകുമോ? നീണ്ടകഥയിലേതുപോലെ അറിയാന്‍ വ്യാഴാഴ്‌ച വരെ കാത്തിരിക്കേണ്ടതില്ല.

പൂര്‍ണമായിട്ടല്ലെങ്കിലും ഒട്ടുമുക്കാലും അതു സഫലമാകും. ഫോമാ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും കണ്‍വന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജും ഉറപ്പു നല്‍കുന്നു. കുറഞ്ഞത്‌ സാമ്പത്തിക പ്രശ്‌നമൊന്നുമില്ലാതെ എല്ലാം ശുഭമാകുമെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പും.

സ്വപ്‌നം ഇതായിരുന്നു: വ്യാഴാഴ്‌ച (ജൂണ്‍ 26) കൊടിയേറുന്ന മാമാങ്കത്തില്‍ 5000 പേര്‍ പങ്കെടുക്കണം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്‌ കോസ്റ്റില്‍ അതു വിഷമമുള്ള കാര്യമല്ല. 5000 ഇല്ലെങ്കിലും അതു 3000 കവിയുമെന്നാണ്‌ `ഉത്സാഹകമ്മിറ്റി'യുടെ ആത്മവിശ്വാസം. ഓരോ ദിവസത്തേയ്‌ക്കും വാക്‌ ഇന്‍ രജിസ്‌ട്രേഷന്‍ ഉള്ളതിനാല്‍ എത്രപേര്‍ വരുമെന്ന്‌ കൃത്യമായി അറിയാന്‍ കണ്‍വന്‍ഷന്‍ കഴിയണം.

തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട്‌ രജിസ്‌ട്രേഷന്‍ തകൃതിയായി നടന്നുവെന്ന്‌ ഗ്ലാഡ്‌സണ്‍. വിശാലമായ കണ്‍വന്‍ഷന്‍ വേദിയായതിനാല്‍ എത്ര പേര്‍ വന്നാലും പ്രശ്‌നമില്ലെന്ന്‌ അനിയന്‍ ജോര്‍ജ്‌. ബങ്ക്വറ്റ്‌ പക്ഷെ നേരത്തെ ക്ലോസ്‌ ചെയ്യും.

എല്ലാം ഭംഗിയായി പോകുന്നുവെന്നും കൃത്യതയോടെ കാര്യങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി എന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു. അടുത്ത തിങ്കളാഴ്‌ചയാകുമ്പോള്‍ കണ്‍വന്‍ഷന്‍ ഓര്‍മ്മയാകും. ആരവങ്ങളും തിരക്കും ഇല്ലാതാകും. അന്ന്‌ ജോര്‍ജ്‌ മാത്യുവിന്റേയും ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റേയും മാനസീകാവസ്ഥ എങ്ങനെയായിരിക്കും.?

വലിയ ഭാരം ഇറക്കിവെച്ചതുപോലെ തോന്നും എന്ന്‌ രണ്ടാളും പറഞ്ഞു. എങ്കിലും മനസ്‌ ഒരു തിരിഞ്ഞുനോട്ടം നടത്തുമെന്നു ജോര്‍ജ്‌ മാത്യു. വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നോ? ഉദ്ദേശിച്ചതൊക്കെ ചെയ്‌തോ? കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നോ? നൂറുശതമാനം അര്‍പ്പണബോധം കാട്ടിയോ എന്നൊക്കെ ആലോചിച്ചെന്നിരിക്കും. എങ്കിലും ഇത്രയൊക്കെ ചെയ്യാറായല്ലോ എന്ന നന്ദി മനസിലുണ്ടാവും- ജോര്‍ജ്‌ മാത്യു പറഞ്ഞു.

ശരിക്കൊന്ന്‌ റിലാക്‌സ്‌ ചെയ്യണമെന്നാണ്‌ ഗ്ലാഡ്‌സന്റെ മനസിലിരുപ്പ്‌. അടുത്തെങ്ങും ഫോമാ നേതൃത്വത്തിലേക്ക്‌ കണ്ണില്ല. വിചാരിച്ചതിലേറെ കഠിനാധ്വാനവും സമയവും ചെലവിടേണ്ടിവന്നു. വേണമെങ്കില്‍ കാര്യമായി ഒന്നും ചെയ്യാതെ എല്ലാം ഈസിയായി എടുക്കാമിയിരുന്നു. എന്നാല്‍ സംഘടന വളര്‍ത്താനും കാര്യങ്ങള്‍ ഭംഗിയാക്കാനും ശ്രമിച്ചപ്പോള്‍ തിരക്കായി. ഉത്തരവാദിത്വമായി.

ഫോമ ഇന്നിപ്പോള്‍ ഏറ്റവും വലിയ മലയാളി സംഘടനയായി മാറിയെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നരവര്‍ഷം ഫോമയുടെ സുവര്‍ണ കാലഘട്ടമായി ഗ്ലാഡ്‌സണ്‍ വിലയിരുത്തി. മറ്റ്‌ സംഘടനകളില്‍ മത്സരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയുള്ളപ്പോള്‍ ഫോമ വലിയ ജനകീയ പ്രസ്ഥാനമായി മാറി. കണ്‍വന്‍ഷന്‍ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചെങ്കില്‍ ഇതായിരിക്കില്ല സ്ഥതി- ഗ്ലാഡ്‌സണ്‍ ചൂണ്ടിക്കാട്ടി.

മൂന്നു കാര്യങ്ങള്‍ കണ്‍വന്‍ഷനെ വേറിട്ടതാക്കുമെന്നു ജോര്‍ജ്‌ മാത്യു. ഘോഷയാത്രയാണ്‌ ഒന്ന്‌. നാടന്‍ കലകളും, വേഷഭൂഷാദികളുമായി കേരള സംസ്‌കൃതി അവിടെ പുനര്‍ജനിക്കുമ്പോള്‍ പുതിയ തലമുറയ്‌ക്ക്‌ അതു നവ്യാനുഭൂതിയായിരിക്കും. യുവജനതയ്‌ക്ക്‌ നല്‍കുന്ന പ്രാധാന്യമാണ്‌ മറ്റൊന്ന്‌. മിസ്‌ ഫോമ, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ എന്നിവയൊക്കെ യുവതലമുറയ്‌ക്കുള്ള സംഭാവനയാണ്‌.

ജോബ്‌ ഫെയറില്‍ (ശനി) ഹെല്‍ത്ത്‌ കെയര്‍ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനെത്തുന്നുണ്ട്‌- ഗ്ലാഡ്‌സണ്‍ പറഞ്ഞു. നേഴ്‌സുമാര്‍, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ്‌ സാധ്യത. ഐ.ടി കമ്പനികളും എത്തുന്നുണ്ട്‌.

എത്തുമെന്ന്‌ പ്രതീക്ഷിച്ചവരില്‍ പ്രേമചന്ദ്രന്‍ എം.പിയുടെ കാര്യം മാത്രമാണ്‌ സംശയം. വിസാ പ്രശ്‌നമാണ്‌ കാരണം.

ജോര്‍ജ്‌ മാത്യുവിന്റെ വീട്ടില്‍ നിന്ന്‌ അരമണിക്കൂറേയുള്ളൂ വാലിഫോര്‍ജിലേക്ക്‌.
ഭാര്യ ത്രേസ്യമ്മയും ലോ സ്‌കൂളില്‍ പഠിക്കുന്ന പുത്രന്‍  ഒഴിച്ച്‌  മറ്റ്‌ രണ്ടാളും കണ്‍വന്‍ഷന്‌ വരും. മൂത്ത പുത്രന്‍ ജസ്റ്റിന്‍ മാര്‍ക്കറ്റിംഗ്‌ കമ്പനിയില്‍ ഡയറക്‌ടറാണ്‌. പുത്രി ജന്‍സി ഫാര്‍മസിസ്റ്റും.

ഗ്ലാഡ്‌സന്റെ ഭാര്യ ഡോ. മറീന ശനിയാഴ്‌ചയേ എത്തു. ഇന്‍ഡോറില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക്‌ മലയാളം കഷ്‌ടി. കോളജില്‍ പഠിക്കുന്ന പുത്രന്‍ ആല്‍വിനും പത്തില്‍ പഠിക്കുന്ന ഏബിളും പരീക്ഷയുടെ തിരക്കില്‍.

മറ്റന്നാള്‍ (ബുധന്‍) മുതല്‍ കണ്‍വന്‍ഷന്‌ ആളെത്തും. അവര്‍ക്ക്‌ വ്യാഴാഴ്‌ച പ്രാദേശിക ടൂറുകളുണ്ട്‌. ഉച്ചയ്‌ക്ക്‌ ഒരു മണി
ക്കു താരപ്രഭയില്‍ ഫിലിം ഫെസ്റ്റിവലോടെ കണ്‍വന്‍ഷന്‍ വേദികള്‍ ഉണരും. മംമ്‌താ മോഹന്‍ദാസ്‌, മനോജ്‌ കെ. ജയന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവല്‍ നയിക്കുന്നത്‌ സാബു ചെറിയാനാണ്‌.

അനൗപചാരിക ഉദ്‌ഘാടനം വൈകിട്ട്‌ 7-നാണ്‌. മന്ത്രി കെ.സി ജോസഫ്‌, ന്യൂയോര്‍ക്ക്‌ കോണ്‍സ
ല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌, കെ.വി. തോമസ്‌ എന്നിവര്‍ മുഖ്യാതിഥികള്‍. തുടര്‍ന്ന്‌ അംഗസംഘടനകളില്‍ നിന്നുള്ളവരുടെ കലാപരിപാടികള്‍ അരങ്ങേറും. അതിനു പുറമെ ബാള്‍റൂമില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍.

വെള്ളിയാഴ്‌ച ശ്രദ്ധേയമായ പല പരിപാടികളും നടക്കും.
കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുള്ള യൂത്ത്‌ ഫെസ്റ്റിവലില്‍ നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, സ്‌പെല്ലിംഗ്‌ ബീ എന്നിവയെല്ലാം അരങ്ങേറും. 10 മണിക്കു വിമന്‍സ്‌ ഫോറം, സാഹിത്യസമ്മേളനം എന്നിവ. നോവലിസ്റ്റ്‌ ബെന്യാമിന്‍ പങ്കെടുക്കും.

പത്തുമുതല്‍ മൂന്നര വരെ നടക്കുന്ന നാടക മത്സരമാണ്‌ മറ്റൊരു പ്രധാന ഇനം. ഒബാമ കെയര്‍, സോഷ്യല്‍ സെക്യൂരിറ്റി, റിട്ടയര്‍മെന്റ്‌ പ്ലാന്‍ എന്നിവ സംബന്ധിച്ച സെമിനാറും 10 മണിക്കുണ്ട്‌. 11 മണിക്ക്‌ ബിസിനസ്‌ സെമിനാര്‍. 10 മുതല്‍ 3 വരെ ചെസ്‌ മത്സരം.

11.30-ന്‌ മാധ്യമ സെമിനാര്‍. ജോണ്‍ ബ്രിട്ടാസ്‌ (കൈരളി ടിവി), മലയാള മനോരമ വീക്ക്‌ലി എഡിറ്റര്‍ കെ.എ. ഫ്രാന്‍സീസ്‌, പ്രൊഫ. ശ്രീനാഥ്‌ ശ്രീനിവാസന്‍, ജോര്‍ജ്‌ കള്ളിവയലില്‍ (ദീപിക), സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ (മനോരമ), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ്‌) തുടങ്ങിയവര്‍ പങ്കെടുക്കും. 11.30- ന്‌ തന്നെ മതസൗഹാര്‍ദ്ദ സമ്മേളനം.

ഉച്ചയ്‌ക്ക്‌ 1.30-ന്‌ പൊളിറ്റിക്കല്‍ ഫോറം മീറ്റിംഗ്‌. 3.30-ന്‌ മലയാളി മങ്ക/ബെസ്റ്റ്‌ കപ്പിള്‍ മത്സരം. രണ്ടര മുതല്‍ ചിരിയരങ്ങ്‌. 4 മണിക്ക്‌ ഘോഷയാത്രയ്‌ക്ക്‌ ഹോട്ടല്‍ ലോബിയില്‍ ഒത്തുചേരല്‍. 5 മുതല്‍ 6 വരെ ഘോഷയാത്ര. 6 മുതല്‍ പൊതു സമ്മേളനം. ഔപചാരിക ഉദ്‌ഘാടനം.

ഡിന്നറിനുശേഷം സ്റ്റീഫന്‍ ദേവസി ടീമിന്റെ ഗാനമേള. 9.30 മുതല്‍ ചീട്ടുകളി മത്സരം. 9 മുതല്‍ യൂത്ത്‌ പ്രോഗ്രാം.

ശനിയാഴ്‌ചയാണ്‌ പ്രധാന ദിനം. രാവിലെ 8 മുതല്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിക്കും. 9-ന്‌ ജനറല്‍ കൗണ്‍സില്‍, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌, 9 മുതല്‍ 4 വരെ യംഗ്‌ പ്രൊഫഷണല്‍ സമ്മി
റ്റ്‌, ജോബ്‌ ഫെയര്‍. 10 മുതല്‍ 3 വരെ വിവിധ മത്സരങ്ങള്‍, ചീട്ടുകളി മത്സരം, 11 മുതല്‍ 3 വരെ സാഹിത്യ സമ്മേളനം രണ്ടാം ദിനം.

മിസ്‌ ഫോമ പേജന്റ്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ബാള്‍ റൂമില്‍. 6 മുതല്‍ യൂത്ത്‌ ബാങ്ക്വറ്റ്‌, ഡി.ജെ.

ഫോമാ ബാങ്ക്വറ്റ്‌, അവാര്‍ഡ്‌ ദാനം, സ്‌പോണ്‍സര്‍മാരുടെ പ്രസന്റേഷന്‍ എന്നിവ 6 മണിക്ക്‌ ആരംഭിക്കും. 8.30-ന്‌ മ്യൂസിക്കല്‍ മെഗാഷോ. വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍ ടീം.

ഞായറാഴ്‌ച 10 മണിക്ക്‌ ഫോമയുടെ പുതിയ കമ്മിറ്റി സമ്മേളിക്കും. തുടര്‍ന്ന്‌ ക്ലോസിംഗ്‌ സെറിമണി, ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ മ്യൂസിക്കല്‍ പ്രോഗ്രാം.
വാലിഫോര്‍ജില്‍ ഉത്സവം കൊടിയേറുന്നു; ചലോ ഫില്ലിവാലിഫോര്‍ജില്‍ ഉത്സവം കൊടിയേറുന്നു; ചലോ ഫില്ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക