Image

മോഡി സര്‍ക്കാര്‍ ഒരു മാസം (മെയ് 26-ജൂണ്‍ 26) പിന്നിടുമ്പോള്‍- (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 26 June, 2014
മോഡി സര്‍ക്കാര്‍ ഒരു മാസം (മെയ് 26-ജൂണ്‍ 26) പിന്നിടുമ്പോള്‍- (ഡല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ ഒരു മാസം പിന്നിടുകയാണ്. ഇന്‍ഡ്യയില്‍ ആദ്യമായി കേവല ഭൂരിപക്ഷം കിട്ടിയ ഒരു ഹിന്ദുവാദി(?) ഗവണ്‍മെന്റ് ആണ് ഇത്, എന്ന് ആര്‍.എസ്.എസ് എങ്കിലും അവകാശപ്പെട്ടേക്കാം. ഇന്‍ഡ്യയിലെ 80 കോടി സമ്മതിദായകരില്‍ 31 ശതമാനം വോട്ടു ചെയ്തത് ഒരു ഹിന്ദുത്വ ഗവണ്‍മെന്റിനാണെന്ന് എനിക്കു തോന്നുന്നില്ല. എങ്കില്‍ 69 ശതമാനം അതിനെ എതിര്‍ത്ത് വോട്ട് ചെയ്തിട്ടും ഉണ്ട്. ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയുമെല്ലാം ഹിന്ദുരാഷ്ട്ര തിയറിയൊന്നും സാരമായി സമ്മതിദായകരെ സ്വാധീനിച്ചിരിക്കുവാന്‍ ഇടയില്ല. യു.പി.എ. ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ ഭരണ വിലംബത്തിന്റെയും അഴിമതി- വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ ഒരു അഴിമതി വിമുക്ത സല്‍ഭരണസമ്പന്നമായ റെജിമിനുവേണ്ടിയായിരുന്നു ജനം വോട്ട് ചെയ്തത്. മോഡി എന്ന ഡൈനാമിക്ക് ലീഡര്‍ അവരുടെ മുമ്പില്‍ ആകാശം മുട്ടെനിറഞ്ഞുനില്‍പുണ്ടായിരുന്നു. മറുവശത്ത് ശൂന്യതയായിരുന്നു ദൃശ്യമായിരുന്നത്. ഹിന്ദുത്വയോ, ഗുജറാത്ത് കലാപമോ ഒന്നും സമ്മതിദായകര്‍ക്ക് കാര്യമായ വിഷയം ആയിരുന്നില്ല. എന്താണ് വളരെയേറെ പ്രതീക്ഷയോടെ ജനം അധികാരത്തിലേറ്റിയ മോഡി സര്‍ക്കാരിന്റെ ഒരു മാസത്തെ നേട്ടങ്ങള്‍? ഒരു മാസം എന്നത് അഞ്ചുവര്‍ഷകാലത്തേക്ക് അധികാരത്തില്‍ എത്തിയ ഒരു ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാലയിളവ് അല്ല. എങ്കിലും എന്താണ് ഈ ഗവണ്‍മെന്റിന്റെ ദിശാഗതിയെന്നത് മനസിലാക്കുവാന്‍ ഇത് ഉപകരിക്കുമെന്നതില്‍ സംശയം ഇല്ല.

യൂണിയന്‍ ഗവണ്‍മെന്റിനെ ആദ്യത്തെ രണ്ടു തീരുമാനങ്ങള്‍ ശ്രദ്ധേയം ആയിരുന്നു. ആദ്യത്തേത് ശ്ലാഘനീയവും രണ്ടാമത്തേത് വിവാദപരവും. ശ്ലാഘനീയമായത് വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുക്കുവാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതാണ്. സ്വിറ്റിസ്വര്‍ലാന്റ് ഗവണ്‍മെന്റ് ആ രാജ്യത്തെ ബാങ്കുകളിലുള്ള ഇന്‍ഡ്യക്കാരുടെ കള്ളപ്പണത്തിന്റെ ലിസ്റ്റ് കൈമാറാമെന്ന് സമ്മതിച്ചതായി മാദ്ധ്യമങ്ങളില്‍ ജൂണ്‍ 23 ന് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് മോഡി ഗവണ്‍മെന്റിന്റെ ഒരു വിജയമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിലയിരുത്തി. എന്നാല്‍ ഇത് പൂര്‍ണ്ണമായി പിന്നീട് സ്വിറ്റ്‌സ്വര്‍ലാന്റ് സ്ഥിരീകരിക്കാതെ വന്നപ്പോള്‍ ആദ്യത്തെ തിളക്കം മങ്ങിപ്പോയി. എങ്കിലും കള്ളപ്പണനായാട്ട് സജ്ജീവമായ തുടരുന്നുവെന്നത് ആശ്വാസം തന്നെ, യു.പി.എ.ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം നിലവിലുണ്ട്. വിവാദപരമായ രണ്ടാമത്തെ തീരുമാനം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നൃപേന്ദ്രമിശ്രയെ നിയമിക്കുവാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് ആണ്. അങ്ങനെ ഗവണ്‍മെന്റിന്റെ ആദ്യത്തെ നിയമനിര്‍മ്മാണം തന്നെ ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ഓര്‍ഡിനന്‍സിലൂടെയായി. ഈ ഓര്‍ഡിനന്‍സ് മറികടന്നത്  ടെലികോം റെഗുലേറ്ററി അഥോറിറ്റിനിയമം ആണ്. ഇതില്‍പ്രകാരം ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍ കേന്ദ്രഗവണ്‍മെന്റില്‍ യാതൊരു സ്ഥാനവും ഏറ്റെടുത്തു കൂട. നൃപേന്ദ്രമിക്ര ഒരു മുന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ചെയര്‍മാന്‍ ആണ്. മോഡി ഗവണ്‍മെന്റ് എന്തിന് ഇങ്ങനെ ഒരു പിന്‍വാതില്‍ ഓപ്പറേഷന്‍ നടത്തിയെന്നതാണ് പരക്കെയുള്ള വിമര്‍ശനം. എന്‍.ജി.ഒ. മാത്യൂടെ വിദേശഫണ്ട് സംബന്ധിച്ചുള്ള നിരോധനവും, വിമര്‍ശന വിധേയമായി. ഈ എന്‍.ജി.ഒ.മാരില്‍ ചിലരെല്ലാം 2002-ല്‍ മോഡിയുടെ ഭരണകാലത്ത് ഗുജറാത്തിലുണ്ടായ വര്‍ഗ്ഗീയ കലാപത്തിനെതിരെ നിയമയുദ്ധം നടത്തിയവരാണ്.

വിലക്കയറ്റം തടയുമെന്നും നിത്യോപയോഗസാധനങ്ങലുടെ വിലകുറക്കുമെന്ന മുദ്രാവാക്യത്തില്‍ അധികാരത്തില്‍ വന്ന മോഡി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ആദ്യത്തെ ഒരു മാസത്തില്‍. പകരം ഗവണ്‍മെന്റ് തന്നെ വിലക്കയറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. റെയില്‍വെ ടിക്കറ്റ് നിരക്കില്‍ 14 ശതമാനം ആണ് കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത്ര വലിയ ഒരു വര്‍ദ്ധന ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പാചകവാതകത്തിന്റെയും പഞ്ചസാരയുടെയും വില വര്‍ദ്ധിപ്പിക്കുവാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. ഇതെല്ലാം സാധാരണക്കാരെ ബാധിക്കുന്ന കാര്യങ്ങള്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. മറുവശത്ത് കോര്‍പ്പറേറ്റുകളെ സഹായിക്കുവാനുള്ള എല്ലാ നടപടികളും ധൃതഗതിയില്‍ നടക്കുകയാണ്. വിദേശ മൂലധനനിക്ഷേപം പലമേഖലകളിലും 100 ശതമാനം ആക്കുവാനാണ് തീരുമാനം. ഡിഫന്‍സും, ഇന്‍ഷ്വറന്‍സും, റെയില്‍വെയും ഇതില്‍ ഉള്‍പ്പെടുന്നു. വന്‍വ്യവസായികളുടെ സൗകര്യാര്‍ത്ഥം വ്യവസായ സംരംഭങ്ങള്‍ക്കുള്ള പരിസ്ഥിതി- വന ക്ലിയറന്‍സ് ഓണ്‍ലൈന്‍ ആക്കുവാനാണ് തീരുമാനം. ഇവര്‍ക്ക് വേഗത്തിലും വിലക്കുറച്ചു ഭൂമി നല്‍കുവാനായി പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമവും തയ്യാറാക്കുന്നുണ്ട്. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി അനുവദിക്കുവാനാണ് പരിപാടി. ഖനികള്‍ക്കായുള്ള അനുമതിയും ഓണ്‍ലൈനില്‍ ലഭിക്കും. സാമ്പത്തീകമേഖലയില്‍ വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരെ വീണ്ടും പഠിപ്പിക്കുവാന്‍ കോര്‍പ്പറേറ്റു മേഖലയില്‍ ശതകോടീശ്വരന്മാരായ  കുത്തക വ്യവസായികളെ കൂടുതല്‍ പ്രീണിപ്പിക്കുവാനും ആണ് ഗവണ്‍മെന്റിന്റെ ആദ്യമാസ സംരംഭം. നിത്യോപയോഗ സാധനങ്ങളുടെ മേഖലയില്‍ ഒരു വസ്തുവിന്റെപോലും വില കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍ക്കാര്‍ അവരുടെ വില വര്‍ദ്ധിപ്പിച്ചിക്കുകയാണെന്നുള്ളതാണ് ദയനീയ സത്യം!

മനുഷ്യാവകാശത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംബന്ധിച്ച രണ്ടു പ്രധാനസംഭവങ്ങള്‍ ഈ ഒരു മാസത്തിനുള്ളില്‍ നടന്നു. മോഡി അവയെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ലയെന്നതാണ് വേദനാജനകമായ ഒരു സത്യം, പൂനയിലെ മുസ്ലീം ആയ ഒരു ടെക്കിയുടെ ക്രൂരമായ വധം ആണ് ഇതില്‍ ഒന്ന്. ഈ മനുഷ്യനെ ഹിന്ദു രാഷ്ട്ര സേനയിലെ അംഗങ്ങള്‍ അടിച്ചും കുത്തിയും വെട്ടിയും കൊല്ലുകയായിരുന്നു. ചെറുപ്പക്കാരനായ അയാളുടെ തെറ്റ് അയാളുടെ മതം ആയിരുന്നു. ഈ സംഭവത്തെക്കുറിച്ച് മോഡി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍  നടത്തിയ  പ്രസംഗത്തില്‍ ഒരു വാക്കുപോലും പറഞ്ഞില്ലായെന്നത് മതനിരപേക്ഷവാദികളായ പലരേയും ഞെട്ടിപ്പിച്ചു. വേദനിപ്പിച്ചു. ലജ്ജിപ്പിച്ചു. രണ്ടാമത്തെ സംഭവം കേരളത്തിലാണ് ഉണ്ടായത്. രണ്ട് സംഭവങ്ങളിലായി ഇരുപതോളം കോളേജ് വിദ്യാര്‍ത്ഥികളെയും ഒരു കോളേജ് പ്രിന്‍സിപ്പലിനെയും തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കുറ്റം കോളേജ് മാഗസിനില്‍ ഇവര്‍ മോഡിയുള്‍പ്പെടുന്ന ചില രാഷ്ട്രീയക്കാരെ, വിമര്‍ശിച്ചുവെന്നതാണ്. ഈ വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷ രാഷ്ട്രീയ വിഭാഗത്തില്‍ പെടുന്നവര്‍ ആയതുകൊണ്ട് കോണ്‍ഗ്രസിനും അവരുടെ പോലീസിനും ഉത്സാഹവും ശൗര്യവും വേഗതയും കൂടി. ഇത് വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള നഗ്നമായ കടന്നാക്രമണം ആണ്. മോഡി ഇതിന്റെ കേന്ദ്രബിന്ദു ആയതിനാല്‍ അദ്ദേഹത്തിന് ഇതിനെക്കുറിച്ച് പ്രതികരിക്കാമായിരുന്നു. വിട്ടുനില്‍ക്കാമായിരുന്നു. അഭിപ്രായസ്വാതന്ത്യത്തെ തൊട്ടുകളിക്കുവാന്‍ അനുവദിക്കുകയില്ല എന്ന സന്ദേശം രാഷ്ട്രത്തിനു നല്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ല.

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ രണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങളോടും സെന്‍സിറ്റീവ് ആയ രാഷ്ട്രീയ പ്രശ്‌നങ്ങളോടും അതിനുള്ള സമീപനത്തെ വെളിപ്പെടുത്തുന്നതായിരുന്നു. ഗവണ്‍മെന്റ് തന്ത്രപൂര്‍വ്വം ഇവയെ ആളികത്തിച്ചില്ലെങ്കിലും നയത്തിന്റെ പൊരുള്‍ വെളിപ്പെടുത്തുന്നവയായിരുന്നു അവ. ആദ്യത്തെ സംഭവത്തില്‍ ജമ്മു-കാശ്മീരിലെ ഉദ്ദംപൂരില്‍ നിന്നുള്ള എം.വി.യും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയര്‍ മന്ത്രിയുമായ ജിതേന്ദ്രസിംങ്ങ് ഭരണസംഘടനയിലെ ആര്‍ട്ടിക്കിള്‍ 370- കാശ്മീരിനു പ്രത്യേകപദവി നല്‍കുന്നത്- പുനപരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. രണ്ടാമത്തെ സംഭവത്തില്‍ മറ്റൊരു മന്ത്രിയും മോഡി ഗവണ്‍മെന്റിന്റെ മുസ്ലീം മുഖവുമായ നജ്മഹെപ്തുള്ള മുസ്ലീങ്ങള്‍ ന്യൂനപക്ഷം അല്ലെന്ന് തുറന്നടിച്ച് പ്രസ്താവിച്ചു. ഇതെല്ലാം ചില സൂചനകള്‍ തരുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മോഡി ആദ്യമാസത്തില്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ഭരണപരിഷ്‌ക്കാരം യു.പി.എ. ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്, എംപവേര്‍ട്ട് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്(Group of Ministers, Empowerd Group of Ministers) എന്നിവ പിരിച്ചുവിട്ടതാണ്. ഇവ വെള്ളാനകള്‍ ആയിരുന്നുവെന്നാണ് മോഡിയുടെ നിലപാട്. മോഡിയിലേക്ക് അധികാരം കേന്ദ്രീകരിക്കുവാനുള്ള ഒരു ഗൂഡനീക്കം ആയിട്ടും ഇതിനെ വിമര്‍ശകര്‍ കാണുന്നു. അത് ഒരു പരിധിവരെ ശരിയാണെങ്കിലും യു.പി.സൃഷ്ടിച്ച ഈ മന്ത്രിമാരുടെ ഗ്രൂപ്പുകള്‍ കാര്യമായി ഒന്നും ചെയ്തില്ലയെന്നതാണ് സത്യം. ഏകദേശം അമ്പതോളം ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി ഇരുപതിലേറെ ഗ്രൂപ്പുകളുടെ തലവന്‍ ആയിരുന്നു. പല ഗ്രൂപ്പുകളും ഒരു പ്രാവശ്യം പോലും സമ്മേളിച്ചിട്ടില്ല എന്നതാണ് ആരോപണം! താത്വികമായി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് നല്ലയൊരു ആശയമാണ് ഒരു കൂട്ടുകക്ഷിഭരണത്തില്‍. പ്രയോഗത്തില്‍ അത് പരാജയപ്പെട്ടുപോയി എന്നതാണ് യു.പി.എ. അനുഭവം പഠിപ്പിക്കുന്നത്. പക്ഷേ, അധികാരം ഒരു വ്യക്തിയിലേക്ക് പ്രധാനമന്ത്രി കേന്ദ്രീകരിക്കുന്നതും ജനാധിപത്യഭരണത്തിന് നല്ലതല്ലാ എന്ന് ഓര്‍മ്മിക്കണം.

 അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് ആണവ സുതാര്യത ഉറപ്പുവരുത്തുവാന്‍ ആണവ ഒറ്റപ്പെടല്‍ ഇല്ലാതാക്കുവാനുമായി അന്ത്രാരാഷ്ട്ര ആണവ ഏജന്‍സിയുടെ അംഗങ്ങളെ ഇന്‍ഡ്യയിലെ ആണവ കേന്ദ്രങ്ങള്‍ പരിശോധിപ്പിക്കുവാന്‍ മോഡി തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. അമേരിക്കയുടെ ആണവ സഹകരണം ഇത് ഉറപ്പുവരുത്തുമെന്നാണ് മോഡിയുടെ കണക്കുകൂട്ടല്‍. അന്താരാഷ്ട്രീയ നയതന്ത്ര-സഹകരണ മേഖലയില്‍ മോഡി നല്ല തുടക്കം ആണ് കുറിച്ചിരിക്കുന്നത് ആദ്യ മാസത്തില്‍. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സന്ദര്‍ശിച്ചതും മോഡി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചതും പറയേണ്ടവയാണ്. പാര്‍ലിമെന്‌റിന്‌റെ ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ നടത്തുവാനിരിക്കുന്ന ജപ്പാന്‍ സന്ദര്‍ശനവും വളരെ പ്രാധാന്യം ഏറിയതാണ്. ആദ്യത്തെ വിദേശപര്യടനത്തിനായി ഹിമാലയന്‍ രാജ്യമായ ഭൂട്ടാന്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചതും ചൈനയുമായുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉചിതവും തന്ത്രപ്രധാനവും ആണ്.
പാര്‍ലിമെന്റില്‍ സ്ത്രീസംവരണത്തിനുള്ള പ്രതിബന്ധത പുതുക്കിയ മോഡി ഗവണ്‍മെന്റ് സ്ത്രീകളുടെ ശാക്തീകരണത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും ആവര്‍ത്തിക്കുന്നു. സ്ത്രീകളോടുള്ള കടന്നാക്രമണങ്ങളോട് സീറോ ടോളറന്‍സ് ആണ്  ഗവണ്‍മെന്റിനുള്ളതെന്നും മോഡി വ്യക്തമാക്കുന്നു. പക്ഷേ കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടെന്ന് ഇരയും പ്രതിപക്ഷവും വിളിച്ചുകൂവിയിട്ടും എന്തേ മോഡി കേള്‍ക്കാത്തത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ രാജസ്ഥാനില്‍ നിന്നുള്ള ഏക അംഗമായ നിഹാല്‍ ചന്ദ് ആണ് ഇവിടെ വിഷയം. രാജസ്ഥാനിലെ ഒരു കോടതി ഒരു ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നനിഹാല്‍ചന്ദിനോട് മറ്റ് 16 പേരോടൊപ്പം ഓഗസ്റ്റില്‍ ഹാജരാകുവാന്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ്. പീഢനവിധേയയായ സ്ത്രീയും നിഹാല്‍ചന്ദിന്റെ പേരുപറയുകയും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് മോഡിയോട് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, മോഡി ഇക്കാര്യത്തില്‍ മൗനത്തിലാണ്. ബി.ജെ.പി. ശക്തമായ പിന്തുണയും. ശിവസേന നിഹാല്‍ചന്ദിന്റെ രാജിക്ക് അനുകൂലവും. ഈ സംഭവം മോഡി സര്‍ക്കാരിന് ആദ്യമാസത്തില്‍തന്നെ ഏറ്റ ഒരു കളങ്കം ആണ്. മറ്റൊന്ന് മന്ത്രിയും മുന്‍കരസേനാ മേധാവിയു ആയ വി.കെ.സിംങ്ങിനെതിരെ ഗവണ്‍മെന്റുതന്നെ സുപ്രീംകോടതയില്‍ ഉയര്‍ത്തിയ ആരോപണം. വിഷയം പുതിയ കരസേനാ മേധാവിയുടെ നിയമനം. ഇതിനെ സിംങ്ങ് എതിര്‍ത്തിരുന്നു. ഈ നിലപാടിനെയാണ് കടുത്ത ഭാഷയില്‍ ഗവണ്‍മെന്റ് ഖണ്ഡിച്ചത്. ഇതുപരസ്പരവിരുദ്ധമായ ഗവണ്‍മെന്റ് നിലപാടായി വിമര്‍ശകര്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗവണ്‍മെന്റ് വാദം വിചിത്രം ആയിരുന്നു. ഗവണ്‍മെന്റ് കോടതിയില്‍ സിംങ്ങിനെതിരെ ഉന്നയിച്ച ആരോപണം തയ്യാറാക്കിയത് മുന്‍ യു.പി.എ. ഗവണ്‍മെന്റ് ആയിരുന്നത്രെ! എന്താകഥ! ഇതേ സെല്‍ഫ് ഡിഫന്‍സ് തന്ത്രം തന്നെയാണ് റെയില്‍ ഫെയര്‍ വര്‍ദ്ധനവിന്റെ കാര്യത്തിലും മോഡി ഗവണ്‍മെന്റ് സ്വീകരിച്ചത്. തീരുമാനം യു.പി.എ. ഗവണ്‍മെന്റിന്റേതായിരുന്നു! മോഡി ഗവണ്‍മെന്റിന്റെ മറ്റു ചില തീരുമാനങ്ങളും വിവാദവിഷയം ആയിട്ടുണ്ട്. അതിലൊന്നാണ് യു.പി.എ. നിയമിച്ച ഗവര്‍ണ്ണര്‍മാരെ മാറ്റുവാനുള്ളത്. 2004 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.പി.എ.യും ഇതുതന്നെ ചെയ്തതാണ്. ഇതിനെതിരായി 2010 ല്‍ സുപ്രീംകോടതി ഒരു വിധിപുറപ്പെടുവിച്ചതാണ്.  പക്ഷേ എന്നിട്ടും എന്‍.ഡി.എ. അടങ്ങുന്നില്ല. ഗവര്‍ണ്ണര്‍മാരുടെ പദവി രാഷ്ട്രീയമായ ഒരു പാരിതോഷികം/സാന്ത്വനംയ പുനരധിവാസം ആണെന്നും രാജ്ഭവനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോറ്റ രാഷ്ട്രീയക്കാരുടെ പുനരധിവാസ കേന്ദ്രങ്ങളും ആണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്ത് ഒരു അധികാരമാറ്റം കണ്ടപ്പോള്‍ ഈ രാഷ്ട്രീയ ആനൂകൂല്യം പറ്റുന്നവര്‍ അത് മനസിലാക്കി സ്വമേധയ അന്തസ്സോടെ രാജിവച്ച് പോകേണ്ടതായിരുന്നു. പുതിയ ഭരണകക്ഷിക്കും അവരുടെ നേതാക്കന്മാരെ പുനരധിവാസിക്കപ്പെടേണ്ടതായിട്ടുണ്ട്.

കാശ്മീരിലെ പണ്ഡിറ്റുകളുടെ പുനരധിവാസത്തില്‍ ഗവണ്‍മെന്റിന് കാര്യമായി ഒന്നും നേടുവാന്‍ ആദ്യമാസത്തില്‍ കഴിഞ്ഞിട്ടില്ല. ചില പദ്ധതികളുമായി മുമ്പോട്ട് വന്നെങ്കിലും പ്രത്യേക കാശ്മീരി പണ്ഡിറ്റ് കോണ്‍ക്ലേവുകള്‍- ബഹുമുഖ എതിര്‍പ്പുകള്‍ ആണ് ഉള്ളത്. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും തട്ടിക്കൊണ്ടുപോയ ഇന്‍ഡ്യാക്കാരെ മോചിപ്പിക്കുവാനും ഗവണ്‍മെന്റിന് ഇതുവരെ സാധിച്ചിട്ടില്ല.

മോഡിയുടെ ആദ്യമാസം സംഭവബഹുലവും കലുഷിതവും ആയിരുന്നു. വരുവാനിരിക്കുന്നവയും അത്ര ശാന്തമാകുവാന്‍ ഇടയില്ല. ഒരു വലിയ വെല്ലുവിളി ആണ് ഭരണരംഗത്ത് മോഡിക്ക് നേരിടുവാനുള്ളതെന്നതില്‍ സംശയം ഇല്ല. അത് അദ്ദേഹം മുന്‍കൂട്ടികാണുന്നുമുണ്ടാകും.
മോഡി സര്‍ക്കാര്‍ ഒരു മാസം (മെയ് 26-ജൂണ്‍ 26) പിന്നിടുമ്പോള്‍- (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക