Image

ചിരിയരങ്ങിലെ വേദിയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍

(ചിത്രങ്ങള്‍: അരുണ്‍ കോവാട്ട്‌) Published on 28 June, 2014
ചിരിയരങ്ങിലെ വേദിയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: ഒന്നുരണ്ട്‌ അശ്ശീല കഥകള്‍ ഒഴിച്ചാല്‍ നല്ല നിലവാരം പുലര്‍ത്തിയ ചിരിയരങ്ങില്‍ തമാശയിലാണെങ്കിലും രാജു മൈലപ്ര ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. അതു സദസിന്‌ നന്നേ ബോധിച്ചുവെന്ന്‌ കയ്യടിയില്‍ നിന്ന്‌ ബോധ്യമായി.

ആദ്യ ദിനത്തിലെ അത്താഴത്തിനു വിളമ്പിയ ചിക്കന്‍ കറിയില്‍ പക്ഷെ ചിക്കനില്ലായിരുന്നുവെന്ന്‌ മൈലപ്ര. പോരാത്തതിനു കടലക്കറിയും ഇല്ലായിരുന്നു. രാത്രി കഴിക്കാന്‍ പറ്റിയ ഒന്നാന്തരം ഭക്ഷണം രാവിലെ കിട്ടിയ `ഹാഷ്‌ ബ്രൗണ്‍' ഒട്ടുപാല്‍ പോലെ വലിഞ്ഞു.

വെള്ളംതേടി വന്ന രണ്ടു കുട്ടികളെ സെക്യൂരിറ്റി ഓടിച്ചുവിടുന്നതും കണ്ടപ്പോള്‍ അനിഷ്‌ടം തോന്നി. പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ഇരുന്ന വേദിയില്‍ തനിക്കൊരു പരാതിയില്ലെന്നും രാജു പറഞ്ഞു. ജനം ഉല്ലസിക്കാന്‍ വന്നതാണ്‌. അതിനാല്‍ ഒത്തിരി സെക്യൂരിറ്റിയൊന്നും നല്ലതല്ല.

മഹാലിംഗം ചൊക്കലിംഗമായ കഥയും രാജു പറഞ്ഞു. ഉത്തരേന്ത്യയില്‍ വെച്ച്‌ തന്റെ ബന്ധുവിനെ പോലീസ്‌ പിടിച്ചപ്പോള്‍ മഹാലിംഗം എന്നു പേരു പറഞ്ഞു. നാഭിക്കൊരു തൊഴി കൊടുത്തശേഷം വീണ്ടും ചോദിച്ചപ്പോള്‍ അതു ചൊക്കലിംഗമായി. ജോണ്‍ ബ്രിട്ടാസ്‌, മനോരമ വീക്ക്‌ലി എഡിറ്റര്‍ കെ.എ. ഫ്രാന്‍സീസ്‌ എന്നിവരും പാനലിസ്റ്റുകളായിരുന്നു. എ.വി. വര്‍ഗീസായിരുന്നു കോര്‍ഡിനേറ്റര്‍.

തനിക്ക്‌ സത്യം പറയാന്‍ തന്നെ സമയമില്ല. പിന്നെ എന്തിനാണ്‌ നുണ പറയുന്നത്‌- ജോണ്‍ ബ്രിട്ടാസ്‌ ചോദിച്ചു. ചിരയരങ്ങളിന്‌ മിമിക്രിക്കാരെയാണ്‌ കൊണ്ടുവരേണ്ടത്‌. പക്ഷെ അവര്‍ക്ക്‌ കാശുകൊടുക്കണം. മറിച്ച്‌ പത്രക്കാരെ കൊണ്ടുവന്നാല്‍ കാശുകൊടുക്കണ്ട. സംഘാടകര്‍ക്ക്‌ രണ്ട്‌ കോമാളികളെ വേണം. അതാണ്‌ തന്റേയും ഫ്രാന്‍സീസിന്റേയും ദൗത്യം.

സൂഫി പറഞ്ഞ കഥയാണ്‌. പാവപ്പെട്ടവനെ പ്രണയിച്ച്‌ അത്‌ നടക്കില്ലെന്നു കണ്ട്‌ രാജകുമാരി തൂങ്ങിച്ചത്തു. അതറിഞ്ഞ്‌ കാമുകനും തൂങ്ങി. രണ്ടുപേരുടേയും മരണം കണ്ട്‌ ദുഖാകുലനായ പിച്ചക്കാരനും തൂങ്ങിമരിച്ചു. അവരുമായി ഒരു ബന്ധവുമില്ലാത്ത പിച്ചക്കാരന്‍ എന്തിനുതൂങ്ങി മരിച്ചു എന്ന ചോദ്യം പോലെയാണ്‌ താനും ചിരിയുമായുള്ള ബന്ധം.

പത്രക്കാര്‍ എക്കാലത്തും അരസികരായിരുന്നു. സത്യത്തില്‍ സരിതയെ ആണ്‌ ക്ഷണിക്കേണ്ടിയിരുന്നത്‌. പക്ഷെ ഇവിടെ 5000 മുറികളേയുള്ളല്ലോ എന്നു കരുതി സംഘാടകര്‍ മടിച്ചതാകാം. പത്രക്കാര്‍ ഗൗരവമുള്ള കാര്യങ്ങളൊക്കെ എഴുതണമെന്നു മന്ത്രിമാര്‍ പറയും. പക്ഷെ അത്‌ ആരു വായിക്കും.

കേരളത്തില്‍ എഴുപതും എണ്‍പതും കഴിഞ്ഞവരൊക്കെയാണ്‌ പീഢകവീരന്മാര്‍. അതിനാല്‍ പ്രായം കൂടിയവരേയാണ്‌ പേടിക്കേണ്ടത്‌. മധ്യപ്രദേശില്‍ ബസില്‍ യുവതിയുടെ പിന്നിലിരുന്ന യുവാവ്‌ യുവതിയെ തൊടാനും പിടിക്കാനുമൊക്കെ ശ്രമിച്ചു. ഇതു കണ്ടുകൊണ്ടിരുന്ന പഴയ വിമര്‍ശകന്‍ എം. കൃഷ്‌ണന്‍ നായര്‍ ചോദിച്ചു: താന്‍ മലയാളിയാണല്ലേ? അത്‌ എങ്ങനെ മനസിലായി എന്നു ചോദിച്ചു. ചെയ്യുന്ന പ്രവൃത്തി കണ്ടപ്പോള്‍ മനസിലായി എന്നു പറഞ്ഞു. വികാര വിചാരങ്ങളെ അടിച്ചമര്‍ത്തി ജീവിക്കുന്ന ജനതയാണ്‌ കേരളീയര്‍. അവര്‍ക്ക്‌ ഒരുതുള്ളി മദ്യം പോലും കിട്ടാത്ത്‌ അവസ്ഥയാണ്‌. ഇപ്പോള്‍ കേരളത്തില്‍ ഒരു ദിവസം ക്യൂ നിന്നാലാണ്‌ ഒരു കുപ്പി കിട്ടുക.

ചിരിയുടെ അന്തസാരമാണ്‌ ചിന്ത. നല്ല തത്വശാസ്‌ത്രവും മതങ്ങളും നര്‍മ്മത്തിലാണ്‌ പിറന്നത്‌. നര്‍മ്മമാണ്‌ ചിന്തയുടെ അടിസ്ഥാനം.

കണ്‍വന്‍ഷനു സരിതയെ ക്ഷണിച്ചില്ലെങ്കിലും പി.സി. ജോര്‍ജിനെ ക്ഷണിച്ചെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. പക്ഷെ അദ്ദേഹവും വന്നില്ല.
ചിരിയരങ്ങിലെ വേദിയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ചിരിയരങ്ങിലെ വേദിയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക