Image

വാനമ്പാടിയുടെ പാട്ടും, ഒപ്പം മറ്റു ചില ചിത്രങ്ങളും

ജോണ്‍മാത്യു Published on 30 June, 2014
വാനമ്പാടിയുടെ പാട്ടും, ഒപ്പം മറ്റു ചില ചിത്രങ്ങളും
ഏതാനും പെയ്‌ന്റിഗുകളാണ്‌ ഈ ലേഖനത്തിന്‌ വിഷയം. വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ടത്‌, ചിത്രകലയുടെ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവ. അതിലൊന്നാണ്‌ ജൂലസ്‌ ബെര്‍ട്ടന്റെ `വാനമ്പാടിയുടെ ഗാനം.'

എല്ലാ കലാരൂപങ്ങളിലെയും, എഴുത്തിലെയും, ദര്‍ശനങ്ങളും ചിത്രീകരണങ്ങളും ഏതെങ്കിലും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലര്‍ പറയാറുണ്ട്‌ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയല്ല എഴുതുന്നത്‌, അല്ലെങ്കില്‍ ചിത്രമെഴുതുന്നത്‌, ഉത്തമസാഹിത്യം എഴുതിയാല്‍പ്പോരെ എന്ന്‌. കേവലം വായനാസുഖം മാത്രമാണെങ്കില്‍ അത്‌ സുന്ദരമായ പത്രമെഴുത്തിന്റെ ഗണത്തിലാണ്‌ പെടുക. ജീവിതത്തിന്റെ സൂഷ്‌മവശങ്ങളും സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങളും അതിനോടൊത്തുവരുന്ന തിരയടികളും, അതാത്‌ സമയത്ത്‌ വെല്ലുവിളിയായിട്ടെടുത്ത്‌, ചര്‍ച്ച ചെയ്യുന്നതാണ്‌ ഭാവിയിലേക്കുംകൂടി വിരല്‍ചൂണ്ടുന്ന എഴുത്തുകള്‍.

കുറേക്കാലംമുന്‍പ്‌ ഒരു സുഹൃത്ത്‌ സമ്മാനിച്ച രവിവര്‍മ്മയുടെ `ശകുന്തള' ചിത്രത്തിന്റെ പതിപ്പ്‌ ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായി എന്റെ മുന്നിലുണ്ട്‌.

രാജാ രവിവര്‍മ്മയുടെ പെയിന്റിഗുകള്‍ ഭാരതീയ ക്ലാസിക്‌ ചിത്രകലയുടെ മികച്ച മാതൃകയാണ്‌. യൂറോപ്പില്‍ എത്രയോ കാലം മുന്‍പുണ്ടായ നവോത്ഥാന ക്ലാസിക്ക്‌ കാലത്തിന്റെ അനുകരണമൊന്നുമായിരുന്നില്ല രവിവര്‍മ്മയുടേത്‌. ക്ലാസിക്ക്‌ രചനകള്‍ മറ്റൊരു ദേശത്ത്‌, അന്യമായ ജീവിതരീതിയില്‍, അത്രയധികം സ്വാധീനമൊന്നും ചെലുത്തുകയില്ലെന്ന്‌ പറയാനാണ്‌ ഇത്രയും എഴുതിയത്‌. സാഹിത്യവുംകൂടി ഉള്‍പ്പെടുത്തിയാണ്‌ ഈ നിരീക്ഷണം.

എത്രയെത്ര പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ഷേക്‌സ്‌പിയര്‍പോലുള്ള കൃതികള്‍ നമ്മില്‍നിന്ന്‌ അകന്നു നില്‍ക്കുന്നതിന്റെയും, കാളിദാസകൃതികള്‍ അടുത്തുവരുന്നതിന്റെയും കാരണവും ഇതുതന്നെ. അതുകൊണ്ടാണ്‌, ക്ലാസിക്ക്‌ രീതിയിലുള്ള യൂറോപ്യന്‍ പെയ്‌ന്റിംഗുകള്‍പ്പോലും നമുക്ക്‌ അന്യമാകുന്നത്‌, നമ്മുടെ ജീവിതത്തിലേക്ക്‌ തൊട്ടിറങ്ങിവരാത്തത്‌.

അതായത്‌ ക്ലാസിക്ക്‌ രീതികളല്ല യാത്രകളും വാണിജ്യബന്ധങ്ങളും വ്യവസായവിപ്ലവവുമാണ്‌ ആഗോളചിന്തകള്‍ക്ക്‌ തുടക്കംകുറിച്ചത്‌. പ്രഭുക്കന്മാരുടെ അഭിരുചികള്‍ കൊട്ടാരത്തില്‍ ഒതുങ്ങിനിന്നപ്പോള്‍ ലോകത്തിന്റെ മനസ്സ്‌ തൊട്ടുണര്‍ത്താന്‍ മുന്നേറ്റപ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞുവെന്നുസാരം.

ഇതിനു മുന്‍പും എത്രയോ തവണ എഴുതിയിട്ടുണ്ട്‌ പരിവര്‍ത്തനങ്ങള്‍ ആദ്യം പ്രതിഫലിക്കുന്നത്‌ ചിത്രകലയിലും തുടര്‍ന്ന്‌ സാഹിത്യത്തിലുമാണെന്ന്‌. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈ പ്രസ്ഥാനങ്ങള്‍ യൂറോപ്യന്‍ ചിന്തകള്‍ക്ക്‌ മറ്റുരാജ്യങ്ങളിലും അംഗീകാരം നേടിക്കൊടുത്തു. ഇംപ്രഷനിസം, പോസ്റ്റ്‌ ഇംപ്രഷനിസം, റീയലിസം, എക്‌സ്‌പ്രനിസം, ഇനിയും ആധുനികതവരെയും ചര്‍ച്ച ചെയ്യുന്നത്‌ തുടര്‍ച്ചയായിത്തന്നെവേണം.

വെളിച്ചത്തിന്റെയും നിറങ്ങളുടെയും ആനുപാതികമായ പ്രതിഫലനമെന്ന സാങ്കേതികതയാണ്‌ ഇംപ്രഷനിസം, എന്നാല്‍ നിറങ്ങളില്‍ ലോഭമില്ലാതെ പ്രകൃതിയുടെ അതിരുകളെ ഭേദിക്കുന്നതാണ്‌ പോസ്റ്റ്‌ ഇംപ്രഷനിസം. പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ സ്‌കൂളില്‍പ്പെട്ടതാണ്‌ വിന്‍സന്റ്‌ വാന്‍ ഗോഗ്‌. അദ്ദേഹത്തിന്റെ ഏതാനും രചനകളും തൊട്ടടുത്തുണ്ട്‌. വരകള്‍ക്കപ്പുറത്ത്‌ അര്‍ത്ഥമുള്ളത്‌! ആ സൃഷ്‌ടികളില്‍ നിറഞ്ഞുനില്‍ക്കുന്ന മഞ്ഞനിറവും സൂര്യകാന്തിപ്പൂക്കളും നോക്കിയിരിക്കുന്നതുതന്നെ മനസ്സിന്‌ കുളിര്‍മയുണ്ടാക്കും.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ച രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ആവിഷ്‌ക്കരണത്തിന്‌ പുതിയ നിര്‍വചനം കൊടുത്തു. പ്രഭുക്കന്മാര്‍ കല്‌പിച്ചുണ്ടാക്കിയ കലാസാഹിത്യ നിയമക്കുരുക്കുകളില്‍നിന്ന്‌ പുറത്തുകടക്കുകയായിരുന്നു റീയലിസപ്രസ്ഥാനംകൊണ്ട്‌ ഉദ്ദേശിച്ചത്‌. `വാനമ്പാടിയുടെ പാട്ട്‌' എന്ന ചിത്രം പരിചയപ്പെടുത്തുന്നതിന്‌ മുന്‍പ്‌ ഇത്രയും എഴുതിയെന്നുമാത്രം.

ജൂലസ്‌ ബെര്‍ട്ടന്‍ എന്ന ഫ്രഞ്ച്‌ കലാകാരന്റെ സൃഷ്‌ടികളെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. എങ്ങനെയോ അദ്ദേഹത്തിന്റെ `വാനമ്പാടി' എന്റെയൊപ്പംകൂടി കര്‍ഷകപ്പെണ്‍കുട്ടിയുടെ ഈ ചിത്രീകരണം റിയലിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ചേരുന്ന നിദര്‍ശനവുമാണ്‌.

പത്തൊന്‍പതാം നൂറ്റാണ്ടിലെ റീയലിസ്റ്റ്‌ പ്രവണതകള്‍ എന്തെന്ത്‌ രാഷ്‌ട്രീയ പരിവര്‍ത്തനങ്ങള്‍ക്ക്‌ കാരണമായി. തുടര്‍ന്ന്‌ കേരളത്തിലും ഇതിന്റെ അലയടികളെത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റങ്ങള്‍ കണ്ട്‌ വളര്‍ന്നവരാണ്‌ ഇന്നത്തെ നമ്മുടെ മുതിര്‍ന്ന തലമുറ.

`വാനമ്പാടിയുടെ ഗാന'ത്തിലെ കര്‍ഷകപ്പെണ്‍കുട്ടി പാടത്തേക്ക്‌ പോകുകയാണ്‌. നിരപ്പായ ഭൂമിയില്‍ ചക്രവാളം കൂട്ടിമുട്ടുന്നിടത്ത്‌ ശബളവര്‍ണ്ണമായ സൂര്യന്‍ പ്രഭാതത്തിന്‌ മുന്നറിയിപ്പു കൊടുത്തുകൊണ്ട്‌ ഉയര്‍ന്നുവരുന്നു ഈ കലാസൃഷ്‌ടി വിലയിരുത്തിക്കൊണ്ട്‌ നിരൂപകര്‍ ഇങ്ങനെയെഴുതി:

`അവള്‍ സുന്ദരിയല്ല, അധികവും പൗരുഷഭാവമാണ്‌. ഉറപ്പുള്ള പാദങ്ങള്‍, അരിവാളേന്തിയ കരങ്ങളുടെ പേശീബലം എത്രയോ വ്യക്തമാണ്‌. അന്വേഷണത്തിന്റെ കണ്ണുകള്‍ നമ്മുടെ മനസ്സിനെ സ്‌പര്‍ശിക്കും. പശ്ചാത്തലം നിരപ്പുള്ള കൃഷിഭൂമിയാണ്‌, പക്ഷേ ഈ പെയ്‌ന്റിംഗ്‌ പ്രകൃതിയുടെ ആവിഷ്‌ക്കാരമല്ല, പകരം അവളുടെമാത്രം ചിത്രമാണ്‌. ഇനിയും ഒരു വാക്കും വേണ്ട, ദൂരുഹതയൊന്നുമില്ലാതെ, ആ കര്‍ഷകപ്പെണ്ണിന്റെ ഭാവം ഇവിടെ അനശ്വരമായിരിക്കുന്നു.

ഞാന്‍ എന്നും കാണുന്ന കലാസൃഷ്‌ടിയാണിത്‌, കൂടാതെ നേരത്തെ വിവരിച്ച മറ്റു ചിത്രങ്ങളും. ഓരോന്നിനും അതാതിന്റെ തനത്‌ കഥകള്‍ പറയാനുണ്ട്‌, അതിനപ്പുറം ആ കാലഘട്ടങ്ങളുടെ ചരിത്രവുംകൂടി നമ്മുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നു.

-0-
വാനമ്പാടിയുടെ പാട്ടും, ഒപ്പം മറ്റു ചില ചിത്രങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക