Image

നാട്ടില്‍ രാഷ്‌ട്രീയ രംഗത്ത്‌ താരമായി തിളങ്ങിയ ജോയി ഇട്ടന്‍

Published on 01 July, 2014
നാട്ടില്‍ രാഷ്‌ട്രീയ രംഗത്ത്‌ താരമായി തിളങ്ങിയ ജോയി ഇട്ടന്‍
ജോയി ഇട്ടന്റെ പിതാവ്‌ കോണ്‍ട്രാക്‌ടറായിരുന്ന പി.വി. ഇട്ടന്‍പിള്ള (ഇപ്പോള്‍ പ്രായം 94) പൊതുകാര്യപ്രസക്തനായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ പിറവത്തിനടുത്ത ഊരമനയില്‍ പള്ളി സ്ഥാപിച്ചയാളാണ്‌. തുവരെ കടമറ്റം ആയിരുന്നു ഇടവക.

ഫൊക്കാനാ ട്രഷററായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടന്‍ ചെറുപ്പത്തില്‍ ഉണരുന്നത്‌ മുറ്റം നിറയെ നില്‍ക്കുന്ന പരാതിക്കാരേയും ആവലാതിക്കാരേയുമൊക്കെ കണ്ടാണ്‌. അതിനാല്‍ ചെറുപ്പത്തിലേ തന്നെ ജനസേവനവും രാഷ്‌ട്രീയവും
തലക്ക്‌ പിടിച്ചു. സ്‌കൂള്‍ ലീഡറായി. പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. അക്കാലത്ത്‌ അത്‌ നിസാരമായ കാര്യമല്ല.
കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.

ഇത്രയൊക്കെ കാര്യപ്പെട്ട ആളാണെന്ന്‌ ജോയി ഇട്ടനെ കാണുന്നവര്‍ പറയില്ല! വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ വ്യക്തി പൊങ്ങച്ച സംസ്‌കാരത്തിന്‌ അടിപ്പെട്ടിട്ടില്ല.

ഇനിയാണ്‌ കഥയുടെ ട്വിസ്റ്റ്‌. പിതാവ്‌ പൊതുകാര്യ പ്രസക്തനായിരുന്നെങ്കിലും മക്കള്‍ അങ്ങനെ ആകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. മുപ്പതാം വയസില്‍ ജോയി ഇട്ടനെ അമേരിക്കയിലേക്ക്‌ തള്ളിവിട്ടത്‌ പിതാവാണ്‌.

കേരളത്തിലെ ഓടിപ്പാഞ്ഞുള്ള നേതൃത്വത്തില്‍ നിന്ന്‌ അടച്ചുപൂട്ടിയ അമേരിക്കയിലെ അന്തരീക്ഷം ശ്വാസം മുട്ടിച്ചു. എങ്കിലും അമേരിക്കയില്‍ കടിച്ചു
പിടിച്ചു നിന്നു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായി. തുടര്‍ന്ന്‌ നേരത്തെ റിട്ടയര്‍ ചെയ്‌ത ബിസിനസ്‌ രംഗത്തേക്ക്‌ കടന്നു.

മാസ്റ്റേഴ്‌സ്‌ ബിരുദം കഴിഞ്ഞ്‌ എല്‍.എല്‍.ബിയ്‌ക്ക്‌ ചേര്‍ന്നുവെങ്കിലും അതു മുഴുമുപ്പിച്ചില്ല. അമേരിക്കയിലെ ഇലക്ഷന്‍ സമയത്ത്‌ ചുടുപിടിക്കുന്ന രാഷ്‌ട്രീയത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. നാട്ടിലെ പോലെ പൂര്‍ണ്ണസമയ രാഷ്‌ട്രീയം ഇവിടെ ഇല്ലെന്നു ജോയി ഇട്ടന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടില്‍ രാഷ്‌ട്രീയമൊക്കെ വഴിമാറി.

ഇടയ്‌ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ തോന്നിയതാണ്‌. അതു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നു കണ്ട്‌ വേണ്ടെന്നുവെച്ചു. പിതാവും മാതാവും മാത്രമാണ്‌ നാട്ടില്‍. നാലു സഹോദരരും ഇവിടെയുണ്ട്‌.

ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററാണ്‌ ജോയി ഇട്ടന്‍. യാക്കോബായ ആര്‍ച്ച്‌ ഡയോസിസിന്റെ കൗണ്‍സില്‍ അംഗവും, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗം, ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പിതാവിന്റെ തൊണ്ണൂറാം ജന്മദിനം നാട്ടില്‍ വലിയ ആഘോഷമായരുന്നു. നാട്ടിലെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ പി.സി. ചാക്കോ, ബെന്നി ബഹനാന്‍ തുടങ്ങിയവരൊക്കെയുമായി ആത്മബന്ധം തന്നെയുണ്ട്‌.

ഫൊക്കാനയെ കൂടുതല്‍ ജനകീയവത്‌കരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടയായി ഫൊക്കാനയെ മാറ്റുകയുമാണ്‌ ലക്ഷ്യമെന്ന്‌ ജോയി ഇട്ടന്‍ പറഞ്ഞു. പ്രസിഡന്റായി വരുന്ന ജോണ്‍ പി.ജോണ്‍ ജനപ്രീതിയുള്ള നേതാവാണ്‌. സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഫിലിപ്പോസ്‌ ഫിലിപ്പും ഏറെ
പ്രാപ്തനാണു. പുതിയ നേതാക്കള്‍ക്കൊപ്പം സംഘടനയെ ശക്തിപ്പെടുത്തും.

സംഘടനയിലെ പിളര്‍പ്പ്‌ ദീര്‍ഘവീക്ഷണമില്ലായ്‌മകൊണ്ട്‌ ഉണ്ടായതാണെന്ന്‌ ജോയി ഇട്ടന്‍ കരുതുന്നു. അതുമൂലം രണ്ടു സംഘടനകള്‍ക്കും ദോഷമുണ്ടായി. ജനം സംഘടനകളില്‍ നിന്നകന്നു. നിങ്ങള്‍ക്ക്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ സംഘടന എന്നു പറയുന്നവര്‍ ധാരാളം. ഒരുമിച്ച്‌ നിന്നിരുന്നെങ്കില്‍ ഇന്ന്‌ ഫൊക്കാന വലിയ സംഘടന ആകുമായിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ ജനത്തിനുവേണ്ടി ചെയ്യാന്‍ കഴിയുമായിരുന്നു. അതൊന്നും നടന്നില്ല.

ജനവിശ്വാസം നേടണമെങ്കില്‍ സംഘടന ഒന്നാവുകയാണ്‌ വേണ്ടത്‌. ഫൊക്കാന എന്ന പേരില്‍ ഒന്നകാന്‍ ഏതു വിട്ടുവീഴ്‌ചയ്‌ക്കും തന്നെപ്പോലുള്ളവര്‍ തയാറാണ്‌. ഐക്യത്തിനുവേണ്ടിയുള്ള അജണ്ടയുമായാണ്‌ പുതിയ നേതൃത്വം രംഗത്തുവരിക. പേരിന്റെ കാര്യമൊഴിച്ചാല്‍ മറ്റെല്ലാം പറഞ്ഞു തീര്‍ക്കുവാന്നതേയുള്ളൂ. വേണമെങ്കില്‍ ഒരു മധ്യസ്ഥനെ തന്നെ നിയോഗിക്കാനുമാവും. ഐക്യത്തിനുവേണ്ടി എന്തു ത്യാഗത്തിനും താന്‍ തയാറാണ്‌.

ജോയി ഇട്ടന്റെ സഹോദരന്മാരാണ്‌ വെസ്റ്റ്‌ ചെസ്റ്ററില്‍ തന്നെയുള്ള ജോര്‍ജ്‌ ഇട്ടന്‍ പാടിയേടത്ത്‌, ജയിംസ്‌ ഇട്ടന്‍ പാടിയേടത്ത്‌ എന്നിവര്‍. വെരി റവ. ഈപ്പന്‍ ഈഴേമാലില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പത്‌നി മേരി ഈപ്പന്‍, ഡയ്‌സി പോള്‍ (കൗണ്ടി സൂപ്പര്‍വൈസര്‍) എന്നിവരാണ്‌ സഹോദരിമാര്‍.

ഭാര്യ ജസി വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ആര്‍.എന്‍. ആണ്‌. അറ്റോര്‍ണി ആന്‍മേരി ഇട്ടന്‍, വിദ്യാര്‍ത്ഥികളായ എലിസബത്ത്‌ ഇട്ടന്‍, ജോര്‍ജ്‌ ഇമ്മാനുവേല്‍ ഇട്ടന്‍ എന്നിവരാണ്‌ മക്കള്‍.
നാട്ടില്‍ രാഷ്‌ട്രീയ രംഗത്ത്‌ താരമായി തിളങ്ങിയ ജോയി ഇട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക