Image

പ്ലാസ്‌മ വില്‍ക്കാന്‍ മെക്‌സിക്കന്‍ സ്വദേശികള്‍ യുഎസ്‌ അതിര്‍ത്തി കടക്കുന്നു (അങ്കിള്‍സാം)

Published on 24 November, 2011
പ്ലാസ്‌മ വില്‍ക്കാന്‍ മെക്‌സിക്കന്‍ സ്വദേശികള്‍ യുഎസ്‌ അതിര്‍ത്തി കടക്കുന്നു (അങ്കിള്‍സാം)
പ്ലാസ്‌മ വില്‍ക്കാന്‍ മെക്‌സിക്കന്‍ സ്വദേശികള്‍ യുഎസ്‌ അതിര്‍ത്തി കടക്കുന്നു

ന്യൂയോര്‍ക്ക്‌: മെക്‌സിക്കോയിലെ സിയൂഡാഡ്‌ ജുവാറെസ്‌ സ്വദേശിയായ ആര്‍സെലി ഡുറാന്‍ രണ്‌ടാഴ്‌ചയിലൊരിക്കല്‍ തന്റെ ചെറിയ കട അടച്ച്‌ യുഎസ്‌ അതിര്‍ത്തി കടക്കും. എന്തിനാണെന്ന്‌ ചോദിച്ചാല്‍ സമ്പദ്‌വ്യവസ്ഥ മോശമാണെന്നും ഒരു ജോലി കൊണ്‌ടു മാത്രം കുടുംബം പോറ്റാനാവില്ലെന്നും ഡുറാന്‍ പറയും. കാല്‍നടയായും ബസിലുമായി മൂന്ന്‌ മണിക്കൂര്‍ യാത്രയ്‌ക്കുശേഷം യുഎസ്‌ അതിര്‍ത്തി കടന്ന്‌ എന്തു ജോലിയാണ്‌ ഡുറാന്‍ ചെയ്യുന്നതെന്ന്‌ അന്വേഷിച്ചാല്‍ ചെന്നെത്തുന്നത്‌ അതിര്‍ത്തിയിലെ എല്‍ പാസോയിലുള്ള ടെയ്‌ല്‍ക്രിസ്‌ പ്ലാസ്‌മ സെന്ററിലായിരിക്കും. അവിടെ ഡുറാനെപ്പോലെ അമേരിക്കക്കാരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ വരിവരിയായി കാത്തു നില്‍ക്കുന്നുണ്‌ടാവും. എന്തിനാണെന്നല്ലെ, നിയമപരമായി തന്നെ രക്തത്തിലെ പ്ലാസ്‌മ വില്‍ക്കാന്‍.

രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുകയും അണുബാധ ഉണ്‌ടാവുന്നത്‌ തടയുകയും ചെയ്യുന്ന പ്രോട്ടീന്‍ അടങ്ങിയ രക്തത്തിലെ ദ്രവരൂപത്തിലുള്ള ഭാഗമാണ്‌ പ്ലാസ്‌മ. ഹീമോഫീലിയ, ഇമ്മ്യൂണ്‍ ഡെഫിഷന്‍സി, മറ്റു രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കായാണ്‌ പ്ലാസ്‌മ ചികിത്സ ഉപയോഗിക്കുന്നത്‌. ഇതിന്റെ മൂല്യം തിരിച്ചറിഞ്ഞ ചിലര്‍ ഈ രംഗത്ത്‌ വന്‍ കച്ചവടമാണ്‌ നടത്തുന്നത്‌. ഇത്‌ വളരെ ഉപകാരപ്രദമായ ബിസിനസാണെന്ന്‌ പ്ലാസ്‌മ സെന്ററില്‍ നിന്ന്‌ പുറത്തിറങ്ങിയ ടെക്‌സാസ്‌ സ്വദേശി ഡേവിഡ്‌ സലാസ്‌ പറയുന്നത്‌. പ്രതിമാസം 220 ഡോളര്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നുണ്‌ടെന്നും ഇയാള്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്ലാസ്‌മാ ഉല്‍പ്പന്ന വിതരണക്കമ്പനിയായ ഗ്രിഫോള്‍സിന്‌ ഈ വര്‍ഷമാദ്യം യുഎസില്‍ 147 പ്ലാസ്‌മാ ശേഖരണ കേന്ദ്രങ്ങളാണ്‌ ഉണ്‌ടായിരുന്നത്‌. ടെയ്‌ല്‍ക്രിക്‌സിനെ ഏറ്റെടുത്തത്തോടെ 69 പ്ലാസ്‌മാ ശേഖരണ കേന്ദ്രങ്ങള്‍ കൂടി സ്‌പാനിഷ്‌ കമ്പനി യുഎസില്‍ സ്ഥാപിച്ച്‌ ശൃംഖല വിപുലപ്പെടുത്തി. ഇവയില്‍ 40 എണ്ണവും മെക്‌സിക്കന്‍ അതിര്‍ത്തിയിലാണ്‌. ഓരോ ആഴ്‌ചയും ആയിരത്തി അഞ്ഞൂറോളം രക്തദാതാക്കളാണ്‌ ടെയ്‌ല്‍ക്രിക്‌സിന്റെ എല്‍ പാസോ ബ്രാഞ്ചിലെത്തുന്നത്‌. ഇവരില്‍ 30-40 ശതമാനം പേരും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്‌.

ഇനി ആദ്യം പറഞ്ഞ ഡുറാനിലേക്ക്‌ വരാം. മറ്റൊരു വരുമാന മാര്‍ഗമുണ്‌ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ രക്തം വില്‍ക്കില്ലെന്ന്‌ ഡുറാന്‍ പറയുന്നു. എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇത്‌ തുടരുമെന്നും ഇതിലൂടെ ആഴ്‌ചയില്‍ 65 ഡോളര്‍ വരുമാനം ഉണ്‌ടാക്കുന്നുണ്‌ടെന്നും ഡുറാന്‍ പറയുന്നു. നിയമപരമാണെങ്കിലും ദാരിദ്ര്യത്തെ ചൂഷണം ചെയ്‌തുകൊണ്‌ടുള്ള ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ആരും രംഗത്തുവരാത്തത്‌ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്‌.

ചലച്ചിത്ര പ്രവര്‍ത്തകയെ ഈജിപ്‌ത്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു
കെയ്‌റോ: ഈജിപ്‌തില്‍ തഹ്‌രീര്‍ ചത്വരത്തിലെ ജനകീയ പ്രക്ഷോഭം ചിത്രീകരിക്കാനെത്തിയ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകയെ ഈജിപ്‌ത്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ജഹേന്‍ നൊജെയിം സംവിധായിക ആണ്‌ അറസ്‌റ്റിലായത്‌. ചിത്രത്തിന്റെ നിര്‍മാതാവ്‌ കരീം അമര്‍ ഇക്കാര്യം അറിയിച്ചത്‌. പ്രക്ഷോഭത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനായി കരീം അമറും തഹ്‌രീര്‍ ചത്വരത്തിലെത്തിയിരുന്നു. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന്‌ ഇരുവരും വേര്‍പെട്ടപ്പോഴാണ്‌ നൊജെയിമിനെ പൊലീസ്‌ പിടികൂടിയത്‌. ഇവരുടെ ക്യാമറ പിടിച്ചു വാങ്ങി നശിപ്പിക്കുകയും ചെയ്‌തു.

ജാക്‌സന്റെ ഡോക്‌ടറെ നാലു വര്‍ഷം തടവിലാക്കണമെന്ന്‌ പ്രോസിക്യൂഷന്‍

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ പങ്കുണ്‌ടെന്ന്‌ തെളിഞ്ഞ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറെയെ നാല്‌ വര്‍ഷം തടവിലാക്കണമെന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏഴിനാണ്‌ കേസില്‍ മുറെ കുറ്റക്കാരനെന്ന്‌ ലോസ്‌ ആഞ്ചലസിലെ സുപ്പീരിയര്‍ കോടതി കണ്‌ടെത്തിയത്‌. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ്‌ കോണ്‍റാഡിനെതിരെ ചുമത്തിയിട്ടുള്ളത്‌.

ആറാഴ്‌ച നീണ്‌ട വിചാരണയ്‌ക്കൊടുവിലായിരുന്നു ഡോ. കോണ്‍റാഡ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്‌ടെത്തിയത്‌. ജാക്‌സണ്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രോപോഫോള്‍ എന്ന മയക്കുമരുന്ന്‌ നല്‍കിയതായി ജോക്‌ടര്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജാക്‌സന്റെ മരണത്തില്‍ മുറെയ്‌ക്ക്‌ യാതൊരു പശ്ചാത്താപവും ഇല്ലെന്നും കുറ്റം മറ്റുള്ളവരുടെ മേല്‍ കെട്ടിവക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രോസിക്യൂട്ടര്‍മാരായ ഡേവിഡ്‌ വാല്‍ഗ്രെനും ഡെബോറ ബ്രസീലും ചൂണ്‌ടിക്കാട്ടി.

ജാക്‌സണ്‍ തന്നെയാണ്‌ അദ്ദേഹത്തിന്റെ മരണത്തിന്‌ ഉത്തരവാദിയെന്നു പോലും മുറെ പറഞ്ഞിരുന്നതായി അവര്‍ ചൂണ്‌ടിക്കാട്ടി. വിചാരണ ആരംഭിച്ച ശേഷവും മുറെ മാധ്യമങ്ങള്‍ക്ക്‌ അനുവദിച്ച അഭിമുഖങ്ങളില്‍ ഈ നിലപാടായിരുന്നു സ്വീകരിച്ചതെന്നും ഇത്‌ വ്യക്തമാക്കുന്നതിനായി അഭിമുഖങ്ങളുടെ ഡിവിഡി സുപ്പീരിയര്‍ കോടതി ജഡ്‌ജി മൈക്കല്‍ പാസ്റ്റര്‍ക്ക്‌ കൈമാറുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 2009 ജൂണ്‍ 25 നാണ്‌ ജാക്‌സണ്‍ മരിച്ചത്‌.

വേനലിലും ഒബാമയ്‌ക്ക്‌ കാറില്‍ എസി വേണ്‌ട

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വേനല്‍കാലത്ത്‌ യാത്ര ചെയ്യുമ്പോള്‍ കാറില്‍ എസി ഉപയോഗിക്കാറില്ലെന്ന്‌ സഹായിയുടെ വെളിപ്പെടുത്തല്‍. കൂടെ യാത്ര ചെയ്യുന്ന തനിക്ക്‌ ഇതു പലപ്പോഴും അസ്വസ്‌ഥത ഉണ്‌ടാക്കാറുണെ്‌ടന്ന്‌ ഒബാമയുടെ സഹായിയും ബാസ്‌ക്കറ്റ്‌ബോള്‍ കളിയില്‍ കൂട്ടാളിയുമായ റെഗി ലവ്‌ ടിവി അഭിമുഖത്തില്‍ പറഞ്ഞു.

`കൂള്‍ പ്രസിഡന്റ്‌ എന്ന വിശേഷണം ഒബാമയ്‌ക്കു ശരിക്കും ചേരുമെന്നും ലവ്‌ പറയുന്നു. പ്രസിഡന്റിന്റെ ഓവല്‍ ഓഫിസിലെ താപനില തന്റെ ജന്മനാടായ ഹാവായിയിലേതിനു സമാനമാക്കിയിട്ടുള്ള ഒബാമ 2006ല്‍ സെനറ്റര്‍ ആയിരിക്കുമ്പോഴാണ്‌ കോളജില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കൂട്ടുകാരനായിരുന്ന ലവിനെ തന്റെ സഹായിയായി നിയമിച്ചത്‌.

മുംബൈ ഭീകരാക്രമണം ഹെഡ്‌ലി ടിവിയില്‍ കണ്‌ടു

ന്യൂയോര്‍ക്ക്‌: മുംബൈ ഭീകരാക്രമണം ലഷ്‌കറെ തയിബ ഭീകരന്‍ ഡേവിഡ്‌ ഹെഡ്‌ലി തല്‍സമയം ടെലിവിഷനില്‍ കണ്‌ടിരുന്നതായി വെളിപ്പെടുത്തല്‍. ഹെഡ്‌ലിയെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്‌തപ്പോള്‍ വെളിപ്പെടുത്തിയ ഈ വിവരം അമേരിക്കയിലെ `പ്രോ പബ്ലിക്ക മാഗസിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ സെബാസ്‌റ്റിയന്‍ റൊട്ടെലയാണ്‌ ഇപ്പോള്‍ പുറത്തുവിട്ടത്‌. 2008 നവംബര്‍ 26നു പാക്ക്‌ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമ്പോള്‍ ലഹോറിലെ വസതിയില്‍ മൊറോക്കോക്കാരി ഭാര്യ ഫൈസയ്‌ക്കൊപ്പമായിരുന്നു ഹെഡ്‌ലി. ആക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ സാജിദ്‌ മിറിന്റെ എസ്‌എംഎസ്‌ ആണു ഹെഡ്‌ലിക്കു ലഭിച്ചത്‌ - ടിവി ഓണ്‍ ചെയ്യാനായിരുന്നു സന്ദേശം.

രണ്‌ടു ദിവസത്തിലേറെ നീണ്‌ട ആക്രമണത്തിനുശേഷം നവംബര്‍ 28നു പാക്കിസ്‌ഥാന്‍കാരി ഭാര്യ ഷാസിയയുടെ അഭിനന്ദന സന്ദേശവും ഹെഡ്‌ലിക്കു കിട്ടി. ഷാസിയ ഷിക്കാഗോയിലായിരുന്നു. `ബിരുദധാരണച്ചടങ്ങിന്‌ അഭിനന്ദനം എന്നായിരുന്നു രഹസ്യഭാഷയിലെ സന്ദേശം.ഹെഡ്‌ലി മുംബൈയിലെത്തി തിരഞ്ഞെടുക്കുകയും വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്‌ത സ്‌ഥലങ്ങളിലാണ്‌ പാക്ക്‌ ഭീകരര്‍ മൂന്നു വര്‍ഷം മുന്‍പ്‌ ആക്രമണം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക