Image

നേഴ്‌സുമാരെ രക്ഷപെടുത്തിയതിലും രാഷ്‌ട്രീയ മാര്‍ക്കറ്റിംഗ്‌

ജയമോഹനന്‍. എം Published on 08 July, 2014
നേഴ്‌സുമാരെ രക്ഷപെടുത്തിയതിലും രാഷ്‌ട്രീയ മാര്‍ക്കറ്റിംഗ്‌
ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നമ്മുടെ സഹോദരിമാര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരികെ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്‌ മലയാളീ സമൂഹം മുഴുവനും. എത്രയോ മലയാളികള്‍ പോയ ദിവസങ്ങളില്‍ പ്രാര്‍ഥനകളുമായി കഴിഞിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോള്‍ സാധാരണ മലയാളി ഒരു കാര്യം മാത്രമേ പറഞിരിക്കു. `ദൈവത്തിന്‌ സ്‌തുതി, അവര്‍ തിരിച്ചെത്തിയിരിക്കുന്നു'.

തിരിച്ചെത്തുമോ എന്ന്‌ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ നിന്നും ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെ നമ്മുടെ പൗരന്‍മാരെ തിരികെയെത്തിച്ചത്‌ ഇന്ത്യ എന്ന രാജ്യത്തിന്‌ അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്‌. എന്നാല്‍ ഇതിന്‍പേരില്‍ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പും അവകാശ വാദങ്ങളും ഒരു വിധത്തില്‍ ലജ്ജിപ്പിക്കുന്നത്‌ തന്നെ. പ്രത്യേകിച്ചും നഴ്‌സുമാര്‍ തിരിച്ചെത്തിയപ്പോള്‍ നെടുമ്പാശേരിയില്‍ അരങ്ങേറിയ രാഷ്‌ട്രീയ അവകാശവാദ യുദ്ധം പൊളിറ്റക്കല്‍ മാര്‍ക്കറ്റിംഗിന്റെ മോശം മുഖം തന്നെയാണ്‌ വെളിവാക്കുന്നത്‌.

നഴ്‌സുമാരെ തിരിച്ചെത്തിച്ചത്‌ നരേന്ദ്രമോഡിയുടെ മിടുക്കാണെന്ന്‌ ചൂണ്ടികാണിച്ച്‌ ബി.ജെപിക്കാര്‍. അതിനായി മുദ്രാവാക്യം വിളിക്കാന്‍ നെടുമ്പാശേരിയില്‍ പ്രത്യേക സംഘങ്ങള്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മിടുക്കാണ്‌ നഴ്‌സുമാരെ തിരിച്ചെത്തിച്ചതെന്ന്‌ സ്ഥാപിക്കാന്‍ മിനക്കെടുന്ന കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിന്റെ രണ്ടാം നിര നേതാക്കള്‍ പറയുന്നത്‌ കേട്ടാല്‍, ഉമ്മന്‍ ചാണ്ടി തിക്രിത്തില്‍ പോയി സുന്നി വിമതരെ അടിച്ച്‌ തോല്‍പ്പിച്ച്‌ നഴ്‌സുമാരെ രക്ഷിച്ചു എന്നു പോലും തോന്നും. എന്നാല്‍ ക്രെഡിറ്റ്‌ ഒറ്റക്ക്‌ നേടാന്‍ കഴിയില്ലെന്ന്‌ ബോധ്യമുള്ളതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരസ്‌പരം കുറച്ചൊക്കെ പ്രശംസകള്‍ വെച്ചുമാറുന്നുമുണ്ട്‌. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഇടതുപാര്‍ട്ടികള്‍ക്ക്‌ ഇതില്‍ രാഷ്‌ട്രീയ ലാഭം കൊയ്യാന്‍ കഴിഞതുമില്ല. ഉടനെയെത്തി പിണറായി വിജയന്റെ പ്രസ്‌താവന. നഴ്‌സുമാര്‍ രക്ഷപെട്ടത്‌ ഭീകരവാദികളുടെ ദയകൊണ്ട്‌ മാത്രം. കേന്ദ്ര, കേരളാ സര്‍ക്കാറുകള്‍ യാതൊന്നും ചെയ്‌തില്ല. ഇത്രമേല്‍ മോശപ്പെട്ട രാഷ്‌ട്രീയ പ്രസ്‌താവനയിലൂടെ പിണറായി വിജയനും സിപിഎമ്മും ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഒരിക്കല്‍ കൂടി സ്വയം ചെറുതാകുകയും ചെയ്‌തു.

മലയാളി നഴ്‌സുമാര്‍ ജോലി ചെയ്‌തിരുന്ന തിക്രിത്തിലെ ഹോസ്‌പിറ്റലിലെ തദ്ദേശിയരായ മാനേജുമെന്റും മറ്റു സ്റ്റാഫുകളും അക്രമം ഭയന്ന്‌ നേരത്തെ രക്ഷപെട്ടിരുന്നു. സുന്നി വിമതര്‍ ഹോസ്‌പിറ്റല്‍ ബോബ്‌ ചെയ്‌ത്‌ തകര്‍ക്കുന്നതിന്‌ മുമ്പ്‌ നഴ്‌സുമാരെ സൂരക്ഷിതാരാക്കി മാറ്റുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇന്ത്യന്‍ ഭരണകൂടം നടത്തിയ നയതന്ത്ര ഇടപെടലുകളിലൂടെയാണ്‌ നഴ്‌സുമാരുടെ സുരക്ഷിതമായ മോചനം സാധ്യമാക്കിയത്‌. ഭരണകൂടം എന്നാല്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ എന്നാകുന്നില്ല. മറിച്ച്‌ ശക്തമായ ബ്യൂറോക്രാറ്റ്‌ സംവിധാനങ്ങള്‍ അടങ്ങുന്ന ഇന്ത്യന്‍ ഗവണ്‍മെന്റ്‌ എന്നു തന്നെയാകുന്നു. ഇവിടേക്ക്‌ ബിജെപിയും കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും സുഷുമാ സ്വാരാജുമെല്ലാം അവരുടെ റോളുകള്‍ നല്ലരീതിയില്‍ ചെയ്‌തിട്ടുണ്ട്‌. അതിന്‌ അഭിനന്ദനങ്ങളും. എന്നാല്‍ ഇത്‌ ഏതെങ്കിലും ഒരു കക്ഷിക്കോ വ്യക്തിക്കോ സ്വന്തമാക്കാന്‍ കഴിയുന്ന വിജയമല്ല എന്ന യഥാര്‍ഥ്യമാണ്‌ തിരിച്ചറിയേണ്ടത്‌.

യഥാര്‍ഥത്തില്‍ ഇറാഖില്‍ നടക്കുന്നത്‌ ഒരു ആഭ്യന്തര യുദ്ധം തന്നെയാണ്‌. ഷിയാ ഭരണകൂടത്തോട്‌ സുന്നി വിമതര്‍ നടത്തുന്ന യുദ്ധമാണത്‌. എന്നാല്‍ പൊതുവെ അറബ്‌ ലോകത്തോട്‌ ഇന്ത്യന്‍ സമീപനം സൗമ്യതയില്‍ തന്നെയാണ്‌. അതുപോലെ തന്നെ തിരിച്ചും. ഇന്ത്യന്‍ പൗരന്‍മാരെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുയോ ചെയ്യേണ്ട ആവിശ്യം സുന്നി വിമതര്‍ക്കുമില്ല എന്നതും പ്രസക്തമാണ്‌. നാളെ ഇവര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെപ്പോലെ ശക്തമായൊരു രാജ്യത്തെ പിണക്കേണ്ടതില്ല എന്ന രാഷ്‌ട്രീയ ഉപദേശങ്ങള്‍ അവരിലേക്ക്‌ തീര്‍ച്ചയായും എത്തിയിട്ടുണ്ടാകണം. ഇറാഖിലെ ഇന്ത്യന്‍ സ്ഥാനാപതിക്ക്‌, സുന്നി വിമതര്‍ക്ക്‌ അല്‌പം കൂറുള്ള ബാത്ത്‌ പാര്‍ട്ടിയുമായി നല്ല ബന്ധമാണുള്ളത്‌. അതുവഴി തിക്രിത്തിലെ സുന്നി വിമതരെ അനുനയിപ്പിച്ച്‌ നഴ്‌സുമാരുടെ മോചനം സാധ്യമാക്കി എന്നതാണ്‌ കൂടുതല്‍ വിശ്വാസയോഗ്യമായ വാര്‍ത്ത. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായവും ഗള്‍ഫിലെ പ്രബലരായ ചില വ്യവസായികളുടെ അവസരോചിതമായ ഇടപെടലും മോചനം സാധ്യമാക്കുന്നതിന്‌ വഴിതെളിച്ചു. ഇതിലേക്കെല്ലാം നയിച്ച ഒരു കാരണം ഇന്ത്യ എക്കാലത്തും ഗള്‍ഫ്‌ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നത്‌ തന്നെയാണ്‌. തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ സഹായിക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ഥനയോട്‌ വളരെ അനുഭാവപൂര്‍വ്വമായിട്ട്‌ തന്നെയാണ്‌ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളും പ്രതികരിച്ചത്‌.

ഒപ്പം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അവസരോചിതമായ ഇടപെടലും പ്രസക്തം തന്നെയാണ്‌. പ്രത്യേകിച്ചും മുന്‍ ഐ.ബി മേധാവിയും ഗള്‍ഫ്‌ മേഖലയില്‍ വിപുലമായ ബന്ധങ്ങളുമുള്ള ഇപ്പോഴത്തെ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്ത്‌ ഡോവലിന്റെ ഇടപെടലുകള്‍. സുന്നി വിമതരുമായി ബന്ധം പുലര്‍ത്തുന്ന സിറയിലെ പല സംഘടനകളുടെയും സഹായം സുന്നി വിമതരുമായി ആശയവിനിമയം നടത്തുന്നത്‌ ഇന്ത്യന്‍ പോലീസിംഗ്‌ ഏജന്‍സികള്‍ സ്വീകരിച്ചു എന്നും പറയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ്‌ സ്ഥിരം നയതന്ത്ര രീതികള്‍ വിട്ടുള്ള ഇടപെടലുകളിലൂടെയാണ്‌ നഴ്‌സുമാരുടെ മോചനം സാധ്യമാക്കിയതെന്നും അത്‌ വിശദീകരിക്കാന്‍ കഴിയില്ലെന്നും വിദേശ കാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ്‌ എത്തുന്നത്‌.

ഇവിടെ അഭിമാനിക്കാന്‍ കഴിയുന്നത്‌ ഇന്ത്യക്ക്‌ മാത്രമാണ്‌. കാരണം മുമ്പ്‌ ഗള്‍ഫ്‌ യുദ്ധം നടന്നപ്പോഴും അവിടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ നമുക്ക്‌ കഴിഞിരുന്നു. സദ്ദാംഹുസനുമായും അതുപോലെ തന്നെ കുവൈത്തുമായും ഇന്ത്യ സൂക്ഷിച്ചിരുന്ന നല്ല സമീപനം കാരണമാണ്‌ അന്നും അത്‌ സാധ്യമാക്കിയത്‌.

ഇത്തരമൊരു പ്രശ്‌നത്തിലേക്ക്‌ എത്തുമ്പോള്‍ ഭരിക്കുന്നത്‌ നരേന്ദ്രമോഡിയോ മന്‍മോഹന്‍സിംഗോ എന്നത്‌ പ്രശ്‌നമാകുന്നില്ല. രക്ഷയാകുന്നത്‌ എക്കാലത്തെയും ഇന്ത്യയുടെ മാന്യമായ വിദേശ നയം തന്നെയാണ്‌. അത്‌ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കോ നേതാവിനോ മാത്രമായി അവകാശപ്പെടാന്‍ കഴിയുന്നതുമല്ല.

കാര്യങ്ങള്‍ ഇങ്ങനെയെന്നു വരുമ്പോള്‍ നരേന്ദ്രമോഡി ഇറാഖിലേക്ക്‌ രണ്ട്‌ യുദ്ധകപ്പലുകള്‍ അയച്ചുവെന്നും അത്‌ കണ്ട്‌ പേടിച്ച്‌ സുന്നി വിമതര്‍ നഴ്‌സുമാരെ വെറുതെ വിട്ടുവെന്നുമുള്ള സിനിമാക്കഥയൊക്കെ മുന്നാംകിട സൃഷ്‌ടികള്‍ മാത്രമാകുന്നു. നഴ്‌സുമാര്‍ ഇന്ത്യയിലെത്തുമെന്ന്‌ ഉറപ്പായപ്പോള്‍ ബി.ജെ.പി നേതാവ്‌ സുബ്രമണ്യം സ്വാമി ട്വീറ്റ്‌ ചെയ്‌തത്‌ മോഡിയുടെ ഭീഷിണിക്ക്‌ മുമ്പില്‍ സുന്നി വിമതര്‍ പേടിച്ച്‌ നഴ്‌സുമാരെ വിട്ടുവെന്നതാണ്‌. എന്നാല്‍ അറബ്‌ ലോകത്തോടുള്ള നമ്മുടെ സുശക്തമായ നയതന്ത്രം മാത്രമാണ്‌ നഴ്‌സുമാരുടെ രക്ഷക്ക്‌ പിന്നിലെന്ന യാഥാര്‍ഥ്യം സുബ്രമണ്യ സ്വാമിമാര്‍ കാണാതെ പോകരുത്‌. മോഡി വന്ന ഒരു മാസം കൊണ്ട്‌ രൂപം കൊണ്ടതല്ല ആ നയം. മോഡി വന്നാല്‍ അത്‌ മാറാനും പോകുന്നില്ല. ഇന്ത്യ എന്നും ഇന്ത്യ തന്നെയായിരിക്കും എന്നത്‌ മാത്രമാണ്‌ ഇവിടെ വ്യക്തമാകുന്നത്‌.

അതുപോലെ തന്നെ നഴ്‌സുമാര്‍ ആരാലും ഉപദ്രവിക്കപ്പെട്ടില്ല എന്നത്‌ ആശ്വാസ്യകരമായ കാര്യം തന്നെ. അതുകൊണ്ട്‌ തീവ്രവാദികള്‍ ദയാലുക്കളാണ്‌ എന്ന്‌ കരുതുന്നതലും അര്‍ഥമില്ല. ഇറാഖില്‍ അവര്‍ ഒഴുക്കുന്ന ചോര ഒരു രീതിയിലും നീതികരിക്കാവുന്നതുമല്ല. സുന്നി വിമത ഭീകരര്‍ പരമ ദയാലുക്കളാണെന്നും ഇനി മേല്‍ അവരെ ഭീകരര്‍ എന്ന്‌ വിളിക്കരുതെന്നും പോരാളികള്‍ എന്ന്‌ കരുതണമെന്നും പറഞുകൊണ്ടും ഫേസ്‌ബുക്കിലടക്കം പോസ്റ്റുകളും എത്തുന്നുണ്ട്‌. മറ്റു രാജ്യങ്ങളിലെ പൗരന്‍മാരെ സുരക്ഷിതരാക്കുന്നത്‌ തങ്ങളുടെ മേല്‍ക്കൈ വര്‍ദ്ധിപ്പിക്കും എന്ന ചിന്ത അവര്‍ക്കുണ്ടാവണം. അത്തരത്തിലുള്ള രാഷ്‌ട്രീയ നിര്‍ദ്ദേശവും അവര്‍ക്ക്‌ ലഭിച്ചിട്ടുണ്ടാവണം. ഇന്ത്യന്‍ നയന്ത്രത അണിയറ ചര്‍ച്ചകളുടെ ഒരു ഫലം തന്നെയാണിതും.

. ഇന്ത്യന്‍ പോലീസിംഗ്‌ ഏജന്‍സികളുടെയും നയതന്ത്ര വിദഗ്‌ധരുടെയും പിന്നെ ചില പ്രബലരായ ഗള്‍ഫ്‌ വ്യവസായികളുടെയും പേരില്‍ തന്നെയാണ്‌ ഈ വിജയത്തിന്റെ ക്രെഡിറ്റ്‌ നല്‍കേണ്ടത്‌. ഒപ്പം നമ്മുടെ സഹോദരിമാരുടെ ജീവന്‌ സുരക്ഷിതമാക്കിയത്‌ നമ്മുടെയെല്ലാം കൂട്ടായ പ്രാര്‍ഥനകളും നമ്മുടെ രാജ്യത്തിന്റെ കഴിവും തന്നെയാകുന്നു. അത്‌ പകുത്തെടുത്ത്‌ രാഷ്‌ട്രീയ മാര്‍ക്കറ്റിംഗ്‌ നടത്താനുള്ള ശ്രമങ്ങള്‍ ഈ വേളയില്‍ തീര്‍ത്തും ലജ്ജാകാരം തന്നെ.
നേഴ്‌സുമാരെ രക്ഷപെടുത്തിയതിലും രാഷ്‌ട്രീയ മാര്‍ക്കറ്റിംഗ്‌
Join WhatsApp News
RAJAN MATHEW DALLAS 2014-07-08 16:27:39
താഗ്ഗളുടെ നിരീക്ഷനഗ്ഗളോട് പൂർണമായി യോജിക്കുന്നു ! ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു !വളരെ അപകടകരമായ ഒരു ദൗത്യം ഇത്രയും വിജയകരമാക്കിയപ്പോൾ, സീ എമ്മിനെയും ഭാര്യയേയും കാനിക്കാനാനെഗ്ഗിലും, രണ്ടു മുദ്രാവാക്യം വിളിച്ചത്, അത്ര ഗുരുതരമായ തെറ്റാണോ ? 
  വിമതർ സഹായിചെഗ്ഗിലും, അഞ്ചു മണിക്കൂർ ബസ്‌ യാത്രയിൽ, എതിർ കഷിക്കാർ ആക്രമിക്കാതെ രക്ഷപ്പെട്ടത്, തീർച്ചയായും ലോകത്തെഗ്ഗുമുള്ള മലയാളികളുടെ പ്രാർത്ഥന ഒന്നു കൊണ്ട് മാത്രമാണ് !  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക