Image

ടീഷര്‍ട്ടില്‍ ഗണപതി ഭഗവാന്‍: ഹിന്ദു സംഘടനകള്‍ രംഗത്ത്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 26 November, 2011
ടീഷര്‍ട്ടില്‍ ഗണപതി ഭഗവാന്‍: ഹിന്ദു സംഘടനകള്‍ രംഗത്ത്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
ഷിക്കാഗോ: ഗണപതി ഭഗവാനെ മോശമായി ചിത്രീകരിക്കുന്ന ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കിയതിനെതിരെ ഹിന്ദുസംഘടനകളുടെ രംഗത്ത്‌. ഓണ്‍ലൈന്‍ വസ്‌ത്ര വ്യാപാര സ്ഥാപനമായ ത്രഡ്‌ലെസ്‌ ടെസ്‌ തങ്ങളുടെ വെബ്‌സൈറ്റില്‍ ഗണപതിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള ടീ ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ്‌ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്‌. ഗണപതിയുടെ അസംബന്ധ ചിത്രങ്ങളടങ്ങിയ ടീ ഷര്‍ട്ടുകളുടെ ചിത്രങ്ങള്‍ കമ്പനി ഉടന്‍ നീക്കം ചെയ്യണമെന്ന്‌ ഇത്‌ ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നും ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ രാജന്‍ സെഡ്‌ പറഞ്ഞു.

ലോകത്താകമാനമുള്ള ഒരു ബില്യണ്‍ ഹിന്ദുക്കള്‍ക്ക്‌ ആകെ അപമാനമാണ്‌ സംഭവമെന്നും സെഡ്‌ പറഞ്ഞു. അതേസമയം ഗണപതിയെ മോശമായി ചിത്രീകരിക്കുന്ന ടീ ഷര്‍ട്ടുകള്‍ വില്‍പ്പന നടത്തുകയോ പരസ്യം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്ന്‌ ത്രഡ്‌ലെസ്‌ ടെസ്‌ വക്താവ്‌ ബെഥാനി അലന്‍ പറഞ്ഞു. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ഒരു ചിത്രകാരന്റെ ഭാവന മാത്രമാണെന്നും അവ ടീ ഷര്‍ട്ടുകളില്‍ പ്രിന്റ്‌ ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്‌തിട്ടില്ലെന്നും അലന്‍ വ്യക്തമാക്കി.

നന്ദിസ്‌മരണയറിച്ച്‌ സദ്യയുണ്‌ട്‌ വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭകര്‍

ന്യൂയോര്‍ക്ക്‌: വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭകര്‍ വ്യാഴാഴ്‌ച നന്ദിസ്‌മരണ ദിനമായി ആഘോഷിച്ചു. കോര്‍പറേറ്റ്‌ അത്യാര്‍ത്തിക്കെതിരെ സെപ്‌റ്റംബര്‍ 17 മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ അയവില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുമ്പോഴും ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന്‌ പ്രക്ഷോഭകര്‍ക്ക്‌ സദ്യ ഒരുക്കിയാണ്‌ നന്ദിസ്‌മരണ അറിയിച്ചത്‌.

മൂവായിരത്തോളോം പേരാണ്‌ സുക്കോട്ടി പാര്‍ക്കില്‍ നടന്ന സദ്യയില്‍ പങ്കെടുത്തതെന്ന്‌ സംഘാടകര്‍ പറഞ്ഞു. വാഷിംഗ്‌ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ നന്ദിസ്‌മരണയായി ഒരുമിച്ചിരുന്ന്‌ സദ്യയുണ്‌ടു. പ്രദേശവാസികളാണ്‌ ഇവിടചെ പ്രക്ഷോഭകര്‍ക്കായി സദ്യ ഒരുക്കിയത്‌. മെംഫിസിലും ടെന്നസിയിലും സമാനമായ രീതിയില്‍ പ്രക്ഷോഭകര്‍ക്കായി സദ്യ ഒരുക്കിയിരുന്നു.

മൂഡീസ്‌ ഹങ്കറിയുടെ റേറ്റിംഗ്‌ താഴ്‌ത്തി

ന്യൂയോര്‍ക്ക്‌: ക്രെഡിറ്റ്‌ റേറ്റിംഗ്‌ ഏജന്‍സിയായ മൂഡീസ്‌ ഹങ്കേറിയന്‍ സര്‍ക്കാര്‍ ബോണ്‌ടുകളുടെ റേറ്റിംഗ്‌്‌ താഴ്‌ത്തി. ബഎ 1 എന്ന നിലയില്‍ നിന്നും ബിഎഎ 3 എന്ന നിലയിലേക്കാണ്‌ റേറ്റിംഗ്‌ താഴ്‌ത്തിയത്‌. ഹങ്കറിയ്‌ക്ക്‌ പൊതുമേഖലയിലെ കടബാധ്യത കുറയ്‌ക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണെന്നാണ്‌ മൂഡീസിന്റെ വിലയിരുത്തല്‍. ഹങ്കറിയ്‌ക്ക്‌ കടബാധ്യത കുറയ്‌ക്കാന്‍ കൂടുതല്‍ ഫണ്‌ടുകള്‍ വേണ്‌ടിവരും എന്നത്‌ ഹങ്കേറിയന്‍ സാമ്പത്തിക മേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുമെന്നും മൂഡീസ്‌ കരുതുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ചുള്ള അനിശ്ചിതത്ത്വം ഹങ്കേറിയന്‍ സാമ്പത്തിക മേഖലയെയും ബാധിക്കും. പ്രതിസന്ധിയെ ഫലപ്രധമായി നേരിടാന്‍ ഹങ്കറിയ്‌ക്ക്‌ സാധിക്കുമോ എന്ന്‌ സംശയമുള്ളതിനാലാണ്‌ നടപടിയെന്നും മൂഡീസ്‌ വ്യക്തമാക്കി.

അതേസമയം, യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പ്രതിസന്ധി സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളിലേക്കു കൂടി പടരുന്നതായി യൂറോപ്യന്‍ യൂണിയന്‍ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ മോണിറ്ററി അഫയേഴ്‌സ്‌ കമ്മീഷണര്‍ ഒലി റെഹന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ജര്‍മനി നടത്തിയ നിരാശപ്പെടുത്തുന്ന ബോണ്‌ട്‌ ലേലം ഇതാണ്‌ സൂചിപ്പിക്കുന്നത്‌. അതീവ ഗുരുതരമാണ്‌ നിലവിലെ സാഹചര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധി തരണം ചെയ്യാന്‍ യൂറോസോണ്‍ രാജ്യങ്ങള്‍ ധീരമായ തീരുമാനങ്ങളെടുക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും റെഹന്‍ പറഞ്ഞു.

12 സിഐഐ ചാരന്‍മാര്‍ ഇറാനില്‍ അറസ്റ്റില്‍

ടെഹ്‌റാന്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ 12 ചാരന്‍മാര്‍ ഇറാനില്‍ അറസ്‌റ്റിലായി. ഇറാന്‍ പാര്‍ലമെന്റിലെ പ്രമുഖ നേതാവ്‌ പര്‍വീസ്‌ സൊറൂരി ആണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. ഇസ്രയേലിലെ മൊസാദ്‌ ഉള്‍പ്പെടെ പല സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്‌ പിടിയാലായത്‌. അകത്തു നിന്നും പുറത്തു നിന്നും ഇറാനെ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ ആണവ, സൈനിക, സുരക്ഷാ മേഖലകളില്‍ തിരിച്ചടി നല്‍കാന്‍ എത്തിയവരാണു പിടിയിലായതെന്ന്‌ പര്‍വീസ്‌ സൊറൂരി പറഞ്ഞു.

ജീവന്റെ സാധ്യത തേടി `ക്യൂരിയോസിറ്റി' ചൊവ്വയിലേക്ക്‌

കേപ്‌ കനവറല്‍: ചൊവ്വയില്‍ ജീവന്റെ തുടിപ്പുതേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ പേടകം ക്യൂരിയോസിറ്റി നാളെ രാവിലെ യാത്ര തിരിക്കും.ഒരു കാറിന്റെ വലിപ്പമുള്ള പേടകം ഒന്‍പതു മാസത്തെ യാത്രയ്‌ക്കുശേഷമാണ്‌ ചൊവ്വയിലെത്തുക. രണ്‌ടു വര്‍ഷത്തെ ആയുസ്സ്‌ പ്രതീക്ഷിക്കുന്ന പേടകത്തില്‍ പത്ത്‌ അത്യാധുനിക പരീക്ഷണ ഉപകരണങ്ങളാണ്‌ ഉള്ളത്‌. ചൊവ്വയിലെ `ഗെയ്‌ല്‍ ഗര്‍ത്തത്തിലാണ്‌ ഇത്‌ ഇറങ്ങുക. 154 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തമാണ്‌ ഗെയ്‌ല്‍. 4.8 കിലോമീറ്റര്‍ ഉയരത്തിലുള്ള പര്‍വതാവശിഷ്‌ടങ്ങളാണ്‌ ഗര്‍ത്തത്തിലുള്ളത്‌.

യന്ത്രക്കൈ കൊണ്‌ട്‌ ഇവിടത്തെ മണ്ണു ശേഖരിച്ച്‌ പേടകത്തിലെ ലബോറട്ടറിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ക്യൂരിയോസിറ്റിയില്‍ സംവിധാനമുണ്‌ട്‌. ചൊവ്വ മണ്ണിലെ മൂലകങ്ങള്‍ കണെ്‌ടത്താനുള്ള ശ്രമമാണ്‌ നടത്തുകയെന്ന്‌ മാഴ്‌സ്‌ സയന്‍സ്‌ ലാബ്‌ പ്രോജക്‌ട്‌ മാനേജര്‍ പീറ്റര്‍ തെയ്‌സിങ്ങര്‍ പറഞ്ഞു.മുന്‍പ്‌ ചൊവ്വയിലെത്തിയ സ്‌പിരിറ്റ്‌, ഒപ്പര്‍ച്ച്യൂണിറ്റി പേടകങ്ങള്‍ ജലത്തിന്റെ സാധ്യതകളെക്കുറിച്ച്‌ പഠനം നടത്തിയിരുന്നു. ജലസാന്നിധ്യമുണെ്‌ടന്നായിരുന്നു കണെ്‌ടത്തല്‍.

ഫീനിക്‌സ്‌ വിമാനാപകടം; അന്വേഷണം ആരംഭിച്ചു

അരിസോണ: അമേരിക്കയിലെ അരിസോണ സംസ്ഥാനത്തില്‍പ്പെട്ട ഫീനിക്‌സിനു സമീപം സൂപ്പര്‍സ്റ്റീഷന്‍ പര്‍വതനിരകളില്‍ ചെറുവിമാനം തകര്‍ന്ന്‌ ആറു പേര്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആരോപിച്ചു. ഇരട്ട എന്‍ജിനുള്ള റോക്ക്‌വെല്‍ എസി69 വിമാനമാണ്‌ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്‌. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്‌. അപകടത്തില്‍ വിമാനം പൂര്‍ണമായും കത്തിനശിച്ചു.

അരിസോണയിലെ സാഫോര്‍ഡിലുള്ള പൊണെ്‌ടറൊസ ഏവിയേഷന്‍ കമ്പനിയുടേതാണ്‌ അപകടത്തില്‍പ്പെട്ട വിമാനം. സാഫോര്‍ഡില്‍നിന്നു മെസയിലെ ഫാല്‍ക്കന്‍ ഫീല്‍ഡിലേക്കു പോകുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നീടു സൂപ്പര്‍സ്റ്റീഷന്‍ പര്‍വതനിരകളിലെ ഫ്‌ളാറ്റ്‌ അയണ്‍ എന്ന ഭാഗത്തു തീപിടിച്ചു തകര്‍ന്നുവീഴുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക